Tuesday, October 11, 2016

മേലേശ്ശേരി തിരുമേനി ആളൊരു കേമന്‍ തന്നേ!....

അച്ഛനപ്പൂപ്പന്മാരുടെ കാലം മുതലേ പറഞ്ഞു കേള്‍ക്കുന്നതാണ് വീടിനെ ഗ്രസിച്ചിരിക്കുന്ന പ്രേതബാധയെക്കുറിച്ചെങ്കിലും ഏതാനും വര്‍ഷങ്ങളായവിടെ ഏകനായി താമസിക്കുന്ന വിമല്‍ കുമാര്‍ ഒരിക്കലുമൊരു പ്രേതത്തെയും നേരിട്ട് കണ്ടിരുന്നില്ലാ.
വിരുന്നുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുഖത്തുകൂടി സ്ത്രീകളുടെ മുടിയിഴകള്‍ ഉരഞ്ഞുപോകുന്നതുപോലെയുള്ള തോന്നലും, അസമയത്തു വാതിലില്‍ മുട്ടല്‍ കേട്ടു തുറന്നുനോക്കുമ്പോള്‍ ആരെയും കാണാത്ത അവസ്ഥയും, വളര്‍ത്തു മൃഗങ്ങളും കോഴികളുമൊക്കെ മൂപ്പെത്താതെ അസുഖം പിടിച്ചു ചാവുന്നതും, യമണ്ടന്‍ വരിക്കച്ചക്കകള്‍ വിളയുമായിരുന്ന മുറ്റത്തെ പ്ലാവിലെ ചക്കകളെല്ലാം മൂപ്പെത്താറാവുമ്പോഴേക്കും കേടുവന്നുപോകുന്നതും, ഒരുകാലത്തും വറ്റാത്ത കിണറ്റിലെ വെള്ളം കലങ്ങിമറിഞ്ഞു പാനീയമല്ലാതായിത്തീര്‍ന്നതും, വീട്ടില്‍വന്ന കൊച്ചേച്ചിയുടെ കൊത്രാംകൊള്ളിപ്പുത്രനെ പട്ടി കടിച്ചതുമൊക്കെ വീട്ടില്‍ ക്യാമ്പ്‌ ചെയ്തിട്ടുള്ള ദുരാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് ആ പ്രദേശവാസികള്‍ ഒന്നടങ്കം വിശ്വസിക്കുന്നത് കൊണ്ട് വിമല്‍ കുമാറിനും അങ്ങനെ വിശ്വസിക്കേണ്ടി വരികയായിരുന്നു.
രാത്രിസമയത്ത് അയല്‍പ്പക്കക്കാര്‍ ആ വീടിന്‍റെ മുന്നിലൂടെയുള്ള കുറുക്കുവഴിയുപേക്ഷിച്ച് ഹൈവേ വഴി ചുറ്റി വളഞ്ഞു സ്വന്തം വീടുകളില്‍ ചേക്കേറുക പതിവാക്കി. ഒരു ദിവസം ആ വീടിനു മുന്നിലൂടെ പോകുമ്പോള്‍ മുറ്റത്ത്, പട്ടിയുടെ തലയും മനുഷ്യന്‍റെ ആകൃതിയുമുള്ള ഒരു സത്വത്തെക്കണ്ട് ആരോ പേടിച്ചു പനിപിടിച്ച് അവസാനം പൊന്നാനിയില്‍ നിന്നൊരു തങ്ങളെ വിളിച്ചു കൊണ്ടുവന്നു ഊതിച്ചു ഏലസ്സ് കെട്ടിപ്പിച്ചതിനു ശേഷമാണ് നേരെയായതത്രേ!..
"ഡാ വിമലേ, നിന്‍റെ കല്യാണമൊക്കെ നടക്കാന്‍ പോവല്ലേ, ഒരു പുതിയ വീടും പുരയിടവും വാങ്ങാനാണെങ്കില്‍ നിന്‍റെ കയ്യില്‍ പണവുമില്ലാ.. ഒരു കാര്യം ചെയ്യൂ, നിന്‍റെ കഴുത്തിലുള്ള സ്വര്‍ണ്ണമാല പണയം വച്ച് ഒരു അമ്പതിനായിരം രൂപ റെഡിയാക്കൂ. മേലേശ്ശേരി നമ്പൂതിരിയെക്കൊണ്ട് ഒരു യാഗം നടത്തിക്കാം.. അതോടെ ഒക്കെ ക്ലീന്‍ ക്ലീന്‍.. എന്‍റെ അമ്മാവന്‍റെ വല്യമ്മയുടെ അമ്മായിയുടെ വീട്ടില്‍ ഇതിയാനെക്കൊണ്ടൊരു യാഗം നടത്തിയപ്പോളാണ് കാലങ്ങളായുള്ള ഉപദ്രവങ്ങളൊക്കെ ഞൊടിയിടയില്‍ ശാന്തമായത്. നമ്പൂരി ആളൊരു കേമനാ, കാശു പോകുന്നത് നീ നോക്കേണ്ടാ.." കൂട്ടുകാരനായ സോമശേഖരന്‍ പറഞ്ഞത് കേട്ട് വിമല്‍ കുമാര്‍ സ്വര്‍ണ്ണമാലയുമായി ചിട്ടിക്കമ്പനിയിലേക്ക് നടന്നു.
"ഓം ഹ്രീം ക്രീം ക്രൂം യമണ്ടായ നമ: ഓം ഹ്രീ‍ീ‍ീ‍ീ‍ീം ക്രാം ക്രീം ക്രൂം..........." വാങ്ങി ബാഗില്‍ വച്ച അമ്പതിനായിരത്തിനുള്ളത് മുതലായെന്ന ചിന്ത ഉപഭോക്താവില്‍ ഉണ്ടാവുന്ന രീതിയില്‍ മന്ത്രങ്ങള്‍ നന്നായി അലറിത്തകര്‍ത്തതിനു ശേഷം നമ്പൂതിരി വിമല്‍ കുമാറിനോട് കല്‍പ്പിച്ചു.
"ദാ.. ആ നില്‍ക്കുന്ന ഇരുമ്പ് തൂണാണ് പ്രശ്നം.. അടുത്ത വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ രണ്ടു മണിവരെയുള്ള സമയത്തിനകത്ത് ഈ ഏലസ്സ് അരയില്‍ ബന്ധിച്ച ശേഷം അയല്‍പ്പക്കക്കാരുടെ ശ്രദ്ധയില്‍ പെടാതെ വേണം ഈ തൂണ് ഇളക്കിയെടുത്ത് വീടിന്‍റെ തെക്കേ ഭാഗത്തുള്ള ചിറയില്‍ കൊണ്ട് പോയി തള്ളാന്‍.. വേണമെങ്കില്‍ വല്ല കൂലിപ്പണിക്കാരായ ബംഗാളികളേയോ ഭയ്യാമാരെയോ സഹായത്തിനു വിളിച്ചോളൂ.. പക്ഷേ പരിചയക്കാരോ ബന്ധുക്കളോ പാടില്ലാ'
അടുത്ത വെള്ളിയാഴ്ച്ച രാത്രി ഒരുമണി നേരത്ത് ഉരുള്‍പ്പൊട്ടല്‍ പോലൊരു ശബ്ദം കേട്ടാണ് അയല്‍പ്പക്കക്കാരും നാട്ടുകാരും ഞെട്ടിയുണര്‍ന്ന് വിമല്‍ കുമാറിന്‍റെ വീടിനെ ലക്ഷ്യമാക്കി കുതിച്ചത്.
എല്ലാ നിഗൂഢതകള്‍ക്കും അറുതി വരുത്തിക്കൊണ്ട് അവന്‍റെ പഴയ ആ പാര്‍പ്പിടം തകര്‍ന്നു തരിപ്പണമായി കിടക്കുന്ന കാഴ്ച്ച കാണാന്‍...
"എന്തായാലും മേലേശ്ശേരി തിരുമേനി ആളൊരു കേമന്‍ തന്നേ!...." വന്നവരിലാരോ അത്ഭുതത്തോടെ പറഞ്ഞത് കേട്ട് പരിക്ക് പറ്റി കിടന്നിരുന്ന വിമല്‍ കുമാര്‍ ദയനീയമായി അയാളെ നോക്കി.
- ജോയ് ഗുരുവായൂര്‍

1 comment:

  1. രക്ഷയില്ല.അന്ധവിശ്വാസങ്ങള്‍ കൂടിയിരിക്കുകയാണ്...
    ആശംസകള്‍

    ReplyDelete