Friday, November 8, 2013

അസ്തമയം


"ഈ സാറിനെ കൊണ്ട് തോറ്റു.. ഇതിന്നു എത്രാമത്തെ തവണയാണെന്നറിയാമോ സര്‍ സാന്‍ക്ഷന്‍ ഓര്‍ഡറുകളില്‍ കൊല്ലം തെറ്റിച്ചു എഴുതുന്നത്‌?!.. സര്‍ ഇപ്പോഴും 1994-ല്‍ തന്നെ കറങ്ങി നടക്കാണോ? ഹി ഹി ഹി"
മലയാളിയായ സെക്രട്ടറിയുടെ വാക്കുകള്‍ കേട്ട് മുംബൈ മഹാനഗരത്തിന്റെ തീരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന കെട്ടിടങ്ങളില്‍ ഒന്നായ ഐ ഡി ബി ഐ ടവറുകളില്‍ ഒന്നിന്റെ ഇരുപത്തി ഒന്നാമത്തെ നിലയിലെ ഓഫീസ് ലോബിയില്‍ നിന്നും അകലെ കടലില്‍ എഴുന്നു നില്‍ക്കുന്ന പാറകളില്‍ തലതല്ലി ചിതറുന്ന തിരമാലകളെ വീക്ഷിച്ചു കൊണ്ട് ഇതികര്‍ത്തവ്യാമൂഡനായി മാത്യൂസ് നിന്നു.
"ശരിയാ.. ഈയിടെ താന്‍ എവിടെയൊക്കെയോ തന്നില്‍ തന്നെ നഷ്ടപ്പെട്ടു പോകുന്നുണ്ട്. കഴിഞ്ഞ മാനെജ്മെന്റ് മീറ്റിങ്ങില്‍ ഡയറക്ടര്‍ തന്നെ ഇന്‍സള്‍ട്ട് ചെയ്തത് വെറുതെയല്ല. ഇപ്പോള്‍ ലിന്‍ഡയും തന്നെ വിമര്‍ശിച്ചു തുടങ്ങിയിരിക്കുന്നു."
'ബോംബെ നഗരത്തിന്റെ നെക്ലേസ്' എന്നറിയപ്പെടുന്ന നരിമാന്‍ പോയിന്റിലെ മറൈന്‍ ഡ്രൈവില്‍ കടലുമായി ചങ്ങാത്തം കൂടി സൊറ പറഞ്ഞു കൊണ്ടിരിക്കുന്ന നീണ്ട നടപ്പാത അവസാനിക്കുന്നിടത്തെ ഭീമന്‍ പാറക്കല്ലുകളില്‍ ഒന്നില്‍ ഇരിക്കുമ്പോള്‍ അമ്പലത്തില്‍ നിന്നും ചന്ദനക്കുറിയണിഞ്ഞു പ്രസാദവുമായി ഇടവഴിയിലൂടെ കൂട്ടുകാരികളോടോത്തു കുണുങ്ങിച്ചിരിച്ചു കടന്നു പോകുന്ന അരുണയുടെ മുടിയിലെ ചെമ്പരത്തിപ്പൂവിട്ടു കാച്ചിയ എണ്ണയുടെ മാദക സുഗന്ധം മാത്യൂസിന്റെ മനം കവര്‍ന്നു.
കൂട്ടത്തില്‍ നിന്നും അവള്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ആ കണ്ണേറു പതിച്ച് അവന്റെ ഹൃദയം തുടിച്ചു.
'പുരോഗമന ചിന്താഗതിക്കാരായ തന്‍റെ അപ്പച്ചനെയും അമ്മയെയും പറഞ്ഞു ധരിപ്പിക്കാന്‍ തനിക്കാവും. പക്ഷെ അവളുടെ അച്ഛന്‍ ആ തഹസില്‍ദാര്‍ ഗോപിനാഥ മേനോന്‍ ആണ് പാഷാണത്തില്‍ കൃമിയായി നില്‍ക്കുന്നത്. എന്ത് തന്നെയായാലും താന്‍ അവളെ നേടിയിരിക്കും. അവള്‍ കൂടെയില്ലെങ്കില്‍ ഈ ജീവിതത്തില്‍ തനിക്കു എവിടെയും എത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.'
എന്ജിനീയറിംഗ് കഴിഞ്ഞ വഴി അപ്പച്ചന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി അരുണയെയും കൂട്ടി ഒളിച്ചോടി ബോംബെയില്‍ കാലുകുത്തുമ്പോള്‍ മാത്യൂസിന്റെ കയ്യില്‍ ഉണ്ടായിരുന്നത് ഒരു ജോഡി ഉടുപ്പുകളും രണ്ടായിരത്തി ഇരുന്നൂറു രൂപയും. പിന്നെ കഴുത്തില്‍ കിടന്ന ഒരു സ്വര്‍ണ്ണ മാലയും.
ഇതേ വരെ ഔദ്യോഗികമായി വിവാഹിതരായില്ലെങ്കിലും ആ പ്രണയവല്ലരിയില്‍ വിരിഞ്ഞ മൂന്നു ആണ്‍പുഷ്പങ്ങള്‍ ജീവിതത്തിനു മനോഹാരിതയേകി. സമൂഹത്തിന്റെ വിമര്‍ശനമുഖത്തു നിന്നും മാറി നിന്ന് കൊണ്ടൊരു സമാധാന ജീവിതം. ഇടയ്ക്കിടെ സന്ദര്‍ശകരായി എത്തുന്ന മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ലാളനയില്‍ കുട്ടികള്‍ ഇതേ വരെ ബന്ധുരാഹിത്യത്തെക്കുറിച്ച് ചിന്തിച്ചിട്ടേ ഉണ്ടാവില്ല. ആ സന്തോഷത്തില്‍ മാതൃപിതൃ വിരഹദുഃഖം മറന്നു അരുണയും.
"ഇപ്പോള്‍ എന്തെ അവള്‍ക്കൊരു മാറ്റം? ഞാന്‍ ചെയ്തത് വലിയൊരു തെറ്റാണെന്ന് അവള്‍ക്കിപ്പോള്‍ തോന്നിത്തുടങ്ങിയോ? .. രണ്ടാമത്തവന് മാട്ടുംഗ അമ്പലത്തില്‍ കൊണ്ട് പോയി ചോറ് കൊടുക്കണം എന്ന് അവള്‍ക്കിപ്പോ എന്താ ഇത്ര നിര്‍ബന്ധം? ജാതിയും മതവും സമ്പത്തും ഒക്കെ നോക്കിയാണോ ഈ ബന്ധം ഇതേ വരെ എത്തിയത്?.. എന്നിട്ട് ഇപ്പോള്‍ എന്തേ അവള്‍ ഇങ്ങനെ?.. ഈ കടലില്‍ ചാടി ചത്താലോ? വേണ്ട.. പിന്നെ പാവം അവളും കുട്ട്യോളും എന്താ ചെയ്യാ.. എന്തെങ്കിലും ആയിക്കോട്ടെ.. അമ്പലത്തിലോ പള്ളിയിലോ മോസ്കിലോ എവിടെയെങ്കിലും പോയി ചോറ് കൊടുക്കട്ടെ.. കൊടുത്തോട്ടെ.. എല്ലാം ഇഷ്ടം പോലെ ചെയ്യട്ടെ.. മാത്യൂസ് ആരുമല്ല എതിര്‍ക്കാന്‍.. ഞാന്‍ ആരുമല്ലാ.. ഈ ലോകത്തില്‍.. ആരുമല്ലാ.. ഐ അം എ പബ്ലിക് വേസ്റ്റ്... എ മിയര്‍ വേസ്റ്റ്... "
അലറിക്കൊണ്ട്‌ അലയടിക്കുന്ന തിരകളെ മനസ്സിലേക്ക് ആവാഹിച്ചു കൊണ്ട് മാത്യൂസ് ഇളകി മറിഞ്ഞു. ധരിച്ചിരുന്ന ചുവന്ന ടീഷര്‍ട്ട്‌ ഊരി അയാള്‍ കടലിലേക്ക്‌ വലിച്ചെറിഞ്ഞു.
പപ്പാ... വാ പപ്പാ.. നമുക്ക് വീട്ടിലേക്കു പോകാം.. എനിക്ക് പേടിയാവുന്നു.. മതി പപ്പാ ഇങ്ങനെ വിഷമിച്ചത്.. പതിനെട്ടു കൊല്ലം മുമ്പ് നടന്ന ഈ കാര്യം ഓര്‍ത്ത്‌ എന്തിനാ ഇപ്പൊ പപ്പാ വേദനിക്കുന്നേ?.. വാ പപ്പാ .. നമുക്ക് പോകാം...
ഡോക്റ്ററുടെ നിര്‍ദ്ദേശമനുസരിച്ച് പപ്പയെ സായാഹ്ന സവാരിക്ക് കൊണ്ട് വന്ന പത്തൊമ്പതുകാരനായ മുതിര്‍ന്ന മകന്‍ ആകാശ്, മാത്യൂസിന്റെ അപ്രതീക്ഷിതമായ പരാക്രമം കണ്ടു ഭയന്ന് തന്‍റെ പപ്പയുടെ കൈ ബലമായി പിടിച്ചു കാറിലേക്ക് ആനയിച്ചു.
"അരുത് എന്നെ പിടിക്കരുത്.. ആരാടോ താന്‍?.. തന്നെ ഇപ്പോള്‍ ആരാടോ ഇങ്ങോട്ട് വിളിച്ചേ?.. മനുഷ്യന്മാര്‍ക്ക് സ്വൈര്യമായി എവിടെയും നടക്കാന്‍ വിടില്ല്യാച്ചാ... ഒന്ന് പോകണം മിസ്റ്റര്‍.. പ്ലീസ്..."
ഇത് പറഞ്ഞു കൈ വിടുവിച്ചു കൊണ്ട് ഒരു പാറക്കല്ലില്‍ ഇരുന്നു ഒരപരിചിതനെ പോലെ  പിറുപിറുത്ത പപ്പയെ നോക്കി ആകാശ് സ്തബ്ദനായി നിന്നു.
അകലെ അസ്തമന സൂര്യന്‍ തന്‍റെ കര്‍ത്തവ്യം നിറവേറ്റി ആഴക്കടലിലേക്ക് താഴുമ്പോള്‍ അതിന്റെ ശോണ വര്‍ണ്ണം തിരകളിലേക്ക് പടര്‍ന്നു വ്യാപിച്ചു ഒരു ചോരക്കടല്‍ സൃഷ്ടിച്ചു.
- ജോയ് ഗുരുവായൂര്‍

ഇരുട്ട് ഭാസ്ക്കരന്‍


ഇലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടാണ് രാത്രി നേരത്ത് ഉമ്മറത്തിണ്ണയില്‍ ഇരുന്നു പരീക്ഷയ്ക്ക് പഠിച്ചിരുന്ന എട്ടാം ക്ലാസ്സ് കാരനായ സുധി പേടിച്ചരണ്ട നയനങ്ങളോടെ അതിന്റെ ഉറവിടത്തിലേക്ക് ദൃഷ്ടി പായിച്ചത്. ഒരു കറുത്ത ആള്‍രൂപം വീട്ടു മുറ്റത്തുള്ള കയ്യാലയുടെ പിറകിലേക്ക് മാറുന്നതായി അവനു തോന്നി.
"അമ്മേ.. അയ്യോ.. ദേ ഞാന്‍ പറയാറുള്ള ആ കറുത്ത രൂപം വീണ്ടും ... ഞാന്‍ ശരിക്കും കണ്ടതാ.. അമ്മേ.. നമുക്കിനി ഇവിടെ താമസിക്കണ്ടാ.. അമ്മാവന്റെ വീട്ടില്‍ പോയി താമസിക്കാം.. നമ്മളെയൊക്കെ കൊല്ലും ആ പ്രേതം.. നാലാന്നാള്‍ അത് വന്ന അന്ന് രഘൂന്റെ വീട്ടിലെ പശു ചത്തു പോയി. അതിനു മുമ്പ് വന്നപ്പോള്‍ ശശി മാമയുടെ വീട്ടിലെ ആ അമേരിക്കന്‍ പട്ടി ചത്തില്ലേ. മൃഗങ്ങളുടെ ഒക്കെ ചോര കുടിച്ചു കഴിഞ്ഞാല്‍ പിന്നെ പ്രേതങ്ങള്‍ നേരെ മനുഷ്യരുടെ ചോര കുടിക്കാന്‍ വരും എന്നാണു ശങ്കു മുത്തച്ഛന്‍ പറയുന്നേ.. വേണ്ട നമുക്കിനി ഇവിടം.. പോകാം അമ്മെ.. "
സുധിയുടെ നിലവിളി കേട്ട് പിറുപിറുക്കുന്നത് പോലെ എന്തൊക്കെയോ ശ്ലോകങ്ങള്‍ ചൊല്ലിക്കൊണ്ടു നടയിലെ അകത്തെ കട്ടിലില്‍ കിടന്നിരുന്ന മുത്തശ്ശി കൂനിക്കൂടി വാതില്‍ക്കലേക്ക് വേച്ചുവേച്ചു ചെന്ന് വിറയ്ക്കുന്ന സ്വരത്തോടെ പറഞ്ഞു.
" ന്താ കുട്ട്യേ കരയണേ.. പിന്നേം വന്നാ അശ്രീകരം..? അത് പ്രേതോം കൂതോം ഒന്നുമല്ല. ഒറ്റ്ലിച്ചി ആണത് ഒറ്റ്ലിച്ചി... പോണ വഴിയിലെ സകലതും നശിപ്പിച്ചേ അടങ്ങൂ.. ചെര്‍പ്പം മൊതലേ ഞാന്‍ കാണുന്നതല്ലേ അയിനെ.. നെന്റെ മുത്തച്ഛന്‍ ഒരിക്കല്‍ ഈ ചെകുത്താനെ കണ്ടു പേടിച്ചു കുട്ടന്‍ വൈദ്യര്‍ടെ അവടെ നാലൂസാ ബോധാല്ല്യാണ്ട് കെടന്നേ... മതി പഠിപ്പൊക്കെ കുട്ട്യേ... ശീഘ്രം ന്റെടുത്ത് വന്നു നാമം ജപിച്ചു കെടന്നോളാ.."
ഓം വജ്‌റ നവായ വിദ്മഹേ
തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!.."
വിറയ്ക്കുന്ന ചുണ്ടുകളോടെ മുത്തശ്ശി ഭയമകറ്റാനുള്ള വിഷ്ണുമന്ത്രം ഉരുവിട്ടുകൊണ്ട് അടുത്തു പറ്റിച്ചേര്‍ന്നു കിടന്ന സുധിമോനെ തന്‍റെ ചുക്കിച്ചുളിഞ്ഞ തൊലിയുള്ള കരങ്ങള്‍ കൊണ്ട് ചേര്‍ത്തു പിടിച്ചു കിടന്നു.
"പിന്നേ.. അവന്റെ ഒരു പ്രേതോം യക്ഷീം.. അമ്മ തന്ന്യാ.. ങ്ങനെ ഓരോന്ന് പറഞ്ഞു കൊടുത്ത് കുട്ട്യേ.. പേട്യാട്ടണേ.. കുട്ടിക്ക് നാളെ പരീഷള്ളതാ.. ഒക്കെ പഠിച്ചു കഴിഞ്ഞോഡാ?..."
അടുക്കളയില്‍ പാത്രം കഴുകുന്നിടത്തു നിന്നും തോര്‍ത്തു മുണ്ടില്‍ കൈ തുടച്ചു കൊണ്ട് അവിടേക്ക് വന്ന സരസ്വതിയമ്മ ഇത് പറഞ്ഞപ്പോള്‍ അതിനുത്തരമെന്നോണം സുധിക്കുട്ടന്‍ കമ്പിളി തലവഴി മൂടിപ്പുതച്ചു കിടന്നു.
മുത്തശ്ശി മരിക്കുമ്പോള്‍ സുധി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ആ മരണം സരസ്വതിയമ്മയെയും സുധിയേയും അനാഥമാക്കിയതിനു പുറമേ പട്ടാളക്കാരനായ മുത്തച്ഛന്റെ പെന്‍ഷന്‍ വഴി ലഭിച്ചിരുന്ന വരുമാനവും നിലപ്പിച്ചു.
തയ്യല്‍ ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് സരസ്വതിയമ്മ കുടുംബം പോറ്റി. ചെറിയ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു കൊടുത്തു വട്ടച്ചിലവുകള്‍ക്കുള്ള ചെറിയൊരു വരുമാനം സുധിയും ഉണ്ടാക്കിയിരുന്നു.
"അമ്മേ ഞാന്‍ എസ് ഐ സെലക്ഷന്‍ ടെസ്റ്റ്‌ ജയിച്ചു."
ഉച്ചത്തില്‍ ഇത് പറഞ്ഞു കൊണ്ട് സൈക്കിള്‍ സ്റ്റാന്‍ഡില്‍ പോലും വയ്ക്കാന്‍ ഉള്ള സംയമനം കാണിക്കാതെ പടികടന്നു വന്ന സുധി അമ്മയെ എടുത്തുയര്‍ത്തി. അടുക്കളക്കോലായിലെ അമ്മിക്കല്ലില്‍ മുളകരയ്ക്കുകയായിരുന്നു സരസ്വതിയമ്മ.
"മോനേ.. കയ്യില്‍ അരപ്പുണ്ട്.. നിന്റെ ദേഹത്താവും... വിട്.. "
കൈകള്‍ സുധിയുടെ കുപ്പായത്തില്‍ തട്ടാതെ അവര്‍ ഉയര്‍ത്തിപ്പിടിച്ചു. ആ കണ്ണുകളില്‍ നിന്നും സന്തോഷത്തിന്റെയും ചാരിതാര്‍ത്ഥ്യത്തിന്റെയും പുഴകള്‍ ഒഴുകി അവന്റെ ഉടുപ്പ് നനച്ചു. താഴെ നിര്‍ത്തിയ വഴി മൂര്‍ദ്ധാവില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു.
"നിന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്‍റെ മകന്‍ ഒരു എസ് ഐ ആവുക എന്നത്.. നീ അച്ഛന്റെ ആഗ്രഹം സാധിപ്പിച്ചല്ലോടാ.."
ട്രെയിനിംഗ് കഴിഞ്ഞു ആദ്യത്തെ നിയമനം കാസര്‍ഗോഡിലെ ഒരു ഓണം കേറാമൂലയിലെ സ്റ്റേഷനിലേക്ക്. സാമൂഹ്യദ്രോഹികളുടെയും തസ്ക്കരവീരന്മാരുടെയും ആസ്ഥാനം.
മിടുക്കനും ധീരനുമായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്നു എസ് ഐ സുധി. പണ്ട് മുത്തശ്ശിക്കഥകള്‍ കേട്ട് ഭയന്ന് വിറച്ചിരുന്ന സുധിയല്ല ഇന്നത്തെ സുധി. അത് വരെ നിയമപാലനത്തില്‍ അധികമൊന്നും ശുഷ്ക്കാന്തി കാണിക്കാതിരുന്ന പോലീസ് സ്റ്റേഷന്റെ പ്രതിച്ഛായ സുധിയുടെ പ്രകടനം കൊണ്ട് മെച്ചപ്പെട്ടു എന്ന് പറയാം. മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ വരെ പല സങ്കീര്‍ണ്ണമായ കേസ് അന്വേഷണങ്ങള്‍ക്കും എസ്. ഐ. സുധിയെ സഹായിയാക്കി.
സ്റ്റേഷന്‍ അതിര്‍ത്തിക്കുള്ളില്‍ അരങ്ങേറിയിരുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഒരു വിധം അടിച്ചമാര്‍ത്താനായത് സുധിക്ക് പേരും പ്രശസ്തിയും നേടിക്കൊടുത്തു. ആയിടെയാണ് പിടി കിട്ടാ പുള്ളിയായ ഇരുട്ട് ഭാസ്ക്കരനുമായി സുധിയുടെ ഏറ്റുമുട്ടല്‍ നടന്നത്. മല്‍പ്പിടുത്തത്തില്‍ വഴുതി ഓടിയ പ്രതിയെ സുധി നിറയൊഴിച്ചു. എന്നാല്‍ അത് ഏല്‍ക്കാതെ അടുത്തുള്ള കായലില്‍ ചാടിയ പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ സഫലമായില്ല.
"അമ്മേ ഇന്ന് ഞാനവനെ പിടിച്ചിരിക്കും. കുറെ നാളായി ആ കാട്ടുകള്ളന്‍ നാട്ടുകാരെയും പോലീസുകാരെയും കബളിപ്പിച്ചു ഇങ്ങനെ കറങ്ങി നടക്കുന്നു. കായല്‍ക്കരയില്‍ ഉള്ള കാട്ടിലാകെ തിരച്ചില്‍ നടത്താന്‍ ഉള്ള സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. അവനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഒരു പ്രൊമോഷന്‍ ഉറപ്പാ.. അമ്മേ എന്നെ അനുഗ്രഹിക്കണം. "
ഡ്യൂട്ടിക്ക് പോകാന്‍ നേരം സുധി അമ്മയോട് പറഞ്ഞു.
"സൂക്ഷിക്കണേ മോനേ.." എന്ന് പറഞ്ഞു കൊണ്ട് സരസ്വതിയമ്മ അവനെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു.
പിറ്റേ ദിവസത്തെ വര്‍ത്തമാന പത്രത്തില്‍ സുധി ഇരുട്ട് ഭാസ്ക്കാരനെ കയ്യാമം അണിയിച്ചു കൊണ്ടുള്ള ഫോട്ടോ ഉണ്ടായിരുന്നു പത്രത്തില്‍. പത്രക്കാരന്‍ മുറ്റത്തേക്കു എറിഞ്ഞിരുന്ന പത്രം മുറ്റമടിക്കാന്‍ ഇറങ്ങിയ സരസ്വതിയമ്മ എന്നത്തെയും പോലെ എടുത്തു വീടിന്റെ തിണ്ണയിലേക്ക് വയ്ക്കാന്‍ പോകുമ്പോള്‍ ആ ചിത്രം ശ്രദ്ധിച്ചു.
"ദൈവമേ.. ഇത് അങ്ങേരല്ലേ.. "
തസ്ക്കര വീരനായ ഇരുട്ട് ഭാസ്ക്കരനെ കയ്യാമം അണിയിച്ചു കൊണ്ട് അഭിമാനപുരസരം നില്‍ക്കുന്ന സുധിയുടെ ഫോട്ടോ കണ്ടു സരസ്വതിയമ്മയുടെ കണ്ണില്‍ ഇരുട്ട് കയറി. ഭൂമി കീഴ്മേല്‍ മറിയുന്നതായി അവര്‍ക്ക് തോന്നി.
നടുക്കാട്ടിലെ പഴയ കെട്ടിടത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഭാസ്കരനെ പിടിക്കാന്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു. ധീരനായ എസ് ഐ സുധി ഒറ്റയ്ക്ക് നീട്ടിപ്പിടിച്ച തോക്കുമായി സധൈര്യം കെട്ടിടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അനേകം പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു രക്ഷപ്പെടാറുള്ള ഇരുട്ട് ഭാസ്കരന്‍ ചെറുത്തു നില്‍പ്പൊന്നും കൂടാതെ കീഴടങ്ങുകയായിരുന്നു. ഭാസ്കരന്റെ ഈ പെരുമാറ്റം സുധിയെ അമ്പരപ്പിച്ചു.
സരസ്വതിയമ്മയ്ക്ക് ബോധം വരുമ്പോള്‍ ജില്ലാ ആശുപത്രിയിലെ വാര്‍ഡില്‍ ആയിരുന്നു. സുധി അമ്മയുടെ നെറ്റിയില്‍ തുണി നനച്ചു തുടച്ചു കൊണ്ടിരിക്കുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ അമ്മ ബോധം കേട്ട് മുറ്റത്ത് വീണുകിടക്കുന്നത് കണ്ടു നേരെ ആശുപത്രിയിലേക്ക് കൊണ്ട് വന്നതാണ്. എന്താണ് അമ്മയ്ക്ക് പെട്ടെന്ന് സംഭവിച്ചത് എന്നറിയാതെ അവന്‍ വേവലാതിപ്പെട്ടു.
അസുഖം ഭേദമായി അന്ന് വൈകീട്ട് തന്നെ സരസ്വതിയമ്മയെ വീട്ടിലേക്കു കൊണ്ട് വന്നു.
സന്ധ്യാനേരത്ത് സുധി ഡ്യൂട്ടിക്ക് പോയപ്പോള്‍ സരസ്വതിയമ്മ കോലായിലെ ചാരുകസേരയില്‍ ഇരുന്നു ചിന്തകളെ ഭൂതകാലത്തിലേക്ക് മേയാന്‍ വിട്ടു.
മുറച്ചെറുക്കനുമായുള്ള സരസ്വതിയുടെ കല്യാണം അച്ഛന്‍ ഉറപ്പിക്കുമ്പോള്‍ തന്നെ അയല്‍ക്കാരനായ ഭാസ്ക്കരനുമായി പ്രണയത്തിലായിരുന്നു അവള്‍. വിവാഹം നിശ്ചയിച്ചതറിഞ്ഞു ജോലിയെടുത്തിരുന്ന തമിഴ്നാട്ടിലെ സേലത്തു നിന്നും അവളെ കാണാന്‍ രാത്രിയില്‍ അവന്‍ വന്നു. വീടിനു പുറകിലെ വിറകു പുരയില്‍ ആയിരുന്നു ആ കൂടിക്കാഴ്ച. തന്‍റെ നിസ്സഹായാവസ്ഥ അവള്‍ അവനെ അറിയിച്ചു. പരസ്പ്പരം ആലിംഗനബദ്ധരായ അവരുടെ വസ്ത്രങ്ങള്‍ കണ്ണുനീര്‍ കൊണ്ട് നനഞ്ഞു കുതിര്‍ന്നു. പുറത്തു ഇണ ചേര്‍ന്നിരുന്ന ഉരഗങ്ങളുടെ ശീല്‍ക്കാരം അവരുടെ രോമകൂപങ്ങളില്‍ വിദ്യുത്പ്പിണരുകള്‍ സൃഷ്ടിച്ചു.
ഒരാഴ്ചക്കുള്ളില്‍ തന്നെ മുറച്ചെറുക്കനുമായി വിവാഹം. സോമസുന്ദരന് ഇഷ്ടികക്കളം ആയിരുന്നു. നല്ല രീതിയില്‍ ആ കച്ചവടം പൊടിപൊടിച്ചു. തന്‍റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം സരസ്വതി ആണെന്ന് എപ്പോഴും അയാള്‍ പറയുമായിരുന്നു. തന്‍റെ ഉദരത്തില്‍ തുടിക്കുന്ന കുഞ്ഞുജീവന്‍ അവളില്‍ കുറ്റബോധത്തിന്റെ കനലുകള്‍ കോരിയിട്ടു. എങ്കിലും
കാലം സോമസുന്ദരന് അധികം ആയുസ്സ് നീട്ടിക്കൊടുത്തില്ല. വിവാഹം കഴിഞ്ഞു മൂന്ന് വര്‍ഷത്തിനു മുമ്പേ ഇഷ്ടികക്കളത്തിലെ ഒരു അപകടത്തില്‍ പെട്ട് അയാള്‍ മരിക്കുമ്പോള്‍ സുധിക്ക് രണ്ടു വയസ്സ്. വീണ്ടും ഒരു വിവാഹം കഴിക്കാന്‍ വേണ്ടി അച്ഛനും അമ്മയും ഒക്കെ നിര്‍ബന്ധിച്ചിട്ടും സരസ്വതി വഴങ്ങിയില്ല.
സോമശേഖരന്റെ മരണ വാര്‍ത്തയറിഞ്ഞ് ഭാസ്ക്കരന്‍ സേലത്ത് നിന്നും തിരിച്ചെത്തി നാട്ടില്‍ തന്നെ ഓരോ ജോലികളുമായി കൂടി. പക്ഷെ അതിനിടയില്‍ ഭാസ്ക്കരന്റെ വിവാഹം കഴിഞ്ഞിരുന്നു. അതില്‍ രണ്ടു ആണ്‍കുട്ടികളും തന്‍റെ കുഞ്ഞിന്റെ അമ്മയും കാമുകിയുമായിരുന്ന സരസ്വതിയെ കാണാന്‍ ഇടയ്ക്കിടെ രാത്രി സമയങ്ങളില്‍ അയാള്‍ പാത്തും പതുങ്ങിയും എത്തുമായിരുന്നു. ചെറുപ്പത്തില്‍ സുധി പലപ്പോഴും കണ്ടു ഭയന്നിരുന്ന ആ ഇരുണ്ട ആള്‍രൂപം ഇയാളുടെ ആയിരുന്നു. സുധിയുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനും ഉള്ള പൈസ മാസം തോറും അയാള്‍ സരസ്വതിയമ്മയ്ക്ക് കൈമാറി വന്നു. എന്നാല്‍ മറ്റൊരു ദേശത്ത് ഇരുട്ട് ഭാസ്ക്കരന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഒരു തസ്ക്കരവീരന്‍ ആണ് ഭാസ്ക്കരന്‍ എന്ന് സരസ്വതിയമ്മയും അറിഞ്ഞില്ല.
'എങ്കിലും തനിക്കും അദ്ദേഹത്തിനും ഇങ്ങനെയൊരു ദുര്‍വിധി ഉണ്ടായല്ലോ ഭഗവാനേ.. സ്വന്തം അച്ഛനെ അറസ്റ്റ് ചെയ്യാന്‍ പോകുന്ന മകനെ കഥയറിയാതെ താന്‍ അനുഗ്രഹിച്ചാണല്ലോ വിട്ടത്.'
ഓര്‍മ്മകളുടെ ചുഴികളില്‍ മനസ്സ് ഉഴറിയുഴറി അവശയായ സരസ്വതിയമ്മ നിദ്രയിലേക്ക് വഴുതി.
ലോക്കപ്പില്‍ നിന്നും കോടതിയിലേക്ക് കോടതിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ ഇരുട്ട് ഭാസ്കരന്‍ രക്ഷപ്പെടാന്‍ ഒരു വിഫലശ്രമം നടത്തി. അന്നേരം സുധി ഉണ്ടായിരുന്നില്ല. കുപിതരായ പോലീസുകാര്‍ വീണ്ടും അയാളെ ലോക്കപ്പില്‍ ഇട്ടു ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ രക്തം ചര്‍ദ്ദിച്ചു അയാള്‍ തല്‍ക്ഷണം മരിച്ചു.
സ്റ്റേഷനില്‍ നിന്നും പോലീസുകാര്‍ വിളിച്ചറിയിക്കുമ്പോള്‍ സുധി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. സുധിയില്‍ നിന്നും വിവരം അറിഞ്ഞ സരസ്വതിയമ്മ തല്‍ക്ഷണം ബോധരഹിതയായി നിലം പതിച്ചു. അവരെയും കൊണ്ട് സുധി ആശുപത്രിയിലേക്ക് പാഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ വിങ്ങുന്ന ഹൃദയത്തോടെ സരസ്വതിയമ്മ സത്യത്തിന്റെ മുഖം സുധിക്ക് വെളിപ്പെടുത്തി.
സുധിക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള ഒരു ആഘാതം തന്നെയായിരുന്നു ആ അറിവ്. തനിക്കു രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു പോയതു തന്‍റെ അച്ഛന്‍ ആയിരുന്നില്ല എന്ന തിരിച്ചറിവും കുപ്രസിദ്ധനായ ഇരുട്ട് ഭാസ്ക്കരന്‍ തന്‍റെ അച്ഛന്‍ ആയിരുന്നു എന്ന ചിന്തയും അയാളെ ഭ്രാന്തു പിടിപ്പിച്ചു.
അയാള്‍ വിറളി പൂണ്ടു ജീപ്പെടുത്തു സ്റ്റേഷനിലെക്ക് പാഞ്ഞു ചെന്നപ്പോള്‍ സി. ഐ യുടെ നിര്‍ദ്ദേശപ്രകാരം ശവശരീരം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു രാവിലെത്തന്നെ ഇരിട്ടിയില്‍ ഉള്ള ഭാസ്ക്കരന്റെ വീട്ടിലേക്കു അയച്ചു എന്ന് അറിഞ്ഞു.
മറ്റൊന്നും ചിന്തിക്കാതെ ശക്തമായി മിടിക്കുന്ന ഹൃദയവുമായി സുധി അവിടേക്ക് ധൃതിയില്‍ എത്തുമ്പോള്‍ കണ്ടത് ജന്മദാതാവിന്റെ ജഡം ആളിക്കത്തുന്ന തീജ്വാലകളില്‍ 'ആത്മാഹുതി' ചെയ്യുന്നതാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും 'അച്ഛാ' എന്ന് വിളിക്കാന്‍ തനിക്കു അവസരം ലഭിക്കാതിരുന്ന അജ്ഞാതനായിരുന്ന പിതാവിന്റെ കത്തുന്ന ചിതയിലേക്ക് സ്തബ്ദനായി നോക്കി നിന്ന സുധിയുടെ കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി ദുഃഖബാഷ്പം അടര്‍ന്നു വീണു.    

ഭാസ്ക്കരനു മക്കളായി രണ്ടു പെണ്മക്കള്‍ ആയിരുന്നു. ചിതയുടെ ആളല്‍ താപമേറ്റിയ മനസ്സുമായി അകത്തളത്തിലിരുന്നു നിരന്തരം അലമുറയിട്ടു കരഞ്ഞു കൊണ്ടിരുന്ന അനുജത്തിമാരുടെ ചാരത്തേക്ക്‌ ഒരു ജനിമൃതിയുടെ ബാക്കിപത്രം പോലെ സുധി നടന്നു.

- ജോയ് ഗുരുവായൂര്‍

വളവുകള്‍..

 
ഈ കയറ്റവും  കൊടും വളവും [ഹെയര്‍ പിന്‍ വളവ്] കൂടി കഴിഞ്ഞാല്‍ പിന്നെ അധികം ദുര്‍ഘടങ്ങള്‍ ഇല്ലാത്ത വീതി കൂടിയ വീഥികള്‍ ആണ്. ആയാസരഹിതമായി വണ്ടിയോടിക്കാം. പ്രദേശത്തെ ഏറ്റവും ഉയരമുള്ള ആ ചുരത്തില്‍ നിന്നും നോക്കിയാല്‍ ദൂരെ താഴ്വാരത്തില്‍ പ്രകൃതിയുടെ ശ്മശാനം പോലെ  പരന്നു കിടക്കുന്ന കല്‍ക്കരിപ്പാടങ്ങളില്‍ നക്ഷത്രങ്ങള്‍ കണക്കെ ആയിരക്കണക്കിന് വൈദ്യുത വിളക്കുകള്‍ തിളങ്ങി നില്‍ക്കുന്നത് കാണാം.

ഗിയര്‍ സെക്കന്‍റിലേക്ക് ഇട്ടു മോഹനന്‍ ആക്സിലറേറ്ററില്‍ കാലു കൊടുത്തു. മദ്ധ്യപ്രദേശിലെ സിംഗറോളി കല്‍ക്കരി ഖനിയില്‍ നിന്നും കല്‍ക്കരി കയറ്റിയ ട്രക്ക്  കുത്തനെയുള്ള ആ ചുരത്തിലൂടെ നിരങ്ങി നീങ്ങി. സന്ധ്യ മയങ്ങിത്തുടങ്ങിയിട്ടേയുള്ളൂ  എങ്കിലും ചമ്പല്‍ക്കാടിന്‍റെ വന്യത, ടാറിട്ട റോഡില്‍ കോരിയിട്ട ഇരുട്ടിനെ കീറി മുറിച്ചു വഴി തെളിക്കാനായി അയാള്‍ ഹെഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്തു. 

വാസുദേവന്‍ പ്ലസ് ടൂ നല്ല മാര്‍ക്കോടെ ജയിച്ചിരിക്കുന്നു. ജയലക്ഷ്മിയുടെ ഫോണ്‍ കാള്‍ മോഹനന്റെ കണ്ണുകളെ സന്തോഷാശ്രുക്കളണിയിച്ചു.

"എങ്ങനെയെങ്കിലും അവനെ ഒരു എഞ്ചിനീയര്‍ ആക്കണം. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്.. തനിക്കൊരു ആണ്‍കുഞ്ഞു ജനിച്ചു എന്ന് നാട്ടില്‍ നിന്നും അനുജന്‍ സോമന്‍ വിളിച്ചു പറഞ്ഞ അന്ന് തന്നെ മനസ്സില്‍ കുരുത്ത ആ മോഹം പൂവണിയാന്‍ ഇനി ഏറെ കാലത്തെ കാത്തിരിപ്പ് വേണ്ട. എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയെക്കുറിച്ച് വിശദമായി അന്വേഷിച്ചു പറയാന്‍ ജയയോട് പറഞ്ഞിട്ടുണ്ട്.  പതിനേഴു കൊല്ലമായി താന്‍ ഈ കല്‍ക്കരിപ്പൊടി തിന്നുന്നതിന് കിട്ടിയ ആദ്യ പ്രതിഫലം.."

അമരക്കാരന്റെ മനോഗതം അറിഞ്ഞ ഉത്സാഹത്തോടെ കയറ്റം കയറുമ്പോള്‍ എന്നത്തെയും പോലെ കിതയ്ക്കാന്‍ ആ പഴയ ഫര്‍ഗോ ട്രക്ക് ഇന്ന്  മറന്നെന്നു തോന്നുന്നു!

"ഇനി പഴയ പോലെയായിരിക്കില്ല കാര്യങ്ങള്‍.  വാസൂട്ടന്റെ ഉപരി പഠനത്തിനു ചിലവുകളേറെയുണ്ടാവും. ഈ വണ്ടിയോടിച്ചു കിട്ടുന്ന ഏക വരുമാനം അല്ലാതെ ഒന്ന് പണയം വയ്ക്കാന്‍ പോലും തന്‍റെ കയ്യില്‍ യാതൊന്നും ഇല്ല. ശുക്ലാജിയുടെ മകളുടെ വിവാഹം ആണ്. അയാള്‍ നാളെ മുതല്‍ ഒന്നര മാസത്തേക്ക് അവധിക്കു പോകുന്നു. സേട്ടിനെ പോയി ഒന്നു കാണാം. ശുക്ലാജിയുടെ ഒഴിവിലുള്ള ഡ്യൂട്ടിയും കൂടി ഏറ്റെടുത്താല്‍ തല്‍ക്കാലത്തേക്ക് കുറച്ചു അധിക വരുമാനം ഉണ്ടാവും. കഷ്ടപ്പെടാന്‍ തയ്യാറാണ് എങ്കിലും ഒന്നര മാസം കഴിഞ്ഞു അയാള്‍ വന്നു തിരികെ ജോലിയില്‍ പ്രവേശിക്കുന്നതോടെ അതു നില്‍ക്കും. എന്നാലും ഈ സമയത്ത് അതൊരു ആശ്വാസം തന്നെ. 

പണം ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠയില്‍ മനസ്സില്‍ കൂട്ടിക്കിഴിക്കലുകള്‍ നടത്തിക്കൊണ്ട് ജലപാനം പോലും ചെയ്യാതെ  മോഹനന്‍ കിടന്നു. പഠിക്കേണ്ട കാലത്ത് തനിക്കു അതിനുള്ള അവസരം ഉണ്ടാക്കിത്തരാതിരുന്ന ദുര്‍വിധിയെ അയാള്‍ പഴിച്ചു.  മൊബൈല്‍ ഫോണ്‍ തെളിയിച്ച് സമയം നോക്കിയപ്പോള്‍ പുലര്‍ച്ച മൂന്നു മണി. രാത്രിക്ക് നീളം കുറഞ്ഞുവോ എന്ന് അയാള്‍ക്ക്‌ തോന്നി. ചിന്തകളുടെ ചുഴിയിലകപ്പെട്ടു ഒരു വേള പോലും ഉറങ്ങിയിട്ടില്ല. നാളത്തെ പ്രവര്‍ത്തി ദിവസത്തിനു തുടക്കം കുറിച്ച് കൊണ്ടുള്ള സൈറന്‍ കല്‍ക്കരി ഖനിയില്‍ നിന്നും മുഴങ്ങാന്‍ ഇനി ഒരു മണിക്കൂര്‍ മാത്രം. പിന്നെ എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക്‌ ഉറക്കം വന്നില്ല. 

പതിനാറു മണിക്കൂര്‍ കഠിന ജോലിയാണെങ്കിലും കയ്യില്‍ വരുന്ന പണത്തിന്റെ ആധിക്യം മൂലം  മോഹനന് ഒട്ടും ക്ഷീണം അനുഭവപ്പെട്ടില്ല. കല്‍ക്കരിപ്പൊടി നിരന്തരം ശ്വസിച്ചുണ്ടാകുന്ന നില്‍ക്കാത്ത ചുമയും കഫക്കെട്ടുമൊന്നും അയാളെ ജോലി ചെയ്യുന്നതില്‍ നിന്നും പിന്‍തിരിപ്പിച്ചുമില്ല. വാസുദേവന്റെ പഠന ത്തിനായുള്ള  പണം എങ്ങനെയെങ്കിലും ഉണ്ടാക്കണം എന്ന ലക്ഷ്യത്തിന്റെ സ്വാധീനത്തില്‍ തന്റെ ആരോഗ്യം നശിക്കുന്നതും ശരീരം രോഗാതുരമായി മാറുന്നതുമൊന്നും അയാള്‍ ഗൌനിച്ചില്ല. 

വളവുകള്‍ അനസ്യൂതം തരണം ചെയ്തു കൊണ്ട് ചമ്പല്‍ക്കാടിന്റെ ഹസ്തരേഖകള്‍ പോലെ കെട്ടുപിണഞ്ഞു കിടക്കുന്ന നേരിയ പാതകളിലൂടെ നിരങ്ങി നീങ്ങുന്ന കല്‍ക്കരി ശകടത്തില്‍ പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടുമായി എന്നും മോഹനനും. 

ശുക്ലാജി തിരിച്ചെത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. കിട്ടിക്കൊണ്ടിരിക്കുന്ന അധികവരുമാനം നില്‍ക്കാന്‍ പോകുന്നു എന്ന ചിന്ത അയാളുടെ മനസ്സിനെ അസ്വസ്ഥ മാക്കി.

സിംഗറോളി - റീവ റോഡില്‍ നിന്നും ഉത്തര്‍പ്രദേശില്‍ പെടുന്ന രേണുക്കൂട്ട് എന്ന ഗ്രാമത്തിലേക്ക് തിരിയുന്ന പാത ചേരുന്നിടത്ത് മലയാളിയെന്നു തോന്നിക്കുന്ന ഒരു മനുഷ്യന്‍ വണ്ടിക്കു മുന്നില്‍ കൈകാണിച്ചു. മദ്ധ്യപ്രദേശിന്റെയും ഉത്തര്‍പ്രദേശിന്റെയും അതിര്‍ത്തിഗ്രാമം ആണ് രേണുക്കൂട്ട്.

പാലായില്‍ നിന്നുമുള്ള ചെറിയാന്‍. ആ മൂന്നും കൂടിയ കവലയുടെ കുറച്ചു ഉള്ളിലേക്ക് നീങ്ങി കാടിന്റെ  നിഗൂഡതയില്‍ അയാള്‍ ഒരു അനധികൃത ചാരായ വാറ്റ് കേന്ദ്രം നടത്തുന്നുണ്ട് എന്നത് മോഹനനു ഒരു പുതിയ അറിവായിരുന്നു. മലയാളികളുടെ ഇത്തരം ഓരോ കഴിവുകളെക്കുറിച്ച് അയാള്‍ അന്തം വിട്ടു. താന്‍ താമസിക്കുന്ന സ്ഥലത്തിനു മുമ്പുള്ള ഒരു ചെറിയ കവലയില്‍ അയാള്‍ കയ്യിലുള്ള ചാരായം നിറച്ച  ഭാരമുള്ള കന്നാസുമായി ഇറങ്ങി. ഹസ്തദാനം ചെയ്യാന്‍ വേണ്ടി നീട്ടിയ അയാളുടെ കയ്യിലെ ചുരുട്ടിപ്പിടിച്ച പച്ച നോട്ടുകള്‍ മോഹനന്റെ കയ്യിലേക്ക് വച്ച് കൊണ്ട് അയാള്‍ ഒന്ന് കണ്ണിറുക്കിക്കാണിച്ചു. പണമുണ്ടാക്കാന്‍ ആകസ്മികമായി വന്നുദിച്ച പുതിയ സംരംഭത്തിന്റെ ആദ്യപ്രതിഫലം. 

ശുക്ലാജി തിരിച്ചു വന്നു ജോലിയില്‍ പ്രവേശിച്ചതൊന്നും പിന്നെ മോഹനനെ വല്ലാതെ ബാധിച്ചില്ല. ട്രിപ്പുകള്‍ അടിക്കുന്നതിനിടെ വണ്ടിയില്‍ ചാരായക്കന്നാസുകള്‍ കടത്തി കിട്ടുന്ന പ്രതിഫലം അധിക സമയം ജോലി ചെയ്തു കിട്ടുന്നതിനേക്കാള്‍ എത്രയോ മടങ്ങായിരുന്നു.

വാസുദേവന്റെ എന്‍ജിനീയറിംഗ് പഠനം തടസ്സങ്ങള്‍ ഒന്നും കൂടാതെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ കടന്നു പോയി. ഒടുവില്‍ ആ ദിവസവും വന്നെത്തി. വാസുദേവന്‍ ഒരു എഞ്ചിനീയര്‍ ആയെന്നുള്ള വാര്‍ത്ത മോഹനനെ തേടി എത്തുന്ന ആ സുദിനം. ആ അച്ഛന്റെ മനസ്സ് ചിരകാല സ്വപ്ന സായൂജ്യത്തില്‍ ആറാടി.

"ചെറിയാച്ചാ.. കത്തിച്ചാല്‍ കത്തണ ഒരു കുപ്പി ചാരായം ഇന്ന് വൈകീട്ട് ഞാന്‍ വരുമ്പോള്‍ എനിക്ക് വേണ്ടി വച്ചേക്കണേ".. രാവിലെ ഒഴിഞ്ഞ കന്നാസുകള്‍ തിരികെ കൊടുക്കാനെത്തിയ മോഹനന്റെ വായില്‍ നിന്നും വീണ വാക്കുകള്‍ കേട്ട് ചെറിയാന്‍ ഒന്നമ്പരന്നു.

"ങേ.. കൊള്ളാലോ... അപ്പോള്‍ നീയും നന്നാവാന്‍ പോവാണോ?.."  ഫലിതം കലര്‍ന്നൊരു ചോദ്യം ചോദിച്ചു കൊണ്ട് അയാള്‍ മോഹനനെ നോക്കി പുഞ്ചിരിച്ചു.

മോഹനന്‍റെ ജീവിതത്തിലെ ഇരുണ്ട ഒരു അദ്ധ്യായത്തിന്‍റെ തുടക്കമായിരുന്നു അന്ന്. മകന്റെ വിജയത്തില്‍ സ്വയം മറന്ന അയാള്‍ ജീവിതത്തില്‍ ആദ്യമായി മദ്യം രുചിച്ചു. ലോകം വെട്ടിപ്പിടിച്ചു കാല്‍ച്ചുവട്ടിലാക്കിയ  പ്രതീതിയില്‍ അയാള്‍ സ്വയം മറന്നു.  പിന്നെ ഇടയ്ക്കിടെ അതൊരു ശീലമാക്കി മദ്യപാനികളുടെ ആഗോള പട്ടികയില്‍ തന്‍റെ പേരും താമസിയാതെ സ്വയം എഴുതിച്ചേര്‍ത്തു.

മകന്‍ വരിച്ച നേട്ടത്തില്‍ തന്‍റെ കഷ്ടപ്പാടിന്റെയും കണ്ണുനീരിന്റെയും കദനകഥകളെല്ലാം അയാള്‍ മറന്നു. രാവും പകലുമില്ലാത്ത കഠിനാദ്ധ്വാനം ശരീരത്തെ ഒട്ടൊന്നു ക്ഷീണിപ്പിച്ചെങ്കിലും അപകടം പതിയിരിക്കുന്ന വളവുകളിലൂടെ വര്‍ഷങ്ങളോളം കാലാവസ്ഥയെ അതിജീവിച്ചു വണ്ടിയോടിച്ച്  അവസാനം തന്‍റെ ജീവിതം ഇപ്പോള്‍ നേര്‍വഴിയിലേക്കു വരുന്നല്ലോ എന്ന ശുഭ ചിന്തയില്‍ അയാള്‍ക്ക്‌ സ്വാഭിമാനം തോന്നി.

"കല്‍ക്കരിക്കമ്പനിയിലെ മുതിര്‍ന്ന ഓഫീസര്‍മാരുമായി തന്‍റെ സേട്ടിന് ബന്ധമുണ്ട്. അവരോടു പറഞ്ഞ് എങ്ങനെയെങ്കിലും വാസൂട്ടന് ഒരു ജോലി അവിടെ തരപ്പെടുത്തണം. അവനൊന്നു ഇവിടെ ശരിക്കും പച്ച പിടിച്ചിട്ടു വേണം തനിക്കും ഭാര്യയോടൊത്ത് സമാധാനപരമായ ഒരു  കുടുംബ ജീവിതം നയിക്കാന്‍"

രാത്രി പതിനൊന്നു മണിക്ക് വാസുദേവന്‍ രേണുക്കൂട്ട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുമ്പോള്‍ മോഹനന്‍ തന്‍റെ പഴയ ട്രക്കുമായി സ്വീകരിക്കാന്‍ എത്തിയിരുന്നു. വനമദ്ധ്യത്തിലെ ഇരുള്‍ മൂടിയ വീതിയില്ലാത്ത വിജനപാതകളിലൂടെ താമസസ്ഥലം ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങുന്ന ട്രക്കിലിരുന്ന് അച്ഛനുമായി വീട്ടു വിശേഷങ്ങള്‍ പങ്കു വയ്ക്കുമ്പോള്‍ വാസുദേവന്റെ മുഖം ആകാംക്ഷാഭരിതമായിരുന്നു. 

കല്‍ക്കരിപ്പാടത്ത് കരിഞ്ഞുണങ്ങിയ മോഹനന്റെ ജീവിതത്തില്‍ പ്രതീക്ഷകളുടെ പുതുനാമ്പുകള്‍ പൊട്ടി മുളയ്ക്കാന്‍ വെമ്പി. അതിനുപോല്‍ഫലകമായി വാസുദേവന്‍ കമ്പനിയില്‍ അപ്രന്റിസ് ആയി നിയമിക്കപ്പെട്ടു. കമ്പനി ക്വാര്‍ട്ടര്‍സില്‍ മറ്റുള്ള അപ്രന്റീസ്മാരുടെ കൂട്ടത്തില്‍ താമസവും ഭക്ഷണവും എല്ലാം അനുവദിക്കപ്പെട്ടു. തന്‍റെ ദുര്‍വിധിയില്‍ അയാള്‍ ഇതേ വരെ ശപിച്ചിരുന്ന  സര്‍വ ദൈവങ്ങളെയും അപ്പോള്‍ അയാള്‍ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്തു.

വാസുദേവന്റെ കഴിവുകളില്‍ അവന്റെ മേലധികാരികള്‍ പൂര്‍ണ്ണ സംതൃപ്തരാണ് എന്ന വിവരം മോഹനനെ അഭിമാനത്തിന്റെ ഉത്തുംഗ ശൃംഗത്തില്‍ എത്തിച്ചു. ഒരു ദിവസം ഉച്ചനേരത്ത് കല്‍ക്കരി ആപ്പീസില്‍ ബില്‍ സമര്‍പ്പിക്കാന്‍ വേണ്ടി പോയപ്പോള്‍  വാസുദേവന്‍ ഒഫീസിനകത്ത് നില്‍ക്കുന്നത് കണ്ടു.

സ്നേഹാഭിമാനപുരസരം ജനലിനു പുറത്തു നിന്ന് "മോനേ വാസൂട്ടാ..." എന്ന് വിളിച്ചപ്പോള്‍ ആപ്പീസിനകത്തുണ്ടായിരുന്നവര്‍ അയാളെ പരിഹസിച്ചു ചിരിച്ചു. അതിനകം സഹപ്രവര്‍ത്തകരുടെ ഇടയില്‍ ഒരു ബഹുമാനപാത്രമായിക്കഴിഞ്ഞിരുന്ന വാസുദേവന്‍റെ അപക്വമായ മനസ്സില്‍ ആ വിളിയും വിളിയുടെ ഉറവിടവും അഭിമാനക്ഷതമേല്‍പ്പിച്ചു.

"വാസുദേവന്‍.. ഹൂ ഈസ്‌ ദിസ്‌ കണ്ട്രി മാന്‍.. കോളിംഗ് യു ആസ് വാസൂട്ടാ.. ?" അടുത്തു നിന്ന ആരതി ഗുപ്ത ചോദിച്ചപ്പോള്‍ അവന്‍ അക്ഷരാര്‍ത്ഥത്തില്‍ ചൂളിപ്പോയി.  പുറത്തു ചിരിച്ചു കൊണ്ട് കരി പുരണ്ട വസ്ത്രവുമുടുത്തു നില്‍ക്കുന്ന ആ മനുഷ്യന്‍ തന്‍റെ അച്ഛന്‍ ആണെന്ന് പറയാനുള്ള വൈക്ലഭ്യം അവനെ ധര്‍മ്മസങ്കടത്തിലാക്കി. ഒന്നും പറയാതെ വാസുദേവന്‍ ഈര്‍ഷ്യയോടെ മറ്റൊരു മുറിയിലേക്ക് പോയി.

താന്‍ ചെയ്തത് ഒരപരാധമോ എന്ന ആശയക്കുഴപ്പത്തില്‍ വിഷണ്ണനായി നിന്ന മോഹനന്റെ മൊബൈല്‍ ശബ്ദിച്ചു. മകനായിരിക്കും എന്ന പ്രതീക്ഷയില്‍ തിടുക്കത്തില്‍ ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ ജയലക്ഷ്മി.

ഭാര്യയുടെ മനസ്സ് വേദനിപ്പിക്കണ്ട എന്ന് കരുതി, അയാള്‍ ഈ വിവരങ്ങള്‍ മറച്ചു വച്ച് അവനെക്കുറിച്ചു അഭിമാന പുരസരം അവരോടു സംസാരിച്ചു.

വാസുദേവന്റെ പ്രകടനത്തില്‍ സംതൃപ്തരായ അധികാരികള്‍ അവനു കാറും നല്ല താമസ സ്ഥലവുമെല്ലാം നല്‍കി ജോലി സ്ഥിരപ്പെടുത്തി. സഹപ്രവര്‍ത്തകയും ഉത്തര്‍പ്രദേശുകാരിയുമായ ആരതി ഗുപ്തയുമായി ഇതിനിടയില്‍ അവന്‍ പ്രണയത്തിലായിരുന്നു. 

സമയം ഏകദേശം രാത്രി ഒമ്പത് കഴിഞ്ഞ നേരത്ത് ഖനിയില്‍ നിന്നുമുള്ള ആ ദിവസത്തെ അവസാന ലോഡുമായി ഒരു കയറ്റം കയറി വരികയായിരുന്നു മോഹനന്‍.  റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനരികില്‍ നിന്നും ഒരു പെണ്‍കുട്ടി കൈ കാണിച്ചു. മോഹനന്‍ വണ്ടി നിര്‍ത്തി ഇറങ്ങി കാര്യം തിരക്കിയപ്പോള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കണം എന്ന് ആ പെണ്‍കുട്ടി അപേക്ഷിച്ചു. കാറിന്റെ ബോണറ്റ് തുറന്നു എന്താണ് പ്രശ്നം എന്ന് പരിശോധിക്കവേ ആ പെണ്‍കുട്ടി മോഹനന്റെ മുഖം ശ്രദ്ധിച്ച് എന്തോ ഓര്‍ത്തെടുത്ത പോലെ ഹിന്ദിയില്‍ അയാളോട് സംസാരിച്ചു.   

"നിങ്ങളല്ലേ അന്നൊരു ദിവസം ഞങ്ങളുടെ ഓഫീസിന്റെ ജനലിലൂടെ വാസുദേവനെ വിളിച്ചയാള്‍?"

"ജീ മേം സാബ്.. അവിടെയാണോ മേം സാബ് ജോലി ചെയ്യുന്നേ? വാസുദേവന്‍ എന്റെ മകനാണ്"

"ജീ ഹാം.. ഓ മൈ ഗോഡ് !.. റിയലി??.. വണ്ടര്‍ഫുള്‍.. ഹ ഹ ഹ.."   

കാര്‍ സ്റ്റാര്‍ട്ട് ചെയ്തു കൊടുത്തതിനു പ്രതിഫലമായി അവള്‍ നീട്ടിയ നോട്ടുകള്‍ സ്നേഹപൂര്‍വ്വം തിരസ്ക്കരിച്ച് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പോകുന്ന വഴി പതിവ് പോലെ രേണുക്കൂട്ട് ജങ്ക്ഷനിലെ ചെറിയാന്റെ വാറ്റ് കേന്ദ്രത്തില്‍ നിന്നും ചാരായം നിറച്ച കന്നാസുകള്‍ കയറ്റാനും പതിവ് ശീലമായ രണ്ടു ഗ്ലാസ് പട്ടച്ചാരായം അകത്താക്കാനുമായി അവിടേക്ക് എത്തി ചാരായ ഗ്ലാസ് ചുണ്ടോടു അടുപ്പിക്കുന്ന സമയത്ത് വാസുദേവന്‍റെ ഫോണ്‍.

"അച്ഛന്‍ ആ ആരതിയെ കണ്ടു അല്ലേ?"

"ഒരു പെണ്‍കുട്ടിയുടെ കാര്‍ സ്റ്റാര്‍ട്ട് ആക്കി കൊടുത്തിരുന്നു കുറച്ചു മുമ്പേ.. അവരുടെ പേര് ഞാന്‍ ചോദിച്ചില്ല.. നിന്റെ ഓഫീസില്‍ ജോലി ചെയ്യുന്നതാണെന്ന്  പറഞ്ഞു."

"അവളുടെ കാര്‍ നന്നാക്കിക്കൊടുക്കാന്‍ അച്ഛന്‍ ആരാ വല്ല മെക്കാനിക്കും ആണോ? അല്ലാ പിന്നെ... എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ അവളോട്‌ പറയാന്‍ പോയേ? ഛെ മോശമായിപ്പോയി... ഞാന്‍ ഇനി എങ്ങനെ ഒഫീസിലുള്ളവരുടെ മുഖത്തു നോക്കും? ആകെ നാണക്കേടായല്ലോ... അച്ഛന് മതിയാക്കാറായില്ലേ ഈ നശിച്ച വണ്ടിപ്പണി?  ദയവായി അച്ഛന്‍ ഇനി എന്റെ ജിവിതം തുലയ്ക്കാനായിട്ടു ആ പരിസരത്തേക്കെ വന്നേക്കരുത്.. മനുഷ്യന്‍ ഒന്ന് മാനം മര്യാദയ്ക്ക് ഇവിടെ കഴിഞ്ഞോട്ടെ.."

"മോനേ ഞാന്‍ ഒരനാവശ്യവും ആ കുട്ടിയോട് പറഞ്ഞിട്ടില്ല.. നീ എന്റെ മകന്‍ ആണെന്ന് മാത്രമേ പറഞ്ഞുള്ളൂ.. അല്ലാതെ.. നീ ഉദ്ദേശിക്കുന്നത് പോലെ ഒരു അസഭ്യവും ഞാന്‍ പറഞ്ഞിട്ടില്ല്യ കുട്ട്യേ... എന്തിനാ വിഷമിക്കണേ?"

"മതിയല്ലോ... ഇനി വേറെ എന്ത് പറയണം?... ഛെ.. എല്ലാം നശിപ്പിച്ചിട്ടു... കഷ്ടം.. എന്റെ കഷ്ടകാലം...  മൈ ഫേറ്റ്......"

വാസുദേവന്‍ ഫോണ്‍ വച്ചിട്ടും മോഹനന്‍ മൊബൈല്‍ ചെവിയില്‍ തന്നെ അമര്‍ത്തിപ്പിടിച്ചു കൊണ്ട്  സ്തബ്ദനായി ഇരുന്നു. തന്‍റെ മകന്‍റെ വാക്കുകളില്‍ താന്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ സ്വപ്നക്കൊട്ടാരത്തിന്‍റെ താഴികക്കുടങ്ങള്‍ തകര്‍ന്നു വീണുടയുന്നതിന്റെ പ്രതിദ്ധ്വനി അയാള്‍ ശ്രദ്ധിച്ചിരുന്നു.

"എന്താ ഇന്ന് വലിയ സന്തോഷത്തിലാണെന്നു തോന്നുന്നൂ.. രണ്ടു ഗ്ലാസ് അധികം വീശിയല്ലോ?!.. മകന് വീണ്ടും പ്രൊമോഷന്‍ കിട്ടിക്കാണുമ ല്ലേ?.. മിടുക്കനാണവന്‍.  തന്‍റെ ഒരു ഭാഗ്യം.. എനിക്കുണ്ടൊരു മോന്‍.. താന്തോന്നി.... എത്ര പറഞ്ഞാലും വീട് വിട്ടു പുറത്തേക്കു പോകത്തേയില്ല.. എപ്പോഴും കൃഷി, കുന്തം, കൊടചക്രം ഒക്കെയായി അവിടെത്തന്നെ പെറ്റുകിടക്കും..  എന്നാ ഇവിടേയ്ക്ക് വന്നു എന്നെ ഒന്നു സഹായിക്കാന്‍ പറഞ്ഞാല്‍ കേക്കത്തുമില്ല അസത്ത്..  നല്ല പുള്ളാര് ഉണ്ടാവണമെങ്കിലേ.. മുജ്ജന്മ സുകൃതം വേണം.. താനൊക്കെ സുകൃതം ചെയ്തവനാടോ...."

ചെറിയാന്‍ പറയുന്നതിനു യുക്തമായ ഒരു മറുപടി നല്‍കാന്‍ മോഹനന്‍ അപ്പോള്‍ അശക്തനായിരുന്നു.

ചെറിയാന്റെ സഹായിയായ പയ്യന്‍ ചാരായക്കന്നാസുകള്‍ ട്രക്കിന്റെ അടിഭാഗത്തു ഗോപ്യമായി നിര്‍മ്മിച്ചിട്ടുള്ള അറകളില്‍ കയറ്റി വച്ച് അത് പൂട്ടി താക്കോല്‍ മോഹനനെ ഏല്‍പ്പിച്ചു. പതിവിനു വിരുദ്ധമായി വണ്ടി സ്റ്റാര്‍ട്ട് ചെയ്യാനായി താക്കോല്‍ അതിന്റെ ദ്വാരത്തില്‍ ഇടാന്‍ മോഹനന് കേബിനിലെ ലൈറ്റ് തെളിയിക്കേണ്ടി വന്നു. കണ്ണുകള്‍ക്ക്‌ എന്തോ ഒരു മങ്ങല്‍? മനസ്സും ആകെ അസ്വസ്ഥം.

ലക്ഷ്യത്തിലെത്താന്‍ ഇനിയും അപകടം പിടിച്ച വളവുകള്‍ ഏറെ തരണം ചെയ്യേണ്ടതുണ്ട്. ഇരുവശത്തും അഗാധമായ കൊക്കകള്‍ ഉള്ള ആ റോഡിലൂടെ വാഹനമോടിക്കുക വളരെ ആയാസകരമായ സംഗതിയാണ്. എന്നാല്‍ വര്‍ഷങ്ങളായി അതിലൂടെ സുരക്ഷിതമായി കടന്നു പോയിക്കൊണ്ടിരിക്കുന്ന മോഹനനും വണ്ടിക്കും പാതയുയര്‍ത്തുന്ന വെല്ലുവിളികള്‍ ഒന്നുമല്ലായിരുന്നു. മോഹനന്‍റെ മനസ്സ് അത് വരെയും മേയാതിരുന്ന 'കല്‍ക്കരിപ്പാടങ്ങളില്‍' പര്യവേഷണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ വണ്ടി യാന്ത്രികമായി വളവുകളെല്ലാം അനായാസേന മറികടന്നു കൊണ്ട് ആ നേരിയ പാതയിലൂടെ നീങ്ങിക്കൊണ്ടിരുന്നു. 

"തിരിച്ചു പോണം.. പെട്ടെന്ന് തന്നെ.. അടുത്ത മാസം ദീപാവലി ബോണസ് വാങ്ങിയതിനു ശേഷം എല്ലാം അവസാനിപ്പിച്ചു പോകാന്‍ ഇരുന്നതാ.. വേണ്ടാ ഇനി കാത്തിരിക്കാന്‍ വയ്യാ.. മകന് വേണ്ടി ജീവിതം കല്‍ക്കരിപ്പാടങ്ങളില്‍ ഹോമിച്ച  താന്‍ ഒരു വിഡ്ഢിയാവുകയാണോ?.. എല്ലാ മോഹങ്ങളും ഒരു നിമിഷം കൊണ്ട് അവന്‍ അട്ടിമറിച്ചില്ലേ.. അവന്‍റെ പണമോ പ്രശസ്തിയോ ഒന്നും തനിക്കു വേണ്ട; പക്ഷെ അവന്റെ അച്ഛനാണ് താന്‍ എന്ന് പറഞ്ഞഭിമാനിക്കാന്‍ വരെ യോഗ്യത തനിക്കു നിഷേധിക്കപ്പെട്ടുവല്ലോ.."

മോഹനന്റെ കണ്ണുകളില്‍ നിന്നും വര്‍ഷങ്ങള്‍ക്കു ശേഷം മരുഭൂമിയിലെ മഴ പോലെ കണ്ണുനീര്‍ ഒഴുകി വീണു കൊണ്ടിരുന്നു. ചിന്തകള്‍ വീണ്ടും ജീവിതയാത്രയിലെ ചുരങ്ങളും  വളവുകളും കയറിക്കൊണ്ടിരുന്നു.

"ഇരുപത്തിയാറു വര്‍ഷമായി താനിവിടെ ഈ അപകടം പിടിച്ച കാട്ടുപ്രദേശത്തു ഏകനായി ജീവിതം തള്ളി നീക്കുന്നു. വിവാഹം കഴിഞ്ഞിട്ടു ഈ വരുന്ന  മാസത്തേക്ക് ഇരുപത്തി നാല് വര്‍ഷം  തികയുന്നു. അതിനിടയില്‍ പത്തോ പതിനഞ്ചോ പ്രാവശ്യം മാത്രം രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് വേണ്ടി താന്‍ നാട്ടില്‍ പോയിട്ടുണ്ടാവും. അതായത് എല്ലാം കൂടി കേവലം മൂന്നു മൂന്നര കൊല്ലത്തില്‍ ഒതുങ്ങിയ ദാമ്പത്യ ജീവിതം. പാവം ജയ. അവളുടെ ജീവിതവും തന്‍റെ പ്രാരാബ്ദങ്ങളില്‍ പെട്ട് നശിച്ചു പോയി. അവളുടെ ശക്തമായ പിന്‍തുണയും സ്നേഹവും ഒന്നുമാത്രമാണ് തന്നെ ഇതുവരെയും ഈ കല്‍ക്കരിപ്പാടത്തു തളച്ചിട്ടിരുന്നത്. വാസൂട്ടനെ പഠിപ്പിച്ചു ഒരു എന്‍ജിനീയര്‍ ആക്കണം. എന്നിട്ട് എല്ലാവരുടെയും മുന്നില്‍ തലയുയര്‍ത്തി നെഞ്ചു വിരിച്ചു നടക്കണം. അവന്റെ കുഞ്ഞുങ്ങളെ താലോലിക്കണം.. എന്തെല്ലാം മോഹങ്ങള്‍ ആയിരുന്നു. ശരിക്കും ചിന്തിച്ചാല്‍ അതെല്ലാം തങ്ങളുടെ സ്വാര്‍ത്ഥ മോഹങ്ങള്‍ ആയിരുന്നില്ലേ?.. അതെ, തങ്ങളുടെ ജീവിതത്തില്‍ നേടിയെടുക്കാനാവാത്തത് മക്കളിലൂടെ നേടിയെടുത്തു തന്‍റെ ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള ഒരുപാധിയായി വാസൂട്ടനെ ഉപയോഗിച്ചു. അത് തങ്ങളുടെ തന്നെ തെറ്റാണ്. അവനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം? ഇത് തന്നെയല്ലേ ഭൂരിഭാഗം മാതാപിതാക്കളും ചെയ്യുന്ന തെറ്റ്?.."

പുത്രസ്നേഹവാത്സല്ല്യാതിരേകം കൊണ്ട് മകനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അപ്പോഴും ആ പിതൃഹൃദയത്തിന് സാധിച്ചിരുന്നില്ല.

"മക്കളെ ജനിപ്പിച്ചത് കൊണ്ട് മാത്രം ആരും അച്ഛനമ്മമാരാവുന്നില്ല. അവരെ ലാളനങ്ങള്‍ നല്‍കി വളര്‍ത്തുകയും വേണം. ചിലവാക്കുന്ന പൈസയുടെ വില അറിഞ്ഞു അവര്‍ നമ്മെ സ്നേഹിച്ചു തുടങ്ങണമെങ്കില്‍ അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകളും അവര്‍ അറിയേണ്ടേ? എന്നാല്‍ അതവര്‍ അറിഞ്ഞു തുടങ്ങുന്ന കാലമാവുമ്പോഴേക്കും ബുദ്ധിവികാസം സംഭവിച്ച് മാതാപിതാക്കളുടെ സ്നേഹവാത്സല്ല്യങ്ങള്‍ അന്ന്യമായി അവര്‍ വളര്‍ന്നു കഴിഞ്ഞിരിക്കും. വെറും രക്ഷാകര്‍ത്താക്കള്‍ക്കുള്ള സ്ഥാനം ആയിരിക്കും അവരുടെ മനസ്സില്‍ മാതാപിതാക്കള്‍ക്ക് ഉണ്ടാവുക. അതിനു കുട്ടികളെ പഴിച്ചിട്ട് ഒരു കാര്യവുമില്ല."

മോഹനന്‍ വണ്ടിയിലിരുന്നു വെട്ടി വിയര്‍ത്തു. കണ്ണീരിന്റെയും വിയര്‍പ്പിന്റെയും കല്‍ക്കരിപ്പൊടിയുടെയും സമ്മിശ്ര ഗന്ധം ആ ഡ്രൈവിംഗ്  കാബിനില്‍ നിറഞ്ഞു.

"എന്നാലും എന്റെ ദൈവമേ.. എന്നോട് എന്തിനീ ക്രൂരത ചെയ്തു? കാര്യപ്രാപ്തിയായപ്പോള്‍ ഈ ഭൂമിയില്‍ ജന്മമെടുക്കാനും ഈ നിലയില്‍ എത്തിച്ചേരാനും കാരണഭൂതനായ സ്വന്തം പിതാവിനെ അവഗണിക്കാന്‍ അവനു എങ്ങനെ സാധിച്ചു? എന്റെ ചോര തുടിക്കുന്ന യൗവനം ദാമ്പത്യ സുഖങ്ങള്‍ ത്യജിച്ച് അവനു വേണ്ടി ബലിയര്‍പ്പിച്ചതിന്‍റെ കൂലി ആണോ ഭഗവാനേ ഇന്ന്  നീ എനിക്ക് തന്നിരിക്കുന്നത്? ഇത്രയും കാലം പണം ഉണ്ടാക്കണം എന്ന ഒരേയൊരു ചിന്തയുമായി ഭാര്യക്ക് ഭര്‍തൃപരിചരണങ്ങള്‍ നിഷേധിച്ചു കൊണ്ട് ദീര്‍ഘകാലം വിട്ടു നിന്ന തന്നോട് ഇനി അവളും ഇതേ പോലെ തന്നെ പെരുമാറിയാല്‍..... ഈശ്വരാ.. ഓര്‍ക്കാനേ വയ്യാ... എവിടെയൊക്കെയോ തനിക്കു പിഴവുകള്‍ സംഭവിച്ചിരിക്കുന്നു..."

ഇടയന്റെ മനസ്സറിയുന്ന ഒരു അനുസരണയുള്ള ആട്ടിന്‍കുട്ടി കണക്കെ മോഹനന്‍റെ മാനസീക സംഘട്ടനങ്ങള്‍ അറിഞ്ഞെന്ന ഭാവത്തില്‍ സുരക്ഷിതമായി ഓടിക്കൊണ്ടിരുന്ന  ട്രക്ക് ദുര്‍ഘടം പിടിച്ച പാതയുടെ അവസാനത്തേതും ഏറ്റവും ഉയര്‍ന്നതും ആപല്‍ക്കരവുമായ  ആ കൊടും വളവിനെ സമീപിക്കാന്‍ തുടങ്ങിയപ്പോള്‍ മോഹനന് ദേഹാസ്വാസ്ഥ്യം തുടങ്ങി.  കണ്ണുകള്‍ മങ്ങുന്ന പോലെ.. കൈകാലുകള്‍ തളരുന്നു.. നെഞ്ചു ശക്തമായി മിടിക്കുന്നു.. ശ്വാസതടസ്സം.. ബോധം മറയുന്നു..  തളര്‍ന്നു തൂങ്ങിയ കാല്‍ ആക്സിലറേറ്ററില്‍ അമര്‍ന്ന് ഇരുന്നു. കൈകള്‍ വളയത്തില്‍ നിന്നും തളര്‍ന്നുതിര്‍ന്നു വീണു. ഒരു ഭ്രാന്തമായ ആവേശത്തോടെ ആ പഴയ ഫര്‍ഗോ ട്രക്ക് വളവു തിരിയാന്‍ വിസ്സമ്മതിച്ച് റോഡിന്‍റെ കൈവരികള്‍ ഇടിച്ചു തകര്‍ത്ത് കൊണ്ട് ദൂരെ കല്‍ക്കരിപ്പാടങ്ങളില്‍ കണ്ണ് ചിമ്മി നില്‍ക്കുന്ന ആയിരക്കണക്കിന് ദീപങ്ങളെ സാക്ഷിയാക്കി അഗാധതയിലേക്ക് നിപതിച്ചു.

                            --------------------------------------------------------------------------------------------------

ഭാവി ജീവിതങ്ങള്‍ നേര്‍വഴിക്ക് കൊണ്ടു വരുന്നതിന് വേണ്ടി  കഷ്ടതകളും തീരാസഹനങ്ങളും അപകടങ്ങളും പതിയിരിക്കുന്ന അസംഖ്യം കൊടും വളവുകളില്‍ താന്താങ്ങളുടെ ജീവിതം തളച്ചിട്ട്‌ രക്തസാക്ഷിത്വം വരിക്കുന്ന കോടിക്കണക്കിന് വരുന്ന പ്രവാസികള്‍ക്കായി ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു.
കഥ ബാക്കി വച്ചത്..... 
  • അളവറ്റ ധനം ഉണ്ടാക്കിയത് കൊണ്ട് ജീവിതത്തില്‍ സമാധാനവും സന്തോഷവും കൈവരും എന്നത് കേവലം ഒരു മിഥ്യാ ധാരണയാകുന്നു.
  • മറ്റുള്ളവര്‍ക്ക് വേണ്ടി കഠിന പ്രയത്നം ചെയ്യുന്നതിനോടൊപ്പം സ്വന്തം ജീവിതവും ആസ്വദിച്ചു മുന്നേറുവാന്‍ വിസ്മരിക്കാതിരിക്കുക. ചിലപ്പോള്‍ അത് മാത്രമായിരിക്കും ജീവിതത്തിലെ ആകെയുള്ള ലാഭം.
  • ധന സമ്പാദനത്തിനു വേണ്ടി തിരഞ്ഞെടുക്കുന്ന അതേ തെറ്റായ മാര്‍ഗ്ഗങ്ങള്‍ തന്നെ ഒരു ഘട്ടത്തില്‍ ഒരിക്കലും മുക്തരാവാന്‍ പറ്റാത്ത വിധത്തിലുള്ള അപകടാവസ്ഥകളിലേക്ക് നമ്മളെ തള്ളിവിടും.  
  • മാതാപിതാക്കളും കുട്ടികളും ഒരെയിടത്തു സ്ഥിതി ചെയ്തു പരസ്പ്പരം സ്നേഹപരിലാളനങ്ങള്‍ അനുഭവിച്ചു കഴിയുന്നതിനെയാണ് യഥാര്‍ത്ഥത്തില്‍ കുടുംബം എന്ന സംഹിത കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഏകനായ ഒരു പ്രവാസിയുടെ ജീവിതം ഒരിക്കലും ഒരു കുടുംബ ജീവിതം ആകുന്നില്ല.
  • മാതാപിതാക്കള്‍ ശൈശവം മുതല്‍ കൌമാരം കഴിയുന്നത്‌ വരെ മക്കള്‍ക്ക്‌ നല്‍കുന്ന സ്നേഹവാത്സല്ല്യങ്ങള്‍ ആണ് അവരെ മാതാപിതാക്കളോട് ആഴത്തിലുള്ള സ്നേഹവും ബഹുമാനവും ഉള്ളവരായി മാറ്റുന്ന പ്രതിഭാസം. അവര്‍ക്ക് ജീവിത സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നത് കൊണ്ട് ഒരു രക്ഷാകര്‍ത്താവിന്റെ ഭാഗം മാത്രമാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്‌ എന്ന് മനസ്സിലാക്കുക.  
  • മക്കളെ നല്ല രീതിയില്‍ വളര്‍ത്തുക എന്നത് ഏതൊരു മാതാപിതാക്കളുടെയും കടമയാണ്. അത് അവരോടു ചെയ്യുന്ന സൗജന്യമല്ല. കച്ചവടക്കണ്ണുമായി ഒരിക്കലും മക്കളെ വളര്‍ത്താതിരിക്കുക.
  • ധന സമ്പാദനത്തിന് വേണ്ടി ദീര്‍ഘകാലം ഭര്‍ത്താവിനെ പിരിഞ്ഞിരിക്കേണ്ടി വരുന്ന ഭാര്യ യഥാര്‍ത്ഥത്തില്‍ വൈധവ്യം അനുഭവിക്കുന്നു. [തിരിച്ചും അതെ അവസ്ഥ]
  • അവരാല്‍ സ്നേഹിക്കപ്പെട്ടില്ലെങ്കിലും കൂടി ഈ ഭൂവില്‍ ജന്മം നല്‍കി വളര്‍ത്തി വലുതാക്കിയ സ്വന്തം മാതാപിതാക്കളെ അവര്‍ക്ക് സംരക്ഷണം ആവശ്യമുള്ള സമയത്ത് തള്ളിപ്പറയുന്ന മക്കള്‍ ഒരിക്കലും ധര്‍മ്മിഷ്ടരാവുന്നില്ല. 
  • കൊടും വളവുകളും തിരിവുകളും ഒക്കെ ജീവിതത്തില്‍ സര്‍വ സാധാരണമാണ്. അവയെ കുറുക്കുവഴികളിലൂടെയല്ലാതെ സംയമനത്തോടെ തരണം ചെയ്യുന്നവരാണ് യഥാര്‍ത്ഥ ജീവിത വിജയം നേടുന്നത്.
- ജോയ് ഗുരുവായൂര്‍

Tuesday, November 5, 2013

ബെല്ല ആന്‍റി

 
ഗോവയിലെ അഗോട സെന്‍ട്രല്‍ ജയിലിന്റെ പ്രധാന പ്രവേശന കവാടത്തിലെ വലിയ ഇരുമ്പ് വാതായനത്തില്‍ ഉള്ള ചെറിയ വാതില്‍ തുറന്ന ശബ്ദം ഉയര്‍ന്നു നിന്ന കൊത്തളങ്ങളില്‍ അലയടിച്ചപ്പോള്‍ അതില്‍ വിശ്രമിച്ചിരുന്ന അമ്പലപ്രാവുകള്‍ കൂട്ടത്തോടെ ആകാശത്തേക്ക് പറന്നുയര്‍ന്നു.

ഒരു ഊന്നുവടിയുടെ അഗ്രം അതിലൂടെ പുറത്തേക്കു നീണ്ടത് കണ്ടപ്പോള്‍ വണ്ടിയുമായി അക്ഷമരായി കാത്തു നിന്നിരുന്ന സ്റ്റീഫന്റെയും അനഘയുടെയും കണ്ണുകള്‍ ഉദ്യോഗഭരിതമായി വിടര്‍ന്നു.

ആയാസപ്പെട്ട്‌ പുറത്തേക്ക് വന്ന ബെല്ല ആന്റി ഊന്നുവടിയില്‍ ഊന്നി നിന്ന് തന്‍റെ മൂക്കിന്റെ അഗ്രഭാഗത്ത്‌ വിശ്രമിച്ചിരുന്ന വട്ടക്കണ്ണടയുടെ വിടവിലൂടെ പരിസരം സൂക്ഷ്മമായി ഒന്ന് വീക്ഷിച്ചു.

"ഹായ് ബെല്ലാ ആന്റി... " അനഘ ഓടിവന്നു അവരെ ആശ്ലേഷിച്ചു. പിറകെ വന്ന സ്റ്റീഫന്‍ അവരുടെ കവിളുകളില്‍ ചുംബിച്ചു കൊണ്ട് വൃദ്ധയുടെ കയ്യിലുണ്ടായിരുന്ന പഴകിയ തുണിസഞ്ചി വാങ്ങി കയ്യില്‍ പിടിച്ചു വിറയ്ക്കുന്ന കരം ഗ്രഹിച്ചു കാറിലേക്ക് ആനയിച്ചു.

കാറിലേക്ക് കയറും മുമ്പ് ബെല്ല ആന്റി ഒന്ന് ബദ്ധപ്പെട്ടു തിരിഞ്ഞു നിന്ന് ഒരു നെടുവീര്‍പ്പോടെ ജയിലിനെ ഒന്ന് വീക്ഷിച്ചു - നീണ്ട പന്ത്രണ്ടു കൊല്ലം തന്‍റെ ജീവിക്കാനുള്ള അവകാശത്തെ തടവറയിലിട്ട ഭീമന്‍ നാലുകെട്ട്.

****************************************************
Isabella, Isabella
I heard you crying through the walls
What's the matter, What's the matter
All the neighbors can hear it down the halls
And I didn't wanna be the first to say
Everyone around here thinks you're crazy
And I didn't wanna be the first to say you shouldn't stay
Isabella, run away
Don't you be afraid
It's never too late
You're a sleeping tiger come awake
Isabella, run away

കോളേജിലെ യുവതുര്‍ക്കിയായിരുന്ന മങ്കേഷ് ഗാവോക്കര്‍ നായകനായ വിദ്യാര്‍ഥി സംഘം, പടി കടന്നു കാമ്പസ്സിലേക്ക് പ്രവേശിക്കുന്ന ഇസബെല്ലയെ നോക്കി പ്രശസ്ത ഇംഗ്ലീഷ് കവിത ഈണത്തില്‍ പാടി.

"ഹേ ഗയ്സ്.. ഡോണ്ട് യു ഹാവ് എനി അദര്‍ തിങ്ങ്സ്‌ റ്റു ടു?.. ഐ വില്‍ റിപ്പോര്‍ട്ട് ദിസ്‌ ടു പ്രിന്‍സി.. ഹും" ഈര്‍ഷ്യയോടെ അവള്‍ നടന്നു നീങ്ങുമ്പോള്‍ പിറകില്‍ നിന്നും കൂട്ടച്ചിരി ഉയരും.

ഇസബെല്ലയുടെ ഡാഡി ഒരു തികഞ്ഞ മദ്യപാനിയായിയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് അവളുടെ മമ്മി മരിച്ചതില്‍ പിന്നെ അദ്ദേഹം വേറെ വിവാഹമൊന്നും കഴിച്ചിരുന്നില്ല. ഇസബെല്ലയെ പൊന്നു പോലെ നോക്കുമെങ്കിലും രാത്രിയായാല്‍ മദ്യലഹരിയില്‍ ആയിരിക്കും. അവര്‍ക്ക് അടുത്ത ബന്ധുക്കളായി അധികമാരും ഉണ്ടായിരുന്നില്ല.

മറാത്തി വംശജനായ മങ്കേഷിനോടുള്ള അവളുടെ നീരസം അനുരാഗമായി മാറാന്‍ കാലം അനുകൂല സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയായിരുന്നു. കടുത്ത വര്‍ഗ്ഗീയ വാദികളായ മങ്കേഷിന്റെ വീട്ടുകാര്‍ ഇസബെല്ലയെ സ്വന്തമാക്കി ജീവിതസഖിയാക്കുന്നതിനു അവനു കടുത്ത ഭീഷണിയുയര്‍ത്തി. അവരുടെ ബിരുദ പഠനം തീരുന്ന സമയത്തായിരുന്നു ബെല്ലയുടെ ഡാഡിയുടെ മരണം അവളെ അനാഥയാക്കിയത്. കരഞ്ഞു കൊണ്ടിരുന്ന ഇസബെല്ലയോടു വികാരാധീനനായി മങ്കേഷ് പറഞ്ഞു.

"ബെല്ലാ.. ഐ കാന്‍ നോട് ലിവ് മൈ ലൈഫ് വിത്തൌട്ട് യു ഡാര്‍ലിംഗ്.. അറ്റ്‌ എനി കോസ്റ്റ് ഐ വില്‍ മെയ്‌ക്ക് യു മൈന്‍"

പനാജിയില്‍ നിന്നും ഒളിച്ചോടി വാസ്ക്കൊയിലെ ഒരു കടല്‍ത്തീര ഗ്രാമത്തിലെ വാടകയ്ക്കെടുത്ത ചെറിയ വില്ലയില്‍ താമസമാക്കുമ്പോള്‍ മങ്കേഷിനു ഇന്ത്യന്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന വിവാഹപ്രായം തികയാന്‍ ആറുമാസം കൂടി ശേഷിക്കുന്നുണ്ടായിരുന്നു.

അന്നൊരു ഈസ്റ്റര്‍ രാത്രിയായിരുന്നു. വീടിന്റെ മുന്നിലെ പോക്കറ്റ് റോഡിലൂടെ സെയിന്റ് ആന്‍ണ്ട്രൂസ് ചര്‍ച്ചിലേക്ക് പാതിരാ കുര്‍ബ്ബാനയില്‍ പങ്കെടുക്കാനായി തല മൂടിക്കൊണ്ട് സ്ത്രീകളും കൂടെ അവരുടെ പുരുഷന്മാരും കുട്ടികളും ഒക്കെ സൊറ പറഞ്ഞു പോകുന്നതു ഇസബെല്ലയ്ക്ക് കാണാമായിരുന്നു. 

"ഡാര്‍ലിംഗ്.. വില്‍ യു ഒബ്ജക്റ്റ് ഇഫ്‌ ഐ വിഷ് ടു അറ്റന്‍ഡ് മിഡ് നൈറ്റ്‌ മാസ് അറ്റ്‌ സെയിന്റ് ആന്‍ണ്ട്രൂസ്?" ഈസ്റ്റര്‍ പ്രമാണിച്ച് പിറ്റേ ദിവസം രാവിലെ വീട്ടിലേക്കു എത്താമെന്ന് പറഞ്ഞ കൂട്ടുകാര്‍ക്ക് വിളമ്പാനായി സ്പെഷല്‍ വിഭവം പോര്‍ക്ക്‌ തയ്യാറാക്കുന്നതില്‍   വ്യാപൃതനായിരുന്ന മങ്കേഷിനോട് കൊഞ്ചിക്കൊണ്ട് അവള്‍ ചോദിച്ചു.

"നോ മൈ ഡിയര്‍.. യു കാന്‍.. ബട്ട്‌ പ്ലീസ് സ്പെയര്‍ മി നവ്... ലെറ്റ്‌ മി ഫിനിഷ് ദീസ് പ്രിപ്പറേഷന്‍സ്" കിച്ചന്‍ സ്ലാബില്‍ ഇരുന്ന ബീയര്‍ കുപ്പിയിലെ ശേഷിച്ച ദ്രാവകവും അകത്താക്കിക്കൊണ്ട് സന്തോഷത്തോടെ അവന്‍ പറഞ്ഞു.

ആ സ്നേഹവായ്പ്പില്‍ അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വെള്ളവസ്ത്രങ്ങള്‍ അണിഞ്ഞ ഒരു മാലാഖയെ പോലെ പടിയിറങ്ങിയ  ഇസബെല്ലയെ പാതിരാ കുര്‍ബാന കഴിഞ്ഞു വരുമ്പോള്‍ എതിരേറ്റത് ശിരസ്സറ്റ് ചോര വാര്‍ന്നു കിടക്കുന്ന തന്‍റെ പ്രിയതമന്റെ നിര്‍ജീവ ശരീരവും ചോര കുടിച്ചു ഉന്മത്തമായി മയങ്ങിക്കിടന്ന വടിവാളുകളും ആയിരുന്നു.

*****************************************
"കോയി മില്‍നേ ആയെ.."
കാണാന്‍ ആരോ വന്നിരിക്കുന്നു എന്ന് സെല്ലിന്‍റെ മുന്നില്‍ വന്നു പോലീസുകാരി പറഞ്ഞത് കേട്ട് ഒരു മൂലയ്ക്ക് കൂനിക്കൂടിയിരുന്നു അരണ്ട വെളിച്ചത്തില്‍ ആയാസപ്പെട്ട്‌ വായിച്ചിരുന്ന ബൈബിള്‍ മടക്കി വച്ച് ബെല്ല ആന്‍റി വടിയും കുത്തി എഴുന്നേറ്റു സന്ദര്‍ശകരെ കാണുന്ന സ്ഥലത്തേക്ക് ഇടനാഴിയിലൂടെ കൂനിക്കൂനി നീങ്ങി.

കമ്പി വലയ്ക്കപ്പുറത്തു തന്നെയും പ്രതീക്ഷിച്ചു  നില്‍ക്കുന്ന സ്റ്റീഫനെയും അനഘയെയും അവര്‍ അകലെ നിന്നേ കണ്ടു. ഈ ഭൂമിയില്‍ തനിക്കു ആകെയുള്ള ബന്ധുക്കളായി കരുതുന്ന തന്‍റെ പ്രിയ മക്കള്‍. മങ്കേഷുമായി വീട്ടില്‍ നിന്നും ഒളിച്ചോടിയ ദിവസം മുതല്‍ ബന്ധുക്കളുമായുള്ള തന്‍റെ രക്തബന്ധങ്ങളെല്ലാം അവര്‍ തന്നെ അറുത്തു മാറ്റുകയായിരുന്നല്ലോ. നാളിന്നേ വരെ താന്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാന്‍ വരെ ആരും തുനിഞ്ഞില്ല. മനുഷ്യര്‍ തമ്മിലുള്ള സ്നേഹബന്ധങ്ങള്‍ക്കും രക്തബന്ധങ്ങള്‍ക്കും ഉപരിയായി ജാതിമത ചിന്തകള്‍ ഇക്കാലത്ത് സിംഹഭാഗം മനുഷ്യമനസ്സുകളെയും വൈറസ് പോലെ ബാധിച്ചിരിക്കുന്നു.

"ഹായ് ആന്‍റി.... "
161 എന്ന് ആലേഖനം ചെയ്ത വെള്ളയില്‍ നീല വരയുള്ള ജയില്‍ വസ്ത്രം ധരിച്ചു കൊണ്ട് തല കുമ്പിട്ടു ചിന്താമഗ്നയായി ഇടനാഴിയിലൂടെ നടന്നു വന്നിരുന്ന ബെല്ല ആന്‍റി സ്റ്റീഫനും അനഘയും വിളിച്ചത് കേട്ട് ഒരു മന്ദസ്മിതത്തോടെ തലയുയര്‍ത്തി അവരെ നോക്കി.   

"കുട്ടികളേ.. ശിക്ഷ തീരാന്‍ ഇനി ഒന്നര കൊല്ലം കൂടി ഉണ്ട്. അത് വരെ ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് പറയാനൊക്കില്ല. അതിനാല്‍ നിങ്ങള്‍ അടുത്ത പ്രാവശ്യം വരുമ്പോള്‍ നമ്മുടെ ഡിക്കോസ്റ്റ  വക്കീലിനെയും കൂട്ടി വരണം. വില്‍പത്രം ഉണ്ടാക്കിക്കണം. എന്‍റെ വീടിന്‍റെയും പുരയിടത്തിന്റെയും അവകാശികള്‍ ഇനി നിങ്ങളാണ്. പക്ഷെ എനിക്ക് നിങ്ങളോട് ഒരേയൊരു അപേക്ഷയേ ഉള്ളൂ. എന്‍റെ കാലശേഷം ആ വീടും പുരയിടവും നിങ്ങള്‍ വിറ്റു ആ പൈസ കൊണ്ട് മറ്റെവിടെയെങ്കിലും വീട് വാങ്ങി താമസം മാറ്റണം. അഞ്ചു കൊലപാതകങ്ങള്‍ നടന്ന വീട് ആണ് അത്. 

സംവദിക്കാന്‍ അനുവദിച്ച സമയത്തിന്‍റെ ഭൂരിഭാഗവും ഈ കാര്യങ്ങള്‍ പറയാനാണ് അവര്‍ വിനിയോഗിച്ചത്. സമയം കഴിഞ്ഞെന്നുള്ള അറിയിപ്പുമായി വന്ന വനിതാപോലീസുകാരിയുടെ കൂടെ അകത്തേക്ക് പോകുന്ന അവരുടെ രൂപം ഇടനാഴി അവസാനിച്ചെന്നു തോന്നിക്കുന്ന ഇരുളില്‍ ലയിച്ചു കാഴ്ചയില്‍ നിന്നും മറയുന്നത് വരെ അവര്‍ നോക്കി നിന്നു.

തിരിച്ചുള്ള യാത്രയില്‍ ബസ്സില്‍ അടുത്തടുത്തുള്ള സീറ്റുകളില്‍ ഇരുന്ന സ്റ്റീഫനും അനഘയും ഒന്നും മിണ്ടാതെ ആ കറുത്ത ദിനത്തിന്‍റെ ഓര്‍മ്മകളിലേക്ക് ഊളയിട്ടു.
 
അന്നു മങ്കേഷ് അങ്കിളിന്‍റെ ചരമ വാര്‍ഷികം ആയിരുന്നു. പേയിംഗ് ഗസ്റ്റ് ആയി തങ്ങള്‍ ബെല്ല ആന്റിയുടെ വീട്ടില്‍ താമസമാക്കിയതിനു ശേഷം വന്ന ആദ്യ ഈസ്റ്റര്‍ രാത്രി.

എന്നും എപ്പോഴും ചുറുചുറുക്കോടെ കാണപ്പെടാറുള്ള ബെല്ല ആന്‍റി മ്ലാനവദനയായി ഉമ്മറത്തിണ്ണയിലെ തൂണില്‍ ചാരിയിരുന്നു തന്‍റെ പ്രിയതമന്റെ ഓര്‍മ്മകളില്‍ മുഴുകി. പതിവില്ലാതെ വന്ന വല്ല വലിയ കാറ്റില്‍ വൈദ്യതി പോയപ്പോള്‍ പൂമുഖത്ത് മുനിഞ്ഞു കത്തിയിരുന്ന ബള്‍ബും അണഞ്ഞു. നിലാവിന്‍റെ പശ്ച്ചാത്തലത്തില്‍ ഒരു ഇരുള്‍ പ്രതിമ പോലിരിക്കുന്ന ആന്റിയെ ലിവിംഗ് റൂമില്‍ ഇരുന്നിരുന്ന തങ്ങള്‍ക്കു അസ്പഷ്ടമായി കാണാമായിരുന്നു.

സെയിന്‍റ് ആണ്ട്രൂസ് ചര്‍ച്ചിലേക്കു പാതിരാകുര്‍ബ്ബാന കൂടാന്‍ ആളുകള്‍ ഒഴുകിക്കൊണ്ടിരുന്നു. പണ്ടത്തെ ദുരന്തത്തിനു ശേഷം ഒരിക്കലും ഈസ്റ്റര്‍ കുര്‍ബ്ബാന കാണാന്‍ ബെല്ല ആന്‍റി പോയിരുന്നില്ല. 

പെട്ടെന്ന് പടിക്കല്‍ വന്നു നിന്ന വണ്ടിയില്‍ നിന്നും നാലഞ്ചു പുരുഷന്മാര്‍ ചാടിയിറങ്ങി വീടിനകത്തേക്ക് കുതിച്ചു കയറി. തങ്ങളെ വക വരുത്താനായി വീട്ടുകാര്‍ പറഞ്ഞയച്ച ഗുണ്ടകളായിരുന്നു അവര്‍. ആക്രോശങ്ങള്‍ കൊണ്ടും  കരച്ചില്‍ കൊണ്ടും മുഖരിതമായ ആ നിമിഷങ്ങള്‍. തങ്ങളെ കടന്നു പിടിച്ചു വാളിനിരയാക്കാനായിരുന്നു  അവരുടെ നീക്കം.

പെട്ടെന്നാണ് അത് സംഭവിച്ചത്. അപ്രതീക്ഷിതമായി പുറകില്‍ നിന്നും വന്ന ഒരു വാള്‍ത്തിളക്കത്തില്‍ അനഘയുടെ നേരെ ആയുധമോങ്ങിയവന്റെ തല തറയില്‍ കിടന്നുരുണ്ടു. ഇത് കണ്ടു പെട്ടെന്ന് അമ്പരന്ന മറ്റുള്ളവര്‍ തങ്ങളെ വിട്ടു പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

അപ്പോള്‍ ഉണ്ടായ ഒരു ശക്തമായ ഇടിമിന്നലിന്റെ വെട്ടത്തില്‍ പുറത്തേക്കുള്ള വാതിലിനു മുന്നില്‍ വടിവാളും പിടിച്ചു വഴിമുടക്കി സംഹാര രുദ്രയായി നിന്ന ബെല്ല ആന്റിയുടെ മുഖം കണ്ടു.

അവരുടെ കയ്യിലുള്ള വാള്‍ വീണ്ടും ശീല്‍ക്കാരത്തോടെ വായുവില്‍ തലങ്ങും വിലങ്ങും ചുവന്ന അടയാളങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ചുമരിലും തറയിലും ശരീരത്തിലും എല്ലാം ക്ഷണനേരം കൊണ്ട് ചോരപ്പൂക്കള്‍ വിരിഞ്ഞു.

കലി കയറിയ ഭദ്രകാളിയെ പോലെ ബെല്ല ആന്‍റി അലറി.
"എടാ പട്ടികളേ സമാധാനത്തോടെ കഴിയുന്നവരെ നിങ്ങള്‍ ജീവിക്കാന്‍ അനുവദിക്കില്ല അല്ലെ?..നിങ്ങളെ പ്പോലുള്ളവര്‍ ഈ ഭൂമിയില്‍ ഇനി ജീവിക്കണ്ട. നിങ്ങളെ പോലുള്ളവര്‍ക്ക് വേണ്ടി വര്‍ഷങ്ങളായി ഞാന്‍ എണ്ണയിട്ടു കരുതി വച്ചിരുന്നതാണെടാ ഈ വാള്‍.. എന്‍റെ മങ്കേഷ് പിടഞ്ഞ ഓരോ പിടച്ചിലും നിങ്ങളും പിടയുന്നത്‌ എനിക്ക് കാണണം. ഹ ഹ ഹ ഹ ഹ ഹ...."
ഇടയ്ക്കിടെ ഒരു ഭ്രാന്തിയെ പോലെ അവര്‍ അട്ടഹസിച്ചു കൊണ്ടിരുന്നു. അവസാനം താഴെ ചേതനയറ്റ് ചോരയില്‍ കുളിച്ചു കിടന്ന ശരീരങ്ങള്‍ക്ക് മുകളിലേക്ക് അവര്‍ കുഴഞ്ഞു വീണു.

തങ്ങളെ വകവരുത്താന്‍ അന്ന് വന്ന അഞ്ചു പേരില്‍ നാലുപേരും ആന്റിയുടെ ഭ്രാന്തമായ ആക്രമണത്തില്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. ഒരു കൈപത്തിയും കാല്‍പാദവും നഷ്ടപ്പെട്ട അവശേഷിച്ചവന്‍ ഇപ്പോള്‍ ബീച്ചില്‍ കടല വിറ്റു ജീവിതം തള്ളി നീക്കുന്നു.

തങ്ങളെ ജീവന് തുല്യം സ്നേഹിച്ചു തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഒരു കൊലപാതകിയായി പാവം ബെല്ല ആന്‍റി. പ്രണയ ജോഡികളായ തങ്ങള്‍ക്കു അഭയം നല്‍കുകയും വേണ്ട എല്ലാ ജീവിതസൌകര്യങ്ങളും തന്നിരുന്നതിനു പുറമേ ഒരു അമ്മയുടെ സ്നേഹവും ആന്റിയില്‍ നിന്നും തങ്ങള്‍ക്കു ലഭിച്ചിരുന്നു. മങ്കേഷ് അങ്കിളിന്‍റെ മരണത്തിനു ശേഷം ഒരു സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തില്‍ അദ്ധ്യാപികാവൃത്തി ചെയ്തുണ്ടാക്കിയ പണം സ്വരുക്കൂട്ടിവച്ചു ഒരാളെയും ആശ്രയിക്കാതെ അവര്‍ താമസിച്ചിരുന്ന വാടക വീടും പുരയിടവും സ്വന്തമാക്കുകയായിരുന്നു. നാളിതെ വരെ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന തങ്ങളില്‍ നിന്നും ഒരു ചില്ലിക്കാശു പോലും വാങ്ങാന്‍ ആന്‍റി തയ്യാറുമായിരുന്നില്ല.

കുടുംബ ജീവിതത്തില്‍ നിന്നും രക്തബന്ധങ്ങളില്‍ നിന്നും ജാതിമതവിഭ്രാന്തികള്‍ സൃഷ്ടിച്ച മതിക്കെട്ടിനാല്‍ ഒറ്റപ്പെട്ടു ഏകയായി കഴിഞ്ഞിരുന്ന ആന്റിയില്‍ ആരൊക്കെയോ തനിക്കും ഉണ്ട് എന്ന തോന്നല്‍ ഉണ്ടാക്കിയിരുന്നു. തങ്ങളോടൊത്തുള്ള സഹവാസം. വീട്ടുകാരാല്‍ നിഷ്ക്കാസിതമാക്കപ്പെട്ട തങ്ങളും ബെല്ല ആന്റിയും പരസ്പ്പരമുള്ള  കറ കളഞ്ഞ സ്നേഹബന്ധത്തില്‍ യഥാര്‍ത്ഥ ബന്ധുക്കളായി മാറുകയായിരുന്നു.  തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട മാതാപിതാക്കളുടെ സ്നഹം ആന്റിയിലൂടെ ലഭിച്ചപ്പോള്‍ തങ്ങള്‍ ആരോരും ഇല്ലാത്തവരാണ് എന്ന ചിന്ത തന്നെ തങ്ങളില്‍ നിന്നും മാറിപ്പോയി.

**********************************************************************************
ഒരു മൂന്നു വയസ്സുകാരിയുടെ  കൈപിടിച്ച് വന്നു ബെല്ല ആന്റിയുടെ ശവകുടീരത്തില്‍ ചുവന്ന റോസാപ്പൂക്കള്‍ അര്‍പ്പിച്ചു അവര്‍ പ്രാര്‍ത്ഥിച്ചു.  

"ആന്റീ.. ആന്റിയുടെ ഓര്‍മ്മകള്‍ മേഞ്ഞു നടക്കുന്ന ആ വീടും പുരയിടവും മറ്റൊരാള്‍ക്ക് കൈമാറാന്‍ ഞങ്ങളുടെ മനസ്സ് ഇതേവരെയും ഞങ്ങളെ അനുവദിച്ചില്ല. ഞങ്ങളോട് ക്ഷമിക്കണം. ആന്റിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ ആണ് ഞങ്ങള്‍ക്ക് ജീവിക്കാനുള്ള പ്രചോദനം. എന്നും ആന്റിക്ക് കൂട്ടായി ഞങ്ങള്‍ ആ വീട്ടില്‍ തന്നെ ഉണ്ടാവും"

പ്രാര്‍ഥിച്ചു തിരിയുമ്പോള്‍ കൈ വിടുവിപ്പിച്ചു കൊണ്ട് പള്ളി മുറ്റത്തേക്കു കുതറിയോടിയ മകളുടെ പിറകെ "മോളെ ബെല്ലാ... നില്‍ക്കൂ... ഇസബെല്ലാ...നീ വീഴും കേട്ടോ" എന്നു വിളിച്ചു പറഞ്ഞു കൊണ്ട് അനഘ ഓടുമ്പോള്‍ ബെല്ല ആന്റിയുടെ ശവകുടീരത്തില്‍ എരിഞ്ഞു കൊണ്ടിരുന്ന മെഴുകുതിരികളില്‍ ഒരെണ്ണം ആളിക്കത്തിയത്‌ സ്റ്റീഫന്‍ ശ്രദ്ധിച്ചു.

- ജോയ് ഗുരുവായൂര്‍

Monday, May 21, 2012

എന്‍റെ കളിക്കൂട്ടുകാരന്‍



ഒന്നാം ക്ലാസ്സിലെ രണ്ടാം ബഞ്ചില്‍ മൂന്നാമനായി,

ജീവിതസമരം തുടങ്ങിയ നാളെപ്പോഴോ മനസ്സില്‍ നിന്നടര്‍ന്നൊരു,

സ്നേഹബഹിര്‍സ്ഫുരണം ഹൃദയത്തിലേറ്റു വാങ്ങിയെന്‍ സുഹൃത്തെ..

തോളില്‍ കയ്യിട്ടു പരസ്പ്പരം തുണ്ട് കളിമണ്‍ പെന്‍സിലുകള്‍ക്കായി,

പള്ളിക്കൂടമുറ്റത്തു തല കുമ്പിട്ടു നാമലയുമ്പോഴോക്കെയും നിന്‍റെയാ,

ഹൃദയപരിധികളോരോന്നായ് ഞാന്‍ പഠിച്ചിരുന്നൂ.


കയ്യിലും തുടയിലും പതിക്കും ചൂരല്‍പ്പഴങ്ങളോരോന്നും,

പരസ്പ്പരം ഹൃദയത്തിലാവാഹിച്ചു നുണഞ്ഞിറക്കി-

യതിന്‍ കാഠിന്യം കുറച്ചു നാമൊത്തിരി നാളുകള്‍.

സെമിത്തേരിയുടെ വടക്കുള്ള മുത്തുകുടിയന്‍ മാവിന്‍,

പഴുത്ത മാമ്പഴങ്ങള്‍ ഒരൊറ്റയേറിനു വീഴ്ത്തി,

പകുത്തു കഴിക്കുമ്പോഴൊക്കെയും നിന്‍സ്നേഹമൊരു

മധുരമാമ്പഴക്കറയായെന്‍ മനതാരില്‍ പറ്റിയിരുന്നു.


പള്ളിക്കൂടം തീര്‍ത്തൊരതിരുകളൊക്കെയും തകര്‍ത്ത് മുന്നേറുമ്പോള്‍

ഉയരവ്യതിയാനമൊട്ടും ബാധിക്കാതെ നമ്മുടെ തോളുകള്‍.

‍ദിവാകരന്‍ മാഷിന്‍ ചുവന്ന ചൂരലെനിക്ക് വേണ്ടിയൊരുപാട്,

നിന്‍ ചോരമാംസാദികള്‍ ഭുജിച്ചിരുന്നതൊക്കെയും,

ഇന്നലത്തേത് പോല്‍ ഓര്‍ക്കുന്നൂ ഞാനിന്നുമിപ്പോഴും.


നിന്‍ വീറും വാശിയും രക്തസാക്ഷിമനസ്സുമെന്‍

ഹൃത്തില്‍ പാകിയ വിത്തുകളന്നെത്രയോ മുളച്ചു തഴച്ചൂ.

മണ്ണിന്‍റെ മണമുള്ള നിന്‍ ഉച്ചഭക്ഷണമെത്രയോ നാള്‍

ഞാന്‍ കൊതിയോടെ ആസ്വദിച്ചാവാഹിച്ചൂ.


ക്ലാസിലൊന്നാമനായതിന്നൊരു ദിവസമെനിക്കച്ഛന്‍ സമ്മാനിച്ച,

സൈക്കിളിന്‍ തണ്ടില്‍ നിന്നെയുമേറ്റി കറങ്ങുന്നതും,

ഓല മേഞ്ഞ നിന്നുമ്മറത്തിണ്ണയിലിരിക്കവേ,

അമ്മ തരും സ്നേഹക്കാപ്പിയൂതിക്കുടിക്കുന്നതും,

ഇന്നും ഞാനോര്‍ക്കുന്നൂവിന്നലത്തേയെന്ന പോല്‍.

നിന്‍ ചേച്ചിയെന്‍ കവിളില്‍ തരും സ്നേഹനുള്ളലുകളെന്‍

കവിളിണകളിലൊരു മധുരനൊമ്പരമാണിപ്പോഴും.


ഗണിതമൊരു ദുര്‍ഗണമായെന്നിലാവസിച്ചപ്പോഴും നിന്‍

അവാച്യമാം ഗണിതവാസനയെനിക്കാശ്വാസമായിരുന്നു.

വീട്ടുകണക്കു കോപ്പിയടിക്കാന്‍ നീയെനിക്കാദ്യമവസരം

തരുമ്പോഴൊക്കെയും നിന്‍ സൌഹൃദമെനിക്കെത്രയാശ്വാസമായ്.


പത്താംതരപ്പരീക്ഷയില്‍ നീയെന്നെ പിന്തള്ളിയപ്പോഴും

നിന്‍ വിജയത്തിലാഹ്ലാദിച്ചു ഞാനൊരുപാടൊരുപാട്.

അന്ന് നിന്റച്ഛന്‍റെ കണ്ണില്‍ നിന്നും കൈക്കോട്ടില്‍ വീണു ചിതറിയ

ആഹ്ലാദാശ്രുക്കളെന്‍ ഹൃദയത്തില്‍ നിറദീപാവലിയായ്.


എന്‍റെ സൈക്കിള്‍ പിന്നെയും നിന്‍റെ പടി കടന്നേറെ നാള്‍..

പൂരങ്ങളും പെരുന്നാളുകളും കളിസ്ഥലങ്ങളും ചുറ്റിക്കാണാ-

നാ സൈക്കിളിന്‍ തണ്ട് വീണ്ടുമിരിപ്പിടമായ് നിനക്കേറെ നാള്‍.

എഞ്ചിനീയറിങ്ങും സയന്‍സുമായുള്ളന്തരത്തിലിണ പിരിഞ്ഞ നാം

പഴയ മുത്തുകുടിയന്‍ മാമ്പഴവും കുറ്റിപ്പെന്‍സിലുമൊക്കെ

പതിയേ മഷിത്തണ്ടാലെന്ന വണ്ണം മായ്ച്ചു കളഞ്ഞില്ല്യേ?


വല്ലപ്പോഴും വരും കത്തുകള്‍ പിന്നെ മെയിലിനു വഴിമാറിയപ്പോഴും

'സൈക്കിളിന്‍ പെഡല്‍, ആക്സിലറേറ്ററായ്' പരിണമിച്ചപ്പോഴും

മനസ്സില്‍ എന്നും പച്ച പുതച്ചു കിടന്നൊരാ സൗഹൃദം

മങ്ങുമെന്നൊരുനാളെന്നൊരിക്കലും നിനച്ചില്ല.


ഏഴു സാഗരം തീര്‍ക്കും മതില്‍ക്കെട്ടിനപ്പുറത്താണെന്നാലും

നിന്‍സ്നേഹവായ്പ്പിന്നുമൊരു സാഗരമായെന്‍ ഹൃത്തില്‍

നിരന്തരമലയടിക്കുന്നിപ്പോഴുമെന്നറിക നീ...


- ജോയ് ഗുരുവായൂര്‍

Saturday, May 5, 2012

തുടങ്ങാന്‍ ഒടുങ്ങുന്ന യാത്രകള്‍



മനസ്സിനെ ഏതെങ്കിലും ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കാനാവാതെ ചന്ദ്രദാസ് താടിയില്‍ കയ്യും കൊടുത്തു പ്രജ്ഞയറ്റവനെ പോലെ ഉമ്മറത്തിണ്ണയില്‍ ഇരുന്നു തുളസി തറയില്‍ എരിയുന്ന വിളക്കിന്‍റെ നാളങ്ങളെ ശ്രദ്ധിക്കാന്‍ ശ്രമിച്ചു.. ഇനി എന്ത്? .. എല്ലാം ഒരു ചിതയായി എരിഞ്ഞടങ്ങിയില്ലേ? ശൂന്യത തളം കെട്ടിയ മുറ്റത്തു അങ്ങിങ്ങായി കൊഴിഞ്ഞു കിടക്കുന്ന ഉണങ്ങിയ മാവിലകളുടെ ഞെരിഞ്ഞമരല്‍ കേട്ടാണ് അവന്‍ സിരസ്സുയര്‍‍ത്തി നോക്കിയത്.

ചന്ദ്രേട്ടന്‍‍... കയ്യിലെ സഞ്ചിയില്‍ എന്തോ കൊണ്ടു വന്നിട്ടുണ്ട്.. അത് പിന്നെ പണ്ടേ ഒന്നും കയ്യില്‍ ഇല്ലാതെ ഈ പടി കയറാറില്ല ചന്ദ്രേട്ടന്‍..

അച്ഛന്‍റെ ഉറ്റ സുഹൃത്തും പിള്ളേച്ചന്‍ എന്ന് എല്ലാവരാലും വിളിക്കപ്പെടുന്നവരുമായ എന്‍റെ പ്രിയങ്കരനായ ചന്ദ്രേട്ടന്‍‍.. പിരിച്ചു വച്ച കൊമ്പന്‍ മീശയില്‍ തടവി എന്‍റെ അരികില്‍ വന്നു ഒരു നിമിഷം എന്നെ മൂകമായി വീക്ഷിച്ചതിന് ശേഷം "എന്താ കുട്ട്യേ.. രാവിലെ തന്നെ ഓരോന്നോര്‍‍ത്തു ഇങ്ങനെ ഇരിക്കണേ? കട്ടന്‍ ചായ ഇതാ തണുത്ത് പച്ചള്ളം ആയല്ലോ മോനെ.. എന്നാ മുഖവുരയോടെ തിണ്ണയില്‍ എന്‍റെ അരികിലായി മുട്ടിയിരുന്നു.. അതിനു പ്രതേകിച്ചു ഒന്നും ഉത്തരം പറയാതെ ഒരു മന്ദസ്മിതം മുഖത്ത് വരുത്താന്‍ ‍ ശ്രമിച്ചു വീണ്ടും തുളസ്സിതറയെ ലകഷ്യമായി ദൃഷ്ടി പായിച്ചു..

ടീപ്പോയില്‍ കിടന്ന പത്രമെടുത്ത്‌ ഒരാവര്‍‍ത്തി വെറുതെ മറിച്ചു നോക്കിയതിനു ശേഷം ചന്ദ്രേട്ടന്‍ തുടര്‍ന്നൂ... "അപ്പൊ നാളെ രാവിലെ കുട്ടി.. ന്‍റെ കൂട്ടത്തില്‍ തീവണ്ടിയാപ്പീസു വരെ വരണം.. പൊന്നമ്മ സാറിനെ കാണാന്‍ പറഞ്ഞിട്ടുണ്ട്.. അവരുടെ മകന്‍ പേര്‍‍ഷ്യയില്‍ ഏതോ വല്ല്യ കമ്പനീല് ജോലി ചെയ്യാണത്രെ.. അല്ലാ .. അവര്‍‍ക്ക് അച്ഛനെ വല്ല്യ കാര്യായിരുന്നേ... ഞാന്‍ എന്തായാലും വാക്ക് കൊടുത്തിട്ടുണ്ട്.. നാളെ നീയ്യ്‌ ന്റൊപ്പം വരണം.. വ്ടെരുന്നു തലപ്രാന്ത് പിടിപ്പിച്ചിട്ട് എന്താ കാര്യം? പോയോരു പോയീ... ഇനിങ്ങനെ ബെജാരായിട്ട് എന്ത് ഗുണം? നാല് ചക്രമെങ്കിലും കയ്യിലാവുംല്ലോ.. അനക്കൊരു ഉഷാറൊക്കെ വരട്ടെ.. അച്ഛന്‍റെ കൂട്ട് ആവാനുള്ളവനാ.. ഇങ്ങനെ ഒറക്കം തൂങ്ങ്യപോലെ ഇരിക്കണേ.. അന്‍റെ ഇരിപ്പ് കണ്ടു ഇതുങ്ങളും വെടക്കാവും അതിനാ ഇങ്ങനെ കുന്തം മിണുങ്ങിയ പോലെ കുത്തിരിക്കണേ? മോനേക്കാള്‍ വല്ല്യ തീയ്യാണ്‌ കുട്ട്യേ.. ന്‍റെ നെഞ്ചിങ്കൂട്ടില്.. ന്‍റെ ചങ്കല്ലേ 'അവന്‍‍' എടുത്തോണ്ട് പോയത്?

സിംതകുട്ട്യേ.. ഈ പടേലങ്ങ ആത്തേക്കു വച്ചോ.. തേങ്ങാപാല്‍ ഒഴിച്ച് കൂട്ടാണ്ടാക്കാനാ കൊണ്ടന്നെ.." അമ്മുചേച്ചിയുടെ അടുക്കള തോട്ടത്തിലെ ഉത്പന്നങ്ങളില്‍ ഒന്ന്.... എത്ര പറഞ്ഞു കൊടുത്താലും 'സിംത' എന്നല്ലാതെ സ്മിതകുട്ട്യേന്നു വിളിക്കാന്‍ അദ്ദേഹത്തിന് നാവു വഴങ്ങില്ല. അവള്‍‍ക്കും അങ്ങനെ അയാള്‍ വിളിക്കുന്നത്‌ കേള്‍‍ക്കാനാണ്‌ ഇഷ്ടവും..

ഞാന്‍ പോകാന്‍ വഴങ്ങുമോ എന്ന ആശങ്കയിലുമുപരി ഈ കുടുംബത്തോടുള്ള സ്നേഹവും അതില്‍ പൊതിഞ്ഞ അധികാരവും നിറഞ്ഞ ആ വാക്കുകള്‍ കേട്ട് അവന്‍ കണ്ണില്‍ നിന്നും അടര്‍‍ന്നു വീണ ഒരു തുള്ളി കണ്ണുനീര്‍ ആരും കാണാതെ വിരലിനാല്‍ ഒപ്പിയെടുത്തു തിരിഞ്ഞു നോക്കി എന്തെങ്കിലും പറയുന്നതിനും മുമ്പ് ചന്ദ്രേട്ടന്‍ പടി കടന്നിരുന്നു.

ആത്മാര്‍ഥതയുടെ പര്യായമാണ് പിള്ളേച്ചന്‍. അച്ഛന്‍റെ കളിക്കൂട്ടുകാരന്‍ എന്നല്ല, അച്ഛന് ഉയരങ്ങളില്‍ എത്താന്‍ ചന്ദ്രേട്ടന്‍റെ പരിശ്രമം ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ
ഒക്കുമായിരുന്നില്ല എന്നുള്ള ഉത്തമ ബോദ്ധ്യം തന്നെയായിരുന്നു അദ്ദേഹത്തോട് എതിര്‍‍ത്തൊന്നും പറയാന്‍ അവനെ പ്രേരിപ്പിക്കാഞ്ഞത്. അച്ഛന് വേണ്ടി പലതും ത്യജിച്ചതിന്‍റെ കൂട്ടത്തില്‍ ജീവിക്കാന്‍ വരെ മറന്നു പോയ മനുഷ്യന്‍‍.. അച്ഛന്‍റെ നിര്‍‍ബന്ധത്തിനു വഴങ്ങിയാണ് നാല്‍‍പ്പത്തിയേഴാം വയസ്സിലെങ്കിലും ഒരു പെണ്ണ് കെട്ടാന്‍ പിള്ളേച്ചന്‍ സമ്മതിച്ചത് തന്നെ..

തീവണ്ടിയാപ്പീസ്സില്‍‍ 'സിഗ്നല്‍ മാന്‍' ആയി 'ഇന്റര്‍വ്യൂനു' പോകാനായി 'സിലിമ' കോട്ടായിയില് കപ്പലണ്ടി വിറ്റ് സ്വരുക്കൂട്ടി വച്ചിരുന്ന പൈസയെടുത്തു അച്ഛന്‍റെ പരീക്ഷ ഫീസ്‌ അടക്കാന്‍ കൊടുത്തു ആ ജോലിയവസരം തുലച്ചത് മുതല്‍‍, തന്‍റെ ചന്ദ്രന്‍ കുഞ്ഞിനു (ചന്ദ്രദാസ്) ഡിപ്ലോമക്ക് സീറ്റ്‌ കിട്ടാനായി സ്വന്തം പറമ്പ് പണയം വച്ചതും കൂട്ടി ആ ത്യാഗങ്ങളുടെ കഥ ഇപ്പോഴും നീളുന്നു തങ്ങളിലൂടെയും....!

ശരിക്കും പറഞ്ഞാല്‍ പിതൃതുല്ല്യം ആയ സ്ഥാനവും സ്നേഹവും മനസ്സറിയാതെ തന്നെ ചന്ദ്രേട്ടന് കൊടുത്തവര്‍ ആണ് ഞാനും സ്മിതകുട്ടിയും. അതെ.. പല്ലുകളിലുള്ള മുറുക്കാന്‍ കറ മനസ്സില്‍ ഒട്ടും പറ്റാത്ത പച്ചയായ ഒരു മനുഷ്യന്‍‍. കൂടെപ്പിരപ്പുകള്‍ക്കുണ്ടാവില്ല ഇത്രയും അര്‍‍പ്പണ മനോഭാവം!

കല്യാണം കഴിച്ചതില്‍ പിന്നെ വീട്ടിലേക്കു വരാനും ഞങ്ങളെ അഭിമുഖികരിക്കാനുമൊക്കെ ഒരു ജാള്യത ആയിരുന്നു എങ്കിലും ജാനകിക്കുട്ടിയുടെ (അമ്മ) അവസരോചിതം ആയ ഇടപെടലുകള്‍ അതിന്‍റെ തീവ്രതയെ കാലാന്തരേ കുറച്ചു കൊണ്ട് വന്നു. ഇപ്പോള്‍ പത്തു വയസ്സുള്ള ഒരു ആണ്‍ കൊച്ചിന്‍റെ അച്ഛന്‍‍. വിവാഹത്തിന് ശേഷം അച്ഛന്‍റെ നിര്‍‍ബന്ധം മൂലം കുറച്ചു സമ്പാദ്യ ശീലം ഒക്കെ ആയിട്ടുണ്ട്. വയസ്സായെങ്കിലും നെഞ്ചില്‍ അല്‍‍പ്പം അല്ലാതെ, മനസ്സിലും തലയിലും ഒട്ടും നര ബാധിച്ചിട്ടില്ല. തൊഴില്‍.. റെയില്‍‍വേ സ്റ്റേഷനില്‍ ചുമട് നീക്കം, പച്ചകറികള്‍ ചന്തയില്‍ എത്തിക്കല്‍‍, ചെറുവക കൃഷി ഇടപാടുകള്‍‍, പിന്നെ പരസഹായം, അമ്പലം, പള്ളി, ഉത്സവം, പെരുനാള്‍‍, നാടകം എന്നിങ്ങനെയായി ആള്‍ 'ഫുള്‍ ബിസി'.

പേര് കേട്ട ആധാരം എഴുത്തുകാരന്‍ ആയിരുന്നു അച്ഛന്‍‍. "അതേയ് ആധാരം എഴ്തുണ്ടെങ്കീ ഭാസ്കരന്‍ തന്നെ എഴുതണം" എന്നൊക്കെ അവസരം കിട്ടുന്നിടതൊക്കെ വച്ച് കാച്ചി അച്ഛന്‍റെ യശസ്സുയര്‍ത്തി ഒരു 'മാര്‍‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്' കൂടി ആവാന്‍ പിള്ളേച്ചന്‍ സമയം വിനിയോഗിച്ചിരുന്നു.

അച്ഛന്‍ നായരും ഇദ്ദേഹം പിള്ളയും ആയ കഥ ഭയങ്കര രസം ആണ്. തങ്ങളുടെ ഉത്ഭവത്തെ കുറച്ചു തന്നെ ഒരു വെളിപാടുമില്ലാതിരുന്ന ഇവര്‍ കവലയില്‍ അറിയപ്പെട്ടിരുന്നത് ഭാസ്കരനും ചന്ദ്രനും ആയിട്ടായിരുന്നു. ആരൊക്കെയോ ഉപേക്ഷിച്ചു എങ്ങനെയൊക്കെയോ ജീവിച്ചു ഒരു നിമിത്തം പോലെ ഒന്നാവാന്‍ സിദ്ധിച്ച യോഗം.

മരിക്കുന്നതിനും ഏതാനും ദിവസങ്ങള്‍‍ക്കു മുമ്പ് രോഗശയ്യയില്‍ വച്ചാണ് അച്ഛന്‍ അവരുടെ കഥ എന്നോട് പറഞ്ഞു തുടങ്ങിയത്.

“അച്ഛന്‍റെ കണ്ണടഞ്ഞാല്‍ പിന്നെ നിനക്ക് അതൊക്കെ പറഞ്ഞു തരാന്‍ പിന്നെ ആരും ഉണ്ടാവില്ല.. മോന്‍ കേള്‍‍ക്കണം അച്ഛന്‍ ആരായിരുന്നു എന്ന്... ചോദിക്കാതെ തന്നെ അച്ഛന്‍ പറഞ്ഞു തുടങ്ങിയത് ശ്രദ്ധയോടെ കതകും ചാരി ഒരു സ്ടൂളില്‍ ഇരുന്നു അദ്ദേഹത്തിന്‍റെ വിറയല്‍ ബാധിച്ച ഇടതു കരം കവര്‍‍ന്നു ചെറുതായി തിരുമ്മിക്കൊടുത്തു ശ്രവിച്ചു കൊണ്ടിരിക്കുമ്പോള്‍ ജനലഴികളിലൂടെ അരിച്ചിറങ്ങുന്ന നേര്‍‍ത്ത സൂര്യ കിരണങ്ങള്‍ ഈറന്‍ അണിഞ്ഞിരുന്ന അച്ഛന്‍റെ കണ്ണുകളില്‍ തട്ടി പ്രതിഫലിച്ചു തന്‍റെ ഹൃദയത്തിന്‍റെ അഗാധതയിലേക്ക്‌ അരിച്ചിറങ്ങുന്ന അനുഭൂതി. അത് അച്ഛന്‍റെ ഗതകാലത്തിലേക്ക് അദ്ദേഹത്തോടൊപ്പം എന്നെയും ആനയിച്ചു.

"ഞാനും ചന്ദ്രനും എന്നാ കണ്ടു മുട്ടിയതെന്നു ഞങ്ങള്‍ രണ്ടു പേര്‍ക്കു പോലും അറിയില്ല എന്ന് വേണം പറയാന്‍‍.. കാര്യവിവരം വച്ച് തുടങ്ങിയപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും രാമന്‍ കര്‍‍ത്തായുടെ ചായക്കടയുടെ പിന്നിലുള്ള അടുക്കള ചായ്പ്പില്‍ പാത്രം മെഴുക്കുന്ന ജോലിക്കാര്‍ ആയിരുന്നു. ആരാണ് ഞങ്ങള്‍‍ക്ക് ഭാസ്കരന്‍‍, ചന്ദ്രന്‍ എന്നൊക്കെ പേരിട്ടത് എന്ന് ഇപ്പോഴും ഞങ്ങള്‍ അതിശയത്തോടെ ഓര്‍‍ക്കാറുള്ള വിഷയം ആണ്. നാട്ടുകാര്‍ വിളിക്കുന്നത്‌ കേട്ട് ഞങ്ങളുടെ പേരുകള്‍ അങ്ങനെയൊക്കെ ആണെന്ന് ഞങ്ങളും വിശ്വസിച്ചു.

പണ്ട് മുതലേ പഠിപ്പിനോടും പുസ്തകങ്ങളോടും ഒന്നും വലിയ കമ്പം ഇല്ലാത്തവന്‍ ആയിരുന്നു അവന്‍‍. എന്നാല്‍ ചായക്കടയില്‍ ദിവസേന വരുന്ന പത്രത്തിലെ വലിയ അക്ഷരങ്ങള്‍ ജോലി ഒഴിയുന്ന നേരങ്ങളില്‍ ഞാന്‍ വായിക്കാന്‍ ശ്രമിക്കുമായിരുന്നു. രാവിലെ ചായ കുടിക്കാന്‍ വരാറുള്ള ദേവസ്സി മാപ്പിളയും പദ്മനാഭന്‍ നായരുമൊക്കെ മറ്റുള്ളവര്‍ കേള്‍ക്കെ പത്രം ഉറക്കെയുറക്കെ വായിക്കുന്നത് (അത് അന്നത്തെ ഒരു രീതി ആയിരുന്നു) ഒത്തിരിയൊത്തിരി ഉത്സാഹതോടെയും കൊതിയോടെയും ഞാന്‍ നോക്കി നില്‍ക്കാറുണ്ടായിരുന്നു. പള്ളിക്കൂടത്തില്‍ പോകാനുള്ള ആഗ്രഹം അങ്ങനെ എന്‍റെ മനസ്സില്‍ മുള പൊട്ടി.. എന്‍റെ ആഗ്രഹങ്ങളുടെ പൂര്‍‍ത്തീകരണം ആണ് സ്വന്തം ജീവിത ലക്‌ഷ്യം എന്ന പോലെതന്നെ ആയിരുന്നു അന്നും ചന്ദ്രന്‍റെ മനോഭാവം.. അദൃശ്യമായ ഒരാത്മബന്ധത്തില്‍ അന്നേ ഉറച്ചു പോയവരാണ് ഞങ്ങള്‍.

ഒരു ദിവസം അവനാണ് അത് രാമേട്ടനോട്‌ പറയുന്നത്.. ആദ്യം എതിര്‍‍ത്തെങ്കിലും കൃഷ്ണനെ പോലെ തന്നെ (രാമേട്ടന്‍റെ മകന്‍‍) ഞങ്ങളെയും കണക്കാക്കി ഞങ്ങളെ രണ്ടിനെയും സായാഹ്ന പള്ളിക്കൂടത്തിലെക്കയക്കാന്‍ അയാള്‍ തീരുമാനിച്ചെങ്കിലും ചന്ദ്രന്‍റെ പള്ളിക്കൂടജീവിതത്തിനു രണ്ടു വര്‍‍ഷത്തില്‍‍ കൂടുതല്‍ ആയുസ്സുണ്ടായില്ല. സിനിമയും നാടും നാട്ടുകാരും നാട്ടുക്കൂട്ടങ്ങളും ഉത്സവങ്ങളും പെരുന്നാളുകളും വാദ്യഘോഷങ്ങളും ഒക്കെ ഒന്നൊഴിയാതെ ആസ്വദിച്ചു നടക്കല്‍ ഒക്കെ ആയിരുന്നു അവനു ഇഷ്ട്ടം.. പലരും അന്ന് അവനോടു ചോദിച്ചായിരുന്നു ഉത്സവങ്ങളുടെ ഒക്കെ തീയതികള്‍ ഉറപ്പു വരുത്തുന്നത് വരെ! അവന്‍ സ്കൂളില്‍ വരാതായപ്പോള്‍ പീരീഡ്‌ കഴിയുമ്പോള്‍ മണിയടിക്കുക എന്ന ജോലി വീണ്ടും കണാരന്‍ ചേട്ടന്‍റെ (പ്യൂണ്‍) ഉത്തരവാദിത്ത്വങ്ങളുടെ ലിസ്റ്റിലേക്ക് കടന്നു കയറി. പിന്നെ ഹെഡ് മാസ്റ്ററുടെ 'ചുവന്ന' ചൂരലിന് ചോരയും മാംസവും അന്ന്യവുമായി.. എത്ര അടിച്ചാലും ചന്ദ്രന്‍റെ കണ്ണില്‍ നിന്നും ഒരു പൊടി പോലും കണ്ണുനീര്‍ വരാറില്ല. പകരം, അടുത്ത ദിവസ്സത്തിലേക്ക് അടി വാങ്ങാനുള്ള വഴികളെ കുറിച്ചായിരിക്കണം അവന്‍ ചിന്തിക്കുന്നുണ്ടായിരിക്കുക..! തെമ്മാടി..". അത് പറയുമ്പോള്‍ അച്ഛന്‍റെ കണ്ണുകള്‍ വല്ലാതെ തിളങ്ങുന്നതായി തോന്നി.. ഗതകാലസ്മരണകളില്‍ മുഴുകി എട്ടു വയസ്സുള്ള ഒരു കുട്ടിയെ പോലെ അച്ഛന്‍ ഒഴുകിക്കൊണ്ടിരുന്നു.

"സ്കൂളില്‍ ചേര്‍‍ത്താന്‍ പോയപ്പോള്‍ വാദ്ധ്യാര്‍, കുട്ടികളുടെ പേരും വിലാസവും ഒക്കെ ചോദിച്ചപ്പോള്‍ ക്ഷണ നേരം പോലും ചിന്തിക്കാതെ രാമേട്ടന്‍ ഞങ്ങള്‍‍ക്ക് സമ്മാനിച്ച വാലുകള്‍ ആണ് ഈ 'നായരും' 'പിള്ള'യുമൊക്കെ. ഈ വിവരം അറിയുന്ന ഒരേ ഒരാള്‍ രാമന്‍ കര്‍‍ത്താ എന്ന ഞങ്ങളുടെ സ്നേഹസമ്പന്നനായ യജമാനന്‍ മാത്രം". അത് പറഞ്ഞപ്പോള്‍ ഒരു മന്ദസ്മിതം അച്ഛന്‍റെ അധരങ്ങളില്‍ നിന്നും ആ ചെറിയ മുറിയില്‍ പരന്നു.

ആ വികാരത്തെ കെടുത്താന്‍ എന്നോണം വന്ന അച്ഛന്‍റെ അടുത്ത വാക്കുകള്‍ ക്ഷണനേരം കൊണ്ട് ആ മുഖത്ത് പഴയ മ്ലാനത തിരികെ കൊണ്ടു വന്നു. അത് മറ്റൊന്നും ആയിരുന്നില്ല ... ദീനം വന്നു മരിച്ചു കിടന്ന രാമേട്ടന്‍റെ ജഡത്തിനടുത്തിരുന്നു അന്ന് വാ തോരാതെ കരഞ്ഞ മൂന്നു കുട്ടികളെ കുറിച്ചുള്ള പ്രതിപാദ്യം തന്നെ. അച്ഛനും അമ്മയും ഇല്ലാതിരുന്ന ഇവരുടെ എല്ലാമായിരുന്ന രാമേട്ടന്‍റെ വിയോഗം അക്ഷരാര്‍‍ത്ഥത്തില്‍ അവരെ ഉലച്ചില്ലെങ്കില്‍ അല്ലേ അത്ഭുതം ഉള്ളൂ..!

പിന്നെ ഒരു ജീവിതം തന്നെ ആയിരുന്നു.. ചായക്കട അധികം താമസിയാതെ തുറന്നെങ്കിലും അധിക കാലം അതിനു ആയുസ്സുണ്ടായില്ല. കൃഷ്ണനും അമ്മയും ലക്കിടിയില്‍ ഉള്ള അമ്മാവന്‍റെ വീട്ടിലേക്കു താമസം മാറ്റി. ചായക്കട അങ്ങനെ ഔസേപ്പ് മാപ്പിളയുടെ പച്ചക്കറി കട ആയി മാറി. എന്ത് ചെയ്യണമെന്നറിയാതെ നിന്ന ഞങ്ങളില്‍ ഒരുവന് പച്ചക്കറി കടയില്‍ ജോലി തരാം എന്ന് ഔസേപ്പ് മാപ്പിള പറഞ്ഞതനുസരിച്ച് എന്‍റെ സ്കൂളില്‍ പോക്കും കണക്കിലെടുത്ത് ചന്ദ്രന്‍ അവിടെ ചേര്‍‍ന്ന് ജോലി ചെയ്തു തുടങ്ങി. വൈകീട്ട് കട പൂട്ടി പഴയ ചായക്കടയുടെ അടുക്കള ചായ്പ്പിലെ ഞങ്ങളുടെ കൊട്ടാരത്തിലേക്ക് അവന്‍ വരുമ്പോഴേക്കും ഭക്ഷണം ഉണ്ടാക്കുക എന്ന ഒരു ജോലി മാത്രമായി എന്‍റെ. എങ്കിലും അവനെന്നെ പൊന്നു പോലെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. അച്ഛന്‍റെ കണ്ണില്‍ നിന്നും അപ്പോള്‍ ധാരയായി വീണ കണ്ണീരിനു ഗൃഹാതുരതയുടെ വിങ്ങലുകള്‍ ആയിരുന്നൂ.

* * * * * * * * * * * * * * * * * * * * * *

“കുട്ടാ.. വാ മോനെ..” കഞ്ഞി വിളമ്പി വച്ച് അമ്മ വിളിക്കുന്നു.. വഴറ്റിയ ഉള്ളിയിലേക്ക് വേവിച്ച ചേന ചേരുന്ന ഗന്ധം നാസാരന്ധ്രങ്ങളിലൂടെ അല്‍‍പ്പം മുമ്പ് പ്രവേശിച്ചപ്പോള്‍‍ മുതല്‍ ഈ വിളി പ്രതീക്ഷിച്ചിരുന്നൂ. പാവം അമ്മ.. വലിയൊരു നേരിപ്പോടായിരിക്കും അവരുടെ മനസ്സില്‍ എരിയുന്നുണ്ടാവുക.. എന്നിട്ടും ഒരു തുള്ളി സ്വാന്തനം എകാനുള്ള മനോബലം കൂടി ലഭിക്കുന്നില്ലല്ലോ എന്‍റെ ഈശ്വരാ.. സ്മിതക്കുട്ടി ഉള്ളത് തന്നെ ഒരു ആശ്വാസം.. വിഷമം വരുമ്പോള്‍ അമ്മക്ക് ആശ്വാസത്തിന്‍റെ ഒരു കണികയെങ്കിലും നല്‍‍കാന്‍ അവള്‍‍ക്കാകുന്നുണ്ട്.

ഒരു പ്രവാസി ആവാനുള്ള ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ടായിരുന്നില്ല ചന്ദ്രേട്ടന്‍റെ ഒപ്പം ഇറങ്ങി തിരിച്ചത്.. അച്ഛന്‍റെ വിയോഗം നിരാലംബത വിതച്ച വീട്ടില്‍ മറ്റൊരു ചോദ്യ ചിഹ്നം ആകാന്‍ മനസ്സ് അനുവദിക്കാതിരുന്നതിനാല്‍ മാത്രം...

ചന്ദ്രേട്ടന്‍റെ സൈക്കിളിന്‍റെ പുറകില്‍ ഇരുന്നു റെയില്‍‍വേ സ്റ്റേഷന്‍ ലകഷ്യമായി നീങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നതൊന്നും മുഴുവനായി ശ്രദ്ധിക്കാന്‍ അവനു സാധിച്ചിരുന്നില്ല. സ്റ്റേഷന്‍റെ ഒരു മൂലയില്‍ സൈക്കിള്‍ വച്ച് തന്നെയും കൂട്ടി റെയില്‍‍വേ കാന്‍റീനിലെ മര കസ്സേരയില്‍ ഇരിക്കുമ്പോള്‍ അഭിമാനപൂര്‍‍വം തന്‍റെ ചിരപരിചിതര്‍‍ക്ക് ചന്ദ്രദാസിനെ പരിചയപ്പെടുത്തി കൊടുത്തു കൊണ്ടിരുന്ന ചന്ദ്രേട്ടന്‍റെ മുഖം ഒരു ജേതാവിന്‍റെതു പോലെ തോന്നിച്ചു. "അറിയോ? മ്മടെ വാസ്കരന്റെ മോനാ .. എഞ്ചിനീയര്‍ .. ഫസ്റ്റ് ക്ലാസ്സില്‍ അല്ലേ പാസ്സായത്‌!! .. അച്ഛന്‍റെ മോന്‍ തന്നെ.! മിടുക്കനാ.. ദാ മോനേ ഈ ചായേം പരിപ്പുവടേം കഴിച്ചിവ്ടെ ഇരിക്ക്,. ചന്ദ്രേട്ടന്‍ ദേ വന്നൂ.. മലബാര്‍ പ്പൊ വരും.. കൊറച്ചു പച്ചക്കറി എറക്കിടണം.. അപ്പോഴേക്കും പൊന്നമ്മ സാറും വരും.. "

ചന്ദ്രേട്ടന്‍ പ്ലാട്ഫോമിലെ തിരക്കിനിടയില്‍ ഒരു ചുവന്ന തലപ്പാവ് പോലെ മറഞ്ഞുപോയപ്പോള്‍ കാന്റീനും ഏറെകുറെ വിജനമായിരുന്നു. പുറത്തു, സ്ഥിരം ബോഗികളില്‍ ചാടിക്കയറാനായി മലബാര്‍ എക്സ്പ്രസ്സ്‌ന്‍റെ വരവും കാത്തു വെമ്പല്‍ കൊണ്ട് നില്‍‍ക്കുന്ന ജനതതി. ഒരു പരിപ്പുവട എടുത്തു വായിലേക്ക് അടുപ്പിക്കുന്ന നേരത്താണ് പുറത്തു നിന്നും തന്നെ സാകൂതം വീക്ഷിച്ചു കൊണ്ടിരിക്കുന്ന നാല് കണ്ണുകളിലേക്കു അവന്‍റെ ദൃഷ്ടികള്‍ പതിഞ്ഞത്.

മുഷിഞ്ഞു കീറി മുട്ടോളം എത്തുന്ന വലിയൊരു കുപ്പായം ധരിച്ച ഒരു ആണ്‍‍കുട്ടിയും കുടുക്കുകള്‍ പോയ നിക്കര്‍ വലിച്ചു കുത്തി മൂക്കിള്‍ നിന്നും കുടുകുടാന്നു ഒഴുകുന്ന മൂക്കള കൈകൊണ്ടു തൊടാതെ 'കണ്ട്രോള്‍"‍ ചെയ്യാന്‍ പാട് പെട്ടുകൊണ്ടിരിക്കുന്ന സമപ്രായക്കാരനായ മറ്റൊരുവനും. അവരുടെ വീക്ഷണോദ്ദേശ്യം മനസ്സിലാക്കാന്‍ അവനധികം പാട് പെടേണ്ടി വന്നില്ല. കഴിക്കാനെടുത്ത പരിപ്പുവട തിരികെ കടലാസ്സു പ്ലേറ്റിലേക്ക് വച്ച് അവര്‍‍ക്ക് നേരെ നീട്ടി. തിളങ്ങുന്ന കണ്ണുകളോടെ ഒരൊറ്റ കുതിക്കലിനു അത് കൈക്കലാക്കി ഒന്നു നന്ദി പൂര്‍‍വകമായി നോക്കുക വരെ ചെയ്യാതെ പ്ലാട്ഫോമിലെ തിരക്കില്‍ നിന്നും ഒഴിഞ്ഞ ഏതോ കോണിലേക്ക് അവര്‍ ഓടി മറയുന്നത് കൌതുകത്തോടെ നോക്കിയിരിക്കേ മലബാര്‍ എക്സ്പ്രസ്സ്‌ ചൂളവുമടിച്ച് പ്ലാറ്റ്ഫോമില്‍ നിന്നും കിതച്ചു നിരങ്ങി നീങ്ങി തുടങ്ങിയിരുന്നു.

- ജോയ് ഗുരുവായൂര്‍

Tuesday, May 1, 2012

സുപ്രഭാതം


സുപ്രഭാതം

കിഴക്ക് മൊട്ടക്കുന്നിന്‍ പുറത്തെ കറുകനാമ്പുകളില്‍

ഉതിരാന്‍ മടിച്ചേതാനും ഹിമകണങ്ങള്‍ പിടിച്ചിരുന്നൂ

നിദ്ര വിട്ടുണര്‍ന്ന ചെറുകിളികള്‍ കളകളാരവം കൂട്ടാന്‍

നീരോലി ചെടികളില്‍ നിരന്നിരുന്നൂ

അല്‍പ്പം മുമ്പ് വിടര്‍ന്ന ചെമ്പരത്തിപ്പൂക്കളും

അതിനിടയിലഴക്‌ പരത്തിയ പിച്ചകപ്പൂക്കളും

കിഴക്കിന്‍ ശീവേലി ദര്‍ശനത്തിനൊരുങ്ങവേ

കൂട് വിട്ടു മൂവാണ്ടന്‍ മാവിലിരുന്ന കുയില്‍

കണ്ഠശുദ്ധിക്കായി നാലിളം തളിര്‍ കൂടിയകത്താക്കി

ഗാന്ധര്‍വ സംഗീതം മുഴക്കാനൊരുങ്ങീ

ചിറകടിച്ചുണര്‍ന്ന പൂവ്വന്‍ കോഴികള്‍

ചുവടു വച്ച് പ്രഭാതഭേരിക്ക് വട്ടം കൂട്ടി

ചമ്പത്തെങ്ങിന്‍ തലപ്പിലെ കമ്പിന്‍ കൂട്ടില്‍ കാക്കക്കുഞ്ഞുങ്ങള്‍

ഇമ്പമില്ലാത്ത സ്വരത്തിലെന്തോ ഉരക്കാന്‍ ശ്രമിച്ചൂ

രാത്രി മുഴുവനുമുറക്കമൊഴിച്ച പാണ്ടന്‍ നായയൊന്നു

മൂരി നിവര്‍ന്നു പകലോനെയെതിരേല്‍ക്കാനൊരുങ്ങീ

അരയാലിന്‍ ചില്ലകളിലായിരം വവ്വാലുകള്‍

രാത്രിസഞ്ചാരം കഴിഞ്ഞു തലകീഴായി തൂങ്ങി

വാഴക്കൂമ്പിലെ കറ ചുവയ്ക്കുന്ന മധു നുകര്‍ന്നുന്മാദനായ നരിച്ചീറൊരു

ഒരു കുടശ്ശീലക്കഷണം കണക്കെയുത്തരത്തില്‍ പറ്റി

പൊരുന്നയിരുന്ന തള്ളക്കോഴി തന്‍ ചിറകിനടിയില്‍ നിന്നുമൊ-

രനുസരണയില്ലാ കോഴിക്കുഞ്ഞ് പുറത്തേക്ക് തല നീട്ടി

അമ്മിഞ്ഞ കുടിക്കാനക്ഷമനായൊരു മൂരിക്കുട്ടന്‍

തൊഴുത്തില്‍ കറവക്കാരനെയും കാത്തു നിന്നു

പാതയരികിലെ യക്ഷിപ്പാലകള്‍ സുഗന്ധം തീര്‍ന്ന

പാതി പൂക്കളും പാതയില്‍ വിതറി

മലയിറങ്ങി വന്നൊരു മന്ദമാരുതന്‍

പിച്ചകപ്പൂക്കളുടെ മനംമയക്കും ഗന്ധം പേറി

കുളിര് കോരിയിട്ടൊഴുകാന്‍ തുടങ്ങീ

സംഗീത സദസ്സ് തുടങ്ങാനിനിയേറെയില്ല നേരം

പൂവന്‍ കോഴിയുടെ വിളംബരാനന്തരം

കിളികളും കാക്കകളും കുയിലുകളുമൊത്തുള്ള

നാദബ്രഹ്മസദസ്സിനായി പ്രകൃതി കാതോര്‍ത്തൂ

കിഴക്കതാ ഇരുളു കീറിമുറിച്ചറിവിന്‍ കിരണങ്ങളുയര്‍ന്നൂ ‍

കഴുത്തു കുറുക്കി ചിറകു വിരിച്ച് പൂവന്‍ കോഴിയിതാ

പ്രകൃതിയാമുല്‍പ്പാദനശാലയില്‍ പ്രഭാതഭേരി മുഴക്കീ

ഒരുങ്ങിയിരുന്ന പ്രകൃതി ഗായകര്‍ മധുരസംഗീതമൊഴുക്കീ

ഇരുള്‍ മാറിയ ഭവനങ്ങളിലെ തഴപ്പായകളില്‍

നിന്നൊരായിരം കോട്ടുവായകളുയര്‍ന്നൂ

മാണിക്യം തോല്‍ക്കും പൊന്‍ശോഭയിലിതാ

അഖിലലോകനായകനെഴുന്നെള്ളിയിരിക്കുന്നൂ

പാലപ്പൂക്കള്‍ വിരിച്ച പാതയിലൂടെയവര്‍ മന്ദം

പശ്ചിമം ലക്ഷ്യമാക്കി പ്രയാണം തുടങ്ങീ.

- ജോയ് ഗുരുവായൂര്‍