Friday, November 8, 2013

അസ്തമയം


"ഈ സാറിനെ കൊണ്ട് തോറ്റു.. ഇതിന്നു എത്രാമത്തെ തവണയാണെന്നറിയാമോ സര്‍ സാന്‍ക്ഷന്‍ ഓര്‍ഡറുകളില്‍ കൊല്ലം തെറ്റിച്ചു എഴുതുന്നത്‌?!.. സര്‍ ഇപ്പോഴും 1994-ല്‍ തന്നെ കറങ്ങി നടക്കാണോ? ഹി ഹി ഹി"
മലയാളിയായ സെക്രട്ടറിയുടെ വാക്കുകള്‍ കേട്ട് മുംബൈ മഹാനഗരത്തിന്റെ തീരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന കെട്ടിടങ്ങളില്‍ ഒന്നായ ഐ ഡി ബി ഐ ടവറുകളില്‍ ഒന്നിന്റെ ഇരുപത്തി ഒന്നാമത്തെ നിലയിലെ ഓഫീസ് ലോബിയില്‍ നിന്നും അകലെ കടലില്‍ എഴുന്നു നില്‍ക്കുന്ന പാറകളില്‍ തലതല്ലി ചിതറുന്ന തിരമാലകളെ വീക്ഷിച്ചു കൊണ്ട് ഇതികര്‍ത്തവ്യാമൂഡനായി മാത്യൂസ് നിന്നു.
"ശരിയാ.. ഈയിടെ താന്‍ എവിടെയൊക്കെയോ തന്നില്‍ തന്നെ നഷ്ടപ്പെട്ടു പോകുന്നുണ്ട്. കഴിഞ്ഞ മാനെജ്മെന്റ് മീറ്റിങ്ങില്‍ ഡയറക്ടര്‍ തന്നെ ഇന്‍സള്‍ട്ട് ചെയ്തത് വെറുതെയല്ല. ഇപ്പോള്‍ ലിന്‍ഡയും തന്നെ വിമര്‍ശിച്ചു തുടങ്ങിയിരിക്കുന്നു."
'ബോംബെ നഗരത്തിന്റെ നെക്ലേസ്' എന്നറിയപ്പെടുന്ന നരിമാന്‍ പോയിന്റിലെ മറൈന്‍ ഡ്രൈവില്‍ കടലുമായി ചങ്ങാത്തം കൂടി സൊറ പറഞ്ഞു കൊണ്ടിരിക്കുന്ന നീണ്ട നടപ്പാത അവസാനിക്കുന്നിടത്തെ ഭീമന്‍ പാറക്കല്ലുകളില്‍ ഒന്നില്‍ ഇരിക്കുമ്പോള്‍ അമ്പലത്തില്‍ നിന്നും ചന്ദനക്കുറിയണിഞ്ഞു പ്രസാദവുമായി ഇടവഴിയിലൂടെ കൂട്ടുകാരികളോടോത്തു കുണുങ്ങിച്ചിരിച്ചു കടന്നു പോകുന്ന അരുണയുടെ മുടിയിലെ ചെമ്പരത്തിപ്പൂവിട്ടു കാച്ചിയ എണ്ണയുടെ മാദക സുഗന്ധം മാത്യൂസിന്റെ മനം കവര്‍ന്നു.
കൂട്ടത്തില്‍ നിന്നും അവള്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ആ കണ്ണേറു പതിച്ച് അവന്റെ ഹൃദയം തുടിച്ചു.
'പുരോഗമന ചിന്താഗതിക്കാരായ തന്‍റെ അപ്പച്ചനെയും അമ്മയെയും പറഞ്ഞു ധരിപ്പിക്കാന്‍ തനിക്കാവും. പക്ഷെ അവളുടെ അച്ഛന്‍ ആ തഹസില്‍ദാര്‍ ഗോപിനാഥ മേനോന്‍ ആണ് പാഷാണത്തില്‍ കൃമിയായി നില്‍ക്കുന്നത്. എന്ത് തന്നെയായാലും താന്‍ അവളെ നേടിയിരിക്കും. അവള്‍ കൂടെയില്ലെങ്കില്‍ ഈ ജീവിതത്തില്‍ തനിക്കു എവിടെയും എത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.'
എന്ജിനീയറിംഗ് കഴിഞ്ഞ വഴി അപ്പച്ചന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി അരുണയെയും കൂട്ടി ഒളിച്ചോടി ബോംബെയില്‍ കാലുകുത്തുമ്പോള്‍ മാത്യൂസിന്റെ കയ്യില്‍ ഉണ്ടായിരുന്നത് ഒരു ജോഡി ഉടുപ്പുകളും രണ്ടായിരത്തി ഇരുന്നൂറു രൂപയും. പിന്നെ കഴുത്തില്‍ കിടന്ന ഒരു സ്വര്‍ണ്ണ മാലയും.
ഇതേ വരെ ഔദ്യോഗികമായി വിവാഹിതരായില്ലെങ്കിലും ആ പ്രണയവല്ലരിയില്‍ വിരിഞ്ഞ മൂന്നു ആണ്‍പുഷ്പങ്ങള്‍ ജീവിതത്തിനു മനോഹാരിതയേകി. സമൂഹത്തിന്റെ വിമര്‍ശനമുഖത്തു നിന്നും മാറി നിന്ന് കൊണ്ടൊരു സമാധാന ജീവിതം. ഇടയ്ക്കിടെ സന്ദര്‍ശകരായി എത്തുന്ന മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ലാളനയില്‍ കുട്ടികള്‍ ഇതേ വരെ ബന്ധുരാഹിത്യത്തെക്കുറിച്ച് ചിന്തിച്ചിട്ടേ ഉണ്ടാവില്ല. ആ സന്തോഷത്തില്‍ മാതൃപിതൃ വിരഹദുഃഖം മറന്നു അരുണയും.
"ഇപ്പോള്‍ എന്തെ അവള്‍ക്കൊരു മാറ്റം? ഞാന്‍ ചെയ്തത് വലിയൊരു തെറ്റാണെന്ന് അവള്‍ക്കിപ്പോള്‍ തോന്നിത്തുടങ്ങിയോ? .. രണ്ടാമത്തവന് മാട്ടുംഗ അമ്പലത്തില്‍ കൊണ്ട് പോയി ചോറ് കൊടുക്കണം എന്ന് അവള്‍ക്കിപ്പോ എന്താ ഇത്ര നിര്‍ബന്ധം? ജാതിയും മതവും സമ്പത്തും ഒക്കെ നോക്കിയാണോ ഈ ബന്ധം ഇതേ വരെ എത്തിയത്?.. എന്നിട്ട് ഇപ്പോള്‍ എന്തേ അവള്‍ ഇങ്ങനെ?.. ഈ കടലില്‍ ചാടി ചത്താലോ? വേണ്ട.. പിന്നെ പാവം അവളും കുട്ട്യോളും എന്താ ചെയ്യാ.. എന്തെങ്കിലും ആയിക്കോട്ടെ.. അമ്പലത്തിലോ പള്ളിയിലോ മോസ്കിലോ എവിടെയെങ്കിലും പോയി ചോറ് കൊടുക്കട്ടെ.. കൊടുത്തോട്ടെ.. എല്ലാം ഇഷ്ടം പോലെ ചെയ്യട്ടെ.. മാത്യൂസ് ആരുമല്ല എതിര്‍ക്കാന്‍.. ഞാന്‍ ആരുമല്ലാ.. ഈ ലോകത്തില്‍.. ആരുമല്ലാ.. ഐ അം എ പബ്ലിക് വേസ്റ്റ്... എ മിയര്‍ വേസ്റ്റ്... "
അലറിക്കൊണ്ട്‌ അലയടിക്കുന്ന തിരകളെ മനസ്സിലേക്ക് ആവാഹിച്ചു കൊണ്ട് മാത്യൂസ് ഇളകി മറിഞ്ഞു. ധരിച്ചിരുന്ന ചുവന്ന ടീഷര്‍ട്ട്‌ ഊരി അയാള്‍ കടലിലേക്ക്‌ വലിച്ചെറിഞ്ഞു.
പപ്പാ... വാ പപ്പാ.. നമുക്ക് വീട്ടിലേക്കു പോകാം.. എനിക്ക് പേടിയാവുന്നു.. മതി പപ്പാ ഇങ്ങനെ വിഷമിച്ചത്.. പതിനെട്ടു കൊല്ലം മുമ്പ് നടന്ന ഈ കാര്യം ഓര്‍ത്ത്‌ എന്തിനാ ഇപ്പൊ പപ്പാ വേദനിക്കുന്നേ?.. വാ പപ്പാ .. നമുക്ക് പോകാം...
ഡോക്റ്ററുടെ നിര്‍ദ്ദേശമനുസരിച്ച് പപ്പയെ സായാഹ്ന സവാരിക്ക് കൊണ്ട് വന്ന പത്തൊമ്പതുകാരനായ മുതിര്‍ന്ന മകന്‍ ആകാശ്, മാത്യൂസിന്റെ അപ്രതീക്ഷിതമായ പരാക്രമം കണ്ടു ഭയന്ന് തന്‍റെ പപ്പയുടെ കൈ ബലമായി പിടിച്ചു കാറിലേക്ക് ആനയിച്ചു.
"അരുത് എന്നെ പിടിക്കരുത്.. ആരാടോ താന്‍?.. തന്നെ ഇപ്പോള്‍ ആരാടോ ഇങ്ങോട്ട് വിളിച്ചേ?.. മനുഷ്യന്മാര്‍ക്ക് സ്വൈര്യമായി എവിടെയും നടക്കാന്‍ വിടില്ല്യാച്ചാ... ഒന്ന് പോകണം മിസ്റ്റര്‍.. പ്ലീസ്..."
ഇത് പറഞ്ഞു കൈ വിടുവിച്ചു കൊണ്ട് ഒരു പാറക്കല്ലില്‍ ഇരുന്നു ഒരപരിചിതനെ പോലെ  പിറുപിറുത്ത പപ്പയെ നോക്കി ആകാശ് സ്തബ്ദനായി നിന്നു.
അകലെ അസ്തമന സൂര്യന്‍ തന്‍റെ കര്‍ത്തവ്യം നിറവേറ്റി ആഴക്കടലിലേക്ക് താഴുമ്പോള്‍ അതിന്റെ ശോണ വര്‍ണ്ണം തിരകളിലേക്ക് പടര്‍ന്നു വ്യാപിച്ചു ഒരു ചോരക്കടല്‍ സൃഷ്ടിച്ചു.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment