Wednesday, May 7, 2014

അനഭിമതൻ ?...

വീശിയടിക്കും കാറ്റിലും മഴയിലു-
മൊഴുകാന്‍ മടിച്ചാ കൊഴിഞ്ഞ  പച്ചില -
ത്തായ്മരവേരില്‍ പിടിച്ചു നിന്നു.

അപരാധമെന്തു ഞാന്‍ ചെയ്തു പോയിത്ര 
നിഷ്ടൂരമായീ ഗൃഹത്തില്‍ നിന്നെന്നെ-
യകാലത്തടിച്ചിറക്കി പിണ്ഡം വയ്ക്കാന്‍?

വലിപ്പത്തിലല്‍പ്പമേറെ വളര്‍ന്നതും
മിനുസം കണ്ടൊരു കുരുവി ഭ്രമിച്ചതു-
മെല്ലാമെന്നുടെയപരാധമല്ലറിവൂ 

നിങ്ങളിലൊരാളായൊത്തു തലയാട്ടി-
യൊത്തിരി സന്തോഷിച്ചിരുന്നെന്നെ
നിര്‍ദ്ദയം തള്ളിത്തഴഞ്ഞതെന്തേ?

വടക്കേ ചില്ലയിലെയാ സുന്ദരിയില- 
യെന്നെ നോക്കി ചെമ്മേ കണ്ണിറുക്കി-
യതുണര്‍ത്തിയോ അസൂയനങ്ങള്‍?

മൊട്ടക്കുന്നിലെ ചെമ്പകം തഴുകിവരും 
തെന്നലെന്നെയൊരാവര്‍ത്തിയേറെ-
പ്പുല്‍കിയതുമെന്‍ കൈതവമായിരുന്നോ? 

സദാ സമയവും കലപില കൂട്ടി ഞാന്‍,
ചില്ലയില്‍ മരുവും നിങ്ങള്‍ തന്‍ മൗന-
മതിനു ഭംഗം വരുത്തി വെറുപ്പിച്ചുവോ? 

നിങ്ങള്‍തന്‍ സ്നേഹലാളനങ്ങളില്‍
സുരക്ഷ തന്‍ സാഹോദര്യ സ്പര്‍ശങ്ങ-
ളേറ്റഹങ്കരിച്ചയെന്‍ മനമിതാ തേങ്ങുന്നു.. 

പരസ്പ്പരമൊന്നായലിഞ്ഞൊറ്റത്തടിയായ്
നീരോഴുക്കിയെന്നെ വാര്‍ത്തയച്ഛനമ്മയേ
കേള്‍പ്പതുണ്ടോയീ മനമുരുകും വിലാപം?

നിങ്ങളെ വിട്ടകന്നു പോകുമായൊരു ദിനം 
കിനാവു കാണാന്‍ വരെയാകുമോയീ-
യജ്ഞനുമേഴയുമാം ചെറു പൈതലിന്?
 
വാര്‍ക്കുന്നുവശ്രുവീ തൃപ്പാദത്തിങ്കല്‍
ദ്രവിച്ചലിഞ്ഞങ്ങസ്ഥി പന്ജരമായാലുമെ-
ന്നാത്മാവിവിടെയീത്തണലില്‍ത്തന്നെ മേവും.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment