Wednesday, May 7, 2014

'വിഷ്ണുലോകം'

വിഷ്ണു ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും?...
കോയമ്പത്തൂരിലെ ടീച്ചേര്‍സ് ട്രെയിനിംഗ് സെന്‍ററിന്‍റെ വളപ്പിലെ പടര്‍ന്നു പന്തലിച്ച ഒരു വയസ്സന്‍ പുളിമരത്തിന്‍റെ ചുവട്ടിലിരുന്നു ശ്യാമ വ്യാകുലപ്പെട്ടു. ഇന്നേക്ക് രണ്ടു ദിവസമായിരിക്കുന്നു വീട്ടില്‍ നിന്നും പോന്നിട്ട്.. ബ്രേക്ക് ടൈമില്‍ ഒക്കെ വിഷ്ണുവിനെ ബന്ധപ്പെടാറുണ്ടെങ്കിലും മനസ്സിനെന്തോ അകാരണമായ ഒരു അസ്വസ്ഥത..
എപ്പോഴും സംസാരിച്ചു ഫോണ്‍ വയ്ക്കുമ്പോള്‍ വിഷ്ണു പറയും
"ശ്യാമൂ.. നീ ടെന്‍ഷന്‍ അടിക്കാതെ കോഴ്സ് കമ്പ്ലീറ്റ് ചെയ്യൂ.. എന്നെക്കുറിച്ച് നീ വിഷമിക്കണ്ടാ.. ഞാന്‍ ഓഫീസ് കഴിഞ്ഞാല്‍ വീട്ടില്‍ തന്നെ കാണും.. പേടിക്കണ്ട.. "
അത് കേള്‍ക്കുന്നതോടെ ശ്യാമയുടെ ചങ്കിടിപ്പ് കൂടും.
"ആ പറഞ്ഞതില്‍ എന്തോ കള്ളത്തരം ഇല്ലേ?.. ഞാന്‍ എങ്ങനെയെങ്കിലും ഒന്ന് വീട്ടില്‍ നിന്ന് മാറിക്കിട്ടാന്‍ കാത്തിരിക്കുകയാണ് അവന്‍. ഒടുക്കത്തെ ഗ്ലാമര്‍ അല്ലേ?.. എത്ര പറഞ്ഞാലും കേള്‍ക്കില്ല ആ മുടിയുടെ നീളം ഒക്കെ ഒന്ന് കുറയ്ക്കാന്‍.. കേള്‍ക്കില്ല ജന്തു.. അടിപൊളി പെണ്‍കുട്ട്യോളെ വളയ്ക്കാനല്ലാതെ എന്തിനാ അവന്‍ അങ്ങനെയൊക്കെ വിഡ്ഢിവേഷം കെട്ടണേ ഹും.. ഞാന്‍ ഇല്ലെങ്കില്‍ അണിഞ്ഞൊരുങ്ങലും കറക്കവുമൊക്കെ ഒത്തിരി കൂടും.. ഛെ.. അതിനു വളം വച്ചു കൊടുക്കാന്‍ കുറെ കൂട്ടുകാരും.. ജന്തുക്കള്‍... വീട്ടില്‍ ലാന്‍ഡ്‌ ലൈന്‍ ഫോണില്ലാത്തതിന്റെ കുഴപ്പം ഇപ്പോഴാണ് മനസ്സിലാകുന്നത്‌." ശ്യാമയുടെ മനസിന്‍റെ തീച്ചൂളയില്‍ സംശയങ്ങള്‍ ജ്വലിക്കുന്നതിന്റെ പൊള്ളലേറ്റ് വീട് വിട്ടതില്‍ പിന്നെ അവളെന്നും ശരിക്കും ഉറങ്ങാതെ നേരം പുലരുവോളം തിരിഞ്ഞും മറിഞ്ഞും കിടക്കും .
വിഷ്ണുവിന്‍റെ സൌകുമാര്യവും ആളുകളോട് ഇടപഴകുമ്പോഴുള്ള ചുറുചുറുക്കും ആണ്‍-പെണ്‍ തരം തിരിവില്ലാത്ത സൌഹൃദസംഭാഷണങ്ങളും വലിയ സുഹൃത് വൃന്ദവും സാഹിത്യവാസനയും പാടാനുള്ള കഴിവും ഒക്കെയായിരുന്നു ശ്യാമയെ അവനോടു അടുപ്പിച്ചതും അത് വിവാഹബന്ധം വരെ എത്തിയതും . ഇപ്പോള്‍ അതേ ഗുണഗണങ്ങള്‍ തന്നെ അവളെ ഏതു നിമിഷവും വേട്ടയാടാനും തുടങ്ങിയിരിക്കുന്നു.
ശ്യാമയുടെ അറിവില്ലാതെ അല്ലെങ്കില്‍ അവളോട്‌ ബന്ധപ്പെടാത്ത ഒരു നിമിഷം പോലും വിഷ്ണുവിന്‍റെ ജീവിതത്തില്‍ ഉണ്ടാവാന്‍ പാടില്ല എന്ന് ശഠിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന വിധം സദാ അവന്‍റെ സ്മരണയില്‍ അവന്‍റെ ഒരു നിഴലായി അവനില്‍ അലിഞ്ഞു ചേര്‍ന്നുകൊണ്ട് ഇന്നവള്‍ ജീവിക്കുന്നു. ജീവിതത്തില്‍ ഒരിക്കലും ആരുടേയും സ്നേഹവാത്സല്യങ്ങള്‍ അനുഭവിക്കാന്‍ യോഗമില്ലാതെ വളര്‍ന്ന്, ഒരു സുപ്രഭാതത്തില്‍ എല്ലാം ഒരാളില്‍ നിന്നു തന്നെ അളവില്ലാതെ ചൊരിഞ്ഞു കിട്ടിയപ്പോള്‍ അവള്‍ ഒരു മായീക ലോകത്തിലകപ്പെട്ട പോലെയായിത്തീര്‍ന്നിരുന്നു. ഏതു നിമിഷവും ഈ സൌഭാഗ്യങ്ങള്‍ തന്നില്‍ നിന്നും തട്ടിയെടുക്കപ്പെടും എന്നൊരു ഭീതി ഉപബോധ മനസ്സില്‍ എപ്പോഴും അവളെ ചൂഴ്ന്നു നിന്നു.
***********************************************************************************
ബി എഡ് കോളേജിലെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കണ്ണെടുത്താല്‍ കണ്ടു കൂടാത്ത സ്വഭാവ വിശേഷങ്ങളുള്ള വിഷ്ണുവിനെ ശ്യാമയ്ക്കും ഭയങ്കര വെറുപ്പായിരുന്നു. മനുഷ്യരുടെ സൌന്ദര്യവും ധനവും അല്ല കറകളഞ്ഞ വ്യക്തിത്വമാണല്ലോ അവരെ മറ്റുള്ളവരാല്‍ സ്നേഹിക്കപ്പെടാനും ബഹുമാനിക്കപ്പെടാനും ഇട വരുത്തുന്നത്. സാമ്പത്തീകമായും ആരോഗ്യപരമായും എല്ലാം തികഞ്ഞ വ്യക്തിയായ വിഷ്ണുവിനു ഇല്ലാതിരുന്നതും അത് തന്നെ.
ബി എഡ് കോളേജിലുണ്ടായ ഒരു ദുരന്തമായിരുന്നു വിഷ്ണുവിനെക്കുറിച്ചുള്ള എല്ലാവരുടെയും ധാരണ തന്നെ തിരുത്തപ്പെടാന്‍ ഇടയാക്കിയത്. അന്നൊരു വാലന്റൈന്‍ ഡേ ആയിരുന്നു. പ്രേമനൈരാശ്യത്തില്‍ കോളേജ് കൊമ്പൌണ്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സുഹറയെ മറ്റെല്ലാവരും നിസ്സഹായരായി നോക്കി നില്‍ക്കെ ജീവന്‍ പണയം വച്ച് കിണറ്റിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തിയ ആ സംഭവം.. ആ വീരകൃത്യം, കണ്ണില്‍ ചോരയില്ലാത്ത തെമ്മാടി, വഷളന്‍ എന്നിങ്ങനെ എല്ലാവരും കരുതിയിരുന്ന വിഷ്ണുവിനെ എല്ലാവരുടെയും മനസ്സില്‍ ഒരു ബിഗ്‌ സീറോയില്‍ നിന്നും ഒരു ബിഗ്‌ ഹീറോ ആയി മാറ്റി. ആ സംഭവത്തിനു ശേഷം വിഷ്ണുവിന്‍റെ സ്വഭാവഗുണങ്ങളെക്കുറിച്ച് ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിരുന്നവരുടെ നേതാവ് ആയിരുന്ന പൊങ്ങച്ചക്കാരി സുഹറയുടെ പ്രേമാഭ്യര്‍ത്ഥനകളൊക്കെ വിഷ്ണു അവജ്ഞയോടെ അവഗണിച്ചു. എല്ലാവരുടെയും തന്നോടുള്ള മനോഭാവം മാറ്റിമറിച്ചുവെങ്കിലും അതൊന്നും മുതലെടുക്കാന്‍ തുനിയാതെ വീണ്ടും പഴയ ആ 'വിദ്ധ്വംസക' പ്രവര്‍ത്തനങ്ങളുമായി അവന്‍ തുടര്‍ന്നു. പക്ഷെ പിന്നീട് ആരുടെ ഭാഗത്തു നിന്നും വിമര്‍ശങ്ങള്‍ ഒന്നും അവനെ തേടിയെത്തിയില്ല.
"എടീ.. ഞാന്‍ നിന്നെ കെട്ടട്ടേ?.."
കോഴ്സ് അവസാനിക്കുന്ന ദിവസത്തെ സെന്റ്‌ ഓഫ് പാര്‍ട്ടിയിലെ ആര്‍മാദിക്കലുകള്‍ അരോചകമായി തോന്നിയപ്പോള്‍ കാമ്പസിലന്‍റെ മൂലയിലുള്ള ഒരു കൊച്ചു ആല്‍മരച്ചുവട്ടില്‍ ഏകയായി ഇരുന്ന് ചിന്തകളുടെ കയങ്ങളിലേക്ക് പാഞ്ഞു പോകുകയായിരുന്ന ശ്യാമ, അവിചാരിതമായി കേട്ട ആ ചോദ്യം കേട്ട് ചിന്താധരണിയില്‍ നിന്നും ഞെട്ടിയുണര്‍ന്നു. ഉന്മാദം തുളുമ്പുന്ന കണ്ണുകളുമായി വിഷ്ണു ... അവന്‍റെ വായില്‍ നിന്നും നിര്‍ഗമിച്ചു കൊണ്ടിരുന്ന മദ്യത്തിന്‍റെ ദുര്‍ഗന്ധം കാറ്റില്‍ ലയിച്ച് ശ്യാമയുടെ നാസാരന്ദ്രങ്ങളിലേക്ക് തുളച്ചു കയറിയത് അവളില്‍ വെറുപ്പും ഓക്കാനവും ഉണ്ടാക്കി.
"വിഷ്ണൂ.. എന്തായിതൊക്കെ?.. ഛെ മോശം..ട്ടോ.. ഇങ്ങനെയാണോ ഒരു പെണ്‍കുട്ടിയോട് ഇടപഴകുന്നത്?.." അമ്പരപ്പിനെ നിയന്ത്രിച്ചു കൊണ്ട് അവള്‍ അവനോടു ചോദിച്ചു.
"ഹ ഹ ഹ ഹ ഹ ഹ കൊള്ളാം കുഞ്ഞേ.. പിന്നെ എങ്ങനെ പെരുമാറണംന്നാ... കുട്ടീ... കുട്ടിയെ ഞാന്‍ വിവാഹം കഴിച്ചോട്ടേ.. കുട്ടിയെന്നെ പ്രേമിക്കുമോ?.. എന്നൊക്കെ ചോദിക്കണമായിരുന്നോ?... ഹഹഹാഹ ഈ വിഷ്ണുവിനതൊന്നുമറിയില്ല കുഞ്ഞേ.. മനസ്സിലുള്ളത് വിഷ്ണു തുറന്നു ചോദിക്കും ഏതു ദൈവം തമ്പുരാനോടായാലും.. ഹും.. ഞാന്‍ ചോദിച്ചതിന് ഉത്തരം പറയൂ.. "
തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഒരു ഒറ്റയാനായ വിഷ്ണുവിന്‍റെ വാക്കുകള്‍ ഇടിമുഴക്കം പോലെ ഒഴുകിയത് അകത്തു നടക്കുന്ന പാര്‍ട്ടിയിലെ ആക്രോശങ്ങളില്‍ അലിഞ്ഞു പോയതിനാല്‍ മറ്റാരും കേട്ടില്ല. വിഹ്വലതയോടെ ശ്യാമ എന്ത് ചെയ്യണമെന്നറിയാതെ ചെകുത്താനും കടലിനും ഇടയില്‍ കുടുങ്ങിയ അവസ്ഥയില്‍ നിന്നു വിറച്ചു. സമ്മതം എന്ന് പറയാന്‍... മരിക്കുകയാണെങ്കില്‍ കൂടി തന്‍റെ മനസ്സാക്ഷി സമ്മതിക്കില്ല എന്നാല്‍ സമ്മതമല്ല എന്ന് പറഞ്ഞാലുണ്ടാകുന്ന പ്രതികരണം താങ്ങാനും മനസ്സിനു ശേഷിയില്ല. തല കുമ്പിട്ടു മൗനമായി നിന്നു. കണ്ണുകളില്‍ നിന്നും അശ്രുകണങ്ങള്‍ കുടുകുടാ ഒഴുകി മാറിടം നനച്ചു.
"ഓക്കേ.. സാരമില്ല.. എന്നോട് പൊറുക്കണം കുഞ്ഞേ... വിവരമില്ലാതെ ചോദിച്ചു പോയതാ... ബോധം വേണ്ടേ.. ബോധം..... ഫോര്‍ എ ബ്ലഡി മൂമെന്റ്റ് ഐ ഫോര്‍ഗോട്ട് ദാറ്റ്‌, ഐ ആം എ ബാസ്റ്റര്‍ഡ്... സോറി.. ഞാന്‍ ഇതേ വരെ തേടി നടന്ന എന്‍റെ ജീവിത പങ്കാളിയെ കണ്ടപ്പോള്‍ ഒന്നു ഇതേ പറ്റി തിരക്കണം എന്ന് തോന്നി.. അത്രയേ ഉള്ളൂ... ഇതേ വരെ ചോദിക്കാന്‍ പറ്റിയില്ല.. പേടിച്ചിട്ടൊന്നുമല്ല.. എന്‍റെ കൃഷികളൊക്കെ കഴിഞ്ഞു വരുമ്പോഴേക്കും സമയമങ്ങ് പോയിക്കഴിയും.. ഇന്ന് അവസാന ദിവസമാണെന്ന് അറിഞ്ഞ് ഇത് ചോദിക്കാനിനി നാളെ മുതല്‍ ഇവിടെ നിന്നെക്കാണില്ലലോ എന്നു വിചാരിച്ചു വന്നതാണേ.. പൊയ്ക്കോളാം.. വീണ്ടും സോറി... എഗയിന്‍ ആന്‍ഡ്‌ എഗയിന്‍ സോറി.. സോറി .. സോറി.." അല്‍പ്പ നേരത്തെ മൗനത്തിനു ശേഷം കൈ കൂപ്പി കൊണ്ട് ആടിയാടി വിഷ്ണു പിന്നോക്കം നടന്നു പോകുന്നത് അസ്തപ്രജ്ഞയായി ശ്യാമ നോക്കി നിന്നു.
"എടാ പോത്തേ.. ഇങ്ങനെയാണോടാ ഒരു പെണ്‍കുട്ടിയെ പ്രൊപ്പോസ് ചെയ്യുന്നത്?.. ഛെ... മോശം മോശം.. ഡാ ആദ്യം അവള്‍ക്കൂടെ തോന്നണ്ടേ നീയൊരു യോഗ്യന്‍ ആണെന്ന്?.. അത് കഴിഞ്ഞ് പ്രേമാഭ്യര്‍ത്ഥന.. ആ താത്തക്കുട്ടിയെ കിണറ്റില്‍ നിന്നും കരകയറ്റി ഉണ്ടാക്കിയ ചില്ലറ പേരും നീയിപ്പോ കളഞ്ഞു കുളിച്ചില്ലേ? എനിക്ക് ഇപ്പോള്‍ നിന്നെ ചവിട്ടിക്കൊല്ലാന്‍ തോന്നുന്നു."
അച്ഛനമ്മമാരേക്കാള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉറ്റ സുഹൃത്ത് റോബിന്‍ പറയുന്നത് തലേ ദിവസത്തെ മദ്യപാനത്തിന്റെ കെട്ടു വിട്ടിരുന്നില്ലെങ്കിലും വിഷ്ണു അക്ഷോഭ്യനായിയി തെല്ലൊരു കുറ്റബോധത്തോടെ കേട്ട് കൊണ്ട് കിടക്കയില്‍ മലര്‍ന്നു കിടന്നു. കോളേജിലേക്ക് പോകാനുള്ള സൌകര്യത്തിന് വേണ്ടി അടുത്തു തന്നെയുള്ള ഒരു ഫ്ലാറ്റില്‍ കൂട്ടുകാരനോടൊത്ത്‌ താമസിച്ചു വരികയായിരുന്നു അവന്‍. ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ കളയാറുള്ള ദിനംപ്രതിയുള്ള റോബിന്റെ ഉപദേശങ്ങള്‍ പോലെയല്ല അന്ന് വിഷ്ണുവിന്‍റെ മനസ്സില്‍ ആ വാക്കുകള്‍ തറച്ചത്.
ഒരിക്കലും ഒരു വൈവാഹിക ജീവിതം ഉണ്ടാവില്ല എന്ന് ദൃഡനിശ്ചയം എടുത്തതായിരുന്നു...പക്ഷെ കൂട്ടത്തില്‍ കൂടി അടിച്ചു പൊളിക്കാത്ത, ആരോടും അങ്ങനെ മിണ്ടാത്ത, ആ ഞാവല്‍പ്പഴക്കണ്ണുകള്‍ എങ്ങനെയോ തന്‍റെ ആ തീരുമാനത്തെ തിരുത്തി. അവളുടെ മുഖത്തു വിളങ്ങിയിരുന്ന സ്ഥായിയായ ആ വിഷാദ ഭാവം.. ഇനി അതാണോ തന്നെ അവളിലേക്ക്‌ ആകര്‍ഷിച്ചത്? ഇതിനു മുമ്പ് ഒരിക്കല്‍ പോലും അവളോട്‌ സംസാരിച്ചതുമില്ല.. ആകെ നേരില്‍ കണ്ടതോ.. ആറോ ഏഴോ പ്രാവശ്യം മാത്രം.. അന്നൊക്കെ മറ്റുള്ളവര്‍ തന്നെ തന്‍റെ ഓരോ വേലത്തരങ്ങളെക്കുറിച്ച് പരിഹസിച്ചു സംസാരിച്ചു ചിരിക്കുബോള്‍ ശ്യാമ മാത്രം ആ ചിരിയില്‍ പങ്കു ചേരാതിരുന്നത് എന്ത് കൊണ്ടായിരുന്നുവോ ആവോ?.. ആരുടേയും കാര്യങ്ങളില്‍ ഇടപെടാന്‍ താല്‍പ്പര്യപ്പെടാത്ത ഒതുങ്ങിക്കഴിയാന്‍ മാത്രം ആഗ്രഹിക്കുന്ന ഒരു കുട്ടിയാണ് ശ്യാമ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..
അപ്രതീക്ഷിതമായി തന്‍റെ വ്യക്തിത്വത്തിലേറ്റ ഒരു ആഘാതമായായിരുന്നു ശ്യാമയുടെയും റോബിന്റെയും വാക്കുകള്‍ വിഷ്ണുവിന് അനുഭവപ്പെട്ടത്.
"എന്താണ് താനിങ്ങനെയായിപ്പോയത്? എന്താണ് തനിക്കൊരു കുറവുള്ളത്? പണക്കാരായ അച്ഛനമ്മമാര്‍, ജീവിത സൌകര്യങ്ങള്‍.. പിന്നെന്താണ് തന്നെ ഇങ്ങനെയാക്കിത്തീര്‍ത്തത്?"
രാവിലെ എഴുന്നേറ്റ് മുഹമ്മദിക്കായുടെ ചായക്കടയിലെ ബഞ്ചിലിരുന്നു ചായ മൊത്തിക്കുടിക്കുമ്പോള്‍ ആണ് ആ ചിന്തകള്‍ക്ക് ഉത്തരം അവനെത്തേടി വന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിഷ്ണുവിന്റെ ദിവസം ആരംഭിക്കുന്നത് ആ ബെഞ്ചില്‍ നിന്നാണ്. ഇക്കാ സ്നേഹവും ചേര്‍ത്തുണ്ടാക്കുന്ന ആ ചായ കഴിച്ചാല്‍ ഒരു പ്രത്യേക ചുറുചുറുക്ക് തന്നെ.
അതേ.. എല്ലാവര്‍ക്കും ഇല്ലാത്തതായ എല്ലാം ഉള്ള തനിക്കു എല്ലാവര്‍ക്കും ഉള്ളതായ ഒരു സംഗതിയുടെ കുറവുണ്ട്. സ്നേഹം.. അത് മാത്രം ബിസിനസ് പ്രമുഖരായ അച്ഛനമ്മമാരില്‍ നിന്നു വരെ തനിക്കു ജനിച്ചേ മുതല്‍ ലഭിച്ചിട്ടില്ല.. ചോദിക്കുമ്പോഴൊക്കെ മറുവാക്കു ചോദിക്കാതെ അവര്‍ പണം എടുത്തു തരുമ്പോള്‍ അതിനെ അവരുടെ സ്നേഹമായി താന്‍ തെറ്റിദ്ധരിച്ചു. അടികലശല്‍ ഉണ്ടാക്കി പോലീസ് പൊക്കുമ്പോള്‍ വക്കീലിനെ വിട്ടു ജാമ്യത്തിലെടുക്കുന്ന നിമിഷം അച്ഛനമ്മമാരുടെ സ്നേഹവാത്സല്യങ്ങളില്‍ താന്‍ അഹങ്കരിച്ചു. ഇന്ന് താന്‍ അഹങ്കാരത്തിന്റെ ഒരു ആള്‍രൂപമായി മാറിയിരിക്കുന്നു. സത്യത്തില്‍ ഈ ചായ തരുന്ന മുഹമ്മദിക്ക തന്നോട് പ്രകടിപ്പിക്കുന്ന സ്നേഹം പോലും തന്‍റെ മാതാപിതാക്കള്‍ തന്നോട് പ്രകടിപ്പിച്ചിട്ടുണ്ടോ? ഇല്ല ഒരിക്കലുമില്ല.. പരിചാരകരുടെ ദത്തുപുത്രനെ പോലെയാണ്‌ താന്‍ വളര്‍ന്നത്‌.. അതേ.. അത് തന്നെയാണ്‌ താന്‍ ഇങ്ങനെ ആവാനുള്ള പ്രധാന കാരണം.
ഒരു നിഗൂഡ പ്രതിഭാസത്തിന്‍റെ ചുരുളഴിച്ച ശാസ്ത്രജ്ഞനെ പോലെ പിറുപിറുത്തു കൊണ്ട് അവന്‍ ചായക്കടയില്‍ നിന്നുമിറങ്ങി റൂമിലേക്ക്‌ നടന്നു. ഈ ചെറുക്കന് എന്ത് സംഭവിച്ചു എന്ന വേവലാതിയില്‍ മുഹമ്മദിക്ക വിഷ്ണുവിനെ അവന്‍ വളവു തിരിഞ്ഞു അപ്രത്യക്ഷമാകുന്നത് വരെയും ഇമ വെട്ടാതെ നോക്കി നിന്നു.
******************************************************************
"ഹലോ മാഷേ.. എന്താ.. എന്താ ചെയ്യണേ ആവോ?"
ഈമെയിലില്‍ ഒരു ലേഖനം ഡ്രാഫ്റ്റ് ചെയ്തു കൊണ്ടിരുന്ന വിഷ്ണുവിന്‍റെ മൊബൈലില്‍ ശ്യാമയുടെ കോള്‍.
"എന്താ ന്‍റെ ശ്യാമൂ... നീയിതേ വരെ കിടന്നുറങ്ങിയില്ലേ? മണി പതിനൊന്നായല്ലോ? അര മണിക്കൂര്‍ മുമ്പല്ലേ നമ്മള്‍ സംസാരിച്ചത്?.. നിനക്കെന്തേ ..വട്ടായോ?.. നാളെക്കഴിഞ്ഞാല്‍ നീയിങ്ങു എത്തുകയല്ലേ?.. 'തെറ്റിദ്ധാരണകളുടെ ഉറവിടം'' എന്ന ഒരു ലേഖനം ഡ്രാഫ്റ്റ്‌ ചെയ്യുകയായിരുന്നു ഞാന്‍..ഒന്ന് കിടന്നുറങ്ങു കുഞ്ഞേ.." ഭാവന മുറിഞ്ഞ ഈര്‍ഷ്യ വിഷ്ണുവിന്‍റെ സ്വരത്തില്‍ നിഴലിച്ചു.
"ഹും.. അത് ശരി.. അപ്പോള്‍ എഴുത്തൊക്കെ വീണ്ടും തുടങ്ങി അല്ലേ?.. ഞാനുള്ളപ്പോള്‍ ഇതൊന്നും കുറേ കാലമായി ഉണ്ടായിരുന്നില്ലല്ലോ.. ഇപ്പോള്‍ ആരാ ഇതൊക്കെ എഴുതാന്‍ വേണ്ടി ഉപദേശിച്ചേ ആവോ?.. അവളായിരിക്കും അല്ലേ.. ആ വിദ്യാ... ഞാന്‍ നേരത്തെ വിളിച്ചപ്പോള്‍ അവളുടെ ഫോണ്‍ ബിസിയായിരുന്നു.. അവിടത്തേയും... ഓക്കേ ഓക്കേ.. എഴുതൂ.. എഴുതൂ.. ഞാനൊന്നും പറയുന്നില്ല..കണ്ണാ.. നിന്നെ വിശ്വസിച്ചു കോഴ്സിന് വന്ന ഞാന്‍ വെറുമൊരു വിഡ്ഢി.. "
"എന്‍റെ പൊന്നു ശ്യാമൂ.. എന്തൊക്കെയാണ് നീയീ പറയുന്നേ... ശ്ശൊ എനിക്ക് വട്ടാകുന്നൂ... അര മണിക്കൂര്‍ മുമ്പ് എത്ര സന്തോഷത്തില്‍ വര്‍ത്തമാനം പറഞ്ഞു പിരിഞ്ഞതാ നമ്മള്‍.. പെട്ടെന്ന് ഇപ്പോള്‍ നിനക്കെന്തു പറ്റി?.. ഹോ.. എനിക്ക് വയ്യായേ.. ഞാനിപ്പോ ടെന്‍ഷനെടുത്തു ചാവും.. ഹെന്‍റെ അമ്മേ.."
"എന്തെങ്കിലുമായിക്കോ.. ഞാന്‍ ശല്യം ചെയ്യുന്നില്ല... ലേഖനമോ കഥയോ നോവലോ മഹാഭാരതമോ എന്താച്ചാ നേരം വെളുക്കോളം ഉറങ്ങാതെയിരുന്നു എഴുതിക്കോളൂ.. സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍ അവളെ ഫോണ്‍ വിളിച്ചു ചോദിച്ചോളൂട്ടോ.. വല്ല്യ ആരാധകനല്ലേ?.. ആയിക്കോളൂ.. ഞാനൊരു തടസ്സമാവുന്നില്ല.."
"ശ്യാമൂ .. ശ്യാമൂ... "
ഫോണ്‍ കട്ട് ചെയ്യുന്ന ശബ്ദം..
പെട്ടെന്നുണ്ടായ അമര്‍ഷത്തോടെ മൊബൈല്‍ ചുമരിലേക്കു വലിച്ചെറിഞ്ഞു തകര്‍ത്ത്, എഴുതിത്തീരാറായ ആ ലേഖനം ഡിലീറ്റ് ചെയ്ത്, കാലങ്ങളായി തുറക്കാതെ വച്ചിരുന്ന മദ്യം സൂക്ഷിക്കുന്ന ഷെല്‍ഫില്‍ നിന്നും ഷീ വാസ് റീഗലിന്‍റെ കുപ്പിയെടുത്ത് രണ്ടു ലാര്‍ജ് വെള്ളം ചേര്‍ക്കാതെ വിഴുങ്ങി വിഷ്ണു പുതപ്പിനുള്ളിലേക്ക് ചുരുണ്ടു.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment