ബോംബെയുടെ നെക്ലേസ് എന്നറിയപ്പെടുന്ന മറൈന്‍ ഡ്രൈവ് അവസാനിക്കുന്നിടത്തെ കടലിലേക്ക് നീണ്ടു കിടക്കുന്ന കരിങ്കല്‍ത്തിട്ടയില്‍ ദേവദാസ് ഇരുന്നു.
നരിമാന്‍ പോയിന്റിലെയും കഫെ പരേഡിലേയും കൊളാബയിലെയും കൂറ്റന്‍ ഓഫീസ് കെട്ടിടങ്ങളിലെ ഭൂരിഭാഗം ജനലുകളേയും അന്ധകാരം ബാധിച്ചു കഴിഞ്ഞു. തിളച്ചു പഴുത്തു ചുവന്ന സൂര്യന്‍ നാഭിയിലൂടെ ഇറങ്ങിപ്പോയതിന്‍റെ വേദനയില്‍ പുളഞ്ഞ് അറബിക്കടലിന്‍റെ തിരമാലകള്‍ മരണ വെപ്രാളത്തോടെ ഓടിവന്നു തിട്ടയിലെ ഭീമാകാരങ്ങളായ കരിങ്കല്ലുകളില്‍ തല തല്ലിച്ചാവാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
ഇന്ന് വെള്ളിയാഴ്ച.. നഗരവാസികള്‍ക്ക് വീക്കെന്‍ഡ്. ജീവിതം കരുപ്പിടിപ്പിക്കാനും നില നിര്‍ത്താനുമായുള്ള അഞ്ചു ദിവസത്തെ പരക്കം പാച്ചിലിന് ഇനി രണ്ടു ദിവസത്തെ പരോള്‍..
"എന്തിനെനിക്കീ മണ്ണിലൊരു പാഴ്ജന്മം? വന്നീടുകെൻപ്രിയാ ഇന്നെന്നരികിലായ്…"
മൊബൈല്‍ റിംഗ് ചെയ്യുന്നതു കേട്ട് ബാഗില്‍ നിന്നുമത് തപ്പിയെടുത്തു. നിസ്സാര്‍ ഭായ് വിളിക്കുന്നു.
ദേവാ.. നീയെപ്പോഴെത്തും?.. ഞങ്ങള്‍ കല്‍പ്പന ബാറില്‍ തന്നെ കാണും. അന്നത്തെ പോലെ വൈകിക്കാതെ, ഞങ്ങള്‍ അടിച്ചു കോണ്‍ തെറ്റുന്നതിനും മുമ്പിങ്ങു വന്നേക്കണം.. ഹും.. ഞാന്‍ അഗസ്റ്റിന് കൊടുക്കാം.."
"ടോ... തനിക്കു മാത്രമേ ഉള്ളൂ ഈ ഓഫീസും ജോലിയുമൊക്കെ?... ഞങ്ങളും ഉത്തരവാദിത്വപ്പെട്ട പോസ്റ്റുകളില്‍ തന്നാ ജോലി ചെയ്യുന്നേ.. തനിക്കു മാത്രമെന്താ സമയത്തിനിറങ്ങാന്‍ ഇത്രേം മടി?.. " വീക്കെന്‍ഡ് പാര്‍ട്ടി തുടങ്ങാനുള്ള വെമ്പലില്‍ അഗസ്റ്റിന്‍.
"ഞാനിപ്പോള്‍ വരാമെടോ.. നിങ്ങള്‍ തുടങ്ങിക്കോ.. നിങ്ങളുടെ സൂചിയനങ്ങിത്തുടങ്ങുമ്പോഴേക്കും ഞാനങ്ങെത്തിക്കോളാം..നിങ്ങള്‍ക്ക് തന്നെ കുടിക്കാനുള്ളതാണ് എന്ന ബോദ്ധ്യത്തില്‍ സാവധാനത്തില്‍ വീശിയാല്‍ മതീട്ടോ.. ആക്രാന്തം വേണ്ടാ...ഹ ഹ ഹ" കൂട്ടുകാരുടെ വെപ്രാളം കേട്ടിട്ട് ദേവദാസിനു ചിരി വന്നു.
എന്താ ചെയ്യാ.. അവരങ്ങനെയാ.. തന്നെപ്പോലെ പ്രാരാബ്ദങ്ങള്‍ ഒക്കെ ചുരുങ്ങിയ രീതിയിലെങ്കിലും അവര്‍ക്കും ഉണ്ട്. ബോംബെ നഗരത്തില്‍ കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ പാടു പെടുമ്പോഴും കുടുംബത്തെ വിട്ടു താമസിക്കുനതിന്റെ മനോവിഷമം മാറ്റുവാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാതെ ഉള്ളത് കൊണ്ട് ഓണം എന്ന പോലെ അവര്‍ അടിച്ചു പൊളിച്ചു ജീവിക്കുന്നു.
ഒരു കണക്കിന് ഇവരൊക്കെ എത്ര ഭാഗ്യവാന്മാര്‍.. ജീവിതത്തിന്‍റെ ഒരു വിധ സമ്മര്‍ദ്ദങ്ങളും സ്ഥിരമായി ഏറ്റെടുക്കാനുള്ള മനസ്സ് ദൈവം അവര്‍ക്ക് കൊടുത്തില്ല. അപ്പോഴപ്പോഴത്തെ പ്രതിസന്ധികള്‍ ഏതു വിധേനയും തരണം ചെയ്ത് സൂര്യനസ്തമിക്കുമ്പോഴേക്കും എല്ലാം മറന്നു സമാധാനത്തോടെ ഉറക്കത്തെ പുല്‍കുന്നവര്‍. അതിനും വേണം ഒരു ഭാഗ്യവും ദൈവാനുഗ്രഹവുമൊക്കെ..
തന്നെപ്പോലുള്ള ഹതഭാഗ്യര്‍ എന്നും ജീവിത സമ്മര്‍ദ്ദത്തില്‍ തന്നെ. എന്തായിരിക്കും അതിനു കാരണം?.. വ്യക്തമായ ജീവിത വീക്ഷണം ഊട്ടിയുറപ്പിക്കാതെ തന്നെ വളര്‍ത്തിയ മാതാപിതാക്കളും അദ്ധ്യാപകരും കാരണവന്മാരും മതപ്രബോധകരും അടങ്ങുന്ന തന്‍റെ വളര്‍ന്നു വന്ന ജീവിത സാഹചര്യം തന്നെയായിരിക്കുമോ തന്നെ ഈയവസ്ഥയിലേക്ക് തള്ളി വിട്ടത്?..
ഒരു ദരിദ്ര കുടുംബത്തിലാണ് ജനനമെങ്കിലും ഒരു പാട് കഴിവുകള്‍ തലച്ചോറില്‍ ഊട്ടിയുറപ്പിച്ചു തന്നെയാണ് ദൈവം തന്നെ ഈ ഭൂമിയിലേക്ക് അവതരിപ്പിച്ചത് എന്ന് ഓരോ കാലഘട്ടത്തിലേയും പ്രവൃത്തികളില്‍ നിന്നും തനിക്കും തന്‍റെ ചുറ്റിലുള്ളവര്‍ക്കും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
ഇനി, തന്‍റെ സ്ഥായിയായ അനുകമ്പയും സഹകരണ മനോഭാവവും സഹിഷ്ണുതത്വവും ആയിരിക്കുമോ തന്നെ ജീവിത നിലവാര പുരോഗമന പാതയില്‍ നിന്നും എന്നും പിറകിലോട്ടു വലിച്ചിട്ടുള്ള ഘടകങ്ങള്‍?
ബാല്യത്തില്‍ കളിപ്പാട്ടങ്ങള്‍ക്കും നല്ല ഉടുപ്പുകള്‍ക്കും ഭക്ഷണത്തിനും വേണ്ടി വാശി പിടിക്കാതെ ദരിദ്രരായ തന്‍റെ മാതാപിതാക്കളുടെ മനസ്സിലൊരു കാരമുള്ളാകാതെ താന്‍ ജീവിതം ആരംഭിച്ചു. വല്ലപ്പോഴുമൊക്കെ തന്നെ മടിയിലിരുത്തി കഥകള്‍ പറഞ്ഞു തന്നിരുന്ന അമ്മയും മുത്തശ്ശിയും മുത്തച്ഛനുമൊക്കെയായിരുന്നു അന്നു തനിക്കു ആദ്യമായി ജീവിത വീക്ഷണം പകര്‍ന്നു തന്നിരുന്നവര്‍. തിന്മയെ നന്മ കൊണ്ടും സംയമനം കൊണ്ടും സഹിഷ്ണുതാ മനോഭാവം കൊണ്ടും സഹനം കൊണ്ടും നേരിടുക എന്ന ധര്‍മ്മശാസ്ത്രങ്ങള്‍ അന്നേ മനസ്സില്‍ വേരുറച്ചു. അതേ.. അധര്‍മ്മത്തെ ധര്‍മ്മം കൊണ്ട് നേരിടുക, നിസ്സഹായരെ കൂടുതല്‍ ചവിട്ടിത്താഴ്ത്താതെ അവരോടു അനുകമ്പ കാണിക്കുക, പക്ഷഭേദം കൂടാതെ എല്ലാ സഹജീവികളെയും സ്നേഹിക്കുക..
പള്ളിക്കൂടത്തില്‍ എത്തിയപ്പോള്‍ ഒരു മാതൃകാ വിദ്യാര്‍ത്ഥിയായി അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മനം കവര്‍ന്നു. എന്ത് കാര്യത്തിനും ദേവദാസ് എന്ന ആ മെലിഞ്ഞ വിദ്യാര്‍ത്ഥിയുടെ ഇടപഴകല്‍ അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. വിദ്യാലയത്തിനു വേണ്ടി രാവും പകലും സാധിക്കാവുന്നതില്‍ കൂടുതല്‍ സഹകരണങ്ങള്‍ ചെയ്തു. പ്രതിഫലമായി അന്നു പത്താം ക്ലാസിലെ പഠിപ്പു കഴിഞ്ഞു പിരിയുന്ന നേരത്ത് ഒരു പ്രശംസാപത്രവും 101 രൂപയും കിട്ടിയപ്പോള്‍ മനസ്സില്‍ സംതൃപ്തിയുടെയും ആഹ്ലാദത്തിന്റെയും അമിട്ടുകള്‍ പൊട്ടി.
"മിടുക്കന്‍.. നന്നായി വരട്ടേ.." അദ്ധ്യാപകര്‍ വന്നു തോളില്‍ തട്ടി പറഞ്ഞപ്പോള്‍ കണ്ണില്‍ നിന്നും ആനന്ദാശ്രുക്കള്‍ ഒഴുകി. വീട്ടിലെത്തിയ വഴി അച്ഛന്‍ ആ പൈസ വാങ്ങി രോഗം വന്ന പശുവിനെ ചികിത്സിക്കാന്‍ മൃഗാശുപതിയില്‍ കൊണ്ടുപോയപ്പോള്‍ അതില്‍ നിന്നും ഒരു മിട്ടായി പോലും തനിക്കു വാങ്ങിത്തരാന്‍ അച്ഛന്‍ തുനിഞ്ഞില്ലല്ലോ എന്നു പോലും താന്‍ ചിന്തിച്ചില്ല. അടുത്ത തുലാവര്‍ഷത്തില്‍ പെയ്ത മഴയില്‍ പുര ചോര്‍ന്നൊലിച്ചപ്പോള്‍ ഒരു നിധി പോലെ സൂക്ഷിക്കാനേല്‍പ്പിച്ച ആ പ്രശംസാപത്രം കുതിര്‍ന്നു നശിച്ചത് ആരും ഗൌനിച്ചുമില്ല.
കോളേജിലെത്തിയപ്പോള്‍ തന്‍റെ ശാന്ത സ്വഭാവവും സൌഹൃദ മനോഭാവവും സഹപാഠികളെ ആകര്‍ഷിച്ചു. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്ട്ടികളോടും അനുഭാവമില്ലാതിരുന്ന തന്‍റെ ചിത്രരചനാ പാടവത്തിനെ കുട്ടിരാഷ്ട്രീയനേതാക്കള്‍ കലാലയത്തിലെ ചുമരുകളില്‍ ഉപയോഗപ്രദമാക്കി. തിരഞ്ഞെടുപ്പുകാലം വന്നാല്‍ രാത്രിയും പകലും കട്ടന്‍ ചായയും പരിപ്പുവടയും തന്നു തന്നെക്കൊണ്ട് അവര്‍ ചുമരെഴുതിച്ചു. രാഷ്ട്രീയഭേദമെന്നെ സഹായഹസ്തങ്ങളുമായി ഞാന്‍ ഓടിനടന്നു പ്രവര്‍ത്തിച്ചു. പക്ഷേ, ഒരു വര്‍ഷവും ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ തന്‍റെ പേര് ഉള്‍പ്പെടാതിരുന്നത് ഒരിക്കലും താന്‍ ശ്രദ്ധിച്ചില്ല.
അതിനിടയില്‍ സഹോദരിമാരുടെ വിവാഹം കഴിച്ചയയ്ക്കാന്‍ വീടിരിക്കുന്ന സ്ഥലം ഒഴികെ എല്ലാം അച്ഛന്‍ വിറ്റു. അതിലൊന്നും തനിക്കു യാതൊരു എതിര്‍പ്പോ നഷ്ടബോധമോ തോന്നിയില്ല. അതിനെക്കുറിച്ച് അച്ഛനോട് ചോദിച്ചു പോലുമില്ല. ഇന്നു അവരൊക്കെ നല്ല നിലയില്‍ എത്തിയിരിക്കുന്നു. ഇങ്ങനെ ഒരു സഹോദരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വരെ അവര്‍ക്ക് അറിയുമോ ആവോ.. അമ്മയുടെ മരണശേഷം ഇളയ സഹോദരി വന്ന് അമ്മയുടെ ആഭരണങ്ങളൊക്കെ അച്ഛന്റെ കയ്യില്‍ നിന്നും വാങ്ങിക്കൊണ്ടു പോയി എന്ന് സരസ്വതി പറഞ്ഞു. വിവാഹം കഴിഞ്ഞിട്ട് ഇത്രയും വര്‍ഷമായിട്ടും തനിക്കൊരു പണത്തൂക്കം പൊന്ന് വാങ്ങിത്തരാന്‍ പോലും തനിക്കായിട്ടുണ്ടോ എന്നവള്‍ ചോദിക്കുമ്പോഴൊക്കെ നിസ്സഹായത തളം കെട്ടിയ ഒരു പുഞ്ചിരി മാത്രമായിരുന്നു എന്നും മറുപടിയായി തനിക്കു കൊടുക്കാനുണ്ടായിരുന്നത്.
അച്ഛന്റെ മരണശേഷം അവളും കുട്ടികളും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്നു. പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടുമായി താനിവിടെ ഈ മെട്രോ സിറ്റിയിലും..
അയല്‍പ്പക്കത്തെ ഡാനിച്ചായന്‍ ആണ് ഡിഗ്രീ പാസ്സായ ഉടന്‍ തന്നെ ഈ നഗരത്തിലേക്ക് താന്‍ എത്തിപ്പെടാന്‍ കാരണഭൂതനായത്. അച്ഛനും അമ്മയും വേലയെടുക്കാന്‍ പറ്റാത്ത രീതിയില്‍ ആരോഗ്യം ക്ഷയിച്ചിരിക്കുന്ന കാലമായിരുന്നു അത്. പഠനം തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും നിവൃത്തിയില്ലാതെ അദ്ദേഹം മുന്നോട്ടു വച്ച വാഗ്ദാനം സ്വീകരിച്ചു. വീട്ടില്‍ തീ പുകയാതിരുന്ന ദിനങ്ങളിലൊക്കെ ഡാനിച്ചായന്റെ പുരയിടത്തില്‍ വിളയുന്ന ചക്കയും മാങ്ങയും തേങ്ങയും കൂവ്വയുമൊക്കെയായിരുന്നു ഞങ്ങളുടെ ഉപജീവനമാര്‍ഗ്ഗം. ഡാനിച്ചായന്റെ അമ്മയായ മേരിയമ്മയ്മ്മും ഭാര്യയായ റോസ ചേടത്തിക്കും അയല്‍പ്പക്കക്കാരായ ഞങ്ങളോട് അത്രയ്ക്കും സഹാനുഭൂതിയായിരുന്നു.
ബോംബെയില്‍ കാലു കുത്തിയതിന്‍റെ പിറ്റേ ആഴ്ചയില്‍ തന്നെ ഒരു ചെറിയ ജോലി തരമായി. ഡാനിച്ചായന്‍ താമസിക്കുന്ന മുറിയില്‍ തന്നെ എന്നെയും വാടക വാങ്ങാതെ അദ്ദേഹം താമസിപ്പിച്ചു. അതിനു പ്രതിഫലമെന്നോണം താന്‍ അവിടത്തെ പാചകം മൊത്തമായി ഏറ്റെടുത്തു. ഇച്ചായന്‍ ജോലി കഴിഞ്ഞെത്തുമ്പോഴേക്കും ഭക്ഷണം റെഡി ആയിരിക്കും. ഒരിക്കല്‍ പോലും ഇച്ചായന് അതൃപ്തികരമായ ഒരു കാര്യവും തന്നില്‍ നിന്നും ഉണ്ടായിട്ടില്ല. അതല്ലേ ഈ വയസ്സാന്‍ കാലത്തും ആന്‍ഡമാനില്‍ കുടുംബസമേതം താമസിക്കുന്ന ആ മഹാനുഭാവന്‍ വല്ലപ്പോഴുമെങ്കിലും തന്നെ ഫോണില്‍ വിളിക്കുന്നത്. പാവം മനുഷ്യന്‍.. അദ്ദേഹം തന്നെയാണ് യഥാര്‍ഥത്തില്‍ തനിക്ക് ജീവിക്കാനൊരു വഴിയുണ്ടാക്കിത്തന്നത് എന്ന് ഒരിക്കലും മറക്കാനാവില്ല.
പിന്നീട് എത്രയോ കമ്പനികളില്‍ മാറി മാറി താന്‍ ജോലി ചെയ്തു.. എല്ലായിടത്തും മേധാവികളുടെ പ്രശംസയ്ക്ക് താന്‍ അര്‍ഹനായിരുന്നു. അന്നന്നത്തെ ജോലികള്‍ അന്നന്ന് തന്നെ തീര്‍ക്കാതെ തനിക്കൊരു സമാധാനമില്ലല്ലോ. പക്ഷെ ഒരിക്കലും ഒരു പ്രൊമോഷന്‍ തന്നെ തേടി വന്നില്ല എന്നതും വാസ്തവം. ഒരു കമ്പനിയുടെയും വാര്‍ഷീക യോഗത്തില്‍ തന്‍റെ പേര് പരാമര്‍ശിച്ചതായും താന്‍ ഓര്‍ക്കുന്നില്ല. പ്രൊമോഷന്‍ കൊടുത്താല്‍ പിന്നെ താന്‍ ചെയ്തിരുന്ന ജോലികള്‍ അത്രയ്ക്കും കൃത്യതയോടെ ചെയ്യാന്‍ മറ്റൊരാളെ കിട്ടില്ല എന്നായിരുന്നു മിക്കവരുടെയും മനസ്സിലിരുപ്പ് എന്ന് മനസ്സിലായിട്ടും എനിക്ക് അവരോടു സഹതാപമല്ലാതെ വെറുപ്പൊന്നും തോന്നിയിരുന്നില്ല.
എല്ലാവരും അവരവരുടെ ജീവിതം സുരക്ഷിതമാക്കാന്‍ വേണ്ടി യത്നിക്കുന്നു. അല്ലാതെ നമ്മെ ബോധപൂര്‍വ്വം ചവിട്ടിത്താഴ്ത്തുന്നതൊന്നും അല്ലല്ലോ. തനിക്കു വിധിച്ചത് തനിക്കു തന്നെ സമയമാകുമ്പോള്‍ കിട്ടും എന്നു മനസ്സിനെ വീണ്ടും വീണ്ടും താന്‍ പഠിപ്പിച്ചു കൊണ്ടിരുന്നു. "തനിക്കു ചെണ്ടയുടെ യോഗമാണെടോ.." എന്നു പറഞ്ഞു സഹപ്രവര്‍ത്തകര്‍ പരിഹസിക്കുമ്പോഴും അവരുടെ ബോധശ്യൂന്യതയില്‍ താന്‍ സഹതപിച്ചു. ഒരിക്കലും ആരെയും പഴിക്കാന്‍ തനിക്കായിരുന്നില്ലല്ലോ. നമ്മുടെ പ്രശ്നങ്ങളുടെ ഉറവിടം നാം തന്നെയാണ് എന്നതില്‍ താനിന്നും ഉറച്ചു വിശ്വസിക്കുന്നു.
ഈ ഭൂമിയില്‍ മനുഷ്യാവതാരമെടുത്ത തനിക്കു ചെയ്യാനുള്ള കര്‍മ്മം ഈ ജീവിതവഴികളിലൂടെ തന്നെ പൂര്‍ത്തികരിക്കപ്പെടും. ഓരോ മനുഷ്യനും ഓരോ അവതാരങ്ങള്‍ ആണ്. എല്ലാ അവതാരങ്ങള്‍ക്കും ഉണ്ടാവുമല്ലോ ഒരു ആഗമനോദ്ദേശ്യം.. ഓരോ കാലഘട്ടത്തിലും ധര്‍മ്മത്തിന്‍റെ പാതയില്‍ ചരിക്കുന്ന ഈ അവതാര പുരുഷന്‍ ആ ലക്ഷ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാവും. കുറുക്കുവഴി ഒരിക്കലും ശാശ്വതമാവില്ല. ക്ഷണികമായ കാര്യങ്ങള്‍ക്ക് പുറകെ പായുന്നവരുടെ മനസ്സിലാണ് ദുഷ്ചിന്തകളും സ്വാര്‍ത്ഥതയും കുടിലതകളും കൂടു കെട്ടപ്പെടുന്നത്.
വീണ്ടും മൊബൈല്‍ ശബ്ദിക്കാന്‍ തുടങ്ങി...
ശ്ശൊ..ദൈവമേ.. ദേ അവര്‍ വീണ്ടും വിളിക്കുന്നു.. താനിതിനിടയില്‍ അറബിക്കടലിന്റെ ആഴങ്ങള്‍ തേടിപ്പോയ ഒരു തകര്‍ന്ന നൌക പോലെ എപ്പോഴോ തന്നെത്തന്നെ എവിടെയോ നഷ്ടപ്പെടുത്തി... ഛെ മോശമായി.. ചെല്ലാമെന്നു പറഞ്ഞിട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു... കടല്‍ക്കാക്കകളെല്ലാം കടലിനെ പൊതിഞ്ഞ ഇരുളിന്‍റെ പാളികളിലേക്ക് ചേക്കേറിയിരിക്കുന്നു. പാറക്കല്ലില്‍ ആഞ്ഞടിക്കുന്ന തിരകളുടെ ശബ്ദത്തില്‍ നഗരത്തില്‍ അലയടിച്ചിരുന്ന മറ്റു ശബ്ദങ്ങള്‍ ലയിച്ചു ചേര്‍ന്നുവോ?.
"താനിത് എവിടെയാടോ?.. തന്‍റെ ആ 'ഹമേം തുംസെ പ്യാര്‍ കിത്തനാ.. യേ ഹം നഹി ജാന്‍ത്തേ..' കേള്‍ക്കാന്‍ ഇതാ നിസ്സാര്‍ ഭായ് കയറു പൊട്ടിക്കുന്നു.. ഒന്നിങ്ങട് വേഗം വാ മനുഷ്യാ..." അഗസ്റ്റിന്‍റെ കുഴഞ്ഞ ശബ്ദം..
പാട്ടു പാടാനുള്ള തന്‍റെ കഴിവ് ഈ ജീവിത സായാഹ്നത്തില്‍ കണ്ടെത്താന്‍ ഇവര്‍ക്കെങ്കിലും ആയല്ലോ.. ഒരു ഗായകനാവണം എന്ന തന്‍റെ അഭിലാഷം ഇങ്ങനെയെങ്കിലും പൂര്‍ത്തീകരിക്കുന്നല്ലോ.. നമ്മുടെ സാന്നിദ്ധ്യം കൊണ്ട് മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന സന്തോഷം ആസ്വദിക്കാന്‍ സാധിക്കുക എന്നതും വലിയൊരു ഭാഗ്യമല്ലേ? സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ അറിയാത്തതും ശ്രമിക്കാത്തതുമാണ് മനുഷ്യരുടെ സകല ദുഖങ്ങള്‍ക്കും മാനസീക പിരിമുറുക്കത്തിനും കാരണമാകുന്നത്.
കരിങ്കല്‍ത്തിട്ടയിലൂടെ നടന്ന് റോഡിലേക്ക് എത്തിയതറിഞ്ഞില്ല. എതിരെ നിന്നും വന്നിരുന്ന ഒരു ടാക്സിക്ക് കൈ കാണിച്ചു ദേവദാസ് അതില്‍ കയറി.
- ജോയ് ഗുരുവായൂര്‍
No comments:
Post a Comment