Wednesday, May 7, 2014

പൊരുത്തം

"കിച്ചാ.. എത്ര നേരായീ കഞ്ഞി വെളമ്പി വെച്ച് വിളിക്ക്ണൂ.. കഴിക്കില്ല്യാന്നുണ്ടോ?.."   

"നിക്ക്യ്  വേണ്ട നെന്‍റെ കഞ്ഞീം ചക്കപ്പുഴുക്കും.. മുണ്ടാണ്ടവ്ടെരുന്നോ.. ന്‍റെ നാവൊന്നവ്ടെ അടങ്ങിക്കെടന്നോട്ടെ..ഹും.."
    
അകത്തു നിന്നും ദേവയാനിയമ്മയുടെ വിളി കേട്ടപ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ ഈര്‍ഷ്യ വര്‍ദ്ധിച്ചു.. തലയില്‍ കെട്ടിയിരുന്ന മുഷിഞ്ഞ തോര്‍ത്ത് അഴിച്ച് ദേഷ്യം തീര്‍ക്കാനെന്ന പോലെ ഒന്ന് ശക്തിയായി കുടഞ്ഞ് വീണ്ടും തലയില്‍ മുറുക്കിക്കെട്ടി പടിപ്പുരയിലെ തിണ്ണയില്‍ അയാള്‍ അസ്വസ്ഥനായി ഇരുന്നു. 

"അതേ.. ഞാനൊരൂട്ടം പറേട്ടേ.... എന്താപ്പോ ങ്ങക്ക് പറ്റ്യേ? രാമന്‍ വാര്യര് വന്നു പോണ വരേം ന്നോട് വല്ല്യ ലോഹ്യായിരുന്നൂലോ? ശ്ശടേ ന്നിപ്പൊ ന്താ പറ്റ്യേ?.. വെര്‍തെ ന്‍റെ തല പ്രാന്ത് പിടിപ്പിക്കണ്ട.. വന്നു കഞ്ഞി കുടിക്കൂന്നേയ്..." 

"ദേവ്വോ.. വല്ല്യേ വര്‍ത്താനോംന്നും ഇന്നോട് പറേണ്ടാ..  കേമന്മാര് വല്ലോരും വീട്ട്യെ വന്നാപ്പിന്നെ നെനക്ക് ഇന്നെ വെലയില്ല.. ഞാനിവ്ടെ ഇണ്ട്ന്നു കണ്ണു കാണ്വേല്ലാ.. ഇക്ക്യു കേക്കണ്ടാ നെന്‍റെ ഒരു മയക്കല്.. ന്‍റെ സൊഭാവം ഇനീം വെടക്കാവണേക്ക മുന്നേ നീയിന്‍റെ മുന്നീന്ന് പൊക്കോ.. അതാ നെനക്ക് നല്ലത്"

"ഓ..അത് ശെരി.. ഇക്ക്യിപ്പോ ഒക്കെ മനസ്സിലായി..  അര മണിക്കോറു മുമ്പ് ങ്ങള് ചായ കുടിച്ചൂലോ ന്നു വെച്ചിട്ടല്ലേ ഞാന്‍ രാമന്‍ വാര്യര്‍ക്ക് മാത്രം  ചായ ഒണ്ടാക്കിക്കൊടുത്തേ.. അതിനും പെണങ്ങിയോ.. തെന്തൊരു കൂത്തിന്റെ തേവരേ.. ങ്ങള് ഇതേ വരെ ന്നെ മനസ്സിലാക്കീല്ലല്ലോ.. കഷ്ടം.. ഹും.. ങ്ങക്ക് വെശ്ക്ക്ണ്ടെങ്കീ വന്നു കഞ്ഞി കുടിച്ചോളീന്‍.. ഞാന്‍ ന്‍റെ തണ്ടലൊന്നു ചായ്ക്കട്ടെ.. നേരം വെളുക്കോളം കിച്ചനിവിട്യന്നെ ഇരുന്നോളൂട്ടോ.. ഇക്ക്യെന്താ കൊഴപ്പം.. ഇന്നെ വെര്‍ത്ത് തൊടങ്ങീന്നു ഇക്ക്യ്‌ നല്ലോണം അറീണുണ്ട്ട്ടോ.. ദൈവേ.. ക്ക്യ് എങ്ങനേലുമൊന്നു ചത്തു കിട്ട്യാ മത്യാര്‍ന്നൂ.."

"നീയ്യ് പോടീ.. മറുതേ.. ഞാന്‍ പറഞ്ഞില്ല്യേ.. നെന്‍റെ ഒരു വര്‍ത്താനോം ഇക്ക്യ് കേക്കണ്ടാന്ന്.. നെനക്കേയ് മനുഷ്യനെ ഒരു വെലേം ഇല്ല്യാ.. നെന്നെ.. ക്ക്യ്പ്പൊ കാണ്വേം വേണ്ടാ.. ന്നെ വട്ടാക്കാണ്ട് നെന്‍റെ കാര്യോം നോക്കി എവ്ടെക്ക്യാച്ചാ.. വേം പൊക്കോ .."

കൃഷ്ണന്‍കുട്ടി അപകര്‍ഷതയില്‍ നിന്നുണ്ടായ കോപം കൊണ്ട് വിറച്ച് അരയില്‍ നിന്നും ബീഡിക്കെട്ടും തീപ്പെട്ടിയുമെടുത്ത് ഒരു ബീഡിക്ക് തീകൊളുത്തി അകലെ ഇരുള്‍ മൂടിയ പാടശേഖരങ്ങളിലേക്ക് അലക്ഷ്യമായി നോക്കി കട്ടിളകള്‍ ചിതലരിച്ചു തുടങ്ങിയ പടിപ്പുരയുടെ തിണ്ണയില്‍ ഇരുട്ടിന്‍റെ ഉപാസകനെ പോലെ  ഇരുന്നു. വരാന്‍ പോകുന്ന മഴയുടെ മുന്നോടിയായി പാടങ്ങളില്‍ നിന്നും തവളകളുടെ കരച്ചില്‍ ഇടതടവില്ലാതെ ഉയരുന്നുണ്ടായിരുന്നു. 

ബാല്യകാലം മുതലേ ഒരുമിച്ചു കളിച്ചു വളര്‍ന്നവരായിരുന്നു കൃഷ്ണന്‍കുട്ടിയും ദേവയാനിയും.. അന്നേ മുതല്‍ അവര്‍ പരസ്പ്പരം സ്നേഹത്തിലായിരുന്നുവെങ്കിലും അതിന്‍റെ പ്രധാന ചേരുറവകള്‍ നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടി പോലും ഉണ്ടാകാറുള്ള സൌന്ദര്യപ്പിണക്കങ്ങളും വഴക്കുകളുമായിരുന്നു. ഓരോ ദിവസവും പിണങ്ങാനുള്ള ഹേതു എങ്ങനെയെങ്കിലും ഉടലെടുക്കുമെങ്കിലും ആ പിണക്കം വിരഹമായും വിരഹം പ്രണയമായും വീണ്ടും തളിര്‍ത്തു പുഷ്പ്പിക്കാന്‍ ക്ഷണിക വേളകളേ വേണ്ടി വരാറുള്ളൂ എന്നു മാത്രം. 

കൃഷ്ണന്‍കുട്ടിയുടെ അച്ഛന് താരതമ്യേന ദരിദ്രരായ ദേവയാനിയുടെ വീട്ടുകാരോട് പുച്ഛമായിരുന്നതിനാല്‍ ദേവയാനിയെ വിവാഹം കഴിക്കാനുള്ള മകന്‍റെ ആഗ്രഹത്തെ അദ്ദേഹം എതിര്‍ത്തെങ്കിലും കൃഷ്ണന്‍കുട്ടി നഖശിഖാന്തം തന്‍റെ നിലപാടില്‍ ഉറച്ചു നിന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥയിലായപ്പോള്‍ അച്ഛന്‍ ഒരു നിബന്ധനയില്‍ ആ വിവാഹത്തിനു സമ്മതിച്ചു. ജാതകങ്ങള്‍ക്ക് പത്തില്‍ പത്തു പൊരുത്തം ഉണ്ടെങ്കില്‍ മാത്രം വേളി നടത്താം. 

ദേവയാനിയുടെ അച്ഛന് കൃഷ്ണന്‍കുട്ടിയെ വലിയ മതിപ്പായിരുന്നു.  

സകല ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച്‌ കൊണ്ട് കൃഷ്ണന്‍കുട്ടി രണ്ടു ജാതകങ്ങളും എടുത്തു കണിയാന്‍ ഭാസ്ക്കരന്റെ വീട്ടിലേക്കു ചെന്നു. എന്നാല്‍ യുവ മിഥുനത്തിന്റെ സ്വഭാവങ്ങള്‍ പോലെത്തന്നെ ജാതകങ്ങളും പരസ്പ്പരം ഇടഞ്ഞു നില്‍ക്കുന്നത് കണ്ടു കണിയാന്‍ നെറ്റി ചുളിച്ചപ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു.  
            
വിഷണ്ണനായി മടങ്ങുന്ന വഴിയില്‍ കണ്ടുമുട്ടിയ ഉറ്റസുഹൃത്ത് വാസൂട്ടനായിരുന്നു ആ ഉപായം പറഞ്ഞു കൊടുത്തത്. ഒരു കുപ്പി ആവി പറക്കുന്ന വാറ്റു ചാരായം.. ജാതകങ്ങളില്‍ പൊരുത്തങ്ങള്‍ കുടിയേറാന്‍ അത് ധാരാളം മതിയായിരുന്നു. 

രണ്ടു പേര്‍ക്കും അപ്പോള്‍ ഇരുപതു വയസ്സ്.. കല്യാണം കഴിഞ്ഞ് ചട്ടിയും കലവും പോലെ തട്ടിയും മുട്ടിയുമുള്ള ആ ജീവിതത്തില്‍ അധികം വൈകാതെത്തന്നെ ഒരു പെണ്‍തരി പിറന്നപ്പോള്‍ അവര്‍ സന്തോഷം കൊണ്ട് മതിമറന്നു. കാലങ്ങള്‍ അതിവേഗം കടന്നു പോയി... ജീവിതത്തിന്‍റെ തനിയാവര്‍ത്തനമെന്ന പോലെ അവളെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി വന്ന ചെറുക്കനോട് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കൃഷ്ണന്‍കുട്ടിക്ക് കഴിഞ്ഞില്ല. പക്ഷെ ദേവയാനി ആ വിവാഹാലോചനയെ എതിര്‍ത്തു. അവസാനം മകളുടെയും കൃഷ്ണന്‍കുട്ടിയുടെയും നിര്‍ബന്ധത്തിനു ദേവയാനിക്ക് വഴങ്ങേണ്ടി വന്നപ്പോള്‍ ദേവയാനിയും മുന്നോട്ടു വച്ച നിബന്ധന ജാതകപ്പൊരുത്തമായിരുന്നു. 

ജാതകങ്ങള്‍ ചേരില്ലെന്ന് കല്യാണച്ചെറുക്കന്‍ കൃഷ്ണന്‍കുട്ടിയെ രഹസ്യമായി അറിയിച്ചപ്പോള്‍ അവനെ സമാധാനിപ്പിച്ചു ജാതകങ്ങള്‍ വാങ്ങി കൃഷ്ണന്‍കുട്ടി ദേവയാനിയറിയാതെ ഭാസ്ക്കരപ്പണിക്കരുടെ വീട് ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത് ഭാസ്ക്കരപ്പണിക്കര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാലം ചെയ്തുവെന്ന്. ആ ജാതകങ്ങള്‍ക്ക് പണ്ടത്തെപ്പോലെ പൊരുത്തമുണ്ടാക്കിത്തരാന്‍ വേണ്ടി കൃഷ്ണന്‍കുട്ടിക്ക് ഭാസ്ക്കരപ്പണിക്കരുടെ മകനു കൊടുക്കേണ്ടി വന്നത് അന്ന് അയാളുടെ അച്ഛന് കൊടുത്ത ഒരു കുപ്പി വാറ്റുചാരായത്തിന്‍റെ സ്ഥാനത്തു അഞ്ഞൂറ് ഉറുപ്പികയായിരുന്നു. 

തന്റെതടക്കമുള്ള ജാതകങ്ങള്‍ക്ക് താന്‍ പൊരുത്തമുണ്ടാക്കിയ കഥകളൊന്നും അന്ധവിശ്വാസികളായ വീട്ടുകാരെയും ദേവയാനിയെത്തന്നെയും കൃഷ്ണന്‍കുട്ടി അറിയിച്ചിട്ടേയില്ല. കുറച്ചു ദൂരെയാണെങ്കിലും വിവാഹം കഴിഞ്ഞ് മകളും മരുമകനും സര്‍വ ഐശ്വര്യങ്ങളോടു കൂടിത്തന്നെ ജീവിക്കുന്നു എന്ന അറിവ്ത് ആ കുറ്റബോധത്തെ അയാളുടെ മനസ്സില്‍ നിന്നും മായ്ച്ചു കളയുകയും ചെയ്തു. മനസ്സുകള്‍ക്ക് നല്ല പൊരുത്തമുണ്ടെങ്കില്‍പ്പിന്നെ ജാതകങ്ങള്‍ക്ക് എന്തു പ്രസക്തി.   

മകളുടെ വിവാഹത്തിനു ശേഷം വീണ്ടും അവര്‍ ഒറ്റയ്ക്കായിട്ട് ഇപ്പോള്‍ ഇരുപത്തിനാല് വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. ചട്ടിയും കലവും പരസ്പ്പരം തട്ടിമുട്ടാത്ത ഒരു ദിവസത്തിനു പോലും അപ്പോഴും അവരുടെ ഇടയിലൂടെ കടന്നു പോകാനായിരുന്നില്ല. എത്രയോ തീവ്രമായ ഘര്‍ഷണങ്ങള്‍ ഉണ്ടായിട്ടും ഒരിക്കല്‍ പോലും അവ  തകരുകയോ അവയില്‍ വിള്ളലുകള്‍ വീഴുകയോ ചെയ്തിരുന്നില്ല എന്നതാണ് അതിശയം. പാറക്കല്ലുകള്‍ നിറഞ്ഞ കൈവഴികളിലൂടെ ആ സ്നേഹ നദി പ്രതിബന്ധങ്ങളെയെല്ലാം സ്വയം തട്ടിയകറ്റി ഒഴുകിക്കൊണ്ടേയിരുന്നു.   

'ഹും.. ഇന്നവളെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം.. എന്നത്തെയും പോലുള്ള ഒരു അവഗണനയല്ല ഇന്നു അവള്‍ ചെയ്തിരിക്കുന്നത്.. ആ വാര്യരുടെ മുന്നില്‍ അവള്‍ തന്നെ കൊച്ചാക്കിക്കളഞ്ഞല്ലോ.. സ്വന്തം ഭര്‍ത്താവിനെ തരിമ്പും വിലയില്ലാത്തവള്‍.. എത്രമാത്രം താന്‍ അവളെ സ്നേഹിക്കുന്നുണ്ടെന്ന് അവള്‍ക്കു ഇനിയും മനസ്സിലായിട്ടില്ല.. അവള്‍ക്കു വേണ്ടി താന്‍ ജീവന്‍ വരെ പണയം വച്ച് കടുത്ത സാഹചര്യങ്ങളോട് പോരാടിയിട്ടുണ്ട്.. അവളുടെ മുകളില്‍ ഒരു പൂഴിത്തരി പോലും വീഴാതെ ഇതേ വരെയും താന്‍ ഞാന്‍ കാത്തിട്ടുമുണ്ട്.. ആ തന്നെയവള്‍............. ഈ അവഗണന തനിക്ക് സഹിക്കാന്‍ വയ്യ.. നാളെ അവള്‍ തന്‍റെ ശവം തന്നെ കണി കാണണം.. എന്നാലേ ആ അഹങ്കാരത്തിനു അറുതി വരികയുള്ളൂ.. കിച്ചന്‍ ആരാണെന്ന് അവള്‍ക്കിനിയും മനസ്സിലായിട്ടില്ല..ഹും..' 

ദേഷ്യവും സങ്കടവും കൃഷ്ണന്‍കുട്ടിയുടെ മനസ്സില്‍ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ചു. സ്വയം മരണത്തിനു കീഴടങ്ങി തന്‍റെ ഭാര്യയെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. 

മനസ്സില്‍ മുറിവുണ്ടാക്കുന്ന ചെറിയ കാര്യങ്ങള്‍ വരെ കൃഷ്ണന്‍കുട്ടിയെ വികാരതീവ്രതയുടെ കൊടുമുടിയില്‍ എത്തിക്കും. ദേവയാനിയും ആ കാര്യത്തില്‍ ഒട്ടും പിറകിലായിരുന്നില്ല. അതാണല്ലോ അവരുടെ ബാല്യകാലം മുതലുള്ള പൊരുത്തവും..വയസ്സ് അറുപത്തി രണ്ടു കഴിഞ്ഞിട്ടും പരസ്പ്പരം ഇത്രയും ക്രാദ്ധപാരവശ്യത്തില്‍ [പൊസസ്സീവ്നസ്] കഴിയുന്ന മറ്റൊരു ജോഡിയും ഈ ലോകത്തില്‍ തന്നെയുണ്ടാവില്ല. തങ്ങള്‍ക്കു വേണ്ടി അവര്‍ സ്വയം നിര്‍മ്മിച്ച അവരുടെ മാത്രം ലോകത്തില്‍ അവര്‍ ഏദെന്‍ തോട്ടത്തിലെ ആദത്തേയും ഹവ്വയേയും പോലെ കഴിഞ്ഞു. എന്നാല്‍ മറ്റുള്ളവരുടെ മുന്നില്‍ ഇത്രയും പക്വതയും വിവരവുമുള്ള മറ്റൊരു ജോഡിയും വേറെ ഇല്ല താനും. സമൂഹത്തിലെ ബഹുമാന്യരായ ദമ്പതികള്‍. 

സമയം പുലര്‍ച്ചെ രണ്ടുമണിയായിരിക്കുന്നു.. കൃഷ്ണന്‍കുട്ടിയുടെ മാനസീകാവസ്ഥയ്ക്ക് തെല്ലു പോലും അയവ് വന്നിട്ടില്ല. ഇനിയും താന്‍ വൈകിക്കൂടാ എന്ന ബോധത്തില്‍ അടുക്കളയോട് ചേര്‍ന്നുള്ള തൊഴുത്തിന്റെ തട്ടില്‍ സൂക്ഷിച്ചിരിക്കുന്ന കീടനാശിനി എടുത്തു കഴിക്കാനായി അയാള്‍ നീങ്ങി. അസമയത്ത് വന്ന യജമാനനെ കണ്ട് തലകുലുക്കി എഴുന്നേറ്റ പശുവിന്‍റെ നെറ്റിയില്‍ കൈ കൊണ്ട് തഴുകുമ്പോള്‍ അയാളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ കുടുകുടാ ഒഴുകി. 

"നെനക്കെങ്കിലും ഇന്നോട് സ്നേഹം ഒണ്ടല്ലോ നന്ദിന്യേ.. ഇനിക്കത് മതി.. " ഗദ്ഗദം കൊണ്ട് വാക്കുകള്‍ മുറിഞ്ഞു.    

പെട്ടെന്ന് അടുക്കളയില്‍ പാത്രങ്ങള്‍ തട്ടിമുട്ടുന്ന ശബ്ദം കേട്ട് കൃഷ്ണന്‍കുട്ടി ജനലിലൂടെ അകത്തേക്ക് നോക്കി. ദേവയാനി ആവി പറക്കുന്ന കഞ്ഞിയും ചമ്മന്തിയും കോപ്പയിലേക്ക് പകരുന്നു. ഈ പാതിരാ നേരത്ത് അവള്‍ കഞ്ഞിയുണ്ടാക്കി കുടിക്കാനുള്ള പരിപാടിയാണോ? അയാള്‍ അവളെ സാകൂതം നിരീക്ഷിച്ചു. 

കഞ്ഞിയുമെടുത്ത് അതാ ദേവയാനി ഉമ്മറത്തേക്ക് പോകുന്നു. എന്തായിരിക്കും ഇനി ദേവു ചെയ്യാന്‍ പോകുന്നത് എന്നു ചിന്തിക്കുന്നതിനും മുമ്പ് വിളി കേട്ടു.

"കിച്ചാ.. കിച്ചാ.. തെവ്ടെ പ്പോയി കിടക്കാ?.. കിച്ചാ.. കിച്ചാ.. "   

പടിപ്പുരയിലേക്ക്‌ ഓടിച്ചെന്നു അവിടെയെല്ലാം വീക്ഷിച്ചു കൃഷ്ണന്‍കുട്ടിയെ കാണാതായപ്പോള്‍ ആ വിളിക്ക് രൂപാന്തരം പ്രാപിച്ച് ഒരു കരച്ചിലിന്‍റെ ഈണമായി. 

'വിളിക്കട്ടെ അവള്‍.. വിളിച്ചു വിഷമിക്കട്ടെ.. എന്നെ വക വയ്ക്കാത്തവളല്ലേ.. ഒന്നു വട്ടം കറങ്ങട്ടെ.. " 

അയാള്‍ മനസ്സില്‍ പറഞ്ഞെങ്കിലും.. ദേവയാനിയുടെ കണ്ണുനീര്‍ ആ മുറ്റം നനയ്ക്കുന്നത് ആലോചിക്കാന്‍ വരെ അയാള്‍ക്ക്‌ ത്രാണിയില്ലായിരുന്നു. 

"എന്താ ദേവൂ... ഞാനിവ്ടെ... പയ്യിന്.........."  

അപകര്‍ഷത സ്ഫുരിച്ച ആ സ്വരം കേട്ട് ആശ്വാസഭരിതമായ മുഖത്തോടെ ദേവയാനി അവിടേക്ക് ഓടിച്ചെന്ന് കൃഷ്ണന്‍കുട്ടിയുടെ കരം ഗ്രഹിച്ചു കൊണ്ട് വിങ്ങിക്കരഞ്ഞു.. 

"ന്നെ.. ങ്ങള്‍ക്ക് വേണ്ടേലും നിക്ക് ന്‍റെ കിച്ചല്ല്യാതെ പറ്റില്ല്യാ... വാ... ഞാന്‍ കഞ്ഞി വെളമ്പി വച്ചിട്ടുണ്ട്.. ഇനീം ചൂടാറണേക്കാള്‍ മുമ്പ് കഴിക്ക്യാ... വാ കിച്ചാ.. ന്‍റെ പൊന്നല്ലേ ... വായോ... അറിയ്വോ.. ദേ.. വരെ  ഒരു പോള കണ്ണടച്ചിട്ടില്ല്യ ഞാന്‍.."

സ്നേഹമസൃണമായ ആ വാക്കുകള്‍ കൃഷ്ണന്‍കുട്ടിയുടെ പാദങ്ങളെ വീടിന്‍റെ ഉമ്മറക്കോലായിലേക്ക് നയിച്ചു.

"നീയ് കഞ്ഞ്യുടിച്ചോ?.. നിന്‍റെ കഞ്ഞിക്കോപ്പ എവിട്യാ?.. " 

കണ്ണുകള്‍ തുടച്ചു കൊണ്ട് കഞ്ഞിക്കഭിമുഖമായി ഇരുന്ന ദേവയാനിയോട് അയാള്‍ ചോദിച്ചു                

"ഇല്ല്യാ.. ന്താ ഒരു കോപ്പ പോരേ?..  ഇക്ക്യു കിച്ചനന്നെ കോര്യന്നാല്‍ മതി... ന്നാലെ ഇപ്പൊ ന്‍റെ വെശ്പ്പ്  മാറൂ..." 

ഈര്‍ക്കില്‍ കൊണ്ട്  കുത്തി പ്ലാവിലക്കുമ്പിള്‍ ഉണ്ടാക്കി അയാള്‍ക്ക്‌ നേര്‍ക്ക്‌ നീട്ടുമ്പോള്‍ തുടുത്ത മുഖത്തോടെ ദേവയാനി പറഞ്ഞു.

- ജോയ് ഗുരുവായൂര്‍ 

No comments:

Post a Comment