Tuesday, April 7, 2015

അവസ്ഥാന്തരങ്ങള്‍

ഗാന്ധിനഗറിലെ സ്വാമിനാരായണ്‍ അക്ഷര്‍ദ്ധാം ക്ഷേത്രപരിസരത്തുള്ള ഒരു വൃക്ഷച്ചുവട്ടിലെ കല്ത്തറയിലിരുന്നുള്ള തന്‍റെ അന്നത്തെ പ്രഭാഷണം അവസാനിപ്പിച്ച് വാസുദേവ് ആചാര്യ പതിവുപോലെ ധ്യാനനിരതനായി. അത് അദ്ദേഹത്തിന്‍റെ ദശാബ്ദങ്ങളായുള്ള ഒരു ദിനചര്യയായിരുന്നു. ധ്യാനം കഴിഞ്ഞു മിഴികള്‍ തുറക്കുമ്പോള്‍ മിക്കവാറും സന്ധ്യയെ രാത്രി വിഴുങ്ങിക്കൊണ്ടിരിക്കുകയായിരിക്കും. വിജനമായ മൈതാനത്തിലെ മരങ്ങളില്‍ ചേക്കേറുന്ന അസംഖ്യം പക്ഷികളുടെ കൂജനങ്ങള്‍ അപ്പോള്‍ മാത്രമേ ഗുരുവര്യനു ശ്രാവ്യമാകുമായിരുന്നുള്ളൂ.
പതിവിനു വിപരീതമായി ഇതാ ഒരു യുവാവ് കൈകള്‍ കൂപ്പിക്കൊണ്ട്‌ നിര്‍ന്നിമേഷനായി തന്നെത്തന്നെ നോക്കിക്കൊണ്ട്‌ മുന്നില്‍ ചമ്രം പടിഞ്ഞിരിക്കുന്നു. പ്രഭാഷണത്തിനിടയില്‍ പുതുമുഖമായിരുന്ന ആ യുവാവിനെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അവന്റെ മനസ്സിൽ വ്യവച്ഛേദിച്ചറിയാനാവാത്ത ഒരായിരം വികാരങ്ങൾ തിരമാലകൾ പോലെ അലയടിക്കുന്നുണ്ടെന്ന് ആ കണ്ണുകളില്‍ നിന്നും ആചാര്യന്‍ ഗ്രഹിച്ചു.
"തമേ കോണ്‍ ഛഓ ?... തമ്നെ ശൂ  ജരൂര്‍ ഛെ?".. ശാന്തനായി അദ്ദേഹം ആ യുവാവിനോട് കാര്യം തിരക്കി.
"ഞാന്‍ ഒരു മലയാളിയാണ്.. പേര് വരുണ്‍"
ഒരു നിമിഷം ഏതോ കാണാദൂരങ്ങളില്‍ മനസ്സ് അലയുന്നതു പോലെ കണ്ണുകള്‍ അടച്ച് ആചാര്യന്‍ മൗനിയായി. പിന്നെ മുരടനക്കിക്കൊണ്ട് ചോദിച്ചു?
"എനിക്കു മലയാളം അറിയാമെന്നു വരുണിന് എങ്ങനെ മനസ്സിലായി? ആരാണ് നിന്നെ എന്‍റെ അടുക്കലേക്ക്‌ അയച്ചത്? എത്രയോ വര്‍ഷങ്ങളായി ഒരു മലയാളിയും എന്നെത്തേടി ഇവിടെ വന്നിട്ടില്ലാ.. ആര്‍ക്കും അറിയുകയുമില്ലാ ഞാനൊരു മലയാളി ആണെന്ന്"
"അങ്ങയുടെ പ്രഭാഷണം ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. എത്ര മറയ്ക്കാന്‍ ശ്രമിച്ചാലും എന്നെങ്കിലും ഒരു സുദിനത്തില്‍ സത്യത്തിന്‍റെ മുഖം തേജസ്സുള്ള സൂര്യനെപ്പോലെ ഉദിച്ചു നില്ക്കും. ആ സുദിനത്തിന്റെ ആഗമനം ചിലപ്പോള്‍ നമ്മുടെ മനുഷ്യായുസ്സിനും അപ്പുറത്തേക്കു നീണ്ടുപോയേക്കാം. എന്നാലും ആത്യന്തികമായി സത്യം അസത്യത്തിന്‍റെ മേല്‍ വിജയം നേടുകതന്നെ ചെയ്യും.. " വരുണ്‍ മറുപടിക്കായി കാത്തു.
"അതേ അതാണ്‌ പരമമായ സത്യം.. സത്യത്തെ സുസ്ഥിരമായി ബന്ധനസ്ഥമാക്കാന്‍ ആര്‍ക്കും സാധ്യമല്ലാ. ഒരിക്കല്‍ എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തമായി സത്യം പുരമുകളില്‍ നിന്നും പ്രഘോഷിക്കപ്പെടും.. എന്താ അതില്‍ വല്ല സംശയവും ഉണ്ടോ?.."
പണ്ടൊരിക്കല്‍ രാജസ്ഥാനില്‍ നിന്നും വന്ന ഒരു യുവസന്ന്യാസി പ്രഭാഷണത്തിനു ശേഷം ഒരു വിഷയത്തെക്കുറിച്ച് തര്‍ക്കിക്കാന്‍ വന്ന സംഭവം വാസുദേവ് ആചാര്യ ഓര്‍ത്തു.
"അങ്ങയുമായി ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കിക്കാനല്ല ഞാന്‍ വന്നിരിക്കുന്നത്. അങ്ങ് പറഞ്ഞതു പോലെ ഞാന്‍ അന്വേഷിച്ചു നടന്ന ഒരു സത്യം മറ നീക്കി വന്ന വിവരവും അതിനെ സംബന്ധിച്ച ചില കാര്യങ്ങള്‍ അറിയിക്കാനും കൂടിയാണ് ഞാന്‍ കാത്തുനില്ക്കുന്നത്" യുവാവ് മൊഴിഞ്ഞു.
"വരൂ.. എന്‍റെ ആശ്രമത്തിലേക്കു പോകാം.. അരുവിയില്‍ കുളിച്ചു അല്പ്പനേരം വിശ്രമിച്ചതിനു ശേഷം സംസാരിക്കാം" തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ ആചാര്യനെ യുവാവ് പിന്തുടര്‍ന്നു.
***************************************************
"വരലക്ഷ്മീ നീ ശരിക്കും ഒരു സുന്ദരി തന്നേ... എന്‍റെ ഭാഗ്യമായാണ് നിന്നെ ഒരു ഭാര്യയായി എനിക്ക് ഭഗവാന്‍ തന്നത്" ആദ്യരാത്രിയില്‍ അയാള്‍ ഭാര്യയോട് മന്ത്രിച്ചു.
ഒരു അപ്സരസിനെപ്പോലെ അയാളുടെ ചാരത്തു കിടന്നു അവള്‍ പുഞ്ചിരിച്ചപ്പോള്‍ ഉണ്ടായ നിര്‍വൃതിയില്‍ അയാള്‍ അവളെ വാരിപ്പുണര്‍ന്നു.
പിന്നേയും എന്തൊക്കെയോ വിശേഷങ്ങള്‍... കിളിക്കൊഞ്ചലുകള്‍..
"ചേട്ടാ.. ഒരു കാര്യം പറഞ്ഞാല്‍ ദേഷ്യപ്പെടുമോ?.. പറഞ്ഞില്ലെങ്കില്‍ അതെന്‍റെ മനസ്സിലൊരു വിമ്മിട്ടമായി ഇങ്ങനെ കിടക്കും.." പെട്ടെന്നാണ് അവളതു പറഞ്ഞത്
"പറയൂ ലക്ഷ്മീ.. നീ എന്ത് തന്നെ പറഞ്ഞാലും ഞാന്‍ നിന്നോട് ദേഷ്യപ്പെടുകയില്ലാ.. നിനക്ക് എന്ത് വേണമെങ്കിലും ഞാന്‍ സാധിപ്പിച്ചു തരും.. എന്‍റെ ജീവന്‍ പണയം വച്ചു പോലും... അതില്‍ ഞാനൊരു വിട്ടുവീഴ്ചയും ചെയ്യുകയില്ലാ.. " ഭാര്യയുടെ ആദ്യ ആഗ്രഹത്തിന് ചെവിയോര്‍ത്തു കൊണ്ട് പറയുമ്പോള്‍ അയാള്‍ മന്ദഹസിച്ചു.
"ചേട്ടാ.. ഒരു ഭര്‍ത്താവും അത്ര പെട്ടെന്നു പൊറുക്കാന്‍ തയ്യാറാവാത്ത ഒരു കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത്.. എന്നോട് ക്ഷമിക്കണം.. ഒരു വര്‍ഷം മുമ്പോളം എനിക്കൊരാളുമായി സ്നേഹബന്ധം ഉണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും ഞങ്ങള്‍ പരസ്പ്പരം തൊടുക പോലും ചെയ്തിട്ടില്ല. അവന് എന്നെ വലിയ പ്രിയമായിരുന്നു. ഒരു ദിവസം അവനെന്നെ കാണാന്‍ വന്നത് അച്ഛന്‍ കണ്ടു. അതോടെ ആളുകളെ വിട്ടു അവനെ തല്ലിച്ച് ഈ നാട്ടില്‍നിന്നേ ഓടിച്ചു കളഞ്ഞു. പിന്നീട് ഒരിക്കലും അവന്‍ വന്നിട്ടില്ല." അവള്‍ പറയുന്നത് ശ്രദ്ധിച്ച് ചിന്താമഗ്നനായി ബീഡിയും പുകച്ചു കൊണ്ട് മലര്‍ന്നു കിടക്കുന്ന അയാളുടെ ഭാവം അവള്‍ ശ്രദ്ധിച്ചു.
"എന്നിട്ട്??.." തുടരാനുള്ള സമ്മതം..
"ചേട്ടാ.. ഞാനൊരിക്കലും ഒരു നശിച്ച പെണ്ണല്ലാ.. സത്യമാണ് ഞാന്‍ പറയുന്നത്.. എന്നെ വിശ്വസിക്കില്ലേ?.." അയാളുടെ മുഖത്തു നിഴലിച്ച അനിശ്ചിതത്വ ഭാവം കണ്ട് അമ്പരപ്പോടെ അവള്‍ ചോദിച്ചു.
"എങ്ങനെയാണ് നീയവനുമായി പരിചയത്തിലായത്?" ഗൌരവത്തോടെയുള്ള ചോദ്യം.
"അമ്പലത്തില്‍ വച്ചൊക്കെ കണ്ടുള്ള പരിചയമായിരുന്നു. അതുപിന്നെ...." അവള്‍ അര്‍ത്ഥഗര്‍ഭമായി നിറുത്തി.
"എനിക്കെങ്ങനെ ഉറപ്പിക്കാന്‍ സാധിക്കും ഇപ്പോഴും നിങ്ങള്‍ത്തമ്മില്‍ അടുപ്പം ഇല്ലായെന്ന്?" ഗൌരവം വിടാതെ അയാള്‍ ചോദിച്ചു.
"ഞങ്ങള്‍ക്ക് പരസ്പ്പരം ഇഷ്ടമായിരുന്നു. അവനെ തല്ലിച്ചതച്ചതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ വേദന തോന്നും. പക്ഷേ സത്യമായിട്ടും ഇപ്പോള്‍ എന്‍റെ മനസ്സിലും ഹൃദയത്തിലും അവനില്ലാ. ഉണ്ടെങ്കില്‍ ഈയൊരു വിവാഹത്തിന് ഞാന്‍ സമ്മതിക്കുമായിരുന്നില്ലല്ലോ?" നിശ്ചയദാര്‍ഢ്യത്തോടെ അവള്‍ മറുപടി പറഞ്ഞു.
"ഹ ഹ ഹ ഹ ഹ ഹ " ഗൌരവം വിട്ടു അയാള്‍ പൊട്ടിച്ചിരിച്ചപ്പോള്‍ അവിശ്വസനീയതയോടെ അവളയാളെ നോക്കി..
"ലക്ഷ്മീ.. നീ കരുതുന്നതുപോലെയുള്ള ഒരാളൊന്നുമല്ല ഈ ഞാന്‍. സ്നേഹവും പ്രേമവുമൊക്കെ യുവാക്കളായാല്‍ ഉണ്ടാവും.. എന്നാല്‍ അപകടകരമായ നിലയിലേക്ക് അവ മാറുമ്പോഴാണ് കുഴപ്പമാവുന്നത്. അയാളെ നീ പൂര്‍ണ്ണമായും നിന്‍റെ മനസ്സില്‍ നിന്ന് പറിച്ചു കളഞ്ഞെന്നും അയാളുമായി യാതൊരു തരത്തിലുള്ള ശാരീരികബന്ധങ്ങളും ഉണ്ടായിട്ടില്ലെന്നും പറഞ്ഞ സ്ഥിതിക്ക്, ഞാന്‍ ആണത്തത്തോടെ പറയുന്നു. നീ വിഷമിക്കേണ്ടാ.. ഒരു ഭര്‍ത്താവും കാമുകനുമായി ഞാന്‍ നിന്‍റെയൊപ്പം മരണം വരേയും ഉണ്ടായിരിക്കും" അവളുടെ നെറുകയില്‍ ചുംബിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
അവരുടെ ദാമ്പത്യജീവിതത്തിലൂടെ സന്തോഷകരമായ നാലുവര്‍ഷങ്ങള്‍ കടന്നുപോയത് വളരെ പെട്ടെന്നായിരുന്നു. കുട്ടികള്‍ ഉണ്ടാവാത്ത ദുഃഖം അകറ്റിക്കൊണ്ട് അവള്‍ ഗര്‍ഭം ധരിച്ചെന്ന വിവരമറിഞ്ഞയന്നു അയാള്‍ വളരെ ആഹ്ലാദവാനായായിരുന്നു ജോലിക്ക് പോയിരുന്നത്. സന്തോഷാധിക്യം കൊണ്ട് ജോലിയില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാന്‍ ആവാതിരുന്നത് മൂലം അവധിയെടുത്തു വീട്ടിലേക്കു മടങ്ങിയെത്തി.
അസ്തപ്രജ്ഞനാക്കുന്ന ഒരു കാഴ്ച്ചയായിരുന്നു സ്വവസതിയില്‍ അയാളെ കാത്തിരുന്നിരുന്നത്. ലക്ഷ്മിയോടൊപ്പം കട്ടിലില്‍ ഒരു പുരുഷന്‍.
ഒരു നിമിഷത്തെ മരവിപ്പ് മാറിയ വഴി അയാള്‍ അട്ടഹസിച്ചു ചെന്ന് അവളുടെ മുടിക്കുത്തിനു പിടിച്ചു വലിച്ച് കരണങ്ങളില്‍ ഭ്രാന്തമായി അടിച്ചു. പിന്നെ യാതൊന്നും ഉരിയാടാതെ ഇറങ്ങി നടന്നു. കൈകൂപ്പിക്കൊണ്ട് ലക്ഷ്മി വിലപിക്കുന്നതൊന്നും ശ്രദ്ധിക്കാന്‍ അപ്പോള്‍ അയാള്‍ക്ക് സാധിച്ചിരുന്നില്ല.
*************************************************
"അച്ഛാ.. മുപ്പത്തിനാല് കൊല്ലം മുമ്പ് നടന്ന ഈ സംഭവത്തെക്കുറിച്ച് രണ്ടു വര്‍ഷം മുമ്പാണ് അമ്മ എന്നോട് പറഞ്ഞത്. അമ്മയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ അച്ഛനെ എന്നെങ്കിലും കണ്ടാല്‍ കുത്തിക്കൊല്ലുവാനായി ഒരു കത്തി ഞാന്‍ മൂര്‍ച്ചകൂട്ടി വച്ചിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍." ബാഗില്‍ നിന്നും തിളങ്ങുന്ന ഒരു കത്തിയെടുത്തു കാണിച്ചു കൊണ്ട് യുവാവ് പറഞ്ഞു.
"ശരി.. ഇവിടെയെങ്ങും ആരുമില്ലാ.. ആ കൃത്യം കഴിച്ചു മടങ്ങിക്കോളൂ.." വാസുദേവ് ആചാര്യ കയറുകട്ടിലില്‍ നിവര്‍ന്നു കിടന്നു.
"ഇല്ലച്ഛാ.. ഈ കത്തിയുടെ മൂര്‍ച്ച അമ്മ അന്നു പറഞ്ഞ വാക്കുകളില്‍ നശിച്ചു പോയി. എങ്ങനെയെങ്കിലും അച്ഛനെ ഒന്ന് കാണണം എന്ന ആഗ്രഹവുമായി രാജ്യം മുഴുവന്‍ അലഞ്ഞു തിരിയുകയായിരുന്നു ഞാന്‍. ഒരു മുത്തച്ഛന്‍ കൂടിയാണ് ഇപ്പോള്‍ എന്‍റെ അച്ഛന്‍" വരുണ്‍ പറഞ്ഞത് കേട്ട് വികാരവായ്പ്പോടെ അദ്ദേഹം അവനെ നോക്കി.
"തെറ്റ് ചെയ്തത് അമ്മതന്നെയായിരുന്നു. അപ്രതീക്ഷിതമായി വീട്ടില്‍ കയറിവന്ന പഴയ കാമുകന്‍റെ അധികാരത്തോടെയുള്ള നിര്‍ബന്ധബുദ്ധിക്ക് അമ്മ കീഴടങ്ങരുതായിരുന്നു. മറ്റാരുമില്ലാത്ത സമയത്ത് ആ പ്രായത്തിലുള്ള ഏതു യുവതിക്കും അത്തരം സാഹചര്യങ്ങളുടെ നൈമിഷികമായ സമ്മര്‍ദ്ദത്തിനു വശംവദരാകാതെയിരിക്കാന്‍ സാധിച്ചെന്നു വരില്ലാ.. പിന്നെ, ആരുടേയും കാലുപിടിക്കാന്‍ പോകാതെ അന്തസ്സായി അദ്ധ്വാനിച്ച്, എന്നെ പൊന്നുപോലെ പാലൂട്ടി വളര്‍ത്തിയ ആ ശരീരത്തേയും മനസ്സിനേയും മുറിപ്പെടുത്താന്‍ മനസ്സനുവദിച്ചുമില്ലാ. അന്നേ ദിവസം തുടങ്ങിയതാണ്‌ അച്ഛനെത്തേടിയുള്ള എന്‍റെ ഈ യാത്ര".. തുണിസഞ്ചിയില്‍ നിന്നും വാസുദേവന്‍ വരലക്ഷ്മി ദമ്പതിമാരുടെ വിവാഹ ഫോട്ടോ എടുത്തു നീട്ടിക്കൊണ്ടു വരുണ്‍ പറഞ്ഞു.
"ലക്ഷ്മീ?............" അയാള്‍ ചോദിച്ചു.
"ഞാന്‍ ഇറങ്ങിപ്പോയ വിഷമം അമ്മയെ തളര്‍ത്തിക്കളഞ്ഞു. വിവരം അറിഞ്ഞെങ്കിലും തിരിച്ചു പോയില്ല. ഈ ഫോട്ടോയും പിടിച്ചു വാരണാസിയിലും പരിസരങ്ങളിലും അലയുകയായിരുന്നു ഞാന്‍. പിന്നെ അച്ഛനെ കണ്ടെത്താതെ ഒരു മടക്കയാത്രയില്ലെന്നുള്ള ശപഥവും എടുത്തിരുന്നല്ലോ. അമ്മയെ നോക്കാന്‍ ശോഭനയുണ്ടെന്ന ആശ്വാസവും. അമ്മയില്ലാതെ വളര്‍ന്ന അവള്‍ക്കു അമ്മ സ്വന്തം അമ്മയെപ്പോലെത്തന്നെ. നെന്മിനി മനയ്ക്കലെ തമ്പുരാട്ടിയുടെ ചികിത്സയില്‍ ഇപ്പോള്‍ പതിയേ നടക്കാന്‍ സാധിക്കുന്നുണ്ട് എന്നറിഞ്ഞു." കണ്ണില്‍ നിന്നും ഉറവയെടുത്ത കണ്ണുനീര്‍ അവന്‍ കൈകള്‍ കൊണ്ട് തുടച്ചു.
"എല്ലാം ശരിയാവും.... ആ പായവിരിച്ച് മോന്‍ അവിടെ കിടന്നോളൂ.. നാളെ പോകാം" അയാള്‍ പറഞ്ഞു.
"വേണ്ടച്ഛാ.. ഞാന്‍ ഇറങ്ങുന്നു.. വീണ്ടും വരാം പിന്നീടൊരിക്കല്‍..."
തന്‍റെ കാല്‍ പാദങ്ങള്‍ തൊട്ടുവന്ദിച്ച് പടിയിറങ്ങിപ്പോകുന്ന മകന്‍റെ നിഴല്‍രൂപം ഇരുളില്‍ ലയിച്ചില്ലാതാകുന്നതും നോക്കി വാതില്‍ക്കല്‍ അയാള്‍ നിന്നു. കണ്ണില്‍ നിന്നും ഉരുണ്ടുവീണ കണ്ണുനീര്‍ത്തുള്ളികള്‍ കയ്യിലിരുന്ന ആ വിവാഹ ഫോട്ടോ നനച്ചു. മുറിയിലെ അരണ്ട വെളിച്ചത്തില്‍ തന്നെ നോക്കി മന്ദഹസിക്കുന്ന ലക്ഷ്മിയെ അയാള്‍ കണ്ടു.
- ഗുരുവായൂര്‍

No comments:

Post a Comment