Tuesday, April 7, 2015

ഞാന്‍ താങ്കളുടെ പുറം ചൊറിയാം.. താങ്കള്‍ എന്റേയും..

വര്‍ഷങ്ങളായി ബ്ലോഗ്സ്പോട്ടുകളില്‍ സജീവമായി വര്‍ത്തിച്ച പരിചയത്തില്‍ നിന്നും മനസ്സിലായ ചില വസ്തുതകള്‍ ഇവിടെ പകര്‍ത്താന്‍ ആഗ്രഹിക്കുന്നു.
ബ്ലോഗ്‌
ബ്ലോഗ്‌ എന്നാല്‍ ഡയറിക്കുറിപ്പുകള്‍ പോലുള്ള എഴുത്തുകളോ കഥകളോ ലേഖനങ്ങളോ കവിതകളോ പ്രസിദ്ധീകരിക്കാന്‍ ഉതകുന്ന വെബ്പേജുകള്‍ ആകുന്നു. ഒരു ബ്ലോഗിന്‍റെ ഉള്ളടക്കം എതുവിധത്തിലുള്ളത് ആയിരിക്കണം എന്ന് പൊതുവായി ഒരു നിഷ്ക്കര്‍ഷയും എവിടേയും കണ്ടിട്ടില്ല. എഴുതാന്‍ ഉതകുന്ന ഏതൊരു സഭ്യമായ വിഷയവും ബ്ലോഗ്സ്പോട്ടുകളില്‍ (ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍) അംഗങ്ങളായ ആര്‍ക്കും അതാതു ബ്ലോഗ്സ്പോട്ടുകളുടെ ഭരണസമിതി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചു വായനയ്ക്കായി സമര്‍പ്പിക്കാം. ചിലപ്പോള്‍ ഓരോ ബ്ലോഗ്സ്പോട്ടുകളുടേയും പൊതുസ്വഭാവം അല്ലെങ്കില്‍ പ്രവര്‍ത്തന അജണ്ടയനുസരിച്ച് പോസ്റ്റ്‌ ചെയ്യപ്പെടുന്ന ബ്ലോഗുകള്‍ എഡിറ്റിംഗ് അല്ലെങ്കില്‍ നീക്കംചെയ്യലിനു വിധേയവും ആയേക്കാം. എഴുത്ത് ബ്ലോഗുകള്‍ കൂടാതെ ചിത്രങ്ങള്‍, വീഡിയോ, ശബ്ദം എന്നിവയും ബ്ലോഗുകളായി പ്രത്യക്ഷപ്പെടുന്നത് കാണുന്നുണ്ട്. ബ്ലോഗ് എന്ന പദം ‘വെബ് ലോഗ്’എന്നീ രണ്ട് പദങ്ങൾ ചുരുങ്ങി ഉണ്ടായതാണ്.
ബ്ലോഗ്സ്പോട്ടുകള്‍
അന്തര്‍ലീനമായ കഴിവുകള്‍ ഉണ്ടായിട്ടും രചനകള്‍ നടത്താനുള്ള ഇച്ഛാശക്തിയില്ലാതെ അന്തര്‍മുഖരായിരുന്ന ഒത്തിരിപേരെ എഴുത്തിന്‍റെ ലോകത്തേക്ക് ആനയിക്കാന്‍ ബ്ലോഗ്സ്പോട്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇങ്ങനെ എത്രയോ പേര്‍ അപകര്‍ഷതാബോധത്തെ കുഴിച്ചുമൂടിക്കൊണ്ട് സാഹിത്യത്തിന്‍റെ മേഖലയിലേക്ക് പിച്ച വച്ച് വന്നിരിക്കാം. എഴുതിത്തുടങ്ങുന്ന ഒരു വ്യക്തിയുടെ രചനകള്‍ ഒരിക്കലും ലോകോത്തരമാവില്ലല്ലോ. അത്തരം രചനകള്‍ പ്രസിദ്ധീകരിക്കാന്‍ ഒരു ഖരമാധ്യമവും മുന്നോട്ടുവന്നെന്നും വരില്ലാ. അതുകൊണ്ട് വേറെ നിവൃത്തിയില്ലാതെ ഇത്തരം കഴിവുകളെ സ്വയം കുഴിച്ചുമൂടുക എന്ന പാതകമാണ് പലരും പണ്ട് ചെയ്തിരുന്നത്. ഇന്നത്തെ അവസ്ഥ അതല്ലാ.. ഓരോരുത്തരുടേയും രചനകള്‍ അവര്‍ അംഗമായ ബ്ലോഗ്സ്പോട്ടുകളില്‍ പോസ്റ്റ്‌ ചെയ്ത് വായനക്കാരുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ് അതനുസരിച്ച് രചനകളില്‍ മികവ് കൂട്ടാനുള്ള സംവിധാനങ്ങള്‍ ഉണ്ട്. കൂടുതല്‍ വളരാന്‍ തത്പരരായവര്‍ മറ്റുള്ളവരുടെ രചനകളില്‍ നിന്നും പഠിച്ചും തങ്ങളുടെ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് പങ്കുവച്ചും എഴുത്തിന്‍റെ ലോകത്തെ വിശാലമാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.
ബ്ലോഗെഴുത്ത് പോലെ മറ്റൊന്നും ആധുനിക കാലഘട്ടത്തില്‍ സാഹിത്യലോകത്ത് ഒരു കുതിച്ചു ചാട്ടം ഉണ്ടാകാന്‍ സഹായിച്ചിട്ടുണ്ടാവില്ലാ എന്നാണു എന്‍റെ അഭിപ്രായം. വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് എഴുത്തുകളെ വളര്‍ത്തുന്നത് എന്നതിന് സംശയമില്ലാ.. അതേ സമയം നല്ലതിനെ നല്ലത് എന്ന് എടുത്തുപറഞ്ഞു അനുമോദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഒരു അനിവാര്യതയാണ്. ഇന്ന് എഴുത്തിന്‍റെ ലോകത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പല വന്മരങ്ങളും ബ്ലോഗ്സ്പോട്ട് എന്ന മണ്ണില്‍ കുരുത്തു വളര്‍ന്നവയാണ് എന്നത് തന്നെ ബ്ലോഗ്സ്പോട്ടുകളുടെ പ്രാധാന്യം വെളിവാക്കുന്നു. തങ്ങളുടെ രചനകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സധൈര്യം പോസ്റ്റ്‌ ചെയ്യുകയും അവയ്ക്ക് ലഭിക്കുന്ന അഭിപ്രായങ്ങളിലൂടെ രചനയെ കൂടുതല്‍ ശക്തിപ്പെടുത്തി പതിയേ അച്ചടി മാധ്യമത്തിലേക്കു കാലെടുത്തു വച്ച് പ്രശസ്തരാവാനുമുള്ള വഴികള്‍ തുറന്നിടുന്നതും വഴി കലാസാഹിത്യ വാസനകളെ പരിപോഷിക്കുവാനായി ഏറ്റവും ചെലവ് കുറവില്‍ ലഭ്യമായ ഈറ്റില്ലങ്ങള്‍ ആയി ബ്ലോഗ്സ്പോട്ടുകള്‍ വര്‍ത്തിക്കുന്നു. ഇതൊരു ചില്ലറക്കാര്യം അല്ലാ. കഴിഞ്ഞ ഒരു അഞ്ചു വര്‍ഷത്തിനുള്ളില്‍ കഴിവുതെളിയിച്ച പല എഴുത്തുകാരുടെയും ഈറ്റില്ലങ്ങള്‍ ബ്ലോഗ്സ്പോട്ടുകള്‍ തന്നേ..
സഹകരണാടിസ്ഥാനത്തില്‍ പുറം ചൊറിഞ്ഞു കൊടുക്കപ്പെടും!
എഴുത്തുകാരും വായനക്കാരും ബ്ലോഗുകളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ കാണിക്കുന്ന ശുഷ്ക്കാന്തി ആരോഗ്യകരമാണെങ്കില്‍ പ്രശംസാര്‍ഹമാണ്. എന്നാല്‍ പലയിടത്തും ഗ്രൂപ്പ് കളികളിലൂടെ ബ്ലോഗ്സ്പോട്ടുകളുടേയും ബ്ലോഗുകളുടേയും നിലവാരവും സ്ഥിരതയും കുറഞ്ഞു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ഗ്രൂപ്പുകളിലുള്ളവര്‍ ആ ഗ്രൂപ്പിലുള്ള അംഗങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്ന രചനകളില്‍ സഹകരണാടിസ്ഥാനത്തില്‍ കമന്റ് താണ്ഡവം തന്നെ നടത്തും. എന്ത് വളിപ്പ് എഴുതിവച്ചാലും അതിനെ ലോകോത്തരം എന്ന് വിളിക്കുകയും അതുവഴി എഴുതിയ ആളുടെ മുന്നോട്ടുള്ള പുരോഗമനത്തിനു മൂക്കുകയറിടുകയും ചെയ്യുന്നു. അതേപോലെ എതിര്‍ ഗ്രൂപ്പുകളിലുള്ള അംഗങ്ങളുടെ രചനകളില്‍ നെല്‍പ്പാടങ്ങളില്‍ വെട്ടുകിളി കൂട്ടമായി ഇറങ്ങുന്നതുപോലെ ഇറങ്ങിച്ചെന്നു ബ്ലോഗിന്‍റെ കൂമ്പു തന്നെ കരണ്ട് തിന്നുകയും ബ്ലോഗറുടെ എഴുതാനുള്ള മനസ്സിനെത്തന്നെ മുരടിപ്പിക്കുകയും ചെയ്യുന്ന ആഭാസത്തരവും ഈ ഗ്രൂപ്പ് കളിക്കാരുടെ കയ്യില്‍ ഉണ്ട്. ഇതേപോലുള്ള സംഭവങ്ങളില്‍ മനസ്സ് മടുത്ത എത്രയോ പേര്‍ പേന കുത്തിയൊടിച്ചു കളഞ്ഞ് ചുമ്മാ ഫേസ്ബുക്കില്‍ ലൈക്കും അടിച്ചു സമയം കളയുന്നുണ്ട് എന്നറിയാമോ?!
എം. ടിയുടേയും സക്കറിയയുടെയും മലയാറ്റൂരിന്റെയും പോലെ എഴുത്തിന്‍റെ ലോകത്ത് ഒരിക്കലും മായാത്ത വ്യക്തിമുദ്രകള്‍ പതിപ്പിച്ച അധികം പേര്‍ ബ്ലോഗ്സ്പോട്ടുകളില്‍ ഉണ്ടായിക്കൊള്ളണം എന്നില്ല. എന്നാല്‍, കറകളഞ്ഞ ചില വായനക്കാരെ നമുക്ക് ഇത്തരം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കാണാന്‍ സാധിച്ചേക്കാം. വായിക്കുന്ന ബ്ലോഗുകള്‍ക്ക്‌ അവര്‍ നല്‍കുന്ന വസ്തുനിഷ്ഠമായ അഭിപ്രായങ്ങളും തിരുത്തുകളും സ്വാംശീകരിക്കാന്‍ ഒരു രചയിതാവ് തയ്യാറാവുകയാണെങ്കില്‍ ആയിരക്കണക്കിന് പുസ്തകങ്ങള്‍ വായിച്ച ഗുണമാണ് ലഭിക്കുന്നത് എന്നതിന് തര്‍ക്കമില്ല. പക്ഷേ, അമ്പത് ശതമാനത്തില്‍ക്കൂടുതല്‍ ബ്ലോഗ്ഗെര്‍മാരും താന്‍ എഴുതിയത് വിമര്‍ശിക്കപ്പെടുമ്പോള്‍ അത് വിമര്‍ശകന്റെ വ്യക്തിവിദ്വേഷമാണ് ബ്ലോഗ്ഗില്‍ പ്രതിഫലിപ്പിക്കുന്നത് എന്ന രീതിയിലാണ് നോക്കിക്കാണുന്നത് എന്നത് പരിതാപകരമായ കാര്യമാണ്.
ഒന്നോ രണ്ടോ പത്തോ അമ്പതോ ബ്ലോഗുകള്‍ എഴുതിയത് കൊണ്ട് ആരും കറകളഞ്ഞ എഴുത്തുകാരാവുന്നില്ലാ. എഴുത്തിന്‍റെ മേഖല എത്രയോ വലുതാണ്‌. എഴുത്തുകാര്‍ എഴുതിയെഴുതി തെളിയുക തന്നെ വേണം.. തങ്ങള്‍ വളരെ വലിയ എഴുത്തുകാര്‍ ആണെന്ന അബദ്ധധാരണയും വിവരക്കേടും ഉള്ളവരാണ് വായനക്കാരുടെ സുഖിപ്പിക്കുന്ന അഭിപ്രായങ്ങളുടെ ഉപാസകരായിത്തീരുന്നത്. ഇവരൊന്നും ജന്മത്തില്‍ നല്ല എഴുത്തുകാരായി മാറുകയില്ലാ. എഴുത്ത് എന്ന സപര്യയുടെ സങ്കീര്‍ണ്ണമായ ഏതെങ്കിലും വളവുകളില്‍വച്ച് തങ്ങളുടെ യഥാര്‍ത്ഥകഴികളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന അപകര്‍ഷതാ ബോധത്തില്‍ ഇത്തരക്കാരുടെ എഴുത്തുകള്‍ തമോവത്ക്കരിക്കപ്പെടും എന്നതിന് യാതൊരു സംശയവും ഇല്ലാ..
കറകളഞ്ഞ എഴുത്തുകാര്‍ ഒരിക്കലും അഭിപ്രായങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കില്ലാ. അക്ഷരങ്ങളേയും വാക്കുകളേയും എഴുത്തുകളേയും ഉപാസിക്കുന്നവര്‍ ഒരിക്കലും ക്രിയാത്മകമായ അഭിപ്രായങ്ങളെ പരിഹസിക്കുകയില്ല. അഥവാ അഭിപ്രായങ്ങളിലെ ന്യൂനതകളെ ചൂണ്ടിക്കാണിച്ച് അവ തിരുത്താനുള്ള ഉപദേശം നല്കാന്‍ മടി കാണിക്കുകയുമില്ല. വായനക്കാര്‍ ബ്ലോഗുകളില്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ എല്ലാം അതേപടി സ്വാംശീകരിക്കണം എന്നൊന്നുമില്ല. അഭിപ്രായങ്ങളില്‍ പതിയിരിക്കുന്ന വിവരക്കേടും അശ്രദ്ധയും പിഴവുകളും നല്ല രീതിയില്‍ ചൂണ്ടിക്കാണിക്കാനും ബ്ലോഗ്ഗര്‍ തയ്യാറാവണം. അതിലൂടെ വായനക്കാരും വളരുകയാണ് എന്ന ബോദ്ധ്യം ബ്ലോഗ്ഗര്‍ക്കും ഉണ്ടാവണം. അത്യാവശ്യം നന്നായിത്തന്നെ എഴുതുന്നു എന്ന് മറ്റുള്ളവരാല്‍ പറയപ്പെടുന്ന തന്നെ താരതമ്യേന പ്രായം കൊണ്ടും കഴിവുകള്‍ കൊണ്ടും പിറകിലായ ഒരു കീടം വിമര്‍ശിക്കുകയോ?!.. തീക്കട്ടയില്‍ ഉറുമ്പോ?!... എന്ന രീതിയില്‍ യുവാക്കളായ വായനക്കാരുടെ അഭിപ്രായങ്ങളെ പുച്ഛത്തോടെ നോക്കിക്കാണുന്ന ചില മുതിര്‍ന്ന എഴുത്തുകാരും ഉണ്ട്. തലയിലെ നരയല്ലാ എഴുത്തിന്‍റെ ഗുണം നിശ്ചയിക്കുന്നത്. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്‍ വരെ പിഴവുകള്‍ വരുത്തിയേക്കാം. അത് പലരാലും ചൂണ്ടിക്കാണിക്കപ്പെട്ടെന്നും വരാം. അത് അംഗീകരിക്കാനും തിരുത്തുകള്‍ വരുത്താനുമുള്ള സഹൃദയത്വം ആണ് വേണ്ടത്.
പണ്ടൊരു രാജാവ് പള്ളിയെഴുന്നെള്ളത്തിനായി ആനപ്പുറത്ത് കയറിയിരുന്നത് എതിര്‍ദിശയില്‍ ആയിപ്പോയി. മന്ത്രി വളരെ ഭവ്യതയോടെ രാജാവിനോട് തിരിഞ്ഞിരിക്കാന്‍ അപേക്ഷിച്ചു. അബദ്ധം പിണഞ്ഞെന്നു ബോദ്ധ്യം വന്ന രാജാവ് മറ്റുള്ളവരുടെ മുന്നില്‍ വച്ച് തെറ്റ് തിരുത്താന്‍ തയ്യാറായില്ല. "നോം ഇരുന്നത് ഇരുന്നു.. ഇനി വേണമെങ്കില്‍ ആനയെ തിരിച്ചു നിര്‍ത്തിക്കോളൂ.." എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കുഴഞ്ഞു പോയില്ലേ? ഏതാണ്ട് ഇതേ ചിന്താഗതിയുള്ള ധാരാളം ബ്ലോഗ്ഗര്‍മാരെ കാണാന്‍ ഇടയായിട്ടുണ്ട്. ഇത്തരക്കാരോക്കെ സാഹിത്യസപര്യയ്ക്കു ഇറങ്ങിത്തിരിക്കുന്നത്‌ എന്തിനാണ് എന്ന് മനസ്സിലാവുന്നില്ലാ.
ചില എഴുത്തുകാരായ വായനക്കാര്‍ മറ്റുള്ളവരുടെ കൃതികളെ നിശിതമായി വിമര്‍ശിക്കുകയും സ്വന്തം കൃതികളില്‍ അതേ പിഴവുകള്‍ത്തന്നെ യാതൊരു ഉളുപ്പും കൂടാതെ ചെയ്യുന്നതും കാണാറുണ്ട്‌. ചുരുങ്ങിയ പക്ഷം നാം വിമര്‍ശനവിധേയമാക്കുന്ന പിഴവുകളെങ്കിലും തങ്ങളുടെ രചനയില്‍ ഒഴിവാക്കാന്‍ ഇവര്‍ ശ്രദ്ധിക്കേണ്ടതല്ലേ? വിമര്‍ശനം അഴിച്ചു വിടുന്നവര്‍ തിരിച്ചും വിമര്‍ശനങ്ങള്‍ സമചിത്തതയോടെ ഏറ്റുവാങ്ങാന്‍ തയ്യാറുള്ളവര്‍ ആയിരിക്കണം. അല്ലെങ്കില്‍ വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്ന പ്രതിവിമര്‍ശനങ്ങള്‍ നല്കാന്‍ കെല്‍പ്പുള്ളവര്‍ ആയിരിക്കണം. അല്ലാത്തവര്‍ ഈ പണിക്കു നില്ക്കാതിരിക്കുകയാവും നന്നാവുക.
വ്യക്തിഹത്യ
തങ്ങളുടെ ബ്ലോഗില്‍ വിമര്‍ശനം അഴിച്ചു വിട്ട വ്യക്തികളുടെ തൂലിക ചലിക്കുന്നതും നോക്കി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന ചില ബ്ലോഗു ജീവികളേയും ബ്ലോഗുലോകത്ത് ധാരാളമായി കാണാം. വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുക എന്ന രീതിയിലേക്ക് വിമര്‍ശനങ്ങളുടെ ഗതി മാറപ്പെടുമ്പോള്‍ ഒടിയുന്നത്‌ എഴുത്താണിയുടെ മുനയാണ്. അതേസമയം ചിലര്‍ക്ക് (ഇവരെ ചൊറിച്ചിലുകാര്‍ എന്നുതന്നെ വിളിക്കട്ടേ) ഇത്തരം വിമര്‍ശനക്കഷായങ്ങള്‍ അത്യാവശ്യം തന്നെയാണ് താനും. എന്തും ഏതും വിമര്‍ശിക്കുക, അതുവഴി തങ്ങള്‍ എഴുതിയ ആളിനേക്കാള്‍ ബുദ്ധിയും വിവരവും ഉള്‍ക്കാഴ്ച്ചയും ഉള്ളവരാണ് എന്ന് പൊതുജനമദ്ധ്യത്തില്‍ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെയൊക്കെ വിമര്‍ശനങ്ങള്‍ക്ക് പിറകിലെന്ന് ആര്‍ക്കും മനസ്സിലാവും. എഴുത്തിലൂടെ ആത്മാര്‍ത്ഥമായി കടന്നുപോയി എന്താണ് എഴുത്തുകാര്‍ ഫലിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത് എന്നത് മനസ്സിലാക്കുക എന്നതും, ടൈപ്പിംഗ്‌ പിഴവുകള്‍ കൊണ്ടോ അജ്ഞത കൊണ്ടോ എഴുത്തില്‍ വന്നു ചേര്‍ന്നിട്ടുള്ള പിഴവുകള്‍ പരിഹാസദ്യുതിയില്ലാതെ ചൂണ്ടിക്കാണിക്കുകയും ചെയ്യുക എന്നതാണ് യഥാര്‍ത്ഥ വിമര്‍ശകരായ വായനക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ എഴുതുന്നയാളുടെ മേല്‍ കരിവാരിത്തേയ്ക്കുകയും അവരെക്കാള്‍ വലിയവരാണ് തങ്ങള്‍ എന്ന് സ്ഥാപിക്കുകയും ചെയ്യലല്ലാ വിമര്‍ശനം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും സാധിച്ചേക്കാം എന്നാല്‍ അതേപോലെ ഒന്നു എഴുതണമെന്ന് വിചാരിച്ചാല്‍ നടക്കാത്തവരായിരിക്കും ഇത്തരക്കാരില്‍ ഭൂരിപക്ഷവും. ഇവരുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്ന് വച്ചാല്‍, എഴുത്തിലെ നല്ല വശങ്ങള്‍ ചൂണ്ടിക്കാണിച്ച് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ഒരിക്കലും ഇവര്‍ മുതിരാറില്ല എന്നതാണ്. ഒരുതരം ശത്രുതാ മനോഭാവത്തോടെ അല്ലെങ്കില്‍ അസൂയാത്മകമായ ഭാവത്തോടെ ബ്ലോഗ്സ്പോട്ടുകളില്‍ ഭീകരത സൃഷ്ടിക്കുവാനായിരിക്കും ഇവര്‍ എപ്പോഴും ശ്രമിക്കുക.
പുകഴ്ത്തല്‍
പുകഴ്ത്തലും എഴുത്തിന്‍റെ കൂമ്പ് നശിപ്പിക്കുന്ന ഒരു പ്രതിഭാസമാണ്. എഴുത്തില്‍ പിഴവുകള്‍ ഉണ്ടെന്നു നല്ല ബോദ്ധ്യം ഉണ്ടായിട്ടുകൂടി അത് ചൂണ്ടിക്കാണിക്കാതെ എഴുത്തുകാരുടെ സ്നേഹവും പ്രീതിയും ബഹുമാനവും അടുപ്പവും നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ എന്തും ഏതും കൊള്ളാം, അടിപൊളി, നന്നായിട്ടുണ്ട് എന്നൊക്കെ പറഞ്ഞു സുഖിപ്പിക്കുന്ന ഏര്‍പ്പാട് എത്രയോ അപലപനീയമാണ്. ഇത്തരക്കാരെ കാണുബോള്‍ സഹതാപമാണ് തോന്നാറ്. അതേ പോലെത്തന്നെ, മിക്കസമയവും ഇന്റര്‍നെറ്റ്‌ എന്ന മായികവലയത്തിന്റെ ഏതോ മൂലയില്‍ മറ്റുള്ളവര്‍ക്ക് ദൃഷ്ടിഗോചരമല്ലാത്ത രീതിയില്‍ മറഞ്ഞിരിക്കുകയും ബ്ലോഗ്സ്പോട്ടില്‍ "കിളിച്ചില്ലകള്‍" അനങ്ങുന്ന ശബ്ദം കേള്‍ക്കുന്നമാത്രയില്‍ തന്നെ പറന്നുവന്നു മുഖം കാണിക്കുകയും ' ഓ.. സൊ സ്വീറ്റ്... ഫന്റാസ്റ്റിക്.. അതിമനോഹരം.. എന്നുമാത്രമല്ലാ കിലോമീറ്ററുകളോളം നീണ്ട മധുരം കിനിയുന്ന അഭിപ്രായങ്ങളും പഠിപ്പിക്കലുകളും ഉപദേശങ്ങളും നടത്തി എഴുത്തിനെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നവരുമായ തരളഹൃദയരായ വായനക്കാരും ഉണ്ട്. ഹാ കഷ്ടം എന്നേ ഇത്തരക്കാരോട് പറയാനുള്ളൂ.. ഇത്തരക്കാരില്‍ പ്രായഭേദവും ഇല്ലാ എന്നതാണ് അത്ഭുതകരം! സ്ത്രീജനങ്ങളുടെ ബ്ലോഗുകളില്‍ മാത്രം പറന്നിറങ്ങി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന ഇത്തരക്കാര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ സ്വയം പരിഹാസ്യരാവുന്നത് അറിയുന്നില്ലാ എന്നതാണ് അതിലും ഖേദകരം. പുരുഷപ്രജ എഴുതുന്ന ബ്ലോഗുകള്‍ ഒന്നും ഇത്തരക്കാര്‍ക്ക് കണ്ണില്‍ പിടിക്കില്ല.
കൊടുത്താല്‍ കൊല്ലത്തും കിട്ടും
ചില എഴുത്തുകാരായ വായനക്കാരുടെ നയം രസകരമാണ്. തങ്ങളുടെ ബ്ലോഗില്‍ അഭിപ്രായം പറയുന്നവരുടെ ബ്ലോഗ്ഗില്‍ മാത്രം അഭിപ്രായം രേഖപ്പെടുത്തും. മാത്രമല്ലാ പിഴവുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവരുടെ അതൃപ്തി നേടേണ്ടി വരുമോ എന്ന ഭയത്തില്‍ വിമര്‍ശനാത്മകമായി ഒരക്ഷരം എഴുതുകയുമില്ലാ. സ്വാഭാവികമായും ഇവരുടെ ബ്ലോഗുകളില്‍ അതേ നാണയത്തിലുള്ള അഭിപ്രായങ്ങള്‍ തിരിച്ചും രേഖപ്പെടുത്തപ്പെടുന്നതായി കാണപ്പെടുന്നു. എഴുതിയത് ആരുതന്നെയായാലും വിമര്‍ശിക്കുന്നത് ആരുതന്നെയായാലും അതിലെ സത്ത ഉള്‍ക്കൊണ്ടുള്ള പ്രതികരണം ഇത്തരക്കാര്‍ക്ക് ഒരിക്കലും സാധ്യമാവുകയില്ല.
ഞാന്‍ എഴുതും.. നിങ്ങള്‍ വായിക്കണം
വര്‍ത്തമാനപത്രമില്ലിലെ യന്ത്രങ്ങള്‍ പത്രങ്ങള്‍ നിരന്തരം അച്ചടിച്ചു തള്ളുന്നത് പോലെ അല്ലെങ്കില്‍ ആട് കാഷ്ഠിക്കുന്നത് പോലെ ഒന്നിനുപിറകെ ഒന്നായി ബ്ലോഗുകള്‍ ചര്‍ദ്ദിച്ചിടുകയും ബ്ലോഗില്‍ വരുന്ന അഭിപ്രായങ്ങളോട് പ്രതികരിക്കാന്‍ സമയം കാണാത്തവരുമായ ധാര്‍ഷ്ട്യം കൈമുതലായ ചില ബ്ലോഗ്ഗര്‍മാരെ മിക്കവരും ശ്രദ്ധിച്ചിരിക്കും. ഇവരെയൊക്കെ വച്ച് പൊറുപ്പിക്കുന്ന ബ്ലോഗ്സ്പോട്ടുകളെ ശരിക്കും ആദരിക്കണം. ബ്ലോഗുകള്‍ വായിച്ചു അഭിപ്രായം പറയാനോ സ്വന്തം ബ്ലോഗില്‍ വായനക്കാര്‍ എഴുതുന്ന അഭിപ്രായങ്ങളോട് പ്രതികരിക്കാനോ സമയമില്ലാ എന്ന് പറയുന്ന ഇക്കൂട്ടര്‍ക്ക് ബ്ലോഗുകള്‍ എഴുതാനും പോസ്റ്റ്‌ ചെയ്യാനും സമയമുണ്ട് എന്നതാണ് അത്ഭുതകരം. വായനാസുഖം തരുന്ന ബ്ലോഗുകള്‍ ആണ് പോസ്റ്റ്‌ ചെയ്തുകൊണ്ടിരിക്കുന്നത് എങ്കില്‍ ഇത്തരക്കാരുടെ ഈ നടപടിയെ അല്പ്പമെങ്കിലും ന്യായീകരിക്കാം. എന്നാല്‍ ചവറുകള്‍ മാത്രം നിരന്തരം പോസ്റ്റ്‌ ചെയ്യപ്പെട്ടുകൊണ്ടിരുന്നാല്‍ വായനക്കാര്‍ക്ക് ബ്ലോഗ്ഗറോട് വിരക്തിയാണ് ഉണ്ടാവുക എന്ന് ഇത്തരക്കാര്‍ മനസ്സിലാക്കുക.
ബ്ലോഗ്ഗര്‍ക്ക് ഉപകാരപ്പെടാത്ത അഭിപ്രായങ്ങള്‍
ചിലര്‍ ബ്ലോഗുകള്‍ വായിച്ചു ഇടുന്ന കമന്റുകള്‍ ബ്ലോഗിന് ആധാരമായ വിഷയത്തെക്കുറിച്ചുള്ള അവരുടെ അറിവ് നിരത്തല്‍ ആയിരിക്കും. അതേസമയം ബ്ലോഗിനെ വിലയിരുത്താന്‍ അവര്‍ തുനിയുകയില്ലാ. ബ്ലോഗ്‌ എഴുതിയത് നല്ല രീതിയില്‍ ആണോ,എന്തൊക്കെയാണ് എഴുത്തിന്‍റെ അപാകതകള്‍ എന്നൊക്കെ അറിയാന്‍ ഉത്സുകരായിരിക്കുന്ന ബ്ലോഗ്ഗര്‍മാര്‍ക്ക് വളരാനുള്ള സംഭാവനകള്‍ ഇത്തരം കമന്റുകളില്‍ ഇല്ലാ എന്നതാണ് ശോചനീയം. വെറുതെ കൊള്ളാം, നന്നായിട്ടുണ്ട് എന്നിവയും ഈ ഗണത്തില്‍പ്പെടും. ഒന്നുകൂടി നന്നാക്കാമായിരുന്നു... എന്ന് പറഞ്ഞു പോകുന്നവരും ഉണ്ട്. എന്നാല്‍ ഏതു രീതിയില്‍ അല്ലെങ്കില്‍ ഏതു മേഖലയില്‍ ആണ് ന്യൂനതകള്‍ എന്ന് ചൂണ്ടിക്കാണിച്ചാലല്ലേ എഴുത്തുകാര്‍ക്ക് അവ പരിഹരിക്കാനാവുകയുള്ളൂ?.. ബ്ലോഗുകള്‍ വായിക്കാതെ തന്‍റെ സാന്നിദ്ധ്യം മാത്രം അറിയിക്കുന്ന ലൈക്കുകള്‍ അടിച്ചു പറന്നുപോകുന്ന വായനക്കാരും ഉണ്ട്. നിമിഷങ്ങള്‍ക്കകം പത്തോ പതിനഞ്ചോ ബ്ലോഗുകളില്‍ ഇത്തരക്കാര്‍ ലൈക്‌ അടിക്കും.. അതില്‍നിന്നു തന്നെ മനസ്സിലാക്കാം ബ്ലോഗുകള്‍ വായിക്കാതെയാണ് ലൈക്കുകള്‍ അടിക്കപ്പെടുന്നത് എന്ന്.
അപ്പോള്‍ 'ആകെ മൊത്തം ടോട്ടല്‍' എനിക്ക് പറയാനുള്ളത് ഇതാണ്... ബ്ലോഗുകള്‍ പോസ്റ്റ്‌ ചെയ്യപ്പെടുമ്പോഴും അവ വായിച്ച് അഭിപ്രായം പറയപ്പെടുമ്പോഴും അവ എഴുത്തിന്റേയും വായനയുടെയും പുരോഗമനം മാത്രം ലക്ഷ്യമാക്കിയുള്ളത് ആവണം എന്ന് തന്നെയാണ്. ആദ്യമായി എഴുതിത്തുടങ്ങുന്നവരുടെ ബ്ലോഗുകളെ ചവറുകള്‍ എന്ന് അധിക്ഷേപിച്ചു തള്ളാതെ അതിലെ ന്യൂന്യതകള്‍ സഹിഷ്ണുതയോടെ ചൂണ്ടിക്കാണിക്കുകയും ചെയ്യുക, വ്യക്തി വൈരാഗ്യങ്ങളും ഈഗോയും എഴുത്തിന്‍റെ മേഖലയില്‍ പ്രതിഫലിപ്പിക്കാതെയിരിക്കുക, തങ്ങള്‍ കാലാകാലങ്ങളായി അനുവര്‍ത്തിച്ചു പോരുന്ന അറിവുകളാണ് ആത്യന്തികമെന്നു ബ്ലോഗ്ഗറെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാതിരിക്കുക, ഓരോരുത്തരുടേയും ശൈലിയില്‍ത്തന്നെ രചന നടത്താനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുക, അടുപ്പവും സ്നേഹവും എല്ലാം കണക്കില്‍ എടുത്തു അഭിപ്രായങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് എഴുതാതിരിക്കുക, ബ്ലോഗില്‍ വരുന്ന അഭിപ്രായങ്ങളോട് പ്രതികരിക്കാന്‍ ബ്ലോഗ്ഗര്‍മാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുക ഇത്യാദി ചെറിയ വലിയ കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിച്ചാല്‍ ബ്ലോഗ്സ്പോട്ടുകള്‍ വിജയക്കൊടി പാറിക്കും എന്നതിന് സംശയമുണ്ടോ? എഴുത്തിന്റേയും വായനയുടെയും കലകളുടെയും വികാസം മാത്രമല്ലാ അവകളിലൂടെയുള്ള സൌഹൃദവും ഇത്തരം കൂട്ടായ്മകള്‍ ലക്ഷ്യമിടുന്നുണ്ട് എന്ന സുപ്രധാന കാര്യവും നമ്മള്‍ വിസ്മരിക്കരുത്.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാവരുടെ മനസ്സിലൂടെയും എപ്പോഴെങ്കിലും കടന്നുപോയിരിക്കാവുന്നവയായിരിക്കാം.. എല്ലാം കൂടി ഞാനൊന്നു സൂചിപ്പിച്ചു എന്ന് മാത്രം.. എല്ലാവരുടെയും അഭിപ്രായങ്ങള്‍ സാദരം പ്രതീക്ഷിക്കുന്നു..

No comments:

Post a Comment