എത്രയോ തവണ അവളുടെ മനസ്സാക്ഷിക്കോടതിയുടെ ഏകാധിപത്യ സ്വഭാവത്താല്‍ അപമാനത്തിന്‍റെ കയങ്ങളില്‍ എറിയപ്പെട്ടിരിക്കുന്നു എങ്കിലും അവളെ മറക്കാന്‍ അയാള്‍ക്കാവുമായിരുന്നില്ല. സമുദ്ര നീലിമ കൂടുകെട്ടിയ അവളുടെ കണ്ണുകള്‍ ചിമ്മിത്തുറക്കുമ്പോള്‍ പളുങ്കുകള്‍ തിളങ്ങുന്നത് കാണാം. അത് ശ്രദ്ധിച്ചിട്ട് തന്നെയായിരിക്കണം ബ്രിഗേഡിയര്‍ അമ്മാവന്‍ അവള്‍ക്കു നീലിമയെന്ന പേരിട്ടു വിളിച്ചിരിക്കുക.
പുല്ലുമേയാന്‍ വന്നിരുന്ന ആട്ടിന്‍കൂട്ടത്തിലെ അവസാനത്തെ ചെമ്മരിയാടും മൊട്ടക്കുന്നിനു താഴേക്കു ഇഴയുന്ന വീതികുറഞ്ഞ നടപ്പാതയിലൂടെ അപ്രത്യക്ഷമായിക്കഴിഞ്ഞിട്ടും, കയറ്റം കയറിവരുന്ന അവളുടെ സ്കൂട്ടിയുടെ മുനിഞ്ഞു കത്തുന്ന ഒറ്റക്കണ്ണിനായി അയാള്‍ ആകാംക്ഷാഭരിതനായി താഴേക്കു മിഴികളെറിഞ്ഞു കൊണ്ടിരുന്നു. ദിവസം മുഴുവന്‍ വെളിച്ചം വീശി അവശനായ സൂര്യന്‍ ദൂരെ അവ്യക്തമായി കാണുന്ന വലിയ കുന്നിന്‍ നെറുകയില്‍ തളര്‍ന്നു വീണുകഴിഞ്ഞാല്‍പ്പിന്നെ അവിടെ മലങ്കുറത്തിയമ്മയുടെ മുന്നിലെ കല്‍വിളക്കില്‍ എണ്ണയും മൃഗക്കൊഴുപ്പും ആവാഹിച്ചു കത്തുന്ന ഒരു തിരി മാത്രമായിരിക്കും ഇരുട്ടിനെ കീറിമുറിക്കാനായി ഉണ്ടാവുക.
"ഇത്രയും വൈകിയ സ്ഥിതിക്ക് ഇനിയവള്‍ വരുന്നുണ്ടാവില്ലാ.. പക്ഷേ, മാസങ്ങള്‍ക്കു ശേഷമുള്ള ഇന്നത്തെ കണ്ടുമുട്ടല്‍ അവള്‍ക്കെങ്ങനെ അവഗണിക്കാന്‍ സാധിക്കും?!.. വരുന്ന വഴി ഇനി വല്ല....." ജീന്‍സില്‍ നിന്നും മൊബൈല്‍ എടുത്തു നീലിമയെ വിളിക്കാന്‍ തുനിഞ്ഞ പ്രമോദിനെ പെട്ടെന്ന് ചില ചിന്തകള്‍ വിലക്കി.
പരിപാടിയില്‍ എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ സാധാരണ ഗതിയില്‍ അവള്‍ വിളിച്ചു പറയേണ്ടതാണ്. അവള്‍ വിളിച്ചില്ലാ എന്നതിനര്‍ത്ഥം അവള്‍ എന്തോ ഗൌരവമായ കാര്യങ്ങളില്‍ കുടുങ്ങിക്കാണണം എന്നു തന്നേ. ആ അവസ്ഥയില്‍ തന്‍റെ ഫോണ്‍ ചെല്ലുന്നത് തികച്ചും അനുചിതമായിരിക്കും. പണ്ടാണെങ്കില്‍ കഥ ഇതല്ലായിരുന്നെങ്കിലും.. ഇന്ന് തന്‍റെ അധികാരപരിധിയില്‍ നിന്നും അവളെത്രയോ അകലത്തായിരിക്കുന്നു.
മലങ്കുറത്തിയമ്മയുടെ മുന്നില്‍ കത്തിക്കൊണ്ടിരിക്കുന്ന വിളക്കിനു ചുറ്റും ഭക്തിപരവശരായെന്നോണം അനന്തമായി ഭ്രമണം ചെയ്ത മോഹാലസ്യത്തില്‍ ആത്മാഹുതി ചെയ്യുന്ന പ്രാണികളുടെ നൈമിഷികങ്ങളായ ചിതകളില്‍ നിന്നും നിര്‍ഗ്ഗമിക്കുന്ന കരിഞ്ഞ മാംസത്തിന്‍റെ ദുര്‍ഗന്ധം അവനിരിക്കുന്ന കല്‍മണ്ഡപത്തിലേക്ക് ഒഴുകിവന്നിരുന്നത് അരോചകമായി തോന്നി. എങ്കിലും അയാള്‍ക്ക് ഈ മണ്ഡപത്തെ ഒരിക്കലും മറക്കാനാവില്ല.
ഒരിക്കലും പിരിയില്ലെന്ന് കരുതിയിരുന്ന ആ ബന്ധം തുടങ്ങിയത് പൌരാണികതയുടെ ഊന്നുവടിയും പേറി കാഴ്ച്ചയില്‍ ഏതു നിമിഷവും നിലംപൊത്തിയേക്കാം എന്ന രീതിയില്‍ സ്ഥിതി ചെയ്യുന്ന ഈ കല്‍മണ്ഡപത്തേയും അതിനു അല്പ്പം മാറി ചെറിയൊരു കോവിലില്‍ പ്രതിഷ്ഠിച്ച മലങ്കുറത്തിയമ്മയേയും സാക്ഷി നിര്‍ത്തിയായിരുന്നു. ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന സകല സമസ്യകള്‍ക്കും പരിഹാരമേകാന്‍ സന്ധ്യാസമയങ്ങളില്‍ മൊട്ടക്കുന്നിലെ കല്‍മണ്ഡപത്തെ തഴുകുന്ന ആ കുളിര്‍ക്കാറ്റിനു സാധിച്ചിരുന്നു. എന്നാല്‍, ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒരു ദുരന്തം പോലെ കടന്നുപോയ ആ ത്രിസന്ധ്യയില്‍ കല്‍മണ്ഡപത്തിളിരുന്ന തങ്ങളെ തഴുകിയ കാറ്റിനു പറയാന്‍ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ലാ ഏതോ ഉള്‍ത്താപത്തില്‍ നിന്നുരുവായ ദീര്‍ഘനിശ്വാസം പോലെ ഉഷ്ണമായിരുന്നു അത് പേറി വന്നിരുന്നതും.
താഴ്വാരത്തില്‍ മിന്നാമിനുങ്ങിനെപ്പോലെ തിളങ്ങുന്ന ഒരു തെരുവു വിളക്ക് മാത്രം മൊട്ടക്കുന്നില്‍ നിന്നും നോക്കുമ്പോള്‍ കാണാം. ഇനി കാത്തിരുന്നിട്ടു കാര്യമില്ലാ എന്ന തിരിച്ചറിവില്‍ പ്രമോദ് ബൈക്കില്‍ കയറിയിരുന്നു സ്റ്റാര്‍ട്ട് ബട്ടണില്‍ വിരലമര്‍ത്തി. ഒരു പന്തയത്തിന് തയ്യാറെടുത്ത കുതിരയെപ്പോലെ മോട്ടോര്‍ സൈക്കിള്‍ മുരണ്ടു. വളഞ്ഞുപുളഞ്ഞു കുന്നിറങ്ങിപ്പോകുന്ന പ്രകാശത്തില്‍ പൊന്തക്കാടുകളിലെ ഇരുളില്‍ ഇരപിടിച്ചിരുന്ന കാടന്‍പൂച്ചകളുടെ കണ്ണുകള്‍ വൈരക്കല്ലുകള്‍ പോലെ തിളങ്ങി.
കുഞ്ഞോളങ്ങളില്‍ താമരനൂലിളകുന്നത് പോല്‍, ആദ്യരാത്രിയില്‍, തന്‍റെ കരവലയത്തിനുള്ളില്‍ സ്വയം മറന്നവള്‍ ഇളകുമ്പോള്‍ തന്‍റെ മനസ്സില്‍ അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രങ്ങളാല്‍ നീതികള്‍ നെയ്യാന്‍ ശ്രമിക്കുന്ന വിപ്ലവങ്ങള്‍ നടക്കുകയായിരുന്നുവോ? അതോ എന്നെന്നേക്കുമായി തന്‍റെ പൌരുഷവും സ്വാതന്ത്ര്യങ്ങളും അതേവരെയില്ലായിരുന്ന ഒരു ലക്ഷ്മണരേഖയ്ക്കുള്ളില്‍ തളയ്ക്കപ്പെടാന്‍ അനുവദിക്കുകയായിരുന്നുവോ?
തന്നെക്കുറിച്ചുള്ള നീലിമയുടെ കൌശലപരമായ അന്വേഷണങ്ങള്‍ക്ക് കൊടുത്ത നിഷ്ക്കളങ്കമായ വിശദീകരണങ്ങള്‍ അവളില്‍ അതിശക്തമായ ഞെട്ടലുകള്‍ ഉളവാക്കിയിരുന്നു എന്ന്‍ മനസ്സിലാക്കാന്‍ അന്നേരങ്ങളില്‍ അയാള്‍ക്ക് സാധിച്ചിരുന്നില്ലാ. പ്രമോദിനെ സംബന്ധിച്ച് അയാള്‍ ഒരു തുറന്ന പുസ്തകം ആയിരുന്നു. തന്‍റെ പ്രിയതമയോട് എന്തും ഏതും നിറഞ്ഞ മനസ്സോടെ തുറന്നു പറയാന്‍ ഒരു മടിയും കാണിക്കാത്ത പ്രകൃതം തന്നെ പിന്നീട് അയാള്‍ക്ക് വലിയൊരു വിനയായി മാറുകയായിരുന്നു.
നിറഞ്ഞ പുഞ്ചിരിയോടെ പ്രമോദ് പറയുന്നതൊക്കെ സ്വീകരിക്കുന്ന നീലിമ പിന്നീട് എപ്പോഴെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓരോ സംഭവങ്ങളും പൊക്കിപ്പിടിച്ചു കൊണ്ട് അയാള്‍ക്ക് സംശയത്തില്‍ പൊതിഞ്ഞ ചോദ്യശരങ്ങള്‍ കൊണ്ട് ശയ്യയൊരുക്കി. തന്‍റെ ലാളനകളാകുന്ന നീരാളിക്കരങ്ങളില്‍ അകപ്പെട്ടു ശ്വാസം പോലും കഴിക്കാന്‍ ബുദ്ധി മുട്ടുന്ന അയാളെ വീക്ഷിക്കുവാന്‍ സംശയദൃഷ്ടിയല്ലാതെ അവളില്‍ മറ്റൊന്നുണ്ടായിരുന്നില്ല. പ്രമോദിന്‍റെ അനിതരസാധാരണമായ ബഹുവ്യക്തിത്വങ്ങളുടെ ഒരു ഇരയാണോ അവളും എന്ന ഉപബോധചിന്തകളുടെ നെരിപ്പോട് അവളില്‍ സദാ എരിയുന്നതായി അയാള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു.
പക്ഷേ എന്ത് ചെയ്യാം.. കല്‍മണ്ഡപത്തെ തഴുകിയൊഴുകുന്ന ഇളംകാറ്റല്ലാതെ മൂന്നാമതൊരാള്‍ പ്രശ്നപരിഹാരങ്ങള്‍ക്കായി അവരുടെ ഇടയില്‍ നിയമിതനായിരുന്നില്ലല്ലോ. പരസ്പ്പരം പറയുന്നത് അതേപടി വിശ്വസിക്കുക എന്നതിലുപരി സംശയദുരീകരണ സാദ്ധ്യത അസാദ്ധ്യമായ അവസ്ഥ ശരിക്കും നിസ്സഹായവും ദുരിതപൂര്‍ണ്ണവും തന്നെ. പ്രമോദിനു തന്നേക്കാള്‍ അടുപ്പമുള്ള മറ്റാരോ ആയി കൂട്ടുണ്ട് എന്നവള്‍ ആവര്‍ത്തിച്ചു ആരോപിച്ചപ്പോള്‍ ആദ്യം ഒരു തമാശയായായിരുന്നു അയാള്‍ കണക്കാക്കിയിരുന്നത്. എന്നാല്‍, ഒരു ദിവസം അക്കാര്യം വീണ്ടും ആരോപിക്കുമ്പോള്‍ അവളുടെ നീലക്കണ്ണുകളില്‍ തിളങ്ങി നിന്നിരുന്ന ഉന്മാദഭാവം അയാളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.
അവള്‍ക്കുവേണ്ടി തന്‍റെ ഹൃദയവും മനസ്സും തുറന്നിട്ടിട്ടും നിസ്സാരകാര്യങ്ങളില്‍ സംശയപ്പെട്ടു കൊണ്ടു തന്‍റെ വ്യക്തിത്വത്തെ അവള്‍ അപമാനിക്കുന്നുവല്ലോ എന്ന ചിന്തയില്‍ അനുദിനം അയാള്‍ ഉരുകി. മദ്യത്തിലും പുകവലിയിലും നിമഗ്നനായി മനസ്സിന്‍റെ ഭാരം കുറയ്ക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. അവള്‍ തന്നെ ഒരു വിധത്തിലും വിശ്വസിക്കാന്‍ തയ്യാറല്ലെങ്കില്‍ പിന്നെ എന്താണ് മറ്റൊരു നിവൃത്തി.
സത്യം നേരിട്ടു തുറന്നുപറയുക എന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതിരിക്കെ, തന്‍റെ നിഷ്ക്കളങ്കത ആണയിട്ടു പറഞ്ഞും കത്തുകളിലൂടെയും തെളിയിക്കാനും പല പ്രാവശ്യം അയാള്‍ ആവതു ശ്രമിച്ചു. എല്ലാം വിഫലമാവുമ്പോള്‍ അയാളുടെ ഹൃദയം വീണ്ടും ഭാരപ്പെട്ടു കൊണ്ടിരുന്നു. താമസസ്ഥലത്തും ഓഫീസിലും അയാള്‍ അകാരണമായി പൊട്ടിത്തെറിച്ചു. ഒരു മാനസികരോഗിയെ നോക്കുന്നത് പോലെ സഹപ്രവര്‍ത്തകര്‍ അയാളെ നോക്കാന്‍ തുടങ്ങി.
അയാളുടെ അനുദിന ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളും ഒപ്പിയെടുക്കുവാന്‍ ഒരു റഡാര്‍ എന്ന പോലെ അവളുടെ കരാള നയനങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു. തന്‍റേതായ ഒരു നിമിഷം പോലും അവള്‍ അയാള്‍ക്ക് വിട്ടു കൊടുത്തിരുന്നില്ലാ. സംസാരിക്കുന്നതിനിടയില്‍ കീ ബോര്‍ഡില്‍ ഒന്നു ടൈപ്പ് ചെയ്യുന്നത് വരെ അവളില്‍ സംശയം ജനിപ്പിച്ചു. നിസ്സാര കാര്യങ്ങള്‍ക്ക് വരെ അവള്‍ അയാളോട് മുമ്പെങ്ങും ഇല്ലാത്ത വിധം ഭ്രാന്തമായി അലറി. ഒരു വളര്‍ത്തു മൃഗത്തെപ്പോലെ തന്‍റെ ജീവിതം ചങ്ങലയില്‍ കുരുങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവില്‍ അയാളുടെ പൌരുഷം ഉണര്‍ന്നു.
അവളുടെ ആരോപണങ്ങളെയെല്ലാം അതിശക്തമായി അയാള്‍ പ്രതിരോധിക്കാന്‍ തുടങ്ങി. അതൊരിക്കലും അവള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്ന് തോന്നുന്നു. ഏതൊരു സാധുജീവിയും നിവൃത്തിയില്ലാതെ വരുമ്പോള്‍ മനശക്തി വീണ്ടെടുത്തു ജീവന്മരണ പോരാട്ടം നടത്തും എന്നു പറയാറുള്ളത് പോലെ അയാള്‍ അവളുടെ അടിസ്ഥാനമില്ലാത്ത സംശയാരോപണങ്ങള്‍ക്കെതിരെ ഒരു ഹിംസ്രജന്തുവിനെപ്പോലെ പല്ലുകടിക്കുകയും വിഷം ചീറ്റുകയും ചെയ്തു.
ഒരു തെറ്റും ചെയ്യാത്ത തന്നെ ഇല്ലാത്ത ആരോപണങ്ങളാകുന്ന കുരിശില്‍ തറയ്ക്കാന്‍ ശ്രമിക്കുന്ന അവളെ, നിരുപാധികം മാപ്പ് അപേക്ഷിച്ച് തന്‍റെ കാലില്‍ വീഴുന്ന നിമിഷം വരെ അവഗണിക്കുക എന്നത് മാത്രമേ മുറിവേറ്റ ആത്മാവിനു ആശ്വാസം ലഭിക്കുവാനുള്ള ഏകമാര്‍ഗ്ഗമെന്നു അയാള്‍ തിരിച്ചറിഞ്ഞു. അല്ലെങ്കില്‍ ചാറ്റിലൂടെയും ഫോണിലൂടെയും അവള്‍ ഇല്ലാത്തത് പറഞ്ഞു വീണ്ടും വീണ്ടും പീഡിപ്പിച്ചുകൊണ്ടേയിരിക്കും. ഇപ്പോള്‍ മാസങ്ങളായിരിക്കുന്നു അവളുമായി ഇടപഴകിയിട്ട്. ജോലി കഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങളില്‍ അയാള്‍ മനസ്സിനെ സ്വതന്ത്രമായി അലയാന്‍ വിടും. അലച്ചില്‍ കഴിഞ്ഞ്തിരിച്ചു വരുന്ന പാടേ അതിനെ ചുരുട്ടിക്കൂട്ടി തലച്ചോറിലേക്ക് കുത്തിത്തിരുകി അയാള്‍ കിടക്കയിലേക്ക് മറിയും.
അതിനിടയിലാണ് അത്യാവശ്യമായി ഒന്ന് കാണണം എന്ന ആവശ്യം അവളിന്നു മുന്നോട്ടു വച്ചത്. അവളെ അപ്പോഴും ആത്മാര്‍ഥമായി സ്നേഹിച്ചിരുന്നു എന്നത് കൊണ്ട് അയാളത് സമ്മതിക്കുകയുമായിരുന്നു.
"സോറി.. ഐ വാസ് ഹെല്‍ഡ് അപ്പ് വിത്ത് സം അണ്‍എക്സ്പ്പെകറ്റഡ് തിങ്ങ്സ്.. വില്‍ കോണ്ടാക്റ്റ് യു ടുമാറോ" നീലിമയുടെ മെസേജ്.
അര്‍ദ്ധമയക്കം ബാധിച്ചിരുന്ന പ്രമോദ് ഒരു ദീര്‍ഘനിശ്വാസം വിട്ടു കിടക്കയില്‍ നിന്നും എണീറ്റ് മേശവലിപ്പില്‍ സിഗരറ്റ് കൂട് തിരഞ്ഞു കാണാതായപ്പോഴാണ് ഓര്‍ത്തത്.. താന്‍ പുകവലിയും മദ്യപാനവും നിര്‍ത്തിയിട്ട് ഇതു നാലാമത്തെ ദിവസമാണ്.
"പ്രമോദ്... ഇറ്റ് ഈസ് എ സസ്പെക്റ്റഡ് സ്വെല്ലിംഗ്... ഐ വില്‍ ട്രൈ മൈ ലെവല്‍ ബെസ്റ്റ് ടു സേവ് യുവര്‍ ലൈഫ്.. ഇഫ് യു കാന്‍ അറ്റ് ലീസ്റ്റ് സ്റ്റോപ്പ് ദിസ് ബ്ലഡി സ്മോക്കിംഗ് ആന്‍ഡ് ഡ്രിങ്കിംഗ്" പുതുവത്സരദിനത്തിലുണ്ടായ നെഞ്ചുവേദനയെത്തുടര്‍ന്നു ക്ലിനിക്കില്‍ പോയപ്പോള്‍ ഡോക്റ്റര്‍ മാത്യൂ തരകന്‍ പറഞ്ഞത് അയാള്‍ വേദനയോടെ ഓര്‍ത്തു.
- ഗുരുവായൂര്‍...
No comments:
Post a Comment