Tuesday, April 7, 2015

കാട്ടുകള്ളി


ലോകത്തിലെ ഏറ്റവും വലിയ
ഒളിച്ചുകളിക്കാരിയാണ് അവളെന്നു
ഞാന്‍ പറഞ്ഞാല്‍ വിശ്വസിക്കാമോ?
നിദ്രയുടെ നിര്‍ണ്ണയമില്ലാത്ത യാമങ്ങളില്‍
മനസ്സിനെ മദിപ്പിച്ചു കൊണ്ടൊരു
കള്ളിയെപ്പോലെ അവള്‍ വരുമ്പോള്‍
വിലാസമെഴുതി വയ്ക്കാനൊരു പേനയോ
വരച്ചിടാനൊരു കഷണം കടലാസ്സോ
ചിത്രമെങ്കിലും ഒപ്പി വയ്ക്കാനൊരു
മൊബൈല്‍ ഫോണോ തിരഞ്ഞാല്‍ കിട്ടില്ല
ഇവയെല്ലാം തലയിണയ്ക്കരികില്‍ വച്ചു
വാരിക്കുഴി തീര്‍ത്തിരിക്കുന്ന ദിവസങ്ങളില്‍
അവളുടെ പൊടിപോലും കാണുകയുമില്ലാ
വാശിയോടെ അവളെ മസ്തിഷ്ക്കത്തിലെ
ചുളിവുകളില്‍ തളയ്ച്ചിടാന്‍ ശ്രമിച്ചാലോ
സൂര്യനുദിക്കുന്നതിലും മുന്നവളെങ്ങനെയെങ്കിലും
സൂത്രത്തില്‍ ഊര്‍ന്നുപോയിരിക്കും
അങ്ങനെയാര്‍ക്കും പിടികൊടുക്കുന്നവളല്ല
താനെന്ന മുടിഞ്ഞ അഹംഭാവവും പോരാതെ
ഒരു സുപ്രഭാതത്തില്‍ ഞെട്ടിച്ചു കൊണ്ട്
മറ്റുള്ളവരുടെ ഭാവനകളിലൂടെ ഇറങ്ങിവന്നു
നമ്മളെ പരിഹസിക്കാനും അവള്‍ക്കു മടിയില്ലാ..
പറയൂ അവളെയെന്തെന്നു നാം വിളിക്കണം?
- ഗുരുവായൂര്‍

No comments:

Post a Comment