Tuesday, April 7, 2015

അതിജീവനം

[ഇതൊരു കഥയല്ലാ... മറിച്ച് അഞ്ഞൂറോ ആയിരമോ പതിനായിരമോ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പരിണാമ പ്രക്രിയയുടെ ഭാഗമായി ഈ ഭൂതലത്തില്‍ ഉപരിതലിച്ചു തുടങ്ങാനിടയുള്ള ഒരു പ്രതിഭാസത്തെ കഥയുടെ മേലങ്കിയണിയിച്ചു അവതരിപ്പിക്കാനുള്ള ഒരു എളിയ ശ്രമം മാത്രം. ജനസംഖ്യാ വിസ്ഫോടനം മൂലം പ്രകൃതി വിഭവങ്ങള്‍ അതിവേഗം ദുര്‍ലഭമായിക്കൊണ്ടിരിക്കുന്ന ഈ ജീവിത സാഹചര്യത്തില്‍, പരിണാമ സിദ്ധാന്തങ്ങളില്‍ ഒന്നായ അഡാപ്റ്റീവ് റേഡിയേഷന്‍ എന്ന രൂപാന്തരപ്രക്രിയയെ അടിസ്ഥാനമാക്കിയാണ് ഈ രചന നിര്‍വഹിച്ചിരിക്കുന്നത്.]
സാറായുടെ നിരന്തരമായ ഓക്കാനം കണ്ട് മൂന്നു വയസ്സുകാരനായ മകന്‍ കീത്ത് അമ്പരപ്പോടെ അവരുടെ മുഖത്തേക്ക് നോക്കി. അസ്വസ്ഥനായ ആല്‍ബെര്‍ട്ട് ഉദ്യാനത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.
"സാറാ നീ ഞാന്‍ പറയുന്നതൊന്നു കേള്‍ക്കൂ.. നമുക്കതങ്ങ് കളയാം.. എന്തിനാ വെറുതെ പുലിവാലുകള്‍ പിടിക്കുന്നത്‌.. "
"സോറി ആല്‍ബീ.. എങ്കില്‍ എന്നെ കൊന്നോളൂ.. ഇക്കാര്യത്തില്‍ മാത്രം എന്നെ വീണ്ടും വീണ്ടും നിര്‍ബന്ധിക്കരുത് പ്ലീസ്.. " സാറാ കരഞ്ഞു പറഞ്ഞു.
"ഇത്രയും വിദ്യാഭ്യാസമുള്ള നീ തന്നെ ഇങ്ങനെ വാശി പിടിച്ചാലോ.. എടീ പ്രസവിച്ചയുടനെ നിനക്കൊന്നു ലാളിക്കാന്‍ സാധിക്കുന്നതിലും മുമ്പ് തന്നെ അവര്‍ വന്നു കുഞ്ഞിനെ എടുത്ത് കൊണ്ടു പോകും.. നമുക്ക് സര്‍ക്കാര്‍ തരുന്ന ആനുകൂല്യങ്ങളെല്ലാം അതോടെ നിര്‍ത്തലാക്കപ്പെടുകയും ചെയ്യും.. ഇതൊന്നും ഓര്‍ക്കാതെയാണോ സാറാ നീ ഇമ്മാതിരി വര്‍ത്തമാനം പറയുന്നത്?" അല്‍പ്പം രോഷാകുലനായി ആല്‍ബെര്‍ട്ട് ചോദിച്ചു.
"എനിക്കൊന്നും കേള്‍ക്കണ്ടാ. അറിയേണ്ടാ.. എനിക്കെന്‍റെ കുഞ്ഞിനെ പ്രസവിക്കണം.. ദൈവം തന്ന ഈ കുഞ്ഞിനെ കൊല്ലാന്‍ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ സമ്മതിക്കില്ലാ... നിങ്ങള്‍ക്കെന്നെ വേണ്ടെങ്കില്‍ ഇറക്കി വിട്ടോളൂ.. അതിനും കാണുമല്ലോ നിയമങ്ങള്‍" സാറാ ചീറി..
അല്പ്പനേരം കൂടി ഉദ്യാനത്തില്‍ ചിന്താമഗ്നനായി ഉലാത്തിയ ശേഷം എന്തോ തീരുമാനിച്ചുറച്ച പോലെ പോര്‍ട്ടിക്കോയില്‍ കിടന്ന കാറില്‍ കയറി ആല്‍ബെര്‍ട്ട് എവിടേയ്ക്കോ ചീറിപ്പാഞ്ഞു പോയി.
ഭാര്യാഭാര്‍ത്താക്കന്മാര്‍ക്ക് ഒന്നില്‍ക്കൂടുതല്‍ സന്താനങ്ങള്‍ ഉണ്ടാകുന്നത് വിലക്കിക്കൊണ്ട് അന്താരാഷ്‌ട്ര വ്യാപകമായി നിലവില്‍ വന്ന കടുത്ത നിയമത്തെ ശപിച്ചു മനസ്സ് തളര്‍ന്ന് സാറാ തല കുമ്പിട്ടിരുന്നു.
ആല്‍ബെര്‍ട്ടിനേയും സാറായേയും കൂട്ടി അവനീശ്വര മഹര്‍ഷി, പാറക്കെട്ടുകളും നിബിഢവനങ്ങളും നിറഞ്ഞ ടിക്കോണോ ദ്വീപില്‍ ആ ചെറിയ ബോട്ട് കരയ്ക്കടുപ്പിക്കുമ്പോള്‍, അസ്തമയ സൂര്യന്‍ ചുവന്നു തുടുത്ത മുഖവുമായി കടലില്‍ നിന്നും ആകാശത്തേക്ക് ഉയരാനുള്ള വെമ്പല്‍ കൂട്ടുകയായിരുന്നു. സൂര്യതേരാളിയായ അരുണന്‍ തന്‍റെ കിരീടത്തില്‍ തട്ടി പ്രതിഫലിക്കുന്ന അരുണകിരണങ്ങളെ അയച്ച് തിരയടിച്ചു നനഞ്ഞ പാറക്കൂട്ടങ്ങള്‍ക്ക് ചെഞ്ചായം പൂശി അവരെ സ്വാഗതം ചെയ്തു.
കീഴ്ക്കാംതൂക്കായ പാറകള്‍ക്കിടയിലൂടെ അള്ളിപ്പിടിച്ചു യുഗാന്തരേശ്വരന്‍ മുനിയുടെ ഗുഹയെ ലക്ഷ്യമാക്കി നടക്കുമ്പോള്‍ നാലുമാസം പ്രായമായ തന്‍റെ ഗര്‍ഭത്തിനു ഇളക്കം തട്ടാതെ സുരക്ഷിതമാക്കി വയ്ക്കാന്‍ സാറാ ആവതു പണിപ്പെടുന്നുണ്ടായിരുന്നു.
ഓം ഭദ്രം കർണേഭിഃ ശൃണുയാമ ദേവാഃ .. ഭദ്രം പശ്യേമാക്ഷഭിര്യജത്രാഃ ..
സ്ഥിരൈരംഗൈസ്തുഷ്ടുവാം ̐സസ്തനൂഭിഃ .. വ്യശേമ ദേവഹിതം യദായുഃ ..
സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ .. സ്വസ്തി നഃ പൂഷാ വിശ്വവേദാഃ ..
സ്വസ്തി നസ്താർക്ഷ്യോ അരിഷ്ടനേമിഃ .. സ്വസ്തി നോ ബൃഹസ്പതിർദധാതു ..
ഓം ശാന്തിഃ...... ശാന്തിഃ ..............ശാന്തിഃ
പരബ്രഹ്മോപനിഷദ് മന്ത്രങ്ങള്‍ ഒഴുകി വന്നൊരു ഗുഹാമുഖത്തിലെക്കുള്ള കവാടം കാല്‍മുട്ടുവരെ വെള്ളത്തില്‍ മൂടിക്കിടന്നു. വരൂ എന്ന് പറഞ്ഞു മുന്നില്‍ നടന്ന അവനീശ്വരനു പിറകേ ഇരുവരും വെള്ളത്തിലൂടെ ഗുഹയിലേക്ക് പ്രവേശിച്ചു. അതൊരു തുരങ്കമായിരുന്നു. യാഗാഗ്നിയില്‍ ചമതയും കര്‍പ്പൂരവും രാമച്ചവും എരിയുന്ന സുഗന്ധം ഒഴുകി വരുന്നുണ്ടായിരുന്നു. ഏകദേശം അഞ്ചു മിനുട്ടോളം ഇരുളിലൂടെ നടന്നപ്പോള്‍ യാഗാഗ്നിയുടെ വെട്ടം കുറേശ്ശേയായി അവര്‍ക്കു മുന്നില്‍ പരന്നുതുടങ്ങുന്നത് അവര്‍ കണ്ടു. വെളിച്ചത്തിന്‍റെ ഉത്ഭവസ്ഥാനത്തു ഒരു മുനി ധ്യാനമഗ്നനായി പുറംതിരിഞ്ഞിരിക്കുന്നു. മന്ത്രോച്ഛാരണങ്ങള്‍ നിലച്ചിരിക്കുന്നു.
"അവനീശ്വരനായിരിക്കും? ......... "
ഭവ്യതയോടെ ഗുഹയിലേക്ക് കാലെടുത്തു വച്ച പാടേ മുനിയുടെ ഘനഘംഭീരമായ ശബ്ദം പാറയില്‍ തട്ടി പ്രതിദ്ധ്വനിച്ചു.
"അതേ... ഭവാന്‍... ഇവരെയൊന്നു സഹായിക്കണം.. അങ്ങേയ്ക്ക് മാത്രമേ അതിനു കഴിയൂ..." അവനീശ്വരന്‍ മഹര്‍ഷി പതിഞ്ഞ സ്വരത്തില്‍ സംഗതികള്‍ ധരിപ്പിച്ചു.
"നോക്കാം ഇവിടത്തെ ചില രീതികളൊക്കെയുമായി ഇവള്‍ക്ക് പൊരുത്തപ്പെടാന്‍ സാധിക്കുമെങ്കില്‍ എല്ലാം മംഗളമാവും.. അല്ലെങ്കില്‍ ജീവന്‍ പോലും കൈമോശം വന്നേക്കാം... അതേ പോലെ ഇങ്ങനെയൊരു സ്ഥലം ഇവിടെയുള്ള വിവരം ഇവര്‍ വഴി പുറംലോകം ഒരിക്കലും അറിയാനും പാടില്ലാ.. അവനീശ്വരന്‍ മാത്രമാണ് ഇതിനു മുമ്പ് ഇവിടം സന്ദര്‍ശിച്ചിട്ടുള്ള ഒരേയൊരു മനുഷ്യന്‍.. അറിയാമല്ലോ?" മുനിയുടെ സ്വരത്തില്‍ അല്പ്പം ഭീഷണിയുടെ ധ്വനി.
"ഇല്ലാ അങ്ങുന്നേ.. അങ്ങ് പറയുന്നതെന്തും ഞാന്‍ അതേപടി അനുസരിച്ചോളാം..ഒന്നുകൊണ്ടും വിഷമിക്കേണ്ടാ... എങ്ങനെയെങ്കിലും എന്‍റെ കുഞ്ഞിനെ അങ്ങ് രക്ഷിക്കണം.." സാറാ താണുകേണു അപേക്ഷിച്ചു. അതു വീക്ഷിച്ചു കൊണ്ട് കുറ്റബോധം സ്ഫുരിക്കുന്ന മുഖവുമായി ആല്‍ബെര്‍ട്ട് നിന്നു.
ആറുമാസം കഴിഞ്ഞപ്പോള്‍ ഒരു ആണ്‍കുഞ്ഞിന്‍റെ കരച്ചില്‍ ആ ഗുഹാഭിത്തികളില്‍ പ്രതിദ്ധ്വനിച്ചു. അന്നൊരു അമാവാസി നാള്‍ ആയിരുന്നു. ഉടമ്പടിപ്രകാരം കുഞ്ഞിനു ആറുമാസമാവുന്ന ദിവസംതന്നെ യുഗാന്തരേശ്വരന്‍ സാറായെ നാട്ടിലേക്കയയ്ക്കാനൊരുങ്ങുമ്പോള്‍ നീല്‍ എന്ന തന്‍റെ കുഞ്ഞ് സാഹചര്യം സമ്മാനിച്ച ആ സ്നേഹസ്വരൂപനായ മുത്തച്ഛന്റെ കൈകളില്‍ സുരക്ഷിതം ആണെന്ന ആത്മവിശ്വാസം അവള്‍ക്കുണ്ടായിരുന്നു. എന്നാല്‍, തനിക്കവനെ ഇനി എന്നാണു ഒന്നു കാണാന്‍ സാധിക്കുക എന്ന ഉല്‍ക്കണ്ഠയും വിരഹതാപവും അവളെ വല്ലാതെ അലട്ടി. പക്ഷേ, ആ തിരിച്ചു പോക്ക് തികച്ചും അനിവാര്യമായിരുന്നു.
പ്രകൃതിയുടെ ഏതു ഭാവമാറ്റങ്ങളേയും ചെറുക്കാനുള്ള ശാരീരിക മാനസിക ശക്തികള്‍ പകര്‍ന്നു കൊടുത്തു കൊണ്ടു നീലിനെ മുനി വളര്‍ത്തി. കരയിലും വെള്ളത്തിലും ഒരേപോലെ ജീവിക്കാനുള്ള കഴിവ് അവന്‍ ഒന്നര വയസ്സിലേ ആര്‍ജ്ജിച്ചിരുന്നു. പിന്നീട് കൂടുതലും കടലില്‍ത്തന്നെയായിരുന്നു അവന്‍റെ വാസം. കടല്‍ജീവികള്‍ അവന്‍റെ കളിക്കൂട്ടുകാരായി.. പതിയേ അവരുടെയെല്ലാം രാജാവായി അവന്‍ കടല്‍ വാണു. ഇടയ്ക്കിടെ ഗുഹയിലുള്ള മുത്തച്ഛനെ കാണാന്‍ അവനെത്താറുണ്ടായിരുന്നു. അവര്‍ത്തന്നെ വികസിപ്പിച്ചെടുത്ത, അവര്‍ക്കും അവരോടിടപഴകി ജീവിക്കുന്ന ജന്തുലോകത്തിനും മാത്രം മനസ്സിലാവുന്ന ഒരു പ്രത്യേക ഭാഷയിലായിരുന്നു അവര്‍ ആശയവിനിമയം നടത്തിയിരുന്നത്.
യുഗാന്തരേശ്വരന്‍ മുനിയുമായി ബന്ധമുള്ള ഒരേയൊരു മനുഷ്യന്‍ അവനീശ്വരന്‍ എന്ന മുനിയാണ്. അദ്ദേഹമെങ്ങാനും കാലം ചെയ്‌താല്‍ തന്‍റെ മകനെക്കാണാന്‍ പോകാന്‍ ഒരിക്കലും സാധിക്കില്ലല്ലോ എന്ന സാറായുടെ വേവലാതികള്‍ക്കൊടുവില്‍ ആല്‍ബെര്‍ട്ട് വീണ്ടും അവനീശ്വരന്‍ തപസ്സിരിക്കുന്ന ഗ്രേറ്റ് പൈന്‍സ് കടലിടുക്കിലെ മലനിരകളെ ലക്ഷ്യമാക്കി തന്‍റെ വാഹനമോടിച്ചു.
അന്ന് സാറയെ അനുഗമിക്കാന്‍ അവനീശ്വരന്‍ ആല്‍ബെര്‍ട്ടിനെ അനുവദിച്ചില്ലാ .. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ നീല്‍ ജനിക്കുന്നതിനും മുമ്പേ തന്നെക്കൊണ്ട് ദുര്‍മന്ത്രവാദം ചെയ്യിച്ചു അവനെ വധിക്കാന്‍ ശ്രമിച്ച ഘാതകനാണ് ആല്‍ബെര്‍ട്ട്. മാതാവ് സ്വമേധയാ തന്‍റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കാത്ത പക്ഷം അത്തരം ഹത്യ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത് ഒരു ദൈവസന്നിധിയിലും പൊറുക്കപ്പെടാത്ത കര്‍മ്മമാണെന്നാണ് അവനീശ്വരന്‍ മഹര്‍ഷിയുടെ മതം.
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ പൊന്നുമകനെ കാണാന്‍ പോകുന്നുവല്ലോ എന്നോര്‍ത്തു ആ മാതാവിന്‍റെ ഹൃദയം ത്രസിച്ചു കൊണ്ടിരുന്നു.
"ഇത്തവണ നമുക്ക് ഗുഹ വരെ പോകേണ്ടതില്ലാ.. മഹാശയന്‍ പുത്രനുമായി തീരത്തേക്ക് വരാം എന്നറിയിച്ചിരിക്കുന്നു" അവനീശ്വരന്‍ സാറായോടു പറഞ്ഞു.
"എന്‍റെ മോനേ.. എന്‍റെ പൊന്നു മോനേ.." ദൂരെ നിന്നും ടിക്കോണ ദ്വീപിന്‍റെ പച്ചത്തലപ്പുകള്‍ കണ്ട പാടേ സാറാ ആര്‍ത്തു വിളിച്ചു.
ബോട്ട് തീരത്തടുക്കുമ്പോള്‍ പ്രഭാതകിരണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കറുത്ത രൂപം പോലെ തീരത്തെ പാറക്കല്ലില്‍ നിലകൊണ്ടിരുന്ന യുഗാന്തരേശ്വരന്‍ മുനി അവരുടെ അടുത്തേക്ക്‌ നടന്നു വന്നു. ഒരു മകളെ ആശ്ലേഷിക്കുന്ന വാത്സല്യത്തോടെ അദ്ദേഹം സാറായെ ആലിംഗനം ചെയ്തു മൂര്‍ദ്ധാവില്‍ ചുംബിച്ചു.
"നീലാ... നീലാ... " രണ്ടു കൈപ്പത്തികളും വായ്ക്കിരുവശത്തുമായി വച്ചുകൊണ്ട് യുഗാന്തരേശ്വരന്‍ മുനി കടലിലേക്ക്‌ നോക്കി ഉച്ചത്തില്‍ വിളിച്ചു. സാറാ ആകാംക്ഷാഭരിതയായി നിന്നു.
അല്‍പ്പ സമയത്തിന് ശേഷം ദൂരെ കണ്ട ഒരു തിരയിളക്കം അടുത്തടുത്തു വന്നു. ആജാനുബാഹുവായ ഒരു മനുഷ്യരൂപം കടലില്‍ നിന്നും കയറി തങ്ങളുടെ അടുത്തേക്ക്‌ നടന്നു വരുന്നത് കണ്ടു സാറായും അവനീശ്വരനും അമ്പരന്നു. പൂര്‍ണ്ണ നഗ്നനായിരുന്ന ആ മനുഷ്യന്‍റെ ചെവികള്‍ രൂപാന്തരപ്പെട്ട് മത്സ്യത്തിന്റെ ചെകിളകള്‍ പോലെയും കൈകാലുകളിലെ വിരലുകള്‍ക്കിടയില്‍ താറാവിന്റേതു പോലുള്ള ചര്‍മ്മങ്ങളും അവര്‍ കണ്ടു.
"സംശയിക്കേണ്ടാ.. ഇത് തന്നെ നിന്‍റെ നീലന്‍.." യുഗാന്തരേശ്വരന്‍ മുനി സാറായോട് പറഞ്ഞതു. കണ്ണുകളെ വിശ്വസിക്കാനാവാതെ അവള്‍ അന്തംവിട്ടു നിന്നു.
നീലനോട് തങ്ങളുടെ ഭാഷയില്‍ മുനി എന്തോ പറഞ്ഞപ്പോള്‍ അവന്‍ സാറായെ നോക്കി മന്ദഹസിച്ചു. പിന്നെ അടുത്തേക്ക്‌ വന്നു അവളെ ആലിംഗനം ചെയ്തു. അവന്‍റെ മുതുകില്‍ രൂപംകൊണ്ടിരുന്ന ശല്‍ക്കങ്ങള്‍ അരുണകിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.
അവളുടെ കണ്ണുകളില്‍ നിന്നും ഒരു സാഗരം അലയടിച്ചൊഴുകി.. അവനെ ഗാഢമായി പുണര്‍ന്നുകൊണ്ട് അവള്‍ അലമുറയിട്ടു കരഞ്ഞു.
- ഗുരുവായൂര്‍
-------------------------------------------------------------------------------------------------------------------
അഡാപ്റ്റീവ് റേഡിയേഷന്‍:
മാറുന്ന ആവാസ്ഥവ്യവസ്ഥിതികള്‍ക്കനുസരിച്ച് അതിജീവനം സാധ്യമാക്കാനായി ജീവികള്‍ക്ക് അല്പ്പാല്പ്പമായി ശാരീരികഘടനാ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു എന്നതാണ് അഡാപ്റ്റീവ് റേഡിയേഷന്‍ എന്ന പ്രതിഭാസം കൊണ്ടു അര്‍ത്ഥമാക്കുന്നത്. ജിറാഫുകളുടെ കഴുത്തു നീണ്ടതും ഉഭയജീവികള്‍ ഉണ്ടായതും മരുഭൂമിയിലും തണുപ്പുള്ള പ്രദേശങ്ങളിലും ജീവിക്കാനുള്ള കഴിവുകള്‍ ചില ജീവികളും സസ്യങ്ങളും സ്വയം നേടിയെടുക്കുന്നതും ഒക്കെ ഇതിനുദാഹരണങ്ങള്‍ മാത്രം.

No comments:

Post a Comment