അയാളുടെ നഗ്നമായ കാല്‍പ്പാദങ്ങളുടെ സമ്മര്‍ദ്ദമേറ്റ് ചുള്ളിക്കമ്പുകള്‍ ഞെരിഞ്ഞൊടിഞ്ഞ ശബ്ദം കേട്ടിട്ടായിരിക്കണം പൊന്തക്കാട്ടില്‍ നിന്നും രണ്ടു വലിയ ഉരഗങ്ങള്‍ സീല്‍ക്കാരമുണ്ടാക്കിക്കൊണ്ട് പുറത്തു ചാടിയത്.
ശബ്ദം കേട്ടിടത്തേക്ക് ശ്രദ്ധിക്കാന്‍ തുനിയുമ്പോഴേക്കും കണങ്കാലുകളെ തഴുകിക്കൊണ്ടു മിനുസമുള്ള ഒരു തണുപ്പ് കടന്നുപോയി. കാല്‍ കുടയാനുള്ള ആവേഗം തലച്ചോറില്‍ നിന്നും ലഭിക്കുന്നതിനും മുമ്പേ കാലുകള്‍ക്കിടയിലൂടെ കടന്നു പോയ ആ സര്‍പ്പങ്ങളിലൊന്ന് അരണ്ട നിലാവ് വിരിച്ച കാട്ടുപാതയിലൂടെ അകന്നലിയുന്ന ഒരു കറുത്ത രേഖയായി അതിവേഗത്തില്‍ അപ്രത്യക്ഷമാകുന്നത് നെഞ്ചിടിപ്പോടെ രാമനാഥന്‍ കണ്ടു.
ഇണചേരുകയായിരുന്നിരിക്കണം അവര്‍.. ഛെ.. തന്‍റെ ഗമനം അതിനു ഭംഗം വരുത്തിയിരിക്കുന്നു. എന്നിട്ടും പോകുന്ന വഴി ഉഗ്രവിഷമുള്ള ദംഷ്ട്രത്താല്‍ തന്‍റെ പാദങ്ങളില്‍ ദംശിക്കാന്‍ അതു മറന്നതായിരിക്കുമോ?
അയാള്‍ ഒരു നിമിഷം ആലോചനയില്‍ മുഴുകി നിന്നു.
മനുഷ്യന്‍ പ്രകൃതിയോടു എത്രയൊക്കെ വികൃതി കാണിച്ചിട്ടും പ്രകൃതി അനുനിമിഷം മനുഷ്യരോട് അനുകമ്പ കാണിച്ചു കൊണ്ടിരിക്കുന്നു. അതെല്ലാം തന്‍റെ ജന്മാവകാശമാണെന്ന് അഹങ്കരിച്ചു വീണ്ടും വീണ്ടും മനുഷ്യര്‍ സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.. കഷ്ടം..
തടിച്ച വേങ്ങ മരത്തിന്‍റെ ഏകദേശം മൂന്നാള്‍ പൊക്കമുള്ള തായ്ത്തടിയില്‍ നിന്നും ഇരുവശങ്ങളിലേക്കും കവണ പോലെ പിരിഞ്ഞുയര്‍ന്നു പോകുന്ന കൊമ്പുകള്‍ക്കിടയിലൂടെ ചന്ദ്രക്കല അയാളെ നോക്കി ചിറി കോട്ടുന്നതായി അയാള്‍ക്ക് തോന്നി.
"നീ പുച്ഛിക്കേണ്ടാ.. ഇനിഏതാനും ദിനങ്ങള്‍ മാത്രം മതിയാകും.. ഈ അഹങ്കാരം ഒടുങ്ങി നീ ഇരുളിനു അന്നമാവാന്‍... വീണ്ടും സര്‍വ്വ അഹങ്കാരങ്ങളുമായി നീ പുനര്‍ജനിക്കുമെന്ന ആത്മവിശ്വാസം നിനക്കുണ്ടാവാം.. പക്ഷേ നിന്നെവരെ കാല്ച്ചുവട്ടില്‍ ആക്കിയവരാ ഞങ്ങള്‍ മറക്കേണ്ടാ.. ഹും " അയാള്‍ ചന്ദ്രക്കലയെ നോക്കി മുരണ്ടു.
ഹോ.. തനിക്കു തെറ്റു പറ്റി.. പ്രകൃതിയെ വിധിക്കാന്‍ താനാര്? മനുഷ്യനില്‍ കുടികൊള്ളുന്ന സ്ഥായിയായ അഹങ്കാരമല്ലേ ഇതു പറയിപ്പിച്ചത്? നാളെ എന്തു സംഭവിക്കും എന്നതടക്കം പ്രപഞ്ചത്തില്‍ നടക്കുന്ന ഓരോ സംഭവങ്ങളും മനുഷ്യമനസ്സുകള്‍ക്കകത്തു നടക്കുന്ന ഗണിതപ്രക്രിയകളുടെ പ്രതിസ്ഫുരണങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്നുള്ള അനുമാനത്തില്‍ മനുഷ്യന്‍ ജീവിക്കുന്നു. ഇനിയും മനുഷ്യമനസ്സിനധീനമാകാത്ത അനേക കോടി പ്രപഞ്ചസത്യങ്ങള്‍ മനുഷ്യനേത്രങ്ങള്‍ക്ക് ഗോചരമല്ലാത്ത വേഷഭൂഷാദികളണിഞ്ഞ് നമ്മുടെ കണ്മുന്നില്‍ത്തന്നെ നിന്നു നമ്മളെ നോക്കി പല്ലിളിക്കുന്നുണ്ട്.. എല്ലാം തന്‍റെ കാല്ക്കീഴിലാണ് അല്ലെങ്കില്‍ വരുതിയിലാക്കും എന്ന് മനുഷ്യര്‍ ഭാവിക്കുന്നത് വെറും ജിജ്ഞാസ കൊണ്ട് മാത്രമാണോ?
പ്രപഞ്ചസത്യങ്ങളെയെല്ലാം തന്‍റെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍ സത്യം പറഞ്ഞാല്‍ ഒരു വിഡ്ഢിയല്ലേ? പ്രകൃതിയുടെ വികാരങ്ങളെ കണ്ടില്ലെന്നു നടിച്ച് എന്തുവില കൊടുത്തും പ്രപഞ്ച സത്യങ്ങളെ അനാവരണം ചെയ്യാനുള്ള അവന്‍റെ അനുദിനമുള്ള പരിശ്രമങ്ങളില്‍ ഒരു തിരിച്ചടിയുടെ ഭീഷണി ഒളിഞ്ഞിരിക്കുന്നത് തിരിച്ചറിയാന്‍ അതിന്‍റെ മുന്നറിയിപ്പുകള്‍ ഒരുപാട് കിട്ടിയിട്ടും എന്തേ അവനാകുന്നില്ലാ? ഓരോ കണ്ടുപിടിക്കലുകളും പ്രകൃതിയോടുള്ള മനുഷ്യന്‍റെ ബഹുമാനത്തെ കുറച്ചു കൊണ്ടിരിക്കുകയാണ്. അമ്പിളി മാമനെ കാണിച്ചു കൊടുത്ത് കുട്ടികളെ ഊട്ടിയിരുന്ന അമ്മമാര്‍ ഇന്നത്തെ തലമുറയില്‍ ഉണ്ടോ? മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തിയപ്പോള്‍ ചന്ദ്രന്‍ എന്ന ആകാശ വിസ്മയവും ചൊവ്വയില്‍ ശൂന്യാകാശയാനമിറക്കിയപ്പോള്‍ ചൊവ്വാ ദോഷവും മനസ്സുകളില്‍ നിന്നും ഭാഗികമായി മാഞ്ഞു പോയി. ഇതെല്ലാം മനുഷ്യന്‍റെ വിജയമാണെന്ന് അഹങ്കരിക്കുമ്പോള്‍ അവന്‍ ഒന്നോര്‍ക്കണം... ഇതെല്ലാം എത്രയോ കോടാനുകോടി വര്‍ഷങ്ങള്‍ക്കും മുമ്പ് പ്രപഞ്ചത്തില്‍ ഉണ്ടായിരുന്നു. അവയെ കണ്ടുപിടിക്കുക എന്നൊരു നിസ്സാര കാര്യം മാത്രമാണ് അവനു ചെയ്യാന്‍ സാധിച്ചത്. ഈ പ്രകൃതിയില്‍ത്തന്നെയുള്ള കാര്യങ്ങള്‍ കണ്ടുപിടിച്ച് അതില്‍ ഊറ്റം കൊള്ളുന്ന മനുഷ്യപ്രവൃത്തികളെ ഒരുതരത്തില്‍ ബാല ലീലകളോട് മാത്രമേ ഉപമിക്കാനാവൂ.
ഈ പ്രപഞ്ചം മൊത്തത്തില്‍ മനുഷ്യന്‍റെ മുന്നില്‍ മുട്ടുമടക്കുന്ന മിഥ്യയായ ആ സുദിനത്തിനായി നെട്ടോട്ടമോടുമ്പോഴും, പിന്നിടുന്ന ഓരോ നാഴികക്കല്ലിലും പ്രകൃതിയില്‍ നിന്നും അനേക കാതങ്ങള്‍ അവന്‍ അകന്നു കൊണ്ടിരിക്കുകയാണ് എന്ന സത്യം സദാ വിസ്മരിക്കുന്നു. ഇരിയ്ക്കുന്ന കൊമ്പ് വെട്ടാതെ, പ്രപഞ്ചത്തിന്റെ താളംഒട്ടും നഷ്ടപ്പെടുത്താതെ, മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഗുണം ചെയ്യുന്ന പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ കേവലം ക്ഷണികമായ ഈ മനുഷ്യായുസ്സില്‍ എന്ത് കൊണ്ടവന്‍ തയ്യാറാവുന്നില്ലാ?!! ജീവസംരക്ഷണത്തിനായുള്ള സകല പ്രതിവിധികളും ഈ പ്രകൃതിയില്‍ത്തന്നെ ഉണ്ടായിരിക്കേ, ജീവജാലങ്ങളുടെയും പദാര്‍ത്ഥങ്ങളുടേയും രാസഘടന മനസ്സിലാക്കി അവയവങ്ങളുടെ രോഗാവസ്ഥ മാറ്റിയെടുക്കാന്‍ അവ നിര്‍മ്മിച്ചിരിക്കുന്ന രാസ പദാര്‍ത്ഥങ്ങളോട് പ്രതിക്രിയ ചെയ്യുന്ന രാസപദാര്‍ഥങ്ങള്‍ സേവിക്കാന്‍ കൊടുത്ത് താല്‍ക്കാലിക ശമനം ഉണ്ടാക്കുന്നത് ഭാവിയില്‍ ആരോഗ്യത്തിനു ഭീഷണിയല്ലേ? പ്രകൃതിവിരുദ്ധ പ്രവര്‍ത്തികള്‍ എന്നേ ഇതിനെയൊക്കെ വിളിക്കാനാവൂ.
പ്രപഞ്ചത്തിന്റെ അസ്തിത്വം അനാവരണം ചെയ്തിട്ട് സത്യത്തില്‍ മനുഷ്യന് എന്ത് നേടാനാണ്? എന്നാല്‍ അതിലെ അന്തേവാസികളായ ജീവജാലങ്ങളുടെ സുഗമ ജീവിതത്തിനു ആവശ്യമായ വസ്തുതകള്‍ തേടിയുള്ള പ്രയാണത്തിനായിരിക്കണം ഓരോ ധിഷണാശാലികളും ശ്രമിക്കേണ്ടത്. അല്ലാതെ ഭൂമി എങ്ങനെ ഉണ്ടായെന്നും അതിലെ പദാര്‍ഥങ്ങളുടെ രസതന്ത്രം മനസ്സിലാക്കുകയെന്നതുമൊന്നുമല്ലാ മനുഷ്യകുലത്തിന്‍റെ സുരക്ഷിതമായ നിലനില്പ്പിന് ആവശ്യമായിട്ടുള്ളത്.
മുന്നില്‍ തടസ്സം പോലെ നിന്നിരുന്ന അന്ധകാരത്തെ കീറിമുറിച്ചു കൊണ്ടു ആ ഘോരവനത്തിലൂടെ രാമനാഥന്‍ നടക്കുമ്പോള്‍ ചിന്തകള്‍ നിറച്ച ഭാണ്ഡക്കെട്ടിലെ ചേലകള്‍ ഓരോന്നൊരോന്നായി എടുത്തു നിവര്‍ത്തിക്കുടഞ്ഞു തിരികേ വച്ചു കൊണ്ടിരുന്നു. .
പെട്ടെന്നു പിറകില്‍ നിന്നും ഒരു നനുത്ത കരസ്പര്‍ശം ഇടത്തേ ചുമലില്‍.. അയാള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.. തന്നെ ഉറ്റുനോക്കിക്കൊണ്ട് കോപാക്രാന്തനായി ഒരു വെളുത്ത ചേലയണിഞ്ഞ മനുഷ്യരൂപം. പരിചയമുള്ള ഒരുപാട് പേരുടെ ഛായകള്‍ മിന്നിമറയുന്ന മുഖം നിലാവില്‍ വെട്ടിത്തിളങ്ങുന്നതായി രാമനാഥന് തോന്നി. പെരുവിരലിലൂടെ തണുത്തുമരവിച്ച ഒരു സൂചിയുടെ രൂപം പൂണ്ട് പാഞ്ഞുവന്ന ഭീതി ഹൃദയത്തിന്‍റെ ഭിത്തികളില്‍ തറയ്ക്കുന്നത് അറിഞ്ഞപ്പോള്‍ അയാള്‍ കണ്ണുകള്‍ ഒരു നിമിഷത്തേക്ക് ഇറുക്കിയടച്ചു.
"ഭയമുള്ള കാട്ടിലകപ്പെട്ടു പോയാല്‍ ഇളകുന്നതെല്ലാം പുലിയെന്നു തോന്നും.." ഏഴാം ക്ലാസ്സില്‍ മലയാളം പാഠം പഠിപ്പിച്ച കുഞ്ഞിക്കണ്ണന്‍ മാഷുടെ സ്വരം അന്തരംഗത്തില്‍ പ്രതിഫലിച്ചപ്പോള്‍ ധൈര്യം സംഭരിച്ചു കൊണ്ടു രാമനാഥന്‍ മിഴികള്‍ തുറന്നു.
ഇതു മിഥ്യയല്ല.. നഗ്നനേത്രങ്ങള്‍ക്ക് ഗോചരമായ യാഥാര്‍ത്ഥ്യം തന്നേ.. എന്നാല്‍ അതൊന്നു കണ്ടിട്ടു തന്നെ കാര്യം.. അയാളുടെ സിരകളില്‍ പതിയേ ധൈര്യം നുരയാന്‍ തുടങ്ങി.
"താങ്കള്‍ ആരാണ്? എന്തിനു എന്‍റെ വഴിയില്‍ വിഘ്നം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു?.."
"അതു നില്‍ക്കട്ടേ.. വനത്തില്‍ ഈ പാതിരാത്രിയില്‍ താങ്കള്‍ക്കെന്തു കാര്യം? അസമയത്ത് ഈ കാട്ടുപാതയുടെ ശാന്തി അപഹരിക്കാന്‍ താങ്കള്‍ക്കു അധികാരം തന്നതാര്?" ശുഭ്രവസ്ത്രധാരിയുടെ ചിലമ്പിച്ച ശബ്ദം..
"എനിക്കതിനു ആരുടേയും അധികാരം ആവശ്യമില്ലല്ലോ.. മനോഗതത്തിനനുസരിച്ചു ഏതു നേരത്തും എനിക്കിഷ്ടമുള്ളിടത്തു കൂടി ഞാന്‍ സഞ്ചരിക്കും.. അതിനു തടയിടാന്‍ ആരാണ് താങ്കള്‍? .. ഇനി വല്ല യക്ഷിയോ മറുതയോ ആണോ? നിങ്ങള്‍ ആരായാലും ഒന്നോര്‍ത്തോ എനിക്ക് താങ്കളെ ഒരു ചുക്കും ഭയമില്ലാ.."
"അതു പറയാന്‍ താങ്കള്‍ക്കു എന്തവകാശം?.. ഭയപ്പെടേണ്ട കാര്യങ്ങളെ സാധാരണ മനുഷ്യജന്മങ്ങള്‍ ഭയപ്പെടുക തന്നെ വേണം.. താങ്കള്‍ ലൌകീകമായ ആഗ്രഹങ്ങള്‍ വെടിഞ്ഞ ഒരു ബ്രഹ്മചാരിയാണോ? അല്ലെങ്കില്‍ ആയിരക്കണക്കിനു മനുഷ്യജീവികളുടെ ആര്‍ത്തനാദങ്ങള്‍ ആവാഹിച്ച് അടച്ചു മുദ്ര വച്ച പേടകം താങ്കളുടെ പക്കലുണ്ടോ?"
"എനിക്കു മനസ്സിലായില്ലാ താങ്കളുടെ ചോദ്യത്തിന്‍റെ പൊരുള്‍.. മറ്റുള്ളവരുടെ മുന്നില്‍ ഞാനൊരു ഭ്രാന്തനോ വിപ്ലവകാരിയോ ആയിരിക്കാം.. പക്ഷേ, മനസ്സില്‍ എരിയുന്ന കനലുകള്‍ സൂക്ഷിക്കുന്ന ഒരു പച്ച മനുഷ്യനാണ് ഞാന്‍.. ലോകത്തിലെ സുഖസമാധാനസമത്വങ്ങളുടെ സൂത്രവാക്യം തേടിയിറങ്ങിപ്പുറപ്പെട്ട ഒരു സാമൂഹ്യ സ്നേഹി.. എനിക്കിഷ്ടമുള്ള വഴിയിലൂടെ ചരിച്ചുകൊണ്ടു ഞാനതു സ്വായത്തമാക്കും. എന്നിട്ട് അട്ടഹസിച്ചു കൊണ്ടു ഈ സമൂഹത്തിനു മുമ്പില്‍ ഞാനത് വെളിപ്പെടുത്തും. എല്ലാ മനുഷ്യജീവികളും അവ സ്വായത്തമാക്കി വലുപ്പച്ചെറുപ്പമില്ലാതെ ഈ ലോകത്തില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും സമന്മാരായി വാഴും. ഇതേവരെ കുത്തകയായി വയ്ക്കപ്പെട്ട വലിയ വലിയ കോട്ടകള്‍ പലതും സാധാരണക്കാര്‍ക്കായി തുറന്നു കൊടുക്കപ്പെടും. ചിലവ തകര്‍ന്നു വീഴും.. അതിനിടയില്‍പ്പെട്ടു താങ്കളെപ്പോലുള്ള നീചവ്യക്തിത്വങ്ങള്‍ ചതഞ്ഞരഞ്ഞു നാമാവശേഷമാകും.."
"അതു ശരി.. അപ്പോള്‍ അതാണ് താങ്കളുടെ ഉദ്ദേശ്യം അല്ലേ?.. ഓര്‍ക്കുക.. താങ്കളെപ്പോലെ പലരും താണ്ടാന്‍ ശ്രമിച്ച വഴിയാണ് ഇത്. ഇവിടെ നിന്നും അടുത്ത വളവു തിരിയുമ്പോള്‍ കാണുന്ന കൊക്കയില്‍ അവരുടെ അസ്ഥികൂടങ്ങള്‍ ശയിക്കുന്നുണ്ട്. താങ്കളുടെ ശരീരത്തിലെ അസ്ഥികള്‍ക്കു അവയോടു ചേരാനുള്ള അവസരം കൊടുക്കേണ്ടാ എന്നാണു താങ്കള്‍ക്കു തരാനുള്ള ഉപദേശം.."
"ഓഹോ.. വിരട്ടാന്‍ നോക്കേണ്ടാ.. എനിക്ക് എന്‍റെ വഴി, താങ്കള്‍ക്കു താങ്കളുടേയും.. ദയവായി താങ്കള്‍ എന്‍റെ യാത്രയ്ക്കു ഭംഗം ഉണ്ടാക്കാതെ മാറിനില്‍ക്കൂ.. ഇല്ലെങ്കില്‍ എന്‍റെ ഭാണ്ഡത്തിലെ വാളിന്‍റെ മൂര്‍ച്ച താങ്കളുടെ ദേഹത്ത് എനിക്ക് പരീക്ഷിക്കേണ്ടി വരും.. ഹും.. "
"ശരി.. താങ്കളുടെ ഇച്ഛാശക്തിയേയും ലക്ഷ്യബോധത്തെയും ഞാന്‍ മാനിക്കുന്നു. താങ്കളുടെ ആത്മവിശാസം താങ്കളെ രക്ഷിക്കട്ടേ.. ഞാന്‍ താങ്കളുടെ ആഗ്രഹപൂര്‍ത്തിക്കു ഒരിക്കലും ഒരു വ്ഘ്നമാകില്ല. എങ്കിലും താങ്കളുടെ രക്ഷയെ മുന്‍നിര്‍ത്തി മാത്രം ഞാന്‍ താങ്കളോട് ഒരു കാര്യം ഉണര്‍ത്തിക്കാം.. ദയവു ചെയ്ത് താങ്കള്‍ ഇതു കേള്‍ക്കാന്‍ സന്മനസ്സു കാണിക്കണം.. " അപരിചിതന്റെ ശബ്ദത്തിനു ചിലമ്പിച്ച നഷ്ടപ്പെട്ട് മൃദുത്വം വന്നു തുടങ്ങി.
"പറയൂ..കേള്‍ക്കാന്‍ ഞാന്‍ തയ്യാര്‍.." രാമനാഥനും ശാന്തത വീണ്ടെടുത്തു.
"താങ്കളെപ്പോലുള്ള ദൃഢമാനസരെയാണ് ഇന്നത്തെ സമൂഹത്തിനു ആവശ്യം.. താങ്കളോട് എനിക്കിപ്പോള്‍ സ്നേഹവും ബഹുമാനവും തോന്നുന്നു. പക്ഷേ, താങ്കളെപ്പോലെ നന്മ വിളയുന്ന വഴികള്‍ തേടിയിറങ്ങുന്നവര്‍ക്കെല്ലാം മുന്‍ഗാമികളെപ്പോലെ കേവലം എല്ലും മുടിയുമായി ഭൂമിയിലടിയുവാനാണ് വിധിയുണ്ടായിട്ടുള്ളത്. നല്ലവനായ താങ്കള്‍ക്കും ആ ഗതി വരരുതെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം എനിക്കുണ്ട്."
"താങ്കള്‍ക്കു നന്ദി.. ഉണര്‍ത്തിക്കാനുള്ളത് വേഗം ഉണര്‍ത്തിക്കൂ.. എനിക്കു പോകാന്‍ സ്വല്പം ധൃതിയുണ്ട്.."
"പറയാം.. താങ്കള്‍ തേടുന്നത് നമ്മുടെ തകര്‍ന്നടിഞ്ഞ സാമൂഹ്യ വ്യവസ്ഥിതിയുടെ പരമമായ ഉന്നമനവും സമത്വവും സമന്വയിക്കുന്ന ഒരു പ്രതിവിധിയല്ലേ?.. അതിനുവേണ്ടി ഒരുപാട് വിഷമതകള്‍ ഇതേവരെ താങ്കള്‍ അനുഭവിച്ചും കഴിഞ്ഞു. ആ ലക്‌ഷ്യം മുന്നില്‍ കണ്ടുകൊണ്ട് ഒരു സര്‍വ്വസംഗപരിത്യാഗിയെപ്പോലെ അങ്ങേക്ക് അര്‍ഹതപ്പെട്ട ലൌകിക ജീവിതം നഷ്ടപ്പെടുത്തുന്നത് കൊണ്ട് എന്താണ് പ്രയോജനം? എന്‍റെ കൂടെ വരൂ.. താങ്കള്‍ അന്വേഷിക്കുന്ന സംഗതികള്‍ ഞാന്‍ കാണിച്ചു തരാം. സുഖം, സന്തോഷം, സമാധാനം, ഐശ്വര്യം ഇതില്‍ക്കൂടുതല്‍ ഒരു മനുഷ്യജീവിതത്തില്‍ അവനു വേണ്ടത് വേറെ എന്താണ്?. മറ്റുള്ളവരുടെ സൌഖ്യങ്ങള്‍ക്ക് വേണ്ടി സ്വജീവിതം പാഴാക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലാ. വരൂ.. എന്‍റെ കാലടികളെ പിന്തുടരൂ.. " അപരിചിതന്റെ സ്വരത്തില്‍ അല്പം അധികാരഭാവം കലര്‍ന്നിരുന്നു.
"താങ്കളെപ്പോലെ അനവധി പേരെ ഞാന്‍ എന്‍റെ യാത്രയില്‍ കണ്ടിട്ടുണ്ട്.. പക്ഷേ ഈ മോഹന വാഗ്ദാനങ്ങളിലൊന്നും ഞാന്‍ വശംവദനാകുമെന്നു കരുതേണ്ടാ.. എന്‍റെ സിരകളിലെ രക്തത്തിന് ഇപ്പോഴും എന്ത് വിലകൊടുത്തും ലക്‌ഷ്യം നേടുന്നത് വരെ പിടിച്ചു നില്‍ക്കാനുള്ള ചൂടുണ്ട്. കഷ്ടപ്പെടുന്ന ജനങ്ങളുടെ ഒരിക്കലും നിലയ്ക്കാത്ത രോദനങ്ങളുടെ പ്രതിദ്ധ്വനികള്‍ എന്‍റെ കര്‍ണ്ണങ്ങളില്‍ കടല്‍ത്തിരകള്‍ പോലെ അടിച്ചു കൊണ്ടിരിക്കുകയാണ്. എന്‍റെ യാത്രയ്ക്കുള്ള ഊര്‍ജ്ജവും അതുതന്നെയാണ്. മാറി നില്‍ക്കൂ എന്‍റെ വഴിയില്‍ നിന്നും..." ഒരു നിമിഷമൊന്നു ശങ്കിച്ചതിനു ശേഷം രാമനാഥന്‍ പ്രതികരിച്ചു..
"സുഹൃത്തേ... ഈ ചുറുചുറുക്കും രക്തത്തിളപ്പുമെല്ലാം നാമാവശേഷമാകുന്ന ഒരു കാലം ആസന്നമാകും. അപ്പോള്‍ ആരുടെ ക്ഷേമത്തിനു വേണ്ടിയാണോ താങ്കള്‍ ഇറങ്ങിത്തിരിച്ചത്, അവര്‍ത്തന്നെ താങ്കളുടെ ശരീരത്തിലേക്കും മനസ്സിലേക്കും തൊടുക്കുന്ന അസ്ത്രങ്ങള്‍ ഏറ്റുവാങ്ങാനുള്ള ത്രാണി താങ്കള്‍ക്കുണ്ടായെന്നു വരില്ലാ. മനുഷ്യരായാല്‍ പ്രായോഗിക ബുദ്ധി ആണ് ആദ്യം പ്രവര്‍ത്തിപ്പിക്കേണ്ടത്. ഒരു ഉദ്യമം കൊണ്ട് ലോകം മുഴുവന്‍ കീഴ്മേല്‍ മറിക്കാനാവുമെന്ന ചിന്ത ബാലിശവും ഉപകാരശൂന്യവുമാണ്. അത് മനസ്സിലാക്കൂ.. രക്തസാക്ഷികള്‍ക്ക് വേണ്ടി കേഴുന്ന ഒരു സമൂഹം ഇന്നും ഇന്നലെയും ഉണ്ടായതല്ലാ. ആര്‍ക്കും വേണ്ടാത്ത ശിലകളുടെ രൂപത്തില്‍ ഇപ്പറഞ്ഞ രക്തസാക്ഷികള്‍ ഓരോ മുക്കിലും മൂലയിലും നോക്കുകുത്തികള്‍ പോലെ നിലകൊള്ളുന്നു. അവരുടെ കുടുംബങ്ങള്‍ മൂന്നു നേരത്തേക്കുള്ള അന്നത്തിനായ് കഠിനപ്രയത്നവും ചെയ്തു കൊണ്ടിരിക്കുന്നു. എന്‍റെ ഉപദേശം കേട്ട് കൂടെ വരികയാണ് താങ്കള്‍ക്കു ഏറ്റവും ഉചിതം......." അപരിചിതന്‍ തന്‍റെ വാക്കുകള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു
നിരന്തരമായ ഉപദേശം കേട്ട് ചിന്താവിഷ്ടനായി നിന്ന രാമനാഥനെ അത്ഭുതപ്പെടുത്തിക്കൊണ്ട് കണ്മുന്നില്‍ പുഷ്പങ്ങള്‍ വിതറിയ ഒരു ചുവന്ന പരവതാനി നിവര്‍ന്നു. അതവസാനിക്കുന്നിടത്ത് മനോഹരമായൊരു സിംഹാസനവും.
ചിന്തകള്‍ നിറച്ച തന്‍റെ ഭാണ്ഡം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് രാമനാഥന്‍ യാന്ത്രികമായി പതുപതുത്ത ആ പരവതാനിയിലൂടെ ശുഭ്ര വസ്ത്രധാരിയുടെ കാല്പ്പാടുകളെ അനുഗമിച്ചു. തിരയൊഴിഞ്ഞ തീരം പോലെ ശാന്തമായിരുന്നു അപ്പോള്‍ രാമനാഥന്‍റെ മനസ്സ്.
നാളുകള്‍ക്കു ശേഷം ആ ഘോരവനത്തിലെ കാട്ടുപാതയിലൂടെ അസമയത്ത് ധൈര്യസമേതം കടന്നു പോകാന്‍ ശ്രമിച്ച ഒരു ആദര്‍ശവാദിയുടെ തോളില്‍ സ്പര്‍ശിച്ച ശുഭ്രവസ്ത്രധാരിയുടെ മുഖത്തിനു ഏകദേശം രാമനാഥന്‍റെ ഛായയായിരുന്നു.
- ജോയ് ഗുരുവായൂര്‍
No comments:
Post a Comment