Tuesday, December 8, 2015

ബ്ലഡി ഇഡിയറ്റ്! BLOODY IDIOT!!..

അഹങ്കാരിയായ ബ്ലഡി ഫൂള്‍,
കണ്ണടയ്ക്കുന്ന നേരം കൊണ്ടു നീ മനുഷ്യരെ
ആശയുടേയും നിരാശയുടേയും
സൈകതങ്ങളിലൂടെ വലിച്ചിഴയ്ക്കുന്നു.
ചിലര്‍ക്കു ചിലതൊന്നും പറഞ്ഞിട്ടില്ലാ
എന്നൊന്നും ഓര്‍ക്കാതെ നീ
ഒരു നിമിഷം കൊണ്ടോരുവനെയങ്ങു
പണക്കാരനായും ദരിദ്രനായും
പണ്ഡിതനായും പാമരനായും
പ്രണയിതാവായും കള്ളനായും
മാറ്റുന്നതും പോരാതെ,
ചിറകിലേറ്റി ലോകം ചുറ്റിക്കാനും
പണ്ടാരമടങ്ങാനായി
തോന്നിയ പോലെ കൊക്കകളിലേക്കും
കയങ്ങളിലേക്കും വലിച്ചെറിയാനും
ഹിംസ്രമൃഗങ്ങളെക്കൊണ്ടു ആക്രമിപ്പിക്കാനും
അപ്പോള്‍ത്തന്നെ രക്ഷപ്പെടുത്താനും
ഒരുപാടു മിനക്കെടുന്നുണ്ട്.
ചിലപ്പോള്‍ "യു ആര്‍ മൈ ഡിയര്‍" എന്നും
ചില നേരങ്ങളില്‍ "യൂ ടൂ ബ്രൂട്ടസ്" എന്നും
ആളുകളെക്കൊണ്ടു പറയിപ്പിക്കുന്നതും
നിന്‍റെ വിനോദങ്ങളില്‍പ്പെടും
ഇതേപോലുള്ള താന്തോന്നിത്തരങ്ങള്‍
ഒരുപക്ഷേ നിന്‍റെ മാത്രം കുത്തകയാവാം
നിന്‍റെ പിടിയില്‍ നിന്നും രക്ഷനേടാന്‍
മൂക്കു കീഴ്പോട്ടുള്ള ഒരു മനുഷ്യനും
വ്യാമോഹിച്ചിട്ടും കാര്യമില്ലല്ലോ
അഹങ്കരിച്ചോളൂ നന്നായി അഹങ്കരിച്ചോളൂ
എങ്കിലും ചിലര്‍ക്കു പറയാത്ത കാര്യങ്ങളും
ക്ഷണികമായെങ്കിലും ചെയ്തു കൊടുക്കുന്ന
നിന്നെ സ്തുതിക്കാതിരിക്കാനും വയ്യല്ലോ..
ഡിയര്‍ ഇഡിയറ്റ്, അതുകൊണ്ടു തന്നെ
എന്‍റെ ഫ്രണ്ട് ലിസ്റ്റില്‍ നിന്നും
ഞാനായിട്ടു നിന്നെ തഴയുന്നില്ലാ.. .
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment