Friday, November 8, 2013

കൊളുത്തുകള്‍..

നീന്തിത്തുടിക്കുന്ന ചെറുമീനിനോട്
ഒരു ദിവസമതിന്‍ മുത്തശ്ശി ചൊല്ലി...
കണ്ടില്ലെന്നു നടിക്കുക..
നിത്യവും ശ്യൂന്യതയില്‍ നിന്നെത്തി   
നിന്‍മുന്നില്‍ മോഹനനൃത്തമാടുന്ന
മാംസം പൊതിഞ്ഞ കൊളുത്തുകളെ... 

അഗ്രം കൂര്‍ത്തുവളഞ്ഞു മനോഹരവും
വര്‍ണ്ണാഭവുമായ കൊളുത്തുകള്‍ കണ്ട് 
നിന്‍റെ ഉള്ളം തുടിച്ചേക്കാം അതിന്‍റെ
ഉന്മാദഗന്ധം സിരകളെ മദിച്ചേക്കാം.
ചുങ്ങിക്കരിഞ്ഞ നിന്റെ ആമാശയത്തിലതു 
വിശപ്പിന്‍ കനല്‍ വിതറിയേക്കാം .
മണല്‍ വിളയുന്ന മനോവിദര്‍ഭത്തില്‍ 
പുതിയ മൃഗതൃഷ്ണകള്‍ തീര്‍ത്തേക്കാം
സ്വയം മറക്കാന്‍ നിന്നെ പ്രേരിപ്പിച്ചേക്കാം
എന്നിരുന്നാലും കണ്ടില്ലെന്നു നടിക്കുക.
 
മാംസം പൊതിഞ്ഞ ചതിക്കൊളുത്തുകള്‍ 
നിന്റെ അണ്ണാക്കിലേക്ക് ഇടിച്ചു കയറി  
ചോരച്ചാല്‍ പൊടിയിക്കുന്നതും 
ആമാശയ വഴിയടക്കുന്നതും
ശ്വാസം മുട്ടിക്കുന്നതും, അനന്തരം
ജീവനോടെ തൊലിയുരിക്കപ്പെടുന്നതും
അടിവയറു കീറി രക്തം വാര്‍ത്തി 
ദേഹമാസകലം വരഞ്ഞിട്ട മുറിവുകളില്‍  
തിളച്ചയെണ്ണ തെറിച്ചു വീണ നീറ്റലുമായി
വാഴുന്നോരുടെ തീന്മേശയില്‍ വിവസ്ത്രമായി
ബുഭുക്ഷകരുടെ ഉമിനീരില്‍ കുതിര്‍ന്നു
ചേതനയറ്റു മലര്‍ന്നു കിടക്കുന്നതും 
പത്രങ്ങളില്‍ ചിത്രങ്ങളായ് മാറുന്നതും 
ബുദ്ധിശ്യൂന്യതയെങ്ങും  ചിരിയുണര്‍ത്തുന്നതും
കൂട്ടുകാര്‍ കണ്ണീര്‍ വാര്‍ക്കുന്നതും
പശ്ചാത്തപിക്കാന്‍ വരെ ഇടയില്ലാതെ
ഇരുളിന്‍ ശ്മശാനം നിന്നെ തേടിയെത്തുന്നതും
ഞൊടിയിടയിലായിരിക്കും!.. സൂക്ഷിക്കുക.
കൊളുത്തുകളില്‍ നിന്നും ഓടിയകലൂ  
കൊളുത്തില്‍ കുരുങ്ങി ജീവന്‍ വെടിഞ്ഞ
നിന്റെ ജനയിതാക്കളോടും പറഞ്ഞിരുന്നു ഞാനിത്!!...
  - ജോയ് ഗുരുവായൂര്‍

അഗ്നിശുദ്ധി


[വെറും സംഭാഷണങ്ങള്‍ കൊണ്ട് മാത്രം കഥ പറയാനുള്ള ഒരു എളിയ പരീക്ഷണം ആണിവിടെ നടത്തിയിരിക്കുന്നത്. കുറച്ചു നീളമുള്ള സംഗതി ആയതിനാല്‍ വ്യക്തിപരമായ സമയസൌകര്യങ്ങള്‍ കണക്കിലെടുത്ത് ക്ഷമയോടെ വായിച്ചു അഭിപ്രായം രേഖപ്പെടുത്താന്‍ താല്‍പ്പര്യപ്പെടുന്നു]

"പ്രിയാ.. ഞാന്‍ നിന്നോട് ഒരു കാര്യം ചോദിച്ചാല്‍ നീ കറക്റ്റ് ആയി വിശദീകരണം തരുമോ?"

"അതെന്താ രമേശ്‌.. എന്നോട് ചോദിക്കാന്‍ നിനക്കൊരു മുഖവുര?.. ഞാന്‍ നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേടാ.. ഹും എന്തേ ഇപ്പൊ ഇതേ വരെയില്ലാത്ത ഒരു വൈക്ലഭ്യം?.."

"നീയൊരു പെണ്ണല്ലേ.. നിനക്കാണ് ഇക്കാര്യത്തില്‍ എന്നെ സഹായിക്കാനാവുക.. പക്ഷെ നിന്നില്‍ നിന്നും എനിക്കായി വരുന്നത് ഒരിക്കലും നീയടങ്ങുന്ന പെണ്‍സമൂഹത്തിനു പരമ്പരാഗതമായി നിര്‍ക്കര്ഷിക്കപ്പെട്ട സദാചാരബോധത്തെ സംരക്ഷിക്കുന്ന വാക്കുകള്‍ ആവരുത്"

രമേശ്‌.. വീണ്ടും നീ കാടുകയറുന്നു. എന്നാണു നീയൊരു പുരുഷനും ഞാന്‍ ഒരു സ്ത്രീയും ആണെന്ന് നീ ചിന്തിച്ചു തുടങ്ങിയത്? പിന്നെ നീയെങ്കിലും എന്നെ ഒരു പെണ്ണായി മാനിച്ചുവല്ലോ.. എല്ലാവരും ഞാന്‍ ഒരു ആണ് ആണെന്നാണ്‌ കളിയാക്കി പറയുന്നത്.. ഹ ഹ ഹ" 

"ഐ അം സോറി.. ഇതെന്റെ ജീവിതപ്രശ്നം ആണ് പ്രിയാ.. നിനക്കതു ശരിക്കും മനസ്സിലാക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു"

"പറയൂ രമേശ്‌ നിനക്കെന്തും എന്നോട് പറയാമല്ലോ.. നമ്മള്‍ ഉറ്റ സുഹൃത്തുക്കളായതും ഇതേ വരെ ഇടപഴകിയതും ഒന്നും നമ്മുടെ ലിംഗഭേദം കണക്കിലെടുത്തിട്ടല്ലല്ലോ.. വിഷമിക്കാതെ എന്താന്നു വച്ചാല്‍ പറയൂ മൈ ഫ്രണ്ട്"

"വണ്ടിയില്‍ കയറൂ പ്രിയാ.. നമുക്ക് ബീച്ചില്‍ ആ ചാഞ്ഞു കിടക്കുന്ന മരത്തിന്റെ നമ്മളെ നമ്മളാക്കിയ നമ്മുടെ സ്വന്തം തണലിലേക്ക്‌ പോകാം"
"എത്ര നേരമായി ഞാന്‍ ഓണ്‍ലൈനില്‍ വന്നു കൂവുന്നു. ഈയിടെ നിനക്ക് എന്നോട് എന്തോ ഒരു അകല്‍ച്ച എനിക്ക് ഫീല്‍ ചെയ്യുന്നൂ. എന്നെ ഇഷ്ടമില്ലെങ്കില്‍ അത് പറഞ്ഞൂടെ.. ഞാന്‍ നിന്നെ ഇത് പോലെ ശല്യപ്പെടുത്താന്‍ വരുമായിരുന്നില്ല്യല്ലോ.."

"ഛെ.. എന്താത് നീലിമാ.. എപ്പഴും ഈ പരിഭവം.. നീ വര്‍ക്ക് ചെയ്യുന്ന തരം പീറ ഓഫീസ്സില്‍ ആണോ ഞാന്‍ ജോലി ചെയ്യുന്നത്. രാവിലെ മുതല്‍ തുടങ്ങിയ അര്‍ജന്റ് വര്‍ക്കുകളാണ് കുട്ടീ.. കുറച്ചു കഴിഞ്ഞു ഒരു മീറ്റിംഗ് ഉണ്ട്. അതിന്റെ ഡോക്യുമെന്റ്സ് തയ്യാറാക്കുകയും വേണം. ഇന്നത്തെ ദിവസം തന്നെ പോക്കാണ് എന്റെ നീലൂ.. ബോസ്സിനാണെങ്കില്‍ മീറ്റിങ്ങില്‍ അയാളുടെ വലതു വശത്ത്‌ എപ്പോഴും എന്നെ കാണണം താനും"

"ങാ.. അതെ എന്റെ ഓഫീസും ഞാനും പീറ തന്നേ.. സമ്മതിച്ചു. കുറച്ചു ദിവസങ്ങളായി ഞാന്‍ ശ്രദ്ധിക്കുന്നു. രമേശ്‌ ഈയിടെയായി എന്നെ പലപ്പോഴും അവോയ്ഡ് ചെയ്യുന്നുണ്ട്. ആയിക്കോളൂ.. ഞാന്‍ ഒരിക്കലും ഒരു തടസ്സം ആവില്ല്യാട്ടോ. എന്റെ ജീവിതത്തില്‍ എനിക്ക് എന്നും അവഗണന മാത്രമേ ഉണ്ടായിട്ടുള്ളൂ.. ഇതും ഞാന്‍ അതിന്റെ കൂട്ടത്തില്‍ സഹിച്ചോളാം...  കേരി ഓണ്‍ വിത്ത്‌ യുവര്‍ ബിസി ഷെഡ്യൂള്‍സ്.. ഓക്കേ ബൈ"

"നീലിമാ.. നീയെന്നെ ഭ്രാന്ത് പിടിപ്പിക്കും.. എന്താ നീ എന്റെ അവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കാത്തെ.. എനിക്കീ വെറുതെ ഇത്തരം ഇലയില്‍ ചവിട്ടി വഴക്കുണ്ടാക്കല്‍ ഒട്ടും ഇഷ്ടല്ല്യാന്നു നിന്നോട് എത്രവട്ടം പറഞ്ഞിട്ടുള്ളതാ.. നിന്നെ ഒരിക്കലും ഞാന്‍  അവോയ്ഡ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല്യ. ഒരിക്കലെങ്കിലും നിന്റെ ഫോണ്‍ വിളിയോട് പ്രതികരിക്കാതെ ഞാന്‍ ഇരുന്നിട്ടുണ്ടോ? എനിക്ക് നീയില്ലാതെ ഇപ്പോള്‍ ജീവിക്കാനാവില്ല്യ മുത്തെ. എന്റെ ജീവിക്കാനുള്ള ആശ തന്നെ നീയാണ്. ആ നീയും ഇങ്ങനെ തുടങ്ങിയാല്‍ പിന്നെ എന്റെ കാര്യം പോക്ക് തന്നെ."

"രമേശ്‌.. സോറി ഡാ.. ഞാന്‍ നിന്നെ വിഷമിപ്പിച്ചുവല്ലേ.. എന്റെ പെട്ടെന്നുള്ള ടെന്‍ഷനില്‍ ഞാന്‍ പറഞ്ഞു പോയതാടാ.. സാരല്ല്യ മുത്തേ.. ഈയിടെ എന്റെ പോസ്സസീവ്നസ് ഇത്തിരി കൂടി എന്ന് തോന്നുന്നു. അതിന്റെ കുഴപ്പം ആണ്. നിന്നെ നഷ്ടപ്പെടുമോ എന്ന തോന്നല്‍ എന്റെ മനസ്സിനെ ഒരു പാട് അലട്ടുന്നു. നിന്റെ ഓരോ മൌനവും എന്നില്‍ ആയിരം അനിശ്ചിതത്വങ്ങള്‍ക്ക് തിരിയിടുന്നു. എന്റെ കുട്ടന്‍ ജോലി ചെയ്തോളുട്ടോ.. വൈകീട്ട് നമ്മുടെ വിളിയില്‍ വീണ്ടും കാണാം ട്ടോ. ന്റെ കുട്ടന് ചക്കരയുമ്മ... എന്നോട് ക്ഷമിക്കെടാ.. രാവിലെ തന്നെ നിന്റെ പ്രഷര്‍ കൂട്ടിയതിനു.. ആരോരുമില്ലത്തൊരു പൊട്ടിപ്പെണ്ണല്ലേടാ.. നിന്റെ സ്വന്തം വാവക്കുട്ടന്‍.. "

"സാരല്ല്യ മുത്തേ... ഐ കാന്‍ അണ്ടര്‍സ്റ്റാന്‍ഡ് യുവര്‍ ഫീലിംഗ് ഡാ.. വിഷമിക്കണ്ടാട്ടോ.. സമാധാനമായി ജോലി ചെയ്യൂ.. ടെന്‍ഷന്‍ അടിക്കണ്ടാ.. "

"ഒക്കെ ചക്കരേ... ഉമ്മാ... ഉമ്മാആആആആആആആആഅ .. ബൈ..."

"രമേശ്‌.. സമയം എത്രയായെന്നറിയോ?.. ഒന്നേമുക്കാല്‍..! വൈകീട്ട് ഏഴര മണിക്ക് തുടങ്ങിയതല്ലേഡാ നമ്മള്‍... ന്റെ മുത്തിന്റെ എത്ര കാശാണ് ഈശ്വരാ പോയിട്ടുണ്ടാവാ.. ഈ വാശിക്കാരി പെണ്ണ് കാരണം.. നമ്മള്‍ പ്രണയിച്ചു തുടങ്ങിയ കഴിഞ്ഞ ആറുമാസത്തെ 'ലവിംഗ് കോസ്റ്റ്' എടുത്താല്‍ കണ്ണ് തള്ളിപ്പോകും ട്ടോ.. എല്ലാം ഞാന്‍ കാരണം അല്ലേ വാവേ.. ഞാന്‍ എത്രമാത്രം ബുദ്ധിമുട്ടുകള്‍ ന്റെ മുത്തിന് തരുന്നു അല്ലെ?.."

"എന്റെ നീലൂ.. പൈസയും ഗ്ലാമറും ജാതിയും ഒക്കെ നോക്കിയാണോ നമ്മള്‍ അടുത്തത്‌. നീ ഓര്‍ക്കുന്നുണ്ടാവും.. പ്രണയം പൂത്തുലഞ്ഞിട്ടും എത്രയോ ദിവസങ്ങള്‍ക്കു ശേഷം ആണ് നിന്റെ ഫോട്ടോ തന്നെ ഞാന്‍ ആവശ്യപ്പെട്ടത്. എന്റെ മനസ്സില്‍ നിന്റെ ഒരു രൂപം ഉണ്ടായിരുന്നു. ചാറ്റിലൂടെയും നിന്റെ ഓരോ ചലനങ്ങളിലൂടെയും നിന്റെ മനസ്സിലെ ഓരോ സ്പന്ദനങ്ങളും ഞാനറിയുന്നുണ്ടായിരുന്നു. അതെ പോലെ എന്റെ മനസ്സിലെ വികാരവികാരങ്ങള്‍ നീയും. അതാണ്‌ എന്നെ നിന്നിലേക്ക്‌ അടുപ്പിച്ചത്. സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ നീ ഇടുന്ന ഓരോ അഭിപ്രായങ്ങളും എന്റെ ചിന്താഗതികളോട് ചേര്‍ന്ന് വന്നപ്പോള്‍ ആണ് ഞാന്‍ നിന്നെ ആദ്യമായി ശ്രദ്ധിച്ചത്.

"അതെ പോന്നൂസേ... ഞാന്‍ ഓര്‍ക്കുന്നു.. ഒരു പ്രൊഫൈല്‍ ഫോട്ടോ കണ്ടതല്ലാതെ ഞാനും മുത്തിനെ ബന്ധപ്പെടുകയോ ഡീറ്റെയില്‍സ് അറിയുകയോ ചെയ്തിരുന്നില്ല്യല്ലോ. സൈറ്റിലെ രമേശിന്റെ വ്യക്തിപ്രഭാവവും കുലീനത്വം തുളുമ്പുന്ന ഇടപഴകലുകളും പോസ്റ്റ്‌ ചെയ്യുന്ന രചനകളുടെ ഗുണനിലവാരവും എന്റെ മനസ്സിനെയും ഒട്ടൊന്നു സ്വാധീനിച്ചിരുന്നു. പക്ഷെ എന്നെപ്പോലൊരു സാധുവിന് എത്തിപ്പിടിക്കാവുന്നതിനേക്കാള്‍ ‍ഉയരങ്ങളിലാണ് രമേശ്‌ എന്ന എഴുത്തുകാരന്റെ സ്ഥാനം എന്ന് ചിലപ്പോള്‍ ഉപബോധമനസ്സ് ഉപദേശിച്ചതിനാലാവാം എന്റെ മനസ്സിലും ഒരു വിധത്തിലുള്ള പ്രണയ ചിന്തകളും ഉടലെടുത്തില്ല്യ. പരസ്യമായി കണ്ണന്‍ പറയുന്ന സംഗതികളെ ചര്‍ച്ചകളില്‍ സ്ത്രീകളുടെ പങ്കു പിടിച്ചു രസത്തിന് എതിര്‍ക്കുമ്പോഴും മനസ്സില്‍ ഒരു തരം ആരാധനയായിരുന്നു"

"ങ്ങും....  പിന്നീട് സൈറ്റില്‍ നിന്റെ സാന്നിദ്ധ്യം ഉണ്ടാവുന്ന നിമിഷങ്ങള്‍ ഞാന്‍ കൊതിച്ചു. പൊതു ചര്‍ച്ചകളില്‍ പലപ്പോഴും നമ്മള്‍ തമ്മില്‍ ചൂടന്‍ വാഗ്വാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അന്നൊന്നും ഒരിക്കലും ഞാന്‍ ചിന്തിച്ചിരുന്നില്ല്യ ഒരു ദിവസം നീ എന്റെ വാവക്കുട്ടനായി എന്റെ ഒപ്പം തന്നെയുണ്ടാവും എന്ന്. ഇന്ന് ഞാന്‍ എന്നെക്കുറിച്ച് സ്വയം അഭിമാനം കൊള്ളുന്നു. എന്നെ പൂര്‍ണ്ണമായും മനസ്സിലാക്കുന്ന എന്റെ ജീവിതസ്വഭാവങ്ങളോട് ചേര്‍ന്ന് പോകുന്ന, എന്നെ എന്റെ ആവശ്യങ്ങളറിഞ്ഞു കെയര്‍ ചെയ്യുന്ന എന്റെ മനസ്സ് വര്‍ഷങ്ങളായി തേടിയലഞ്ഞ ആ സ്നേഹസ്വരൂപം ഇന്ന് നിന്റെ രൂപത്തില്‍ എന്റെ ഹൃദയത്തിലൊരു തുടിപ്പായി എന്റെ സിരകളിലെ ലഹരിയായി എന്റെ ശ്വാസത്തിലെ കുളിരായി ഇതാ..  ഐ ലവ് യു നീലിമാ.. ഐ ഡീപ് ലി ലവ് യു ഡാ.. " 

"കണ്ണാ.. നിന്റെ ഈ സ്നേഹം കണ്ടു ഞാന്‍ ഒന്നുമല്ലാതെയായി പോകുന്നു. ജീവിതത്തില്‍ ഇതേ വരെ ആരും എന്നെ നീ ഗൌനിക്കുന്നതിന്റെ പത്തു ശതമാനം പോലും പരിഗണിച്ചിട്ടില്ല്യ. എല്ലാവര്‍ക്കും എന്തിനു.. സ്വന്തം സഹോദരിസഹോദരന്‍മാര്‍ക്ക് വരെ എന്നോട് അകാരണമായ അസൂയയോ വെറുപ്പോ ഒക്കെ ആയിരുന്നു. ഒരിറ്റു സ്നേഹത്തിനും അത് വഴിയുള്ള കെയറിനും വേണ്ടി ഞാന്‍ എത്രയോ ദാഹിച്ചലഞ്ഞിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ എത്രയോ ഭാഗ്യവതിയായിരിക്കുന്നു. നിന്നെ പോലെ എന്റെ ബലഹീനതകളും മനസ്സും മനസ്സിലാക്കുന്ന മറ്റൊരാളും എന്റെ ജീവിതത്തില്‍ ഇനിയും വരും എന്ന് എനിക്ക് ഒരിക്കലും പ്രതീക്ഷിക്കാനാവില്ല്യ."

"നീലൂ.. എന്തിനാ പഴയതൊക്കെ ചികഞ്ഞെടുത്തു മനസ്സ് അനാവശ്യമായി വിഷമിപ്പിക്കുന്നെ..  ഇനിയങ്ങോട്ട് ഞാനില്ല്യെ എന്റെ കണ്ണന്‍കുട്ടിയുടെ ഒപ്പം.. ഒരു പൂഴിത്തരിപോലും എന്റെ കുട്ടീടെ മേല്‍ വാരിയിടാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല്യ. നീ ഇനി എന്റേത് മാത്രമാണ്. എന്റേത് മാത്രം.."

"കണ്ണാ.. ഞാന്‍ ഒരു കാര്യം കണ്ണനോട് പറയണം എന്ന് വിചാരിച്ചു തുടങ്ങിയിട്ട് ഒത്തിരി ദിവസങ്ങളായി. അത് കണ്ണനോട് ഞാന്‍ പറഞ്ഞില്ലെങ്കില്‍ പിന്നീട് ഏതെങ്കിലും ഒരവസരത്തില്‍ തെറ്റിദ്ധാരണകള്‍ ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്. എങ്ങനെ അവതരിപ്പിക്കണം എന്ന് എനിക്ക് പിടുത്തം കിട്ടുന്നില്ല്യ. "                               

"പറയൂ കുട്ടാ.. എന്തായാലും നിന്റെ കണ്ണനോട് തുറന്നു പറയൂ.. എന്തും കേള്‍ക്കാനും മനസ്സിലാക്കാനും ഞാന്‍ ഇല്ല്യേ ഇവടെ.. ധൈര്യമായി തന്നെ പറയൂ.. പോന്നൂ"

"കണ്ണാ.. എന്നെ തെറ്റിദ്ധരിക്കരുത്... പറഞ്ഞാല്‍ അത് ഏതു വിധത്തില്‍ മനസ്സിലാക്കപ്പെടുമെന്നും  കണ്ണനെ എനിക്ക് എന്നെന്നേക്കുമായി നഷ്ടമാവുമോ എന്നുമുള്ള പേടിയും  എനിക്കുണ്ട്. എന്ത് തന്നെയായാലും അത് കണ്ണനില്‍ നിന്നും ഇനിയും മറച്ചു വയ്ക്കുന്നത് ശരിയല്ല."

"മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കാതെ മുത്തേ.. നിന്നെ ഈ ലോകത്തില്‍ ആരെക്കാളും കൂടുതല്‍ നിന്റെ കണ്ണന് മനസ്സിലാവില്ല്യെ?.. വിഷമിക്കാതെ പറഞ്ഞോളു..."  

"പക്ഷെ.. പ്ലീസ്.. ഞാന്‍ പറയുന്ന കാര്യത്തിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടന്നു എന്നോട് ഒന്നും കണ്ണന്‍ ചോദിക്കരുത്. ദാറ്റ്‌ ഈസ്‌ എ ക്ലോസ്ഡ് ചാപ്റ്റര്‍. എനിക്കത് റീ-ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹമില്ല്യ. ഐ വാണ്ട്‌ ടൂ ഫോര്‍ഗെറ്റ്‌ ദാറ്റ്‌ ഇഷ്യൂ"

"നീലിമാ..  എങ്കില്‍ എന്നോട് ആ കാര്യം പറയണ്ട. കാരണം.. എന്നോട് നീ എന്തെങ്കിലും പറയുന്നെങ്കില്‍ എനിക്ക് അത് നൂറു ശതമാനവും അറിയണം. നമ്മള്‍ തമ്മില്‍ ഇതേ വരെ ഒരു കാര്യവും ഒളിച്ചു വച്ചിട്ടില്ല്യല്ലോ.. ഇതായിട്ടു എന്തിനാ നീ മറച്ചു വയ്ക്കാന്‍ ശ്രമിക്കണേ.. അപ്പോള്‍ അതില്‍ എന്തോ കുഴപ്പം ഉണ്ട് എന്നല്ലേ ഞാന്‍ കരുതെണ്ടേ?.. "
"ങേ.. നീ സിഗരറ്റ് വലിയും തുടങ്ങിയോ?!!... രമേശ്‌.. വേണ്ട... ത്രോ ഇറ്റ്‌ റൈറ്റ് നവ്.. എനിക്കിതിന്റെ സ്മെല്‍ കേട്ടാലെ തലവേദന തുടങ്ങും..."

"നോ പ്രിയാ.. ദിസ്‌ ഈസ്‌ നോട്ട് മൈ റെഗുലര്‍ ഹാബിറ്റ്‌.. ഇപ്പോഴത്തെ ഒരു സാഹചര്യം മറികടക്കാന്‍ വെറുതേ..."

"ഹും... ഓക്കേ.. എന്നിട്ട്?... പ്ലീസ് കണ്ടിന്വൂ...രമേശ്‌"

"ഒരു തരത്തില്‍ പറഞ്ഞാല്‍ അവളെ ഒട്ടും കുറ്റപ്പെടുത്താനാവില്ല്യ. ജീവിക്കുന്ന ചുറ്റുപാടുകളില്‍ ഒരു ആമ്പ്യൂള്‍ എങ്കിലും സ്നേഹത്തിനും പരിഗണനയ്ക്കും വേണ്ടി ദാഹിച്ചു നടക്കുന്ന ഏതൊരു പെണ്‍കുട്ടിയും ചെന്ന് ചാടുന്ന ഒരു അവസ്ഥാവിശേഷം.. ഏതോ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്‌ വെബ്‌സൈറ്റില്‍ വച്ച് ആകസ്മീകമായി കണ്ടുമുട്ടിയ   പ്രത്യക്ഷത്തില്‍ വളരെ നിഷ്കളങ്കനും വളരെ സ്വീറ്റ് ആയി സംസാരിക്കുന്നവനുമായ പുരുഷനുമായുള്ള നിരന്തരമായ ചാറ്റില്‍ നിന്നും ഉണ്ടായ ഒരു അനുരാഗം. അത് പിന്നെ ഫോണ്‍ വിളിയിലൂടെ പതിയെ വളര്‍ന്നു."

"ഹും... എന്നിട്ട് അവര്‍ തമ്മില്‍ കണ്ടു മുട്ടിയോ രമേശ്‌?           

"ഇല്ല.. പ്രിയാ..  തനി നാടന്‍ ചുറ്റുപാടുകളില്‍ ജനിച്ചു വളര്‍ന്ന നീലിമയ്ക്ക് മീറ്റ്‌ ചെയ്യാനുള്ള അയാളുടെ നിരന്തരമായ ക്ഷണം ഒരു തലവേദന തന്നെയായിരുന്നു. നീലിമയുടെ നിഷ്ക്കളങ്കമായ സ്വഭാവവും സാഹചര്യങ്ങളും നന്നായി പഠിച്ച കള്ളകാമുകന്‍ അവളുടെ ഇഷ്ടാനിഷ്ടങ്ങളില്‍ തന്റെ ആഗ്രഹങ്ങള്‍ കൂടുതല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നില്ല്യ. ഇന്നല്ലെങ്കില്‍ നാളെ അവള്‍ സ്വയം തന്നെത്തെടി എത്തും എന്ന് മനസ്സില്‍ കണക്കു കൂട്ടി അവന്‍ അവള്‍ക്കായി വല നെയ്തു ഒരു എട്ടുകാലിയെ പോലെ കാത്തിരുന്നു. 

"അപ്പോള്‍ ആള്‍ ഒരു വിരുതനായിരുന്നു എന്നാണോ രമേശ്‌ പറഞ്ഞു വരുന്നത്?.."

"യാ ..അബ്സല്യൂട്ട്ലി  ഹി വാസ് എ ചീറ്റ്... അവന്‍റെ സെന്റിമെന്റല്‍ കഥകള്‍ പറഞ്ഞു അവളുടെ അതെ സാഹചര്യങ്ങള്‍ ഉള്ള വ്യക്തിയാണ് താനെന്നു വരുത്തിക്കൂട്ടി സിമ്പതി പിടിച്ചു പറ്റാനായിരുന്നു അവന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ എക്സ്ട്രാ ഇന്ടലിജന്റ്റ് ആയിരുന്ന നീലിമയ്ക്ക് അവന്‍റെ ചില നേരത്തുള്ള സ്വഭാവപ്രകടനങ്ങളില്‍ നിരാശ തോന്നിയിരുന്നു.അങ്ങനെ ഇടയ്ക്കിടയ്ക്ക് പിണക്കങ്ങളും ഇണക്കങ്ങളുമായി ആ ബന്ധം മൂന്ന് കൊല്ലത്തോളം തുടര്‍ന്നു."

"ഐ സീ.. എന്നിട്ട് ഇപ്പോഴും അവള്‍ ആ ബന്ധം തുടരുന്നുവോ?"

"അതല്ലേ പ്രിയാ എന്നിലുള്ള കാമുകനെ പെട്ടെന്ന് പോസ്സെസീവ് ആക്കിയതും ഞാന്‍ അവളോട്‌ പെട്ടെന്ന് ചൂടായതും. വല്ലപ്പോഴുമൊക്കെ ഈയിടെയും അവന്‍ വിളിക്കാറുണ്ടത്രെ. പക്ഷെ ഒരു സാധാരണ പരിചയക്കാരന്‍ എന്ന രീതിയില്‍, ഇടയ്ക്കിടയ്ക്ക് തന്‍റെ ദുഖങ്ങളൊക്കെ ഫോണിലൂടെ പങ്കുവയ്ക്കാനുള്ള ഒരാള്‍ എന്നതിനുപരിയായി മറ്റൊന്നും അവള്‍ ചിന്തിച്ചിരുന്നില്ല്യ. അവന്‍റെ ഇമെയില്‍ ഐഡി ചോദിച്ചപ്പോള്‍ തരാന്‍ അവള്‍ വിസമ്മതിച്ചു. എനിക്ക് ദേഷ്യം വന്നു. ഞാന്‍ വഞ്ചിക്കപ്പെടുന്നതായി എനിക്കു തോന്നി. പ്രിയാ.. പ്രിയയ്ക്കറിയാമല്ലോ എന്‍റെ പാസ്റ്റ്. എല്ലാവരും എന്നെ മുതലെടുത്തിട്ടേ ഉള്ളൂ.. പക്ഷെ, ദേഷ്യക്കാരനായ ഞാന്‍ അയാളെ വല്ലതും ചെയ്യാന്‍ മുതിരുമോ എന്ന ശങ്കയിലായിരുന്നു കോണ്ടാക്റ്റ് ഡീറ്റെയില്‍സ് തരാന്‍ അവള്‍ വിസമ്മതിച്ചിരുന്നത്. " 

"അത് പിന്നെ രമേശ്‌.. തന്‍റെ ഷോര്‍ട്ട് ട്ടെമ്പര്‍ അറിയുന്ന ഏതു പെണ്‍കുട്ടിയായാലും  ഒന്ന് അമാന്തിക്കില്ല്യെ?.. എല്ലാം അറിയുന്ന ഈ ഞാന്‍ തന്നെ നിന്‍റെ ചില നേരത്തെ ഭാവം കണ്ടു വിരണ്ടു പോയിട്ടുണ്ട്.. ഹ ഹ ഹ.. ഹും.. പറയൂ"

"ഹ ഹ ഹ .. അപ്പോള്‍ ഞാന്‍ ആള് പിശകാണെന്നാണോ പ്രിയ പറഞ്ഞു വരുന്നത്?.. കൊള്ളാം.. ഹും.. അവള്‍ പറഞ്ഞു.. ഇപ്പോള്‍ അവള്‍ക്കു അവനോടു യാതൊരു വിധത്തിലുള്ള മെന്റല്‍ അറ്റാച്മെന്റും ഇല്ലാ.. അവളുടെ ചുറ്റുപാടുകളില്‍ ഉള്ള ആളുകളുടെ ഇന്‍സള്‍ട്ടുകള്‍ വച്ച് നോക്കുമ്പോള്‍ അവരെക്കാള്‍ ബെറ്റര്‍ ആയ ഒരു വ്യക്തി. അതാണ്‌ ആ ബന്ധം തുടര്‍ന്ന് പോകാനുണ്ടായ കാരണം. പിരിമുറുക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ അവനെ വിളിക്കും. അവന്‍ അവനറിയാവുന്ന രീതിയില്‍ ആശ്വസിപ്പിക്കും. പക്ഷെ ഒരു ലൈഫ് പാര്‍ട്ണര്‍ന്റെ സ്ഥാനത്തു ഒരിക്കലും അവനെ കണ്ടിരുന്നില്ല്യ. അവനുമായി അങ്ങനെ വല്ല ബന്ധവും ഉണ്ടായിരുന്നെങ്കില്‍ അവള്‍ ഒരിക്കലും എന്നോട് അടുക്കുമായിരുന്നില്ല്യ... അവള്‍ എല്ലാം തുറന്നു പറഞ്ഞതിന്‍റെ കൂട്ടത്തില്‍ ഇക്കാര്യവും പറഞ്ഞു എന്നെ ഉള്ളൂ.. അവള്‍ പറയുന്നത് കേട്ട് ഞാനും കൂള്‍ ആയി. കാരണം ഞാന്‍ അവളെ എന്നെക്കാള്‍ കൂടുതല്‍ ആയി വിശ്വസിക്കുന്നു."

"അതെ രമേശ്‌.. നീ എന്നോട് അവളെപ്പറ്റി പറഞ്ഞു തന്നതൊക്കെ കണ്‍സിഡര്‍ ചെയ്യുകയാണെങ്കില്‍ അവള്‍ നിന്നേക്കാള്‍ സ്ട്രെയിറ്റ് ഫോര്‍വേഡ് ആണ്. ഷീ ഈസ്‌ ആന്‍ ഓപ്പണ്‍ ബുക്ക്‌. എനിക്ക് അവള്‍ അതൊക്കെ തുറന്നു പറഞ്ഞതില്‍ അവളോട്‌ ബഹുമാനം തോന്നുന്നു. സാധാരണ ഒരു സ്ത്രീ ഒരിക്കലും തന്റെ ഭൂതകാലം കാമുകന്റെയോ ഭര്‍ത്താവിന്റെയോ മുമ്പില്‍ വിളമ്പി സ്വയം അപഹാസ്യയാവുന്നതില്‍ നിന്നും പിന്‍ വലിയുകയെ ചെയ്യാറുള്ളൂ.. ബട്ട്‌ ഷീ ഈസ്‌ ഗ്രേറ്റ് ഡാ"

"കണ്ടോ.. ഹ ഹ ഹ.. ഇതാണ്  പ്രിയാ ഞാന്‍ നിന്നോട് ആദ്യം ഔപചാരികമായി സംസാരിച്ചു തുടങ്ങിയത്. നീ നിന്‍റെ വര്‍ഗ്ഗത്തെ പിന്താങ്ങുകയെ ഉള്ളൂ എന്നുള്ള ശങ്കയില്‍... പക്ഷെ പ്രിയാ.. എനിക്ക് അവള്‍ പറയുന്നത് എന്ത് തന്നെയായാലും നൂറു ശതമാനം വിശ്വാസം ആണ്. അവന്‍റെ ഡീറ്റെയില്‍സ് തരാന്‍ അവള്‍ ആദ്യം വിസമ്മതിച്ചതാണ് എനിക്ക് പ്രോബ്ലം ആയത്. അവള്‍ അപ്പോഴും പറയുന്നുണ്ടായിരുന്നു. അവന്‍ നല്ലൊരു പയ്യന്‍ ആണ്. ഞങ്ങള്‍ തമ്മില്‍ ഒരിക്കല്‍ പോലും ഒന്ന് തൊടുക വരെ ചെയ്തിട്ടില്ല്യ. പക്ഷെ ഒന്നോ രണ്ടോ തവണ താന്‍ വല്ല ആവശ്യത്തിനും ഒറ്റയ്ക്ക് പുറത്തു പോകുന്ന അവസരങ്ങളില്‍ തമ്മില്‍ കണ്ടുമുട്ടി രസ്റ്റൊരണ്ടില്‍ നിന്നും ചായ കുടിച്ചു പിരിഞ്ഞിട്ടുണ്ട് എന്നല്ലാതെ."

"ഹും.. രമേശ്‌.. നീ എന്നും ഹണ്ട്രഡ്  പെര്‍സെന്റിന്റെ ആളാണല്ലോ. ഇങ്ങനെയൊരു മുരടനെ ഞാന്‍ എന്‍റെ ലൈഫില്‍ കണ്ടിട്ടില്ല്യ.. എടൊ ഓരോ മനുഷ്യര്‍ക്കും ഉണ്ടാവും ചെറുതെങ്കിലും ആയ ഓരോ സ്വകാര്യങ്ങള്‍.. അതിലൊക്കെ കൈ കടത്തിയാല്‍.....  ബട്ട്‌ ഐ അപ്പ്രീഷ്യേറ്റ്‌ യു ദാറ്റ്‌ യു ആര്‍ ബിലീവിംഗ് ഹേര്‍ ഹണ്ട്രഡ്  പെര്‍സെന്റ്റ്"

"യെസ് പ്രിയാ..ഐ ലൈക്‌ ടു ബിലീവ് ദാറ്റ്‌ ഷീ ഈസ്‌ വെരി മച്ച് ഇന്നസെന്റ് ആന്‍ഡ്‌ ഓപ്പണ്‍ ഇന്‍ ഫ്രന്റ്‌ ഓഫ് മി. ബട്ട്‌ നീയും ഇങ്ങനെതന്നെ എന്നെ വിമര്‍ശിക്കണം.. എന്നെ മനസ്സിലാക്കുന്ന കാര്യത്തില്‍ വര്‍ഷങ്ങളായി എന്നോട് പരിചയമുള്ള നിന്നെക്കാളൊക്കെ എത്രയോ ബെറ്റര്‍ ആണ് നീലിമ എന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. ഇനി നമുക്ക് ഈ ടോക് കണ്ടിന്യൂ ചെയ്യണോ?.."

"പോടാ മാക്രീ.. തുടങ്ങി അവന്‍റെ ഒരു വരട്ടു സ്വഭാവം.. ഡാ.. നിന്‍റെയീ സ്വഭാവം ഉണ്ടല്ലോ.. അതാദ്യം നീ നിര്‍ത്താന്‍ നോക്ക്.. എന്നിട്ട് പിന്നെ നോക്ക് വല്ല പെണ്ണിനേയും പ്രേമിക്കാന്‍.. ഇതൊന്നും എവിടെയും ചിലവാവില്ല്യ മോനെ.. രമേശ്‌.. ഡോണ്ട് ബീ അപ്സെറ്റ്.. യു കാന്‍ ടെല്‍ മെ എനി തിംഗ് ദാറ്റ്‌ യു നോ വെല്‍.. ഒരു കാര്യം ചോദിക്കട്ടേ ..ഇത്രയും അവളെ വിശ്വസിക്കുന്ന നീ പിന്നെ എന്തിനാണ് അവളെ അവനെക്കുറിച്ചു കൂടുതല്‍ പറയാന്‍ നിര്‍ബന്ധിച്ചേ?"

"ഹും.. പറയാം.. എന്‍റെ കണ്ണുകള്‍ ഈറനണിയുന്നത്‌ അവള്‍ക്കു ഒരിക്കലും സഹിക്കുമായിരുന്നില്ല്യ. എന്‍റെ എക്സ്ട്രീം ആയ ഭാവമാറ്റം കണ്ടു അപ്സെറ്റ് ആയി അവസാനം അവള്‍ എനിക്ക് അവന്റെ നമ്പര്‍ തന്നു. ആ ഒരു നിമിഷം.. എനിക്ക് അവളോടുള്ള എല്ലാ ദേഷ്യവും അലിഞ്ഞില്ലാതായി. പക്ഷെ എന്തിനാണ് അവള്‍ ഇപ്പോഴും അവനെക്കുറിച്ചു നല്ലതുമാത്രം പറയുന്നത് എന്നോര്‍ത്തു എന്‍റെ പോസ്സസ്സീവ് ഹാര്‍ട്ട്‌ വേദനിച്ചു കൊണ്ടിരുന്നു. എന്തൊക്കെ തന്നെയായാലും ഇത്രയും കാലം അവളുടെ മനസ്സ് ഷെയര്‍ ചെയ്ത അവനു ഒരുപദ്രവവും അവളായിട്ടു വരുത്തില്ല്യ എന്നവള്‍ ആണയിട്ടു പറഞ്ഞു. അതെന്നെ കൂടുതല്‍ ചൊടിപ്പിച്ചു."

"രമേശ്‌.. പോത്ത് പോലെ വളര്‍ന്നു എന്നല്ലാതെ നിന്‍റെ സ്വഭാവം ഇപ്പോഴും കുട്ടികളെക്കാള്‍ മോശം തന്നെ.. അയ്യേ.. വെരി പൂവര്‍... പൊതുവേ നിങ്ങള്‍ ആണുങ്ങള്‍ക്ക് ഒരു വിചാരം ഉണ്ട്.. പെണ്ണുങ്ങള്‍ നിങ്ങള്‍ വരച്ച വരയില്‍ നിന്ന് നിങ്ങളെ സ്നേഹിക്കണം അല്ലെങ്കില്‍ കെയര്‍ ചെയ്യണം എന്നൊക്കെ. നന്നായി കെയര്‍ ചെയ്യുന്ന ഒരു പുരുഷനാണ് ഇതൊക്കെ ശഠിക്കുന്നത് എങ്കില്‍ അതില്‍ ഒരു പരിധി വരെ കാര്യവുമുണ്ട്. എന്നാല്‍ ഭൂരിഭാഗത്തിന്റെയും അവസ്ഥ അതാണോ?,,"

"പ്രിയ പറഞ്ഞു വരുന്നത്...????"   

"ഡാ കൊരങ്ങാ.. ഈ സ്നേഹം കെയര്‍ എന്നൊക്കെ പറയുന്ന സാധനം ഉണ്ടല്ലോ.. അത് കൊടുക്കുമ്പോള്‍ ഡബിള്‍ ആയി തിരിച്ചു കിട്ടുന്ന സാധനം ആണ്. അത് കൊടുക്കാതെ അത് വേണം എന്ന് പറഞ്ഞു കരഞ്ഞാല്‍ ചിലര്‍ തന്നേക്കാം പക്ഷെ അതില്‍ അഫക്ഷന്‍ ഉണ്ടായിക്കൊള്ളണമെന്നില്ല്യ.. യാന്ത്രികമായി ഉള്ള കെയര്‍ കിട്ടാന്‍ വല്ല കെയര്‍ സെന്ടരിലും പോയാല്‍ മതിയല്ലോ.. നമ്മളെ ഒന്ന് മൈന്‍ഡ് ചെയ്യാ.. ഒന്ന് ചേര്‍ത്തു പിടിച്ചു നിര്‍ത്താ.. ഒന്ന് തലോടാ.. അതോക്കെയാടോ കെയര്‍.. പണവും സൗന്ദര്യവും ഒക്കെ അതിനു പുറകിലെ നില്‍ക്കൂ.. "
 
"ഹും.. തുടങ്ങി നിന്‍റെ ഫിലോസഫി.. ഇതാ എനിക്ക് നിന്നോട് ഒരു കാര്യവും പറയാന്‍ ഇഷ്ടമില്ല്യാത്തെ.. കൊരങ്ങീ.. " 

"ഹ ഹ ഹ .. ഞാന്‍ പലപ്പോഴും പ്രാര്‍ത്ഥിച്ചിട്ടുണ്ട് അറ്റ്‌ലീസ്റ്റ് എന്റെയത്ര വിവരമെങ്കിലും ഒരു ഐ.എ.എസ് കാരനായ നിനക്ക് കൊടുക്കണേ എന്ന്.. സത്യായിട്ടും നിനക്ക് ഒരു വിവരവും ഇല്ല്യാ.. എജുക്കേഷന്‍ ഉണ്ട് എന്ന് വച്ച് വിവരം ഉണ്ടായിക്കൊള്ളണം എന്നില്ല്യ മോനേ.. അത് ഇടപഴകളില്‍ നിന്നും ജീവിതപരിചയത്തില്‍ നിന്നും നേടിയെടുക്കെണ്ടതാ.."

"പ്രിയേ.. എനിക്ക് നീ പറയുന്നതൊന്നും ഇപ്പോള്‍ പിടിക്കുന്നില്ല്യാട്ടൊ.. എന്നെ വട്ടാക്കല്ലേ പ്ലീസ്.."

"എടാ അവള്‍ പറഞ്ഞതില്‍ എന്താ തെറ്റ്?... ഒരിക്കലും തന്‍റെ പൂര്‍വകാല ചരിത്രം പുതിയോരാളാട് പറഞ്ഞു സ്വയം പല്ല് കുത്തി  മണപ്പിക്കരുതെന്നാ കാരണവന്മാര്‍ പറഞ്ഞിരിക്കുന്നത്. നിന്നെ അത്രയ്ക്കും വിശ്വാസം ഉള്ളത് കൊണ്ടല്ലേ അവള്‍ ഇതൊക്കെ പറഞ്ഞത്?.. വേണോന്നു വച്ചാല്‍ അവള്‍ക്കു ഇതൊക്കെ മറച്ചു വയ്ക്കാമായിരുന്നില്ല്യെ? നീ ഇത് വല്ലതും അറിയാന്‍ പോണുണ്ടോ? അപ്പോള്‍.. നീ എന്താണ് മനസ്സിലാക്കേണ്ടത്... നിന്നേക്കാള്‍ കൂടുതല്‍ 'ഹണ്ട്രഡ് പെര്‍സെന്റിന്റെ' ആളാണ്‌ അവള്‍ എന്നല്ലേ?.. ഞാന്‍ ഒരിക്കലും കുറ്റം പറയില്ല്യ നീലിമയെ.. ഷീ ഈസ്‌ മോസ്റ്റ്‌ സ്യൂട്ടബിള്‍ ഫോര്‍ യുവര്‍ ക്യാരെക്ട്ടര്‍."

"അതെനിക്കറിയാം പ്രിയാ.. ഞാന്‍ അതല്ലേ എല്ലാം സഹിച്ചു അവളെ മാത്രം ചിന്തിച്ചു കഴിയണേ.. ഒരു പാട് ടാലെന്റുകള്‍ ഉള്ള കുട്ടിയാണ് നീലിമ. പക്ഷെ അവള്‍ വളരുന്ന ചുറ്റുപാട്.. അതവള്‍ക്കൊരു തടവറയാകുന്നു. ആരോടും ഒന്നിനോടും അവള്‍ക്കു യോജിക്കാനാവുന്നില്ല്യ..പക്ഷെ ആ കൊരങ്ങന്‍ ആരാണെന്നും അവന്‍ ഇവള്‍ക്കൊരു ഭീഷണിയായി വീണ്ടും തുടരുമെന്നൊ അറിയാനുള്ള ത്വരയില്‍ ഞാന്‍ എന്റെ സോഫ്റ്റ്‌വെയര്‍ കെട്ടഴിച്ചു ഇന്റര്‍നെറ്റില്‍ അവനെ തിരഞ്ഞു. അവസാനം അവന്റെ കരിപുരണ്ട ജീവിതം എന്റെ തിരശ്ശീലയില്‍ തെളിഞ്ഞു. ആദ്യം ആ തെളിവുകള്‍ കാണാന്‍ അവള്‍ വിസമ്മതിച്ചെങ്കിലും അവളുടെ ഇമെയിലിലേക്ക് ഞാന്‍ ഫോര്‍വേഡ് ചെയ്ത അവനെക്കുറിച്ചുള്ള ഡീട്ടെയില്‍സ് കണ്ടു അവളുടെ കണ്ണ് തള്ളിപ്പോയി. ഇങ്ങനെയൊരു ഫ്രോഡിനെ ആണോ താന്‍ ഇത്രയും കാലം വിശ്വസിച്ചു മണിക്കൂറുകളോളം ഫോണിലും ചാറ്റിലും ഒക്കെയായി ബന്ധപ്പെട്ടിരുന്നത് എന്നോര്‍ത്തു അവള്‍ പശ്ചാത്തപിച്ചു. അവന്റെ വ്യക്തിപരമായ വിവരങ്ങള്‍ തരാന്‍ വിസമ്മതിച്ചതിന് എന്നോട് അവള്‍ മാപ്പ് പറഞ്ഞു. ഇനി അവനുമായി യാതൊരു വിധത്തിലുള്ള ബന്ധവും കീപ്‌ ചെയ്യില്ലെന്നും അവനെ ടോട്ടല്‍ ആയി അവോയ്ഡ് ചെയ്യുമെന്നും ഉറപ്പു തന്നു. ഇപ്പോള്‍ മുപ്പതു വയസ്സായിട്ടും അവള്‍ ഒരു കല്യാണത്തിനെ കുറിച്ച് ആലോചിട്ടില്ല്യ. ഞാന്‍ ഒന്ന് യെസ് പറഞ്ഞാല്‍ അവള്‍ ചിലപ്പോള്‍ തയ്യാറായേക്കും.. പക്ഷെ എന്റെ ഇപ്പോഴത്തെ അവസ്ഥ നിനക്ക് നന്നായി അറിയാലോ?.. ഞാന്‍ ഇപ്പൊ എന്താ ചെയ്യേണ്ടേ?.."

"എന്താ നിനക്ക് ഒരു വയസ്സ് കുറവായതിനാലാണോ നീ ഇങ്ങനെയൊക്കെ ചിന്തിക്കണേ?.. ഡാ .. ആണുങ്ങള്‍ ആയാല്‍ തന്റേടം വേണം.. എന്‍റെ സുധിയെ പോലെ ഒരു പാവത്താന്‍ ആവരുത്.. ഹ ഹ ഹ.. ഞങ്ങളുടെ കേസില്‍ പിന്നെ എനിക്ക് തന്റേടം ഉള്ളത് കൊണ്ട് ഓക്കേ.. അല്ലെങ്കില്‍ എന്റെ ജീവിതവും കട്ടപ്പുക ആയേനെ.. ഹ ഹ ഹ. രമേശ്‌.. നീ ഒരു സൂപ്പര്‍ മാന്‍ ആണെടാ.. നിന്റെ പോലെ മനുഷ്യമനസ്സുകള്‍ മനസ്സിലാക്കുന്ന ഒരു വ്യക്തിയെ സൈക്കോളജി പോസ്റ്റ്‌ ഗ്രാജ്വേറ്റ് ആയ ഞാന്‍ ഇതേ വരെ കണ്ടിട്ടില്ല്യ. ബട്ട്‌ യു ആര്‍ സൊ സെന്‍സിറ്റീവ്.. അതാണ്‌ ഞാന്‍ നിന്നെ കുറെ ബ്ലെയിം ചെയ്തെ.. ഡോണ്ട് വറി.. അവള്‍ നിന്റെ പെണ്ണ് തന്നെ.. ഐ ലവ് ഹേര്‍ നവ്‌.. "

"ഹും.. ഡീ പിത്തക്കാടീ.. ഞാന്‍ ഹൈലി സെന്‍സിറ്റീവ് തന്നെയാണ്. എനിക്ക് വേണ്ടത് എന്ത് കാര്യത്തിലും നൂറു ശതമാനം ആണ്. പ്രത്യേകിച്ച് ഫീലിങ്ങുകളുടെ കാര്യത്തില്‍.. നിനക്കതറിയാമല്ലോ പ്രിയാ?.... നീ പറയുന്നത് പോലെ പലതും കണ്ടില്ലെന്നു  നടിച്ചുള്ള ഒരു ജീവിതം എനിക്കാവില്ല്യ. എല്ലാം പരസ്പ്പരം വെളിപ്പെടുത്തിക്കൊണ്ട് മനസ്സമാധാനത്തോട് കൂടി ജീവിക്കുക. നീലിമയെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയതിന്റെ കാരണവും അതായിരുന്നു. ഷീ ഈസ്‌ സൊ ഹ്യൂമറസ് ആന്‍ഡ്‌ ഓപ്പണ്‍ ഇന്‍ ഹേര്‍ അറ്റിറ്റ്യൂഡ്സ്.. എന്റെയും നാച്വര്‍ അതാണല്ലോ. രണ്ടാളും സമൂഹത്തിലെ ബോള്‍ഡ് ക്യാരക്ട്ടെര്സ് തന്നെ. പക്ഷെ അവളും എന്റെ പോലെ ഒരു തൊട്ടാവാടി ആണ് എന്നതാണ് ഇപ്പോള്‍ ഞങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രോബ്ലം. ചെറിയൊരു കാര്യം മതി ഞങ്ങള്‍ തമ്മില്‍ സൌന്ദര്യപ്പിണക്കം ഉണ്ടാവാന്‍. എന്നാല്‍ അതിനു മിനുട്ടുകളുടെ ആയുസ്സേ ഉണ്ടായിരിക്കുകയുള്ളൂ താനും  ഹ ഹ ഹ"

"ങേ.. ഹ ഹ ഹ രമേശ്‌.. സ്നേഹിക്കുന്നവര്‍ തമ്മിലുള്ള ഇത്തരം സൌന്ദര്യപ്പിണക്കങ്ങള്‍ ബന്ധങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കുകയെ ഉള്ളൂ.. കാലക്രമേണ ആദ്യമാദ്യം ഉണ്ടാകുന്ന ഔപചാരികതകള്‍ എല്ലാം ഇതിലൂടെ മാഞ്ഞു പോകും. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പിണങ്ങുമ്പോള്‍ അടുത്ത പ്രാവശ്യം അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മനസ്സു ശ്രദ്ധിക്കും. അങ്ങനെ പരസ്പ്പരം ഉള്ള തിരിച്ചറിയല്‍ പൂര്‍ണ്ണമാകും. പിന്നെ ഈ ലോകത്തിലെ ഏതൊരു ക്ഷുദ്രശക്തികള്‍ക്കും നിങ്ങളെ പിരിക്കാനാവില്ല. പരസ്പ്പരം അര്‍പ്പിതമായൊരു ജീവിതം. രാമനും സീതയും പോലെ, ശിവനും പാര്‍വതിയും പോലെ, വിഷ്ണുവും മഹാലക്ഷ്മിയും പോലെ, നളനും ദമയന്തിയും പോലെ, ഇനിയും വേണോ ഉദാഹരണങ്ങള്‍.. ഹ ഹ ഹ"

"ഹോ ഹോ.. മതിയേ.. എന്തൊക്കെയായാലും നിനക്ക് കുറച്ചു മൂള ഉണ്ട്. ഈ പറഞ്ഞത് ഒക്കെ നീ ആളുകള്‍ക്ക് സൈക്കോളജിക്കല്‍ കൌണ്‍സല്ലിംഗ് എടുക്കുമ്പോള്‍ പറയുന്നതാവും അല്ലെ?.. എങ്കിലും ഇതാണ് വാസ്തവം. പരസ്പ്പരം അറിഞ്ഞ മനസ്സുകള്‍ തമ്മില്‍ ഒരു തരത്തിലുള്ള വെറുപ്പുകളും ഉണ്ടായിരിക്കുകയില്ല്യ. ആരൊക്കെ എന്തൊക്കെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാലും അതെല്ലാം പരാജയങ്ങള്‍ ആയിത്തീരും. കാരണം ഒരു മനസ്സ് മറ്റൊന്നില്‍ അലിഞ്ഞു ചേര്‍ന്ന അവസ്ഥയില്‍ ആയിരിക്കുമല്ലോ.. പിന്നെ പരിഭവങ്ങളും ചെറുപിണക്കങ്ങളും ഒക്കെ തന്നെയല്ലേ ജീവിതത്തിലെ ബോറടി മാറ്റുന്ന സംഗതികള്‍.. ഹ ഹ ഹ"

"ഓക്കേ ഡാ... ഞാന്‍ എന്നാല്‍ പോട്ടെ.. സുധിയെട്ടന്‍ ഇപ്പോള്‍ ഓഫീസില്‍ നിന്നും മെട്രോ സ്റ്റേഷനില്‍ എത്തും.. ഡാ നീ എന്നെ അവിടെ ഡ്രോപ്പ് ചെയ്തു ബയ്പ്പാസ് വഴി വിട്ടോ.. ങാ പിന്നെ.. നാളെ സണ്‍‌ഡേ അല്ലെ.. നല്ല ബിരിയാണി അടിക്കണമെങ്കില്‍ ഉച്ചയോടെ അങ്ങട് പോരെ.. ഒക്കുമെങ്കില്‍ നീലിമയെയും  കൂട്ടിക്കോ.. ഞാന്‍ അവളോട്‌ വിളിച്ചു പറയാം.."

"ഓക്കേ പ്രിയാസ്.. അങ്ങനെയാവട്ടെ... എന്നാ കയറൂ.."              

- ജോയ് ഗുരുവായൂര്‍

\\ പിതൃഗണാം സ്തര്‍പ്പയാമി..\\


ആര്‍ത്തലച്ചു പെയ്യുന്ന കര്‍ക്കിടക മഴ യുടെ ശീതല്‍ അടിച്ച് സന്ധ്യാനേരത്തെ പടിപ്പുരക്കാഴ്ച്ച അവ്യക്തമായപ്പോള്‍ ഉടുത്തിരുന്ന സെറ്റുമുണ്ടിന്റെ കോന്തല കൊണ്ട് കണ്ണട ഒന്നു തുടച്ചു തുറന്നു കിടക്കുന്ന പടിപ്പുരവാതിലിനപ്പുറത്തു അനന്തമായി പരന്നുകിടക്കുന്ന വെള്ളം മൂടിയ വയലേലകളില്‍ സായന്തനം ഇരുട്ട് നിറയ്ക്കുന്നതും നോക്കി വിദ്യ ഇരുന്നു.

"ന്‍റെ കൃഷ്ണാ.. ഞാനെന്തൊരു ഇരിപ്പാ ഈ ഇരിക്കണേ.. തിരുനാവായില്‍ നിന്നും ബലിതര്‍പ്പണം കഴിഞ്ഞ് എത്തിയ വഴി കുളിച്ചു അത്താഴത്തിനുള്ളത് തയ്യാറാക്കിയതിനു ശേഷം ഈ ചാരുകസേരയില്‍ ഇരുന്നതാ. ഭൂതകാലത്തേക്ക്‌ മനസ്സ് അറിയാതെ അനന്തമായി ഊളയിട്ടു. സമയം പോകുന്നത് അറിഞ്ഞതേയില്ല.

ഇതു വരെ വിളക്ക് കൊളുത്തീല്ലല്ലോ ഭഗവാനേ.."

പാടശേഖരം പൂര്‍ണ്ണമായും ഇരുള്‍ മൂടിപ്പുതച്ചു നിദ്രയിലമരാന്‍ വെമ്പുമ്പോള്‍ അടുത്ത മഴയുടെ വരവ് വിളിച്ചോതിക്കൊണ്ട് പോക്കാച്ചിത്തവളകള്‍ വരമ്പുകളില്‍ നിരന്നിരുന്നു നിര്‍ത്താതെ കരഞ്ഞു വയലുകള്‍ക്ക് നിദ്രാഭംഗം വരുത്താന്‍ ശ്രമിച്ചു.

നടയ്ക്കു നേരെ ഉമ്മറത്തെ തറയില്‍ വച്ച വിളക്കില്‍ എണ്ണയൊഴിച്ച് തിരിയിട്ടു കൊളുത്തിയ ശേഷം കയ്യില്‍ പറ്റിയിരുന്ന എണ്ണ തലയില്‍ തേച്ചുകൊണ്ട് നിവരുമ്പോള്‍ പടിപ്പുരയില്‍ ഒരു മനുഷ്യരൂപം നില്‍ക്കുന്നു.

ഈശ്വരാ ആരാ അത്?..

ചേച്ചിയും അമ്മയും കുട്ടികളും ഒക്കെ ഒലവക്കോടുള്ള അമ്മാവന്റെ വീട്ടില്‍ നിന്നും മടങ്ങിവരാന്‍ ഇനിയും ഒത്തിരി വൈകുമല്ലോ..
ആ ഓടിട്ട പഴയ വലിയ വീട്ടില്‍ ഇപ്പോള്‍ താന്‍ ഒറ്റയ്ക്കാണ് എന്നാലോചിച്ചപ്പോള്‍ പെരുവിരലിലൂടെ ഒരു ഭയം മുകളിലേക്ക് അരിച്ചു കയറുന്നതായി വിദ്യക്ക് അനുഭവപ്പെട്ടു. പക്ഷെ അത് പോലെത്തന്നെ ഇരുളിന്റെ മൂടുപടം അണിഞ്ഞു പടിപ്പുര വാതിലില്‍ അനങ്ങാതെ നില്‍ക്കുന്ന മനുഷ്യന്‍ ആരായിരിക്കും എന്നറിയാനുള്ള ജിജ്ഞാസയും.
ശക്തമായ ഒരു മിന്നലും അത് തീരുന്നതിനു മുമ്പുതന്നെ കാതടപ്പിക്കുന്ന ഒരു ഇടിമുഴക്കവും. ഓടിട്ട മേല്‍ക്കൂരയില്‍ ചരല്‍ പെറുക്കി എറിയുന്നത് പോലെ മഴത്തുള്ളികള്‍ ശക്തമായി പതിച്ചു.

"ഈശ്വരാ.. അച്ഛന്‍!.. .." ഇടിമിന്നലിന്റെ വെട്ടം മുഖത്ത് വീണപ്പോള്‍ പടിപ്പുരയില്‍ നിന്ന ആളെ വിദ്യ തിരിച്ചറിഞ്ഞു.

പിന്നെ ഒന്നും ആലോചിച്ചില്ല. കോരിച്ചൊരിയുന്ന മഴയിലൂടെ അച്ഛാ എന്ന് വിളിച്ചു കൊണ്ട് പടിപ്പുരയിലേക്ക്‌ ഓടിച്ചെന്നു അദ്ദേഹത്തെ കെട്ടിപ്പിടിച്ചു.
"അച്ഛാ.. നല്ല ആളാ കേട്ടോ.. ഇത്രയും കാലമായി ഞങ്ങളെയൊക്കെ വിട്ടു എവിടെക്കായിരുന്നു പോയത്? അച്ഛന്റെ വിദ്യക്കുട്ടി എത്ര സങ്കടപ്പെട്ടെന്നു അറിയ്വോ?.. ദേ ഇപ്പൊ കൂടി ഞാന്‍ അച്ഛനെ ആലോചിച്ചു ഇരിക്ക്യായിരുന്നുട്ടോ.. ങേ.. എന്താത്... അച്ഛാ.. എന്തായിത് ഈ മുറിവുകളൊക്കെ.. എന്ത് പറ്റിയെന്റെച്ഛന്?.. അയ്യോ.. നെഞ്ചത്തു ചോര കിനിയുന്നല്ലോ.."

രക്തം കണ്ട് തല കറങ്ങി വീഴാന്‍ തുടങ്ങിയ വിദ്യയെ അയാള്‍ താങ്ങി മാറോട് ചേര്‍ത്തു പിടിച്ചു വാത്സല്യപൂര്‍വ്വം നിറുകയില്‍ തലോടി.

******************************************************************************

"അച്ഛാ.. എന്തിനാച്ഛാ ആളുകള്‍ ചാത്തത്തിനു ബലിയിട്ടു കാക്കകളെ കയ്യടിച്ചു വിളിച്ചു ചോറുരുളകള്‍ ഊട്ടിക്കുന്നതൊക്കെ?"

പന്ത്രണ്ടു വയസ്സുകാരിയായ വിദ്യ ഉച്ചയൂണിനു ശേഷം മൂവാണ്ടന്‍ മാവിന്‍ തണലിലെ ഇളം കാറ്റില്‍ ചാരുകസേരയിലിരുന്നു മുറുക്കാന്‍ മുറുക്കിക്കൊണ്ടിരുന്ന അച്ഛന് അഭിമുഖമായി ഇട്ട ചെറിയ സ്റ്റൂളില്‍ ഇരുന്നു കൊണ്ട് ചോദിച്ചു.

ദേവന്‍ മേനോന്‍റെ അഞ്ചു മക്കളില്‍ മൂന്നാമത്തേതാണ് വിദ്യ. മറ്റുള്ളവരൊക്കെ എപ്പോഴും വീടിന്റെ അകത്തളങ്ങളിലും വ്യക്തിപരമായ വിനോദങ്ങളിലും ഒക്കെ മുഴുകി സമയം ചിലവഴിക്കുമ്പോള്‍ അച്ഛന്റെ നിഴലുപോലെ എപ്പോഴും വിദ്യ ഉണ്ടാവും. അച്ഛന്‍ പറഞ്ഞു കൊടുക്കുന്ന പുരാണകഥകളും തത്വജ്ഞാനങ്ങളും ഒക്കെ അന്വേഷണകുതുകിയായ വിദ്യ കേട്ടിരിക്കും. ദിവസവും ആകാശത്തിനു കീഴെയുള്ള ഓരോ സംഭവങ്ങളെയും പ്രപഞ്ച പ്രതിഭാസങ്ങളേയും കുറിച്ച് അച്ഛനോട് ചോദിച്ചു അവള്‍ ഉത്തരം തേടും. നല്ല രസകരമായി തന്‍റെ അറിവിന്‍റെ പരമാവധി പറഞ്ഞു കൊടുക്കാന്‍ മേനോനും താല്‍പ്പര്യമായിരുന്നു. അച്ഛനോടുള്ള നിരന്തമായ ഇടപഴകല്‍ അവളെ മറ്റുള്ളവരേക്കാള്‍ അച്ഛനു പ്രിയങ്കരിയാക്കി.

"വിദ്യക്കുട്ടീ.. മരിച്ചു പോയവരുടെ ആത്മാക്കള്‍ക്ക് പിതൃദേവതകളുടെ അനുഗ്രഹം ലഭിക്കുന്നതിനു വേണ്ടി എല്ലാ വര്‍ഷവും ആ വ്യക്തിയുടെ ശ്രാദ്ധദിനത്തില്‍ നടത്തുന്ന കര്‍മ്മമാണ്‌ ബലിതര്‍പ്പണം. പിതൃക്കള്‍ കുലം നിലനിര്‍ത്തിയവര്‍ ആണ് എന്നതിനാല്‍ ജലതര്‍പ്പണം, അന്നം എന്നിവയാല്‍ അവരെ തൃപ്തിപ്പെടുത്തുന്നതിനും അങ്ങനെ അവരുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ബലിയൂട്ടുന്നത്.

ഇത് ചെയ്യണമെങ്കില്‍ ഒരു ദിവസം മുമ്പ് മുതല്‍ തന്നെ മത്സ്യമാംസാദികള്‍ വര്‍ജിച്ച് ഏറ്റവും ലളിതമായ ലഘുഭക്ഷണം മാത്രം കഴിച്ചു വ്രതം എടുത്തിരിക്കണം. മരിച്ചവരുടെ ആത്മാക്കള്‍ ചന്ദ്രന്‍റെ ഇരുണ്ട ഭാഗത്ത്‌ വസിക്കുന്നുവെന്നും അവിടെ നിന്നും അവര്‍ ദേവലോകത്തേക്ക് നിത്യവും യാത്ര ചെയ്യുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. മനുഷ്യരുടെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് കേവലം ഒരു ദിവസമത്രെ!.. അപ്പോള്‍ ഈ യാത്രയില്‍ പിതൃക്കളെ ദിവസവും ഊട്ടുന്നു എന്ന സങ്കല്‍പ്പത്തില്‍ മരിച്ച തീയതിയോ നക്ഷത്രമോ കണക്കിലെടുത്ത് ശ്രാദ്ധമൂട്ടി ബലികര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ബലിച്ചോറ് കൊണ്ട് പിതൃദേവതകള്‍ പ്രസന്നരായി മരിച്ചവരുടെ ആത്മാക്കളെ അനുഗ്രഹിക്കുന്നു."

"അച്ഛാ അതൊക്കെ ഞാനും അമ്മാവന്‍ ഒരിക്കല്‍ പറഞ്ഞു തന്നത് കേട്ടിരിക്കുന്നു. പക്ഷെ എന്തിനാ കാക്കകളെ ബലിച്ചോറ് കൊത്തിത്തിന്നാന്‍ വിളിക്കുന്നത്‌?" കുഞ്ഞു മനസ്സിലെ സംശയങ്ങള്‍ ബാക്കി നിന്നു.

"കുട്ടീ.. അതിനു പുറകില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ മരുത്തന്‍ എന്ന രാജാവ് ഒരു മഹേശ്വരയജ്ഞം നടത്തി. ഇന്ദ്രനും ദേവഗണങ്ങളുമൊക്കെ സന്നിഹിതരായിരുന്നു. ഇതറിഞ്ഞു രാക്ഷസരാജാവായ രാവണന്‍ അവിടേക്ക് ചെന്നു. അത് കണ്ടു പേടിച്ച ദേവന്മാര്‍ ഓരോരുത്തരും ഞൊടിയിടയില്‍ ഓരോ പക്ഷികളുടെ രൂപമെടുത്തു അവിടെ നിന്നും രക്ഷപ്പെട്ടു. മരണത്തിന്റെ ദേവനായ യമധര്‍മ്മന്‍ രക്ഷപ്പെട്ടത് ഒരു കാക്കയുടെ രൂപം പൂണ്ടായിരുന്നു. ഇതിനാല്‍ കാക്കകളില്‍ പ്രസന്നനായ കാലന്‍ അന്നു മുതല്‍ മനുഷ്യര്‍ പിതൃക്കളെ പൂജിക്കുമ്പോള്‍ നേദിക്കുന്ന ബലിച്ചോറ് ഭക്ഷിക്കാനുള്ള അവകാശം കാക്കകള്‍ക്ക് ആയിരിക്കും എന്ന് അനുഗ്രഹിച്ചു."

"അച്ഛാ അപ്പോള്‍ എല്ലാ വര്‍ഷവും ബലിതര്‍പ്പണം നടത്തിയില്ലെങ്കില്‍ മരിച്ചവരുടെ ആത്മാക്കള്‍ വേദനിക്കില്ലേ? അത് മുടക്കിയാല്‍
ജീവിച്ചിരിക്കുന്നവര്‍ക്ക് വല്ല ദോഷവും ഉണ്ടാകുമോ അച്ഛാ?.."

"പിന്നേ തീര്‍ച്ചയായും വേദനിക്കുമായിരിക്കും.. കൂടാതെ നമ്മളെ സ്നേഹിച്ചു ലാളിച്ചു വളര്‍ത്തി വലുതാക്കിയ അച്ഛനമ്മമാരെ അവരുടെ മരണ ദിവസമെങ്കിലും ഓര്‍ക്കാതിരിക്കുന്നത് ഒരു വല്ല്യ പാപവുമല്ലേ കുട്ടീ?.."


********************************************************************************

"ഹോ.. ഈ സീസണില്‍ ടിക്കറ്റ് കിട്ടാനോക്കെ എന്താ ഒരു വെഷമം?..
പോരാത്തതിന് ഈ നശിച്ച മഴ കാരണം എത്രയാ വൈകിയതും.."
തീവണ്ടിയിറങ്ങി വന്ന സുകുമാരി ചേച്ചി തീവണ്ടിയാപ്പീസിലെ പ്ലാറ്റ്ഫോര്‍മില്‍ മണിക്കൂറുകളായി കാത്തു നിന്നിരുന്ന വിദ്യയോടും അവളുടെ തൊട്ടു മൂത്ത ചേച്ചിയായ സൌദാമിനിയോടും യാത്രാദുരിതം പങ്കു വച്ചു. വിദ്യയുമായി ഒരു പതിനഞ്ചു വയസ്സിന്‍റെയെങ്കിലും അന്തരം ഉണ്ട് കല്‍ക്കത്തയില്‍ കുടുംബസമേതം കഴിയുന്ന ഏറ്റവും മൂത്ത ചേച്ചിയായ സുകുമാരിക്ക്. എല്ലാ കൊല്ലവും അച്ഛന്‍റെ ശ്രാദ്ധത്തോട് അനുബന്ധിച്ച് ഒരു പത്തു ദിവസത്തെ നാട് സന്ദര്‍ശനം.

അവര്‍ വരുമ്പോള്‍ ഒക്കെ പണക്കാരിയായ സൌദാമിനിച്ചേച്ചിയുടെ വീട്ടില്‍ ആണ് താമസിക്കാറ്. മദ്യപാനിയായിരുന്ന ഭര്‍ത്താവിന്‍റെ അകാല മരണത്തില്‍ നാല് വര്‍ഷം മുമ്പ് വിധവയാവേണ്ടി വന്ന വിദ്യയും രണ്ടു കുട്ടികളും തൊട്ടടുത്ത തറവാട്ടില്‍ അമ്മയോടോത്തും കഴിയുന്നു. പേരിനെ അന്വര്‍ഥമാക്കുന്ന രീതിയില്‍ നല്ല വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള വിദ്യ ചെറിയൊരു ആപ്പീസ് ജോലി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം തള്ളി നീക്കുന്നു.

സൌദാമിനിച്ചേച്ചിയുടെ ഭര്‍ത്താവ് ഗള്‍ഫ് റിട്ടയര്‍ഡ് ആണ്. ഇഷ്ടം പോലെ പൈസയും പ്രശസ്തിയും ഒക്കെ ഉണ്ടെങ്കിലും പക്ഷാഘാതം വന്നു ഒരു വശം അല്‍പ്പം തളര്‍ന്നു ചികിത്സയില്‍ ആണ്. എങ്കിലും രണ്ടു പേരുടെയും പൊങ്ങച്ചത്തിന് ഒരു കുറവും ഇല്ല താനും. അത്യാവശ്യം നല്ല സ്ഥിതിയില്‍ ഉള്ള സുകുമാരി ചേച്ചിയും പൊങ്ങച്ചം പറയുന്ന കാര്യത്തില്‍ ഒട്ടും പുറകിലല്ല. എന്നാല്‍ വളരെ ചെറുപ്പം മുതലേ വാസ്തവ വിരുദ്ധമായ പ്രവൃത്തികളില്‍ നിന്നും വ്യക്തിപരമായി ദൂരം പാലിക്കുന്ന സ്വഭാവം ആയിരുന്നു വിദ്യയുടെത്. അതിനാല്‍ ഇവരുടെ സൊറ പറച്ചില്‍ കേള്‍ക്കാനൊന്നും പണ്ടേ മുതല്‍ അവള്‍ സമയം മിനക്കെടുത്താറില്ല. അത് കൊണ്ട് അവളെ ആരും കൂട്ടത്തില്‍ കൂട്ടാറുമില്ല.

"എന്റെ മോഹനാ.. വയസ്സിപ്പോള്‍ അമ്പതി രണ്ടായി.. നിക്ക് വയ്യാ ഇനി എല്ലാ കൊല്ലവും ഇങ്ങനെ കഷ്ടപ്പെട്ട് കല്‍ക്കത്തേന്നു കുത്തിപ്പിടിച്ചു ഇവടെ വരാന്‍.... കാലിന്‍റെ മുട്ടാണെങ്കില്‍ ചില നേരത്ത് വേദനിച്ചു ഇളക്കാന്‍ വരെ വയ്യാത്ത മട്ടാ.."

അളിയനായ മോഹനനോടും സൌദാമിനിയോടും സുകുമാരിച്ചേച്ചിയുടെ പരിദേവനം.

"അതിനെന്താ ചേച്ചീ.. ഈ പ്രാവശ്യം നമുക്ക് തിരുനാവായില്‍ പോയി കര്‍മ്മം ചെയ്യാം. അവിടെ പോയി ബലിയിടുകയാണെങ്കില്‍ പിന്നെ എല്ലാ കൊല്ലവും ചെയ്യേണ്ട ആവശ്യം ഇല്ല്യാത്രേ!... നമ്മുടെ ഈ ജീവിതകാലം മുഴുവനും ആണ്ടുതോറും ബലിടേണ്ട കര്‍ത്തവ്യം ഒരുമിച്ചു സമര്‍പ്പിച്ചു പോരാന്‍ സാധിക്കുമത്രേ!.."

മോഹനന്‍ തന്‍റെ കേട്ടറിവ് സഭയില്‍ പങ്കു വച്ചു.

"അതേയോ.. എന്നാ പിന്നെ മോഹനാ.. അതിനുള്ള ഏര്‍പ്പാടുകള്‍ നോക്കിക്കോളൂ.. കൊല്ലം കൊല്ലോള്ള എന്‍റെ ഈ ദുരിതയാത്ര ഒഴിവാക്കാലോ.."
സൌദാമിനിയുടെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ ഭാവിച്ച വിദ്യ ഇത് കേട്ട് വിഷമത്തോടെ ഒന്ന് തിരിഞ്ഞു നിന്നു. മുതിര്‍ന്നവരുടെ സഭയില്‍ തന്‍റെ അഭിപ്രായങ്ങള്‍ക്ക് എന്ത് വില എന്ന യഥാര്‍ത്ഥ്യം മനസ്സിലാക്കി ഒരു അഭിപ്രായവും പറയാതെ അവിടെ നിന്നിറങ്ങി വിഷമിച്ച മനസ്സുമായി തറവാട്ടിലേക്ക് നടന്നു പോകുമ്പോള്‍ അവള്‍ ചിന്തിച്ചു. അച്ഛന്‍ മരിച്ചതില്‍ പിന്നെ തുടര്‍ച്ചയായി ഒമ്പത് ശ്രാദ്ധ ഊട്ടിനും ഒരു ഭംഗവും കൂടാതെ പങ്കെടുക്കാന്‍ തനിക്കു ഭാഗ്യം ലഭിച്ചു. സ്ത്രീകള്‍ക്ക് മാസം തോറും ഉണ്ടാവാറുള്ള അശുദ്ധി വരെ ആ സമയത്ത് തനിക്കൊരിക്കലും ഉണ്ടാവാറില്ല എന്ന് അവള്‍ അതിശയത്തോടെ ഓര്‍ത്തു. കഷ്ടം..എല്ലാവരും ഇപ്പോള്‍ അച്ഛനെ തഴഞ്ഞു തുടങ്ങിയിരിക്കുന്നു.

**********************************************************************

ദേവാം സ്തര്‍പ്പയാമി..
ദേവഗണം സ്തര്‍പ്പയാമി..
ഋഷിം സ്തര്‍പ്പയാമി..
പിതൃ സ്തര്‍പ്പയാമി..
പിതൃഗണാം സ്തര്‍പ്പയാമി..

തര്‍പ്പണമന്ത്രങ്ങള്‍ അലയടിക്കുന്ന തിരുനാവായ മണപ്പുറം ജനനിബിഡം ആയിരിക്കുന്നു.

അതിരാവിലെ വീട്ടില്‍ നിന്നേ കുളിച്ചു ശുദ്ധമായി സെറ്റുമുണ്ടും ഉടുത്തു ഒരു ജീപ്പില്‍ അമ്മയും ചേച്ചിമാരും കുട്ടികളും ആയി യാത്ര തിരിച്ചതാണ്.
ജലോപരിതലത്തില്‍ ഒഴുകി നടക്കുന്ന അസംഖ്യം വാഴയിലച്ചീന്തുകള്‍ ഭാരതപ്പുഴയ്ക്കു ഹരിതവര്‍ണ്ണം പകര്‍ന്നു കൊടുത്തുവോ? ആത്മാക്കള്‍ക്ക് നിവേദിക്കുന്ന ചോറുരുളകള്‍ പറന്നു വന്നു വെട്ടിവിഴുങ്ങാന്‍ കൂട്ടം കൂട്ടമായി തെങ്ങോലപ്പട്ടകളില്‍ ഇരുന്നു കലപില കൂട്ടുന്ന ബലിക്കാക്കകള്‍ക്ക് ഉത്സവപ്രതീതി.

കറുകയും ചെറുളയും അരിഞ്ഞു ഉണക്കലരി, എള്ള്, എന്നിവയും ചേര്‍ത്ത് ഒരു പാത്രത്തിലെ വെള്ളത്തില്‍ ഇട്ടു ഇളക്കി തയ്യാറാക്കിയ ഒരുക്കുകള്‍ക്കൊപ്പം ഉണക്കലരി വേവിച്ചു ഉണ്ടാക്കിയ പിതൃക്കള്‍ക്ക് സമര്‍പ്പിക്കാനുള്ള പിണ്ഡവും.

പുഴയില്‍ മുങ്ങിയ ശേഷം തോര്‍ത്താതെ വന്നിരുന്നു ഒരു ചെറുകിണ്ടിയില്‍ വെള്ളമെടുത്തു കൊണ്ട് അത് ഗംഗ, യമുന തുടങ്ങിയ പുണ്യ തീര്‍ത്ഥങ്ങളായി ഭവിക്കണമേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് പാത്രത്തിലെ അരിയും എള്ളും പൂവും ഒരുമിച്ചെടുത്ത് അച്ഛന്റെ പേരും നാളും ചൊല്ലി തര്‍പ്പണം ചെയ്തു നനഞ്ഞ കൈകള്‍ കൊട്ടി ബാലിക്കാക്കകളെ ക്ഷണിച്ചു.

പിന്നീട് ഒരു വാഴയിലച്ചീന്തില്‍ എള്ളും പൂവും ചന്ദനവുമെല്ലാം പൊതിഞ്ഞു തലയില്‍ വച്ച് അച്ഛനെ മനസ്സില്‍ ധ്യാനിച്ച്‌ പുഴയിലോട്ടു ഇറങ്ങി പിറകോട്ടു സമര്‍പ്പിക്കുമ്പോള്‍ വിദ്യയുടെ മനസ്സൊന്നു തേങ്ങി. കാലുകളില്‍ ചെറുതായി കൊത്തുന്ന ചെറുമീന്‍ കൂട്ടങ്ങളെ തന്‍റെ പ്രിയപുത്രിയുടെ വിങ്ങുന്ന മനസ്സിനെ ആശ്വസിപ്പിക്കാന്‍ വേണ്ടി അച്ഛന്‍ അയച്ചതായിരിക്കുമോ?

"എന്റെ പൊന്നു അച്ഛാ... ആരെന്തൊക്കെ പറഞ്ഞാലും ആണ്ടുതോറും അച്ഛന് ബലിയിടുന്ന കാര്യത്തില്‍ അങ്ങയുടെ പൊന്നു മോള്‍ ഒരുപേക്ഷയും വരുത്തില്ല്യാട്ടോ.. അങ്ങേയ്ക്കായി ഏതാനും നിമിഷങ്ങള്‍ നീക്കി വയ്ക്കാതിരിക്കാന്‍ മാത്രം എന്റെ ജീവിതത്തില്‍ സമയത്തിനും സൌകര്യത്തിനും ക്ഷാമം വരുത്താന്‍ ഞാന്‍ ഒട്ടും അനുവദിക്കില്ല്യ..സത്യം സത്യം."

*****************************************************************************

"അയ്യോ.. ഇതാരായീ കെടക്കണേ.. മ്മടെ വിദ്യക്കുട്ട്യല്ലേ.. ഭഗവാനേ ഈ ത്രിസന്ധ്യാനേരത്ത് എന്താ ന്‍റെ കുട്ടിയ്ക്ക് പറ്റ്യേ..സൌദാമ്ന്യേ.. നീ വേഗം പോയി മോഹനനെ വിളിച്ചോണ്ട് വാ..അയ്യോ.."

തിരുനാവായിലെ ബലിതര്‍പ്പണം കഴിഞ്ഞ വഴി അവിടെ നിന്നും അവരോടൊപ്പം പോകാന്‍ വിസമ്മതിച്ച വിദ്യയെ ഒറ്റയ്ക്ക് വീട്ടിലേക്കു ബസ്സു കയറ്റി വിട്ട് ഒലവക്കോട്ടെ അമ്മാവന്‍റെ വീട്ടില്‍ സന്ദര്‍ശനവും കഴിഞ്ഞു മടങ്ങിയെത്തിയ ദേവകിയമ്മയും രണ്ടു പെണ്മക്കളും പേരക്കുട്ടികളും പടിപ്പുരയില്‍ മോഹലാസ്യപ്പെട്ടു കിടക്കുന്ന വിദ്യയെ കണ്ടു അമ്പരന്നു.
സുകുമാരി ചേച്ചിയുടെ ബാഗില്‍ ഉണ്ടായിരുന്ന വെള്ളക്കുപ്പി എടുത്തു അമ്മയുടെ മടിയില്‍ കിടത്തിയിരിക്കുന്ന വിദ്യയുടെ മുഖത്ത് തെളിച്ചപ്പോള്‍ അവള്‍ കണ്ണ് തുറന്നു അമ്പരപ്പോടെ ചുറ്റും നോക്കി.

"എന്താ മോളെ ഇണ്ടായേ.. എന്ത് പറ്റി ന്‍റെ കുട്ടിയ്ക്ക്?".. അമ്മ വേവലാതിപ്പെട്ടു കൊണ്ട് ആരാഞ്ഞു.

"അമ്മേ.. അച്ഛന്‍!.... നമ്മുടെ അച്ഛനെ ഞാന്‍ കണ്ടമ്മേ.. ദേ ഇപ്പോള്‍ ഇവിടെ ഉണ്ടായിരുന്നു. എന്നെ കെട്ടിപ്പിടിച്ചു മുടിയിലൊക്കെ തലോടി അമ്മേ... ഇപ്പൊ എവിടെ പോയി ന്‍റെ അച്ഛന്‍?.. അമ്മേ അച്ഛന് എന്തോ അപകടം പറ്റ്യേക്കുന്നൂ.. കാണുമ്പോള്‍ മേത്ത് ആകെ ചോരയായിരുന്നു.. ഒന്ന് നോക്കൂ.. അച്ഛന്‍ അവിടെയെവിടെയെങ്കിലും ഉണ്ടാവും.. ദയവായി ഒന്ന് നോക്കൂ... ന്‍റെ അച്ഛന്‍ തിരിച്ചു വന്നമ്മേ... അച്ഛന്‍ വന്നൂ.. ന്റച്ഛന്‍ വന്നൂ.."

അര്‍ദ്ധ ബോധാവസ്ഥയിലെ ജല്‍പ്പനങ്ങള്‍ക്ക് ശേഷം വീണ്ടും ബോധക്ഷയം സംഭവിച്ച വിദ്യയേയും എടുത്തു കൊണ്ട് മോഹനന്‍റെ കാറില്‍ സമയം പാഴാക്കാതെ അവര്‍ ആശുപത്രിയിലേക്ക് തിരിച്ചു.
- ജോയ് ഗുരുവായൂര്‍

ഞാനും നീയും അവനും അവളും..



 
"ശലഭാ.. എനിക്ക് ഭയമാകുന്നു.. എതു നിമിഷവും ഞാന്‍ മരണപ്പെടാം.. എന്നെ വിട്ടു മാറി നീ ഒരു നിമിഷം പോലും ഇരിക്കരുതേ.."

"വിവേക് എന്ത് പറ്റി നിനക്ക്?!.. കുറച്ചു ദിവസമായി ഞാന്‍ ശ്രദ്ധിക്കുന്നു.. എന്ത് പറ്റി എന്റെ ചക്കരക്കുട്ടന്?.. എന്ത് തന്നെയായാലും പറയൂ എന്നോട്.. നിന്റെ മാത്രം ശലഭയോട്..

"നീയില്ലാത്ത ഓരോ നിമിഷവും അവന്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു. അവന്റെ പീഡനങ്ങള്‍ക്ക് ഈയിടെ കൂടുതല്‍ ക്രൌര്യത കൈവന്നിരിക്കുന്നു. എനിക്കിനി വയ്യ.. എതു നിമിഷവും ഞാന്‍ അവന്റെ കൈകളാല്‍ കൊല്ലപ്പെടാം.. ശലഭാ.."

"എനിക്ക് പേടിയാവുന്നു വിവേക്.. എന്തൊക്കെയാണ് നീ ഈ പറയുന്നത്?.. വെറുതെ വേണ്ടാത്തത് ഒന്നും ചിന്തിക്കല്ലേ.. ആരാണ് അവന്‍? പറയൂ നിന്നെ ഉപദ്രവിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന നിന്റെ ആ ശത്രു ആരാണ്?.. എന്തിനാണ് അവന്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുന്നത്? എന്നോട് പറയെടാ മുത്തേ..."

"ശലഭാ.. അവന്‍ എന്റെ ശത്രുവല്ല.. പക്ഷെ എന്നെ ഒരുപാട് സ്നേഹിക്കുകയും എപ്പോഴും ഒരു നിഴലു പോലെ പിന്തുടര്‍ന്ന് ജീവശ്വാസം പോലെ എന്നില്‍ കുടികൊള്ളുന്നവന്‍. അവന്‍ വെറുക്കുന്നത് നിന്നിലെ അവളെയാണ്. അവളെ നീ കൊല്ലൂ.. കഴുത്തു ഞെരിച്ചു ഞെരിച്ചു കൊല്ലൂ.. അവളാണ് അവന്റെ സമാധാനം കളയുന്നത്. മറ്റുള്ളവരുമായുള്ള അവളുടെ ഇടപഴകലുകളും കൊഞ്ചിക്കുഴയലുകളും അനുതാപച്ചൊരിച്ചിലുകളും എന്തിനു സ്നേഹമസൃണമായി നിന്റെ പഴയ കൂട്ടുകാരെയും ബന്ധുക്കളെ തന്നെയും അവള്‍ ഒന്ന് നോക്കുന്നത് വരെ അവന്‍ വെറുക്കുന്നു. അതെല്ലാം കണ്ടു അവന്റെ സമനില തെറ്റിപ്പോകുന്നു. ഭ്രാന്തമായ ആ വികാരവിക്ഷോഭങ്ങളില്‍ എന്റെ മനസ്സും ശരീരവും ജ്വരം ബാധിച്ചവനെ പോലെ വേപഥു കൊള്ളുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ താമസിയാതെ അവനെന്നെ കൊല്ലും ശലഭാ.. അതിലും മുമ്പ് നീ അവളെ കൊല്ലൂ.. നിനക്ക് എന്നോട് ഒരു തരിമ്പ്‌ പോലും സ്നേഹം ഉണ്ടെങ്കില്‍... "

"ഓ വിവേക്.. എനിക്ക് മനസ്സിലായി വിവേക്.. അവളെക്കുറിച്ച് ഞാന്‍ നിന്നോട് എല്ലാം വിശദമായി പറഞ്ഞു തന്നിരുന്നതല്ലേ?.. എന്നിട്ടും അവളെ നീ ഇപ്പോഴും സംശയിക്കുന്നുവോ? ഒന്ന് മനസ്സിലാക്കൂ.. അവള്‍ക്കിപ്പോള്‍ നിന്നെക്കാള്‍ വലുതായി ഈ ലോകത്ത് ആരുമില്ല. നീയുണ്ടെങ്കില്‍ മാത്രമേ അവള്‍ക്ക് അസ്ഥിത്വം തന്നെയുള്ളൂ.. അവളുടെ ജീവശ്വാസമാണ് നീ.. 

അവളിലേക്ക്‌ നീ കടന്നു ചെന്ന മാത്രയില്‍ അവളുടെ സുഹൃത്തുക്കളും പഴയ സ്നേഹബന്ധങ്ങളും ഒക്കെ കരിയിലക്കാറ്റു പോലെ അനന്തതയിലേക്ക് പാറിപ്പോയി. ഇപ്പോള്‍ നീ.. നീ മാത്രമാണ് അവളുടെ മനസ്സില്‍.."
"അതെ ശലഭാ.. നീ എന്നോട് എല്ലാം വിശദമായി പറഞ്ഞിരുന്നു.. എനിക്ക് അതൊക്കെ വിശ്വാസവുമാണ്. ഈ ലോകത്തില്‍ മറ്റാരേക്കാളും ഞാന്‍ നിന്നെ സ്നേഹിക്കുന്നു.. വിശ്വസിക്കുന്നു.. പക്ഷെ അവന്‍.. അവളുടെ അസാന്നിദ്ധ്യത്തില്‍ അവന്‍ എന്നെ അനുനിമിഷം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവന്റെ ക്രൂരമായ ആക്രമണത്തില്‍ എന്റെ മനസ്സില്‍ സംഹാരശേഷിയുള്ള തിരമാലകള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഒരു നിമിഷം അവള്‍ എന്റെയും നിന്റെയും  അരികില്‍ നിന്നും മാറിയാല്‍ അവന്റെ അട്ടഹാസങ്ങള്‍ എന്റെ ചെവികളെ പ്രകമ്പനം കൊള്ളിക്കുകയായി. അവന്റെ ക്രോദ്ധം ആയിരം കാരമുള്ളുകളായി എന്റെ ഹൃദയത്തില്‍ തുളച്ചു കയറുന്നു. ഇങ്ങനെപ്പോയാല്‍ തീര്‍ച്ചയായും ഒരു ദിവസം ഞാന്‍ മരിക്കും ശലഭാ.. അതിലും നല്ലത് എനിക്ക് വേണ്ടി നീ ഒരു കൊലപാതകിയാവുകയാണ്. നിന്നിലെ അവളെ നീ നിര്‍ദ്ദയം കൊല്ലൂ.. 

എന്തിനാണ് നിനക്ക് അവളുടെ കൂട്ട്?.. നിനക്ക് മാത്രമേ അവളെ സ്പര്‍ശിക്കാന്‍ സാധിക്കൂ.. ഈ ഭൂമുഖത്ത് നിന്നും എന്നെന്നേക്കുമായ് തുടച്ചു നീക്കാനും. എനിക്ക് നീയും നിനക്ക് ഞാനും മാത്രം പോരെ?.."

"വിവേക്.. എന്റെ ജീവനേ.. എന്തിനാ നീ ടെന്‍ഷന്‍ അടിക്കുന്നെ.. ഞാന്‍ നിന്റെ മാത്രം അല്ലേടാ?.. ഒരു കാര്യം നീ മനസ്സിലാക്കുക. അവള്‍ ഇപ്പോള്‍ നിന്നെ മാത്രം ആണ് സ്നേഹിക്കുന്നത്. നിന്നിലെ അവനെ ഞാനും സ്നേഹിക്കുന്നത് പോലെ.. അവന്റെ പ്രവൃത്തികള്‍ ആണ് എന്നെ നിന്നിലേക്ക്‌ അടുപ്പിച്ചത്. അത് പോലുള്ള പവിത്രമായ സ്നേഹവും സംരക്ഷണവും കൊതിക്കാത്ത എതു പെണ്‍കൊടികള്‍ ആണുണ്ടാവുക. നിന്റെ ഉള്ളിലെ ശക്തിയും പ്രഭാകേന്ദ്രവും അവനാണ്. ആ അവനു ഇനിയും മനസ്സിലായില്ലെങ്കില്‍ എന്നിലെ അവളെ ഞാന്‍ കൊല്ലാം.. ഈ കൈകളില്‍ ഇട്ടു കഴുത്തു ഞെരിച്ചു കൊല്ലാം.. അവള്‍ മൂലം എനിക്ക് നിന്നെ നഷ്ടമായിക്കൂടാ.. അതെനിക്ക് ഒരിക്കലും സഹിക്കാനാവില്ല. അവളെക്കാള്‍ എത്രയോ വലുതാണ്‌ എനിക്ക് നീ.. അവന്‍ നിന്നെ കൊല്ലുന്നതിലും മുമ്പ് ഞാന്‍ അവളെ കൊന്നിരിക്കും. തീര്‍ച്ച. ഇനി മുതല്‍ എന്റെ ലോകം നീയും അവനും മാത്രമായിരിക്കും.

"വേണ്ട ശലഭാ.. അവളെ കൊല്ലണ്ടാ.. പക്ഷെ അവന്‍ എന്നെയും നിന്നെയും സ്നേഹിക്കുന്നത് പോലെ നിന്നെയും അവനെയും സ്നേഹിക്കുന്ന അവളോട്‌ നീ ബോദ്ധ്യപ്പെടുത്തണം.. എതു സാഹചര്യത്തിലായാലും ഒരു മാത്ര പോലും അവനെ അവഗണിക്കാതിരിക്കാന്‍. അത് മാത്രം മതിയാകും അവന്റെ മനസ്സില്‍ സദാ ജ്വലിക്കുന്ന അന്ന്യഥാബോധത്തിന്റെ കനലുകള്‍ എരിഞ്ഞടങ്ങാന്‍."

- ജോയ് ഗുരുവായൂര്‍

വ്യതിരിക്ത വികാരങ്ങള്‍


സ്കൂള്‍ കുട്ടികളോടൊത്ത് ചുറ്റിക്കറങ്ങി ലാല്‍ബാഗിലെ പുഷ്പ പ്രദര്‍ശനം അവര്‍ക്ക് കാണിച്ചു കൊടുക്കുന്നതിടെ ആണ് പ്രശാന്ത് മരച്ചുവട്ടില്‍ ഇരുന്ന ആ യുവമിഥുനത്തെ ശ്രദ്ധിച്ചത്.

'ങേ...ഇതവളല്ലേ അഹല്യ?..'

അവര്‍ ശ്രദ്ധിക്കാത്ത ഒരു വശത്തേക്ക് മാറി നിന്ന് പ്രശാന്ത് അവരെ ശരിക്കും നിരീക്ഷിച്ചു.

'അതെ ഇതവള്‍ തന്നെ...'

അവള്‍ ആ ഊശാന്‍ താടിക്കാരന്റെ മടിയില്‍ തല വച്ച് പ്രേമലോലുപയായി കിന്നരിക്കുന്നു. അയാളുടെ നെഞ്ചില്‍ മിന്നല്‍ പിണരുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. കണ്ടത് വിശ്വസിക്കാനാവാതെ മൊബൈല്‍ എടുത്തു അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു.

"ഹലോ പ്രശാന്ത്.. എന്താ ഇന്ന് സ്കൂള്‍ ഇല്ല്യേ? ഈ നേരത്തൊരു വിളി?!..." ബാഗില്‍ നിന്നും മൊബൈല്‍ തപ്പിയെടുത്തു അവള്‍ ചോദിക്കുന്നത് കേട്ട് ഒരു നിമിഷം പ്രശാന്തിന്റെ ചുണ്ടുകളെ വിറയലാര്‍ന്ന മൌനം ബാധിച്ചു.

"ഇല്ലാ.. ഇന്ന് സ്കൂള്‍ അവധിയാണ്. നീ ഇപ്പോള്‍ എവിടെയാ?.. നിനക്കിന്നു ഓഫീസ് ഇല്ല്യേ.." ഒരു വിധത്തില്‍ അയാള്‍ മറുപടി പറഞ്ഞു നെറ്റിയിലെ വിയര്‍പ്പു ചാലുകള്‍ തൂവാലയെടുത്ത് ഒപ്പി.

എന്തോ സംശയം തോന്നിയ പോലെ അവള്‍ തലയുയര്‍ത്തി ചുറ്റുമൊന്നു പാളി നോക്കാന്‍ ശ്രമിക്കുന്നത് കണ്ടു പ്രശാന്ത് ഞൊടിയിടയില്‍ ഒരു വലിയ പൂമരത്തിനു പുറകിലേക്ക് മാറി.

"ഇല്ല പ്രശാന്ത്.. ഇന്ന് അവധിഎടുത്തു. എന്റെ ഒരു പഴയ ക്ലാസ് മേറ്റ്‌ അമേരിക്കയില്‍ നിന്നും വന്നിട്ട് അതിരാവിലെ എന്നെ വിളിച്ചു. അവന്റെ കൂടെ പുറത്തിറങ്ങിയതാ.. ഓക്കേ.. നീയിപ്പോ എവിടെയാ? വീട്ടില്‍ തന്നെയാണോ? എം. ടിയും മലയാറ്റൂരും തകഴിയും ഒക്കെയുമായി കിടക്കയില്‍ മലര്‍ന്നു കിടക്കുകയാവും അല്ലെ.. ഹിഹിഹി.."

അതിനു മറുപടി പറയാന്‍ നാവു പൊന്തിയില്ല. ഫോണ്‍ കട്ട്‌ ചെയ്തു. അവള്‍ തിരിച്ചു വിളിച്ചപ്പോള്‍ എടുത്തില്ല. ആകെ കൂടി ഒരസ്വസ്ഥത.

"നമ്മെയ്യൂ ഉഷാറില്ലാ.. നനഗെ ഹോഗു ബെയ്ക്കൂ.. ക്ഷംസിരി.."
സഹ അദ്ധ്യാപകനായ നാഗേഷിനോട്, തീരെ ശരീര സുഖമില്ല ക്ഷമിക്കണം.. തിരികെ പോകുന്നു എന്ന് കന്നഡയില്‍ പറഞ്ഞു പ്രശാന്ത് ലാല്‍ബാഗ് ഉദ്യാനത്തിന്റെ പ്രധാന കവാടത്തിലേക്ക് നടന്നു.

എങ്കിലും അവള്‍ ഇത്തരക്കാരിയാണെന്നു വിശ്വസിക്കാനേ സാധിക്കുന്നില്ല. ഫേസ്ബുക്കില്‍ കണ്ടു പരിചയപ്പെട്ടതാണെങ്കിലും കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് താന്‍ അവളോട്‌ എത്രയോ അടുത്തു. ആദ്യമായാണ്‌ ഒരു പെണ്‍കുട്ടിയുമായി താന്‍ ഇത്രയും അടുത്തിടപഴകുന്നത്. ബാംഗ്ലൂര്‍ നഗരത്തില്‍ കണ്ടു മുട്ടിയ ആ മറുനാടന്‍ മലയാളി പെണ്‍കൊടിയോട് തനിക്കു പ്രണയം തോന്നുകയായിരുന്നു. ഔപചാരികതകള്‍ ഒന്നും പ്രകടിപ്പിക്കാത്ത അവളുടെ തുറന്ന ഇടപഴകല്‍ ആയിരിക്കാം ഒരു പക്ഷെ അവളില്‍ തന്‍റെ ഭാവി വധുവിന്റെ രൂപം താന്‍ മെനഞ്ഞെടുക്കാന്‍ കാരണമായിരിക്കുക.

ബാംഗ്ലൂരിലെ ഒരു പ്രശസ്ത ഐ. ടി കമ്പനിയില്‍ ജോലി ചെയ്യുന്ന അഹല്യ വേഷവിധാനങ്ങളില്‍ പരിഷ്ക്കാരിയാണെങ്കിലും സ്വഭാവത്തില്‍ ഒരു മലയാളി മങ്ക തന്നെയായി തനിക്കു തോന്നിച്ചിരുന്നു. ചോദിക്കുന്നതെന്തും തുറന്നു പറയുന്ന പ്രകൃതം. അങ്ങനെയൊരു ദിവസം മടിച്ചു മടിച്ചു താന്‍ നടത്തിയ പ്രണയാഭ്യര്‍ത്ഥന മറിച്ചൊന്നും ചിന്തിക്കാതെ അവള്‍ സ്വീകരിച്ചപ്പോള്‍ മനസ്സ് തുള്ളിച്ചാടി. ആഴ്ചയില്‍ ചുരുങ്ങിയത് രണ്ടോ മൂന്നോ പ്രാവശ്യമെങ്കിലും കണ്ടു മുട്ടി പാര്‍ക്കുകളിലും ഷോപ്പിംഗ്‌ മാളുകളിലും ഒക്കെ കറങ്ങി നടന്നു മനസ്സ് പങ്കു വയ്ക്കും. ശരിക്കും മനസ്സിന് ഒരു ആശ്വാസവും കുളിര്‍മ്മയും ഒക്കെ തന്നെയായിരുന്നു അവളുമായുള്ള ആ വേളകള്‍.

അവളുമായുള്ള അടുപ്പം തുടങ്ങിയതോടെ വര്‍ഷാവര്‍ഷങ്ങളായി അടുപ്പമുള്ള മറ്റു കൂട്ടുകാരുമായുള്ള ബന്ധങ്ങള്‍ കാര്യമായി ശിഥിലീകരിച്ചു. നന്നായി വായിക്കാറുണ്ടായിരുന്ന താന്‍ ഇപ്പോള്‍ പുസ്തകങ്ങള്‍ കൈ കൊണ്ട് തൊടാറേയില്ല. ബാംഗ്ലൂര്‍ മലയാളി സമാജം ഇറക്കുന്ന മാസികയില്‍ സ്ഥിരമായി തന്‍റെ വക ഒരു ചെറുകഥ ഉണ്ടാവാറുള്ളതാണ്. അതിനു വന്ന മുടക്കത്തിനു ഇപ്പോള്‍ അഹല്യയുമായി ആദ്യമായി പരിചയപ്പെട്ട ദിനത്തിന്റെ പഴക്കം ഉണ്ട്. സത്യം പറഞ്ഞാല്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്ന നേരം ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നെ ചിന്ത അഹല്യയെക്കുറിച്ചും തങ്ങളുടെ ഭാവിജീവിതത്തെക്കുറിച്ചും മാത്രമായിരുന്നു.

പ്രണയത്തെക്കുറിച്ചുള്ള അവളുടെ സിദ്ധാന്തങ്ങള്‍ തന്നെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. അവളുടെ അഭിപ്രായത്തില്‍ പ്രണയം എന്നത് രണ്ടു വ്യക്തികളില്‍ മാത്രം പരിമിതപ്പെട്ടു കിടക്കുന്ന ഒരു സംഗതിയല്ല. പ്രണയം എപ്പോള്‍ വേണമെങ്കിലും ആരോടും തോന്നാം. പ്രായവും സാഹചര്യങ്ങളും സമ്പത്തും തൊലിയുടെ നിറവും ജാതിയും ഒന്നും അതിനു നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്നില്ല. ഒരേ സമയം ഒന്നില്‍ കൂടുതല്‍ പേരെ പ്രണയിച്ചാല്‍ തന്നെ അതൊരു തെറ്റാകുന്നില്ല. പക്ഷെ ആ പ്രണയം വിശുദ്ധമാകണം എന്ന് മാത്രം. കൂടാതെ പ്രണയത്തില്‍ ഒരിക്കലും സ്വാര്‍ത്ഥത പാടില്ല. നമ്മുടെ ആകാരവും സ്വഭാവവും കഴിവുകളും കണ്ടു ആകൃഷ്ടരായി ചില വ്യക്തികള്‍ക്ക് നമ്മളോട് ആത്മാര്‍ഥമായി പ്രണയം തോന്നിയാല്‍ അത് നമ്മള്‍ തള്ളിക്കളയുന്നത് എങ്ങനെ? പ്രണയം വിശുദ്ധമായ ഒരു വികാരമാണ്. അത് സമാനമനസ്കരുടെ ഹൃദയങ്ങള്‍ തമ്മിലുള്ള അദൃശ്യമായ ആശയ സംവേദനമാണ്. പ്രണയിക്കുന്ന മനസ്സുകള്‍ ഒരിക്കലും പരസ്പ്പരം വഞ്ചിക്കില്ല. ഊണിലും ഉറക്കത്തിലും അവര്‍ സംവേദിച്ചു കൊണ്ടേയിരിക്കും.

അഹല്യയുടെ പ്രണയ തത്വങ്ങളോട് യോജിക്കാന്‍ തനിക്കു ആവുമായിരുന്നില്ലെങ്കിലും അവളുടെ മുമ്പില്‍ വച്ച് ആ അഭിപ്രായങ്ങളെ ഒന്നും എതിര്‍ത്തില്ല. തന്‍റെ പ്രണയ സങ്കല്‍പ്പങ്ങള്‍ അവളുടെതുമായി യോജിക്കുന്നില്ല എന്ന തിരിച്ചറിവില്‍ തനിക്കു അവള്‍ നഷ്ടമാകുമോ എന്നൊരു ഉള്‍ഭയം തനിക്കുണ്ടായിരുന്നു. എന്തൊക്കെ പറഞ്ഞാലും താന്‍ മാത്രം ഉള്ള ഒരു പ്രണയ ലോകം ആയിരിക്കും അവളുടെ മനസ്സില്‍ ഉണ്ടായിരിക്കുക എന്നും മനസ്സില്‍ ഉറപ്പിച്ചു.

ജനിച്ചതും വളര്‍ന്നതും പഠിച്ചതും ഒക്കെ ഈ മഹാനഗരത്തില്‍ ആയതിനാല്‍ കുറച്ചു പുരോഗമാനാത്മകമായി ചിന്തിക്കുന്നതാവാം അവളെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത് എന്നും സ്വയം ആശ്വസിച്ചു. തന്നോടുള്ള അവളുടെ അടുപ്പം കാണുമ്പോള്‍ മറ്റൊരു പ്രണയത്തെ അവളുടെ ഹൃദയത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ല എന്ന് മനസ്സാക്ഷി പറഞ്ഞു.
താനിപ്പോള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. അയാളുടെ മടിയില്‍ കിടക്കുന്നത് പോലെ ഈ കാലത്തിനിടയില്‍ ഒരിക്കല്‍ പോലും അവള്‍ തന്‍റെ മടിയില്‍ കിടന്നിട്ടു പോലുമില്ല. താന്‍ അതിനവളെ നിര്‍ബന്ധിപ്പിക്കാതിരുന്നതാവും ചിലപ്പോള്‍. പ്രണയത്തിനു അവള്‍ കല്‍പ്പിക്കുന്ന മാനങ്ങളെക്കാള്‍ വിശുദ്ധമായിരുന്ന മാനങ്ങള്‍ ആയിരുന്നു തന്റെ മനസ്സില്‍.

മൂന്നാമതൊരാളുമായി ഒരംശം പോലും പങ്കു വയ്ക്കാനാവാത്ത ഒരു അതുല്യ വികാരം. അതാണ്‌ താന്‍ വിശ്വസിക്കുന്ന പ്രണയസംഹിത. തനിക്കു അഹല്യയുടെ ഈ പ്രവൃത്തി ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ല. അവളുമായുള്ള ജീവിതം തനിക്കു കല്ലുകടികള്‍ മാത്രമേ സമ്മാനിക്കൂ..

ഗതാഗതക്കുരുക്കില്‍ പെട്ട് നിരങ്ങി നിരങ്ങി നീങ്ങിയിരുന്ന ബസ്സ് അവസാന സ്റ്റോപ്പായ യശ്വന്തപുരം ഡിപ്പോയില്‍ എത്തിയത് അറിഞ്ഞതേയില്ല. പെട്ടെന്ന് ഇറങ്ങി റൂമിലേക്ക്‌ നടന്നു. കൈകാല്‍ മുഖം കഴുകി കിടയ്ക്കയില്‍ മലര്‍ന്നു കിടക്കുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു. നാട്ടില്‍ നിന്നും അമ്മ.

"മോനേ ഇന്നലെ അച്ഛന്‍ നിന്റെ അമ്മാവനുമായി സംസാരിച്ചു. അടുത്ത ഓണത്തിനു മുമ്പ് നിന്റെയും ഗൗരിയുടെയും കല്യാണം നടത്തണം എന്നാണു തീരുമാനമുണ്ടായത്. അപ്പോഴേക്കും അവളുടെ പഠിപ്പും കഴിയും. നീയിനി വീണ്ടും ഒഴിവുകഴിവൊന്നും പറയണ്ട. ഹും.."
.
കണ്ണുകള്‍ അടച്ചു ശാന്തമായി ശയിക്കുമ്പോള്‍, സെറ്റ് ദാവണിയുടുത്തു പൂക്കുടയില്‍ പൂവുമായി കൂട്ടുകാരികളുമായി പാടവരമ്പത്ത് കൂടി അമ്പലത്തില്‍ ദീപാരാധന തൊഴാന്‍ നടന്നു പോകുന്ന ഗൗരിയുടെ കിളിക്കൊഞ്ചലുകള്‍ സാന്ത്വനം പകരുന്ന ഒരു കുളിര്‍ക്കാറ്റു പോലെ അവന്റെ മനസ്സില്‍ അലയടിച്ചു.
-ജോയ് ഗുരുവായൂര്‍

തുമ്പ

 
ചേമ്പിലക്കുമ്പിളില്‍ നുള്ളി നിറയ്ക്കുവാന്‍
ചേലുള്ള ചേലയിലണയുന്ന കുട്ടികള്‍
ചാണകം മെഴുകും കളത്തില്‍ നിരത്താനായ് 
ചാഞ്ഞും ചെരിഞ്ഞുമിരിക്കും പൈതങ്ങള്‍

ചെത്തിയും ചെമ്പരത്തിയും കോളാമ്പിയും
നന്ദ്യാര്‍ വട്ടവും മുല്ലയും മുക്കുറ്റിയും  
മത്സരിച്ചഴകേറ്റും പൂക്കളമതൊന്നില്‍
മാലോകര്‍ തന്‍ മനം കുളിര്‍പ്പിച്ചെത്ര നാള്‍ 

ശുഭ്രമനോഹര ചേല തന്‍ ചാരുതയും
നൈര്‍മല്യത്തിന്‍ പര്യായപ്പെരുമയും
ദൈവമെന്തൊക്കെയെനിക്കു നല്‍കിയില്ലാ
എന്നിട്ടും ഞാനെന്തേ തഴയപ്പെടുന്നിപ്പോള്‍

ചാരത്തണയുവാന്‍ പൈതങ്ങളില്ലേവം
മത്സരിച്ചറുത്തു പൂക്കുട നിറയ്ക്കുവാന്‍
തുമ്പയെന്തെന്നിന്നറിയാത്ത കുട്ടികള്‍
തുമ്പം തന്നു തോവാളപ്പൂ തേടുമ്പോള്‍ 

പാതയോരത്തെ പാഴ്ച്ചെടികളിലൊന്നായ്
പുല്ലു ഗ്രസിക്കും പശുവിന്നു തീറ്റയായ്
പൂവേ പൊലി പൂവേ വിളിയന്ന്യമായ് 
പണ്ട് മാവേലിക്കരുമയാമീ മകള്‍... തുമ്പ. 

-:എല്ലാവര്‍ക്കും ഓണാശംസകള്‍:- 

- ജോയ് ഗുരുവായൂര്‍..

ജോസപ്പേട്ടന്‍ ദി ഗ്രേറ്റ്


"ഹാവൂ ഭാഗ്യം.. ജോസപ്പിനോടാ കളി.. ഹി ഹി ഹി" 

തന്റെ ഭാര്യയും മകനായ ടോണിക്കുട്ടനും തന്നെ കാണാന്‍ വന്നവരുമൊക്കെ വരാന്തയില്‍ നിന്ന് വര്‍ത്തമാനം പറയുന്നതിനിടയിലൂടെ അവരുടെ ശ്രദ്ധയാകര്‍ഷിക്കാതെ രാജ്യാതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ നുഴഞ്ഞു കയറ്റക്കാരനെ പോലെ അതിവിദഗ്ദമായി ആശുപത്രിയില്‍ നിന്നും നുഴഞ്ഞു പുറത്തു കടന്ന ജോസപ്പേട്ടന്‍ ഒന്ന് നെടുവീര്‍പ്പിട്ടു കൊണ്ട് സ്വയം ചിരിച്ചു. 

ആറുമാസമായി ഒരു സ്വാതന്ത്ര്യവും ലഭിക്കാതെ താന്‍ ഇവരാല്‍ ബന്ധനസ്ഥനായി ആശുപത്രിക്കിടക്കയില്‍ കിടക്കുന്നു. ഇന്ന് ഉത്രാടം... എന്തൊക്കെ വന്നാലും ഇന്ന് രണ്ടെണ്ണം വീശിയിട്ട്‌ തന്നെ കാര്യം എന്ന് ഇന്നലെ രാത്രി കിടക്കുമ്പോഴേ തീരുമാനിച്ചതാണ്.

"ദൈവമേ നന്ദി.. നീ എത്രയോ കാരുണ്യവാന്‍.. ഇവര്‍ക്ക് പിടി കൊടുക്കാതെ കാത്തു എന്റെ പ്രാര്‍ത്ഥന നീ കേട്ടല്ലോ"  

ആശുപത്രിപ്പടി കടന്ന വഴി അയാള്‍ തോര്‍ത്തു മുണ്ട് കഴുത്തില്‍ ചുറ്റിപ്പുതച്ച്  കൊണ്ട് അവിടെ സൂചികളും മറ്റു ചികിത്സാ ഉപകരണങ്ങളും ഒക്കെ തുളച്ചു കയറ്റിയുണ്ടായ മുറിവുകളില്‍ ഒട്ടിച്ച ബാന്‍ഡേജുകള്‍ പൊതുജനത്തിന് ദൃഷ്ടി ഗോചരമല്ലാതാക്കിത്തീര്‍ത്തു. കൈത്തണ്ടയിലേയും തുടയിലേയും കാല്‍പ്പാദത്തിലേയും ബാന്‍ഡേജുകള്‍ അങ്ങനെ പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍ പെടില്ല.

തിരക്കുള്ള നഗരമദ്ധ്യത്തിലെ ദേവലോകം ബാറിനെ ലക്ഷ്യമാക്കി തത്രപ്പെട്ടു വേച്ചുവേച്ചു നടന്നു പോകുന്ന വിളക്കാട്ടില്‍  ജോസഫിന്റെ കഷണ്ടിത്തലയില്‍ ഉച്ച നേരത്തെ വെയില്‍ അടിച്ചുണ്ടായ ക്ഷീണത്തിന് ഒന്നും അയാളുടെ ലക്ഷ്യബോധത്തെ ഒട്ടും കൂച്ചുവിലങ്ങ് ഇടാനായില്ല. വിയര്‍പ്പുചാലുകള്‍ തലയില്‍ നിന്നും ചെവിച്ചാലിലൂടെ ഒഴുകി കഴുത്തില്‍ ചുറ്റിയിരുന്ന വെള്ളത്തോര്‍ത്തിനെ  ഭാഗികമായി കുതിര്‍ത്തു കൊണ്ടിരുന്നു.

അടുത്ത സിഗ്നലില്‍ നിന്നും  മുന്നോട്ടു പോകുമ്പോള്‍ വലത്തുവശത്തെ രണ്ടാമത്തെ പോക്കറ്റ് റോഡിലുള്ള സിംപ്ലെക്സ് ബില്‍ഡിംഗിന്റെ രണ്ടാം നിലയിലാണ് പ്രശസ്തമായ ദേവലോകം ബാര്‍.  കച്ചവടച്ചരക്കുകള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ആഴ്ചതോറും പട്ടണത്തില്‍ വരുന്ന ജോസപ്പേട്ടന്റെ സായാഹ്ന നികേതം. സ്കൂട്ടറില്‍ വരുന്ന അദ്ദേഹം മിക്കപ്പോഴും ബാറുകാര്‍ വാടകയ്ക്ക് വിളിച്ചു കയറ്റി വിടുന്ന കാറില്‍ ആയിരിക്കും അര്‍ദ്ധബോധാവസ്ഥയില്‍ രാത്രി നേരത്ത് സ്വന്തം വീടണയുക.

ജോസപ്പേട്ടന്‍ വന്നു കഴിഞ്ഞാല്‍ ആ ബാര്‍ ശരിക്കും ഒരു ദേവലോകം ആയി മാറുകയായി. രണ്ടെണ്ണം അങ്ങോട്ട്‌ പറ്റിച്ചു കഴിഞ്ഞാല്‍ പിന്നെ ജോസപ്പേട്ടന്റെ പിശുക്ക് എന്ന 'സത്ഗുണം' ധാരാളിത്വം എന്ന ദുര്‍ഗുണത്തിന് വഴിമാറും. മദ്യശാലയില്‍ ഒരു രാജാവിനെ പോലെ ഇങ്ങനെ ഞെളിഞ്ഞിരുന്നു കാണുന്നവരുമായെല്ലാം ചങ്ങാത്തം കൂടലും സാമ്പത്തീക പരാധീനതകള്‍ അടക്കം അവരുടെ പലവിധത്തിലുള്ള  ബുദ്ധിമുട്ടുകള്‍ക്ക് പോംവഴി കണ്ടെത്തി പരിഹാരം ഉണ്ടാക്കലും കുടിയന്മാരുടെ വിഷമങ്ങള്‍ പങ്കു വയ്ക്കാന്‍ അവരോടോത്തു കരയലും സന്തോഷത്തില്‍ പങ്കു ചേര്‍ന്ന് കൊണ്ട് പൊട്ടിച്ചിരിക്കലും നിര്‍ദ്ധനരായ കുടിയന്മാര്‍ക്ക് മദ്യം 'സ്പോണ്‍സര്‍' ചെയ്തു ബാറുകാരുടെ കീശയ്ക്കു കനം വയ്പ്പിക്കലും അടക്കം ആകെ ഒരു ജഗപൊഗയാണ് ജോസഫേട്ടന്‍ ദേവലോകത്ത് കാലു കുത്തിയാല്‍ ഉണ്ടാവുന്നത്.     

ജോസപ്പേട്ടന്‍ കരള്‍ വീക്കമായി മിഷന്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയിരുന്ന കഴിഞ്ഞ ആറുമാസം അക്ഷരാര്‍ത്ഥത്തില്‍ ദേവലോകം ഒരു  അസുരലോകം ആയ പ്രതീതിയില്‍ ആയിരുന്നു. ആഘോഷത്തിമിര്‍പ്പുകളില്ല നാടന്‍ പാട്ടുകളില്ല, കരച്ചിലുകള്‍ ഇല്ല ആകെ ശാന്തം. പോക്കറ്റ് ഒട്ടിയ മദ്യപാനി സുഹൃത്തുക്കള്‍ ഉള്ള കാശ് കൌണ്ടറില്‍ വച്ച് "ഈ രണ്ടു പെഗ്ഗ് കൊണ്ട് എന്നെ ഒന്ന് ഫിറ്റ്‌ ആക്കിത്തരണേ ഫഗവാനേ" എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് 'ഡ്രൈ' ആയി [വെള്ളമൊഴിക്കാതെ] രണ്ടെണ്ണം 'നിപ്പന്‍' [നിന്ന നില്‍പ്പില്‍] ആയി വീശി അകത്തേക്ക് ഒന്ന് പാളി നോക്കുക പോലും ചെയ്യാതെ കോണിപ്പടി ഇറങ്ങിപ്പോകുന്നത് കണ്ടു സങ്കടം സഹിക്കാതെ ബാര്‍ ഉടമയും കാഷ്യറും ആയ പീതേട്ടന്‍ എന്ന പീതാംബരന്‍ വെള്ളി രോമങ്ങള്‍ എഴുന്നു നില്‍ക്കുന്ന തന്‍റെ നെഞ്ചുഴിയും.

പീതേട്ടന്‍ ഇപ്പോള്‍ ശനിയാഴ്ച തോറും കടപ്പുറത്ത് പോയി ഫ്രഷ്‌ ആയ മീന്‍ ലേലത്തില്‍ പിടിച്ചു കിച്ചണിലേക്ക് വാങ്ങിക്കൊണ്ട് വരാനൊന്നും മിനക്കെടാറില്ല. മീന്‍കാരന്‍ വേലായുധന്‍ കാവില്‍ ഏറ്റിക്കൊണ്ട് വരുന്ന ചീഞ്ഞ മീനില്‍ എരിവുള്ള മസാല കട്ടിക്ക് പുരട്ടി കരുവാളിച്ച എണ്ണയില്‍ പൊരിച്ചു കൊടുത്താല്‍ നെറ്റി ചുളിക്കാതെ കഴിച്ചു എണീറ്റ് പോകുന്ന നിലവാരത്തിലുള്ള കസ്റ്റമര്‍മാരേ ഈയിടെ ദേവലോകം സന്ദര്‍ശിക്കാറുള്ളൂ. പക്ഷെ മീനും ഇറച്ചിയും ഒക്കെ ഫ്രഷ്‌ ആയിത്തന്നെ കിട്ടണം എന്ന് ജോസപ്പേട്ടനു നിര്‍ബന്ധം ആയിരുന്നു..

"ഡാ പീത്വോ.. ഇയ്യ്‌ നാലുറുപ്പ്യ കൂടല് ഇന്റെന്നു വാങ്ങ്യാലും ഇനിക്കതു പ്രശ്നല്ല്യാ.. പക്ഷെ ചീഞ്ഞ മീനെങ്ങാനും തന്നാലുണ്ടല്ലോ അടിച്ചു നന്റെ മോന്തയുടെ ഷേപ്പങ്ങട് ഞാന്‍ മാറ്റും.. പിന്നെ ജോസപ്പേട്ടന്‍ ന്നെ തല്ലി.. ജോസപ്പേട്ടന്‍ ന്നെ തല്ലിന്നു പറഞ്ഞട്ട് നെലോളിച്ചിട്ടോന്നും ഒരു കാര്യോണ്ടാവില്ല്യ..  കേട്ടോടാ മൂര്യെ.. ഹും.. "   

ജോസപ്പേട്ടന്റെ ഈ സ്ഥിരം പല്ലവി കേട്ട് കേട്ട് പീതാംബരന് അതൊരു ശീലവുമായി. ബാറിന്റെ വരുമാനത്തിന്റെ ഒരു പ്രധാന സ്രോതസ്സും അവശരുടെ കഷ്ടപ്പാടുകള്‍ കണ്ടു വേദനിക്കുന്ന വിശാല ഹൃദയമുള്ള കോടീശ്വരനും ആയ ജോസപ്പേട്ടന്‍ എന്തൊക്കെ ആരെയൊക്കെ വിളിച്ചാലും അത് ബഹുമാനത്തോടെയല്ലാതെ അന്നാരും ശ്രവിച്ചിരുന്നില്ല.      

ഒരു കാര്യത്തില്‍ മാത്രമേ ജോസപ്പേട്ടന്‍ ആശ്രിതന്മാരായ സഹകുടിയന്മാരോട് നിഷ്കര്‍ഷ വച്ചിരുന്നുള്ളൂ.. പുകവലി. അതിന്റെ മണം കേട്ടാല്‍ അയാള്‍ ദേഷ്യം കൊണ്ട് വിറയ്ക്കും.

"എതു പിശാശാണ്ടാ മനുഷ്യനെ കൊല്ലാനായിട്ടു ഇവടെ വെഷപ്പോക അടിച്ചു കേറ്റണേ.. "

പിന്നെ ഇടയ്ക്കിടെയുള്ള തുമ്മലിനോടൊപ്പം തനി തൃശ്ശൂര്‍ ഭാഷയില്‍ ഉള്ള ഭരണിപ്പാട്ടും [തെറികള്‍]. പുകവലിയുടെ ദുര്‍ഗന്ധം അയാള്‍ക്ക്‌ അലര്‍ജി ഉണ്ടാക്കിയിരുന്നു. അതിനാല്‍ ജോസപ്പേട്ടന്‍ അവിടെ കാലു കുത്തിയ വഴി എല്ലാ പുകയന്മാരോടും പുറത്തുള്ള വരാന്തയില്‍ പോയി ആത്മാവിനു പുക  കൊടുത്ത് തിരിച്ചു വരാന്‍ എളിമയോടെ   പീതേട്ടനും സപ്ലയര്‍ പയ്യന്മാരും താണുകേണു അപേക്ഷിക്കും.

അടിച്ചു ഫിറ്റ്‌ ആയി ബാറില്‍ ഇരിക്കുന്ന ജോസപ്പേട്ടന്റെ നേരെ വിപരീത സ്വഭാവമാണ് അദ്ദേഹത്തിന്‍റെ നാട്ടിലും വീട്ടിലും അതിനടുത്തുള്ള സ്വന്തം സൂപ്പര്‍ മാര്‍ക്കറ്റിലും ഇരിക്കുന്ന ജോസപ്പേട്ടന്റെത്. അതിനു പ്രധാന കാരണം ശകലം ബി പി യുടെ അസ്കത [ഭാര്യയെ പേടി] തന്നെയായിരുന്നു. ഭര്‍ത്താവിന്റെ എല്ലാ കാര്യത്തിലും ശ്രദ്ധ പതിപ്പിച്ചു കൊണ്ട് എപ്പോഴും അടുത്തുള്ള റീത്തച്ചേടത്തി. കച്ചവടത്തിലും ഭക്ഷണ കാര്യത്തിലും ഒക്കെ അവര്‍ കല്‍പ്പിച്ച നിഷ്കര്ഷയെ ഭേദിക്കാന്‍ ഉള്ള ചങ്കൂറ്റം ജോസപ്പെട്ടനില്ല എന്നതാണ് വാസ്തവം. ആഴ്ചയിലൊരിക്കല്‍ പട്ടണത്തിലേക്ക് ചരക്കെടുക്കാന്‍ പോകുന്ന ദിവസം മാത്രം ആ ലക്ഷ്മണരേഖയില്‍ നിന്നും ഒരു പരോള്‍. ആദ്യമാദ്യം റീത്തച്ചേടത്തിയില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നെങ്കിലും അടിച്ചു ഫിറ്റ്‌ ആയി വരുന്നത് സ്ഥിരം പരിപാടി ആയപ്പോള്‍ ആഴ്ചയില്‍ ഒരിക്കലല്ലേ, എന്തെങ്കിലും ആയിക്കോട്ടെ എന്ന രീതിയില്‍ അവരും പുള്ളിക്കാരന്റെ ഈ വാരാന്ത്യ വിളയാട്ടത്തിനു മൌനാനുവാദം കൊടുത്തു.

സഹായം ചോദിച്ചു വരുന്നവരെ റീത്തച്ചേടത്തിയുടെ മുന്നില്‍ വച്ച് ശകാരിച്ചു വിടുമെങ്കിലും പിന്നീട് ചേച്ചി അറിയാതെ വന്നവരുടെ വീട് തേടിപ്പോയി കാര്യം തിരക്കി കഴിയാവുന്ന സഹായം ചെയ്തു കൊടുത്ത് അതില്‍ മാനസീക ആനന്ദം കണ്ടെത്താന്‍ ശ്രമിക്കുന്ന  ജോസപ്പേട്ടനെ നാട്ടുകാര്‍ക്ക് ബഹുമാനം ആയിരുന്നില്ലെങ്കില്‍ അല്ലെ അത്ഭുതമുള്ളൂ.

ചേച്ചി കാണാതെ നല്ല വാറ്റുചാരായം കടയിലേക്ക് പാര്‍സല്‍ ആയി കൊണ്ട് വന്നു കൊടുക്കാന്‍ ശിങ്കിടികളും അദ്ദേഹത്തിനു ഉണ്ടായിരുന്നു. ഉച്ച ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു പോകുന്നതിനും മുമ്പ് കടയുടെ പുറകിലെ സ്റ്റോക്ക് മുറിയില്‍ ഇരുന്നു നാലഞ്ചെണ്ണം പടപടാന്നു വീശി ഒരൊറ്റ നടത്തം വീട്ടിലേക്ക്. ചെല്ലുമ്പോഴേക്കും മേശമേല്‍ ഉച്ച ഭക്ഷണം റെഡി ആയിരിക്കും. ആരോടും ഒന്നും മിണ്ടാതെ കയ്യും കാലും മുഖവും ഒക്കെ കഴുകി നല്ലൊരു ഊണ്. പിന്നെ ഷര്‍ട്ട് ഊരി അഴയില്‍ തൂക്കി ഉമ്മറത്തെ തിണ്ണയില്‍ ഇളം കാറ്റേറ്റ് രണ്ടു മണിക്കൂര്‍ മയക്കം. ഇതാണ് ജോസപ്പേട്ടന്റെ പതിവ് മുറകള്‍.  ഉച്ചയ്ക്ക് അകത്തെ മുറിയിലെ കിടക്കയിലുള്ള കിടപ്പ് ഒഴിവാക്കുന്നത് കൊണ്ട് ഉച്ചയ്ക്കുള്ള ഈ 'വാറ്റു'കലാപരിപാടി പറ്റി റീത്തച്ചേടത്തി ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല.

"ഡാ.. പീത്വോ.." ബാറില്‍ എത്തിയ വഴി അയാള്‍ വിളിച്ചു. 

"അല്ലാ.. ആരിത്.. മ്മടെ  ജോസപ്പേട്ടനല്ലേ...!!!"

കോണിപ്പടികള്‍ കയറി അവശനായി വിയര്‍ത്തു കുളിച്ചു വരുന്ന ജോസപ്പേട്ടനെ കണ്ട വഴി പീതാംബരന്‍ കേഷ് കൌണ്ടറില്‍ നിന്നും ചാടിയിറങ്ങി ഓടിവന്നു ആശ്ലേഷിച്ചു അകത്തേക്ക് കൊണ്ട് പോയി.

"എന്താണ്ടാ ഘടികളെ വിശേഷങ്ങള്‍.. ഞാന്‍ ദേ..അപ്രത്തുള്ള മിഷനാശൂത്രീല് ആറുമാസം കാലും മേപ്പട്ടായി ബോറടിച്ചു കെടന്നട്ട് ഒരു ശവ്യോളെയും അങ്ങട് കണ്ടില്ലല്ലോ?..." ജോസപ്പേട്ടന്‍ പരിഭവിച്ചു. 

"പോട്ടെ ന്റെ ജോസപ്പേട്ടാ.. എല്ലാര്‍ക്കും അവരാര്‍ടെ കാര്യല്ലേ വല്‍ത്..  മ്പടെ കൂട്ടാരോക്കെ ഇപ്പോള്‍ അന്ന് ജോസപ്പെട്ടനുമായി കലിപ്പ് ഉണ്ടാക്കിയ ആ ബ്ലേഡ് വര്‍ക്കിയുടെ കൂട്ടത്തിലാ.. ഇങ്ങടുള്ള വരവ് അവര്‍ നിര്‍ത്തി.. ഇപ്പൊ ആ ചാണ്ടീടെ ടോപാസ് ബാറിലാ അവരുടെ കേന്ദ്രം. ആ കുരിശ് എഴുന്നെള്ളിയാ പിന്നെ അവരൊന്നും നെലത്തല്ല. അങ്ങേര്‍ക്കു വേണ്ടി മാമാപണിയും ഗുണ്ടാപണിയും ചെയ്തു കൊടുക്കലും അയാള് കൊടുക്കണ നക്കാപ്പിച്ച വാങ്ങി സോപ്പിടലും ഒക്കെയാണ് അവരുടെ പണി. ആ ചെറ്റേടെ മോന്ത കണ്ടാ തന്നെ ഇനിക്ക് കലിപ്പ് കേറും.  എത്രയോ സഹായങ്ങള്‍ ചെയ്ത ജോസപ്പേട്ടനെയൊക്കെ അവര്‍ എപ്പൊഴെ മറന്നു. ഇങ്ങടെ കുറ്റം പറഞ്ഞാണ് അയാളുടെ കാലു നക്കാന്‍ അവര് പോണത്. അമേധ്യം ഉള്ളിടത്തെ ഈച്ച ആര്‍ത്തു പറക്കൂ.. നന്ദീല്ലാത്ത വര്‍ഗ്ഗങ്ങള്‍.. ത്ഫൂ.."   

പീതാംബരന്‍ പറഞ്ഞത് കേട്ട് ഒന്ന് മന്ദഹസിച്ചു കൊണ്ട് ജോസപ്പേട്ടന്‍ പറഞ്ഞു

"അതൊന്നും സാരല്ല്യ പീതൂ.. ഇനിക്കൊരു സഗായം അവരീന്നു ഉണ്ടാവുംന്ന് കരുതീട്ടോന്നും അല്ല ഉമ്ബ്ലു അവറ്റങ്ങളെ സഗായിച്ചത്.   അവര്‍ക്കിഷ്ടള്ള പോലെ അവര്‍ നടന്നോട്ടെ. ഇനിക്കിപ്പോ വ്ടെ നിക്കാന്‍ നേരല്ല്യാ.. ഇയ്യ്‌ വേഗം രണ്ടു ലാര്‍ജ് ഇങ്ങട് എടുത്തെ.. പെട്ടന്ന്‍ പോണം."   

എന്താ കയ്യില്‍ ബാന്‍ഡേജ് എന്ന് ചോദിച്ചതിനു പ്രതികരിക്കാതെ, രണ്ടു ലാര്‍ജ് വിസ്കി വെള്ളം ചേര്‍ക്കാതെ ഒറ്റവലിക്ക് കുടിച്ചു തിരക്കിട്ട് പടിയിറങ്ങിപ്പോകുന്ന ജോസപ്പേട്ടനെ അതിശയവും വിഷാദവും കലര്‍ന്ന ഭാവത്തോടെ പീതാംബരന്‍ നോക്കി നിന്നു.

തിരിച്ചു അതിവേഗത്തില്‍ നടന്നു ആശുപത്രിയുടെ തിരക്ക് കുറഞ്ഞ ഗേറ്റിലൂടെ അകത്തു കടന്നു ആരും ശ്രദ്ധിക്കാത്ത രീതിയില്‍ ഒരു ഗൂഡമന്ദസ്മിതത്തോടെ  ഒന്നാം നിലയിലേക്കുള്ള പടികള്‍ കയറി തന്‍റെ കിടയ്ക്ക ലക്ഷ്യമാക്കി അയാള്‍ നീങ്ങി.

ങേ.. എവിടെ പോയി എന്റെ കിടക്കവിരി? എവിടെ തലയിണകള്‍? എവിടെ അവളും ടോണിക്കുട്ടനും?!.. അയാള്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്കു നോക്കി. ഒരു ആംബുലന്‍സ് നില്‍ക്കുന്നു. അതില്‍ ആരുടെയോ ശവം കയറ്റുന്നു.

"അയ്യോ ആ കരയുന്ന സ്ത്രീ റീത്തയല്ലേ... ആരോ വടിയായി പ്പോയതിനു അവളെന്തിനു കരയണം.. ങേ ടോണിക്കുട്ടനാണല്ലോ അവളെ വീഴാതെ താങ്ങിപ്പിടിച്ചിരിക്കുന്നത്?!.. കര്‍ത്താവേ.. ഇനി വയ്യാണ്ട് കെടക്കണ മ്ബ്ടെ വല്ല്യളിയനെങ്ങാനും തട്ടിപ്പോയോ? ഒന്ന് പോയി നോക്കാം"

കഴിച്ച മദ്യത്തിന്റെ മണം ആരും ശ്രദ്ധിക്കാതിരിക്കാന്‍ കഴുത്തില്‍ ചുറ്റിയിരുന്ന തോര്‍ത്തു മുണ്ട് വായ്‌ വഴി ചുറ്റി അയാള്‍ പടികള്‍ ഇറങ്ങി ആംബുലന്‍സിന്റെ ചാരത്തേക്ക്‌ നടന്നു. കരയുന്ന ഭാര്യയുടെയും മകന്റെയും ഇടയിലൂടെ വണ്ടിയുടെ അകത്തേക്ക് എത്തി നോക്കുമ്പോള്‍ അടുത്തു നിന്നിരുന്ന അയല്‍വാസി കൂടിയായ അന്തോണി ചേട്ടന്‍ ആരോടോ പറയുന്നത് ജോസപ്പേട്ടന്‍ ഞെട്ടലോടെ ശ്രവിച്ചു.

"മ്ബ്ടെ ജോസപ്പേട്ടനാ.. എന്തൊരു നല്ല സ്വഭാവള്ള ആളായിരുന്നു. കുടിച്ചു കുടിച്ചു കരള്‍ ദ്രവിച്ചു ഇന്ന് രാവിലെ കാഞ്ഞു പോയി. പാവം ഭാര്യയും മോനും. അവര്‍ക്കിനി വേറെ ആരാ ഉള്ളെ?.. കഷ്ടം.."

- ജോയ് ഗുരുവായൂര്‍