Friday, November 8, 2013

വ്യതിരിക്ത വികാരങ്ങള്‍


സ്കൂള്‍ കുട്ടികളോടൊത്ത് ചുറ്റിക്കറങ്ങി ലാല്‍ബാഗിലെ പുഷ്പ പ്രദര്‍ശനം അവര്‍ക്ക് കാണിച്ചു കൊടുക്കുന്നതിടെ ആണ് പ്രശാന്ത് മരച്ചുവട്ടില്‍ ഇരുന്ന ആ യുവമിഥുനത്തെ ശ്രദ്ധിച്ചത്.

'ങേ...ഇതവളല്ലേ അഹല്യ?..'

അവര്‍ ശ്രദ്ധിക്കാത്ത ഒരു വശത്തേക്ക് മാറി നിന്ന് പ്രശാന്ത് അവരെ ശരിക്കും നിരീക്ഷിച്ചു.

'അതെ ഇതവള്‍ തന്നെ...'

അവള്‍ ആ ഊശാന്‍ താടിക്കാരന്റെ മടിയില്‍ തല വച്ച് പ്രേമലോലുപയായി കിന്നരിക്കുന്നു. അയാളുടെ നെഞ്ചില്‍ മിന്നല്‍ പിണരുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. കണ്ടത് വിശ്വസിക്കാനാവാതെ മൊബൈല്‍ എടുത്തു അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു.

"ഹലോ പ്രശാന്ത്.. എന്താ ഇന്ന് സ്കൂള്‍ ഇല്ല്യേ? ഈ നേരത്തൊരു വിളി?!..." ബാഗില്‍ നിന്നും മൊബൈല്‍ തപ്പിയെടുത്തു അവള്‍ ചോദിക്കുന്നത് കേട്ട് ഒരു നിമിഷം പ്രശാന്തിന്റെ ചുണ്ടുകളെ വിറയലാര്‍ന്ന മൌനം ബാധിച്ചു.

"ഇല്ലാ.. ഇന്ന് സ്കൂള്‍ അവധിയാണ്. നീ ഇപ്പോള്‍ എവിടെയാ?.. നിനക്കിന്നു ഓഫീസ് ഇല്ല്യേ.." ഒരു വിധത്തില്‍ അയാള്‍ മറുപടി പറഞ്ഞു നെറ്റിയിലെ വിയര്‍പ്പു ചാലുകള്‍ തൂവാലയെടുത്ത് ഒപ്പി.

എന്തോ സംശയം തോന്നിയ പോലെ അവള്‍ തലയുയര്‍ത്തി ചുറ്റുമൊന്നു പാളി നോക്കാന്‍ ശ്രമിക്കുന്നത് കണ്ടു പ്രശാന്ത് ഞൊടിയിടയില്‍ ഒരു വലിയ പൂമരത്തിനു പുറകിലേക്ക് മാറി.

"ഇല്ല പ്രശാന്ത്.. ഇന്ന് അവധിഎടുത്തു. എന്റെ ഒരു പഴയ ക്ലാസ് മേറ്റ്‌ അമേരിക്കയില്‍ നിന്നും വന്നിട്ട് അതിരാവിലെ എന്നെ വിളിച്ചു. അവന്റെ കൂടെ പുറത്തിറങ്ങിയതാ.. ഓക്കേ.. നീയിപ്പോ എവിടെയാ? വീട്ടില്‍ തന്നെയാണോ? എം. ടിയും മലയാറ്റൂരും തകഴിയും ഒക്കെയുമായി കിടക്കയില്‍ മലര്‍ന്നു കിടക്കുകയാവും അല്ലെ.. ഹിഹിഹി.."

അതിനു മറുപടി പറയാന്‍ നാവു പൊന്തിയില്ല. ഫോണ്‍ കട്ട്‌ ചെയ്തു. അവള്‍ തിരിച്ചു വിളിച്ചപ്പോള്‍ എടുത്തില്ല. ആകെ കൂടി ഒരസ്വസ്ഥത.

"നമ്മെയ്യൂ ഉഷാറില്ലാ.. നനഗെ ഹോഗു ബെയ്ക്കൂ.. ക്ഷംസിരി.."
സഹ അദ്ധ്യാപകനായ നാഗേഷിനോട്, തീരെ ശരീര സുഖമില്ല ക്ഷമിക്കണം.. തിരികെ പോകുന്നു എന്ന് കന്നഡയില്‍ പറഞ്ഞു പ്രശാന്ത് ലാല്‍ബാഗ് ഉദ്യാനത്തിന്റെ പ്രധാന കവാടത്തിലേക്ക് നടന്നു.

എങ്കിലും അവള്‍ ഇത്തരക്കാരിയാണെന്നു വിശ്വസിക്കാനേ സാധിക്കുന്നില്ല. ഫേസ്ബുക്കില്‍ കണ്ടു പരിചയപ്പെട്ടതാണെങ്കിലും കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് താന്‍ അവളോട്‌ എത്രയോ അടുത്തു. ആദ്യമായാണ്‌ ഒരു പെണ്‍കുട്ടിയുമായി താന്‍ ഇത്രയും അടുത്തിടപഴകുന്നത്. ബാംഗ്ലൂര്‍ നഗരത്തില്‍ കണ്ടു മുട്ടിയ ആ മറുനാടന്‍ മലയാളി പെണ്‍കൊടിയോട് തനിക്കു പ്രണയം തോന്നുകയായിരുന്നു. ഔപചാരികതകള്‍ ഒന്നും പ്രകടിപ്പിക്കാത്ത അവളുടെ തുറന്ന ഇടപഴകല്‍ ആയിരിക്കാം ഒരു പക്ഷെ അവളില്‍ തന്‍റെ ഭാവി വധുവിന്റെ രൂപം താന്‍ മെനഞ്ഞെടുക്കാന്‍ കാരണമായിരിക്കുക.

ബാംഗ്ലൂരിലെ ഒരു പ്രശസ്ത ഐ. ടി കമ്പനിയില്‍ ജോലി ചെയ്യുന്ന അഹല്യ വേഷവിധാനങ്ങളില്‍ പരിഷ്ക്കാരിയാണെങ്കിലും സ്വഭാവത്തില്‍ ഒരു മലയാളി മങ്ക തന്നെയായി തനിക്കു തോന്നിച്ചിരുന്നു. ചോദിക്കുന്നതെന്തും തുറന്നു പറയുന്ന പ്രകൃതം. അങ്ങനെയൊരു ദിവസം മടിച്ചു മടിച്ചു താന്‍ നടത്തിയ പ്രണയാഭ്യര്‍ത്ഥന മറിച്ചൊന്നും ചിന്തിക്കാതെ അവള്‍ സ്വീകരിച്ചപ്പോള്‍ മനസ്സ് തുള്ളിച്ചാടി. ആഴ്ചയില്‍ ചുരുങ്ങിയത് രണ്ടോ മൂന്നോ പ്രാവശ്യമെങ്കിലും കണ്ടു മുട്ടി പാര്‍ക്കുകളിലും ഷോപ്പിംഗ്‌ മാളുകളിലും ഒക്കെ കറങ്ങി നടന്നു മനസ്സ് പങ്കു വയ്ക്കും. ശരിക്കും മനസ്സിന് ഒരു ആശ്വാസവും കുളിര്‍മ്മയും ഒക്കെ തന്നെയായിരുന്നു അവളുമായുള്ള ആ വേളകള്‍.

അവളുമായുള്ള അടുപ്പം തുടങ്ങിയതോടെ വര്‍ഷാവര്‍ഷങ്ങളായി അടുപ്പമുള്ള മറ്റു കൂട്ടുകാരുമായുള്ള ബന്ധങ്ങള്‍ കാര്യമായി ശിഥിലീകരിച്ചു. നന്നായി വായിക്കാറുണ്ടായിരുന്ന താന്‍ ഇപ്പോള്‍ പുസ്തകങ്ങള്‍ കൈ കൊണ്ട് തൊടാറേയില്ല. ബാംഗ്ലൂര്‍ മലയാളി സമാജം ഇറക്കുന്ന മാസികയില്‍ സ്ഥിരമായി തന്‍റെ വക ഒരു ചെറുകഥ ഉണ്ടാവാറുള്ളതാണ്. അതിനു വന്ന മുടക്കത്തിനു ഇപ്പോള്‍ അഹല്യയുമായി ആദ്യമായി പരിചയപ്പെട്ട ദിനത്തിന്റെ പഴക്കം ഉണ്ട്. സത്യം പറഞ്ഞാല്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്ന നേരം ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നെ ചിന്ത അഹല്യയെക്കുറിച്ചും തങ്ങളുടെ ഭാവിജീവിതത്തെക്കുറിച്ചും മാത്രമായിരുന്നു.

പ്രണയത്തെക്കുറിച്ചുള്ള അവളുടെ സിദ്ധാന്തങ്ങള്‍ തന്നെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. അവളുടെ അഭിപ്രായത്തില്‍ പ്രണയം എന്നത് രണ്ടു വ്യക്തികളില്‍ മാത്രം പരിമിതപ്പെട്ടു കിടക്കുന്ന ഒരു സംഗതിയല്ല. പ്രണയം എപ്പോള്‍ വേണമെങ്കിലും ആരോടും തോന്നാം. പ്രായവും സാഹചര്യങ്ങളും സമ്പത്തും തൊലിയുടെ നിറവും ജാതിയും ഒന്നും അതിനു നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്നില്ല. ഒരേ സമയം ഒന്നില്‍ കൂടുതല്‍ പേരെ പ്രണയിച്ചാല്‍ തന്നെ അതൊരു തെറ്റാകുന്നില്ല. പക്ഷെ ആ പ്രണയം വിശുദ്ധമാകണം എന്ന് മാത്രം. കൂടാതെ പ്രണയത്തില്‍ ഒരിക്കലും സ്വാര്‍ത്ഥത പാടില്ല. നമ്മുടെ ആകാരവും സ്വഭാവവും കഴിവുകളും കണ്ടു ആകൃഷ്ടരായി ചില വ്യക്തികള്‍ക്ക് നമ്മളോട് ആത്മാര്‍ഥമായി പ്രണയം തോന്നിയാല്‍ അത് നമ്മള്‍ തള്ളിക്കളയുന്നത് എങ്ങനെ? പ്രണയം വിശുദ്ധമായ ഒരു വികാരമാണ്. അത് സമാനമനസ്കരുടെ ഹൃദയങ്ങള്‍ തമ്മിലുള്ള അദൃശ്യമായ ആശയ സംവേദനമാണ്. പ്രണയിക്കുന്ന മനസ്സുകള്‍ ഒരിക്കലും പരസ്പ്പരം വഞ്ചിക്കില്ല. ഊണിലും ഉറക്കത്തിലും അവര്‍ സംവേദിച്ചു കൊണ്ടേയിരിക്കും.

അഹല്യയുടെ പ്രണയ തത്വങ്ങളോട് യോജിക്കാന്‍ തനിക്കു ആവുമായിരുന്നില്ലെങ്കിലും അവളുടെ മുമ്പില്‍ വച്ച് ആ അഭിപ്രായങ്ങളെ ഒന്നും എതിര്‍ത്തില്ല. തന്‍റെ പ്രണയ സങ്കല്‍പ്പങ്ങള്‍ അവളുടെതുമായി യോജിക്കുന്നില്ല എന്ന തിരിച്ചറിവില്‍ തനിക്കു അവള്‍ നഷ്ടമാകുമോ എന്നൊരു ഉള്‍ഭയം തനിക്കുണ്ടായിരുന്നു. എന്തൊക്കെ പറഞ്ഞാലും താന്‍ മാത്രം ഉള്ള ഒരു പ്രണയ ലോകം ആയിരിക്കും അവളുടെ മനസ്സില്‍ ഉണ്ടായിരിക്കുക എന്നും മനസ്സില്‍ ഉറപ്പിച്ചു.

ജനിച്ചതും വളര്‍ന്നതും പഠിച്ചതും ഒക്കെ ഈ മഹാനഗരത്തില്‍ ആയതിനാല്‍ കുറച്ചു പുരോഗമാനാത്മകമായി ചിന്തിക്കുന്നതാവാം അവളെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത് എന്നും സ്വയം ആശ്വസിച്ചു. തന്നോടുള്ള അവളുടെ അടുപ്പം കാണുമ്പോള്‍ മറ്റൊരു പ്രണയത്തെ അവളുടെ ഹൃദയത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ല എന്ന് മനസ്സാക്ഷി പറഞ്ഞു.
താനിപ്പോള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. അയാളുടെ മടിയില്‍ കിടക്കുന്നത് പോലെ ഈ കാലത്തിനിടയില്‍ ഒരിക്കല്‍ പോലും അവള്‍ തന്‍റെ മടിയില്‍ കിടന്നിട്ടു പോലുമില്ല. താന്‍ അതിനവളെ നിര്‍ബന്ധിപ്പിക്കാതിരുന്നതാവും ചിലപ്പോള്‍. പ്രണയത്തിനു അവള്‍ കല്‍പ്പിക്കുന്ന മാനങ്ങളെക്കാള്‍ വിശുദ്ധമായിരുന്ന മാനങ്ങള്‍ ആയിരുന്നു തന്റെ മനസ്സില്‍.

മൂന്നാമതൊരാളുമായി ഒരംശം പോലും പങ്കു വയ്ക്കാനാവാത്ത ഒരു അതുല്യ വികാരം. അതാണ്‌ താന്‍ വിശ്വസിക്കുന്ന പ്രണയസംഹിത. തനിക്കു അഹല്യയുടെ ഈ പ്രവൃത്തി ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ല. അവളുമായുള്ള ജീവിതം തനിക്കു കല്ലുകടികള്‍ മാത്രമേ സമ്മാനിക്കൂ..

ഗതാഗതക്കുരുക്കില്‍ പെട്ട് നിരങ്ങി നിരങ്ങി നീങ്ങിയിരുന്ന ബസ്സ് അവസാന സ്റ്റോപ്പായ യശ്വന്തപുരം ഡിപ്പോയില്‍ എത്തിയത് അറിഞ്ഞതേയില്ല. പെട്ടെന്ന് ഇറങ്ങി റൂമിലേക്ക്‌ നടന്നു. കൈകാല്‍ മുഖം കഴുകി കിടയ്ക്കയില്‍ മലര്‍ന്നു കിടക്കുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു. നാട്ടില്‍ നിന്നും അമ്മ.

"മോനേ ഇന്നലെ അച്ഛന്‍ നിന്റെ അമ്മാവനുമായി സംസാരിച്ചു. അടുത്ത ഓണത്തിനു മുമ്പ് നിന്റെയും ഗൗരിയുടെയും കല്യാണം നടത്തണം എന്നാണു തീരുമാനമുണ്ടായത്. അപ്പോഴേക്കും അവളുടെ പഠിപ്പും കഴിയും. നീയിനി വീണ്ടും ഒഴിവുകഴിവൊന്നും പറയണ്ട. ഹും.."
.
കണ്ണുകള്‍ അടച്ചു ശാന്തമായി ശയിക്കുമ്പോള്‍, സെറ്റ് ദാവണിയുടുത്തു പൂക്കുടയില്‍ പൂവുമായി കൂട്ടുകാരികളുമായി പാടവരമ്പത്ത് കൂടി അമ്പലത്തില്‍ ദീപാരാധന തൊഴാന്‍ നടന്നു പോകുന്ന ഗൗരിയുടെ കിളിക്കൊഞ്ചലുകള്‍ സാന്ത്വനം പകരുന്ന ഒരു കുളിര്‍ക്കാറ്റു പോലെ അവന്റെ മനസ്സില്‍ അലയടിച്ചു.
-ജോയ് ഗുരുവായൂര്‍

No comments:

Post a Comment