Friday, November 8, 2013

\\ പിതൃഗണാം സ്തര്‍പ്പയാമി..\\


ആര്‍ത്തലച്ചു പെയ്യുന്ന കര്‍ക്കിടക മഴ യുടെ ശീതല്‍ അടിച്ച് സന്ധ്യാനേരത്തെ പടിപ്പുരക്കാഴ്ച്ച അവ്യക്തമായപ്പോള്‍ ഉടുത്തിരുന്ന സെറ്റുമുണ്ടിന്റെ കോന്തല കൊണ്ട് കണ്ണട ഒന്നു തുടച്ചു തുറന്നു കിടക്കുന്ന പടിപ്പുരവാതിലിനപ്പുറത്തു അനന്തമായി പരന്നുകിടക്കുന്ന വെള്ളം മൂടിയ വയലേലകളില്‍ സായന്തനം ഇരുട്ട് നിറയ്ക്കുന്നതും നോക്കി വിദ്യ ഇരുന്നു.

"ന്‍റെ കൃഷ്ണാ.. ഞാനെന്തൊരു ഇരിപ്പാ ഈ ഇരിക്കണേ.. തിരുനാവായില്‍ നിന്നും ബലിതര്‍പ്പണം കഴിഞ്ഞ് എത്തിയ വഴി കുളിച്ചു അത്താഴത്തിനുള്ളത് തയ്യാറാക്കിയതിനു ശേഷം ഈ ചാരുകസേരയില്‍ ഇരുന്നതാ. ഭൂതകാലത്തേക്ക്‌ മനസ്സ് അറിയാതെ അനന്തമായി ഊളയിട്ടു. സമയം പോകുന്നത് അറിഞ്ഞതേയില്ല.

ഇതു വരെ വിളക്ക് കൊളുത്തീല്ലല്ലോ ഭഗവാനേ.."

പാടശേഖരം പൂര്‍ണ്ണമായും ഇരുള്‍ മൂടിപ്പുതച്ചു നിദ്രയിലമരാന്‍ വെമ്പുമ്പോള്‍ അടുത്ത മഴയുടെ വരവ് വിളിച്ചോതിക്കൊണ്ട് പോക്കാച്ചിത്തവളകള്‍ വരമ്പുകളില്‍ നിരന്നിരുന്നു നിര്‍ത്താതെ കരഞ്ഞു വയലുകള്‍ക്ക് നിദ്രാഭംഗം വരുത്താന്‍ ശ്രമിച്ചു.

നടയ്ക്കു നേരെ ഉമ്മറത്തെ തറയില്‍ വച്ച വിളക്കില്‍ എണ്ണയൊഴിച്ച് തിരിയിട്ടു കൊളുത്തിയ ശേഷം കയ്യില്‍ പറ്റിയിരുന്ന എണ്ണ തലയില്‍ തേച്ചുകൊണ്ട് നിവരുമ്പോള്‍ പടിപ്പുരയില്‍ ഒരു മനുഷ്യരൂപം നില്‍ക്കുന്നു.

ഈശ്വരാ ആരാ അത്?..

ചേച്ചിയും അമ്മയും കുട്ടികളും ഒക്കെ ഒലവക്കോടുള്ള അമ്മാവന്റെ വീട്ടില്‍ നിന്നും മടങ്ങിവരാന്‍ ഇനിയും ഒത്തിരി വൈകുമല്ലോ..
ആ ഓടിട്ട പഴയ വലിയ വീട്ടില്‍ ഇപ്പോള്‍ താന്‍ ഒറ്റയ്ക്കാണ് എന്നാലോചിച്ചപ്പോള്‍ പെരുവിരലിലൂടെ ഒരു ഭയം മുകളിലേക്ക് അരിച്ചു കയറുന്നതായി വിദ്യക്ക് അനുഭവപ്പെട്ടു. പക്ഷെ അത് പോലെത്തന്നെ ഇരുളിന്റെ മൂടുപടം അണിഞ്ഞു പടിപ്പുര വാതിലില്‍ അനങ്ങാതെ നില്‍ക്കുന്ന മനുഷ്യന്‍ ആരായിരിക്കും എന്നറിയാനുള്ള ജിജ്ഞാസയും.
ശക്തമായ ഒരു മിന്നലും അത് തീരുന്നതിനു മുമ്പുതന്നെ കാതടപ്പിക്കുന്ന ഒരു ഇടിമുഴക്കവും. ഓടിട്ട മേല്‍ക്കൂരയില്‍ ചരല്‍ പെറുക്കി എറിയുന്നത് പോലെ മഴത്തുള്ളികള്‍ ശക്തമായി പതിച്ചു.

"ഈശ്വരാ.. അച്ഛന്‍!.. .." ഇടിമിന്നലിന്റെ വെട്ടം മുഖത്ത് വീണപ്പോള്‍ പടിപ്പുരയില്‍ നിന്ന ആളെ വിദ്യ തിരിച്ചറിഞ്ഞു.

പിന്നെ ഒന്നും ആലോചിച്ചില്ല. കോരിച്ചൊരിയുന്ന മഴയിലൂടെ അച്ഛാ എന്ന് വിളിച്ചു കൊണ്ട് പടിപ്പുരയിലേക്ക്‌ ഓടിച്ചെന്നു അദ്ദേഹത്തെ കെട്ടിപ്പിടിച്ചു.
"അച്ഛാ.. നല്ല ആളാ കേട്ടോ.. ഇത്രയും കാലമായി ഞങ്ങളെയൊക്കെ വിട്ടു എവിടെക്കായിരുന്നു പോയത്? അച്ഛന്റെ വിദ്യക്കുട്ടി എത്ര സങ്കടപ്പെട്ടെന്നു അറിയ്വോ?.. ദേ ഇപ്പൊ കൂടി ഞാന്‍ അച്ഛനെ ആലോചിച്ചു ഇരിക്ക്യായിരുന്നുട്ടോ.. ങേ.. എന്താത്... അച്ഛാ.. എന്തായിത് ഈ മുറിവുകളൊക്കെ.. എന്ത് പറ്റിയെന്റെച്ഛന്?.. അയ്യോ.. നെഞ്ചത്തു ചോര കിനിയുന്നല്ലോ.."

രക്തം കണ്ട് തല കറങ്ങി വീഴാന്‍ തുടങ്ങിയ വിദ്യയെ അയാള്‍ താങ്ങി മാറോട് ചേര്‍ത്തു പിടിച്ചു വാത്സല്യപൂര്‍വ്വം നിറുകയില്‍ തലോടി.

******************************************************************************

"അച്ഛാ.. എന്തിനാച്ഛാ ആളുകള്‍ ചാത്തത്തിനു ബലിയിട്ടു കാക്കകളെ കയ്യടിച്ചു വിളിച്ചു ചോറുരുളകള്‍ ഊട്ടിക്കുന്നതൊക്കെ?"

പന്ത്രണ്ടു വയസ്സുകാരിയായ വിദ്യ ഉച്ചയൂണിനു ശേഷം മൂവാണ്ടന്‍ മാവിന്‍ തണലിലെ ഇളം കാറ്റില്‍ ചാരുകസേരയിലിരുന്നു മുറുക്കാന്‍ മുറുക്കിക്കൊണ്ടിരുന്ന അച്ഛന് അഭിമുഖമായി ഇട്ട ചെറിയ സ്റ്റൂളില്‍ ഇരുന്നു കൊണ്ട് ചോദിച്ചു.

ദേവന്‍ മേനോന്‍റെ അഞ്ചു മക്കളില്‍ മൂന്നാമത്തേതാണ് വിദ്യ. മറ്റുള്ളവരൊക്കെ എപ്പോഴും വീടിന്റെ അകത്തളങ്ങളിലും വ്യക്തിപരമായ വിനോദങ്ങളിലും ഒക്കെ മുഴുകി സമയം ചിലവഴിക്കുമ്പോള്‍ അച്ഛന്റെ നിഴലുപോലെ എപ്പോഴും വിദ്യ ഉണ്ടാവും. അച്ഛന്‍ പറഞ്ഞു കൊടുക്കുന്ന പുരാണകഥകളും തത്വജ്ഞാനങ്ങളും ഒക്കെ അന്വേഷണകുതുകിയായ വിദ്യ കേട്ടിരിക്കും. ദിവസവും ആകാശത്തിനു കീഴെയുള്ള ഓരോ സംഭവങ്ങളെയും പ്രപഞ്ച പ്രതിഭാസങ്ങളേയും കുറിച്ച് അച്ഛനോട് ചോദിച്ചു അവള്‍ ഉത്തരം തേടും. നല്ല രസകരമായി തന്‍റെ അറിവിന്‍റെ പരമാവധി പറഞ്ഞു കൊടുക്കാന്‍ മേനോനും താല്‍പ്പര്യമായിരുന്നു. അച്ഛനോടുള്ള നിരന്തമായ ഇടപഴകല്‍ അവളെ മറ്റുള്ളവരേക്കാള്‍ അച്ഛനു പ്രിയങ്കരിയാക്കി.

"വിദ്യക്കുട്ടീ.. മരിച്ചു പോയവരുടെ ആത്മാക്കള്‍ക്ക് പിതൃദേവതകളുടെ അനുഗ്രഹം ലഭിക്കുന്നതിനു വേണ്ടി എല്ലാ വര്‍ഷവും ആ വ്യക്തിയുടെ ശ്രാദ്ധദിനത്തില്‍ നടത്തുന്ന കര്‍മ്മമാണ്‌ ബലിതര്‍പ്പണം. പിതൃക്കള്‍ കുലം നിലനിര്‍ത്തിയവര്‍ ആണ് എന്നതിനാല്‍ ജലതര്‍പ്പണം, അന്നം എന്നിവയാല്‍ അവരെ തൃപ്തിപ്പെടുത്തുന്നതിനും അങ്ങനെ അവരുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ബലിയൂട്ടുന്നത്.

ഇത് ചെയ്യണമെങ്കില്‍ ഒരു ദിവസം മുമ്പ് മുതല്‍ തന്നെ മത്സ്യമാംസാദികള്‍ വര്‍ജിച്ച് ഏറ്റവും ലളിതമായ ലഘുഭക്ഷണം മാത്രം കഴിച്ചു വ്രതം എടുത്തിരിക്കണം. മരിച്ചവരുടെ ആത്മാക്കള്‍ ചന്ദ്രന്‍റെ ഇരുണ്ട ഭാഗത്ത്‌ വസിക്കുന്നുവെന്നും അവിടെ നിന്നും അവര്‍ ദേവലോകത്തേക്ക് നിത്യവും യാത്ര ചെയ്യുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. മനുഷ്യരുടെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് കേവലം ഒരു ദിവസമത്രെ!.. അപ്പോള്‍ ഈ യാത്രയില്‍ പിതൃക്കളെ ദിവസവും ഊട്ടുന്നു എന്ന സങ്കല്‍പ്പത്തില്‍ മരിച്ച തീയതിയോ നക്ഷത്രമോ കണക്കിലെടുത്ത് ശ്രാദ്ധമൂട്ടി ബലികര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ബലിച്ചോറ് കൊണ്ട് പിതൃദേവതകള്‍ പ്രസന്നരായി മരിച്ചവരുടെ ആത്മാക്കളെ അനുഗ്രഹിക്കുന്നു."

"അച്ഛാ അതൊക്കെ ഞാനും അമ്മാവന്‍ ഒരിക്കല്‍ പറഞ്ഞു തന്നത് കേട്ടിരിക്കുന്നു. പക്ഷെ എന്തിനാ കാക്കകളെ ബലിച്ചോറ് കൊത്തിത്തിന്നാന്‍ വിളിക്കുന്നത്‌?" കുഞ്ഞു മനസ്സിലെ സംശയങ്ങള്‍ ബാക്കി നിന്നു.

"കുട്ടീ.. അതിനു പുറകില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ മരുത്തന്‍ എന്ന രാജാവ് ഒരു മഹേശ്വരയജ്ഞം നടത്തി. ഇന്ദ്രനും ദേവഗണങ്ങളുമൊക്കെ സന്നിഹിതരായിരുന്നു. ഇതറിഞ്ഞു രാക്ഷസരാജാവായ രാവണന്‍ അവിടേക്ക് ചെന്നു. അത് കണ്ടു പേടിച്ച ദേവന്മാര്‍ ഓരോരുത്തരും ഞൊടിയിടയില്‍ ഓരോ പക്ഷികളുടെ രൂപമെടുത്തു അവിടെ നിന്നും രക്ഷപ്പെട്ടു. മരണത്തിന്റെ ദേവനായ യമധര്‍മ്മന്‍ രക്ഷപ്പെട്ടത് ഒരു കാക്കയുടെ രൂപം പൂണ്ടായിരുന്നു. ഇതിനാല്‍ കാക്കകളില്‍ പ്രസന്നനായ കാലന്‍ അന്നു മുതല്‍ മനുഷ്യര്‍ പിതൃക്കളെ പൂജിക്കുമ്പോള്‍ നേദിക്കുന്ന ബലിച്ചോറ് ഭക്ഷിക്കാനുള്ള അവകാശം കാക്കകള്‍ക്ക് ആയിരിക്കും എന്ന് അനുഗ്രഹിച്ചു."

"അച്ഛാ അപ്പോള്‍ എല്ലാ വര്‍ഷവും ബലിതര്‍പ്പണം നടത്തിയില്ലെങ്കില്‍ മരിച്ചവരുടെ ആത്മാക്കള്‍ വേദനിക്കില്ലേ? അത് മുടക്കിയാല്‍
ജീവിച്ചിരിക്കുന്നവര്‍ക്ക് വല്ല ദോഷവും ഉണ്ടാകുമോ അച്ഛാ?.."

"പിന്നേ തീര്‍ച്ചയായും വേദനിക്കുമായിരിക്കും.. കൂടാതെ നമ്മളെ സ്നേഹിച്ചു ലാളിച്ചു വളര്‍ത്തി വലുതാക്കിയ അച്ഛനമ്മമാരെ അവരുടെ മരണ ദിവസമെങ്കിലും ഓര്‍ക്കാതിരിക്കുന്നത് ഒരു വല്ല്യ പാപവുമല്ലേ കുട്ടീ?.."


********************************************************************************

"ഹോ.. ഈ സീസണില്‍ ടിക്കറ്റ് കിട്ടാനോക്കെ എന്താ ഒരു വെഷമം?..
പോരാത്തതിന് ഈ നശിച്ച മഴ കാരണം എത്രയാ വൈകിയതും.."
തീവണ്ടിയിറങ്ങി വന്ന സുകുമാരി ചേച്ചി തീവണ്ടിയാപ്പീസിലെ പ്ലാറ്റ്ഫോര്‍മില്‍ മണിക്കൂറുകളായി കാത്തു നിന്നിരുന്ന വിദ്യയോടും അവളുടെ തൊട്ടു മൂത്ത ചേച്ചിയായ സൌദാമിനിയോടും യാത്രാദുരിതം പങ്കു വച്ചു. വിദ്യയുമായി ഒരു പതിനഞ്ചു വയസ്സിന്‍റെയെങ്കിലും അന്തരം ഉണ്ട് കല്‍ക്കത്തയില്‍ കുടുംബസമേതം കഴിയുന്ന ഏറ്റവും മൂത്ത ചേച്ചിയായ സുകുമാരിക്ക്. എല്ലാ കൊല്ലവും അച്ഛന്‍റെ ശ്രാദ്ധത്തോട് അനുബന്ധിച്ച് ഒരു പത്തു ദിവസത്തെ നാട് സന്ദര്‍ശനം.

അവര്‍ വരുമ്പോള്‍ ഒക്കെ പണക്കാരിയായ സൌദാമിനിച്ചേച്ചിയുടെ വീട്ടില്‍ ആണ് താമസിക്കാറ്. മദ്യപാനിയായിരുന്ന ഭര്‍ത്താവിന്‍റെ അകാല മരണത്തില്‍ നാല് വര്‍ഷം മുമ്പ് വിധവയാവേണ്ടി വന്ന വിദ്യയും രണ്ടു കുട്ടികളും തൊട്ടടുത്ത തറവാട്ടില്‍ അമ്മയോടോത്തും കഴിയുന്നു. പേരിനെ അന്വര്‍ഥമാക്കുന്ന രീതിയില്‍ നല്ല വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള വിദ്യ ചെറിയൊരു ആപ്പീസ് ജോലി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം തള്ളി നീക്കുന്നു.

സൌദാമിനിച്ചേച്ചിയുടെ ഭര്‍ത്താവ് ഗള്‍ഫ് റിട്ടയര്‍ഡ് ആണ്. ഇഷ്ടം പോലെ പൈസയും പ്രശസ്തിയും ഒക്കെ ഉണ്ടെങ്കിലും പക്ഷാഘാതം വന്നു ഒരു വശം അല്‍പ്പം തളര്‍ന്നു ചികിത്സയില്‍ ആണ്. എങ്കിലും രണ്ടു പേരുടെയും പൊങ്ങച്ചത്തിന് ഒരു കുറവും ഇല്ല താനും. അത്യാവശ്യം നല്ല സ്ഥിതിയില്‍ ഉള്ള സുകുമാരി ചേച്ചിയും പൊങ്ങച്ചം പറയുന്ന കാര്യത്തില്‍ ഒട്ടും പുറകിലല്ല. എന്നാല്‍ വളരെ ചെറുപ്പം മുതലേ വാസ്തവ വിരുദ്ധമായ പ്രവൃത്തികളില്‍ നിന്നും വ്യക്തിപരമായി ദൂരം പാലിക്കുന്ന സ്വഭാവം ആയിരുന്നു വിദ്യയുടെത്. അതിനാല്‍ ഇവരുടെ സൊറ പറച്ചില്‍ കേള്‍ക്കാനൊന്നും പണ്ടേ മുതല്‍ അവള്‍ സമയം മിനക്കെടുത്താറില്ല. അത് കൊണ്ട് അവളെ ആരും കൂട്ടത്തില്‍ കൂട്ടാറുമില്ല.

"എന്റെ മോഹനാ.. വയസ്സിപ്പോള്‍ അമ്പതി രണ്ടായി.. നിക്ക് വയ്യാ ഇനി എല്ലാ കൊല്ലവും ഇങ്ങനെ കഷ്ടപ്പെട്ട് കല്‍ക്കത്തേന്നു കുത്തിപ്പിടിച്ചു ഇവടെ വരാന്‍.... കാലിന്‍റെ മുട്ടാണെങ്കില്‍ ചില നേരത്ത് വേദനിച്ചു ഇളക്കാന്‍ വരെ വയ്യാത്ത മട്ടാ.."

അളിയനായ മോഹനനോടും സൌദാമിനിയോടും സുകുമാരിച്ചേച്ചിയുടെ പരിദേവനം.

"അതിനെന്താ ചേച്ചീ.. ഈ പ്രാവശ്യം നമുക്ക് തിരുനാവായില്‍ പോയി കര്‍മ്മം ചെയ്യാം. അവിടെ പോയി ബലിയിടുകയാണെങ്കില്‍ പിന്നെ എല്ലാ കൊല്ലവും ചെയ്യേണ്ട ആവശ്യം ഇല്ല്യാത്രേ!... നമ്മുടെ ഈ ജീവിതകാലം മുഴുവനും ആണ്ടുതോറും ബലിടേണ്ട കര്‍ത്തവ്യം ഒരുമിച്ചു സമര്‍പ്പിച്ചു പോരാന്‍ സാധിക്കുമത്രേ!.."

മോഹനന്‍ തന്‍റെ കേട്ടറിവ് സഭയില്‍ പങ്കു വച്ചു.

"അതേയോ.. എന്നാ പിന്നെ മോഹനാ.. അതിനുള്ള ഏര്‍പ്പാടുകള്‍ നോക്കിക്കോളൂ.. കൊല്ലം കൊല്ലോള്ള എന്‍റെ ഈ ദുരിതയാത്ര ഒഴിവാക്കാലോ.."
സൌദാമിനിയുടെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ ഭാവിച്ച വിദ്യ ഇത് കേട്ട് വിഷമത്തോടെ ഒന്ന് തിരിഞ്ഞു നിന്നു. മുതിര്‍ന്നവരുടെ സഭയില്‍ തന്‍റെ അഭിപ്രായങ്ങള്‍ക്ക് എന്ത് വില എന്ന യഥാര്‍ത്ഥ്യം മനസ്സിലാക്കി ഒരു അഭിപ്രായവും പറയാതെ അവിടെ നിന്നിറങ്ങി വിഷമിച്ച മനസ്സുമായി തറവാട്ടിലേക്ക് നടന്നു പോകുമ്പോള്‍ അവള്‍ ചിന്തിച്ചു. അച്ഛന്‍ മരിച്ചതില്‍ പിന്നെ തുടര്‍ച്ചയായി ഒമ്പത് ശ്രാദ്ധ ഊട്ടിനും ഒരു ഭംഗവും കൂടാതെ പങ്കെടുക്കാന്‍ തനിക്കു ഭാഗ്യം ലഭിച്ചു. സ്ത്രീകള്‍ക്ക് മാസം തോറും ഉണ്ടാവാറുള്ള അശുദ്ധി വരെ ആ സമയത്ത് തനിക്കൊരിക്കലും ഉണ്ടാവാറില്ല എന്ന് അവള്‍ അതിശയത്തോടെ ഓര്‍ത്തു. കഷ്ടം..എല്ലാവരും ഇപ്പോള്‍ അച്ഛനെ തഴഞ്ഞു തുടങ്ങിയിരിക്കുന്നു.

**********************************************************************

ദേവാം സ്തര്‍പ്പയാമി..
ദേവഗണം സ്തര്‍പ്പയാമി..
ഋഷിം സ്തര്‍പ്പയാമി..
പിതൃ സ്തര്‍പ്പയാമി..
പിതൃഗണാം സ്തര്‍പ്പയാമി..

തര്‍പ്പണമന്ത്രങ്ങള്‍ അലയടിക്കുന്ന തിരുനാവായ മണപ്പുറം ജനനിബിഡം ആയിരിക്കുന്നു.

അതിരാവിലെ വീട്ടില്‍ നിന്നേ കുളിച്ചു ശുദ്ധമായി സെറ്റുമുണ്ടും ഉടുത്തു ഒരു ജീപ്പില്‍ അമ്മയും ചേച്ചിമാരും കുട്ടികളും ആയി യാത്ര തിരിച്ചതാണ്.
ജലോപരിതലത്തില്‍ ഒഴുകി നടക്കുന്ന അസംഖ്യം വാഴയിലച്ചീന്തുകള്‍ ഭാരതപ്പുഴയ്ക്കു ഹരിതവര്‍ണ്ണം പകര്‍ന്നു കൊടുത്തുവോ? ആത്മാക്കള്‍ക്ക് നിവേദിക്കുന്ന ചോറുരുളകള്‍ പറന്നു വന്നു വെട്ടിവിഴുങ്ങാന്‍ കൂട്ടം കൂട്ടമായി തെങ്ങോലപ്പട്ടകളില്‍ ഇരുന്നു കലപില കൂട്ടുന്ന ബലിക്കാക്കകള്‍ക്ക് ഉത്സവപ്രതീതി.

കറുകയും ചെറുളയും അരിഞ്ഞു ഉണക്കലരി, എള്ള്, എന്നിവയും ചേര്‍ത്ത് ഒരു പാത്രത്തിലെ വെള്ളത്തില്‍ ഇട്ടു ഇളക്കി തയ്യാറാക്കിയ ഒരുക്കുകള്‍ക്കൊപ്പം ഉണക്കലരി വേവിച്ചു ഉണ്ടാക്കിയ പിതൃക്കള്‍ക്ക് സമര്‍പ്പിക്കാനുള്ള പിണ്ഡവും.

പുഴയില്‍ മുങ്ങിയ ശേഷം തോര്‍ത്താതെ വന്നിരുന്നു ഒരു ചെറുകിണ്ടിയില്‍ വെള്ളമെടുത്തു കൊണ്ട് അത് ഗംഗ, യമുന തുടങ്ങിയ പുണ്യ തീര്‍ത്ഥങ്ങളായി ഭവിക്കണമേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് പാത്രത്തിലെ അരിയും എള്ളും പൂവും ഒരുമിച്ചെടുത്ത് അച്ഛന്റെ പേരും നാളും ചൊല്ലി തര്‍പ്പണം ചെയ്തു നനഞ്ഞ കൈകള്‍ കൊട്ടി ബാലിക്കാക്കകളെ ക്ഷണിച്ചു.

പിന്നീട് ഒരു വാഴയിലച്ചീന്തില്‍ എള്ളും പൂവും ചന്ദനവുമെല്ലാം പൊതിഞ്ഞു തലയില്‍ വച്ച് അച്ഛനെ മനസ്സില്‍ ധ്യാനിച്ച്‌ പുഴയിലോട്ടു ഇറങ്ങി പിറകോട്ടു സമര്‍പ്പിക്കുമ്പോള്‍ വിദ്യയുടെ മനസ്സൊന്നു തേങ്ങി. കാലുകളില്‍ ചെറുതായി കൊത്തുന്ന ചെറുമീന്‍ കൂട്ടങ്ങളെ തന്‍റെ പ്രിയപുത്രിയുടെ വിങ്ങുന്ന മനസ്സിനെ ആശ്വസിപ്പിക്കാന്‍ വേണ്ടി അച്ഛന്‍ അയച്ചതായിരിക്കുമോ?

"എന്റെ പൊന്നു അച്ഛാ... ആരെന്തൊക്കെ പറഞ്ഞാലും ആണ്ടുതോറും അച്ഛന് ബലിയിടുന്ന കാര്യത്തില്‍ അങ്ങയുടെ പൊന്നു മോള്‍ ഒരുപേക്ഷയും വരുത്തില്ല്യാട്ടോ.. അങ്ങേയ്ക്കായി ഏതാനും നിമിഷങ്ങള്‍ നീക്കി വയ്ക്കാതിരിക്കാന്‍ മാത്രം എന്റെ ജീവിതത്തില്‍ സമയത്തിനും സൌകര്യത്തിനും ക്ഷാമം വരുത്താന്‍ ഞാന്‍ ഒട്ടും അനുവദിക്കില്ല്യ..സത്യം സത്യം."

*****************************************************************************

"അയ്യോ.. ഇതാരായീ കെടക്കണേ.. മ്മടെ വിദ്യക്കുട്ട്യല്ലേ.. ഭഗവാനേ ഈ ത്രിസന്ധ്യാനേരത്ത് എന്താ ന്‍റെ കുട്ടിയ്ക്ക് പറ്റ്യേ..സൌദാമ്ന്യേ.. നീ വേഗം പോയി മോഹനനെ വിളിച്ചോണ്ട് വാ..അയ്യോ.."

തിരുനാവായിലെ ബലിതര്‍പ്പണം കഴിഞ്ഞ വഴി അവിടെ നിന്നും അവരോടൊപ്പം പോകാന്‍ വിസമ്മതിച്ച വിദ്യയെ ഒറ്റയ്ക്ക് വീട്ടിലേക്കു ബസ്സു കയറ്റി വിട്ട് ഒലവക്കോട്ടെ അമ്മാവന്‍റെ വീട്ടില്‍ സന്ദര്‍ശനവും കഴിഞ്ഞു മടങ്ങിയെത്തിയ ദേവകിയമ്മയും രണ്ടു പെണ്മക്കളും പേരക്കുട്ടികളും പടിപ്പുരയില്‍ മോഹലാസ്യപ്പെട്ടു കിടക്കുന്ന വിദ്യയെ കണ്ടു അമ്പരന്നു.
സുകുമാരി ചേച്ചിയുടെ ബാഗില്‍ ഉണ്ടായിരുന്ന വെള്ളക്കുപ്പി എടുത്തു അമ്മയുടെ മടിയില്‍ കിടത്തിയിരിക്കുന്ന വിദ്യയുടെ മുഖത്ത് തെളിച്ചപ്പോള്‍ അവള്‍ കണ്ണ് തുറന്നു അമ്പരപ്പോടെ ചുറ്റും നോക്കി.

"എന്താ മോളെ ഇണ്ടായേ.. എന്ത് പറ്റി ന്‍റെ കുട്ടിയ്ക്ക്?".. അമ്മ വേവലാതിപ്പെട്ടു കൊണ്ട് ആരാഞ്ഞു.

"അമ്മേ.. അച്ഛന്‍!.... നമ്മുടെ അച്ഛനെ ഞാന്‍ കണ്ടമ്മേ.. ദേ ഇപ്പോള്‍ ഇവിടെ ഉണ്ടായിരുന്നു. എന്നെ കെട്ടിപ്പിടിച്ചു മുടിയിലൊക്കെ തലോടി അമ്മേ... ഇപ്പൊ എവിടെ പോയി ന്‍റെ അച്ഛന്‍?.. അമ്മേ അച്ഛന് എന്തോ അപകടം പറ്റ്യേക്കുന്നൂ.. കാണുമ്പോള്‍ മേത്ത് ആകെ ചോരയായിരുന്നു.. ഒന്ന് നോക്കൂ.. അച്ഛന്‍ അവിടെയെവിടെയെങ്കിലും ഉണ്ടാവും.. ദയവായി ഒന്ന് നോക്കൂ... ന്‍റെ അച്ഛന്‍ തിരിച്ചു വന്നമ്മേ... അച്ഛന്‍ വന്നൂ.. ന്റച്ഛന്‍ വന്നൂ.."

അര്‍ദ്ധ ബോധാവസ്ഥയിലെ ജല്‍പ്പനങ്ങള്‍ക്ക് ശേഷം വീണ്ടും ബോധക്ഷയം സംഭവിച്ച വിദ്യയേയും എടുത്തു കൊണ്ട് മോഹനന്‍റെ കാറില്‍ സമയം പാഴാക്കാതെ അവര്‍ ആശുപത്രിയിലേക്ക് തിരിച്ചു.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment