Friday, November 8, 2013

"ശ്ശോ.. ഈ അപ്പാപ്പനെ കൊണ്ട് തോറ്റൂ..!!!"

[എന്റെ ജീവിതത്തില്‍ നടന്ന മറക്കാന്‍ പറ്റാത്ത രസകരമായ ചില സംഭവങ്ങളില്‍ ഒന്ന് ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. പ്രത്യക്ഷത്തില്‍ ഇതൊരു നീണ്ട കഥയായി തോന്നും എങ്കിലും ശരിക്കും വരികളിലൂടെ വായിച്ചു മുന്നേറുമ്പോള്‍ അറിയാതെ തന്നെ അവസാനഭാഗം വരെ ചെന്നെത്തും എന്ന് പ്രതീക്ഷിക്കട്ടെ. അപ്പോള്‍ അടുത്ത ബെല്ലോടു കൂടി.. ഈ..... "ഡയലോഗ് അടിക്കാതെ പൊക്കെടാ കര്‍ട്ടന്‍ !@#$%^ (ഓഡിയന്‍സ്).. ഹി ഹി ]

"ശ്ശോ.. ഈ അപ്പാപ്പനെ കൊണ്ട് തോറ്റൂ..!!!"

ഞാന്‍ ഡിഗ്രി രണ്ടാം വര്‍ഷത്തില്‍ പഠിക്കുന്ന കാലം. ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളേജിലെ ഒരു പഞ്ചാരക്കുട്ടപ്പനും സഹപാഠികളുടെ കണ്ണിലുണ്ണിയും ഹീറോയും ഒക്കെയായി ഇങ്ങനെ വിരാജിക്കുന്ന കാലം. രാവിലെ ചെത്തി മിനുങ്ങി കോളേജിലെത്തിയിരുന്നത് പഠിക്കാനായിരുന്നു എന്ന് പറഞ്ഞാല്‍ മുഴുവനായും സത്യമാവില്ല. വെറും പഠിപ്പ് മാത്രമായാല്‍ കോളേജു ജീവിതത്തിനെന്തു രസം? പഠനത്തിനോടൊപ്പം 'എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസു'മൊക്കെ വേണ്ടേ?..

വീടിനടുത്തുള്ള ബസ്‌ സ്റ്റോപ്പില്‍ നിന്നും സ്ഥിരം കയറാറുള്ള ബസ്സില്‍ കയറിപ്പറ്റിയ ഉടനെ കോളേജില്‍ ഹാജര്‍ കിട്ടിയ പ്രതീതിയായിരുന്നു. കോളേജു പിള്ളേരുടെ ശല്യവും ബഹളവും കാരണം റെഗുലര്‍ ആയ യാത്രക്കാര്‍ ആ ട്രിപ്പില്‍ ഞങ്ങളുടെ പ്രിയങ്കരിയായ റാണി ബസ്സിനെ കണ്ടില്ലാന്നു വച്ച് മറ്റു ബസ്സുകള്‍ വരുന്നതും കാത്തു നില്‍ക്കുന്ന കാഴ്ച എല്ലാ ബസ്‌ സ്റ്റോപ്പിലും സാധാരണം. കണ്ടക്ടറും ഡ്രൈവറും വര്‍ഷങ്ങളായുള്ള നിത്യപരിചയം കൊണ്ട് കുട്ടികളുടെ വേലത്തരങ്ങളോട് താദാത്മ്യപ്പെടുകയും ചെയ്തിരുന്നു. കോളേജ് സ്റ്റോപ്പ്‌ എത്തുന്നത് വരെ ബസ്സിന്റെ കണ്‍ട്രോള്‍ കോളേജ് കുമാരന്മാരുടെ കയ്യിലായിരിക്കും. മണിയടിക്കലും 'റൈറ്റ്' പറയലുമൊക്കെയായി ബസ്സിന്റെ കമ്പ്ലീറ്റ് കണ്‍ട്രോള്‍ പിള്ളേരുടെ കയ്യില്‍ തന്നെ. അന്ന് കാലത്ത് കൊടുത്തിരുന്ന കണ്സഷന്‍ ചാര്‍ജ് ആയ പത്തു പൈസ വരെ കൊടുക്കാതെ തടി തപ്പാന്‍ നോക്കുന്ന വിദ്വാന്‍മാര്‍ വരെ ബസ്സില്‍ യാത്രക്കാരായുണ്ടായിരിക്കും. അതവിടെ നിക്കട്ടെ.

അങ്ങനെയിരിക്കെയാണ് എന്റെ അപ്പാപ്പനായ സാക്ഷാല്‍ അന്തപ്പന്‍ മാപ്പിള വീട്ടിലെ തട്ടിന്‍ മുകളിലേക്കുള്ള കോണിപ്പടി കയറുന്നതിനിടയില്‍ കാലു പതറി ഉരുണ്ടു പിരണ്ട് ഡീസന്റ് ആയി വീണു കയ്യും കോളര്‍ ബോണും ഒക്കെ ഫ്രാക്ചര്‍ ആയി കോളേജിന്റെ അടുത്ത് തന്നെയുള്ള ഒരു പാരിഷ് ഹോസ്പ്പിറ്റലില്‍ അഡ്മിറ്റ്‌ ആവുന്നത്. അപ്പാപ്പന് അന്ന് പ്രായം വെറും എഴുപത്തി അഞ്ചു വയസ്സ്. സ്നേഹമയനായ എന്റെ അപ്പാപ്പന്‍ ഒരു നാട്ടു പ്രമാണിയും, പണ്ട് സിലോണില്‍ ഒക്കെ കറങ്ങിയടിച്ചു ബിസിനസ് നടത്തിയ ആളും കൊപ്ര വെട്ടു ബിസിനസ് ആക്ടീവ് ആയി നടത്തുന്ന വ്യക്തിയും കണിശക്കാരനും എന്നതിലുപരി ഒരു പരമ രസികനും കൂടി ആയിരുന്നു. തറവാട്ടിലെ മറ്റു കുട്ടികളില്‍ നിന്നും വേറിട്ടൊരു സ്നേഹം അദ്ദേഹത്തിന് എന്നോടും, എനിക്ക് തിരിച്ചും ഉണ്ടായിരുന്നുവെന്നത്‌ ഒരു യാഥാര്‍ത്ഥ്യം മാത്രം.

അപ്പാപ്പന്, ഏറ്റവും മുതിര്‍ന്ന എന്റെ ഫാദര്‍ജി അടക്കം മൂന്നു ആണ്മക്കള്‍. എന്നാല്‍ ആശുപത്രിയില്‍ വന്നു നിന്ന് സ്വന്തം പിതാവിനെ പരിചരിക്കാന്‍ ആര്‍ക്കും നേരമില്ല. അപ്പാപ്പനെ ആശുപത്രി വാര്‍ഡില്‍ അഡ്മിറ്റ്‌ ചെയ്ത വിവരമറിഞ്ഞ് വിഷണ്ണനായി ഞാന്‍ കോളേജില്‍ നിന്നും നേരെ ആശുപത്രിയിലെത്തിയപ്പോള്‍ മേല്‍പ്പറഞ്ഞ മൂന്നു മഹാരഥന്മാരും വാര്‍ഡിന്റെ പുറത്തു നിന്ന് ഗൂഡാലോചന നടത്തുന്നത് കണ്ടെങ്കിലും അത് മൈന്‍ഡ് ചെയ്യാതെ നേരെ അപ്പാപ്പന്റെ കട്ടിലിനെ ലക്ഷ്യമാക്കി നടന്നു.

എന്നെ കണ്ട വഴി അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ കണ്ണ് നീര്‍ പൊടിഞ്ഞത് എന്റെ കൈകള്‍ കൊണ്ട് തുടച്ചു മാറ്റി ഞാന്‍ പറഞ്ഞു "സാരല്യപ്പാപ്പാ ഇതൊക്കെ പെട്ടെന്ന് തന്നെ ശരിയാവും സമാധാനമായി കിടന്നോളൂ.. ആദ്യം അപ്പാപ്പന്‍ ഈ ചായ അങ്കട് കുടിക്ക്, ഒരുഷാറൊക്കെ വരട്ടെ" എന്ന് പറഞ്ഞു ഫ്ലാസ്ക് തുറന്നു ചായ ഒരു കപ്പില്‍ ഒഴിച്ചു.

"ഡാ.. ചായോക്കെ പിന്നെ കുടിയ്ക്കാം. നീയാദ്യം ഒരു കാര്യം ചെയ്യ്. ദേ ആ നിക്കണ കുരുത്തം കെട്ട ചെറുക്കണ്ടല്ലോ, അവന്റെ ചെവ്ട് പിടിച്ചു അസ്സലൊരു തിരുമ്മങ്കട് കൊട്. കൊറേ നേരായവന്‍ ഒടിഞ്ഞു പ്ലാസ്റ്ററിട്ട കൈ ഞാത്തീട്ട ഈ സ്റ്റാന്‍ഡില്‍ കെടന്നു സര്‍ക്കസ്സു കളിക്ക്ണൂ. അസത്ത്" അപ്പാപ്പനത് പറഞ്ഞ വഴി ഞാന്‍ അവിടെ അപ്പാപ്പന്റെയീ കിടപ്പും നോക്കി, ഉറങ്ങിക്കിടക്കുന്ന രോഗിയായ തന്റെ അച്ഛന്റെ കട്ടിലിനടുത്ത്‌ നഖവും കടിച്ചു നിന്ന പയ്യനരുകിലേക്ക് വേഗം നീങ്ങിയ വഴി അപകടം മണത്തറിഞ്ഞ പോലെ അവനവിടെ നിന്നും ശരം വിട്ടപോലെ ഓടി മറഞ്ഞു.
അത് വരെ മക്കളും മരുമക്കളുമൊക്കെ നിര്‍ബന്ധിച്ചിട്ടും ഒന്നും കഴിക്കാതിരുന്ന അപ്പാപ്പന്‍ പ്രസന്നവദനനായി ചായ കപ്പിനായി ഒടിയാത്ത കൈ എന്റെ നേരെ നീട്ടി. അപ്പാപ്പന്‍ സ്റ്റീല്‍ കട്ടിലിന്റെ ക്രാസിയില്‍ ചാരിയിരുന്നു ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് എന്റെ അപ്പച്ചനും രണ്ടു എളേപ്പന്‍മാരും അവിടേക്ക് കടന്നു വന്നത്.

"ദേ അപ്പന്‍ ചായ കുടിക്കണൂ..! ഉമ്ബ്ല് എത്ര കൊടുത്തതാ. ന്നിട്ട് കുടിച്ചോ .. ഇല്യ." വല്യെളെപ്പന്‍ അത് പറഞ്ഞപ്പോഴേ എനിക്ക് അവരുടെ ഗൂഡാലോചനയുടെ ഉദ്ദേശശുദ്ധി ഏകദേശം പിടുത്തം കിട്ടി. രാത്രി സ്ഥിരമായി ഹോസ്പിറ്റലില്‍ എന്നെ നിര്‍ത്തണം. അവര്‍ക്ക് സുഖമായി വീട്ടില്‍ പോയി മുക്രയിട്ട് ഉറങ്ങണം..

കീശയില്‍ നിന്നും ഒരു നൂറിന്റെ ഒടിയാത്ത നോട്ടെടുത്ത് എന്റെ കയ്യില്‍ തന്നു അപ്പച്ചന്‍ പറഞ്ഞു "മോനെ നീ പോയി വല്ലതും കഴിച്ചിട്ട് വാടാ കുട്ടാ. ഞങ്ങള്‍ വ്ടെ വെയിറ്റ് ചെയ്യാം".. കൈക്കൂലി തന്നു എന്നെ പാട്ടിലാക്കാനുള്ള അപ്പച്ചന്റെ ഐഡിയ മനസ്സിലാക്കിയ ഞാന്‍ പറഞ്ഞു "എന്തിന്.. ഹേയ് വേണ്ട ഞാന്‍ വീട്ടില്‍ പോയി കഴിച്ചോളാം".

"ജോയിക്കുട്ടാ ഒന്ന് അഡ്ജസ്റ്റ് ചെയ്യടാ പൊന്നുമോനെ. എനിക്ക് നാളെ കട തുറക്കേണ്ടേ. പിന്നെ അപ്പച്ചനും എളെപ്പനും ആണെങ്കില്‍ ഒരു പാട് ജോലികളുള്ളതല്ലേ. അപ്പാപ്പനാണെങ്കില്‍ നീ കൂടെ നില്ക്കുന്നതാ ഇഷ്ട്ടോം.." എന്നിട്ട് അപ്പച്ചനെ നോക്കി ഒരു കണ്ണിറുക്കല്‍.

അപ്പാപ്പനും ഞാനുമായുള്ള ഇരിപ്പുവശം പരമാവധി മുതലെടുത്ത്‌ കൊണ്ട് കൊച്ചെളെപ്പന്‍ തന്ത്രപൂര്‍വ്വം അങ്ങനെ പറഞ്ഞപ്പോള്‍ മറ്റൊരു വഴിയുമില്ലാതെ എനിക്കതിനു വഴങ്ങേണ്ടി വന്നു.

രാത്രിയില്‍ എന്തെങ്കിലും വിശേഷമുന്ടെങ്കില്‍ ഫോണ്‍ ചെയ്യണം എന്ന് പറഞ്ഞു മൂവര്‍ സഖ്യം എന്നെ പറ്റിച്ച സന്തോഷത്തില്‍ നടന്നകലുന്നത് തെല്ലോരീര്‍ഷ്യയോടെ നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുളളൂ. അപ്രതീക്ഷിതമായി പോക്കറ്റില്‍ വന്നു വീണ നോട്ടിന്റെ കാര്യമാലോചിച്ചപ്പോള്‍ കുറച്ചോരാശ്വാസം തോന്നി.. കാരണം, നിധി കാക്കുന്ന ഭൂതങ്ങളായിരുന്നിട്ടും ഒരു പത്തിന്റെ പൈസ, കോളേജ് കുമാരനായ തന്റെ പേര്‍സണല്‍ ആവശ്യങ്ങള്‍ക്ക് ഫിനാന്‍സ് ചെയ്യാന്‍ അപ്പച്ചനെന്നല്ല രണ്ടു എളെപ്പന്മാരും കാണിച്ചിരുന്ന പിശുക്കും വിമുഖതയും തന്നെ. പിന്നെ അമ്മയെ ഓരോന്ന് പറഞ്ഞു ദിവസവും മണിയടിച്ചു വാങ്ങിയെടുക്കുന്ന പൈസ കൊണ്ടായിരുന്നു കോളേജ് പടിക്കലെ അച്ചു നായരുടെ ചായക്കടയിലെ ഒന്നൊന്നര കാപ്പിയും കിടിലന്‍ ഉണ്ടപ്പൊരിയും (ക്രിക്കറ്റ് ബോള്‍ പോലെയിരിക്കുന്ന പലഹാരം), പിന്നെ ഖാദര്ക്കാന്റെ കടയിലെ നല്ല എരിവന്‍ പരിപ്പുവടയുമൊക്കെ വാങ്ങിയടിക്കാന്‍ സാധിച്ചിരുന്നത്.

അങ്ങനെ അന്ന് മുതല്‍ എന്റെ രാത്രിയിലെ കിടപ്പ് അപ്പാപ്പന്റെ കട്ടിലിനടിയിലെ ആറടി തറയിലായി. ഇടയ്ക്കിടെ ഓരോ തമാശയും കാര്യങ്ങളും ഒക്കെ പറയുന്ന അപ്പാപ്പനുമായുള്ള സഹവാസം സന്തോഷകരം ആയിരുന്നെങ്കിലും, എണീറ്റ്‌ നടക്കാന്‍ സാധ്യമാല്ലാതിരുന്ന അപ്പാപ്പന്റെ "ഡ്രെയിനേജ് ആന്‍ഡ്‌ സീവറെജ് ഡിപ്പാര്‍ട്ട്മെന്റ്" ചുമതല, ക്ലീനിംഗ് ആന്‍ഡ്‌ പല്ല് തേപ്പിക്കല്‍ ഡ്രൈവ്, സലയ്ന്‍ ട്രിപ്പ് കുപ്പി തീരുന്നതെപ്പോഴാന്നു ജാഗരൂകനായി നിരീക്ഷിക്കല്‍, ഇടയ്ക്കിടെ വാര്‍ഡിലെ ഗുരുതരാവസ്ഥക്കാരായ രോഗികളുടെ പല ഡെസിബലിലുമുള്ള അപസ്വരങ്ങള്‍, പല വിധം മരുന്നുകളുടെ മനം മടുക്കുന്ന ഗന്ധമുള്ള ആശുപത്രി ബാത്രൂമില്‍ കുളിക്കാനുള്ള മടുപ്പ് കാരണം രാത്രിയിലുള്ള കുളി ഒഴിവാക്കേണ്ടി വരുന്നത്, വെളുപ്പിനെ അമ്മ വരുമ്പോള്‍ പല്ല് തേച്ചു ഫ്രഷ്‌ ആവാതെ തന്നെ ബസ്സില്‍ വീട്ടിലേക്കുള്ള യാത്ര,

പിന്നെ സര്‍വ്വോപരി, ബോട്ടണി ക്ലാസ്സില്‍ പഠിക്കുന്ന നിഷയുടെ ചേച്ചിയും അവിടത്തെ ഹെഡ് നഴ്സുമായിരുന്ന ഏല്യാമ്മയുടെ പരിഹാസം കലര്‍ന്ന നോട്ടം, (പ്രത്യേകിച്ച് മേല്‍പ്പറഞ്ഞ 'ഡിപ്പാര്‍ട്ട്മെന്റ്' ജോലി ചെയ്യുന്ന നേരങ്ങളില്‍). പിന്നെ കാളക്ക് വടം കെട്ടിയ പോലെ കഴുത്തില്‍ സ്ട്രാപ് കെട്ടിയ മധു ഡോക്ടര്‍ (ആശാന് എന്നും കഴുത്ത് വേദനയാ കേട്ടോ. അത് കൊണ്ട് ആള് സ്ട്രൈറ്റ്‌ ആയിട്ടെ നോക്കു. കുനിഞ്ഞു വല്ലതും എടുക്കണമെങ്കില്‍ ഏല്യാമ്മ നേഴ്സ് എടുത്തു കൊടുക്കണം.)

പിന്നെ ഏലിയാമ്മ നേഴ്സ് ഉള്ളപ്പോള്‍ മാത്രം പഞ്ചാര ചിരിയുമായ് എത്തുന്ന കമ്പോണ്ടെര്‍ കൃഷ്ണദാസന്‍. ഏലിയാമ്മ നര്‍സ്മായി ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉള്ളത് കൊണ്ടാകാം അവള്‍ വല്യപ്പച്ചന്റെ അടുത്ത് വരുമ്പോഴെല്ലാം അവനും കൂടെ കാണും.."എന്താ കാര്‍ന്നോരെ സുഖാല്ലേ " എന്ന് പറഞ്ഞു വല്യപ്പച്ചന്റെ ഫ്രാക്ചെര്‍ ഇട്ട കൈ ഒന്ന് പിടിച്ചു നോക്കും..
"കാര്‍ന്നോരു നിന്റെ അപ്പന്‍" എന്ന സ്ഥിരം മറുപടി കേള്‍ക്കാനെന്നോണം. അപ്പാപ്പന് ആളും തരോമോന്നുമില്ല തെറി പറയാന്‍. അങ്ങനെയങ്ങനെ ജീവിതത്തിലൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത ചില വിലങ്ങു തടികള്‍ ആ സന്തോഷത്തെ കെടുത്തി.

ജീവിതത്തിലാദ്യമായി അടങ്ങിയൊതുങ്ങി അനങ്ങാതെ കിടക്കാന്‍ വിധിച്ച അപ്പാപ്പന്റെ ശാരീരികാവസ്ഥക്കും മാനസികാവസ്ഥക്കും അല്‍പ്പാല്‍പ്പമായി വന്നു തുടങ്ങിയ പ്രതികൂലമായ  മാറ്റം എന്നെ അതിലും കുഴപ്പത്തിലാക്കി. രാത്രിയില്‍ ഉറങ്ങിക്കഴിഞ്ഞു എപ്പോഴെങ്കിലും ഉണര്‍ന്നാല്‍ പിന്നെ പുള്ളിക്കാരന് സ്ഥലകാല ബോധം ഇല്ല. ഉറക്കെ സംസാരിക്കുകയും പഴയ നാടന്‍ പാട്ടുകള്‍ പാടുകയും ഇടക്കൊക്കെ നല്ല സ്വയമ്പന്‍ നാടന്‍ തെറികളുടെ അകമ്പടിയോടെയുള്ള ഡയലോഗുകളും ഒക്കെ കൂടി എന്നെ അങ്കലാപ്പിലാക്കി.

കൂനിമ്മേല്‍ കുരു എന്ന പോലെ അപ്പാപ്പന് മൂത്ര തടസ്സം നേരിട്ട് തുടങ്ങിയതിനെ തുടര്‍ന്ന് ട്യൂബിട്ടതോടെ ശെരിക്കും അടിയന്തിരാവസ്ഥയിലായി കാര്യങ്ങള്‍. കട്ടിലിനടിയിലായാണ് യൂറിന്‍ ബാഗ് തൂക്കിയിട്ടിരിക്കുന്നതെന്നതിനാല്‍ രാത്രി കട്ടിലിനടിയില്‍ കിടക്കുമ്പോള്‍ ഇടയ്ക്കിടെ അതിന്റെ ലെവല് മോണിട്ടര്‍ ‍ചെയ്യാന്‍ എനിക്ക് ഈസി ആയി സാധിക്കുമായിരുന്നുവെങ്കിലും, അപ്പാപ്പന്‍ രാത്രിയില്‍ ബോധമില്ലാതെ പാടുന്ന നാടന്‍ പാട്ടുകളും പറയുന്ന തമാശകളും ഒക്കെ ഏല്യാമ്മ എന്ന 'ബിബിസി' വഴി വള്ളി പുള്ളി വിടാതെ ‘സെയിം വേര്‍ഷനില്‍’ തന്നെ അവളുടെ കോളേജില്‍ പഠിക്കുന്ന അനിയത്തി നിഷ വഴി കോളേജില്‍ പാട്ടാവുന്നത് എന്നെ ഒട്ടൊന്നു അരിശം പിടിപ്പിച്ചിരുന്നു. കോളേജില്‍ നല്ലൊരു റോമിയോ ഇമേജുള്ള എനിക്ക് തലയുയര്‍ത്തി നടക്കാനാവാത്ത അവസ്ഥ. രാത്രിയില്‍ മരുന്ന് കൊടുക്കാന്‍ വരുന്ന നേരത്ത് സ്ഥലകാലബോധം ഇല്ലാതെ അപ്പാപ്പന്‍ അവരെ പബ്ലിക് ആയി വിളിക്കുന്ന തെറികള്‍ക്ക്‌ ഉള്ള മധുരപ്രതികാരം എന്ന നിലയ്ക്കാണ് ഏല്യാമ്മ കളിക്കുന്നത് എന്ന് എനിക്ക് തോന്നി.

രാത്രിയില്‍ അപ്പാപ്പന്‍ മിസ്സൈല്‍ വര്‍ഷം തുടങ്ങുന്ന നിമിഷം തന്നെ ഞാന്‍ പുതപ്പു തല വഴി വലിച്ചു മൂടി ഞാനാ നാട്ടുകാരനേയല്ല എന്ന മട്ടില്‍ നിശബ്ദമായി കിടക്കും. എന്തായാലും കോളേജ് കുമാരനും അസോസിയേഷന്‍ സെക്രട്ടറിയുമായ എന്നെ താറടിച്ചു കാണിച്ച്, നാളുകളായി സമ്പാദിച്ച കൊളെജിലുള്ള എന്റെ പേരും ഗ്ലാമറും കുറക്കാന്‍ കച്ച കെട്ടിയിറങ്ങിയ എല്യാമ്മയുടെ ഉത്സാഹത്തിനു ഒരു തിരിച്ചടി കൊടുത്തെ മതിയാവൂ എന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു...അത് മാത്രം പോരാ..അവള് കൊടുക്കുന്ന ന്യൂസ്‌ അപ്പാടെ ലൈവ് ടെലികാസ്റ്റായി അപ്പോഴപ്പോള്‍ കോളേജില്‍ പാട്ടാക്കുന്ന അവളുടെ അനിയത്തി ആ സുന്ദരി കോത എന്ന് സ്വയം നടിക്കുന്ന നിഷ (നിഷ അല്ലവള്‍ വിഷ(വിഷം)മാണ്). ഇവരെയെല്ലാം മനസ്സിന്റെ ത്രാസിലിട്ടു തൂക്കി ശിക്ഷ വിധിച്ചു...പക്ഷെ ഒന്നും നടപ്പാക്കാനായില്ല. ഒരു ഐഡിയയും മനസ്സില്‍ തെളിഞ്ഞില്ല. അപ്പോഴാണ്‌ ഏല്യാമ്മ ഒരു ഇന്ജക്ഷനുമായി വന്നത്. സുബോധമില്ലാതെ കിടന്നിരുന്ന അപ്പാപ്പന്റെ ചന്തിയില്‍ അപ്രതീക്ഷിതമായി സൂചി കയറിയപ്പോഴുണ്ടായ ഞെട്ടലും വേദനയും ദേഷ്യവും ഒരു വലിയ തെറിയായി പുറത്തു വന്നത് എല്യാമ്മയെ ചൊടിപ്പിച്ചു.

"ദേ വല്യപ്പനാണെന്ന് വച്ച് വായേ തോന്നീത് വിളിച്ചാലുണ്ടല്ലോ.. എടുത്തു ഒരു കുത്തങ്ങട് വച്ച് തരൂന്നോര്‍ത്തോ" എന്ന് പറഞ്ഞു തിരിച്ചു പോകാനൊരുങ്ങിയ എല്യാമ്മയെ കട്ടിലിനടിയില്‍ നിന്നും ഉറക്കത്തിലാണെന്ന വ്യാജേന കാലു വച്ച് വീഴ്ത്താന്‍ ഞാന്‍ നടത്തിയ ശ്രമത്തില്‍ നിന്നും അവര്‍ വിദഗ്ദമായി ഒഴിഞ്ഞു മാറിയെന്നു മാത്രമല്ല "ചെക്കന്‍ വേണ്ടാട്ടോ.." എന്ന് പറഞ്ഞു ഹൈ ഹീല്‍ ഷൂ വച്ച് കണങ്കാലില്‍ ഭീകരമായൊരു ചവിട്ടും സമ്മാനിച്ചപ്പോള്‍ കാലു വലിച്ചു പുതപ്പിനകത്താക്കി അപ്പാപ്പന്റെ മാസ്ടര്‍പീസ്‌ തെറികള്‍ അഞ്ചാറെണ്ണം ശബ്ദമില്ലാതെ മനസ്സില്‍ എല്യാമ്മക്കായി തൊടുത്തുവിട്ടുകൊണ്ട് കൊണ്ട് വേദന സഹിച്ചു ചുരുണ്ട് കിടക്കേണ്ടിയും വന്നു. "ന്റമ്മോ നര്‍സ്മാരുടെ ബൂട്ടിട്ട ചവിട്ടിനു ഇത്രയും വെയിറ്റോ"...കണ്ണിലൂടെ പൊന്നീച്ച പാറി . "നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെടീ എല്യാമ്മേ..ഇതിനൊക്കെ പകരം ചോദിച്ചില്ലെങ്കില്‍ എന്റെ പേര് ...ങാ അല്ലെങ്കില്‍ വേണ്ട എന്റെ അപ്പാപ്പന്റെ പേര് പട്ടിക്കിട്ടോ ..മൂധേവീ ...." പിന്നെയും അറിയാവുന്ന തെറിയൊക്കെ ഉരുവിട്ട് ഉരുവിട്ട് എപ്പോഴോ ഉറങ്ങിപ്പോയി.

ഒരു ബഹളം കേട്ടാണ് അന്ന് രാത്രി ഞാന്‍ ഉറക്കമുണര്‍ന്നത്‌. അപ്പോഴതാ അടുത്ത കട്ടിലില്‍ ഒടിഞ്ഞ വലതു കാല്‍ പ്ലാസ്ട്ടരിട്ടു സ്ടാണ്ടില്‍ തൂക്കിയിട്ട അവസ്ഥയില്‍ കിടക്കുന്ന രാജേഷ്‌ ചേട്ടന്‍ ബഹളമുണ്ടാക്കുന്നു. കണ്ണ് തിരുമ്മി "എന്താ രാജേഷ്‌ ചേട്ടാ പ്രശ്നം?" എന്ന് ഞാന്‍ ചോദിച്ചു.

അസ്സല്‍ തിരോന്തരംകാരനായ രാജേഷ്‌ ചേട്ടന്‍ എന്റെ നേരെ പൊട്ടിത്തെറിച്ചു "ചേട്ടന്‍.. കോട്ടന്‍,
 എന്തിരടെ ഇത്. നീ നെന്റെ അപ്പാപ്പനെ ഒടനെ ഇവിടന്നു മാറ്റിക്കോണം.. കണ്ടില്ലേ ഇത്.. " വലതു കൈപ്പത്തി എന്റെ നേരെ നീട്ടി ക്കാണിച്ചു കൊണ്ട് ദേഷ്യം അടക്കാനാവാതെ അയാള്‍ പറഞ്ഞു. അതില്‍ നല്ല കട്ടിയുള്ള പശ പോലെ എന്തോ പറ്റിപ്പിടിചിരിക്കുന്നത് കണ്ടു അതെന്താണെന്ന് ചോദിച്ചപ്പോള്‍ അയാള്‍ വിശദീകരിച്ചു.

"രാത്രി ഒറക്കത്തില്‍ ഇതെന്തരു പല്ലി വീണ പോലെ ഒരു സാധനം ഇഞ്ഞോട്ട് വീണ്. എന്തോ കനോള്ള സാധനോം വീണത്‌ പോലെ വന്നെന്റെ മുഖത്തു വീണു. അത് തപ്പിനോക്ക്യെപ്പോഴല്ലേ.. ഹാ.. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ടാ.. ഡേയ്... ഈയാല്ടെ അപ്പാപ്പന്‍ തുപ്പിയതാടെയ്....നല്ല പൊളപ്പന്‍ തിരോന്തരം തെറിയങ്ങാട്ട് കാച്ചും ഞാന്‍. കെളവനൊരു വിചാരോണ്ട് അങ്ങേരു ഏതാണ്ട് തെറിവിളിയില്‍ എം എ പാസ്സായിട്ടോണ്ടെന്ന്. കറാമ്പറപ്പ് കാണിച്ചാല്‍ കെളവനാന്നൊന്നും നോക്കൂല ഞാന്‍. തള്ളേ.. ഈയാക്ക് വെല്ല്യേ പണി കൊടുക്കണം"

ഇത് കേട്ട് വാര്‍ഡിലുയര്‍ന്ന കൂട്ടച്ചിരിക്കിടയില്‍ സ്വയം ചിരിയൊതുക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍. അപ്പാപ്പനോ, ഞാനൊന്നറിഞ്ഞില്ല്യെ രാമനാരായണ എന്ന രീതിയില്‍ കണ്ണുമടച്ചു നിര്‍വ്വികാരനായി തിരിഞ്ഞു കിടക്കുന്നു. ഉടനെ അവിടെ നിന്ന് തടി തപ്പി പുറത്തു പോയി ഒറ്റയ്ക്ക് മനസ്സ് തുറന്നു ആവോളം ചിരിച്ചു സായൂജ്യമടഞ്ഞു തിരിച്ചു വരുമ്പോഴേക്കും ഒരു 'സ്ക്രീന്‍' ഇടയ്ക്കു വച്ച് ഏല്യാമ്മ പ്രോബ്ലം പരിഹരിച്ചിരുന്നു. ഹോ.. നാളെ ഇനി കോളേജിന്റെ പടി ചവിട്ടുകയെ വേണ്ടാ.. കഷ്ട്ടം.

അപ്പാപ്പന്റെ മനോബലവും എല്ലാവരുടെയും പ്രാര്‍ത്ഥനയും കൊണ്ട് അപ്പാപ്പന്റെ ഒടിവുകളും ചതവുകളുമൊക്കെ സുഖപ്പെട്ടെങ്കിലും ഡ്രെയിനേജ് ഡിപ്പാര്‍ട്ട് മെന്റ് ഇനിയും പ്രവര്‍ത്തനസജ്ജമാകാതെ കിടന്നു. എഴുന്നേറ്റു നടക്കാം എന്നായപ്പോള്‍ ബാക്കിയുള്ള ഡിപ്പാര്‍ട്ട്മെന്റ് ജോലികള്‍ എല്ലാം ഡയറക്റ്റ് ആയി അദ്ദേഹത്തിനു തന്നെ ചെയ്യണം എന്ന വാശിയായപ്പോള്‍ ഞാന്‍ വീണ്ടും കുടുങ്ങി. ടോയിലറ്റ് ലകഷ്യമാക്കി മുമ്പേ നടക്കുന്ന അപ്പാപ്പന്റെ പുറകെ മൂത്ര സഞ്ചിയുമായി ശ്രീ കൃഷ്ണ കോളേജിലെ അസോസിയേഷന്‍ സെക്രടറി, കോളെജിലെ ഹീറോ, കോളേജുകുമാരികളുടെ റോമിയോ ഒക്കെ ആയ ഞാന്‍ അന്നത്തെ അപക്വമായ മാനസികാവസ്ഥയില്‍!....  ഹോ എനിക്കതൊക്കെ വലിയ ‘പ്രസ്റ്റീജ് ഇഷ്യൂ’ തന്നെയായിരുന്നു.

അതില്‍ നിന്നുണ്ടായ ആത്മരോഷം ഫാദര്‍ജിയുടെയും എളെപ്പന്മാരുടെയും കയ്യില്‍ നിന്നും വാങ്ങുന്ന ദിവസ്സപ്പടിയുടെ കനം കൂട്ടി ഒരു വിധം അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. ദിവസ്സേന അവരോടു ഞാന്‍ കമ്പ്ലയിന്റ് പറയുമ്പോഴൊക്കെ "നീ കുറച്ചു ദിവസ്സമൊന്നു അഡ്ജസ്റ്റ് ചെയ്യടാ.. നമ്മുടെ പാവം അപ്പാപ്പനല്ലേ" എന്ന് പറഞ്ഞു പഴ്സ് തുറന്നു നോട്ടുകള്‍ തന്നു എന്റെ വികാരക്ഷോഭതെ വളരെ വിദഗ്ദമായി അവര്‍ ഒതുക്കുമായിരുന്നു.

മോങ്ങുന്ന പട്ടിയുടെ മണ്ടയില്‍ തേങ്ങ വീണ പോലെ ഒരു സംഭവം ഉണ്ടായി. ഒരു ദിവസം അപ്പാപ്പന്‍ ബാത്ത് റൂമില്‍ പോകാന്‍ നേരം മൂത്ര സഞ്ചിയും പിടിച്ച് ഞാന്‍ പിറകെ ഉണ്ട്..."കര്‍ത്താവേ ഇതാരും കാണരുതേ" എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നടക്കവേ അദ്ദേഹത്തിന് വഴിയില്‍ കണ്ടവരോടെല്ലാം ലോഹ്യം പറയണം. അപ്പോഴതാ മുന്നില്‍ നിഷ...അവള്‍ ചേച്ചി ഏലിയാമ്മ നര്‍സിനെ കാണാന്‍ വന്നതാ. എന്റെ അവസ്ഥ കണ്ടു അവളുടെ ചിരി പൊട്ടുന്നതും കണ്ടു
വിഷണ്ണനായി നിന്ന എന്നോട് അപ്പാപ്പന്റെ ഒരു കുസൃതി ചോദ്യം " എടാ ഇവള് നിന്റെ ലൈന്‍ ആണോഡാ" എന്ന്. അപ്പാപ്പാ ഒന്ന് വേഗം നടക്ക്‌...ബാത്ത് റൂമിലും ക്യൂ നില്‍ക്കേണ്ടി വരും" എന്ന് പറഞ്ഞു അപ്പാപ്പനെ മുന്നോട്ടു നടത്താനുള്ള എന്റെ ശ്രമം പരാജയപ്പെടുത്തി കൊണ്ട് അവള്‍, നിഷ മുന്നില്‍..."ആഹാ.. ജോയീടെ അപ്പാപ്പനാ അല്ലെ. ആള് ചുള്ളനാണല്ലോ. " അതില്‍ സുഖിച്ചു അല്പം ഗമയില്‍ അപ്പാപ്പന്‍ അവളെ നോക്കി പറഞ്ഞു. " എന്റെ കൊച്ചെ എന്റെ ചെറുപ്പം നീ കണ്ടിട്ടില്ലല്ലോ...എത്ര പെമ്പിളെളരാ എന്റെ പോറകെ നടന്നത്..അതിലൊന്നും ഈ അന്തപ്പന്‍ വീണില്ല. " അവളും വല്യപ്പച്ചന്റെ വാക്കുകളില്‍ രസം പിടിച്ച പോലെ അവിടെ തന്നെ കുറ്റിയടിച്ച് നില്‍പ്പും..അന്ന് മൊബൈലും വീഡിയോയും ക്യാമറയും ഒന്നും ഇല്ലഞ്ഞത് ഭാഗ്യം അല്ലെങ്കില്‍ അവള്‍ ആ സീന്‍ പിടിച്ചെടുത്ത് കോളേജിലെ എന്റെ ഇമേജ് മുഴുവനും കളഞ്ഞേനെ. മനസ്സ് കൊണ്ട് അറിയാവുന്ന തെറിയൊക്കെ അവളെ വിളിച്ചു ഞാന്‍. ഒരു വിധത്തിലാണ് അപ്പാപ്പനെ അവിടന്ന് മാറ്റിയത്.

ഒരു ദിവസം രാത്രി അതിഭീകരമായ ഒരലര്‍ച്ച കേട്ടാണ് ഞാന്‍ കട്ടിലിനടിയില്‍ നിന്നും ചാടിയെഴുന്നേറ്റത്. അപ്പോഴതാ വലിയ വായില്‍ അലറിക്കൊണ്ട്‌ ഓടുന്ന മൂരിയെ മൂക്കയറില്‍ വലിച്ചു നിര്‍ത്തിയ പോലെ മുക്രയിട്ട് അതാ നില്‍ക്കുന്നു എന്റെയപ്പാപ്പന്‍. മൂത്രം പോകാനിട്ട ട്യൂബ് കട്ടിലിനോട് ബന്ധിച്ചിരുന്നത് ഓര്‍ക്കാതെ മൂപ്പിലാനങ്ങട് ബാത്രൂമിലേക്ക് നടന്നു... കട്ടിലും അപ്പാപ്പനും കൂടിയുള്ള 'വടം വലി' കണ്ടു ഞാന്‍ ഞെട്ടി. കുടുങ്ങിയല്ലോ കര്‍ത്താവേ.. ഇനിയെന്ത് ചെയ്യും എന്നറിയാതെ പ്രജ്ഞയറ്റു നില്‍ക്കവേ എല്യാമ്മയുടെ നേതൃത്വത്തിലുള്ള നഴ്സും കൂട്ടം ഓടി വന്നു അപ്പാപ്പനെ പിടിക്കുകയും കണക്കിന് ശകാരിക്കുകയും ചെയ്തു. എന്നിട്ട് തിരിച്ചു കട്ടിലില്‍ കൊണ്ട് പോയി കിടത്തി. പോരാത്തതിന് ദേഷ്യം തീര്‍ക്കാന്‍ സൂചി കൊണ്ട് വല്യപ്പന്റെ ചന്തിക്കൊരു കുത്തും. വേദനയില്‍ ഏതാണ്ട് സ്വബോധം വീണ്ടെടുത്ത അപ്പാപ്പന് എന്താ അപ്പോള്‍ തോന്നിയതെന്നറിയില്ല, അടുത്ത് വായില്‍ നിന്നും പുറത്തു വന്നത് ഒരു സൂപ്പര്‍ ഡയലോഗ് ആയിരുന്നു.

"മക്കളെ.. നിങ്ങളെ ഇതേ പോലെ വല്ലോരും കുടുക്കിട്ടു വലിക്കുമ്പോഴേ , നിങ്ങള്‍ക്കതിന്റെ ബുദ്ധിമുട്ടറിയൂ." വേദനകൊണ്ടാണ്‌ അദ്ദേഹമത് പറഞ്ഞതെങ്കിലും ഒരു വലിയ പൊട്ടിച്ചിരി ആ വാര്‍ഡില്‍ ഉയര്‍ന്നതോടെ നാണിച്ചു തല താഴ്ത്തി നിന്ന നഴ്സും കൂട്ടം അവിടെ നിന്നുമോടി മറഞ്ഞു.
                                                                                                                                                               -ജോയ് ഗുരുവായൂര്‍

'ബെസ്റ്റ് ഫ്രണ്ട്'

അമേരിക്കന്‍ എയര്‍‍ലൈന്‍‍സ്‌ വിമാനം നെടുമ്പാശ്ശേരിയുടെ പച്ചപ്പരവതാനിക്കു മുകളിലൂടെ ഒഴുകിയൊഴുകി റണ്‍‍വേയില്‍ ഇറങ്ങുമ്പോള്‍ വിമാനത്തിന്‍റെ കിളിവാതിലിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു ആന്‍‍സി. യാത്രക്കാര്‍ ക്യാബിനുള്ളില്‍ നിന്നും ബാഗുകള്‍ വലിച്ചെടുത്തു പുറത്തേക്കിറങ്ങാന്‍ തിരക്ക് കൂട്ടിത്തുടങ്ങി. വര്‍‍ഷങ്ങള്‍‍ക്കു ശേഷം പിറന്നുവളര്‍‍ന്ന ഭൂമിയില്‍ വീണ്ടും കാലു കുത്തുന്നു. എങ്കിലും തിരക്കൊഴിയുന്നത് വരെ ധൃതിയൊന്നും കൂട്ടാതെ ജനലിനോട്‌ ചേര്‍ന്നുള്ള തന്‍റെ സീറ്റില്‍ അവള്‍ ശാന്തമായി ഇരുന്നു.

'പപ്പയും മമ്മയുമൊക്കെ അപ്രതീക്ഷിതമായി പടി കടന്നു വരുന്ന തന്നെ കണ്ടു അതിശയിക്കും. വളരെ കാലം തന്നെ കാണാതെ ഇരുന്നു കാണുമ്പോള്‍ എന്‍റെ ജൂലി ഓടി വന്നു എനിക്ക് പപ്പി തരും'. ദിവ്യമായ അനുഭൂതിയില്‍ ആയിരുന്നു അവള്‍.   

ഇമ്മിഗ്രേഷന്‍ പരിശോധനകള്‍ ‍കഴിഞ്ഞു പ്രീ-പെയ്ഡ് ടാക്സിയുടെ കൂപ്പണ്‍ എടുത്തു പുറത്തു വന്നു. വണ്ടി കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ഒരു വയസ്സന്‍ ഡ്രൈവര്‍‍. പെട്ടികള്‍ എടുത്തു വക്കാന്‍ തുനിഞ്ഞപ്പോള്‍ ആന്‍‍സി അയാളെ വിലക്കി സ്വയം അവ എടുത്തു വണ്ടിയുടെ ഡിക്കില്‍ വച്ചു. 

വലിച്ചു കൊണ്ടിരുന്ന ബീഡിയുടെ അവസാന പുകയ്ക്കായി ഒന്ന് കൂടി ആഞ്ഞു വലിച്ചു കുറ്റി ഓവുചാലിലേക്കെറിഞ്ഞു, ഒന്ന് ചുമച്ചു തുപ്പി അയാള്‍ വണ്ടിയില്‍ കയറി സ്റ്റാര്‍‍ട്ട്‌ ചെയ്തു പോക്കറ്റില്‍ നിന്നും ഒരു പഴകിയ കണ്ണട എടുത്തു ധരിച്ച് പ്രീ-പെയ്ഡ് ടാക്സി സ്ലിപ്പില്‍ ‍കണ്ണോടിച്ചു.

"തൃപ്പൂണിത്തറയില്‍ ഏതു ഭാഗത്താ മോളെ?"
           
"കരിങ്ങാച്ചിറ പള്ളി അറിയുമോ ചേട്ടാ?.. അതിനടുത്താ"

അത് സുപരിചിതമാണെന്ന ഭാവത്തില്‍ അയാള്‍ വണ്ടിയെടുക്കുന്ന നേരത്ത് താടിയും മുടിയും അലക്ഷ്യമായി നീട്ടി വളര്‍‍ത്തി എല്ലും തോലുമായി യാചകരൂപമുള്ള ഒരു യുവാവ് വന്നു ബാക്ക് ഡോറിലെ ചില്ലില്‍ കൈ കൊണ്ട് മുട്ടി.  ഡ്രൈവറോട് വണ്ടി നിറുത്താന്‍ ആംഗ്യം കാണിച്ച് അവള്‍ ചില്ല് താഴ്ത്തി.

"മേഡം കാന്‍ യു ഗിവ് മി എ ഹണ്ട്രട്‌ റുപ്പീസ് പ്ലീസ്?"  (എനിക്കൊരു എനിക്കൊരു നൂറു രൂപ തരുമോ മേഡം?)

പ്രതീക്ഷയോടെ പുഞ്ചിരിക്കുന്ന മുഖവുമായി നല്ല വടിവൊത്ത ഇംഗ്ലീഷ് ഭാഷയില്‍ അയാള്‍ അത് ചോദിച്ചപ്പോള്‍ അറിയാതെ തന്നെ ആന്‍‍സിയുടെ കൈകള്‍ പേഴ്സിലേക്ക് ചെന്ന് വിരലില്‍ തടഞ്ഞ ഒരു നോട്ട് എടുത്തു പുറത്തേക്കു നീട്ടി. എന്നാല്‍ പെട്ടെന്ന് വല്ലാത്തൊരു വികാരവിക്ഷോഭത്തിന്നിരയായ പ്രതീതിയില്‍ അവളുടെ കണ്ണുകള്‍ അയാളുടെ തിളങ്ങുന്ന കണ്ണുകളില്‍ തന്നെ ഉടക്കി നിന്നു.

"മേഡം ദിസ്‌ ഈസ്‌ ഫൈവ് ഹണ്ട്രട്'സ് കറന്‍സി‌.. ഐ നീഡ്‌ ഒണ്‍‍ലി ഹണ്ട്രട്‌.. ടു ബൈ സം കളേര്‍സ്" (ഇത് അഞ്ഞൂറിന്റെ നോട്ട് ആണ് .. എനിക്ക് ഒരു നൂറു രൂപ മാത്രം മതി.. കുറച്ചു ചായങ്ങള്‍ വാങ്ങാന്‍). അത്ഭുതം സ്ഫുരിക്കുന്ന ഉന്മാദഭാവത്തോടെ അയാള്‍ മൊഴിഞ്ഞു. 

അത് അവളെ പെട്ടെന്ന് വര്‍ത്തമാനകാലത്തിലെക്കെത്തിച്ചു.

"ഇറ്റ്സ് ഓക്കേ.. കീപ്‌ ഇറ്റ്...‌ നോ പ്രോബ്ലം.." (അത് സാരമില്ല.. വച്ചോളൂ) 

"താങ്ക്സ് എ ലോട്ട് മേഡം.. ഫോര്‍ യുവര്‍ കൈന്റ്റ്നെസ്സ്"  (നിങ്ങളുടെ ദയാവിനു നന്ദി പറയുന്നു)

കൈ ഉയര്‍ത്തി സലാം പറഞ്ഞു കൊണ്ട് അയാള്‍ നില്‍‍ക്കവെ ഈര്‍ഷ്യയോടെ വണ്ടി മുന്നോട്ടെടുത്തു കൊണ്ട്  ഡ്രൈവര്‍ മുറുമുറുത്തു.

"ഇതുങ്ങളൊക്കെ ജോലിക്കും വേലക്കും ഒന്നും പോകാതെ ഇവിടെ വരുന്നവരെ പിഴിയാനായി നില്‍‍ക്കുന്നവന്മാരാ.. മനുഷ്യന്‍ രാവിലെ മുതല്‍ രാത്രി വരെ ചോര നീരാക്കിയാലും കുട്ടി ഇപ്പോള്‍ ആ തെണ്ടിക്ക് കൊടുത്ത പൈസയോളം കിട്ടില്ല്യാ... കഷ്ടം.. ഇങ്ങനെ കൊടുക്കാനും ഉണ്ടല്ലോ ഇഷ്ടം പോലെ ആളുകള്‍.. പിന്നെങ്ങന്യാ ഈ വകക്കാര്‍ ജോലി ചെയ്യാ?.. "

അത് കേട്ട് അവള്‍‍ക്കു ആ വയസ്സനോട്‌ നീരസം തോന്നാതിരുന്നില്ലയെങ്കിലും മൌനം പാലിച്ചു.

ആ കണ്ണുകള്‍ തനിക്കു നല്ല പരിചയം ഉണ്ട്.. എവിടെയായിരിക്കും?.. മനസ്സ്, ചിലന്തിവല കെട്ടിയ ഓര്‍മ്മകളിലൂടെ അന്വേഷണം തുടങ്ങി.  ഇടയ്ക്കിടെ ഡ്രൈവര്‍ നാടിനെക്കുറിച്ചും റോഡിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അവള്‍ അതിനൊന്നും ചെവി കൊടുത്തില്ല. നാട്ടിന്‍ പുറത്തെ ഡ്രൈവര്‍‍മാരുടെ പൊതുസ്വഭാവം അവള്‍ക്കറിയാം. യാത്രക്കാര്‍ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും അവര്‍ എന്തെങ്കിലും യഥേഷ്ടം പറഞ്ഞു കൊണ്ടേ ഇരിക്കും.

ചിലന്തിവലകള്‍ ഓരോന്നോരോന്നായി തരണം ചെയ്തു മനസ്സ് സസൂക്ഷ്മം പ്രയാണം തുടരുന്നുണ്ടായിരുന്നു.  കുട്ടിക്കാലം.. പള്ളിക്കൂടം.. എഞ്ചിനീയറിംഗ് കോളേജ്.. ടൈപ്പിംഗ്‌ സെന്‍റെര്‍..  കമ്പ്യൂട്ടര്‍ ക്ലാസ്... ഗുരുവൃന്ദം.. ഇല്ല ആ കണ്ണുകള്‍ അവിടെയെവിടെയും ഇല്ല. ഭൂതകാലത്തിലൂടെയുള്ള സുദീര്‍ഘമായ സഞ്ചാരത്തിനിടയില്‍ നീണ്ട പ്രവാസകാലയളവില്‍ നാടിനു വന്നു ചേര്‍ന്നിരിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കാനും മറന്നു പോയി.

"കൊച്ചേ പള്ളി എത്തി.. ഇനി എങ്ങോട്ടാ?.. "

ചിന്തയില്‍ നിന്നുണര്‍ന്നു നോക്കുമ്പോള്‍ പള്ളിയുടെ മുന്‍പിലുള്ള റോഡരികത്ത് വണ്ടി നിര്‍ത്തിയിരിക്കുന്നതായി കണ്ടു.  പെട്ടെന്ന് കാറില്‍ നിന്നും ഇറങ്ങി.

"ഇവിടെ അല്‍പ്പം വെയിറ്റ് ചെയ്യണേ.. ഒന്ന് പള്ളിയില്‍ കയറിയിട്ട് വരാം.."

പടികള്‍ ‍കയറി പള്ളിമുറ്റത്തേക്ക് കയറവേ.. അല്‍പ്പം ദൂരെയായി സ്ഥിതി ചെയ്യുന്ന സെമിത്തേരിയിലേക്ക് അവളുടെ ദൃഷ്ടികള്‍ പാഞ്ഞു. തന്‍റെ ഉറ്റ കൂട്ടുകാരിയായിരുന്ന എല്‍സമ്മയുടെ ആത്മാവ് നിദ്ര കൊള്ളുന്ന സ്ഥലം. നിറഞ്ഞ കണ്ണുകള്‍ തുടച്ചു കൊണ്ട് വിജനമായ സെമിത്തേരിയിലേക്ക് കയറുമ്പോള്‍ കവാടത്തിലുള്ള ‍ശുഭ്രവസ്ത്രധാരിയായ കാവല്‍ മാലാഖയുടെ മുഖത്ത് പെട്ടെന്നൊരു പ്രസാദം നിറഞ്ഞത് പോലെ!

'താന്‍ വരുന്നത് കണ്ട് ഇനി അവള്‍...!' ഒരു നിമിഷം.. മനസ്സിലൂടെ ഒരു ഇളംതെന്നല്‍ വീശിയ പ്രതീതി.

കല്ലറയുടെ മുമ്പില്‍ നിന്നു പ്രാര്‍ത്ഥിച്ചു കുരിശു വരച്ചു എല്‍സമ്മയുടെ ആത്മാവിനോട് പോകാനുള്ള മൌനാനുവാദം വാങ്ങിക്കൊണ്ടു തിരിഞ്ഞു. 

"മോള് ജോസ് ലോക്ട്ടറുടെ......?"

സെമിത്തേരിയില്‍ വര്‍ഷങ്ങളായി കുഴിവെട്ടുകാരനായി ജോലി നോക്കുന്ന റപ്പായി ചേട്ടന്‍ ഒരു കൈലി മാത്രമുടുത്ത് തൂമ്പയുമായി നില്‍ക്കുന്നു.

"അതെ റപ്പായി ചേട്ടാ... ഞാന്‍ വരുന്ന വഴിയാ.."

പേഴ്സ് തുറന്നു ഒരു നോട്ടെടുത്ത് അയാള്‍ക്ക്‌ കൊടുത്ത് അവള്‍ അവിടെ നിന്നും ഇറങ്ങി. വീട്ടുപടിക്കല്‍ എത്തിയപ്പോള്‍ പടിയടച്ചിട്ടിരിക്കുന്നത് കണ്ടു. അത് തള്ളിത്തുറന്നു പൂമുഖത്ത് കയറി കോളിംഗ് ബെല്‍ അടിച്ചിട്ടും ആരും പുറത്തു വരാതായപ്പോള്‍ അവള്‍ റോമിങ്ങില്‍ ആയിരുന്ന തന്‍റെ മൊബൈല്‍ എടുത്തു മമ്മക്ക് ഫോണ്‍ ചെയ്തു. അടുക്കളപ്പുറത്തെ പച്ചക്കറിച്ചെടികള്‍ക്ക് നനച്ചു കൊണ്ട് നിന്ന റോസി അടുത്തു വച്ചിരുന്ന മൊബൈല്‍ എടുത്തു.

"എന്താ റോസിക്കുട്ടി ചെയ്യുന്നേ? കുറെ നേരം ആയല്ലോ ഞാന്‍ വിളിക്കുന്നു... ജോസ് ഡോക്റ്റര്‍ ഇല്ല്യേ അവിടെ?.. "

"പോടീ കൊരങ്ങെ.. നീയിങ്ങോട്ട് വാ.. പെറ്റ  തള്ളയേയും തന്തയേയും പേര് വിളിക്കുന്ന നിന്റെ ശീലം ഞാന്‍ മാറ്റിത്തരുന്നുണ്ട്ട്ടോ.."

"എന്താ റോസീ... ഇങ്ങനെ ചൂടാവുന്നേ.. ദേ ഒണക്കാനിട്ട കൊപ്രക്കഷണങ്ങള്‍ കാക്ക കൊണ്ട് പോകുന്നു..."

ഞെട്ടിത്തിരിഞ്ഞു നോക്കിയ റോസിക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അപ്രതീക്ഷിതമായി തന്‍റെ പ്രിയ മകള്‍ ഇതാ കണ്മുന്നില്‍!. ചെടികള്‍ക്ക് നനച്ചു കൊണ്ടിരുന്ന വെള്ളത്തിന്റെ പൈപ്പ് അവിടെത്തന്നെ ഉപേക്ഷിച്ചു ഓടി വന്നു അവളെ പുണര്‍ന്നു.

"നിനക്കിപ്പോഴെങ്കിലും ഞങ്ങളെയൊക്കെ ഒന്ന് കാണാന്‍ തോന്നിയല്ലോ.. വര്‍ഷം ഒന്നും രണ്ടുമല്ല ആറു കഴിഞ്ഞു നീ പോയിട്ട് എന്ന് വല്ല ഓര്‍മ്മയും ഉണ്ടോ നിനക്ക്?.. നിന്‍റെ കൂട്ടുകാരികള്‍ക്കൊക്കെ ഇപ്പോള്‍ രണ്ടും മൂന്നും കുട്ട്യോളാ.. ഒരു കുഞ്ഞിക്കാല്‍ ഈ വീട്ടില്‍ ഓടി നടക്കുന്നത് കാണാന്‍ ഞങ്ങള്‍ക്കുമുണ്ടാവില്ല്യെ മോഹം?.."

ഇത്രയും പറയുമ്പോഴേക്കും റോസി ഗദ്ഗദപ്പെട്ടു സാരിത്തലപ്പു കൊണ്ട് കണ്ണുനീര്‍ തുടച്ചു.

"കരയല്ലേ എന്‍റെ പൊന്നു റോസിക്കുട്ടീ.. ഛെ ഛെ.. എന്തായിത് കൊച്ചു കുട്ടികളുടെ പോലെ..   ദേ നില്‍ക്കുന്നൂ ഞാന്‍.. ഇനി നിങ്ങള്‍ എന്ത് വേണേലും ചെയ്തോളൂ.. പോരേ?..

മമ്മയെയും കെട്ടിപ്പിടിച്ചു അകത്തേക്ക് കടക്കുമ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന പട്ടിക്കൂട് അവള്‍ ശ്രദ്ധിച്ചു. മകളുടെ നോട്ടത്തിന്‍റെ അര്‍ഥം മനസ്സിലാക്കിയെന്നോണം മമ്മ പറഞ്ഞു

"നിന്‍റെ ജൂലിയെ കഴിഞ്ഞ മാസം വെഷനായ കടിച്ചു. പേയിളകിയപ്പോള്‍ മൃഗാശുപത്രിയില്‍ നിന്നും ഡോക്റ്ററെ വരുത്തി ഇന്‍ജക്ഷന്‍ കൊടുപ്പിച്ചു അതിനെ കൊല്ലേണ്ടി വന്നു. നിനക്ക് വെഷമാവുംന്നു കരുതിയാ പറയാഞ്ഞേ"
  
പെട്ടെന്ന് വന്ന വിഷാദം മനസ്സില്‍ ഒതുക്കി അവള്‍ അകത്തേക്ക് അമ്മയെ അനുഗമിച്ചു.

"പപ്പാ എന്ത്യേ.. മമ്മാ?"

"പപ്പക്ക് മാനന്തവാടിയില്‍ ഒരു മെഡിക്കല്‍ ക്യാമ്പ്.. അവിടത്തെ സീനിയര്‍ ഡോക്റ്റര്‍ ആയി കലക്റ്റര്‍ നോമിനേറ്റ് ചെയ്തത് പപ്പയെയാ.. രണ്ടു ദിവസം കഴിഞ്ഞു വരും.." പാല്‍ പാത്രം വച്ചു ഗ്യാസടുപ്പ് കത്തിക്കുന്നതിനിടെ റോസി പറഞ്ഞു.

അത്താഴം കഴിഞ്ഞു കിടക്കവേ രാവിലെ മനസ്സിനെ ഉന്മാദിപ്പിച്ച കണ്ണുകള്‍ വീണ്ടും അവളുടെ ചിന്തകളെ വേട്ടയാടി. അലമാരി തുറന്നു ആല്‍ബം എടുത്തു പഴയകാല ഫോട്ടോകളിലൂടെ ഒരു സഞ്ചാരം. പൊടുന്നനെ അതിലെ ഒരു വ്യക്തിയുടെ കണ്ണുകളില്‍ തേടിയ തിളക്കം അവള്‍ കണ്ടെത്തി. 

യെസ്.. ഇറ്റ്‌ വാസ് ഹി.. രമേശന്‍.. തന്‍റെ സഹപാഠിയായ അമൃതയുടെ സഹോദരന്‍‍. ഏതു വ്യക്തിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആയിരുന്നുവോ, തന്‍റെ മനസ്സിനെ ഒരു തിരിച്ചു വരവിനെക്കുറിച്ച് ചിന്തിക്കാന്‍ വരെ അശക്തമാക്കി, നീണ്ട ആറുവര്‍ഷങ്ങളുടെ    പ്രവാസത്തില്‍ തന്നെ തളച്ചിട്ടിരുന്നുവോ, ആ വ്യക്തിയെ തന്നെ വിധി, ജന്മനാട്ടില്‍ കാലുകുത്തിയ നിമിഷമാത്രയില്‍ തന്‍റെ മുന്നില്‍ കൊണ്ടെത്തിച്ചിരിക്കുന്നു.

ശീതീകരിച്ച മുറിയിലും അവളുടെ നെറ്റിയില്‍ വിയര്‍പ്പുകണികകള്‍  പൊടിഞ്ഞു. 

എഞ്ചിനീയറിംഗ് അവസാന സെമസ്റ്ററിലെ പാഠങ്ങള്‍ ചര്‍ച്ച ചെയ്തു പഠിക്കാനായി താന്‍ പലപ്പോഴും അമൃതയുടെ വീട്ടില്‍ പോകുമ്പോഴെല്ലാം രമേശനുമായി ഇടപഴകാനുള്ള അവസരങ്ങളും ജനിക്കുമായിരുന്നു. കൂട്ടുകാരിയുടെ സഹോദരന്‍ തന്‍റെയും സഹോദരന്‍ എന്ന രീതിയിലായിരുന്നു ആദ്യത്തെ ഇടപഴകലുകള്‍. ഒരു വയസ്സിനു മാത്രം മുതിര്‍ന്ന രമേശന്‍ ബുദ്ധിമാനും  സുമുഖനും ഇലക്ട്രോണിക്സിലെ തങ്ങളുടെ സംശയ നിവാരണങ്ങളെല്ലാം ഞൊടിയിടയില്‍ തന്നെ നടത്തി തന്നു കൊണ്ടിരിന്നിരുന്നു. അവനോടു മനസ്സില്‍ രൂപപ്പെട്ട ആരാധന കാലക്രമേണ നല്ലൊരു സുഹൃത്ബന്ധത്തില്‍ എത്തിച്ചു. അമൃതയുടെ അഭാവത്തില്‍ രമേശന്‍  പലപ്പോഴും സൂര്യന് കീഴിലുള്ള ഒട്ടനവധി വിഷയങ്ങളെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യുമായിരുന്നു. താനും അവന്റെ വ്യക്തിത്വത്തില്‍ മതിമറന്നു ആദ്യമായി തനിക്കു ലഭിക്കുന്ന ഒരു നല്ല ആണ്‍സുഹൃത്ത് എന്ന രീതിയില്‍ അവനെ മനസ്സാല്‍ പരിഗണിക്കുകയും എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുകയും ചെയ്തു. പലപ്പോഴും അപ്രതീക്ഷിതമായി അമൃത കടന്നു വരുന്ന നിമിഷങ്ങളില്‍ അത് വരെ സംസാരിച്ചിരുന്ന വിഷയത്തില്‍ നിന്നും രണ്ടു പേരും അറിയാതെ തന്നെ വ്യതിചലിച്ചിരുന്നതിന്‍റെ കാരണം തേടിയ ഒരു ഏകാന്ത നിമിഷത്തില്‍ തനിക്കു ഒരു കാര്യം ബോധ്യമായി. തന്‍റെ ഹൃദയത്തില്‍ രമേശനോടു പ്രണയം മൊട്ടിട്ടിരിക്കുന്നു. അവനെ കാണാത്ത ഒരു ദിവസം ചിന്താകുലമാവുന്ന തന്‍റെ മനസ്സിന്‍റെ ദുരവസ്ഥ സ്വയം തിരിച്ചറിഞ്ഞ നിമിഷം ഒരു മാനസിക സംഘട്ടനം തന്നെ നടക്കുകയായിരുന്നു മനസ്സില്‍. ഇല്ല മനസ്സിനെ ഇനി അനിയന്ത്രിതമായി മേയാന്‍ വിട്ടു കൂടാ. വ്യത്യസ്ത മതം, സാമ്പത്തികമായി ഉള്ള അന്തരം, പിന്നെ വീട്ടിലെ കാരണവന്മാരുടെ കണിശസ്വഭാവങ്ങള്‍ മാത്രമല്ല, വിവാഹത്തിനു ശേഷം വര്‍ഷങ്ങള്‍ കാത്തിരുന്നു മാതപിതാക്കള്‍ക്കുണ്ടായ ഏക സന്താനമായ താന്‍ അവരുടെ മനസ്സ് വേദനിപ്പിച്ചാല്‍ അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ ആയിരിക്കും അത് സൃഷ്ടിക്കുക.

ഒരു പെണ്‍കുട്ടിക്കും ഇതരലിംഗത്തില്‍ നിന്നും ഉള്ള ഒരു വ്യക്തിയെ ഒരു നല്ല സുഹൃത്ത് എന്ന് മാത്രമായി പരിഗണിക്കാന്‍ ഒരിക്കലും സാധ്യമല്ല എന്ന് സ്വാനുഭവം പഠിപ്പിച്ച പാഠത്തില്‍ നിന്നും ഊര്‍ജ്ജം വരിച്ചു കൊണ്ട് അമൃതയുടെ വീട്ടിലേക്കുള്ള പോക്ക് ഒഴിവാക്കാനായി
ബോധപൂര്‍വ്വം കാരണങ്ങള്‍ നിരത്തി, പകരം പഠനത്തിനായി അവളെ തന്‍റെ വീട്ടിലേക്കു വരാന്‍ നിര്‍ബന്ധിതയാക്കി. തന്‍റെ ഇപ്പോഴത്തെ മാനസീകാവസ്ഥ വച്ച് ഒരിക്കലും ഒരു നല്ല സുഹൃത്ത് എന്ന രീതിയില്‍ രമേശനെ കാണാനാവില്ല. അവന്റെ അനിതരസാധാരണമായ വ്യക്തിത്വം നിരന്തരമായ ഇടപഴകളിലൂടെ തന്നെ സ്വാര്‍ത്ഥമായി സ്വാധീനിച്ചിരിക്കുന്നു.

ദിവസങ്ങള്‍ക്കു ശേഷം ഒരിക്കല്‍ പോലും ഇതിനു മുമ്പ് തന്നെ ഫോണ്‍ ചെയ്തിട്ടില്ലായിരുന്ന രമേശന്‍ മൊബൈലില്‍ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ താന്‍ അനുഭവിക്കുന്ന മാനസിക സംഘട്ടനത്തിനു സമാനമായത് അവനും അനുഭവിക്കുന്നുണ്ട് എന്ന് വ്യക്തമായി. ലിംഗഭേദങ്ങളിലുള്ളവര്‍ തമ്മിലുള്ള അതിരുകളില്ലാത്ത സൌഹൃദ ഇടപഴകലുകള്‍ കാലക്രമേണ അതിനെ സ്വാര്‍ത്ഥതയില്‍ പൊതിഞ്ഞ പ്രണയസരോവരത്തിലേക്ക്‌ ഒഴുക്കും എന്ന് ഒന്നാന്തരം വ്യക്തിപ്രഭാവത്തിന്നുടമയായ  രമേശനും അതിലൂടെ തെളിയിച്ചു.
അതിനാല്‍ ഒത്തിരി ഹൃദയ വേദനയോടെയാണെങ്കിലും രമേശുമായുള്ള ബന്ധത്തിന് പരിധികള്‍ നിര്‍ണ്ണയിച്ചേ തീരൂ എന്ന തീരുമാനത്തില്‍ താന്‍ ഉറച്ചു. പക്ഷെ പ്രണയവിരഹത്തിന്‍റെ മൂര്‍ത്തിമഭാവം മനസ്സിനെ  ഉന്മാദചിത്തമാക്കിയ  ഒരു ദുര്‍ബലനിമിഷത്തില്‍ രമേശന്‍ തന്‍റെ പപ്പയെ കണ്ട് ഇംഗിതം അറിയിച്ചു.  തന്‍റെ അഭിപ്രായം ആരായാതെത്തന്നെ  കലിതുള്ളി വീട്ടിലേക്കു വന്ന പപ്പ ഒത്തിരി വഴക്ക് പറഞ്ഞു. അന്ന് മുതല് രമേശന്റെ വീട്ടിലേക്കുള്ള തന്റെ സന്ദര്ശനത്തിനു എന്നെന്നേക്കുമായി വിലക്കേര്പ്പെടുത്തുകയും ചെയ്തു. മാത്രമല്ല ഇനിയും ബന്ധം തുടരാനാണ് ഭാവം എങ്കില് പപ്പയും മമ്മയും ഭൂമുഖത്ത് തന്നെ ഉണ്ടാവില്ല എന്ന ഭീഷണിയും.

ദിവസങ്ങള് മാസങ്ങള്ക്ക് വഴിമാറി. എഞ്ചിനീയറിംഗ് പരീക്ഷയില് റാങ്കോടെ വിജയം. പരീക്ഷാഫലം പുറത്തു വന്നതോടെ തന്‍റെ മൊബൈലില് വിജയാശംസകളുമായി വന്ന ആദ്യ സന്ദേശം രമേഷിന്റെതായിരുന്നു. അത് മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്ന തരളവികാരങ്ങളെ വീണ്ടും ഒരു മാത്രയുണര്‍ത്തിയെങ്കിലും അതിനു വശംവദയാകാതെ പിടിച്ചു നിന്നു. അനിയന്ത്രിതമായ വികാരങ്ങള്‍ക്ക് അടിമപ്പെടുന്ന സുഹൃത്ബന്ധങ്ങള്‍ ഒരിക്കലും നല്ല സൗഹൃദം എന്ന ഗണത്തില്‍ പെടുത്താനാവില്ല എന്ന തിരിച്ചറിവ് തനിക്കു ആത്മവിശ്വാസം പകര്‍ന്നു തന്നു. പരസ്പരം ഒരിക്കല്‍ പോലും കാണാതെ വരെ നല്ല സൗഹൃദം എന്ന നിലയില്‍ മനസ്സുകളില്‍ വിശ്വാസപാരമ്യം ദര്‍ശിക്കുന്ന അപക്വമനസ്സുകളോട് പുച്ഛം തോന്നി. എതിര്‍ലിംഗത്തില്‍ പെട്ട വ്യക്തിയുമായൊരു നല്ല സുഹൃത്ബന്ധം അസാധ്യം എന്ന് എന്ന് ശഠിക്കുന്നവരെ മൂരാച്ചികള്‍ എന്ന് താനും ഒരുപാട് വിളിച്ചിരുന്നപ്പോഴും മനസ്സില്‍ പൊടിപിടിച്ചു കിടന്ന സ്വാര്‍ത്ഥവികാരങ്ങളുടെ അവകാശസമരമായിരുന്നു അതെന്നു മനസ്സിലാക്കുന്നതില്‍ താനും പരാജയപ്പെട്ടു എന്നതില്‍ ലജ്ജയും തോന്നി.    
മാസങ്ങള്ക്കുള്ളില് തന്നെ അമേരിക്കയിലെ മൈക്രോസോഫ്ട് കമ്പനിയില് നിന്നും ജോലിവാഗ്ദാനം. പിന്നെ സമാഗതമാകുന്ന ഓണവും. പപ്പക്കും മമ്മക്കും സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു അന്നൊക്കെ.

അന്ന് ഉത്രാടദിനമായിരുന്നു. അമേരിക്കയിലേക്ക് പോകുന്നതിനു മുമ്പുള്ള ഓണം പൊടിപൊടിക്കാന്‍ വീട്ടുകാര്‍ കച്ച കെട്ടുന്നു. ഓണപ്പുടവകള്‍ എടുത്തു എല്‍സമ്മയോടൊത്ത് ജൌളിക്കടയില്‍ നിന്നും താന്‍ ഇറങ്ങുമ്പോള്‍ പുറത്തു കാത്തു നില്‍ക്കുകയായിരുന്നു രമേശ്‌. എന്നാല്‍ രമേശിനെ കണ്ട ഭാവം നടിക്കാതെ നടക്കാന്‍ തുടങ്ങിയ തന്നെ അവന്‍ തന്‍റെ  കൈകള്‍ നിവര്‍ത്തി തടഞ്ഞു നിര്‍ത്തി പറഞ്ഞു.
"ആന്‍സി.. വിവരങ്ങള്‍ എല്ലാം നിനക്കും നന്നായി അറിയാവുന്ന സ്ഥിതിക്ക് എനിക്ക് ചുരുങ്ങിയ വാക്കുകളില്‍ നിന്നോട് ചിലത് പറയാനുണ്ട്. ഏതോ ദുര്‍ബല നിമിഷത്തിന്റെ സ്വാധീനത്തില്‍ ഞാന്‍ അന്ന് നിന്‍റെ പപ്പയോടു സ്വയം മറന്നു സംസാരിച്ചു പോയി. എന്നോട് ക്ഷമിക്കണം. എനിക്ക് നിന്നോട് അത്രയ്ക്ക് പ്രണയമായിരുന്നു. എന്നാല്‍ വളരെ നാളത്തെ പരിശ്രമത്തിനു ശേഷം ഇപ്പോള്‍ ഞാന്‍ ആ ചേതോവികാരത്തെ ഒരു നല്ല സൌഹൃദമായി കാണാന്‍ ഹൃദയത്തെയും മനസ്സിനെയും ശീലിപ്പിച്ചു കഴിഞ്ഞു. ഇനിയുള്ള കാലം നമുക്ക് 'ബെസ്റ്റ് ഫ്രണ്ട്സ്' ആയിക്കഴിയുന്നതില്‍ ആന്‍സിക്ക് വിരോധം ഒന്നും ഉണ്ടാവില്ല്യല്ലോ. ആന്‍സീ ഐ ആം വെരി മച്ച് അപ്സെറ്റ്. ഏതെങ്കിലും ഒരു രീതിയില്‍ നീ എന്‍റെ  ജീവിതത്തില്‍ ഇല്ലായെങ്കില്‍ ഒരുപക്ഷെ എനിക്ക് പിടിച്ചു നില്‍ക്കാനാവില്ല. നീ എന്നോട് ഒരിക്കലും മിണ്ടിയില്ലെങ്കിലും കണ്ടില്ലെങ്കിലും എനിക്ക് വേദനിക്കില്ല. പക്ഷെ മനസ്സില്‍ ഒരു നല്ല സുഹൃത്തിന്‍റെ സ്ഥാനം നീ ദയവു ചെയ്തു നിഷേധിക്കരുത്"

മറ്റുള്ളവര്‍ ആരും അത് ശ്രദ്ധിക്കുന്നില്ലായിരുന്നെങ്കില്‍ കൂടി മനസ്സില്‍ അനേക ദിവസങ്ങള്‍ക്കും മുമ്പേ ഉറഞ്ഞു കൂടിയിരുന്ന ഉത്തരം അന്ന് തന്‍റെ അധരങ്ങള്‍ മൊഴിഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.

"രമേശ്‌.. ആത്മാര്‍ഥമായി നീ ആഗ്രഹിക്കുന്ന ഉത്തരം തരാന്‍ എനിക്കാവില്ല്യ. രമേശിന്റെയും എന്‍റെയും മനസ്സാക്ഷികളെ അറിഞ്ഞു കൊണ്ട് ഏതാനും വാക്കുകള്‍ കൊണ്ട് വഞ്ചിക്കാന്‍ എനിക്ക് സാധിക്കില്ല്യ. മാത്രമല്ല എനിക്ക് ജന്മം നല്‍കിയ എന്‍റെ പപ്പയെയും മമ്മയെയും എനിക്ക് ജീവനോടെ വേണം രമേശ്‌..  പ്ലീസ് എന്നെ പോകാന്‍ അനുവദിക്കൂ" 

ഇത് കേട്ട് അസ്തപ്രജ്ഞനായി നിന്ന രമേശിനെ ഗൌനിക്കാത്ത രീതിയില്‍ തലകുമ്പിട്ടു റോഡ്‌ ക്രോസ്സ് ചെയ്യാന്‍ തുടങ്ങിയ തന്‍റെ കണ്ണുകളില്‍ നിന്നും അടര്‍ന്ന ചുടുനീര്‍ത്തുള്ളികള്‍ ടാറിട്ട റോഡില്‍ വീണു ചിതറിയത് അവന്‍ കണ്ടിരുന്നോ ആവോ. പെട്ടെന്നാണ് പുറകില്‍ നിന്ന് ശക്തമായ ഒരു തള്ളലും ഭയങ്കരമായ ഒരു ശബ്ദവും ഉണ്ടാകുന്നത്. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് ഹൃദയഭേദകമായ കാഴ്ച. തന്‍റെ പുറകിലായി റോഡ്‌ മുറിച്ചു കടന്നിരുന്ന എല്‍സമ്മയും, സ്വജീവന്‍ പണയം വച്ച്, പാഞ്ഞു വന്ന ടിപ്പര്‍ ലോറിയുടെ അപകടമുഖത്തു നിന്നും അവസരോചിതമായി തന്നെ തള്ളി നീക്കിയ രമേശനും, ചോരയില്‍ കുളിച്ചു കിടക്കുന്നു. തന്‍റെ പ്രിയപ്പെട്ട ബാല്യകാലസഖിയായ  എല്‍സമ്മ അന്ന് തനിക്കു എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. തലയ്ക്കു സാരമായ ക്ഷതം പറ്റിയിരുന്ന രമേശന് ശസ്ത്രക്രിയക്കു ശേഷം ശരിയായ ബോധം തിരിച്ചു കിട്ടിയില്ല.

ഇന്ന് രമേശന്‍ പ്രശസ്തനായ മാനസീകരോഗവിദഗ്ദന്‍ ജോസ് പുലിക്കോടന്റെ - തന്‍റെ പപ്പയുടെ ചികിത്സയിലാണ്. ഇടയ്ക്കിടെ സുബോധം നഷ്ടപ്പെട്ടു അലഞ്ഞു തിരിയുന്ന രമേശന്‍ കവലയിലെ ചുമരുകളിലും മറ്റും നിറയെ   "ആന്‍സി ഐ ആം നോട്ട് യുവര്‍ ലവര്‍ ബട്ട്‌ എ ബെസ്റ്റ് ഫ്രണ്ട്" എന്ന് എഴുതി നടന്നിരുന്നു എന്ന് അമേരിക്കയില്‍ എത്തിയ ശേഷം അറിഞ്ഞപ്പോള്‍ അടക്കാനാവാത്ത കുറ്റബോധം തോന്നി. ഒരു പക്ഷെ തന്‍റെ വാക്കുകള്‍ ആയിരിക്കുമോ അയാളെ അങ്ങനെയുള്ള അവസ്ഥയിലേക്ക് തള്ളി വിട്ടിരിക്കുക എന്നൊക്കെയോര്‍ത്ത് ഒരു പാട് നാള്‍ മനസ്സ് അസ്വസ്ഥമായിരുന്നു.  
 
"ഒരുകണക്കിന് അവനു സുബോധം തിരിച്ചു കിട്ടാതിരിക്കുന്നതാ നല്ലത് . അല്ലെങ്കില്‍... " എന്ന് ഒരു ദിവസം മമ്മയോട് പപ്പ പറഞ്ഞു പോലും. കഷ്ടം...

ആ ഓര്‍മ്മയില്‍ നിന്നുമുരിത്തിരിഞ്ഞത് പോലെ പെട്ടെന്ന് ഒരു കൊടുങ്കാറ്റു അവളുടെ മനസ്സില്‍ ആഞ്ഞടിച്ചു.

'ഇനി പപ്പയെങ്ങാനും... ഈശ്വരാ...'

എന്തായാലും രമേശിനെ ഉടനെ കണ്ടേ തീരൂ.. ഉറക്കം വരാതെ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. രാത്രിയുടെ നിമിഷങ്ങള്‍ക്ക് ദൈര്‍ഘ്യമേറിയത് പോലെ അവള്‍ക്കു തോന്നി.
 
അതിരാവിലെ തന്നെ ഒരു ടാക്സി പിടിച്ചു അവള്‍ വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങി. വിമാനത്താവളത്തിന് മുമ്പുള്ള ഒരു കവലയില്‍ തടിച്ചു കൂടിയ ഒരു ജനക്കൂട്ടം വാഹനഗതാഗതം മന്ദീഭവിപ്പിച്ചിരിക്കുന്നൂ. അതിനടുത്തു കൂടി കടന്നു പോകുമ്പോള്‍ ആളുകളുടെ സംസാരത്തില്‍ നിന്നും ഒരു ഭ്രാന്തനെ ടിപ്പര്‍ ലോറിയിടിച്ചതാണെന്നു മനസ്സിലായി.  ഒരു മിന്നല്‍പ്പിണര്‍ അവളുടെ ഹൃദയത്തിലൂടെ കടന്നു പോയി. കാര്‍ നിര്‍ത്താനാവശ്യപ്പെട്ടു അവള്‍ അതില്‍ നിന്നും ചാടിയിറങ്ങി ജനക്കൂട്ടത്തിനു മദ്ധ്യത്തിലേക്ക്‌ പാഞ്ഞു ചെന്നു. പ്രതീക്ഷകള്‍ വിരുദ്ധമായിരുന്നില്ല. ചോരയില്‍ കുളിച്ചു പുഞ്ചിരിക്കുന്ന മുഖഭാവവുമായി കണ്ണടച്ച് രമേശന്‍ മലര്‍ന്നു കിടക്കുന്നു.
അവള്‍ നിയന്ത്രണം വിട്ട് അവന്റെ മാറത്തോട്ടു വീണു അലമുറയിട്ടു കരഞ്ഞു. "രമേശ്‌ കണ്ണ് തുറക്കൂ. ദേ.. നിന്റെ ബെസ്റ്റ് ഫ്രണ്ട് വന്നു.. നിനക്കിഷ്ടമുള്ള വെള്ളയുടുപ്പിട്ടു കൊണ്ട്.. പ്ലീസ് പ്ലീസ് കണ്ണ് തുറക്ക്.. നിനക്ക് ഒന്നും പറ്റിയിട്ടില്ല്യ.. പ്ലീസ് രമേശ്‌ എണീക്കൂ.. നമുക്ക് ആശുപത്രിയിലേക്ക് പോകാം.. ചേട്ടന്മാരേ.. ഒന്ന് സഹായിക്കൂ.. നമുക്ക് രമേശനെ ആശുപത്രീലേക്ക് കൊണ്ട് പോകാം.. പ്ലീസ് ഹെല്പ് പ്ലീസ്.."   
         
"അതിന്റെ കാറ്റ് എപ്പോഴേ പോയതാ കുട്ട്യേ.. ഇനി മെനക്കെട്ടട്ടൊന്നും ഒരു കാര്യോല്ല്യാ... സമയമാവുമ്പോള് എല്ലാവരും പോകും.. പൈസ ഒത്തിരിയുണ്ടായിട്ടു എന്താ കാര്യം.. അസുഖത്തിനു മര്യാദക്ക് ചികിത്സിക്കാതെ ഇതേ പോലെ തെണ്ടാന് വിട്ടിട്ടു ഇപ്പോള് കരയുന്നു പോലും..     ഇത്രേം കാലം ഒരു പട്ടി പോലും തിരിഞ്ഞു നോക്കാന് ഉണ്ടായിരുന്നില്ല്യ.. മരിച്ചപ്പോള് ഇതാ ആവശ്യക്കാര് മാനത്തൂന്ന് പൊട്ടി വീണിരിക്കുന്നൂ.. പെങ്ങളേ ഒന്ന് മാറിക്കിടക്കൂ.. മരിച്ചാലെങ്കിലും അതിനു ഒരു സമാധാനം കൊടുക്കൂ.. "   
ഒരു മദ്ധ്യവയസ്കനായ വഴിപോക്കന്റെ വായില് നിന്നും വീണ വാക്കുകള് ഒരു മുള കീറുന്നത് പോലെ അവളുടെ മനസ്സിനെ കീറിമുറിച്ചു.
"ഇല്ലാ... എന്റെ രമേശിന് ഒന്നും സംഭവിച്ചിട്ടില്ല്യ.. നിങ്ങള്‍ എന്താ ഈ പറയുന്നേ..? രമേശ്‌ എണീക്കൂ.. വാ നമുക്ക് പോകാം രമേശ്‌.. പ്ലീസ് എണീക്കൂ... "
നിഷ്ക്രിയരായ ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി പോലീസ് അടുത്തെത്തുമ്പോഴേക്കും കരഞ്ഞു തളര്‍ന്നു ബോധം മറഞ്ഞു ആന്‍സി രമേശന്‍റെ  അരികിലേക്ക് ചരിഞ്ഞു വീണു കഴിഞ്ഞിരുന്നു.

******************************************************************************************************
ബാംഗ്ലൂര്‍ നാഷ്ണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സിന്‍റെ (നിംഹാന്‍സ്) സന്ദര്‍ശന മുറിയിലിരുന്നു ഡോക്റ്റര്‍ ജോസ് പുലിക്കോടന്‍ വിയര്‍ത്തു. അമേരിക്കയില്‍ നിന്നും എത്തിയ ന്യൂറോ സര്‍ജന്‍ അല്‍പ്പസമയത്തിനുള്ളില്‍ ആന്‍സിയുടെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തും.

'നാട്ടിലെ പ്രശസ്തനായ ഒരു ന്യൂറോളോജിസ്റ്റ് ആയിട്ടും തന്‍റെ ചികില്‍സാപരിധിയും വിട്ടു നീ മുന്നോട്ടു പോയല്ലോ എന്റെ പോന്നു മോളേ.. നിന്‍റെ കാര്യമറിഞ്ഞ്‌
ബോധം നഷ്ടപ്പെട്ടു നിന്‍റെ മമ്മയും  നാട്ടിലെ ഏതോ ഹോസ്പിറ്റലില്‍.. ദൈവമേ ഞാന്‍ സ്വാര്‍ത്ഥമായി വല്ല തെറ്റുകളും നിന്നോട് ചെയ്തിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണേ.. എന്‍റെ പൊന്നു മോളെയും റോസിയേയെയും എനിക്ക് തിരിച്ചു തരണേ'

നാട്ടിലെ പേര് കേട്ട മാനസീക രോഗ വിദഗ്ദനായ ഡോക്റ്റര്‍ ജോസ് മാനസീകാവസ്ഥ തെറ്റിയ അവസ്ഥയില്‍ ഇരുന്നു വിലപിച്ചു.

"ഡോക്റ്റര്‍ ജോസ്.. ഹൈ... പ്ലീസ് പ്രേ ഫോര്‍ മീ ടു പെര്‍ഫോം ദിസ്‌ സര്‍ജറി വെല്‍.. നോ ആഡ്വന്‍ട്ടേജ് ഇന്‍ ക്രയിന്‍ന്ഗ് ലൈക്‌ ദിസ്‌. സീ യു മിസ്റ്റര്‍.." (ഹായ് ഡോക്റ്റര്‍ ജോസ്.. ദയവായി ഈ ശസ്ത്രക്രിയ എന്നിലൂടെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ പ്രാര്‍ത്ഥിക്കൂ. വെറുതെ ഇങ്ങനെ കരഞ്ഞിട്ടു ഒരു കാര്യവുമില്ല. പിന്നെ കാണാം)          

ഓപ്പറേഷന്‍ തീയെറ്ററിന്‍റെ വാതില്‍ അടഞ്ഞപ്പോള്‍ അതിനു മുമ്പില്‍ ജ്വലിച്ചു നിന്ന ചുവന്ന ലൈറ്റിന്റെ ശോഭയിലും ദുഃഖപരവശനായ ആ പിതാവ് സാന്ത്വനമരീചികകള്‍ തേടി. 
                                                               - ജോയ് ഗുരുവായൂര്‍

വാടക കൊലയാളി


"മാമാ.. മാമാ.. ഇന്‍റെ സൈക്കിള്‍ ഒന്ന് നേര്യാക്കിത്തര്വോ?..."   രതീഷ്‌ ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു. വീട്ടുമുറ്റത്ത് ചങ്ങല തെന്നിപ്പോയ കൊച്ചു സൈക്കിളുമായി തന്‍റെ മുഖത്തേക്ക് വിഷാദഭാവത്തോടെ നോക്കി നില്‍ക്കുന്ന നാല് വയസ്സ് പ്രായമുള്ള അരുണ്‍... ചന്ദ്രദാസിന്‍റെ മകന്‍. 
"അതിനെന്താ മോനേ.. മാമന്‍ ഇപ്പൊ ശര്യാക്കിത്തരാലോ"  എന്ന് പറഞ്ഞു മുറ്റത്തേക്കിറങ്ങി ഞൊടിയിടയില്‍ അത് ശരിയാക്കിക്കൊടുക്കുന്നതിനിടെ രതീഷ്‌ ചോദിച്ചു. "മോന്‍റെ അച്ഛനും അമ്മയും എന്തേ ഇനിയും വരാത്തേ?.. മുത്തശ്ശി പറഞ്ഞ നേരൊക്കെ കഴിഞ്ഞൂലോ?"..
"ഇപ്പൊ വരും മാമാ.. അച്ഛന്‍ മണിക്കുട്ടന് പാപ്പം വാങ്ങി ഇപ്പൊ വരൂലോ.." എന്ന് പറഞ്ഞു അവന്‍ സൈക്കിളില്‍ കയറി വീണ്ടും മുറ്റത്ത് പ്രദക്ഷിണം ആരംഭിച്ചു. 

ഒരു മണിക്കൂറിനു മുകളില്‍ ആയി രതീഷ്‌ ചന്ദ്രദാസിനെ 
പ്രതീക്ഷിച്ചുള്ള ഇരിപ്പ് തുടങ്ങിയിട്ട്. ദൂരയാത്ര ചെയ്ത ക്ഷീണവും കാത്തിരിപ്പിന്‍റെ അസ്വസ്ഥതയും അയാളുടെ മുഖത്തു നിഴലിച്ചിരുന്നു. ചന്ദ്രദാസിന്‍റെ വൃദ്ധയായ മാതാവ് കൊണ്ട് വന്നു തന്നിരുന്ന കടുംകാപ്പി ചിന്തകള്‍ക്കിടയില്‍ പകുതി കഴിക്കാന്‍ മറന്നു പോയ അവസ്ഥയില്‍ തിണ്ണയില്‍ ഇരിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു.  ഉമ്മറത്തെ പഴകിയ ചാരു കസേരയില്‍ വീണ്ടും കയറിയിരുന്നു ആ തണുത്ത കാപ്പി അയാള്‍ കുടിച്ചു തീര്‍ക്കുമ്പോഴേക്കും വീട്ടുപടിക്കല്‍ സൈക്കിളിന്‍റെ മണിനാദം കേട്ടു രതീഷ്‌ അവിടേക്ക് നോക്കി. പഴകിയ ഒരു സൈക്കിള്‍ ഉന്തിക്കൊണ്ട് വെള്ളമുണ്ടിന്‍റെ ഒരു കോന്തല കക്ഷത്തില്‍ ഇറുക്കിപ്പിടിച്ചു കൊണ്ട് ചന്ദ്രദാസും ഭാര്യ സുശീലയും ചിരിച്ചു സംസാരിച്ചു കൊണ്ട് പടി കടന്നു വരുന്നത് കണ്ടു. അവരെ കണ്ട വഴി മണിക്കുട്ടന്‍ ഓടി ചെന്ന് അവരെ വട്ടം പിടിച്ചു. ചന്ദ്രദാസ്‌ സൈക്കിള്‍ സ്റ്റാന്‍ഡില്‍ വച്ച് അവനെ വാരിയെടുത്തു കവിളില്‍ ചുംബിച്ചു. 

"അച്ഛാ.. ദേ ഒരു മാമന്‍ വന്നേക്കണൂ.. നല്ല മാമനാ..ട്ടോ..   ന്‍റെ സൈക്കിള് നാശായപ്പോ മാമനാ നന്നാക്കിത്തന്നേ.." എന്ന് പറഞ്ഞ് രതീഷിനു നേരെ കൈ ചൂണ്ടി. രതീഷിനു നേരെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് സുശീല സാധനങ്ങള്‍ അടങ്ങിയ പ്ലാസ്റ്റിക് കവറുകളുമായി അകത്തേക്ക് കയറിപ്പോയീ.

അവര്‍ വരുന്നത് കണ്ടു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു നിന്നിരുന്ന രതീഷിനെ പ്രസന്നമായ മുഖഭാവത്തോടെ "ഹലോ.. " എന്ന് സംബോധന ചെയ്തു കൊണ്ട് ചന്ദ്രദാസ് ഉമ്മറത്തേക്ക് കയറി. മകനെ തറയില്‍ നിര്‍ത്തിയ വഴി അവന്‍ "അമ്മേ" എന്ന് വിളിച്ചു കൊണ്ട് അകത്തേക്ക് ഓടിപ്പോയീ. 

ചന്ദ്രദാസിന്‍റെ അന്വേഷാണോന്മുഖമായ മുഖഭാവം കണ്ടപ്പോള്‍ അദ്ദേഹത്തിനു  തന്നെ  മനസ്സിലായില്ല എന്ന് മനസ്സിലാക്കി കൊണ്ട് കയ്യിലുള്ള ബാഗ് തുറന്നു ഒരു വിവാഹ ക്ഷണക്കത്ത് എടുത്തു നീട്ടി രതീഷ്‌ സ്വയം പരിചയപ്പെടുത്തി. "ഞാന്‍ രതീഷ്‌, വിളപ്പറമ്പുള്ള കൃഷ്ണേട്ടന്‍ അയച്ചതാ. സാറിനെ വിളിച്ചു പറയാമെന്നു പറഞ്ഞിരുന്നു." 

"ഹോ.. സന്തോഷം..  മനസ്സിലായി മനസ്സിലായി.. ഇങ്ങളാണ് അദ്ദേഹം പറഞ്ഞ ആള്‍ അല്ലേ?.. ഞാന്‍ എത്ര പറഞ്ഞതാ ഇതിന്‍റെയൊന്നും യാതൊരു ആവശ്യമില്ല്യാ.. കല്ല്യാണത്തിന്‍റെ തലേ രാത്രിയില്‍ തന്നെ കുടുംബസമേതം ഞങ്ങള്‍ അവിടെ എത്തിയിരിക്കുംന്ന്.. കേക്കില്ല്യാച്ചാ എന്താ ചെയ്യാ..?" കൃഷ്ണേട്ടനോടുള്ള അതിരറ്റ സ്നേഹബഹുമാനങ്ങള്‍ പ്രകടിപ്പിച്ചു കൊണ്ട്  ചന്ദ്രദാസ് കത്ത് വാങ്ങി രതീഷിനോട്‌ അല്‍പ്പസമയം ഇരിക്കാന്‍ പറഞ്ഞ് അകത്തോട്ടു പോയി. 

അല്‍പ്പ സമയത്തിനകം  കയ്യില്ലാത്ത ഒരു ബനിയനും ലുങ്കിയും ചുമലില്‍ ഒരു നിറം മങ്ങിയ തോര്‍ത്തു മുണ്ടും പുതച്ചു  "കൃഷ്ണേട്ടനും കുടുംബത്തിനുമൊക്കെ സുഖല്ലേ?.." എന്ന് ചോദിച്ചു കൊണ്ട്  ചന്ദ്രദാസ് തിണ്ണയില്‍ രതീഷിനു അഭിമുഖമായി വന്നിരുന്നു കുശലപ്രശ്നങ്ങള്‍ തുടങ്ങി. അപ്പോള്‍ സുശീല രണ്ടു കപ്പു ചായയും പഴം പൊരിച്ചതും കൊണ്ട് വന്നു വച്ചു. വിശപ്പും ക്ഷീണവും ഉള്ളതിനാല്‍ മുഖവുര കൂടാതെ തന്നെ രതീഷ്‌ അവ കഴിച്ചതിനു ശേഷം യാത്ര പറയാനൊരുങ്ങി. 

"ഹേയ്.. അത് പറ്റില്ല്യ. ഈ നേരത്ത് പോയാല്‍ ഇന്നൊന്നും എത്താന്‍ പോണില്ല്യ.. മാത്രോല്ലാ.. ഇപ്പോള്‍ വണ്ടിയുമില്ല്യ. മാഷ്‌ ഇന്നിവിടെ തങ്ങിയിട്ട് നാളെ അതിരാവിലെ തന്നെ വേണമെങ്കില്‍ പൊക്കോളൂ.. "  രതീഷ്‌ എത്ര നിര്‍ബന്ധിച്ചിട്ടും ചന്ദ്രദാസ് സമ്മതിക്കാതെ വന്നപ്പോള്‍ അയാള്‍ അപ്പോള്‍ പോകാനുള്ള തീരുമാനം ഉപേക്ഷിച്ചു. കുശലപ്രശ്നങ്ങളുടെ പൊരുള്‍ മനസ്സിലാക്കിയെന്ന വണ്ണം സുശീല അകത്തു നിന്നും ചന്ദ്രദാസിനെ  ആംഗ്യഭാഷയില്‍ അകത്തേക്ക് വിളിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം ഷര്‍ട്ടും ലുങ്കിയും ധരിച്ച് പുറത്തിറങ്ങിയ ചന്ദ്രദാസ് തന്‍റെ മകനെ ചൂണ്ടിക്കാണിച്ചു കൊണ്ട് രതീഷിനോട്‌ പറഞ്ഞു. "മാഷ്‌ ഒരല്‍പ്പ നേരം എന്‍റെ വികൃതിക്കുട്ടിയുമായി സൊറ പറഞ്ഞിരിക്കൂട്ടോ.. ഞാന്‍ ഒരൂട്ടം വാങ്ങാന്‍ മറന്നു.. ഇപ്പൊ വരാംട്ടോ.."

"അച്ഛാ.. ഞാനും വരട്ടെ അച്ഛാ..."  എന്ന് പറഞ്ഞു കൊണ്ട് സൈക്കിളുമെടുത്തു പടി കടക്കുന്ന ചന്ദ്രദാസിന്‍റെ അടുത്തേക്ക്‌ ഓടിചെന്ന മണിക്കുട്ടനെ അയാള്‍ തന്ത്രത്തില്‍ എന്തോ പറഞ്ഞു അനുനയിപ്പിച്ചു തിരിച്ചയച്ചു. മുഖത്തിനു വലിയ തെളിവില്ലെങ്കിലും അവന്‍ പെട്ടെന്ന് തന്നെ ഓടിവന്നു ഉമ്മറത്തെ അരണ്ട് കത്തുന്ന ബള്‍ബിന്‍റെ വെട്ടത്തില്‍ ഇരുന്നു മുറുക്കാന്‍ മുറുക്കിയിരുന്ന മുത്തശ്ശിയുടെ മടിയില്‍ വന്നിരുന്ന് രതീഷിന്‍റെ മുഖത്തേക്ക് ശ്രദ്ധിച്ചു നോക്കി ഇരിപ്പായി. സന്ധ്യാ നേരത്ത് അപ്രതീക്ഷിതമായി ഉണ്ടായ അപരിചിത നിമിഷങ്ങള്‍ അയാളില്‍ അലോസരതയുണ്ടാക്കി. മൂളിപ്പറക്കുന്ന കൊതുകുകള്‍ കടിയുടെ ആക്കം കൂട്ടിയതോടെ അയാള്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങാന്‍ തുടങ്ങി.

രതീഷ്‌ മുറ്റത്തേക്ക് ഇറങ്ങുന്നത് കണ്ട മുത്തശ്ശി പറഞ്ഞു  "എന്താ കുട്ട്യേ.... വെളിക്കു പോണോ..?   ദാ.. വടക്കോറത്തേക്ക് പൊക്കോളൂ.. അവിടെ കക്കൂസയും പാട്ടയും ഒക്കെ ഉണ്ട്..." പിന്നെ അകത്തേക്ക് മുഖം തിരിച്ച് "ട്യേ.. സുലോ.. ആ വടക്കോറത്തെ ലയിറ്റൊന്നിട്ടേ.." എന്ന് വിളിച്ചു പറഞ്ഞു. കുറെ നേരമായി മൂത്രശങ്കയില്‍ ഇരുന്നിരുന്ന രതീഷിനു മുത്തശ്ശിയുടെ ഈ നടപടി ആശ്വാസം നല്‍കി. 

രതീഷ്‌ തിരിച്ച് വരുമ്പോള്‍ ഡയിനാമോ വിളക്ക് തെളിയിച്ച സൈക്കിളില്‍ ഇറച്ചിക്കോഴിയെയും തൂക്കിയിട്ടു ചന്ദ്രദാസ് വീട്ടുപടിക്കല്‍ വന്നിറങ്ങിയത് കണ്ടു അയാള്‍ ചോദിച്ചു. "എന്തിനാ സാറേ ഇപ്പോള്‍ ഇതെല്ലാം വാങ്ങിയേ.. സാറിനു ബുദ്ധിമുട്ടായി അല്ലേ..?" 

"ഹേയ്.. എന്താ പറയണേ.. ഞങ്ങള്‍ ഇടയ്ക്കിടെ ഇങ്ങനെയൊക്കെ ആഘോഷിക്കാറൊക്കെയുണ്ടെടോ നാളെ അവധിയുമല്ലേ ... ഹ ഹ ഹ ഇതാ നല്ല കാര്യായെ..വാ അകത്തേക്ക് പോകാം.. നല്ല കൊതുക് ഉണ്ട് അല്ലേ?.." എന്ന് പറഞ്ഞു രതീഷിനെയും കൂട്ടിക്കൊണ്ട് ചന്ദ്രദാസ് അകത്തേക്ക് പ്രവേശിച്ച് അയാളെ അകത്തിട്ടിരുന്ന കീറിത്തുടങ്ങിയ ഒരു സോഫയില്‍ ഇരുത്തി, സീലിംഗ് ഫാന്‍ ഇട്ടതിനു ശേഷം ടീവിയുടെ റിമോട്ട് എടുത്തു കയ്യില്‍ കൊടുത്ത്, കുളിച്ചു വരാം എന്ന് പറഞ്ഞു അകത്തോട്ടു പോയി. അടുക്കളയില്‍ നിന്നും കോഴിയെ വെട്ടി നുറുക്കുന്ന ശബ്ദം ഉയര്‍ന്നു കൊണ്ടിരുന്നു. പിന്നെ അര മണിക്കൂറിനകം ചന്ദ്രദാസ് ഒരു പുതിയ തോര്‍ത്തുമുണ്ടും സോപ്പുമായി വന്ന് രതീഷിനോട്‌ കുളിച്ചു വരാന്‍ പറഞ്ഞു. തല കുലുക്കി കൊണ്ട് വടക്ക് വശത്തുള്ള കുളിമുറി അറിയാം എന്ന് പറഞ്ഞ രതീഷ്‌  ടീവി നിര്‍ത്തിക്കൊണ്ട് അവിടേക്ക് പോയി. 

തിരിച്ച് വരുമ്പോള്‍ മുത്തശ്ശിയുടെ മടിയില്‍ ഇരുന്നു കഥകള്‍ കേള്‍ക്കുന്ന മണിക്കുട്ടനെയും ചാരുകസേരയില്‍ ഇരുന്നു അരണ്ട വെളിച്ചത്തില്‍ പത്രം വായിക്കുന്ന ചന്ദ്രദാസിനെയും കണ്ടു. രതീഷിനെ കണ്ട വഴി തിണ്ണയില്‍ മടക്കി വച്ചിരുന്ന ഒരു ടീ ഷര്‍ട്ടും ലുങ്കിയും അയാളുടെ നേരെ നീട്ടി. ഉമ്മറത്തിന്‍റെ ഇടത്ത് വശത്തുള്ള ചെറിയ മുറി ചൂണ്ടിക്കാണിച്ചു കൊണ്ട് അവിടെ പോയി വേഷം മാറിക്കൊള്ളാന്‍ പറഞ്ഞു. ചെറിയൊരു വിമുഖത കാണിച്ചുവെങ്കിലും ചന്ദ്രദാസിന്‍റെ  നിര്‍ബന്ധത്തിനു വഴങ്ങി രതീഷ്‌ ഉടുപ്പുകളും വാങ്ങി വേഷം മാറാന്‍ പോയി. ആ കൊച്ചു മുറിയില്‍ ഒരു ഒറ്റക്കട്ടില്‍ ഉണ്ട്. അതിനു താഴെ കണ്ട തുപ്പല്‍ കോളാമ്പിയും അവിടെ തളം കെട്ടി നിന്ന എണ്ണയുടെയും പച്ചമരുന്നിന്‍റെയും ഒക്കെ ഗന്ധവും അത് മുത്തശ്ശിയുടെ കിടപ്പ് മുറി ആണെന്ന് വിളിച്ചോതി. 

പുറത്തു വന്നപ്പോള്‍ കോഴിക്കറിയുടെ മനം മയക്കുന്ന ഗന്ധം നാസാരന്ധ്രങ്ങളില്‍ അടിച്ചു. പിന്നെ മത്സ്യം പൊരിക്കുന്ന ഒച്ചയും അതിഹൃദ്യമായ മണവും അവിടെ പരന്നിരുന്നു. ഇത്യാദി സുഗന്ധങ്ങളുടെ തീവ്രത കൂടി വന്നപ്പോള്‍ മണിക്കുട്ടന്‍ മുത്തശ്ശിക്കഥ കേള്‍ക്കല്‍ അവസാനിപ്പിച്ച് "അമ്മേ.. ഇനിച്ചു വെശക്ക്ണൂ.. " എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് അടുക്കള ഭാഗത്തേക്ക് ഓടിപ്പോയി. മുറ്റത്തേക്ക് വായിലുള്ള അവശേഷിച്ച മുറുക്കാന്‍ ഒന്ന് നീട്ടിത്തുപ്പിയ ശേഷം ഏതോ ഭക്തിശ്ലോകങ്ങള്‍ മന്ത്രിച്ചു കൊണ്ട് മുത്തശ്ശി തന്‍റെ ശയനമുറിയിലേക്കും ഗമിച്ചു. 

വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി വച്ചു കൊണ്ട് ചന്ദ്രദാസ് തിണ്ണയില്‍ ഇരുന്നിരുന്ന രതീഷിന്‍റെ അടുത്തു വന്നു "മാഷേ.. കഴിക്കില്ല്യെ.. രണ്ടെണ്ണം വീശല്ലേ?.." എന്ന് ചെവിയില്‍ സ്വകാര്യമായി ചോദിച്ചപ്പോള്‍ ദിവസേന മദ്യപിക്കുമായിരുന്ന രതീഷിനു അത് നിരസിക്കാന്‍ തരമില്ലാതായിപ്പോയീ. "വാ.. മാഷേ" എന്ന് പറഞ്ഞ് അയാളെയും കൂട്ടി അകത്തേക്ക് കൊണ്ട് പോയി സോഫയില്‍ ഇരുത്തി ഒരു ചെറിയ മേശ മുന്നിലേക്ക്‌ വച്ചിട്ട് അകത്തേക്ക് പോയി രണ്ടു ഗ്ലാസ്സും പത്രത്തില്‍ പൊതിഞ്ഞ അരക്കുപ്പി ബ്രാണ്ടിയുമായി വന്നു. മദ്യം ഗ്ലാസിലേക്കു പകര്‍ന്നപ്പോഴേക്കും പൊരിച്ച മീനുമായി വന്ന സുശീലയുടെ കയ്യില്‍ നിന്നും ചന്ദ്രദാസ് അത് വാങ്ങി മേശമേല്‍ വച്ചതിനു ശേഷം കുറച്ചു മാങ്ങാ അച്ചാറ് കൂടി കൊണ്ട് വരാന്‍ നിര്‍ദ്ദേശിച്ചു. 

മദ്യം അകത്തു ചെന്നപ്പോള്‍ രതീഷിനു ഒരു ഉണര്‍വ്വ് വന്നു. പല വിഷയങ്ങളെക്കുറിച്ചും അയാള്‍ ചന്ദ്രദാസിനോട് വാചാലമായി തുടങ്ങി. അധികം കഴിക്കില്ലെങ്കിലും കുപ്പി തീരുന്നത് വരെയും ചന്ദ്രദാസ് രതീഷിന് നല്ല സഹകരണം കൊടുത്തു. അതിനിടയില്‍ ചെമ്പിന്‍റെ ഒരു ചെറിയ കപ്പുമായി വന്ന മുത്തശ്ശിക്ക് (അമ്മ) അല്‍പ്പം മദ്യം ചന്ദ്രദാസ് ഒഴിച്ച് കൊടുത്തു. അതിലേക്കൊന്നു സൂക്ഷിച്ചു നോക്കിയ ശേഷം അതും കൊണ്ട് അവര്‍ ഉമ്മറത്തേക്ക് പോയി. രതീഷിനെ ഒന്ന് കണ്ണിറുക്കിക്കാണിച്ചു കൊണ്ട് അടുക്കള ഭാഗത്തേക്ക് തല നീട്ടി ചന്ദ്രദാസ് വിളിച്ചു പറഞ്ഞൂ "ഡീ സുലൂ.. മോന്‍ കഴിച്ചില്ല്യേ?.. ദേ നമ്മുടെ കലാപരിപാടി കഴിഞ്ഞൂ. ഭക്ഷണം ഇങ്ങോട്ട് എടുത്തോളൂ..."    

ഭക്ഷണം ഒരുക്കാന്‍ ചന്ദ്രദാസും കൂടി. വിഭവസമൃദ്ധമായ സദ്യ മേശയില്‍ നിരന്നൂ. നന്നായി വിശന്നിരുന്ന രതീഷ്‌ യാതൊരു അതിഥിഭാവമോ അപകര്‍ഷതയോ പ്രകടിപ്പിക്കാതെ വിശാലമായി തന്നെ എല്ലാം ആസ്വദിച്ചു കഴിച്ചു. 

സമയം പതിനൊന്ന്  ആയിരിക്കുന്നു. പിറ്റേ ദിവസം അവധിയായതിനാല്‍ ചന്ദ്രദാസ് രതീഷിനോട്‌ പറഞ്ഞു. "വാ നമുക്ക് സംസാരിക്കാം" എന്ന് പറഞ്ഞു അയാളെയും കൂട്ടി വിശാലമായ മുറ്റത്ത്‌ സാവധാനത്തില്‍ ഉലാത്തി. കൃഷ്ണേട്ടന്‍ തന്നെയായിരുന്നു പ്രധാന വിഷയം.

വിളപ്പറമ്പിലെ പ്രസ്ഥാനത്തിന്‍റെ അനിഷേധ്യനായ ആ നേതാവിനെ കുറിച്ച് പറയുമ്പോള്‍ ചന്ദ്രദാസിന് ആയിരം നാക്കായിരുന്നു. സമീപഭൂതത്തില്‍ ഉണ്ടായ ചില ആശയക്കുഴപ്പങ്ങളുടെ പേരില്‍ സംഘടനാപരമായി  ഉദയം ചെയ്ത അല്ലറ ചില്ലറ വിയോജിപ്പുകള്‍ അവര്‍ തമ്മിലുള്ള വ്യക്തിപരമായ അടുപ്പത്തില്‍ ഒരിക്കലും ഒരു കരടായിരുന്നില്ല. ഏകദേശം ഒരു മണിക്കൂറോളം അവര്‍ നിലാവ് വിരിച്ച മുറ്റത്ത് ഉലാത്തി. അതിനു ശേഷം ചന്ദ്രദാസ് സ്വീകരണ മുറിയില്‍ മെത്ത വിരിക്കാന്‍ ഒരുങ്ങിയപ്പോള്‍ രതീഷ്‌ പറഞ്ഞു അയാള്‍ സോഫയില്‍ കിടന്നോളാം എന്ന്. അപ്പോള്‍ ഒരു തലയിണയും പുതപ്പും കൊടുത്ത് ശുഭരാത്രി ആശംസിച്ചു കൊണ്ട് ചന്ദ്രദാസ് തട്ടിന്‍ മുകളിലുള്ള തന്‍റെ കിടപ്പ് മുറിയിലേക്ക് പോയി. പിന്നെ അല്‍പ്പസമയത്തിനുള്ളില്‍ ഒരു ജഗ്ഗില്‍ വെള്ളവും ആയി വന്നു രതീഷ്‌ കിടക്കുന്നതിനടുത്തുള്ള മേശയില്‍ വച്ചു പറഞ്ഞു. "മാഷേ.. ദേ വെള്ളം.  മറ്റവനെ വീശിയതല്ലേ.. രാത്രി ദാഹിക്കും ഹ ഹ ഹ ഹ".  മറുപടി അയാള്‍ ഒരു പുഞ്ചിരിയില്‍ ഒതുക്കി.

പിറ്റേ ദിവസം അടുക്കളയില്‍ തേങ്ങ ചിരകുന്ന ശബ്ദം കേട്ടാണ് രതീഷ്‌ കണ്ണ് തുറന്നത്. പെട്ടെന്ന് സ്ഥലകാലബോധം ഇല്ലാത്തവനെ പോലെ അയാള്‍ തല നാലുവശവും തിരിച്ച് കിടന്നു കൊണ്ട് തന്നെ ഒരു വിഹഗ വീക്ഷണം നടത്തി കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ എല്ലാം ഞൊടിയിടയില്‍ ഓര്‍ത്തെടുത്തു. പിന്നെ താമസിച്ചില്ല വേഗം തന്നെ എഴുന്നേറ്റു പുതപ്പു മടക്കി സോഫയില്‍ വച്ചു ഉമ്മറത്തേക്ക് പോയി തിണ്ണയില്‍ ഇരുന്നു. ഏതാനും നിമിഷങ്ങള്‍ക്കിടയില്‍ ഒരു കയ്യില്‍ ഒരു കിണ്ടിയും മറുകയ്യില്‍ കട്ടന്‍ കാപ്പിയുമായി അകത്തു നിന്നും സുശീല വന്നു രതീഷിനോട്‌ പറഞ്ഞു "രതീഷ്‌ ദാ...കാപ്പി.. പല്ല് തേക്കുന്നതിന് മുമ്പ് കഴിക്കാറുണ്ടല്ലോ അല്ലേ?" സമ്മതഭാവത്തില്‍ തല കുലുക്കി അയാള്‍ കാപ്പി വാങ്ങി തറയില്‍ വച്ചു കിണ്ടിയില്‍ നിന്നും വായില്‍ വെള്ളമെടുത്തു കുലുക്കുഴിഞ്ഞു മുറ്റത്ത് നില്‍ക്കുന്ന തെങ്ങിന്‍റെ കടക്കലേക്ക്‌ നീട്ടിത്തുപ്പി. പിന്നെ ചൂട് കാപ്പി അല്‍പ്പാല്‍പ്പമായി രുചിച്ചിറക്കി, മുറ്റമടിച്ചു തുടങ്ങിയിരുന്ന സുശീലയോട് ചന്ദ്രദാസ് എഴുനെറ്റില്ലേ എന്ന് അന്വേഷിച്ചു. 

"പിന്നേ.. ചേട്ടന്‍ അഞ്ചു മണിക്കേ എഴുന്നേറ്റല്ലോ.. പറമ്പിലേക്ക് കടച്ചക്ക (ശീമ ചക്ക) പൊട്ടിക്കാന്‍ പോയേക്കാ.. നടാടെയാണ് ഞങ്ങളുടെ കടപ്ലാവ് കായ്ച്ചത്. നിറയെ കായ്കള്‍ ഉണ്ടായിട്ടുണ്ട്. കൃഷ്ണേട്ടനും രതീഷിനും തന്നു വിടാന്‍ വേണ്ടി തോട്ടിയുമായി തൊടിയിലേക്ക്‌ പോയേക്കാണ്‌.. അപ്പോഴേക്കും തൊടിയില്‍ നിന്നും ഒരു ലുങ്കിയും തലേക്കെട്ടും ധരിച്ചു ഒരു ചെറിയ ചാക്കില്‍ ആറേഴു മൂത്ത കടച്ചക്കകളുമായി ചന്ദ്രദാസ് അവിടേക്ക് വന്നു.

"മാഷേ.. ഉഗ്രന്‍ കടച്ചക്കയാ.. നാലു കൊല്ലായി മരം നട്ടിട്ട്. നടാടെയാണ് കായ് പിടിച്ചത്. കൃഷ്ണേട്ടന് വല്ല്യ പ്രിയാ കടച്ചക്കയും ചെമ്മീനും വറത്തരച്ചു വയ്ക്കുന്ന കൂട്ടാന്‍.. ഇവളുടെ വീട്ടില്‍ നിന്നും കൊണ്ട് വന്ന നല്ല കുറച്ചു ഉണക്ക ചെമ്മീനും ഉണ്ട്. ഞാന്‍ നന്നായി പൊതിഞ്ഞു തരാം.. ബുദ്ധിമുട്ടില്ലെങ്കില്‍ ഒന്ന് അദ്ദേഹത്തിനു കൊടുക്കുമല്ലോ" എന്ന ചന്ദ്രദാസിന്‍റെ ചോദ്യത്തിന് മറുപടിയായി "അതിനെന്താ സാര്‍.. ഞാന്‍ കൊടുക്കാലോ" എന്ന് രതീഷ്‌ മറുപടി പറഞ്ഞു. പിന്നേ പ്രാഥമികാവശ്യങ്ങള്‍ ഒക്കെ കഴിച്ചു, പോകാനായി ഒരുങ്ങി രതീഷ്‌ വരുമ്പോഴേക്കും സുശീല തീന്‍ മേശയില്‍ പുട്ടും പഴവും കടലക്കറിയും പപ്പടവും എല്ലാം നിരത്തിയിരുന്നു. നല്ല കടുപ്പമുള്ള ചായക്കൊപ്പം അവര്‍ ഒരുമിച്ചു പ്രഭാതഭക്ഷണം കഴിച്ചു. 

പ്രാതല്‍ കഴിഞ്ഞു രതീഷ്‌ യാത്ര പറയാന്‍ തുടങ്ങുമ്പോഴേക്കും ചന്ദ്രദാസ് ഭദ്രമായി കെട്ടിയ രണ്ടു പൊതികള്‍ ഒരു ബലമുള്ള പ്ലാസ്റ്റിക് സഞ്ചിയില്‍ ഇട്ടു രതീഷിനെ ഏല്‍പ്പിച്ചു പറഞ്ഞു. "ഇതില്‍ ഒരു പൊതി മാഷിന്‌ മറ്റേത് കൃഷ്ണേട്ടന്" 
"അയ്യോ എനിക്കൊന്നും വേണ്ടാ.. എന്തിനാ ആവശ്യമില്ലാതെ.. ഇതൊന്നും വേണ്ടായിരുന്നൂ.. " എന്ന് പറഞ്ഞു രതീഷ്‌ നിരസിക്കാന്‍ മുതിര്‍ന്നപ്പോള്‍ ചന്ദ്രദാസ് നിര്‍ബന്ധപൂര്‍വ്വം തന്നെ അത് അയാളെ കൊണ്ട് സ്വീകരിപ്പിച്ചു. പിന്നെ പറഞ്ഞു "മാഷ്‌ നിക്കൂ ഞാന്‍ കുപ്പായം ഇട്ടു ഇപ്പൊ വരാം.. കവലയില്‍ ബസ് സ്റ്റോപ്പ്‌ വരെ ഞാന്‍ സൈക്കിളില്‍ വിടാം" അന്നേരം ഉണ്ണിക്കുട്ടന്‍ ഉറക്കമെഴുന്നേറ്റു വന്നു ചോദിച്ചു. "മാമന്‍ പോവാ?.. മാമന്‍റെ വീട്ടില്‍ വാവമാര്‍ ഒക്കെ ഉണ്ടോ? "

അതിനു ചിരിച്ചു കൊണ്ട് രതീഷ്‌ മറുപടി പറഞ്ഞു "ഉണ്ണിക്കുട്ടനേക്കാള്‍ ശ്ശി ചെറിയൊരു മോന്‍ മാമനും ഉണ്ടല്ലോ" 

അത് കേട്ട വഴി അവന്‍ അകത്തേക്കോടി ഒരു കളിപ്പമ്പരവുമായി തിരിച്ച് വന്നു അത് രതീഷിന്റെ കയ്യിലുള്ള കറുത്ത ബാഗിന്‍റെ സിപ് വലിച്ചു തുറന്നു അതിലിട്ട്, "ഇത് ആ വാവക്ക് കൊടുക്കണേ.. ഉണ്ണിക്കുട്ടന്‍റെ സമ്മാനാന്നു പറയൂട്ടോ.." അത് കേട്ട് രതീഷ്‌ അവനെ വാരിയെടുത്തു കവിളില്‍ ചുംബിച്ച് സുശീലയോട് യാത്ര പറഞ്ഞു.
   
*********************************************************

ഓടുന്ന ബസ്സിന്‍റെ ജനലിലൂടെ കടന്നു വരുന്ന കാറ്റും കൊണ്ടിരുന്ന് 
രതീഷ്‌ ഒരു ഉറച്ച തീരുമാനം എടുത്തു. ഒരു കാരണവശാലും തനിക്കു ചന്ദ്രദാസ് എന്ന ഈ മഹത് വ്യക്തിയെ വധിക്കാന്‍ ആവില്ല. തനിക്കു ഈ ചോരയില്‍ പങ്കുകാരനാവാന്‍ സാധിക്കില്ല. മുന്‍‌കൂര്‍ വാങ്ങിയ പണം അവര്‍ തിരിച്ച് കൊടുക്കട്ടെ. ഇനി വയ്യാ തനിക്കതിനു ആവില്ല അതിനു ആരെയും അനുവദിക്കുകയുമില്ല. സ്വന്തം കൂട്ടുകാരനെ തനിക്കു ഒറ്റു കൊടുത്ത കൃഷ്ണന്‍ എന്ന നേതാവിനോടുള്ള അതൃപ്തിയും രോഷവും രതീഷിന്‍റെ നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിയിപ്പിച്ചു. ഉണ്ണിക്കുട്ടന്‍റെ നിഷ്ക്കളങ്കമായ മുഖം അയാളുടെ മനസ്സില്‍ നിന്നും മാഞ്ഞതെയില്ല. എന്തോ ഭാഗ്യം കൊണ്ട് എത്രയോ അരുംകൊലകള്‍ നടത്തിയിട്ടും താന്‍ ഒരിക്കല്‍ പോലും പിടിക്കപ്പെട്ടിട്ടില്ല. അതും തനിക്കു നേരിട്ട് ഒരു പരിചയവും ഇല്ലാത്ത ഹതഭാഗ്യര്‍... ഇല്ലാ ഇനി താന്‍ ഈ പണി ഉപേക്ഷിക്കും. ഇനി ഒരാളുടെയും രക്തക്കറ തന്‍റെ ഈ കൈകളില്‍ പുരളുകയില്ല. തീര്‍ച്ച. 

*********************************************************
പിറ്റേ ദിവസം രാവിലെ ചാരുകസേരയില്‍ ഇരുന്ന് ചായ കുടിച്ചു കൊണ്ടിരുന്ന ചന്ദ്രദാസിന്‍റെ അരികിലേക്ക്ഗേറ്റില്‍ പത്രക്കാരന്‍ തിരുകി വച്ചിരുന്ന പത്രവും എടുത്തു കൊണ്ട് ഉണ്ണിക്കുട്ടന്‍ സന്തോഷഭരിതമായ മുഖഭാവത്തോടെ ഓടി വന്നു പത്രം കയ്യില്‍ കൊടുത്ത് കൊണ്ട് പറഞ്ഞു "അച്ഛാ അച്ഛാ കണ്ടോ ദേ ഇതില്‍ മാമന്‍റെ ഫോട്ടോ.." 
 
ജിജ്ഞാസയോടെ പത്രം തുറന്നു നോക്കിയ ചന്ദ്രദാസ് ആ വാര്‍ത്ത വായിച്ചു സ്തബ്ദനായിപ്പോയി. അനേകം കൊലക്കേസുകളില്‍  
പ്രതിയും പോലീസും സിബിഐയും നാളുകളേറെയായി  തിരഞ്ഞു കൊണ്ടിരിക്കുന്ന വാടക കൊലയാളിയുമായ  'കോഴി രതീഷ്‌' സ്വന്തം ഗുണ്ടാസംഘത്തിന്‍റെ തന്നെ വെട്ടേറ്റു മരിച്ച നിലയില്‍ വിളപ്പറമ്പിനടുത്തുള്ള ഒരു അഴുക്കുചാലില്‍ കാണപ്പെട്ടു. ദൃക്സാക്ഷികളുടെ മൊഴിയനുസരിച്ച് രതീഷ്‌ ഉള്‍പ്പെട്ടിരുന്ന ഈ ഗുണ്ടാസംഘം അരുംകൊലക്ക് ശേഷം ഒരു ജീപ്പില്‍ കേരളത്തിന്‍റെ അതിര്‍ത്തി കടന്നിരിക്കും എന്ന് അനുമാനിക്കുന്നൂ. സംഭവസ്ഥലത്ത് നിന്നും കിട്ടിയ രതീഷിന്‍റെത് എന്ന് കരുതപ്പെടുന്ന കറുത്ത ബാഗില്‍ നിന്നും ആധുനിക രീതിയില്‍ നിര്‍മ്മിതമായ രണ്ടു കൊലക്കത്തികളും ഏതാനും കടച്ചക്കകളും പിന്നെ കുട്ടികള്‍ കളിക്കുന്ന ഒരു പമ്പരവും പോലീസ് കണ്ടെടുത്തു.  
                                                                           - ജോയ് ഗുരുവായൂര്‍ 

"മൈ ഡിയര്‍ ഗോവിന്ദേട്ടന്‍"


"മൈ ഡിയര്‍ ഗോവിന്ദേട്ടന്‍"

"ഓടിക്കോടാ.. ദേ ഗോവിന്ദേട്ടന്‍ വരുന്നൂ.." ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി, കൂട്ടുകാരോടൊപ്പം പൂഴി മണ്ണില് ഉണ്ണിചോറ് വച്ച് കളിച്ചുകൊണ്ടിരുന്ന ഒരു പിഞ്ചു ബാലന്‍ ഭയചകിലനായി ജീവനും കൊണ്ടോടിയൊളിക്കുന്നു

എന്റെ കുട്ടിക്കാലത്തെ ‘മോസ്റ്റ്‌ ഹോണ്ടിംഗ്’ വ്യക്തിത്വം ആയിരുന്നു ചെത്തുകാരന്‍ ഗോവിന്ദേട്ടന്‍.. കഷണ്ടിത്തല, ‘ക്ലീന്‍ ഷേവ്’, അരയില്‍ വരിഞ്ഞുടുത്ത കറുത്ത പാളത്തോര്ത്ത് മുണ്ട്, അരപ്പട്ടയില്‍ തിരുകിയ നല്ല വീതിയുള്ള ചേറ്റു കത്തി, കയ്യില്‍ തൂക്കിപ്പിടിചിരിക്കുന്ന കറുത്ത നിറമുള്ള കള്ളുകുടുക്ക, അരപ്പട്ടയിലെ കയറില്‍ ഏതോ മൃഗത്തിന്റെ എല്ല് കൊണ്ടുണ്ടാക്കിയ കൊട്ടുവടി പിരിച്ചു വച്ചിരിക്കുന്നു. പിന്നെ മുഖത്തു എപ്പോള്‍ നോക്കിയാലും വിളങ്ങുന്ന ക്രൌര്യ ഭാവം.. ഒരു നാല് വയസ്സുകാരനെ ഭയവിഹ്വലനാക്കാന്‍ ഇത് മാത്രമായിരുന്നില്ല ഹേതു.

ഏതോ ഒരു ദിവസം രാവിലെ ഞാന്‍ ഉമ്മറത്തിരുന്നു ബാലവാടിയിലെ ‘ഹോം വര്‍ക്ക്‌’ ചെയ്യുന്നതിനിടയില്‍ ഗോവിന്ദേട്ടന്‍ വീട്ടിലേക്കു വന്നു. ചെത്താന്‍ കൊടുത്തിരുന്ന തെങ്ങുകളുടെ കരാര്‍ പൈസ എന്റെ അപ്പച്ചനെ (അച്ഛന്‍) ഏല്‍പ്പിക്കാന്‍ വേണ്ടി വന്നതാണെന്ന് തോന്നുന്നു. എന്റെ അപ്പച്ചനും പുള്ളിക്കാരനും സഹപാഠികള്‍ ആയിരുന്നു. രാവിലെ അമ്മ കൊടുത്ത കട്ടന്‍ ചായ രണ്ടു പേരും ഇങ്ങനെ ഊതിയൂതി കുടിക്കുന്നതിനിടയില്‍ ഗോവിന്ദേട്ടന്‍ എന്റെ നേരെ നോക്കി അപ്പച്ചനോട് ചോദിച്ചു. "ജോസേ.. ഇവനെ ഇത് വരെ സ്കൂളില്‍ ചേര്‍ത്തില്ലേ?"
"ഇല്ലാ.. അടുത്ത കൊല്ലം ചേര്‍ക്കാം എന്ന് കരുതിയിരിക്കുകയാണ് " എന്ന് അപ്പച്ചന്‍ മറുപടി പറഞ്ഞു. അപ്പോള്‍ എന്റെ നേരെ സൂക്ഷിച്ചു ഒരു നോട്ടം.

ഞാന്‍ അന്നേരം പതുക്കെ എഴുന്നേറ്റു ഉമ്മറത്തിണ്ണയില്‍ ഗോവിന്ദേട്ടന്‍ അഴിച്ചു വച്ചിരുന്ന അരപ്പട്ടയില്‍ തിരുകിയ നല്ല മൂര്‍ച്ചയുള്ള ചേറ്റു കത്തി എടുത്തു പരിശോധിക്കാന്‍ ഒരു ശ്രമം നടത്തി. ഇത് കണ്ട അപ്പച്ചന്‍ ഉടനെ വഴക്ക് പറഞ്ഞു കൊണ്ട് എന്റെ നേരെ വന്നു. പിന്നെ പറഞ്ഞ ടയലോഗ് എനിക്ക് ഒരു കാരണവശാലും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതായിരുന്നു. അത് എന്തായിരുന്നെന്നോ?! "ഈ കത്തി ചെറിയ കുട്ടികളുടെ ചുക്കാണി മുറിക്കാനാണ് ഗോവിന്ദേട്ടന്‍ കൊണ്ട് നടക്കുന്നത്.. ചെറിയ കുട്ടികളെ എവിടെ കണ്ടാലും ഇയാള്‍ വിടില്ല.. അപ്പോള്‍ തന്നെ പിടിച്ചു സംഗതി മുറിച്ചു കളയും.. വേഗം അകത്തേക്ക് പൊക്കോ അല്ലെങ്കില്‍ മോനെയും ഇപ്പോള്‍ അയാള്‍ പിടിക്കും.." അത് വരെ എനിക്ക് ഗോവിന്ദേട്ടനെ യാതൊരു പേടിയും ഇല്ലായിരുന്നു.

അന്ന് കള്ള് ചെത്തുന്നതിന്റെ ‘പ്രൊസീജിയര്‍’ യാതൊന്നും അറിയാതിരുന്ന ഞാന്‍ ഇത് കേട്ട് ഞെട്ടിത്തരിച്ചു അകത്തേക്ക് ഒരൊറ്റയോട്ടം വച്ച് കൊടുത്തു.. അന്നേ മുതല്‍ തുടങ്ങിയതാണീ ഗോവിന്ദഭയം..

പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ ഒരു കണ്ണ് എപ്പോഴും വീടിന്റെ പടിയിലോട്ടായിരിക്കും. കാരണം എപ്പോഴാ ഈ കുരിശു വരുന്നതെന്ന് അറിയില്ലല്ലോ. ദൂരെ വളരെ വീതി കുറഞ്ഞ പാടവരമ്പിലൂടെ അതിവിദഗ്ദമായി സൈക്കിള്‍ ചവിട്ടി വരുന്ന ഗോവിന്ദേട്ടന്റെ പെട്ടത്തലയില്‍ (കഷണ്ടിത്തല) വീണു ‘റിഫ്ലക്റ്റ്’ ചെയ്യുന്ന സൂര്യകിരണങ്ങള്‍ ഒരു കൊള്ളിയാന്‍ പോലെ വന്നു പതിച്ചിരുന്നത്‌ തന്റെ തരള ഹൃദയത്തില്‍ ആയിരുന്നു.. അയാളുടെ നിഴല്‍ കണ്ടമാത്രയില്‍ തന്നെ എത്ര താല്‍പ്പര്യമുള്ള കളിയായാലും ഉടനെ നിര്‍ത്തി സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറിയിരിക്കും. കാരണം അയാളുടെ കണ്ണില്‍ പെട്ടാല്‍ പിന്നത്തെ ഗതി പറയാനുണ്ടോ? മാത്രമല്ല എന്റെ ധാരണ ഊട്ടിയുറപ്പിക്കുന്ന വിധത്തില്‍ ഒന്ന് രണ്ടു പ്രാവശ്യം പുള്ളിക്കാരന്‍ എന്റെ പുറകെ കത്തിയും കൊണ്ട് ഓടി വന്നിട്ടുമുണ്ട്..

സന്ധ്യാനേരത്തുള്ള കുടുംബപ്രാര്‍ത്ഥനക്കൊടുവില്‍ പതിവ് പോലെ ദൈവത്തിനു കൊടുക്കുന്ന പേര്‍സണല്‍ അപ്ലിക്കേഷനുകളില്‍ അന്നൊക്കെ സ്ഥിരം ‘ഐറ്റം’ ആയിരുന്നു "ദൈവമേ എന്നെ ഗോവിന്ദേട്ടന്റെ കിരാത ദൃഷ്ട്ടിയില്‍ നിന്ന് മറക്കേണമേ" എന്നത്.

അങ്ങനെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമൊക്കെ കടന്നു പോകുമ്പോഴും ഈ മനുഷ്യന് എന്റെ മനസ്സിലൊരു പേടീസ്വപ്നമായിത്തന്നെ തുടര്‍ന്നു. അങ്ങനെയിരിക്കെ ആണ് ഞാന്‍ മൂന്നാം ക്ലാസിലേക്ക് ജയിച്ചു വരുന്നത്.. ഗോവിന്ദേട്ടന്റെ മകള്‍ സൂര്യയും ആ ക്ലാസ്സില്‍ തന്നെ ആയിരുന്നു. അവളുടെ അച്ഛനെ എനിക്ക് പേടിയാണെന്ന് അവള്‍ ക്ലാസ്സില്‍ ആകെ പരത്തിയത് എനിക്കൊരു ‘പ്രെസ്ടീജ് ഇഷ്യൂ’ തന്നെ ആയിരുന്നു. അവളുടെ ആരോപണത്തില്‍ കഴമ്പുള്ളതു കാരണം എനിക്ക് പ്രത്യാരോപണ ത്തിനോ പ്രതിരോധത്തിനോ ഉള്ള വകുപ്പും ഉണ്ടായിരുന്നില്ല. ഭാഗ്യത്തിന്, നാണിച്ചിട്ടോ എന്തോ അവള്‍ എന്റെ ഭയത്തിന്റെ മൂല കാരണം ആരോടും പാട്ടാക്കിയില്ല. അപ്പോഴൊക്കെ ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.. സൂര്യയും ഞാനും ഒരേ പ്രായം അല്ലെ? അവളെ ഗോവിന്ദേട്ടന്‍ ഒന്നും ചെയ്യുന്നില്ലല്ലോ..! പിന്നെ അല്ലേ.. എന്റെയാ ചിന്തക്കൊരുത്തരം എന്റെ കുഞ്ഞുമനസ്സുതന്നെ കണ്ടെത്തിയത്..! അവള്‍ പെണ്‍കുട്ടിയാണ്.. ഞാന്‍ അഭിമുഖീകരിക്കുന്ന ഈ ഗുരുതര പ്രശ്നം അവള്‍ക്കു അപ്ലിക്കബിള്‍ അല്ലാ.. എന്ന്.

ഞാന്‍ ആറാം തരത്തില്‍ എത്തിയപ്പോഴേക്കും കുറച്ചൊക്കെ മനോബലം എനിക്ക് സിദ്ധിച്ചിരുന്നു എങ്കിലും ഗോവിന്ദേട്ടന്റെ മുമ്പില്‍ ടയരക്റ്റ് ചെന്ന് ചാടിക്കൊടുക്കാതിരിക്കാന്‍ അപ്പോഴും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കളിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയില്‍ ചെത്താനായി അയാള്‍ വരുമ്പോള്‍ തന്ത്രപൂര്‍വ്വം ഞാന്‍ അവിടെ നിന്നും മാറി ഒരു മറവില്‍ നിന്നും അയാളെ വീക്ഷിക്കും. അയാള്‍ തെങ്ങില്‍ പകുതി ദൂരം കയറിക്കഴിഞ്ഞാല്‍ ഞാന്‍ ധൈര്യം സംഭരിച്ചു പുറത്തു വന്നു കളി പുനരാരംഭിക്കും. പക്ഷെ ഒരു കണ്ണെപ്പോഴും തെങ്ങിന്റെ മുകളിലോട്ടു തന്നെ ആയിരിക്കും. കാരണം പുള്ളിക്കാരന്‍ ചെത്ത് കഴിഞ്ഞിറങ്ങുമ്പോഴെക്കും അവിടെ നിന്ന് വലിയണമല്ലോ.

ഒരു ദിവസം ഗോവിന്ദേട്ടനെ പട്ടി കടിച്ചു. അതിനു പട്ടിയെ പഴിക്കാന് ഒട്ടും എനിക്കന്നു തോന്നിയില്ല കാരണം തെങ്ങിന്ച്ചുവട്ടിലെ ചാരത്തിന്റെ ഊഷ്മളതയില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങിയിരുന്ന പട്ടിയുടെ പള്ളയിലെക്കായിരുന്നു ചെത്തിയിറങ്ങുന്ന വഴി പുള്ളിക്കാരന്‍ ചാടി 'ലാന്‍ഡ്' ചെയ്തത്. ലോകത്തിലെ ഏതു പട്ടിക്കും ആ അവസ്ഥയില്‍ കടിക്കുകയല്ലാതെ വേറെ നിവൃത്തിയുണ്ടായിരിക്കില്ല. പിന്നെ, നിരന്തരം എന്നെ പേടിപ്പിക്കുന്നതിനു അങ്ങേരുക്ക് ദൈവം കൊടുത്ത സമ്മാനമാണ് ആ കടി എന്നും എനിക്ക് തോന്നി.

അക്കാലത്ത് എന്റെ കളിക്കൂട്ടുകാരനായ സുരേഷാണ് എനിക്ക് കള്ളുചെത്തലിന്റെ പ്രക്രിയകള്‍ അവനു കേട്ടറിവുള്ള പോലെ പറഞ്ഞു തന്നത്. അവന്റെ അച്ഛന് മാധവേട്ടന് തെങ്ങ് മുറിക്കല്‍ ആണ് ജോലി. അതിനാല്‍ ഇടയ്ക്കിടെ അച്ഛനെ സഹായിക്കാന്‍ പോകുന്ന കൂട്ടത്തില്‍ കുറച്ചൊക്കെ ‘തെങ്ങ് എഞ്ചിനീയറിംഗ്’ അവനും വശമാക്കിയിട്ടുണ്ടായിരുന്നു. ഒരു ദിവസ്സം അവന്‍ പറഞ്ഞു.. കള്ള് ചെത്തിക്കൊണ്ടിരിക്കുമ്പോള്‍ തെങ്ങിന്റെ താഴെ ചിതറിക്കിടക്കുന്ന ഉണങ്ങിയ ഇലകളില്‍ ചറപറാന്നു ചിതറി വീണു കൊണ്ടിരിക്കുന്ന പൂക്കുല ചീളുകള്‍ക്കും പച്ചോലക്കഷണങ്ങള്‍ക്കുമിടയില്‍ അങ്ങിങ്ങായി വീണു ചിതറിത്തെറിചിരുന്ന ദ്രാവകം ചെത്തുന്നതിനിടെ പൂക്കുലയില്‍ നിന്നും പൊഴിഞ്ഞു വീഴുന്ന കള്ളും തുള്ളികള്‍ ആണെന്ന്. അതിന്റെ നിജസ്ഥിതി പരിശോധിക്കാനായി ഒരു ദിവസം ഞങ്ങള്‍ തെങ്ങിന്ച്ചുവ ട്ടില്‍ കിടന്നിരുന്ന ഉണങ്ങിയ പ്ലാവിലയില്‍ വീണു തെറിച്ച ദ്രാവകം വിരല്‍ കൊണ്ട് തൊട്ടു നാക്കില്‍ വച്ച് രുചിച്ചു നോക്കി. കള്ളിന്റെ യാതൊരു ഗുണവും ഇല്ലാത്ത എന്നാല്‍ ഒരു ചവര്‍പ്പ് ചുവയുള്ള ദ്രാവകം. പിന്നീട് വളരെ നാളുകള്‍ക്കു ശേഷമാണ് ആ ദ്രാവകത്തിന്റെ കെമിക്കല്‍ കോമ്പിനേഷന്‍ അറിഞ്ഞു ഞങ്ങള്‍ ഞെട്ടിയത്. അത് മറ്റൊന്നുമായിരുന്നില്ല.. തെങ്ങിന്റെ മണ്ടയിലിരുന്നു ഗോവിന്ദേട്ടന്‍ ഇടയ്ക്കിടെ താഴോട്ടു തുപ്പുന്നതായിരുന്നു!!!...

അങ്ങനെ വര്‍ഷങ്ങള്‍ക്കു ശേഷം ബിരുദാനന്തരം എനിക്ക് ബോംബെയില്‍ ഉദ്യോഗം ലഭിച്ചു കഴിയുന്നതിനിടയില്‍ അവധിക്കു നാട്ടില്‍ വന്നപ്പോള് പുറകില്‍ നിന്നാരോ എന്‍റെ പിടലിക്ക് പിടിച്ചു. തിരിഞ്ഞു നോക്കിയപ്പോഴുണ്ടെടോ ഗോവിന്ദേട്ടന്‍ "നിന്നെ ഇപ്പോള്‍ എന്‍റെ കയ്യില്‍ കിട്ടി.. ഛെ.. ഞാന്‍ കത്തിയെടുക്കാന്‍ മറന്നല്ലോ" എന്ന് പറഞ്ഞു കൊണ്ട് സുസ്മേരവദനനായി നില്ല്‍ക്കുന്നു.

മനസ്സ് കൊണ്ട് എന്നെ ഞാനറിയാതെ ഒരുപാട് ഇഷ്ട്ടപ്പെട്ടിരുന്ന, വാത്സല്യം ചൊരിഞ്ഞിരുന്ന ഗോവിന്ദേട്ടന്‍ എന്നെ കെട്ടിപ്പിടിച്ചു. എന്‍റെ കവിളില്‍ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു നീയിപ്പോഴും എനിക്ക് ആ പഴയ കുസൃതിക്കുടുക്ക തന്നെയാടാ... കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ നടന്നകന്ന ഗോവിന്ദേട്ടന്റെ കഷണ്ടിത്തലയില്‍ പതിച്ചു പ്രതിഫലിച്ച സൂര്യകിരണങ്ങള്‍ക്ക് അപ്പോള് സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഊഷ്മളതയായിരുന്നു.
ജോയ് ഗുരുവായൂര്

വരൂ.... സൂര്യകാന്തിപ്പാടങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം..

വരൂ.... സൂര്യകാന്തിപ്പാടങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം..
[വര്‍ഷം രണ്ടായിരത്തി അഞ്ചില്‍ നടന്നതും ഇപ്പോഴും ഓര്‍ക്കുമ്പോള്‍  ചിരി  നിയന്ത്രിക്കാനുമാകാത്ത  ഒരു സംഭവ കഥയാണ് പ്രിയ കൂട്ടുകാര്‍‍ക്ക് വേണ്ടി ഇവിടെ ഞാന്‍ പങ്കു വയ്ക്കുന്നത്]

ബോംബെയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് & മാര്‍ക്കറ്റിംഗ് മാനേജര്‍ ആയി ജോലി ചെയ്തു വന്നിരുന്ന കാലം. ഒരു ‘വീക്ക്‌ എന്‍‍ഡില്‍ ‍’ ആയിരുന്നു എന്നോട് എന്‍റെ ഓഫീസ് ഡ്രൈവര്‍ ആയ മറാത്തി പയ്യന്‍ ജ്ഞാനേശ്വര്‍ ചുമ്മാ ഒരു നാസിക് ട്രിപ്പ്‌ പ്ലാന്‍ ചെയ്താലോ എന്നൊരു ഐഡിയ മുന്നോട്ടു വയ്ക്കുന്നത്. പുള്ളിക്കാരന്‍റെ ഭാര്യവീടും അവിടെ ഉള്ളതിനാല്‍ ഭക്ഷണതാമസ സൌകര്യങ്ങള്‍ ഒക്കെ അവിടെ സജ്ജീകരിക്കാം എന്ന് പറഞ്ഞു എന്‍റെ  മനസ്സിനെ കൊണ്ട് ഒരു അനുകൂല തീരുമാനമെടുപ്പിക്കാന്‍ അവന്‍ കിണഞ്ഞു ശ്രമിക്കുന്നത് കണ്ടപ്പോള്‍ എനിക്കും അങ്ങനെ തന്നെ ആയാലോ എന്ന് തോന്നി.

"എന്നാ അടിച്ചു വാടാ..  സുമോയില്‍ (ടാറ്റാ സുമോ ജീപ്പ്) ഫുള്‍ടാങ്ക് ഡീസല്‍.." എന്ന് ഞാന്‍ പറഞ്ഞ വഴി തന്നെ അവന്‍ ഉത്സാഹത്തോടെ വണ്ടിയുമെടുത്ത് പെട്രോള്‍ പമ്പിലേക്കു പാഞ്ഞു.  അന്ന് (ശനിയാഴ്ച) വൈകുന്നേരം തന്നെ നാസിക്കിലെ അവന്റെ ഭാര്യാഗൃഹം ലക്ഷ്യമാക്കി ഞങ്ങള്‍ മുംബൈ -നാസിക് ഹൈവേ യിലൂടെ    തേര് തെളിച്ച് കുതിച്ചു പാഞ്ഞു. 


ഡിസംബര്‍ മാസം .. മരം കോച്ചുന്ന തണുപ്പ് എന്നൊക്കെ പറയുന്നത് പോലെ തണുപ്പ് നല്ല രീതിയില്‍ തന്നെ ഉള്ള സമയം.പ്രത്യേകിച്ച്..നാസിക്കിന് അടുത്തുള്ള ജുന്നര്‍ എന്ന സ്ഥലം മലഞ്ചെരിവുകളാലും താഴ്വാരങ്ങള്‍  സൂര്യകാന്തി വയലുകളാലും മുന്തിരി വയലുകളാലും അലങ്കരിക്കപ്പെട്ടിരുന്നതിനു പുറമേ മലയിറങ്ങി വരുന്ന കാറ്റിനു അസ്ഥി തുളക്കുന്ന തണുപ്പും ഉണ്ടായിരുന്നു. ഞങ്ങള്‍  എത്തുന്ന വിവരം യാത്രാമദ്ധ്യേ ആണ് ഭാര്യാവീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയെ അവന്‍ വിളിച്ചറിയിച്ചത്  തന്നെ! എങ്കിലും, വിവരമറിഞ്ഞ ഉടനെ അവന്‍റെ അമ്മായിയപ്പന്‍ അവര്‍ വളര്‍ത്തുന്ന മുഴുത്തൊരു പിടക്കോഴിയുടെ കഥ കഴിക്കുകയും അമ്മായിയമ്മയും ഭാര്യയും കൂടി ഞങ്ങള്‍‍ക്കുള്ള ഭക്ഷണവിഭവങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. മരുമകന്‍റെ  ‘സാബ്ജി’ വീട്ടില്‍ ‍ വരുമ്പോള്‍  മോശം ആക്കാന്‍  പാടില്ലല്ലോ
 
പ്രതീക്ഷിച്ച പോലെ തന്നെ ഒരു എഴേമുക്കാലോടെ ഞങ്ങളുടെ വെളുത്ത ടാറ്റാ സുമോ ജീപ്പ്  പച്ച പുതച്ചു കിടക്കുന്ന മൊട്ടക്കുന്നുകള്‍ നിറഞ്ഞ ജുന്നറില്‍ എത്തി. ഒരു മുറിയും അടുക്കളയും മാത്രമുള്ള ഓടു മേഞ്ഞ ചെറിയ വീട് മുന്‍വശത്ത്‌ . ഓല മേഞ്ഞ ഒരു ചെറിയ ചായ്പ്പ് അവിടെയൊരു ബെഞ്ച് ഇട്ടിരിക്കുന്നതിലേക്ക് ജ്ഞാനേശ്വറിന്‍റെ ഭാര്യാകുടുംബം ഞങ്ങളെ സാദരം ആനയിച്ചിരുത്തി . മറാത്തിയല്ലാതെ ദുനിയാവിലെ ഒരു ഭാഷയും വശമില്ലാത്ത അവര്‍ , മറാത്തി കേട്ടാല്‍ പൂര്‍ണ്ണമായും മനസ്സിലാകുമായിരുന്ന, എന്‍റെ മറാത്തി ശകലങ്ങള്‍  ശ്രദ്ധാപൂര്‍വ്വം കേട്ട് അവരുടെ കുശലാന്വേഷണങ്ങളുടെ ഉത്തരം ഏതാണ്ട് മനസ്സിലാക്കി സംതൃപ്തിയടഞ്ഞു സ്റ്റീല്‍  മൊന്തയില്‍ അവര്‍ കൊണ്ട് വന്നു വിളമ്പിയ കടും മധുരമുള്ള ഉള്ള കടുപ്പം കുറഞ്ഞ ചായ കുടിക്കുമ്പോള്‍ പണ്ടെങ്ങോ കഴിച്ച അമ്പലപ്പുഴ പാല്‍പ്പായസമാണ് ഓര്‍മ്മ വന്നത്

അങ്ങനെ കുശലപ്രശ്നങ്ങള്‍ നടക്കുന്നതിനിടയില്‍, സ്വദേശി മറാത്തി പുരുഷന്മാരുടെ വസ്ത്രമായ വെള്ള പൈജാമയും - കണങ്കാലില്‍ നിന്നും അരക്കെട്ട് വരെ ഈസി ആയി വലിച്ചു പൊക്കാന്‍ സാധിക്കുന്ന ടൈപ്പ് വസ്ത്രം (അങ്ങനെ പൊക്കി മൂത്രവിസര്‍ജനം വരെ ചില ലോക്കല്‍ മറാത്തികള്‍ നടത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്!.. അത്ര ഫ്രീ ആണ് അത്.. ഹ ഹ) ജുബ്ബയും ധരിച്ച അമ്മായിയപ്പന്‍, അമ്മായിയമ്മ അകത്തേക്ക് പോയ തക്കം നോക്കി ജ്ഞാനേശ്വറിനോട് എന്തോ അടക്കത്തില്‍ കുശുകുശുക്കന്നത് ഞാന്‍ ശ്രദ്ധിച്ചു. ഉടനെ അവന്‍ എന്നെയും കൂട്ടി പുറത്തിറങ്ങി എന്നോട് കാര്യം പറഞ്ഞു. വേറൊന്നുമല്ല.. അത്. ഞങ്ങള്‍ വരുമ്പോള്‍ കുപ്പിയൊന്നും കൊണ്ട് വന്നില്ല്യേ എന്നായിരുന്നൂ അയാള്‍ ചോദിച്ചത്. ഞങ്ങള്‍ ഉടനെ ഇപ്പോള്‍ വരാം എന്ന് പറഞ്ഞു അടുത്തുള്ള ടൌണിലേക്ക് പോയി അരക്കുപ്പി 'ഓള്‍ഡ്‌ മങ്ക് റം' വാങ്ങി വരുന്ന വഴി അവന്റെ കൂട്ടുകാരനായ സന്ദീപിനെയും കൂട്ടി.

കോരിത്തരിക്കുന്ന തണുപ്പില്‍ ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് നയനാനന്ദകരമായ കാഴ്ചയാണ്. കുന്നിന്റെ താഴ്വാരത്തോട് ചേര്‍ന്ന് കിടക്കുന്ന വീടിന്‍റെ മുറ്റത്തു 'വല്യപ്പന്‍' വിറകു കൂട്ടി തീയിട്ട് ചുറ്റിലും നാല് പ്ലാസ്ടിക് കസേരകളും ഒരു ചെറിയ പീഠത്തില്‍ ആവി പറക്കുന്ന നാടന്‍ കോഴിക്കറിയും കഞ്ഞിപ്പുല്ല് കൊണ്ട് ഉണ്ടാക്കുന്ന 'ഭാഖ്റി' റൊട്ടിയും വച്ച് ഞങ്ങളെ ശുഭാപ്തി നയനങ്ങളുമായി കാത്തിരിക്കുന്നു.

എത്തിയ വഴി ജ്ഞാനേശ്വറിനോട് അവന്റെ അമ്മായിയമ്മ വന്നു എന്തോ അടക്കം പറഞ്ഞപ്പോള്‍ അവന്‍ ഉടനെ അകത്തു കയറി എനിക്ക് മാറ്റിയുടുക്കാനുള്ള വസ്ത്രം കൊണ്ട് വന്നു എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞു " സാബ്ജീ.. ആജ് ഇസ് സെ അഡ്ജസ്റ്റ് കീജിയേ" (ഇന്ന് തല്‍ക്കാലം ഈ വസ്ത്രം ധരിച്ചാലും എന്നര്‍ത്ഥത്തില്‍). അത് വാങ്ങി നിവര്‍ത്തി നോക്കിയപ്പോള്‍ ഞെട്ടിപ്പോയീ.. അമ്മായപ്പന്‍ ഉടുത്തിരിക്കുന്നതിന്റെ സെയിം 'കോണ്‍ഫിഗറേഷനിലുള്ള'   (രീതിയില്‍) ഉള്ള പൈജാമ! കുളിക്കുന്നോ എന്ന അവന്റെ ചോദ്യത്തിന് വിറയലോടെ അര്‍ത്ഥഗര്‍ഭമായ ഒരു നോട്ടത്തില്‍ ഉത്തരം കൊടുത്ത് മറ്റൊന്നും ആരായാതെ തന്നെ ചായ്പ്പിന്റെ മറയില്‍ പോയി അത് ധരിച്ചു മുറ്റത്തേക്കു വന്നു ഒരു കസേരയില്‍ തീ കായാന്‍ ഇരുന്നു.

ആ വേഷത്തില്‍ എന്നെ കണ്ട സന്ദീപ്‌ "ഹ ഹ.. സാബ്ജിക്ക് ഈ ഡ്രസ്സ്‌ നന്നായി ചേരുന്നുണ്ട്ട്ടോ" എന്ന് മറാത്തിയില്‍ പറഞ്ഞു ചിരിച്ചു. ഒരു ‘കോളിനോസ്’ പുഞ്ചിരിയും മുഖത്തു ഫിറ്റ്‌ ചെയ്തു അമ്മായിയപ്പന്‍ മൂകനായി എന്നെയും വീക്ഷിച്ചു നിലത്തു കുന്തക്കാലില്‍ ഇരുന്നു ഇടയ്ക്കിടെ തീയിലേക്ക് മരങ്ങളുടെ ചെറിയ ഉണങ്ങിയ ചില്ലകള്‍ ഇട്ടു കൊണ്ടിരുന്നു. . ജ്ഞാനേശ്വര്‍  നിര്‍ദ്ദേശിച്ചതനുസരിച്ചു അവന്റെ ഭാര്യ ഒരു ട്രേയില്‍ ഗ്ലാസുകളും  സവാള അരിഞ്ഞതും പച്ചമുളക് എണ്ണയിലിട്ടു വാട്ടിയതും കൊണ്ട് വന്നു  പീഠത്തില്‍ വച്ച് സ്നേഹഭാവത്തില്‍ അവനോടു എന്തോ കുശുകുശുത്ത്‌ പോകുന്ന വഴിക്ക് അവന്റെ ചെവിയില്‍ ഒരു നുള്ളും കൊടുത്തു അകത്തേക്ക് പോയി. ‘ഈ പേരും പറഞ്ഞു അധികം അടിച്ചു ഫിറ്റാവണ്ടാ’ എന്നാണു അവള്‍ അവനോടു പറഞ്ഞതെന്ന് പെണ്ണു കെട്ടിയ ഏതു സുബുദ്ധിക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ. ഹി ഹി . ‍
 
എന്നാല്‍ തുടങ്ങല്ലേ എന്ന് പറഞ്ഞു സന്ദീപ്‌, കുപ്പിയുടെ കഴുത്തു ഭേദിച്ച് നാല് ഗ്ലാസുകളിലായി ‘മരുന്നു’ ഒഴിച്ച് ഓരോന്നിലായി വെള്ളം ചേര്‍ത്തു കട്ടി കുറക്കുന്നതിനിടയില്‍ പെട്ടെന്ന് വളരെ തന്ത്രപരമായി 'വല്യപ്പന്‍' വെള്ളം വീഴുന്നതിനു മുമ്പേ തന്റെ ഗ്ലാസ് എടുത്തു ഒരൊറ്റ വലിക്കു മദ്യം അകത്താക്കി നിഷ്ക്കളങ്കമായ ഒരു ചിരിയും ചിരിച്ചു വീണ്ടും തീക്കുണ്ഡത്തിനരികില്‍ പോയിരുന്നു. നാടന്‍ മറാത്തി മസാല ചേര്‍ത്തുണ്ടാക്കിയ എരിവുള്ള വെടിക്കെട്ട്‌ കോഴിക്കറിയും റൊട്ടിയും സഹിതം ഞങ്ങള്‍ ആ കൊടും തണുപ്പില്‍ ഇരുന്നു ഓരോ റൌണ്ട് മദ്യം അകത്താക്കി. ഇടയ്ക്കു ജ്ഞാനേശ്വര്‍ അമ്മായിയപ്പന്റെ കാലി ഗ്ലാസില്‍ 'നീറ്റ്' മദ്യം ഒഴിച്ച് അയാള്‍ ഇരിക്കുന്നിടത്തേക്ക്‌ കൊണ്ട് കൊടുത്തപ്പോള്‍ അയാള്‍ അത് വാങ്ങി താഴെ അരികില്‍ വച്ചു.

തണുപ്പിന്റെ പിന്‍ബലത്തിലും നാടന്‍ കോഴിക്കറിയുടെ രുചിയിലും മുറിച്ചു വച്ച സവാളയുടെ 'കോമ്പിനേഷനിലും' ആവശ്യത്തിനു റൊട്ടി അകത്താക്കി. ഇനിയും  ആക്രാന്തം കാണിക്കണ്ട എന്ന് കരുതി എഴുന്നേറ്റു കൈ കഴുകി. പിന്നെ ചില കുശലപ്രശ്നങ്ങള്‍ക്ക് ശേഷം മുന്തിരിക്കൃഷിക്കാരനായ സന്ദീപ്‌, ഒരു കുട്ട മുന്തിരി 'സാബ്ജിയുടെ ഭാഭി കോ' (എന്റെ ഭാര്യക്ക്) ദേനെ കേലിയെ ലാവൂന്‍ഗാ (കൊടുക്കാനായി ഞാന്‍ കൊണ്ട് വന്നു തരും)'  എന്ന് വാഗ്ദാനം ചെയ്തതിനു ശേഷം ജ്ഞാനേശ്വരന്റെ വണ്ടിയില്‍ കയറി അവന്റെ വീട്ടിലേക്കു തിരിച്ചു. ജ്ഞാനേശ്വര് തിരിച്ചു വരുന്നത് വരെ കോടക്കാറ്റില് തീ കാഞ്ഞു കൊണ്ട് ഞാന്‍ അവന്റെ അമ്മായപ്പനുമായി അറിയാവുന്ന മറാത്തിയില്‍ കത്തി വച്ചു. അന്നേരം സ്നേഹപൂര്‍വ്വം അയാള്‍ തമ്പാക്കിന്റെ മണമുള്ള അയാളുടെ ഷോള്‍ എന്നെ പുതപ്പിച്ചു. ആ സ്നേഹത്തിനു മുമ്പില്‍ എനിക്ക് തല കുനിക്കാതിരിക്കാനായില്ല. നിഷ്ക്കളങ്കരായ ഗ്രാമവാസികളുടെ സ്നേഹത്തിനു മുമ്പില്‍ നമ്മള്‍ പലപ്പോഴും തോറ്റു പോകും എന്ന് മഹാകവികള്‍ പണ്ട് എഴുതിയിട്ടുള്ളത് ഞാന്‍ അപ്പോള്‍ ഓര്‍ത്തു. സ്നേഹത്തിനു ഭാഷയില്ല.. സംസ്കാര വ്യത്യാസമില്ല.. സാമ്പത്തികാന്തരമില്ല.. ജാതിയില്ല.. മതമില്ല.. നിറഭേദമില്ല. സ്നേഹമാണഖിലസാരമൂഴിയില്‍...!!

സന്ദീപിനെ വണ്ടിയില്‍ അവന്റെ വീട്ടില്‍ വിട്ടു അവന്‍ കൊടുത്ത മുന്തിരിക്കുട്ടയുമായി ജ്ഞാനേശ്വര്‍ വന്ന വഴി അവനോടു എന്തോ പറഞ്ഞു അമ്മായപ്പന്‍ പുറത്തേക്ക് പോയി. എങ്ങോട്ടാ അയാള്‍ പോയതെന്ന് ഞാന്‍ അവനോടു ചോദിച്ചപ്പോള്‍ പറഞ്ഞൂ 'തന്റെ വിളഞ്ഞ കേബേജ് കൃഷിക്ക് ഏറുമാടത്തില്‍ രാത്രി മുഴുവന്‍ കാവലിരിക്കാന്‍ പോയതാണ്.. രാവിലെ അയാള്‍ വന്നിട്ടേ എന്നെ വിടാവൂ' എന്നാണു അയാള്‍ പറഞ്ഞതെന്ന്  പറഞ്ഞു.

സമയം ഏകദേശം രാത്രി പത്തു മണി. അപ്പോഴേക്കും ചാണം മെഴുകിയ ചായ്പ്പില്‍ 'കോസടികള്‍' (കനം കുറഞ്ഞ മെത്തകള്‍) അവന്റെ അമ്മായിമ്മയും ഭാര്യയും കൂടി വിരിച്ചു കഴിഞ്ഞിരുന്നു. അകത്തു സ്ഥലമില്ല. അവിടെ ഇവന്റെ കുട്ടികളും വീട്ടു സാധനങ്ങളും പിന്നെ രണ്ടു സ്ത്രീ ജനങ്ങളും മാത്രം. തുറസ്സായ ചായ്പ്പില്‍ അവര്‍ വിരിച്ച മെത്തയില്‍ പാടത്തെ ചെളിയുടെ മണമുള്ള ഇരട്ടക്കമ്പിളി പുതച്ചു കിടക്കുമ്പോള്‍ തണുപ്പിന്റെ അതിപ്രസരം മൂലം ഒരിക്കലും തല മൂടിക്കിടക്കാന്‍ ഇഷ്ടമില്ലാത്ത എനിക്കും തോന്നി കമ്പിളി ഒന്ന് തലവഴി വലിച്ചു പുതച്ചെങ്കിലോ.. എന്ന്.

അപ്പോഴാണ്‌ അവന്റെ അമ്മായിയമ്മ പുറത്തുള്ള ആട്ടിന്‍ കൂട്ടില്‍ നിന്നും കറവയുള്ള അവരുടെ ആടിനെയും രണ്ടു കുഞ്ഞുങ്ങളേയും അഴിച്ചു വീടിന്റെ അകത്തേക്ക് കൊണ്ട് പോകുന്ന കാഴ്ച ഞാന്‍ കണ്ടത്! തംബാക് കയ്യില്‍ ഇട്ടു തിരുമ്മി 'ട്ടേ..ട്ടേ..' ന്ന് രണ്ടു അടിയും അടിച്ചു ചുണ്ടിനിടയില്‍ തിരുകിക്കൊണ്ടിരുന്ന ജ്ഞാനേശ്വരനോട് അതിന്റെ പൊരുള്‍ ചോദിച്ചപ്പോള്‍ അവന്‍ കുറച്ചു ഭയം മുഖത്തു പ്രതിഫലിപ്പിച്ചു കൊണ്ട് പറയുന്നൂ.. കഴിഞ്ഞ ആഴ്ചയില്‍ കുന്നില്‍ നിന്നും പുലിയിറങ്ങി അവരുടെ അടുത്ത വീട്ടിലെ ആട്ടിന്കൂട് തകര്‍ത്ത് പ്രസവിക്കാറായ അവരുടെ ആടിനെ കടിച്ചു കൊണ്ട് പോയ കാരണം, ഭയം കൊണ്ട് ആടിനെ രാത്രി നേരത്ത് അകത്തു കെട്ടുന്നു എന്ന്. നട്ടപ്പാതിരക്കു അതേ 'വേദി'യില്‍ തന്നെ 'ഓപ്പണ്‍ എയറില്‍' കിടക്കുന്ന ഒരാള്‍ക്ക്‌ 'നല്ല' സമാധാനം കിട്ടുന്ന തരത്തിലുള്ള അവന്റെ വിശദീകരണം കേട്ടപ്പോള്‍ തന്നെ എനിക്ക് തോന്നി അപ്പോള്‍ ഒന്നും അവനോടു ചോദിക്കണ്ടായിരുന്നൂ എന്ന്.

 
കര്‍ത്താവിനെ വിളിച്ചു ഞാന്‍ കിടന്നു. രാത്രിയുടെ ഏതോ യാമത്തില്‍ നായ്ക്കളുടെ നിര്‍ത്താതെയുള്ള കുര കേട്ടാണ് ഞാന്‍ ഉണരുന്നത്. ഉറക്കപ്പിച്ചില്‍ ആദ്യമൊന്നും അപാകതകള്‍ തോന്നിയില്ലെങ്കിലും പെട്ടെന്ന് ഒരു നിമിഷം എനിക്ക് ജ്ഞാനേശ്വരന്‍ പറഞ്ഞ പുലിപുരാണം ഓര്‍മ്മ വന്നു. ദൈവമേ.. ചിലപ്പോള്‍ പുലിയിറങ്ങിയത് കണ്ടിട്ടായിരിക്കുമോ നായ്ക്കള്‍ ഇടതടവില്ലാതെയിങ്ങനെ കുരക്കുന്നുണ്ടായിരിക്കുക? രാത്രിയുടെ ഭടന്മാര്‍ ആണല്ലോ നായ്ക്കള്‍.

ആടിന്റെ മണം പിടിച്ചു നിമിഷങ്ങള്‍ക്കകം പുലിയിവിടെ 'ഹാജര്‍' എന്ന് പറഞ്ഞു വന്നു, ആടിനെ കിട്ടാത്ത ദേഷ്യത്തില്‍ കിട്ടിയതാകട്ടെ എന്ന് കരുതി ഞങ്ങള്‍ രണ്ടിലൊന്നിനെ മണ്ടിക്കൊണ്ട് പോകുന്ന രംഗം മനസ്സില്‍ കണ്ട വഴി ഞാന്‍ സ്വയം വരിഞ്ഞു മുറുക്കിയ കമ്പിളിക്കുള്ളില്‍ നിന്നും കൈ കഷ്ടപ്പെട്ടു വെളിയിലേക്ക് വലിച്ചെടുത്തു മോര്‍ച്ചറിയിലെ ശവം പോലെ മൂടിപ്പുതച്ചു കിടന്നിരുന്ന ജ്ഞാനേശ്വരനെ ശബ്ദമുണ്ടാക്കാതെ തോണ്ടി വിളിച്ചു 'അയ്യോ അമ്മേ.. എന്നെ പുലി പിടിച്ചേ…' എന്ന് മറാത്തിയില്‍ വിളിച്ചു കൂവിക്കൊണ്ട് അവന്‍ ചാടിയെഴുന്നേറ്റു.

എങ്ങനെ അവന്‍ പേടിക്കാതിരിക്കും. നായ്ക്കളുടെ കുര കേട്ട് ഏതു നിമിഷവും ഒരു പുലിസ്പര്‍ശനവും പ്രതീക്ഷിച്ചു കിടന്ന അവനെയല്ലേ ഞാന്‍ എന്റെ തണുത്ത വിരലുകള്‍ കൊണ്ട് സ്പര്‍ശിച്ചത്. അവന്റെ ഒച്ച കേട്ട് ഉടന്‍ അകത്തെ മുറിയുടെ ജനല്‍ തുറന്നു അവന്റെ അമ്മായിയമ്മ ടോര്‍ച്ചടിച്ചു അവനോടു കാര്യം എന്താണെന്ന് തിരക്കി. ഒരു ചമ്മലോടെ അവന്‍ സോറി പറഞ്ഞു എന്റെ അടുത്തേക്ക്‌ ഉരുണ്ടു വന്നു എന്നെ പറ്റി കിടന്നെങ്കിലും ഭീതി കൊണ്ട് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പിന്നെ ഉറങ്ങാനായില്ല.

ഏകദേശം ഒരു നാലര ആയപ്പോള്‍ ജ്ഞാനേശ്വര്‍ എഴുന്നേറ്റു ഉറക്കം പിടിച്ചു വന്നിരുന്ന എന്നെ കുലുക്കിയുണര്‍ത്തി പറഞ്ഞു 'സാബ്ജീ സണ്ടാസ് ജാനാ ഹായ് തോ അഭി ഉഡിയെ.. ആഗേ ഖേതീ മേ ജാനാ ഹേ.. ഇദര്‍ തോ ടോയിലെറ്റ് നഹി ഹേ.." (മലവിസര്‍ജനത്തിനു പോകാന്‍ അവിടെ ടോയിലെറ്റ് ഇല്ലാ നേരം പരപരാ വെളുക്കുന്നതിനും മുമ്പ് എണീക്കുകയാണെങ്കില്‍ സൈഡിലുള്ള വിളവെടുപ്പ് കഴിഞ്ഞ സൂര്യകാന്തി പാടത്ത് പോയി സംഗതി ഒപ്പിച്ചു വരാം എന്ന് സാരം).

ഞാന്‍ ഉടനെ തപ്പിപ്പിടിച്ചെഴുന്നെല്‍ക്കുമ്പോഴേക്കും ജ്ഞാനേശ്വര് ഒരു ചെറിയ പ്ലാസ്ടിക് ബക്കറ്റില്‍ വെള്ളവുമെടുത്ത് എനിക്ക് കൊണ്ട് വന്നു തന്നിട്ട് വയലിലേക്കു ആംഗ്യം കാണിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ പോലും അങ്ങനെയൊരു രീതിയില്‍ പ്രാഥമിക ആവശ്യങ്ങള്‍ ചെയ്യേണ്ടി വന്നിട്ടില്ല്യാത്ത എനിക്ക് അതൊരു വെല്ലുവിളിയായി തോന്നിയെങ്കിലും വേറെ നിവൃത്തിയില്ലാത്തതിനാല്‍ രണ്ടും കല്‍പ്പിച്ചു ഇറങ്ങിപ്പുറപ്പെട്ടു.

വീട്ടില്‍ നിന്നും ഇറങ്ങി സൂര്യന്‍ ഉദിക്കുന്നതിനും മുമ്പുള്ള അരണ്ട വെളിച്ചത്തില്‍ വിളവെടുപ്പ് കഴിഞ്ഞു കുറ്റിയുണങ്ങി നില്‍ക്കുന്ന വിശാലമായ സൂര്യകാന്തി പാടത്തിലൂടെ മലയിറങ്ങി വരുന്ന ശീതക്കാറ്റിന്റെ കുളിര്‍മ്മയില്‍ രോമാഞ്ചകുഞ്ചുകനായി, കാലില്‍ ശരിക്ക് കൊള്ളില്ലെങ്കിലും മുറ്റത്തു കിടന്ന തേഞ്ഞു തേഞ്ഞു ബ്ലേഡ്‌ പോലിരിക്കുന്ന ഒരു സ്ലിപ്പറുമിട്ട്,  വെള്ളം നിറഞ്ഞ ബക്കറ്റുമായി മനസ്സിന് പറ്റിയൊരിടവും തേടി ആ പാടത്ത് ഞാന്‍ നടന്നു.

ഏകദേശം ഒരു അഞ്ചു മിനിട്ടോളം വയലിലൂടെ നടന്ന്, നിലത്തുള്ള കാഴ്ചകള്‍  അവ്യക്തമായിരുന്നുവെങ്കിലും ഒരു സ്ഥലത്ത് ബക്കറ്റു വച്ച് ആരും  തന്നെ  നിരീക്ഷിക്കുന്നില്ല എന്നൊക്കെ ഉറപ്പു വരുത്തിയ ശേഷം പൈജാമയുടെ  ചരട് അഴിക്കാന്‍ നോക്കിയപ്പോള്‍ അത് കടും കെട്ട് വീണിരിക്കുന്നതായി 
മനസ്സിലായി. പിന്നെ 'എമര്‍ജന്‍സി കണ്ടീഷന്‍' അല്ലായിരുന്നത് കൊണ്ട്  അത്യാവശ്യം സമയമെടുത്തു ക്ഷമയോടെ അതിന്റെ കുരുക്ക് അഴിച്ചു ഒന്ന് കൂടി  വിഹഗവീക്ഷണം നടത്തി താഴെ ഇരിക്കാന്‍ ശ്രമിച്ചതും 'മൈ ഗോഡ്'  എന്നൊരലര്‍ച്ച എന്റെ വായില്‍ നിന്നും പുറത്തു ചാടി. അടുത്തുള്ള  ചെറു വൃക്ഷങ്ങളില്‍ വിശ്രമിച്ചിരുന്ന   കാക്കകളും ചെറു പക്ഷികളും  പതിവില്ലാത്തതും അപ്രതീക്ഷിതവുമായ ആ അലര്‍ച്ച കെട്ട് വിശ്രമം നിറുത്തി  കലപില കൂട്ടി ഒന്നിച്ചു പറന്നു പൊന്തി.

ഒരു നിമിഷത്തേക്ക് എന്തായിരുന്നു യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ന്  എനിക്ക്  മനസ്സിലായില്ല.  പിന്നീടാണ് മനസ്സിലായത്‌ വിളവെടുപ്പ് കഴിഞ്ഞു ഉണങ്ങി  നിന്നിരുന്ന സൂര്യകാന്തി ചെടിയുടെ കുറ്റികള്‍ താഴെ ഇരിക്കുന്ന വഴിയില്‍ ആസനത്തില്‍ ഒരു ‘താണ്ഡവം’ നടത്തിയതാണ് ഒരലര്‍ച്ചയായി പ്രതിദ്ധ്വനിച്ചത് എന്ന്. അവിടങ്ങളില്‍ ഉള്ളവര്‍ അത്തരം പാടങ്ങളില്‍ ഇത്തരം പ്രവൃത്തിക്ക്  പോകുമ്പോള്‍ ആദ്യം കാലുകൊണ്ട്‌ പൊന്തി നില്‍ക്കുന്ന ഉണങ്ങി നില്‍ക്കുന്ന  ചെടിക്കുറ്റികള്‍ ഒക്കെ ചവിട്ടിപ്പരത്തിയ ശേഷം മാത്രമാണ് ഇരിക്കുന്നത് എന്ന് പിന്നീട്  ജ്ഞാനേശ്വര്‍  പ്രസ്ഥാവിക്കുമ്പോഴും ചന്തിയിലെ   നീറ്റല്‍ മൂലം  എന്റെ പ്രതികരണം ഒരു നിര്‍വികാരമായ മന്ദഹാസം മാത്രമായി മന്ദീഭവിച്ചു.
  
പ്രിയ സുഹൃത്തുക്കളെ..  മുകളില്‍ പറഞ്ഞ അപകടം സൂര്യകാന്തി  പാടങ്ങളില്‍  മാത്രമല്ല എള്ള്, വെണ്ട, ചോളം ഇത്യാദി പാടങ്ങളിലും പതിയിരിക്കുന്നുണ്ട് എന്ന് ഓര്‍ക്കണേ.. ഇതെല്ലാവര്ക്കും ഒരു പാഠമാകട്ടെ... ങാ....

-:ജോയ് ഗുരുവായൂര്‍:-