Friday, November 8, 2013

"ശ്ശോ.. ഈ അപ്പാപ്പനെ കൊണ്ട് തോറ്റൂ..!!!"

[എന്റെ ജീവിതത്തില്‍ നടന്ന മറക്കാന്‍ പറ്റാത്ത രസകരമായ ചില സംഭവങ്ങളില്‍ ഒന്ന് ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. പ്രത്യക്ഷത്തില്‍ ഇതൊരു നീണ്ട കഥയായി തോന്നും എങ്കിലും ശരിക്കും വരികളിലൂടെ വായിച്ചു മുന്നേറുമ്പോള്‍ അറിയാതെ തന്നെ അവസാനഭാഗം വരെ ചെന്നെത്തും എന്ന് പ്രതീക്ഷിക്കട്ടെ. അപ്പോള്‍ അടുത്ത ബെല്ലോടു കൂടി.. ഈ..... "ഡയലോഗ് അടിക്കാതെ പൊക്കെടാ കര്‍ട്ടന്‍ !@#$%^ (ഓഡിയന്‍സ്).. ഹി ഹി ]

"ശ്ശോ.. ഈ അപ്പാപ്പനെ കൊണ്ട് തോറ്റൂ..!!!"

ഞാന്‍ ഡിഗ്രി രണ്ടാം വര്‍ഷത്തില്‍ പഠിക്കുന്ന കാലം. ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളേജിലെ ഒരു പഞ്ചാരക്കുട്ടപ്പനും സഹപാഠികളുടെ കണ്ണിലുണ്ണിയും ഹീറോയും ഒക്കെയായി ഇങ്ങനെ വിരാജിക്കുന്ന കാലം. രാവിലെ ചെത്തി മിനുങ്ങി കോളേജിലെത്തിയിരുന്നത് പഠിക്കാനായിരുന്നു എന്ന് പറഞ്ഞാല്‍ മുഴുവനായും സത്യമാവില്ല. വെറും പഠിപ്പ് മാത്രമായാല്‍ കോളേജു ജീവിതത്തിനെന്തു രസം? പഠനത്തിനോടൊപ്പം 'എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസു'മൊക്കെ വേണ്ടേ?..

വീടിനടുത്തുള്ള ബസ്‌ സ്റ്റോപ്പില്‍ നിന്നും സ്ഥിരം കയറാറുള്ള ബസ്സില്‍ കയറിപ്പറ്റിയ ഉടനെ കോളേജില്‍ ഹാജര്‍ കിട്ടിയ പ്രതീതിയായിരുന്നു. കോളേജു പിള്ളേരുടെ ശല്യവും ബഹളവും കാരണം റെഗുലര്‍ ആയ യാത്രക്കാര്‍ ആ ട്രിപ്പില്‍ ഞങ്ങളുടെ പ്രിയങ്കരിയായ റാണി ബസ്സിനെ കണ്ടില്ലാന്നു വച്ച് മറ്റു ബസ്സുകള്‍ വരുന്നതും കാത്തു നില്‍ക്കുന്ന കാഴ്ച എല്ലാ ബസ്‌ സ്റ്റോപ്പിലും സാധാരണം. കണ്ടക്ടറും ഡ്രൈവറും വര്‍ഷങ്ങളായുള്ള നിത്യപരിചയം കൊണ്ട് കുട്ടികളുടെ വേലത്തരങ്ങളോട് താദാത്മ്യപ്പെടുകയും ചെയ്തിരുന്നു. കോളേജ് സ്റ്റോപ്പ്‌ എത്തുന്നത് വരെ ബസ്സിന്റെ കണ്‍ട്രോള്‍ കോളേജ് കുമാരന്മാരുടെ കയ്യിലായിരിക്കും. മണിയടിക്കലും 'റൈറ്റ്' പറയലുമൊക്കെയായി ബസ്സിന്റെ കമ്പ്ലീറ്റ് കണ്‍ട്രോള്‍ പിള്ളേരുടെ കയ്യില്‍ തന്നെ. അന്ന് കാലത്ത് കൊടുത്തിരുന്ന കണ്സഷന്‍ ചാര്‍ജ് ആയ പത്തു പൈസ വരെ കൊടുക്കാതെ തടി തപ്പാന്‍ നോക്കുന്ന വിദ്വാന്‍മാര്‍ വരെ ബസ്സില്‍ യാത്രക്കാരായുണ്ടായിരിക്കും. അതവിടെ നിക്കട്ടെ.

അങ്ങനെയിരിക്കെയാണ് എന്റെ അപ്പാപ്പനായ സാക്ഷാല്‍ അന്തപ്പന്‍ മാപ്പിള വീട്ടിലെ തട്ടിന്‍ മുകളിലേക്കുള്ള കോണിപ്പടി കയറുന്നതിനിടയില്‍ കാലു പതറി ഉരുണ്ടു പിരണ്ട് ഡീസന്റ് ആയി വീണു കയ്യും കോളര്‍ ബോണും ഒക്കെ ഫ്രാക്ചര്‍ ആയി കോളേജിന്റെ അടുത്ത് തന്നെയുള്ള ഒരു പാരിഷ് ഹോസ്പ്പിറ്റലില്‍ അഡ്മിറ്റ്‌ ആവുന്നത്. അപ്പാപ്പന് അന്ന് പ്രായം വെറും എഴുപത്തി അഞ്ചു വയസ്സ്. സ്നേഹമയനായ എന്റെ അപ്പാപ്പന്‍ ഒരു നാട്ടു പ്രമാണിയും, പണ്ട് സിലോണില്‍ ഒക്കെ കറങ്ങിയടിച്ചു ബിസിനസ് നടത്തിയ ആളും കൊപ്ര വെട്ടു ബിസിനസ് ആക്ടീവ് ആയി നടത്തുന്ന വ്യക്തിയും കണിശക്കാരനും എന്നതിലുപരി ഒരു പരമ രസികനും കൂടി ആയിരുന്നു. തറവാട്ടിലെ മറ്റു കുട്ടികളില്‍ നിന്നും വേറിട്ടൊരു സ്നേഹം അദ്ദേഹത്തിന് എന്നോടും, എനിക്ക് തിരിച്ചും ഉണ്ടായിരുന്നുവെന്നത്‌ ഒരു യാഥാര്‍ത്ഥ്യം മാത്രം.

അപ്പാപ്പന്, ഏറ്റവും മുതിര്‍ന്ന എന്റെ ഫാദര്‍ജി അടക്കം മൂന്നു ആണ്മക്കള്‍. എന്നാല്‍ ആശുപത്രിയില്‍ വന്നു നിന്ന് സ്വന്തം പിതാവിനെ പരിചരിക്കാന്‍ ആര്‍ക്കും നേരമില്ല. അപ്പാപ്പനെ ആശുപത്രി വാര്‍ഡില്‍ അഡ്മിറ്റ്‌ ചെയ്ത വിവരമറിഞ്ഞ് വിഷണ്ണനായി ഞാന്‍ കോളേജില്‍ നിന്നും നേരെ ആശുപത്രിയിലെത്തിയപ്പോള്‍ മേല്‍പ്പറഞ്ഞ മൂന്നു മഹാരഥന്മാരും വാര്‍ഡിന്റെ പുറത്തു നിന്ന് ഗൂഡാലോചന നടത്തുന്നത് കണ്ടെങ്കിലും അത് മൈന്‍ഡ് ചെയ്യാതെ നേരെ അപ്പാപ്പന്റെ കട്ടിലിനെ ലക്ഷ്യമാക്കി നടന്നു.

എന്നെ കണ്ട വഴി അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ കണ്ണ് നീര്‍ പൊടിഞ്ഞത് എന്റെ കൈകള്‍ കൊണ്ട് തുടച്ചു മാറ്റി ഞാന്‍ പറഞ്ഞു "സാരല്യപ്പാപ്പാ ഇതൊക്കെ പെട്ടെന്ന് തന്നെ ശരിയാവും സമാധാനമായി കിടന്നോളൂ.. ആദ്യം അപ്പാപ്പന്‍ ഈ ചായ അങ്കട് കുടിക്ക്, ഒരുഷാറൊക്കെ വരട്ടെ" എന്ന് പറഞ്ഞു ഫ്ലാസ്ക് തുറന്നു ചായ ഒരു കപ്പില്‍ ഒഴിച്ചു.

"ഡാ.. ചായോക്കെ പിന്നെ കുടിയ്ക്കാം. നീയാദ്യം ഒരു കാര്യം ചെയ്യ്. ദേ ആ നിക്കണ കുരുത്തം കെട്ട ചെറുക്കണ്ടല്ലോ, അവന്റെ ചെവ്ട് പിടിച്ചു അസ്സലൊരു തിരുമ്മങ്കട് കൊട്. കൊറേ നേരായവന്‍ ഒടിഞ്ഞു പ്ലാസ്റ്ററിട്ട കൈ ഞാത്തീട്ട ഈ സ്റ്റാന്‍ഡില്‍ കെടന്നു സര്‍ക്കസ്സു കളിക്ക്ണൂ. അസത്ത്" അപ്പാപ്പനത് പറഞ്ഞ വഴി ഞാന്‍ അവിടെ അപ്പാപ്പന്റെയീ കിടപ്പും നോക്കി, ഉറങ്ങിക്കിടക്കുന്ന രോഗിയായ തന്റെ അച്ഛന്റെ കട്ടിലിനടുത്ത്‌ നഖവും കടിച്ചു നിന്ന പയ്യനരുകിലേക്ക് വേഗം നീങ്ങിയ വഴി അപകടം മണത്തറിഞ്ഞ പോലെ അവനവിടെ നിന്നും ശരം വിട്ടപോലെ ഓടി മറഞ്ഞു.
അത് വരെ മക്കളും മരുമക്കളുമൊക്കെ നിര്‍ബന്ധിച്ചിട്ടും ഒന്നും കഴിക്കാതിരുന്ന അപ്പാപ്പന്‍ പ്രസന്നവദനനായി ചായ കപ്പിനായി ഒടിയാത്ത കൈ എന്റെ നേരെ നീട്ടി. അപ്പാപ്പന്‍ സ്റ്റീല്‍ കട്ടിലിന്റെ ക്രാസിയില്‍ ചാരിയിരുന്നു ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് എന്റെ അപ്പച്ചനും രണ്ടു എളേപ്പന്‍മാരും അവിടേക്ക് കടന്നു വന്നത്.

"ദേ അപ്പന്‍ ചായ കുടിക്കണൂ..! ഉമ്ബ്ല് എത്ര കൊടുത്തതാ. ന്നിട്ട് കുടിച്ചോ .. ഇല്യ." വല്യെളെപ്പന്‍ അത് പറഞ്ഞപ്പോഴേ എനിക്ക് അവരുടെ ഗൂഡാലോചനയുടെ ഉദ്ദേശശുദ്ധി ഏകദേശം പിടുത്തം കിട്ടി. രാത്രി സ്ഥിരമായി ഹോസ്പിറ്റലില്‍ എന്നെ നിര്‍ത്തണം. അവര്‍ക്ക് സുഖമായി വീട്ടില്‍ പോയി മുക്രയിട്ട് ഉറങ്ങണം..

കീശയില്‍ നിന്നും ഒരു നൂറിന്റെ ഒടിയാത്ത നോട്ടെടുത്ത് എന്റെ കയ്യില്‍ തന്നു അപ്പച്ചന്‍ പറഞ്ഞു "മോനെ നീ പോയി വല്ലതും കഴിച്ചിട്ട് വാടാ കുട്ടാ. ഞങ്ങള്‍ വ്ടെ വെയിറ്റ് ചെയ്യാം".. കൈക്കൂലി തന്നു എന്നെ പാട്ടിലാക്കാനുള്ള അപ്പച്ചന്റെ ഐഡിയ മനസ്സിലാക്കിയ ഞാന്‍ പറഞ്ഞു "എന്തിന്.. ഹേയ് വേണ്ട ഞാന്‍ വീട്ടില്‍ പോയി കഴിച്ചോളാം".

"ജോയിക്കുട്ടാ ഒന്ന് അഡ്ജസ്റ്റ് ചെയ്യടാ പൊന്നുമോനെ. എനിക്ക് നാളെ കട തുറക്കേണ്ടേ. പിന്നെ അപ്പച്ചനും എളെപ്പനും ആണെങ്കില്‍ ഒരു പാട് ജോലികളുള്ളതല്ലേ. അപ്പാപ്പനാണെങ്കില്‍ നീ കൂടെ നില്ക്കുന്നതാ ഇഷ്ട്ടോം.." എന്നിട്ട് അപ്പച്ചനെ നോക്കി ഒരു കണ്ണിറുക്കല്‍.

അപ്പാപ്പനും ഞാനുമായുള്ള ഇരിപ്പുവശം പരമാവധി മുതലെടുത്ത്‌ കൊണ്ട് കൊച്ചെളെപ്പന്‍ തന്ത്രപൂര്‍വ്വം അങ്ങനെ പറഞ്ഞപ്പോള്‍ മറ്റൊരു വഴിയുമില്ലാതെ എനിക്കതിനു വഴങ്ങേണ്ടി വന്നു.

രാത്രിയില്‍ എന്തെങ്കിലും വിശേഷമുന്ടെങ്കില്‍ ഫോണ്‍ ചെയ്യണം എന്ന് പറഞ്ഞു മൂവര്‍ സഖ്യം എന്നെ പറ്റിച്ച സന്തോഷത്തില്‍ നടന്നകലുന്നത് തെല്ലോരീര്‍ഷ്യയോടെ നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുളളൂ. അപ്രതീക്ഷിതമായി പോക്കറ്റില്‍ വന്നു വീണ നോട്ടിന്റെ കാര്യമാലോചിച്ചപ്പോള്‍ കുറച്ചോരാശ്വാസം തോന്നി.. കാരണം, നിധി കാക്കുന്ന ഭൂതങ്ങളായിരുന്നിട്ടും ഒരു പത്തിന്റെ പൈസ, കോളേജ് കുമാരനായ തന്റെ പേര്‍സണല്‍ ആവശ്യങ്ങള്‍ക്ക് ഫിനാന്‍സ് ചെയ്യാന്‍ അപ്പച്ചനെന്നല്ല രണ്ടു എളെപ്പന്മാരും കാണിച്ചിരുന്ന പിശുക്കും വിമുഖതയും തന്നെ. പിന്നെ അമ്മയെ ഓരോന്ന് പറഞ്ഞു ദിവസവും മണിയടിച്ചു വാങ്ങിയെടുക്കുന്ന പൈസ കൊണ്ടായിരുന്നു കോളേജ് പടിക്കലെ അച്ചു നായരുടെ ചായക്കടയിലെ ഒന്നൊന്നര കാപ്പിയും കിടിലന്‍ ഉണ്ടപ്പൊരിയും (ക്രിക്കറ്റ് ബോള്‍ പോലെയിരിക്കുന്ന പലഹാരം), പിന്നെ ഖാദര്ക്കാന്റെ കടയിലെ നല്ല എരിവന്‍ പരിപ്പുവടയുമൊക്കെ വാങ്ങിയടിക്കാന്‍ സാധിച്ചിരുന്നത്.

അങ്ങനെ അന്ന് മുതല്‍ എന്റെ രാത്രിയിലെ കിടപ്പ് അപ്പാപ്പന്റെ കട്ടിലിനടിയിലെ ആറടി തറയിലായി. ഇടയ്ക്കിടെ ഓരോ തമാശയും കാര്യങ്ങളും ഒക്കെ പറയുന്ന അപ്പാപ്പനുമായുള്ള സഹവാസം സന്തോഷകരം ആയിരുന്നെങ്കിലും, എണീറ്റ്‌ നടക്കാന്‍ സാധ്യമാല്ലാതിരുന്ന അപ്പാപ്പന്റെ "ഡ്രെയിനേജ് ആന്‍ഡ്‌ സീവറെജ് ഡിപ്പാര്‍ട്ട്മെന്റ്" ചുമതല, ക്ലീനിംഗ് ആന്‍ഡ്‌ പല്ല് തേപ്പിക്കല്‍ ഡ്രൈവ്, സലയ്ന്‍ ട്രിപ്പ് കുപ്പി തീരുന്നതെപ്പോഴാന്നു ജാഗരൂകനായി നിരീക്ഷിക്കല്‍, ഇടയ്ക്കിടെ വാര്‍ഡിലെ ഗുരുതരാവസ്ഥക്കാരായ രോഗികളുടെ പല ഡെസിബലിലുമുള്ള അപസ്വരങ്ങള്‍, പല വിധം മരുന്നുകളുടെ മനം മടുക്കുന്ന ഗന്ധമുള്ള ആശുപത്രി ബാത്രൂമില്‍ കുളിക്കാനുള്ള മടുപ്പ് കാരണം രാത്രിയിലുള്ള കുളി ഒഴിവാക്കേണ്ടി വരുന്നത്, വെളുപ്പിനെ അമ്മ വരുമ്പോള്‍ പല്ല് തേച്ചു ഫ്രഷ്‌ ആവാതെ തന്നെ ബസ്സില്‍ വീട്ടിലേക്കുള്ള യാത്ര,

പിന്നെ സര്‍വ്വോപരി, ബോട്ടണി ക്ലാസ്സില്‍ പഠിക്കുന്ന നിഷയുടെ ചേച്ചിയും അവിടത്തെ ഹെഡ് നഴ്സുമായിരുന്ന ഏല്യാമ്മയുടെ പരിഹാസം കലര്‍ന്ന നോട്ടം, (പ്രത്യേകിച്ച് മേല്‍പ്പറഞ്ഞ 'ഡിപ്പാര്‍ട്ട്മെന്റ്' ജോലി ചെയ്യുന്ന നേരങ്ങളില്‍). പിന്നെ കാളക്ക് വടം കെട്ടിയ പോലെ കഴുത്തില്‍ സ്ട്രാപ് കെട്ടിയ മധു ഡോക്ടര്‍ (ആശാന് എന്നും കഴുത്ത് വേദനയാ കേട്ടോ. അത് കൊണ്ട് ആള് സ്ട്രൈറ്റ്‌ ആയിട്ടെ നോക്കു. കുനിഞ്ഞു വല്ലതും എടുക്കണമെങ്കില്‍ ഏല്യാമ്മ നേഴ്സ് എടുത്തു കൊടുക്കണം.)

പിന്നെ ഏലിയാമ്മ നേഴ്സ് ഉള്ളപ്പോള്‍ മാത്രം പഞ്ചാര ചിരിയുമായ് എത്തുന്ന കമ്പോണ്ടെര്‍ കൃഷ്ണദാസന്‍. ഏലിയാമ്മ നര്‍സ്മായി ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉള്ളത് കൊണ്ടാകാം അവള്‍ വല്യപ്പച്ചന്റെ അടുത്ത് വരുമ്പോഴെല്ലാം അവനും കൂടെ കാണും.."എന്താ കാര്‍ന്നോരെ സുഖാല്ലേ " എന്ന് പറഞ്ഞു വല്യപ്പച്ചന്റെ ഫ്രാക്ചെര്‍ ഇട്ട കൈ ഒന്ന് പിടിച്ചു നോക്കും..
"കാര്‍ന്നോരു നിന്റെ അപ്പന്‍" എന്ന സ്ഥിരം മറുപടി കേള്‍ക്കാനെന്നോണം. അപ്പാപ്പന് ആളും തരോമോന്നുമില്ല തെറി പറയാന്‍. അങ്ങനെയങ്ങനെ ജീവിതത്തിലൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത ചില വിലങ്ങു തടികള്‍ ആ സന്തോഷത്തെ കെടുത്തി.

ജീവിതത്തിലാദ്യമായി അടങ്ങിയൊതുങ്ങി അനങ്ങാതെ കിടക്കാന്‍ വിധിച്ച അപ്പാപ്പന്റെ ശാരീരികാവസ്ഥക്കും മാനസികാവസ്ഥക്കും അല്‍പ്പാല്‍പ്പമായി വന്നു തുടങ്ങിയ പ്രതികൂലമായ  മാറ്റം എന്നെ അതിലും കുഴപ്പത്തിലാക്കി. രാത്രിയില്‍ ഉറങ്ങിക്കഴിഞ്ഞു എപ്പോഴെങ്കിലും ഉണര്‍ന്നാല്‍ പിന്നെ പുള്ളിക്കാരന് സ്ഥലകാല ബോധം ഇല്ല. ഉറക്കെ സംസാരിക്കുകയും പഴയ നാടന്‍ പാട്ടുകള്‍ പാടുകയും ഇടക്കൊക്കെ നല്ല സ്വയമ്പന്‍ നാടന്‍ തെറികളുടെ അകമ്പടിയോടെയുള്ള ഡയലോഗുകളും ഒക്കെ കൂടി എന്നെ അങ്കലാപ്പിലാക്കി.

കൂനിമ്മേല്‍ കുരു എന്ന പോലെ അപ്പാപ്പന് മൂത്ര തടസ്സം നേരിട്ട് തുടങ്ങിയതിനെ തുടര്‍ന്ന് ട്യൂബിട്ടതോടെ ശെരിക്കും അടിയന്തിരാവസ്ഥയിലായി കാര്യങ്ങള്‍. കട്ടിലിനടിയിലായാണ് യൂറിന്‍ ബാഗ് തൂക്കിയിട്ടിരിക്കുന്നതെന്നതിനാല്‍ രാത്രി കട്ടിലിനടിയില്‍ കിടക്കുമ്പോള്‍ ഇടയ്ക്കിടെ അതിന്റെ ലെവല് മോണിട്ടര്‍ ‍ചെയ്യാന്‍ എനിക്ക് ഈസി ആയി സാധിക്കുമായിരുന്നുവെങ്കിലും, അപ്പാപ്പന്‍ രാത്രിയില്‍ ബോധമില്ലാതെ പാടുന്ന നാടന്‍ പാട്ടുകളും പറയുന്ന തമാശകളും ഒക്കെ ഏല്യാമ്മ എന്ന 'ബിബിസി' വഴി വള്ളി പുള്ളി വിടാതെ ‘സെയിം വേര്‍ഷനില്‍’ തന്നെ അവളുടെ കോളേജില്‍ പഠിക്കുന്ന അനിയത്തി നിഷ വഴി കോളേജില്‍ പാട്ടാവുന്നത് എന്നെ ഒട്ടൊന്നു അരിശം പിടിപ്പിച്ചിരുന്നു. കോളേജില്‍ നല്ലൊരു റോമിയോ ഇമേജുള്ള എനിക്ക് തലയുയര്‍ത്തി നടക്കാനാവാത്ത അവസ്ഥ. രാത്രിയില്‍ മരുന്ന് കൊടുക്കാന്‍ വരുന്ന നേരത്ത് സ്ഥലകാലബോധം ഇല്ലാതെ അപ്പാപ്പന്‍ അവരെ പബ്ലിക് ആയി വിളിക്കുന്ന തെറികള്‍ക്ക്‌ ഉള്ള മധുരപ്രതികാരം എന്ന നിലയ്ക്കാണ് ഏല്യാമ്മ കളിക്കുന്നത് എന്ന് എനിക്ക് തോന്നി.

രാത്രിയില്‍ അപ്പാപ്പന്‍ മിസ്സൈല്‍ വര്‍ഷം തുടങ്ങുന്ന നിമിഷം തന്നെ ഞാന്‍ പുതപ്പു തല വഴി വലിച്ചു മൂടി ഞാനാ നാട്ടുകാരനേയല്ല എന്ന മട്ടില്‍ നിശബ്ദമായി കിടക്കും. എന്തായാലും കോളേജ് കുമാരനും അസോസിയേഷന്‍ സെക്രട്ടറിയുമായ എന്നെ താറടിച്ചു കാണിച്ച്, നാളുകളായി സമ്പാദിച്ച കൊളെജിലുള്ള എന്റെ പേരും ഗ്ലാമറും കുറക്കാന്‍ കച്ച കെട്ടിയിറങ്ങിയ എല്യാമ്മയുടെ ഉത്സാഹത്തിനു ഒരു തിരിച്ചടി കൊടുത്തെ മതിയാവൂ എന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു...അത് മാത്രം പോരാ..അവള് കൊടുക്കുന്ന ന്യൂസ്‌ അപ്പാടെ ലൈവ് ടെലികാസ്റ്റായി അപ്പോഴപ്പോള്‍ കോളേജില്‍ പാട്ടാക്കുന്ന അവളുടെ അനിയത്തി ആ സുന്ദരി കോത എന്ന് സ്വയം നടിക്കുന്ന നിഷ (നിഷ അല്ലവള്‍ വിഷ(വിഷം)മാണ്). ഇവരെയെല്ലാം മനസ്സിന്റെ ത്രാസിലിട്ടു തൂക്കി ശിക്ഷ വിധിച്ചു...പക്ഷെ ഒന്നും നടപ്പാക്കാനായില്ല. ഒരു ഐഡിയയും മനസ്സില്‍ തെളിഞ്ഞില്ല. അപ്പോഴാണ്‌ ഏല്യാമ്മ ഒരു ഇന്ജക്ഷനുമായി വന്നത്. സുബോധമില്ലാതെ കിടന്നിരുന്ന അപ്പാപ്പന്റെ ചന്തിയില്‍ അപ്രതീക്ഷിതമായി സൂചി കയറിയപ്പോഴുണ്ടായ ഞെട്ടലും വേദനയും ദേഷ്യവും ഒരു വലിയ തെറിയായി പുറത്തു വന്നത് എല്യാമ്മയെ ചൊടിപ്പിച്ചു.

"ദേ വല്യപ്പനാണെന്ന് വച്ച് വായേ തോന്നീത് വിളിച്ചാലുണ്ടല്ലോ.. എടുത്തു ഒരു കുത്തങ്ങട് വച്ച് തരൂന്നോര്‍ത്തോ" എന്ന് പറഞ്ഞു തിരിച്ചു പോകാനൊരുങ്ങിയ എല്യാമ്മയെ കട്ടിലിനടിയില്‍ നിന്നും ഉറക്കത്തിലാണെന്ന വ്യാജേന കാലു വച്ച് വീഴ്ത്താന്‍ ഞാന്‍ നടത്തിയ ശ്രമത്തില്‍ നിന്നും അവര്‍ വിദഗ്ദമായി ഒഴിഞ്ഞു മാറിയെന്നു മാത്രമല്ല "ചെക്കന്‍ വേണ്ടാട്ടോ.." എന്ന് പറഞ്ഞു ഹൈ ഹീല്‍ ഷൂ വച്ച് കണങ്കാലില്‍ ഭീകരമായൊരു ചവിട്ടും സമ്മാനിച്ചപ്പോള്‍ കാലു വലിച്ചു പുതപ്പിനകത്താക്കി അപ്പാപ്പന്റെ മാസ്ടര്‍പീസ്‌ തെറികള്‍ അഞ്ചാറെണ്ണം ശബ്ദമില്ലാതെ മനസ്സില്‍ എല്യാമ്മക്കായി തൊടുത്തുവിട്ടുകൊണ്ട് കൊണ്ട് വേദന സഹിച്ചു ചുരുണ്ട് കിടക്കേണ്ടിയും വന്നു. "ന്റമ്മോ നര്‍സ്മാരുടെ ബൂട്ടിട്ട ചവിട്ടിനു ഇത്രയും വെയിറ്റോ"...കണ്ണിലൂടെ പൊന്നീച്ച പാറി . "നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെടീ എല്യാമ്മേ..ഇതിനൊക്കെ പകരം ചോദിച്ചില്ലെങ്കില്‍ എന്റെ പേര് ...ങാ അല്ലെങ്കില്‍ വേണ്ട എന്റെ അപ്പാപ്പന്റെ പേര് പട്ടിക്കിട്ടോ ..മൂധേവീ ...." പിന്നെയും അറിയാവുന്ന തെറിയൊക്കെ ഉരുവിട്ട് ഉരുവിട്ട് എപ്പോഴോ ഉറങ്ങിപ്പോയി.

ഒരു ബഹളം കേട്ടാണ് അന്ന് രാത്രി ഞാന്‍ ഉറക്കമുണര്‍ന്നത്‌. അപ്പോഴതാ അടുത്ത കട്ടിലില്‍ ഒടിഞ്ഞ വലതു കാല്‍ പ്ലാസ്ട്ടരിട്ടു സ്ടാണ്ടില്‍ തൂക്കിയിട്ട അവസ്ഥയില്‍ കിടക്കുന്ന രാജേഷ്‌ ചേട്ടന്‍ ബഹളമുണ്ടാക്കുന്നു. കണ്ണ് തിരുമ്മി "എന്താ രാജേഷ്‌ ചേട്ടാ പ്രശ്നം?" എന്ന് ഞാന്‍ ചോദിച്ചു.

അസ്സല്‍ തിരോന്തരംകാരനായ രാജേഷ്‌ ചേട്ടന്‍ എന്റെ നേരെ പൊട്ടിത്തെറിച്ചു "ചേട്ടന്‍.. കോട്ടന്‍,
 എന്തിരടെ ഇത്. നീ നെന്റെ അപ്പാപ്പനെ ഒടനെ ഇവിടന്നു മാറ്റിക്കോണം.. കണ്ടില്ലേ ഇത്.. " വലതു കൈപ്പത്തി എന്റെ നേരെ നീട്ടി ക്കാണിച്ചു കൊണ്ട് ദേഷ്യം അടക്കാനാവാതെ അയാള്‍ പറഞ്ഞു. അതില്‍ നല്ല കട്ടിയുള്ള പശ പോലെ എന്തോ പറ്റിപ്പിടിചിരിക്കുന്നത് കണ്ടു അതെന്താണെന്ന് ചോദിച്ചപ്പോള്‍ അയാള്‍ വിശദീകരിച്ചു.

"രാത്രി ഒറക്കത്തില്‍ ഇതെന്തരു പല്ലി വീണ പോലെ ഒരു സാധനം ഇഞ്ഞോട്ട് വീണ്. എന്തോ കനോള്ള സാധനോം വീണത്‌ പോലെ വന്നെന്റെ മുഖത്തു വീണു. അത് തപ്പിനോക്ക്യെപ്പോഴല്ലേ.. ഹാ.. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ടാ.. ഡേയ്... ഈയാല്ടെ അപ്പാപ്പന്‍ തുപ്പിയതാടെയ്....നല്ല പൊളപ്പന്‍ തിരോന്തരം തെറിയങ്ങാട്ട് കാച്ചും ഞാന്‍. കെളവനൊരു വിചാരോണ്ട് അങ്ങേരു ഏതാണ്ട് തെറിവിളിയില്‍ എം എ പാസ്സായിട്ടോണ്ടെന്ന്. കറാമ്പറപ്പ് കാണിച്ചാല്‍ കെളവനാന്നൊന്നും നോക്കൂല ഞാന്‍. തള്ളേ.. ഈയാക്ക് വെല്ല്യേ പണി കൊടുക്കണം"

ഇത് കേട്ട് വാര്‍ഡിലുയര്‍ന്ന കൂട്ടച്ചിരിക്കിടയില്‍ സ്വയം ചിരിയൊതുക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍. അപ്പാപ്പനോ, ഞാനൊന്നറിഞ്ഞില്ല്യെ രാമനാരായണ എന്ന രീതിയില്‍ കണ്ണുമടച്ചു നിര്‍വ്വികാരനായി തിരിഞ്ഞു കിടക്കുന്നു. ഉടനെ അവിടെ നിന്ന് തടി തപ്പി പുറത്തു പോയി ഒറ്റയ്ക്ക് മനസ്സ് തുറന്നു ആവോളം ചിരിച്ചു സായൂജ്യമടഞ്ഞു തിരിച്ചു വരുമ്പോഴേക്കും ഒരു 'സ്ക്രീന്‍' ഇടയ്ക്കു വച്ച് ഏല്യാമ്മ പ്രോബ്ലം പരിഹരിച്ചിരുന്നു. ഹോ.. നാളെ ഇനി കോളേജിന്റെ പടി ചവിട്ടുകയെ വേണ്ടാ.. കഷ്ട്ടം.

അപ്പാപ്പന്റെ മനോബലവും എല്ലാവരുടെയും പ്രാര്‍ത്ഥനയും കൊണ്ട് അപ്പാപ്പന്റെ ഒടിവുകളും ചതവുകളുമൊക്കെ സുഖപ്പെട്ടെങ്കിലും ഡ്രെയിനേജ് ഡിപ്പാര്‍ട്ട് മെന്റ് ഇനിയും പ്രവര്‍ത്തനസജ്ജമാകാതെ കിടന്നു. എഴുന്നേറ്റു നടക്കാം എന്നായപ്പോള്‍ ബാക്കിയുള്ള ഡിപ്പാര്‍ട്ട്മെന്റ് ജോലികള്‍ എല്ലാം ഡയറക്റ്റ് ആയി അദ്ദേഹത്തിനു തന്നെ ചെയ്യണം എന്ന വാശിയായപ്പോള്‍ ഞാന്‍ വീണ്ടും കുടുങ്ങി. ടോയിലറ്റ് ലകഷ്യമാക്കി മുമ്പേ നടക്കുന്ന അപ്പാപ്പന്റെ പുറകെ മൂത്ര സഞ്ചിയുമായി ശ്രീ കൃഷ്ണ കോളേജിലെ അസോസിയേഷന്‍ സെക്രടറി, കോളെജിലെ ഹീറോ, കോളേജുകുമാരികളുടെ റോമിയോ ഒക്കെ ആയ ഞാന്‍ അന്നത്തെ അപക്വമായ മാനസികാവസ്ഥയില്‍!....  ഹോ എനിക്കതൊക്കെ വലിയ ‘പ്രസ്റ്റീജ് ഇഷ്യൂ’ തന്നെയായിരുന്നു.

അതില്‍ നിന്നുണ്ടായ ആത്മരോഷം ഫാദര്‍ജിയുടെയും എളെപ്പന്മാരുടെയും കയ്യില്‍ നിന്നും വാങ്ങുന്ന ദിവസ്സപ്പടിയുടെ കനം കൂട്ടി ഒരു വിധം അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. ദിവസ്സേന അവരോടു ഞാന്‍ കമ്പ്ലയിന്റ് പറയുമ്പോഴൊക്കെ "നീ കുറച്ചു ദിവസ്സമൊന്നു അഡ്ജസ്റ്റ് ചെയ്യടാ.. നമ്മുടെ പാവം അപ്പാപ്പനല്ലേ" എന്ന് പറഞ്ഞു പഴ്സ് തുറന്നു നോട്ടുകള്‍ തന്നു എന്റെ വികാരക്ഷോഭതെ വളരെ വിദഗ്ദമായി അവര്‍ ഒതുക്കുമായിരുന്നു.

മോങ്ങുന്ന പട്ടിയുടെ മണ്ടയില്‍ തേങ്ങ വീണ പോലെ ഒരു സംഭവം ഉണ്ടായി. ഒരു ദിവസം അപ്പാപ്പന്‍ ബാത്ത് റൂമില്‍ പോകാന്‍ നേരം മൂത്ര സഞ്ചിയും പിടിച്ച് ഞാന്‍ പിറകെ ഉണ്ട്..."കര്‍ത്താവേ ഇതാരും കാണരുതേ" എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നടക്കവേ അദ്ദേഹത്തിന് വഴിയില്‍ കണ്ടവരോടെല്ലാം ലോഹ്യം പറയണം. അപ്പോഴതാ മുന്നില്‍ നിഷ...അവള്‍ ചേച്ചി ഏലിയാമ്മ നര്‍സിനെ കാണാന്‍ വന്നതാ. എന്റെ അവസ്ഥ കണ്ടു അവളുടെ ചിരി പൊട്ടുന്നതും കണ്ടു
വിഷണ്ണനായി നിന്ന എന്നോട് അപ്പാപ്പന്റെ ഒരു കുസൃതി ചോദ്യം " എടാ ഇവള് നിന്റെ ലൈന്‍ ആണോഡാ" എന്ന്. അപ്പാപ്പാ ഒന്ന് വേഗം നടക്ക്‌...ബാത്ത് റൂമിലും ക്യൂ നില്‍ക്കേണ്ടി വരും" എന്ന് പറഞ്ഞു അപ്പാപ്പനെ മുന്നോട്ടു നടത്താനുള്ള എന്റെ ശ്രമം പരാജയപ്പെടുത്തി കൊണ്ട് അവള്‍, നിഷ മുന്നില്‍..."ആഹാ.. ജോയീടെ അപ്പാപ്പനാ അല്ലെ. ആള് ചുള്ളനാണല്ലോ. " അതില്‍ സുഖിച്ചു അല്പം ഗമയില്‍ അപ്പാപ്പന്‍ അവളെ നോക്കി പറഞ്ഞു. " എന്റെ കൊച്ചെ എന്റെ ചെറുപ്പം നീ കണ്ടിട്ടില്ലല്ലോ...എത്ര പെമ്പിളെളരാ എന്റെ പോറകെ നടന്നത്..അതിലൊന്നും ഈ അന്തപ്പന്‍ വീണില്ല. " അവളും വല്യപ്പച്ചന്റെ വാക്കുകളില്‍ രസം പിടിച്ച പോലെ അവിടെ തന്നെ കുറ്റിയടിച്ച് നില്‍പ്പും..അന്ന് മൊബൈലും വീഡിയോയും ക്യാമറയും ഒന്നും ഇല്ലഞ്ഞത് ഭാഗ്യം അല്ലെങ്കില്‍ അവള്‍ ആ സീന്‍ പിടിച്ചെടുത്ത് കോളേജിലെ എന്റെ ഇമേജ് മുഴുവനും കളഞ്ഞേനെ. മനസ്സ് കൊണ്ട് അറിയാവുന്ന തെറിയൊക്കെ അവളെ വിളിച്ചു ഞാന്‍. ഒരു വിധത്തിലാണ് അപ്പാപ്പനെ അവിടന്ന് മാറ്റിയത്.

ഒരു ദിവസം രാത്രി അതിഭീകരമായ ഒരലര്‍ച്ച കേട്ടാണ് ഞാന്‍ കട്ടിലിനടിയില്‍ നിന്നും ചാടിയെഴുന്നേറ്റത്. അപ്പോഴതാ വലിയ വായില്‍ അലറിക്കൊണ്ട്‌ ഓടുന്ന മൂരിയെ മൂക്കയറില്‍ വലിച്ചു നിര്‍ത്തിയ പോലെ മുക്രയിട്ട് അതാ നില്‍ക്കുന്നു എന്റെയപ്പാപ്പന്‍. മൂത്രം പോകാനിട്ട ട്യൂബ് കട്ടിലിനോട് ബന്ധിച്ചിരുന്നത് ഓര്‍ക്കാതെ മൂപ്പിലാനങ്ങട് ബാത്രൂമിലേക്ക് നടന്നു... കട്ടിലും അപ്പാപ്പനും കൂടിയുള്ള 'വടം വലി' കണ്ടു ഞാന്‍ ഞെട്ടി. കുടുങ്ങിയല്ലോ കര്‍ത്താവേ.. ഇനിയെന്ത് ചെയ്യും എന്നറിയാതെ പ്രജ്ഞയറ്റു നില്‍ക്കവേ എല്യാമ്മയുടെ നേതൃത്വത്തിലുള്ള നഴ്സും കൂട്ടം ഓടി വന്നു അപ്പാപ്പനെ പിടിക്കുകയും കണക്കിന് ശകാരിക്കുകയും ചെയ്തു. എന്നിട്ട് തിരിച്ചു കട്ടിലില്‍ കൊണ്ട് പോയി കിടത്തി. പോരാത്തതിന് ദേഷ്യം തീര്‍ക്കാന്‍ സൂചി കൊണ്ട് വല്യപ്പന്റെ ചന്തിക്കൊരു കുത്തും. വേദനയില്‍ ഏതാണ്ട് സ്വബോധം വീണ്ടെടുത്ത അപ്പാപ്പന് എന്താ അപ്പോള്‍ തോന്നിയതെന്നറിയില്ല, അടുത്ത് വായില്‍ നിന്നും പുറത്തു വന്നത് ഒരു സൂപ്പര്‍ ഡയലോഗ് ആയിരുന്നു.

"മക്കളെ.. നിങ്ങളെ ഇതേ പോലെ വല്ലോരും കുടുക്കിട്ടു വലിക്കുമ്പോഴേ , നിങ്ങള്‍ക്കതിന്റെ ബുദ്ധിമുട്ടറിയൂ." വേദനകൊണ്ടാണ്‌ അദ്ദേഹമത് പറഞ്ഞതെങ്കിലും ഒരു വലിയ പൊട്ടിച്ചിരി ആ വാര്‍ഡില്‍ ഉയര്‍ന്നതോടെ നാണിച്ചു തല താഴ്ത്തി നിന്ന നഴ്സും കൂട്ടം അവിടെ നിന്നുമോടി മറഞ്ഞു.
                                                                                                                                                               -ജോയ് ഗുരുവായൂര്‍

No comments:

Post a Comment