Friday, November 8, 2013

വാടക കൊലയാളി


"മാമാ.. മാമാ.. ഇന്‍റെ സൈക്കിള്‍ ഒന്ന് നേര്യാക്കിത്തര്വോ?..."   രതീഷ്‌ ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു. വീട്ടുമുറ്റത്ത് ചങ്ങല തെന്നിപ്പോയ കൊച്ചു സൈക്കിളുമായി തന്‍റെ മുഖത്തേക്ക് വിഷാദഭാവത്തോടെ നോക്കി നില്‍ക്കുന്ന നാല് വയസ്സ് പ്രായമുള്ള അരുണ്‍... ചന്ദ്രദാസിന്‍റെ മകന്‍. 
"അതിനെന്താ മോനേ.. മാമന്‍ ഇപ്പൊ ശര്യാക്കിത്തരാലോ"  എന്ന് പറഞ്ഞു മുറ്റത്തേക്കിറങ്ങി ഞൊടിയിടയില്‍ അത് ശരിയാക്കിക്കൊടുക്കുന്നതിനിടെ രതീഷ്‌ ചോദിച്ചു. "മോന്‍റെ അച്ഛനും അമ്മയും എന്തേ ഇനിയും വരാത്തേ?.. മുത്തശ്ശി പറഞ്ഞ നേരൊക്കെ കഴിഞ്ഞൂലോ?"..
"ഇപ്പൊ വരും മാമാ.. അച്ഛന്‍ മണിക്കുട്ടന് പാപ്പം വാങ്ങി ഇപ്പൊ വരൂലോ.." എന്ന് പറഞ്ഞു അവന്‍ സൈക്കിളില്‍ കയറി വീണ്ടും മുറ്റത്ത് പ്രദക്ഷിണം ആരംഭിച്ചു. 

ഒരു മണിക്കൂറിനു മുകളില്‍ ആയി രതീഷ്‌ ചന്ദ്രദാസിനെ 
പ്രതീക്ഷിച്ചുള്ള ഇരിപ്പ് തുടങ്ങിയിട്ട്. ദൂരയാത്ര ചെയ്ത ക്ഷീണവും കാത്തിരിപ്പിന്‍റെ അസ്വസ്ഥതയും അയാളുടെ മുഖത്തു നിഴലിച്ചിരുന്നു. ചന്ദ്രദാസിന്‍റെ വൃദ്ധയായ മാതാവ് കൊണ്ട് വന്നു തന്നിരുന്ന കടുംകാപ്പി ചിന്തകള്‍ക്കിടയില്‍ പകുതി കഴിക്കാന്‍ മറന്നു പോയ അവസ്ഥയില്‍ തിണ്ണയില്‍ ഇരിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു.  ഉമ്മറത്തെ പഴകിയ ചാരു കസേരയില്‍ വീണ്ടും കയറിയിരുന്നു ആ തണുത്ത കാപ്പി അയാള്‍ കുടിച്ചു തീര്‍ക്കുമ്പോഴേക്കും വീട്ടുപടിക്കല്‍ സൈക്കിളിന്‍റെ മണിനാദം കേട്ടു രതീഷ്‌ അവിടേക്ക് നോക്കി. പഴകിയ ഒരു സൈക്കിള്‍ ഉന്തിക്കൊണ്ട് വെള്ളമുണ്ടിന്‍റെ ഒരു കോന്തല കക്ഷത്തില്‍ ഇറുക്കിപ്പിടിച്ചു കൊണ്ട് ചന്ദ്രദാസും ഭാര്യ സുശീലയും ചിരിച്ചു സംസാരിച്ചു കൊണ്ട് പടി കടന്നു വരുന്നത് കണ്ടു. അവരെ കണ്ട വഴി മണിക്കുട്ടന്‍ ഓടി ചെന്ന് അവരെ വട്ടം പിടിച്ചു. ചന്ദ്രദാസ്‌ സൈക്കിള്‍ സ്റ്റാന്‍ഡില്‍ വച്ച് അവനെ വാരിയെടുത്തു കവിളില്‍ ചുംബിച്ചു. 

"അച്ഛാ.. ദേ ഒരു മാമന്‍ വന്നേക്കണൂ.. നല്ല മാമനാ..ട്ടോ..   ന്‍റെ സൈക്കിള് നാശായപ്പോ മാമനാ നന്നാക്കിത്തന്നേ.." എന്ന് പറഞ്ഞ് രതീഷിനു നേരെ കൈ ചൂണ്ടി. രതീഷിനു നേരെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് സുശീല സാധനങ്ങള്‍ അടങ്ങിയ പ്ലാസ്റ്റിക് കവറുകളുമായി അകത്തേക്ക് കയറിപ്പോയീ.

അവര്‍ വരുന്നത് കണ്ടു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു നിന്നിരുന്ന രതീഷിനെ പ്രസന്നമായ മുഖഭാവത്തോടെ "ഹലോ.. " എന്ന് സംബോധന ചെയ്തു കൊണ്ട് ചന്ദ്രദാസ് ഉമ്മറത്തേക്ക് കയറി. മകനെ തറയില്‍ നിര്‍ത്തിയ വഴി അവന്‍ "അമ്മേ" എന്ന് വിളിച്ചു കൊണ്ട് അകത്തേക്ക് ഓടിപ്പോയീ. 

ചന്ദ്രദാസിന്‍റെ അന്വേഷാണോന്മുഖമായ മുഖഭാവം കണ്ടപ്പോള്‍ അദ്ദേഹത്തിനു  തന്നെ  മനസ്സിലായില്ല എന്ന് മനസ്സിലാക്കി കൊണ്ട് കയ്യിലുള്ള ബാഗ് തുറന്നു ഒരു വിവാഹ ക്ഷണക്കത്ത് എടുത്തു നീട്ടി രതീഷ്‌ സ്വയം പരിചയപ്പെടുത്തി. "ഞാന്‍ രതീഷ്‌, വിളപ്പറമ്പുള്ള കൃഷ്ണേട്ടന്‍ അയച്ചതാ. സാറിനെ വിളിച്ചു പറയാമെന്നു പറഞ്ഞിരുന്നു." 

"ഹോ.. സന്തോഷം..  മനസ്സിലായി മനസ്സിലായി.. ഇങ്ങളാണ് അദ്ദേഹം പറഞ്ഞ ആള്‍ അല്ലേ?.. ഞാന്‍ എത്ര പറഞ്ഞതാ ഇതിന്‍റെയൊന്നും യാതൊരു ആവശ്യമില്ല്യാ.. കല്ല്യാണത്തിന്‍റെ തലേ രാത്രിയില്‍ തന്നെ കുടുംബസമേതം ഞങ്ങള്‍ അവിടെ എത്തിയിരിക്കുംന്ന്.. കേക്കില്ല്യാച്ചാ എന്താ ചെയ്യാ..?" കൃഷ്ണേട്ടനോടുള്ള അതിരറ്റ സ്നേഹബഹുമാനങ്ങള്‍ പ്രകടിപ്പിച്ചു കൊണ്ട്  ചന്ദ്രദാസ് കത്ത് വാങ്ങി രതീഷിനോട്‌ അല്‍പ്പസമയം ഇരിക്കാന്‍ പറഞ്ഞ് അകത്തോട്ടു പോയി. 

അല്‍പ്പ സമയത്തിനകം  കയ്യില്ലാത്ത ഒരു ബനിയനും ലുങ്കിയും ചുമലില്‍ ഒരു നിറം മങ്ങിയ തോര്‍ത്തു മുണ്ടും പുതച്ചു  "കൃഷ്ണേട്ടനും കുടുംബത്തിനുമൊക്കെ സുഖല്ലേ?.." എന്ന് ചോദിച്ചു കൊണ്ട്  ചന്ദ്രദാസ് തിണ്ണയില്‍ രതീഷിനു അഭിമുഖമായി വന്നിരുന്നു കുശലപ്രശ്നങ്ങള്‍ തുടങ്ങി. അപ്പോള്‍ സുശീല രണ്ടു കപ്പു ചായയും പഴം പൊരിച്ചതും കൊണ്ട് വന്നു വച്ചു. വിശപ്പും ക്ഷീണവും ഉള്ളതിനാല്‍ മുഖവുര കൂടാതെ തന്നെ രതീഷ്‌ അവ കഴിച്ചതിനു ശേഷം യാത്ര പറയാനൊരുങ്ങി. 

"ഹേയ്.. അത് പറ്റില്ല്യ. ഈ നേരത്ത് പോയാല്‍ ഇന്നൊന്നും എത്താന്‍ പോണില്ല്യ.. മാത്രോല്ലാ.. ഇപ്പോള്‍ വണ്ടിയുമില്ല്യ. മാഷ്‌ ഇന്നിവിടെ തങ്ങിയിട്ട് നാളെ അതിരാവിലെ തന്നെ വേണമെങ്കില്‍ പൊക്കോളൂ.. "  രതീഷ്‌ എത്ര നിര്‍ബന്ധിച്ചിട്ടും ചന്ദ്രദാസ് സമ്മതിക്കാതെ വന്നപ്പോള്‍ അയാള്‍ അപ്പോള്‍ പോകാനുള്ള തീരുമാനം ഉപേക്ഷിച്ചു. കുശലപ്രശ്നങ്ങളുടെ പൊരുള്‍ മനസ്സിലാക്കിയെന്ന വണ്ണം സുശീല അകത്തു നിന്നും ചന്ദ്രദാസിനെ  ആംഗ്യഭാഷയില്‍ അകത്തേക്ക് വിളിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം ഷര്‍ട്ടും ലുങ്കിയും ധരിച്ച് പുറത്തിറങ്ങിയ ചന്ദ്രദാസ് തന്‍റെ മകനെ ചൂണ്ടിക്കാണിച്ചു കൊണ്ട് രതീഷിനോട്‌ പറഞ്ഞു. "മാഷ്‌ ഒരല്‍പ്പ നേരം എന്‍റെ വികൃതിക്കുട്ടിയുമായി സൊറ പറഞ്ഞിരിക്കൂട്ടോ.. ഞാന്‍ ഒരൂട്ടം വാങ്ങാന്‍ മറന്നു.. ഇപ്പൊ വരാംട്ടോ.."

"അച്ഛാ.. ഞാനും വരട്ടെ അച്ഛാ..."  എന്ന് പറഞ്ഞു കൊണ്ട് സൈക്കിളുമെടുത്തു പടി കടക്കുന്ന ചന്ദ്രദാസിന്‍റെ അടുത്തേക്ക്‌ ഓടിചെന്ന മണിക്കുട്ടനെ അയാള്‍ തന്ത്രത്തില്‍ എന്തോ പറഞ്ഞു അനുനയിപ്പിച്ചു തിരിച്ചയച്ചു. മുഖത്തിനു വലിയ തെളിവില്ലെങ്കിലും അവന്‍ പെട്ടെന്ന് തന്നെ ഓടിവന്നു ഉമ്മറത്തെ അരണ്ട് കത്തുന്ന ബള്‍ബിന്‍റെ വെട്ടത്തില്‍ ഇരുന്നു മുറുക്കാന്‍ മുറുക്കിയിരുന്ന മുത്തശ്ശിയുടെ മടിയില്‍ വന്നിരുന്ന് രതീഷിന്‍റെ മുഖത്തേക്ക് ശ്രദ്ധിച്ചു നോക്കി ഇരിപ്പായി. സന്ധ്യാ നേരത്ത് അപ്രതീക്ഷിതമായി ഉണ്ടായ അപരിചിത നിമിഷങ്ങള്‍ അയാളില്‍ അലോസരതയുണ്ടാക്കി. മൂളിപ്പറക്കുന്ന കൊതുകുകള്‍ കടിയുടെ ആക്കം കൂട്ടിയതോടെ അയാള്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങാന്‍ തുടങ്ങി.

രതീഷ്‌ മുറ്റത്തേക്ക് ഇറങ്ങുന്നത് കണ്ട മുത്തശ്ശി പറഞ്ഞു  "എന്താ കുട്ട്യേ.... വെളിക്കു പോണോ..?   ദാ.. വടക്കോറത്തേക്ക് പൊക്കോളൂ.. അവിടെ കക്കൂസയും പാട്ടയും ഒക്കെ ഉണ്ട്..." പിന്നെ അകത്തേക്ക് മുഖം തിരിച്ച് "ട്യേ.. സുലോ.. ആ വടക്കോറത്തെ ലയിറ്റൊന്നിട്ടേ.." എന്ന് വിളിച്ചു പറഞ്ഞു. കുറെ നേരമായി മൂത്രശങ്കയില്‍ ഇരുന്നിരുന്ന രതീഷിനു മുത്തശ്ശിയുടെ ഈ നടപടി ആശ്വാസം നല്‍കി. 

രതീഷ്‌ തിരിച്ച് വരുമ്പോള്‍ ഡയിനാമോ വിളക്ക് തെളിയിച്ച സൈക്കിളില്‍ ഇറച്ചിക്കോഴിയെയും തൂക്കിയിട്ടു ചന്ദ്രദാസ് വീട്ടുപടിക്കല്‍ വന്നിറങ്ങിയത് കണ്ടു അയാള്‍ ചോദിച്ചു. "എന്തിനാ സാറേ ഇപ്പോള്‍ ഇതെല്ലാം വാങ്ങിയേ.. സാറിനു ബുദ്ധിമുട്ടായി അല്ലേ..?" 

"ഹേയ്.. എന്താ പറയണേ.. ഞങ്ങള്‍ ഇടയ്ക്കിടെ ഇങ്ങനെയൊക്കെ ആഘോഷിക്കാറൊക്കെയുണ്ടെടോ നാളെ അവധിയുമല്ലേ ... ഹ ഹ ഹ ഇതാ നല്ല കാര്യായെ..വാ അകത്തേക്ക് പോകാം.. നല്ല കൊതുക് ഉണ്ട് അല്ലേ?.." എന്ന് പറഞ്ഞു രതീഷിനെയും കൂട്ടിക്കൊണ്ട് ചന്ദ്രദാസ് അകത്തേക്ക് പ്രവേശിച്ച് അയാളെ അകത്തിട്ടിരുന്ന കീറിത്തുടങ്ങിയ ഒരു സോഫയില്‍ ഇരുത്തി, സീലിംഗ് ഫാന്‍ ഇട്ടതിനു ശേഷം ടീവിയുടെ റിമോട്ട് എടുത്തു കയ്യില്‍ കൊടുത്ത്, കുളിച്ചു വരാം എന്ന് പറഞ്ഞു അകത്തോട്ടു പോയി. അടുക്കളയില്‍ നിന്നും കോഴിയെ വെട്ടി നുറുക്കുന്ന ശബ്ദം ഉയര്‍ന്നു കൊണ്ടിരുന്നു. പിന്നെ അര മണിക്കൂറിനകം ചന്ദ്രദാസ് ഒരു പുതിയ തോര്‍ത്തുമുണ്ടും സോപ്പുമായി വന്ന് രതീഷിനോട്‌ കുളിച്ചു വരാന്‍ പറഞ്ഞു. തല കുലുക്കി കൊണ്ട് വടക്ക് വശത്തുള്ള കുളിമുറി അറിയാം എന്ന് പറഞ്ഞ രതീഷ്‌  ടീവി നിര്‍ത്തിക്കൊണ്ട് അവിടേക്ക് പോയി. 

തിരിച്ച് വരുമ്പോള്‍ മുത്തശ്ശിയുടെ മടിയില്‍ ഇരുന്നു കഥകള്‍ കേള്‍ക്കുന്ന മണിക്കുട്ടനെയും ചാരുകസേരയില്‍ ഇരുന്നു അരണ്ട വെളിച്ചത്തില്‍ പത്രം വായിക്കുന്ന ചന്ദ്രദാസിനെയും കണ്ടു. രതീഷിനെ കണ്ട വഴി തിണ്ണയില്‍ മടക്കി വച്ചിരുന്ന ഒരു ടീ ഷര്‍ട്ടും ലുങ്കിയും അയാളുടെ നേരെ നീട്ടി. ഉമ്മറത്തിന്‍റെ ഇടത്ത് വശത്തുള്ള ചെറിയ മുറി ചൂണ്ടിക്കാണിച്ചു കൊണ്ട് അവിടെ പോയി വേഷം മാറിക്കൊള്ളാന്‍ പറഞ്ഞു. ചെറിയൊരു വിമുഖത കാണിച്ചുവെങ്കിലും ചന്ദ്രദാസിന്‍റെ  നിര്‍ബന്ധത്തിനു വഴങ്ങി രതീഷ്‌ ഉടുപ്പുകളും വാങ്ങി വേഷം മാറാന്‍ പോയി. ആ കൊച്ചു മുറിയില്‍ ഒരു ഒറ്റക്കട്ടില്‍ ഉണ്ട്. അതിനു താഴെ കണ്ട തുപ്പല്‍ കോളാമ്പിയും അവിടെ തളം കെട്ടി നിന്ന എണ്ണയുടെയും പച്ചമരുന്നിന്‍റെയും ഒക്കെ ഗന്ധവും അത് മുത്തശ്ശിയുടെ കിടപ്പ് മുറി ആണെന്ന് വിളിച്ചോതി. 

പുറത്തു വന്നപ്പോള്‍ കോഴിക്കറിയുടെ മനം മയക്കുന്ന ഗന്ധം നാസാരന്ധ്രങ്ങളില്‍ അടിച്ചു. പിന്നെ മത്സ്യം പൊരിക്കുന്ന ഒച്ചയും അതിഹൃദ്യമായ മണവും അവിടെ പരന്നിരുന്നു. ഇത്യാദി സുഗന്ധങ്ങളുടെ തീവ്രത കൂടി വന്നപ്പോള്‍ മണിക്കുട്ടന്‍ മുത്തശ്ശിക്കഥ കേള്‍ക്കല്‍ അവസാനിപ്പിച്ച് "അമ്മേ.. ഇനിച്ചു വെശക്ക്ണൂ.. " എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് അടുക്കള ഭാഗത്തേക്ക് ഓടിപ്പോയി. മുറ്റത്തേക്ക് വായിലുള്ള അവശേഷിച്ച മുറുക്കാന്‍ ഒന്ന് നീട്ടിത്തുപ്പിയ ശേഷം ഏതോ ഭക്തിശ്ലോകങ്ങള്‍ മന്ത്രിച്ചു കൊണ്ട് മുത്തശ്ശി തന്‍റെ ശയനമുറിയിലേക്കും ഗമിച്ചു. 

വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി വച്ചു കൊണ്ട് ചന്ദ്രദാസ് തിണ്ണയില്‍ ഇരുന്നിരുന്ന രതീഷിന്‍റെ അടുത്തു വന്നു "മാഷേ.. കഴിക്കില്ല്യെ.. രണ്ടെണ്ണം വീശല്ലേ?.." എന്ന് ചെവിയില്‍ സ്വകാര്യമായി ചോദിച്ചപ്പോള്‍ ദിവസേന മദ്യപിക്കുമായിരുന്ന രതീഷിനു അത് നിരസിക്കാന്‍ തരമില്ലാതായിപ്പോയീ. "വാ.. മാഷേ" എന്ന് പറഞ്ഞ് അയാളെയും കൂട്ടി അകത്തേക്ക് കൊണ്ട് പോയി സോഫയില്‍ ഇരുത്തി ഒരു ചെറിയ മേശ മുന്നിലേക്ക്‌ വച്ചിട്ട് അകത്തേക്ക് പോയി രണ്ടു ഗ്ലാസ്സും പത്രത്തില്‍ പൊതിഞ്ഞ അരക്കുപ്പി ബ്രാണ്ടിയുമായി വന്നു. മദ്യം ഗ്ലാസിലേക്കു പകര്‍ന്നപ്പോഴേക്കും പൊരിച്ച മീനുമായി വന്ന സുശീലയുടെ കയ്യില്‍ നിന്നും ചന്ദ്രദാസ് അത് വാങ്ങി മേശമേല്‍ വച്ചതിനു ശേഷം കുറച്ചു മാങ്ങാ അച്ചാറ് കൂടി കൊണ്ട് വരാന്‍ നിര്‍ദ്ദേശിച്ചു. 

മദ്യം അകത്തു ചെന്നപ്പോള്‍ രതീഷിനു ഒരു ഉണര്‍വ്വ് വന്നു. പല വിഷയങ്ങളെക്കുറിച്ചും അയാള്‍ ചന്ദ്രദാസിനോട് വാചാലമായി തുടങ്ങി. അധികം കഴിക്കില്ലെങ്കിലും കുപ്പി തീരുന്നത് വരെയും ചന്ദ്രദാസ് രതീഷിന് നല്ല സഹകരണം കൊടുത്തു. അതിനിടയില്‍ ചെമ്പിന്‍റെ ഒരു ചെറിയ കപ്പുമായി വന്ന മുത്തശ്ശിക്ക് (അമ്മ) അല്‍പ്പം മദ്യം ചന്ദ്രദാസ് ഒഴിച്ച് കൊടുത്തു. അതിലേക്കൊന്നു സൂക്ഷിച്ചു നോക്കിയ ശേഷം അതും കൊണ്ട് അവര്‍ ഉമ്മറത്തേക്ക് പോയി. രതീഷിനെ ഒന്ന് കണ്ണിറുക്കിക്കാണിച്ചു കൊണ്ട് അടുക്കള ഭാഗത്തേക്ക് തല നീട്ടി ചന്ദ്രദാസ് വിളിച്ചു പറഞ്ഞൂ "ഡീ സുലൂ.. മോന്‍ കഴിച്ചില്ല്യേ?.. ദേ നമ്മുടെ കലാപരിപാടി കഴിഞ്ഞൂ. ഭക്ഷണം ഇങ്ങോട്ട് എടുത്തോളൂ..."    

ഭക്ഷണം ഒരുക്കാന്‍ ചന്ദ്രദാസും കൂടി. വിഭവസമൃദ്ധമായ സദ്യ മേശയില്‍ നിരന്നൂ. നന്നായി വിശന്നിരുന്ന രതീഷ്‌ യാതൊരു അതിഥിഭാവമോ അപകര്‍ഷതയോ പ്രകടിപ്പിക്കാതെ വിശാലമായി തന്നെ എല്ലാം ആസ്വദിച്ചു കഴിച്ചു. 

സമയം പതിനൊന്ന്  ആയിരിക്കുന്നു. പിറ്റേ ദിവസം അവധിയായതിനാല്‍ ചന്ദ്രദാസ് രതീഷിനോട്‌ പറഞ്ഞു. "വാ നമുക്ക് സംസാരിക്കാം" എന്ന് പറഞ്ഞു അയാളെയും കൂട്ടി വിശാലമായ മുറ്റത്ത്‌ സാവധാനത്തില്‍ ഉലാത്തി. കൃഷ്ണേട്ടന്‍ തന്നെയായിരുന്നു പ്രധാന വിഷയം.

വിളപ്പറമ്പിലെ പ്രസ്ഥാനത്തിന്‍റെ അനിഷേധ്യനായ ആ നേതാവിനെ കുറിച്ച് പറയുമ്പോള്‍ ചന്ദ്രദാസിന് ആയിരം നാക്കായിരുന്നു. സമീപഭൂതത്തില്‍ ഉണ്ടായ ചില ആശയക്കുഴപ്പങ്ങളുടെ പേരില്‍ സംഘടനാപരമായി  ഉദയം ചെയ്ത അല്ലറ ചില്ലറ വിയോജിപ്പുകള്‍ അവര്‍ തമ്മിലുള്ള വ്യക്തിപരമായ അടുപ്പത്തില്‍ ഒരിക്കലും ഒരു കരടായിരുന്നില്ല. ഏകദേശം ഒരു മണിക്കൂറോളം അവര്‍ നിലാവ് വിരിച്ച മുറ്റത്ത് ഉലാത്തി. അതിനു ശേഷം ചന്ദ്രദാസ് സ്വീകരണ മുറിയില്‍ മെത്ത വിരിക്കാന്‍ ഒരുങ്ങിയപ്പോള്‍ രതീഷ്‌ പറഞ്ഞു അയാള്‍ സോഫയില്‍ കിടന്നോളാം എന്ന്. അപ്പോള്‍ ഒരു തലയിണയും പുതപ്പും കൊടുത്ത് ശുഭരാത്രി ആശംസിച്ചു കൊണ്ട് ചന്ദ്രദാസ് തട്ടിന്‍ മുകളിലുള്ള തന്‍റെ കിടപ്പ് മുറിയിലേക്ക് പോയി. പിന്നെ അല്‍പ്പസമയത്തിനുള്ളില്‍ ഒരു ജഗ്ഗില്‍ വെള്ളവും ആയി വന്നു രതീഷ്‌ കിടക്കുന്നതിനടുത്തുള്ള മേശയില്‍ വച്ചു പറഞ്ഞു. "മാഷേ.. ദേ വെള്ളം.  മറ്റവനെ വീശിയതല്ലേ.. രാത്രി ദാഹിക്കും ഹ ഹ ഹ ഹ".  മറുപടി അയാള്‍ ഒരു പുഞ്ചിരിയില്‍ ഒതുക്കി.

പിറ്റേ ദിവസം അടുക്കളയില്‍ തേങ്ങ ചിരകുന്ന ശബ്ദം കേട്ടാണ് രതീഷ്‌ കണ്ണ് തുറന്നത്. പെട്ടെന്ന് സ്ഥലകാലബോധം ഇല്ലാത്തവനെ പോലെ അയാള്‍ തല നാലുവശവും തിരിച്ച് കിടന്നു കൊണ്ട് തന്നെ ഒരു വിഹഗ വീക്ഷണം നടത്തി കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ എല്ലാം ഞൊടിയിടയില്‍ ഓര്‍ത്തെടുത്തു. പിന്നെ താമസിച്ചില്ല വേഗം തന്നെ എഴുന്നേറ്റു പുതപ്പു മടക്കി സോഫയില്‍ വച്ചു ഉമ്മറത്തേക്ക് പോയി തിണ്ണയില്‍ ഇരുന്നു. ഏതാനും നിമിഷങ്ങള്‍ക്കിടയില്‍ ഒരു കയ്യില്‍ ഒരു കിണ്ടിയും മറുകയ്യില്‍ കട്ടന്‍ കാപ്പിയുമായി അകത്തു നിന്നും സുശീല വന്നു രതീഷിനോട്‌ പറഞ്ഞു "രതീഷ്‌ ദാ...കാപ്പി.. പല്ല് തേക്കുന്നതിന് മുമ്പ് കഴിക്കാറുണ്ടല്ലോ അല്ലേ?" സമ്മതഭാവത്തില്‍ തല കുലുക്കി അയാള്‍ കാപ്പി വാങ്ങി തറയില്‍ വച്ചു കിണ്ടിയില്‍ നിന്നും വായില്‍ വെള്ളമെടുത്തു കുലുക്കുഴിഞ്ഞു മുറ്റത്ത് നില്‍ക്കുന്ന തെങ്ങിന്‍റെ കടക്കലേക്ക്‌ നീട്ടിത്തുപ്പി. പിന്നെ ചൂട് കാപ്പി അല്‍പ്പാല്‍പ്പമായി രുചിച്ചിറക്കി, മുറ്റമടിച്ചു തുടങ്ങിയിരുന്ന സുശീലയോട് ചന്ദ്രദാസ് എഴുനെറ്റില്ലേ എന്ന് അന്വേഷിച്ചു. 

"പിന്നേ.. ചേട്ടന്‍ അഞ്ചു മണിക്കേ എഴുന്നേറ്റല്ലോ.. പറമ്പിലേക്ക് കടച്ചക്ക (ശീമ ചക്ക) പൊട്ടിക്കാന്‍ പോയേക്കാ.. നടാടെയാണ് ഞങ്ങളുടെ കടപ്ലാവ് കായ്ച്ചത്. നിറയെ കായ്കള്‍ ഉണ്ടായിട്ടുണ്ട്. കൃഷ്ണേട്ടനും രതീഷിനും തന്നു വിടാന്‍ വേണ്ടി തോട്ടിയുമായി തൊടിയിലേക്ക്‌ പോയേക്കാണ്‌.. അപ്പോഴേക്കും തൊടിയില്‍ നിന്നും ഒരു ലുങ്കിയും തലേക്കെട്ടും ധരിച്ചു ഒരു ചെറിയ ചാക്കില്‍ ആറേഴു മൂത്ത കടച്ചക്കകളുമായി ചന്ദ്രദാസ് അവിടേക്ക് വന്നു.

"മാഷേ.. ഉഗ്രന്‍ കടച്ചക്കയാ.. നാലു കൊല്ലായി മരം നട്ടിട്ട്. നടാടെയാണ് കായ് പിടിച്ചത്. കൃഷ്ണേട്ടന് വല്ല്യ പ്രിയാ കടച്ചക്കയും ചെമ്മീനും വറത്തരച്ചു വയ്ക്കുന്ന കൂട്ടാന്‍.. ഇവളുടെ വീട്ടില്‍ നിന്നും കൊണ്ട് വന്ന നല്ല കുറച്ചു ഉണക്ക ചെമ്മീനും ഉണ്ട്. ഞാന്‍ നന്നായി പൊതിഞ്ഞു തരാം.. ബുദ്ധിമുട്ടില്ലെങ്കില്‍ ഒന്ന് അദ്ദേഹത്തിനു കൊടുക്കുമല്ലോ" എന്ന ചന്ദ്രദാസിന്‍റെ ചോദ്യത്തിന് മറുപടിയായി "അതിനെന്താ സാര്‍.. ഞാന്‍ കൊടുക്കാലോ" എന്ന് രതീഷ്‌ മറുപടി പറഞ്ഞു. പിന്നേ പ്രാഥമികാവശ്യങ്ങള്‍ ഒക്കെ കഴിച്ചു, പോകാനായി ഒരുങ്ങി രതീഷ്‌ വരുമ്പോഴേക്കും സുശീല തീന്‍ മേശയില്‍ പുട്ടും പഴവും കടലക്കറിയും പപ്പടവും എല്ലാം നിരത്തിയിരുന്നു. നല്ല കടുപ്പമുള്ള ചായക്കൊപ്പം അവര്‍ ഒരുമിച്ചു പ്രഭാതഭക്ഷണം കഴിച്ചു. 

പ്രാതല്‍ കഴിഞ്ഞു രതീഷ്‌ യാത്ര പറയാന്‍ തുടങ്ങുമ്പോഴേക്കും ചന്ദ്രദാസ് ഭദ്രമായി കെട്ടിയ രണ്ടു പൊതികള്‍ ഒരു ബലമുള്ള പ്ലാസ്റ്റിക് സഞ്ചിയില്‍ ഇട്ടു രതീഷിനെ ഏല്‍പ്പിച്ചു പറഞ്ഞു. "ഇതില്‍ ഒരു പൊതി മാഷിന്‌ മറ്റേത് കൃഷ്ണേട്ടന്" 
"അയ്യോ എനിക്കൊന്നും വേണ്ടാ.. എന്തിനാ ആവശ്യമില്ലാതെ.. ഇതൊന്നും വേണ്ടായിരുന്നൂ.. " എന്ന് പറഞ്ഞു രതീഷ്‌ നിരസിക്കാന്‍ മുതിര്‍ന്നപ്പോള്‍ ചന്ദ്രദാസ് നിര്‍ബന്ധപൂര്‍വ്വം തന്നെ അത് അയാളെ കൊണ്ട് സ്വീകരിപ്പിച്ചു. പിന്നെ പറഞ്ഞു "മാഷ്‌ നിക്കൂ ഞാന്‍ കുപ്പായം ഇട്ടു ഇപ്പൊ വരാം.. കവലയില്‍ ബസ് സ്റ്റോപ്പ്‌ വരെ ഞാന്‍ സൈക്കിളില്‍ വിടാം" അന്നേരം ഉണ്ണിക്കുട്ടന്‍ ഉറക്കമെഴുന്നേറ്റു വന്നു ചോദിച്ചു. "മാമന്‍ പോവാ?.. മാമന്‍റെ വീട്ടില്‍ വാവമാര്‍ ഒക്കെ ഉണ്ടോ? "

അതിനു ചിരിച്ചു കൊണ്ട് രതീഷ്‌ മറുപടി പറഞ്ഞു "ഉണ്ണിക്കുട്ടനേക്കാള്‍ ശ്ശി ചെറിയൊരു മോന്‍ മാമനും ഉണ്ടല്ലോ" 

അത് കേട്ട വഴി അവന്‍ അകത്തേക്കോടി ഒരു കളിപ്പമ്പരവുമായി തിരിച്ച് വന്നു അത് രതീഷിന്റെ കയ്യിലുള്ള കറുത്ത ബാഗിന്‍റെ സിപ് വലിച്ചു തുറന്നു അതിലിട്ട്, "ഇത് ആ വാവക്ക് കൊടുക്കണേ.. ഉണ്ണിക്കുട്ടന്‍റെ സമ്മാനാന്നു പറയൂട്ടോ.." അത് കേട്ട് രതീഷ്‌ അവനെ വാരിയെടുത്തു കവിളില്‍ ചുംബിച്ച് സുശീലയോട് യാത്ര പറഞ്ഞു.
   
*********************************************************

ഓടുന്ന ബസ്സിന്‍റെ ജനലിലൂടെ കടന്നു വരുന്ന കാറ്റും കൊണ്ടിരുന്ന് 
രതീഷ്‌ ഒരു ഉറച്ച തീരുമാനം എടുത്തു. ഒരു കാരണവശാലും തനിക്കു ചന്ദ്രദാസ് എന്ന ഈ മഹത് വ്യക്തിയെ വധിക്കാന്‍ ആവില്ല. തനിക്കു ഈ ചോരയില്‍ പങ്കുകാരനാവാന്‍ സാധിക്കില്ല. മുന്‍‌കൂര്‍ വാങ്ങിയ പണം അവര്‍ തിരിച്ച് കൊടുക്കട്ടെ. ഇനി വയ്യാ തനിക്കതിനു ആവില്ല അതിനു ആരെയും അനുവദിക്കുകയുമില്ല. സ്വന്തം കൂട്ടുകാരനെ തനിക്കു ഒറ്റു കൊടുത്ത കൃഷ്ണന്‍ എന്ന നേതാവിനോടുള്ള അതൃപ്തിയും രോഷവും രതീഷിന്‍റെ നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിയിപ്പിച്ചു. ഉണ്ണിക്കുട്ടന്‍റെ നിഷ്ക്കളങ്കമായ മുഖം അയാളുടെ മനസ്സില്‍ നിന്നും മാഞ്ഞതെയില്ല. എന്തോ ഭാഗ്യം കൊണ്ട് എത്രയോ അരുംകൊലകള്‍ നടത്തിയിട്ടും താന്‍ ഒരിക്കല്‍ പോലും പിടിക്കപ്പെട്ടിട്ടില്ല. അതും തനിക്കു നേരിട്ട് ഒരു പരിചയവും ഇല്ലാത്ത ഹതഭാഗ്യര്‍... ഇല്ലാ ഇനി താന്‍ ഈ പണി ഉപേക്ഷിക്കും. ഇനി ഒരാളുടെയും രക്തക്കറ തന്‍റെ ഈ കൈകളില്‍ പുരളുകയില്ല. തീര്‍ച്ച. 

*********************************************************
പിറ്റേ ദിവസം രാവിലെ ചാരുകസേരയില്‍ ഇരുന്ന് ചായ കുടിച്ചു കൊണ്ടിരുന്ന ചന്ദ്രദാസിന്‍റെ അരികിലേക്ക്ഗേറ്റില്‍ പത്രക്കാരന്‍ തിരുകി വച്ചിരുന്ന പത്രവും എടുത്തു കൊണ്ട് ഉണ്ണിക്കുട്ടന്‍ സന്തോഷഭരിതമായ മുഖഭാവത്തോടെ ഓടി വന്നു പത്രം കയ്യില്‍ കൊടുത്ത് കൊണ്ട് പറഞ്ഞു "അച്ഛാ അച്ഛാ കണ്ടോ ദേ ഇതില്‍ മാമന്‍റെ ഫോട്ടോ.." 
 
ജിജ്ഞാസയോടെ പത്രം തുറന്നു നോക്കിയ ചന്ദ്രദാസ് ആ വാര്‍ത്ത വായിച്ചു സ്തബ്ദനായിപ്പോയി. അനേകം കൊലക്കേസുകളില്‍  
പ്രതിയും പോലീസും സിബിഐയും നാളുകളേറെയായി  തിരഞ്ഞു കൊണ്ടിരിക്കുന്ന വാടക കൊലയാളിയുമായ  'കോഴി രതീഷ്‌' സ്വന്തം ഗുണ്ടാസംഘത്തിന്‍റെ തന്നെ വെട്ടേറ്റു മരിച്ച നിലയില്‍ വിളപ്പറമ്പിനടുത്തുള്ള ഒരു അഴുക്കുചാലില്‍ കാണപ്പെട്ടു. ദൃക്സാക്ഷികളുടെ മൊഴിയനുസരിച്ച് രതീഷ്‌ ഉള്‍പ്പെട്ടിരുന്ന ഈ ഗുണ്ടാസംഘം അരുംകൊലക്ക് ശേഷം ഒരു ജീപ്പില്‍ കേരളത്തിന്‍റെ അതിര്‍ത്തി കടന്നിരിക്കും എന്ന് അനുമാനിക്കുന്നൂ. സംഭവസ്ഥലത്ത് നിന്നും കിട്ടിയ രതീഷിന്‍റെത് എന്ന് കരുതപ്പെടുന്ന കറുത്ത ബാഗില്‍ നിന്നും ആധുനിക രീതിയില്‍ നിര്‍മ്മിതമായ രണ്ടു കൊലക്കത്തികളും ഏതാനും കടച്ചക്കകളും പിന്നെ കുട്ടികള്‍ കളിക്കുന്ന ഒരു പമ്പരവും പോലീസ് കണ്ടെടുത്തു.  
                                                                           - ജോയ് ഗുരുവായൂര്‍ 

No comments:

Post a Comment