Friday, November 8, 2013

വരൂ.... സൂര്യകാന്തിപ്പാടങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം..

വരൂ.... സൂര്യകാന്തിപ്പാടങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം..
[വര്‍ഷം രണ്ടായിരത്തി അഞ്ചില്‍ നടന്നതും ഇപ്പോഴും ഓര്‍ക്കുമ്പോള്‍  ചിരി  നിയന്ത്രിക്കാനുമാകാത്ത  ഒരു സംഭവ കഥയാണ് പ്രിയ കൂട്ടുകാര്‍‍ക്ക് വേണ്ടി ഇവിടെ ഞാന്‍ പങ്കു വയ്ക്കുന്നത്]

ബോംബെയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് & മാര്‍ക്കറ്റിംഗ് മാനേജര്‍ ആയി ജോലി ചെയ്തു വന്നിരുന്ന കാലം. ഒരു ‘വീക്ക്‌ എന്‍‍ഡില്‍ ‍’ ആയിരുന്നു എന്നോട് എന്‍റെ ഓഫീസ് ഡ്രൈവര്‍ ആയ മറാത്തി പയ്യന്‍ ജ്ഞാനേശ്വര്‍ ചുമ്മാ ഒരു നാസിക് ട്രിപ്പ്‌ പ്ലാന്‍ ചെയ്താലോ എന്നൊരു ഐഡിയ മുന്നോട്ടു വയ്ക്കുന്നത്. പുള്ളിക്കാരന്‍റെ ഭാര്യവീടും അവിടെ ഉള്ളതിനാല്‍ ഭക്ഷണതാമസ സൌകര്യങ്ങള്‍ ഒക്കെ അവിടെ സജ്ജീകരിക്കാം എന്ന് പറഞ്ഞു എന്‍റെ  മനസ്സിനെ കൊണ്ട് ഒരു അനുകൂല തീരുമാനമെടുപ്പിക്കാന്‍ അവന്‍ കിണഞ്ഞു ശ്രമിക്കുന്നത് കണ്ടപ്പോള്‍ എനിക്കും അങ്ങനെ തന്നെ ആയാലോ എന്ന് തോന്നി.

"എന്നാ അടിച്ചു വാടാ..  സുമോയില്‍ (ടാറ്റാ സുമോ ജീപ്പ്) ഫുള്‍ടാങ്ക് ഡീസല്‍.." എന്ന് ഞാന്‍ പറഞ്ഞ വഴി തന്നെ അവന്‍ ഉത്സാഹത്തോടെ വണ്ടിയുമെടുത്ത് പെട്രോള്‍ പമ്പിലേക്കു പാഞ്ഞു.  അന്ന് (ശനിയാഴ്ച) വൈകുന്നേരം തന്നെ നാസിക്കിലെ അവന്റെ ഭാര്യാഗൃഹം ലക്ഷ്യമാക്കി ഞങ്ങള്‍ മുംബൈ -നാസിക് ഹൈവേ യിലൂടെ    തേര് തെളിച്ച് കുതിച്ചു പാഞ്ഞു. 


ഡിസംബര്‍ മാസം .. മരം കോച്ചുന്ന തണുപ്പ് എന്നൊക്കെ പറയുന്നത് പോലെ തണുപ്പ് നല്ല രീതിയില്‍ തന്നെ ഉള്ള സമയം.പ്രത്യേകിച്ച്..നാസിക്കിന് അടുത്തുള്ള ജുന്നര്‍ എന്ന സ്ഥലം മലഞ്ചെരിവുകളാലും താഴ്വാരങ്ങള്‍  സൂര്യകാന്തി വയലുകളാലും മുന്തിരി വയലുകളാലും അലങ്കരിക്കപ്പെട്ടിരുന്നതിനു പുറമേ മലയിറങ്ങി വരുന്ന കാറ്റിനു അസ്ഥി തുളക്കുന്ന തണുപ്പും ഉണ്ടായിരുന്നു. ഞങ്ങള്‍  എത്തുന്ന വിവരം യാത്രാമദ്ധ്യേ ആണ് ഭാര്യാവീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയെ അവന്‍ വിളിച്ചറിയിച്ചത്  തന്നെ! എങ്കിലും, വിവരമറിഞ്ഞ ഉടനെ അവന്‍റെ അമ്മായിയപ്പന്‍ അവര്‍ വളര്‍ത്തുന്ന മുഴുത്തൊരു പിടക്കോഴിയുടെ കഥ കഴിക്കുകയും അമ്മായിയമ്മയും ഭാര്യയും കൂടി ഞങ്ങള്‍‍ക്കുള്ള ഭക്ഷണവിഭവങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. മരുമകന്‍റെ  ‘സാബ്ജി’ വീട്ടില്‍ ‍ വരുമ്പോള്‍  മോശം ആക്കാന്‍  പാടില്ലല്ലോ
 
പ്രതീക്ഷിച്ച പോലെ തന്നെ ഒരു എഴേമുക്കാലോടെ ഞങ്ങളുടെ വെളുത്ത ടാറ്റാ സുമോ ജീപ്പ്  പച്ച പുതച്ചു കിടക്കുന്ന മൊട്ടക്കുന്നുകള്‍ നിറഞ്ഞ ജുന്നറില്‍ എത്തി. ഒരു മുറിയും അടുക്കളയും മാത്രമുള്ള ഓടു മേഞ്ഞ ചെറിയ വീട് മുന്‍വശത്ത്‌ . ഓല മേഞ്ഞ ഒരു ചെറിയ ചായ്പ്പ് അവിടെയൊരു ബെഞ്ച് ഇട്ടിരിക്കുന്നതിലേക്ക് ജ്ഞാനേശ്വറിന്‍റെ ഭാര്യാകുടുംബം ഞങ്ങളെ സാദരം ആനയിച്ചിരുത്തി . മറാത്തിയല്ലാതെ ദുനിയാവിലെ ഒരു ഭാഷയും വശമില്ലാത്ത അവര്‍ , മറാത്തി കേട്ടാല്‍ പൂര്‍ണ്ണമായും മനസ്സിലാകുമായിരുന്ന, എന്‍റെ മറാത്തി ശകലങ്ങള്‍  ശ്രദ്ധാപൂര്‍വ്വം കേട്ട് അവരുടെ കുശലാന്വേഷണങ്ങളുടെ ഉത്തരം ഏതാണ്ട് മനസ്സിലാക്കി സംതൃപ്തിയടഞ്ഞു സ്റ്റീല്‍  മൊന്തയില്‍ അവര്‍ കൊണ്ട് വന്നു വിളമ്പിയ കടും മധുരമുള്ള ഉള്ള കടുപ്പം കുറഞ്ഞ ചായ കുടിക്കുമ്പോള്‍ പണ്ടെങ്ങോ കഴിച്ച അമ്പലപ്പുഴ പാല്‍പ്പായസമാണ് ഓര്‍മ്മ വന്നത്

അങ്ങനെ കുശലപ്രശ്നങ്ങള്‍ നടക്കുന്നതിനിടയില്‍, സ്വദേശി മറാത്തി പുരുഷന്മാരുടെ വസ്ത്രമായ വെള്ള പൈജാമയും - കണങ്കാലില്‍ നിന്നും അരക്കെട്ട് വരെ ഈസി ആയി വലിച്ചു പൊക്കാന്‍ സാധിക്കുന്ന ടൈപ്പ് വസ്ത്രം (അങ്ങനെ പൊക്കി മൂത്രവിസര്‍ജനം വരെ ചില ലോക്കല്‍ മറാത്തികള്‍ നടത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്!.. അത്ര ഫ്രീ ആണ് അത്.. ഹ ഹ) ജുബ്ബയും ധരിച്ച അമ്മായിയപ്പന്‍, അമ്മായിയമ്മ അകത്തേക്ക് പോയ തക്കം നോക്കി ജ്ഞാനേശ്വറിനോട് എന്തോ അടക്കത്തില്‍ കുശുകുശുക്കന്നത് ഞാന്‍ ശ്രദ്ധിച്ചു. ഉടനെ അവന്‍ എന്നെയും കൂട്ടി പുറത്തിറങ്ങി എന്നോട് കാര്യം പറഞ്ഞു. വേറൊന്നുമല്ല.. അത്. ഞങ്ങള്‍ വരുമ്പോള്‍ കുപ്പിയൊന്നും കൊണ്ട് വന്നില്ല്യേ എന്നായിരുന്നൂ അയാള്‍ ചോദിച്ചത്. ഞങ്ങള്‍ ഉടനെ ഇപ്പോള്‍ വരാം എന്ന് പറഞ്ഞു അടുത്തുള്ള ടൌണിലേക്ക് പോയി അരക്കുപ്പി 'ഓള്‍ഡ്‌ മങ്ക് റം' വാങ്ങി വരുന്ന വഴി അവന്റെ കൂട്ടുകാരനായ സന്ദീപിനെയും കൂട്ടി.

കോരിത്തരിക്കുന്ന തണുപ്പില്‍ ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് നയനാനന്ദകരമായ കാഴ്ചയാണ്. കുന്നിന്റെ താഴ്വാരത്തോട് ചേര്‍ന്ന് കിടക്കുന്ന വീടിന്‍റെ മുറ്റത്തു 'വല്യപ്പന്‍' വിറകു കൂട്ടി തീയിട്ട് ചുറ്റിലും നാല് പ്ലാസ്ടിക് കസേരകളും ഒരു ചെറിയ പീഠത്തില്‍ ആവി പറക്കുന്ന നാടന്‍ കോഴിക്കറിയും കഞ്ഞിപ്പുല്ല് കൊണ്ട് ഉണ്ടാക്കുന്ന 'ഭാഖ്റി' റൊട്ടിയും വച്ച് ഞങ്ങളെ ശുഭാപ്തി നയനങ്ങളുമായി കാത്തിരിക്കുന്നു.

എത്തിയ വഴി ജ്ഞാനേശ്വറിനോട് അവന്റെ അമ്മായിയമ്മ വന്നു എന്തോ അടക്കം പറഞ്ഞപ്പോള്‍ അവന്‍ ഉടനെ അകത്തു കയറി എനിക്ക് മാറ്റിയുടുക്കാനുള്ള വസ്ത്രം കൊണ്ട് വന്നു എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞു " സാബ്ജീ.. ആജ് ഇസ് സെ അഡ്ജസ്റ്റ് കീജിയേ" (ഇന്ന് തല്‍ക്കാലം ഈ വസ്ത്രം ധരിച്ചാലും എന്നര്‍ത്ഥത്തില്‍). അത് വാങ്ങി നിവര്‍ത്തി നോക്കിയപ്പോള്‍ ഞെട്ടിപ്പോയീ.. അമ്മായപ്പന്‍ ഉടുത്തിരിക്കുന്നതിന്റെ സെയിം 'കോണ്‍ഫിഗറേഷനിലുള്ള'   (രീതിയില്‍) ഉള്ള പൈജാമ! കുളിക്കുന്നോ എന്ന അവന്റെ ചോദ്യത്തിന് വിറയലോടെ അര്‍ത്ഥഗര്‍ഭമായ ഒരു നോട്ടത്തില്‍ ഉത്തരം കൊടുത്ത് മറ്റൊന്നും ആരായാതെ തന്നെ ചായ്പ്പിന്റെ മറയില്‍ പോയി അത് ധരിച്ചു മുറ്റത്തേക്കു വന്നു ഒരു കസേരയില്‍ തീ കായാന്‍ ഇരുന്നു.

ആ വേഷത്തില്‍ എന്നെ കണ്ട സന്ദീപ്‌ "ഹ ഹ.. സാബ്ജിക്ക് ഈ ഡ്രസ്സ്‌ നന്നായി ചേരുന്നുണ്ട്ട്ടോ" എന്ന് മറാത്തിയില്‍ പറഞ്ഞു ചിരിച്ചു. ഒരു ‘കോളിനോസ്’ പുഞ്ചിരിയും മുഖത്തു ഫിറ്റ്‌ ചെയ്തു അമ്മായിയപ്പന്‍ മൂകനായി എന്നെയും വീക്ഷിച്ചു നിലത്തു കുന്തക്കാലില്‍ ഇരുന്നു ഇടയ്ക്കിടെ തീയിലേക്ക് മരങ്ങളുടെ ചെറിയ ഉണങ്ങിയ ചില്ലകള്‍ ഇട്ടു കൊണ്ടിരുന്നു. . ജ്ഞാനേശ്വര്‍  നിര്‍ദ്ദേശിച്ചതനുസരിച്ചു അവന്റെ ഭാര്യ ഒരു ട്രേയില്‍ ഗ്ലാസുകളും  സവാള അരിഞ്ഞതും പച്ചമുളക് എണ്ണയിലിട്ടു വാട്ടിയതും കൊണ്ട് വന്നു  പീഠത്തില്‍ വച്ച് സ്നേഹഭാവത്തില്‍ അവനോടു എന്തോ കുശുകുശുത്ത്‌ പോകുന്ന വഴിക്ക് അവന്റെ ചെവിയില്‍ ഒരു നുള്ളും കൊടുത്തു അകത്തേക്ക് പോയി. ‘ഈ പേരും പറഞ്ഞു അധികം അടിച്ചു ഫിറ്റാവണ്ടാ’ എന്നാണു അവള്‍ അവനോടു പറഞ്ഞതെന്ന് പെണ്ണു കെട്ടിയ ഏതു സുബുദ്ധിക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ. ഹി ഹി . ‍
 
എന്നാല്‍ തുടങ്ങല്ലേ എന്ന് പറഞ്ഞു സന്ദീപ്‌, കുപ്പിയുടെ കഴുത്തു ഭേദിച്ച് നാല് ഗ്ലാസുകളിലായി ‘മരുന്നു’ ഒഴിച്ച് ഓരോന്നിലായി വെള്ളം ചേര്‍ത്തു കട്ടി കുറക്കുന്നതിനിടയില്‍ പെട്ടെന്ന് വളരെ തന്ത്രപരമായി 'വല്യപ്പന്‍' വെള്ളം വീഴുന്നതിനു മുമ്പേ തന്റെ ഗ്ലാസ് എടുത്തു ഒരൊറ്റ വലിക്കു മദ്യം അകത്താക്കി നിഷ്ക്കളങ്കമായ ഒരു ചിരിയും ചിരിച്ചു വീണ്ടും തീക്കുണ്ഡത്തിനരികില്‍ പോയിരുന്നു. നാടന്‍ മറാത്തി മസാല ചേര്‍ത്തുണ്ടാക്കിയ എരിവുള്ള വെടിക്കെട്ട്‌ കോഴിക്കറിയും റൊട്ടിയും സഹിതം ഞങ്ങള്‍ ആ കൊടും തണുപ്പില്‍ ഇരുന്നു ഓരോ റൌണ്ട് മദ്യം അകത്താക്കി. ഇടയ്ക്കു ജ്ഞാനേശ്വര്‍ അമ്മായിയപ്പന്റെ കാലി ഗ്ലാസില്‍ 'നീറ്റ്' മദ്യം ഒഴിച്ച് അയാള്‍ ഇരിക്കുന്നിടത്തേക്ക്‌ കൊണ്ട് കൊടുത്തപ്പോള്‍ അയാള്‍ അത് വാങ്ങി താഴെ അരികില്‍ വച്ചു.

തണുപ്പിന്റെ പിന്‍ബലത്തിലും നാടന്‍ കോഴിക്കറിയുടെ രുചിയിലും മുറിച്ചു വച്ച സവാളയുടെ 'കോമ്പിനേഷനിലും' ആവശ്യത്തിനു റൊട്ടി അകത്താക്കി. ഇനിയും  ആക്രാന്തം കാണിക്കണ്ട എന്ന് കരുതി എഴുന്നേറ്റു കൈ കഴുകി. പിന്നെ ചില കുശലപ്രശ്നങ്ങള്‍ക്ക് ശേഷം മുന്തിരിക്കൃഷിക്കാരനായ സന്ദീപ്‌, ഒരു കുട്ട മുന്തിരി 'സാബ്ജിയുടെ ഭാഭി കോ' (എന്റെ ഭാര്യക്ക്) ദേനെ കേലിയെ ലാവൂന്‍ഗാ (കൊടുക്കാനായി ഞാന്‍ കൊണ്ട് വന്നു തരും)'  എന്ന് വാഗ്ദാനം ചെയ്തതിനു ശേഷം ജ്ഞാനേശ്വരന്റെ വണ്ടിയില്‍ കയറി അവന്റെ വീട്ടിലേക്കു തിരിച്ചു. ജ്ഞാനേശ്വര് തിരിച്ചു വരുന്നത് വരെ കോടക്കാറ്റില് തീ കാഞ്ഞു കൊണ്ട് ഞാന്‍ അവന്റെ അമ്മായപ്പനുമായി അറിയാവുന്ന മറാത്തിയില്‍ കത്തി വച്ചു. അന്നേരം സ്നേഹപൂര്‍വ്വം അയാള്‍ തമ്പാക്കിന്റെ മണമുള്ള അയാളുടെ ഷോള്‍ എന്നെ പുതപ്പിച്ചു. ആ സ്നേഹത്തിനു മുമ്പില്‍ എനിക്ക് തല കുനിക്കാതിരിക്കാനായില്ല. നിഷ്ക്കളങ്കരായ ഗ്രാമവാസികളുടെ സ്നേഹത്തിനു മുമ്പില്‍ നമ്മള്‍ പലപ്പോഴും തോറ്റു പോകും എന്ന് മഹാകവികള്‍ പണ്ട് എഴുതിയിട്ടുള്ളത് ഞാന്‍ അപ്പോള്‍ ഓര്‍ത്തു. സ്നേഹത്തിനു ഭാഷയില്ല.. സംസ്കാര വ്യത്യാസമില്ല.. സാമ്പത്തികാന്തരമില്ല.. ജാതിയില്ല.. മതമില്ല.. നിറഭേദമില്ല. സ്നേഹമാണഖിലസാരമൂഴിയില്‍...!!

സന്ദീപിനെ വണ്ടിയില്‍ അവന്റെ വീട്ടില്‍ വിട്ടു അവന്‍ കൊടുത്ത മുന്തിരിക്കുട്ടയുമായി ജ്ഞാനേശ്വര്‍ വന്ന വഴി അവനോടു എന്തോ പറഞ്ഞു അമ്മായപ്പന്‍ പുറത്തേക്ക് പോയി. എങ്ങോട്ടാ അയാള്‍ പോയതെന്ന് ഞാന്‍ അവനോടു ചോദിച്ചപ്പോള്‍ പറഞ്ഞൂ 'തന്റെ വിളഞ്ഞ കേബേജ് കൃഷിക്ക് ഏറുമാടത്തില്‍ രാത്രി മുഴുവന്‍ കാവലിരിക്കാന്‍ പോയതാണ്.. രാവിലെ അയാള്‍ വന്നിട്ടേ എന്നെ വിടാവൂ' എന്നാണു അയാള്‍ പറഞ്ഞതെന്ന്  പറഞ്ഞു.

സമയം ഏകദേശം രാത്രി പത്തു മണി. അപ്പോഴേക്കും ചാണം മെഴുകിയ ചായ്പ്പില്‍ 'കോസടികള്‍' (കനം കുറഞ്ഞ മെത്തകള്‍) അവന്റെ അമ്മായിമ്മയും ഭാര്യയും കൂടി വിരിച്ചു കഴിഞ്ഞിരുന്നു. അകത്തു സ്ഥലമില്ല. അവിടെ ഇവന്റെ കുട്ടികളും വീട്ടു സാധനങ്ങളും പിന്നെ രണ്ടു സ്ത്രീ ജനങ്ങളും മാത്രം. തുറസ്സായ ചായ്പ്പില്‍ അവര്‍ വിരിച്ച മെത്തയില്‍ പാടത്തെ ചെളിയുടെ മണമുള്ള ഇരട്ടക്കമ്പിളി പുതച്ചു കിടക്കുമ്പോള്‍ തണുപ്പിന്റെ അതിപ്രസരം മൂലം ഒരിക്കലും തല മൂടിക്കിടക്കാന്‍ ഇഷ്ടമില്ലാത്ത എനിക്കും തോന്നി കമ്പിളി ഒന്ന് തലവഴി വലിച്ചു പുതച്ചെങ്കിലോ.. എന്ന്.

അപ്പോഴാണ്‌ അവന്റെ അമ്മായിയമ്മ പുറത്തുള്ള ആട്ടിന്‍ കൂട്ടില്‍ നിന്നും കറവയുള്ള അവരുടെ ആടിനെയും രണ്ടു കുഞ്ഞുങ്ങളേയും അഴിച്ചു വീടിന്റെ അകത്തേക്ക് കൊണ്ട് പോകുന്ന കാഴ്ച ഞാന്‍ കണ്ടത്! തംബാക് കയ്യില്‍ ഇട്ടു തിരുമ്മി 'ട്ടേ..ട്ടേ..' ന്ന് രണ്ടു അടിയും അടിച്ചു ചുണ്ടിനിടയില്‍ തിരുകിക്കൊണ്ടിരുന്ന ജ്ഞാനേശ്വരനോട് അതിന്റെ പൊരുള്‍ ചോദിച്ചപ്പോള്‍ അവന്‍ കുറച്ചു ഭയം മുഖത്തു പ്രതിഫലിപ്പിച്ചു കൊണ്ട് പറയുന്നൂ.. കഴിഞ്ഞ ആഴ്ചയില്‍ കുന്നില്‍ നിന്നും പുലിയിറങ്ങി അവരുടെ അടുത്ത വീട്ടിലെ ആട്ടിന്കൂട് തകര്‍ത്ത് പ്രസവിക്കാറായ അവരുടെ ആടിനെ കടിച്ചു കൊണ്ട് പോയ കാരണം, ഭയം കൊണ്ട് ആടിനെ രാത്രി നേരത്ത് അകത്തു കെട്ടുന്നു എന്ന്. നട്ടപ്പാതിരക്കു അതേ 'വേദി'യില്‍ തന്നെ 'ഓപ്പണ്‍ എയറില്‍' കിടക്കുന്ന ഒരാള്‍ക്ക്‌ 'നല്ല' സമാധാനം കിട്ടുന്ന തരത്തിലുള്ള അവന്റെ വിശദീകരണം കേട്ടപ്പോള്‍ തന്നെ എനിക്ക് തോന്നി അപ്പോള്‍ ഒന്നും അവനോടു ചോദിക്കണ്ടായിരുന്നൂ എന്ന്.

 
കര്‍ത്താവിനെ വിളിച്ചു ഞാന്‍ കിടന്നു. രാത്രിയുടെ ഏതോ യാമത്തില്‍ നായ്ക്കളുടെ നിര്‍ത്താതെയുള്ള കുര കേട്ടാണ് ഞാന്‍ ഉണരുന്നത്. ഉറക്കപ്പിച്ചില്‍ ആദ്യമൊന്നും അപാകതകള്‍ തോന്നിയില്ലെങ്കിലും പെട്ടെന്ന് ഒരു നിമിഷം എനിക്ക് ജ്ഞാനേശ്വരന്‍ പറഞ്ഞ പുലിപുരാണം ഓര്‍മ്മ വന്നു. ദൈവമേ.. ചിലപ്പോള്‍ പുലിയിറങ്ങിയത് കണ്ടിട്ടായിരിക്കുമോ നായ്ക്കള്‍ ഇടതടവില്ലാതെയിങ്ങനെ കുരക്കുന്നുണ്ടായിരിക്കുക? രാത്രിയുടെ ഭടന്മാര്‍ ആണല്ലോ നായ്ക്കള്‍.

ആടിന്റെ മണം പിടിച്ചു നിമിഷങ്ങള്‍ക്കകം പുലിയിവിടെ 'ഹാജര്‍' എന്ന് പറഞ്ഞു വന്നു, ആടിനെ കിട്ടാത്ത ദേഷ്യത്തില്‍ കിട്ടിയതാകട്ടെ എന്ന് കരുതി ഞങ്ങള്‍ രണ്ടിലൊന്നിനെ മണ്ടിക്കൊണ്ട് പോകുന്ന രംഗം മനസ്സില്‍ കണ്ട വഴി ഞാന്‍ സ്വയം വരിഞ്ഞു മുറുക്കിയ കമ്പിളിക്കുള്ളില്‍ നിന്നും കൈ കഷ്ടപ്പെട്ടു വെളിയിലേക്ക് വലിച്ചെടുത്തു മോര്‍ച്ചറിയിലെ ശവം പോലെ മൂടിപ്പുതച്ചു കിടന്നിരുന്ന ജ്ഞാനേശ്വരനെ ശബ്ദമുണ്ടാക്കാതെ തോണ്ടി വിളിച്ചു 'അയ്യോ അമ്മേ.. എന്നെ പുലി പിടിച്ചേ…' എന്ന് മറാത്തിയില്‍ വിളിച്ചു കൂവിക്കൊണ്ട് അവന്‍ ചാടിയെഴുന്നേറ്റു.

എങ്ങനെ അവന്‍ പേടിക്കാതിരിക്കും. നായ്ക്കളുടെ കുര കേട്ട് ഏതു നിമിഷവും ഒരു പുലിസ്പര്‍ശനവും പ്രതീക്ഷിച്ചു കിടന്ന അവനെയല്ലേ ഞാന്‍ എന്റെ തണുത്ത വിരലുകള്‍ കൊണ്ട് സ്പര്‍ശിച്ചത്. അവന്റെ ഒച്ച കേട്ട് ഉടന്‍ അകത്തെ മുറിയുടെ ജനല്‍ തുറന്നു അവന്റെ അമ്മായിയമ്മ ടോര്‍ച്ചടിച്ചു അവനോടു കാര്യം എന്താണെന്ന് തിരക്കി. ഒരു ചമ്മലോടെ അവന്‍ സോറി പറഞ്ഞു എന്റെ അടുത്തേക്ക്‌ ഉരുണ്ടു വന്നു എന്നെ പറ്റി കിടന്നെങ്കിലും ഭീതി കൊണ്ട് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പിന്നെ ഉറങ്ങാനായില്ല.

ഏകദേശം ഒരു നാലര ആയപ്പോള്‍ ജ്ഞാനേശ്വര്‍ എഴുന്നേറ്റു ഉറക്കം പിടിച്ചു വന്നിരുന്ന എന്നെ കുലുക്കിയുണര്‍ത്തി പറഞ്ഞു 'സാബ്ജീ സണ്ടാസ് ജാനാ ഹായ് തോ അഭി ഉഡിയെ.. ആഗേ ഖേതീ മേ ജാനാ ഹേ.. ഇദര്‍ തോ ടോയിലെറ്റ് നഹി ഹേ.." (മലവിസര്‍ജനത്തിനു പോകാന്‍ അവിടെ ടോയിലെറ്റ് ഇല്ലാ നേരം പരപരാ വെളുക്കുന്നതിനും മുമ്പ് എണീക്കുകയാണെങ്കില്‍ സൈഡിലുള്ള വിളവെടുപ്പ് കഴിഞ്ഞ സൂര്യകാന്തി പാടത്ത് പോയി സംഗതി ഒപ്പിച്ചു വരാം എന്ന് സാരം).

ഞാന്‍ ഉടനെ തപ്പിപ്പിടിച്ചെഴുന്നെല്‍ക്കുമ്പോഴേക്കും ജ്ഞാനേശ്വര് ഒരു ചെറിയ പ്ലാസ്ടിക് ബക്കറ്റില്‍ വെള്ളവുമെടുത്ത് എനിക്ക് കൊണ്ട് വന്നു തന്നിട്ട് വയലിലേക്കു ആംഗ്യം കാണിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ പോലും അങ്ങനെയൊരു രീതിയില്‍ പ്രാഥമിക ആവശ്യങ്ങള്‍ ചെയ്യേണ്ടി വന്നിട്ടില്ല്യാത്ത എനിക്ക് അതൊരു വെല്ലുവിളിയായി തോന്നിയെങ്കിലും വേറെ നിവൃത്തിയില്ലാത്തതിനാല്‍ രണ്ടും കല്‍പ്പിച്ചു ഇറങ്ങിപ്പുറപ്പെട്ടു.

വീട്ടില്‍ നിന്നും ഇറങ്ങി സൂര്യന്‍ ഉദിക്കുന്നതിനും മുമ്പുള്ള അരണ്ട വെളിച്ചത്തില്‍ വിളവെടുപ്പ് കഴിഞ്ഞു കുറ്റിയുണങ്ങി നില്‍ക്കുന്ന വിശാലമായ സൂര്യകാന്തി പാടത്തിലൂടെ മലയിറങ്ങി വരുന്ന ശീതക്കാറ്റിന്റെ കുളിര്‍മ്മയില്‍ രോമാഞ്ചകുഞ്ചുകനായി, കാലില്‍ ശരിക്ക് കൊള്ളില്ലെങ്കിലും മുറ്റത്തു കിടന്ന തേഞ്ഞു തേഞ്ഞു ബ്ലേഡ്‌ പോലിരിക്കുന്ന ഒരു സ്ലിപ്പറുമിട്ട്,  വെള്ളം നിറഞ്ഞ ബക്കറ്റുമായി മനസ്സിന് പറ്റിയൊരിടവും തേടി ആ പാടത്ത് ഞാന്‍ നടന്നു.

ഏകദേശം ഒരു അഞ്ചു മിനിട്ടോളം വയലിലൂടെ നടന്ന്, നിലത്തുള്ള കാഴ്ചകള്‍  അവ്യക്തമായിരുന്നുവെങ്കിലും ഒരു സ്ഥലത്ത് ബക്കറ്റു വച്ച് ആരും  തന്നെ  നിരീക്ഷിക്കുന്നില്ല എന്നൊക്കെ ഉറപ്പു വരുത്തിയ ശേഷം പൈജാമയുടെ  ചരട് അഴിക്കാന്‍ നോക്കിയപ്പോള്‍ അത് കടും കെട്ട് വീണിരിക്കുന്നതായി 
മനസ്സിലായി. പിന്നെ 'എമര്‍ജന്‍സി കണ്ടീഷന്‍' അല്ലായിരുന്നത് കൊണ്ട്  അത്യാവശ്യം സമയമെടുത്തു ക്ഷമയോടെ അതിന്റെ കുരുക്ക് അഴിച്ചു ഒന്ന് കൂടി  വിഹഗവീക്ഷണം നടത്തി താഴെ ഇരിക്കാന്‍ ശ്രമിച്ചതും 'മൈ ഗോഡ്'  എന്നൊരലര്‍ച്ച എന്റെ വായില്‍ നിന്നും പുറത്തു ചാടി. അടുത്തുള്ള  ചെറു വൃക്ഷങ്ങളില്‍ വിശ്രമിച്ചിരുന്ന   കാക്കകളും ചെറു പക്ഷികളും  പതിവില്ലാത്തതും അപ്രതീക്ഷിതവുമായ ആ അലര്‍ച്ച കെട്ട് വിശ്രമം നിറുത്തി  കലപില കൂട്ടി ഒന്നിച്ചു പറന്നു പൊന്തി.

ഒരു നിമിഷത്തേക്ക് എന്തായിരുന്നു യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ന്  എനിക്ക്  മനസ്സിലായില്ല.  പിന്നീടാണ് മനസ്സിലായത്‌ വിളവെടുപ്പ് കഴിഞ്ഞു ഉണങ്ങി  നിന്നിരുന്ന സൂര്യകാന്തി ചെടിയുടെ കുറ്റികള്‍ താഴെ ഇരിക്കുന്ന വഴിയില്‍ ആസനത്തില്‍ ഒരു ‘താണ്ഡവം’ നടത്തിയതാണ് ഒരലര്‍ച്ചയായി പ്രതിദ്ധ്വനിച്ചത് എന്ന്. അവിടങ്ങളില്‍ ഉള്ളവര്‍ അത്തരം പാടങ്ങളില്‍ ഇത്തരം പ്രവൃത്തിക്ക്  പോകുമ്പോള്‍ ആദ്യം കാലുകൊണ്ട്‌ പൊന്തി നില്‍ക്കുന്ന ഉണങ്ങി നില്‍ക്കുന്ന  ചെടിക്കുറ്റികള്‍ ഒക്കെ ചവിട്ടിപ്പരത്തിയ ശേഷം മാത്രമാണ് ഇരിക്കുന്നത് എന്ന് പിന്നീട്  ജ്ഞാനേശ്വര്‍  പ്രസ്ഥാവിക്കുമ്പോഴും ചന്തിയിലെ   നീറ്റല്‍ മൂലം  എന്റെ പ്രതികരണം ഒരു നിര്‍വികാരമായ മന്ദഹാസം മാത്രമായി മന്ദീഭവിച്ചു.
  
പ്രിയ സുഹൃത്തുക്കളെ..  മുകളില്‍ പറഞ്ഞ അപകടം സൂര്യകാന്തി  പാടങ്ങളില്‍  മാത്രമല്ല എള്ള്, വെണ്ട, ചോളം ഇത്യാദി പാടങ്ങളിലും പതിയിരിക്കുന്നുണ്ട് എന്ന് ഓര്‍ക്കണേ.. ഇതെല്ലാവര്ക്കും ഒരു പാഠമാകട്ടെ... ങാ....

-:ജോയ് ഗുരുവായൂര്‍:-

No comments:

Post a Comment