Friday, November 8, 2013

"മൈ ഡിയര്‍ ഗോവിന്ദേട്ടന്‍"


"മൈ ഡിയര്‍ ഗോവിന്ദേട്ടന്‍"

"ഓടിക്കോടാ.. ദേ ഗോവിന്ദേട്ടന്‍ വരുന്നൂ.." ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി, കൂട്ടുകാരോടൊപ്പം പൂഴി മണ്ണില് ഉണ്ണിചോറ് വച്ച് കളിച്ചുകൊണ്ടിരുന്ന ഒരു പിഞ്ചു ബാലന്‍ ഭയചകിലനായി ജീവനും കൊണ്ടോടിയൊളിക്കുന്നു

എന്റെ കുട്ടിക്കാലത്തെ ‘മോസ്റ്റ്‌ ഹോണ്ടിംഗ്’ വ്യക്തിത്വം ആയിരുന്നു ചെത്തുകാരന്‍ ഗോവിന്ദേട്ടന്‍.. കഷണ്ടിത്തല, ‘ക്ലീന്‍ ഷേവ്’, അരയില്‍ വരിഞ്ഞുടുത്ത കറുത്ത പാളത്തോര്ത്ത് മുണ്ട്, അരപ്പട്ടയില്‍ തിരുകിയ നല്ല വീതിയുള്ള ചേറ്റു കത്തി, കയ്യില്‍ തൂക്കിപ്പിടിചിരിക്കുന്ന കറുത്ത നിറമുള്ള കള്ളുകുടുക്ക, അരപ്പട്ടയിലെ കയറില്‍ ഏതോ മൃഗത്തിന്റെ എല്ല് കൊണ്ടുണ്ടാക്കിയ കൊട്ടുവടി പിരിച്ചു വച്ചിരിക്കുന്നു. പിന്നെ മുഖത്തു എപ്പോള്‍ നോക്കിയാലും വിളങ്ങുന്ന ക്രൌര്യ ഭാവം.. ഒരു നാല് വയസ്സുകാരനെ ഭയവിഹ്വലനാക്കാന്‍ ഇത് മാത്രമായിരുന്നില്ല ഹേതു.

ഏതോ ഒരു ദിവസം രാവിലെ ഞാന്‍ ഉമ്മറത്തിരുന്നു ബാലവാടിയിലെ ‘ഹോം വര്‍ക്ക്‌’ ചെയ്യുന്നതിനിടയില്‍ ഗോവിന്ദേട്ടന്‍ വീട്ടിലേക്കു വന്നു. ചെത്താന്‍ കൊടുത്തിരുന്ന തെങ്ങുകളുടെ കരാര്‍ പൈസ എന്റെ അപ്പച്ചനെ (അച്ഛന്‍) ഏല്‍പ്പിക്കാന്‍ വേണ്ടി വന്നതാണെന്ന് തോന്നുന്നു. എന്റെ അപ്പച്ചനും പുള്ളിക്കാരനും സഹപാഠികള്‍ ആയിരുന്നു. രാവിലെ അമ്മ കൊടുത്ത കട്ടന്‍ ചായ രണ്ടു പേരും ഇങ്ങനെ ഊതിയൂതി കുടിക്കുന്നതിനിടയില്‍ ഗോവിന്ദേട്ടന്‍ എന്റെ നേരെ നോക്കി അപ്പച്ചനോട് ചോദിച്ചു. "ജോസേ.. ഇവനെ ഇത് വരെ സ്കൂളില്‍ ചേര്‍ത്തില്ലേ?"
"ഇല്ലാ.. അടുത്ത കൊല്ലം ചേര്‍ക്കാം എന്ന് കരുതിയിരിക്കുകയാണ് " എന്ന് അപ്പച്ചന്‍ മറുപടി പറഞ്ഞു. അപ്പോള്‍ എന്റെ നേരെ സൂക്ഷിച്ചു ഒരു നോട്ടം.

ഞാന്‍ അന്നേരം പതുക്കെ എഴുന്നേറ്റു ഉമ്മറത്തിണ്ണയില്‍ ഗോവിന്ദേട്ടന്‍ അഴിച്ചു വച്ചിരുന്ന അരപ്പട്ടയില്‍ തിരുകിയ നല്ല മൂര്‍ച്ചയുള്ള ചേറ്റു കത്തി എടുത്തു പരിശോധിക്കാന്‍ ഒരു ശ്രമം നടത്തി. ഇത് കണ്ട അപ്പച്ചന്‍ ഉടനെ വഴക്ക് പറഞ്ഞു കൊണ്ട് എന്റെ നേരെ വന്നു. പിന്നെ പറഞ്ഞ ടയലോഗ് എനിക്ക് ഒരു കാരണവശാലും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതായിരുന്നു. അത് എന്തായിരുന്നെന്നോ?! "ഈ കത്തി ചെറിയ കുട്ടികളുടെ ചുക്കാണി മുറിക്കാനാണ് ഗോവിന്ദേട്ടന്‍ കൊണ്ട് നടക്കുന്നത്.. ചെറിയ കുട്ടികളെ എവിടെ കണ്ടാലും ഇയാള്‍ വിടില്ല.. അപ്പോള്‍ തന്നെ പിടിച്ചു സംഗതി മുറിച്ചു കളയും.. വേഗം അകത്തേക്ക് പൊക്കോ അല്ലെങ്കില്‍ മോനെയും ഇപ്പോള്‍ അയാള്‍ പിടിക്കും.." അത് വരെ എനിക്ക് ഗോവിന്ദേട്ടനെ യാതൊരു പേടിയും ഇല്ലായിരുന്നു.

അന്ന് കള്ള് ചെത്തുന്നതിന്റെ ‘പ്രൊസീജിയര്‍’ യാതൊന്നും അറിയാതിരുന്ന ഞാന്‍ ഇത് കേട്ട് ഞെട്ടിത്തരിച്ചു അകത്തേക്ക് ഒരൊറ്റയോട്ടം വച്ച് കൊടുത്തു.. അന്നേ മുതല്‍ തുടങ്ങിയതാണീ ഗോവിന്ദഭയം..

പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ ഒരു കണ്ണ് എപ്പോഴും വീടിന്റെ പടിയിലോട്ടായിരിക്കും. കാരണം എപ്പോഴാ ഈ കുരിശു വരുന്നതെന്ന് അറിയില്ലല്ലോ. ദൂരെ വളരെ വീതി കുറഞ്ഞ പാടവരമ്പിലൂടെ അതിവിദഗ്ദമായി സൈക്കിള്‍ ചവിട്ടി വരുന്ന ഗോവിന്ദേട്ടന്റെ പെട്ടത്തലയില്‍ (കഷണ്ടിത്തല) വീണു ‘റിഫ്ലക്റ്റ്’ ചെയ്യുന്ന സൂര്യകിരണങ്ങള്‍ ഒരു കൊള്ളിയാന്‍ പോലെ വന്നു പതിച്ചിരുന്നത്‌ തന്റെ തരള ഹൃദയത്തില്‍ ആയിരുന്നു.. അയാളുടെ നിഴല്‍ കണ്ടമാത്രയില്‍ തന്നെ എത്ര താല്‍പ്പര്യമുള്ള കളിയായാലും ഉടനെ നിര്‍ത്തി സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറിയിരിക്കും. കാരണം അയാളുടെ കണ്ണില്‍ പെട്ടാല്‍ പിന്നത്തെ ഗതി പറയാനുണ്ടോ? മാത്രമല്ല എന്റെ ധാരണ ഊട്ടിയുറപ്പിക്കുന്ന വിധത്തില്‍ ഒന്ന് രണ്ടു പ്രാവശ്യം പുള്ളിക്കാരന്‍ എന്റെ പുറകെ കത്തിയും കൊണ്ട് ഓടി വന്നിട്ടുമുണ്ട്..

സന്ധ്യാനേരത്തുള്ള കുടുംബപ്രാര്‍ത്ഥനക്കൊടുവില്‍ പതിവ് പോലെ ദൈവത്തിനു കൊടുക്കുന്ന പേര്‍സണല്‍ അപ്ലിക്കേഷനുകളില്‍ അന്നൊക്കെ സ്ഥിരം ‘ഐറ്റം’ ആയിരുന്നു "ദൈവമേ എന്നെ ഗോവിന്ദേട്ടന്റെ കിരാത ദൃഷ്ട്ടിയില്‍ നിന്ന് മറക്കേണമേ" എന്നത്.

അങ്ങനെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമൊക്കെ കടന്നു പോകുമ്പോഴും ഈ മനുഷ്യന് എന്റെ മനസ്സിലൊരു പേടീസ്വപ്നമായിത്തന്നെ തുടര്‍ന്നു. അങ്ങനെയിരിക്കെ ആണ് ഞാന്‍ മൂന്നാം ക്ലാസിലേക്ക് ജയിച്ചു വരുന്നത്.. ഗോവിന്ദേട്ടന്റെ മകള്‍ സൂര്യയും ആ ക്ലാസ്സില്‍ തന്നെ ആയിരുന്നു. അവളുടെ അച്ഛനെ എനിക്ക് പേടിയാണെന്ന് അവള്‍ ക്ലാസ്സില്‍ ആകെ പരത്തിയത് എനിക്കൊരു ‘പ്രെസ്ടീജ് ഇഷ്യൂ’ തന്നെ ആയിരുന്നു. അവളുടെ ആരോപണത്തില്‍ കഴമ്പുള്ളതു കാരണം എനിക്ക് പ്രത്യാരോപണ ത്തിനോ പ്രതിരോധത്തിനോ ഉള്ള വകുപ്പും ഉണ്ടായിരുന്നില്ല. ഭാഗ്യത്തിന്, നാണിച്ചിട്ടോ എന്തോ അവള്‍ എന്റെ ഭയത്തിന്റെ മൂല കാരണം ആരോടും പാട്ടാക്കിയില്ല. അപ്പോഴൊക്കെ ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.. സൂര്യയും ഞാനും ഒരേ പ്രായം അല്ലെ? അവളെ ഗോവിന്ദേട്ടന്‍ ഒന്നും ചെയ്യുന്നില്ലല്ലോ..! പിന്നെ അല്ലേ.. എന്റെയാ ചിന്തക്കൊരുത്തരം എന്റെ കുഞ്ഞുമനസ്സുതന്നെ കണ്ടെത്തിയത്..! അവള്‍ പെണ്‍കുട്ടിയാണ്.. ഞാന്‍ അഭിമുഖീകരിക്കുന്ന ഈ ഗുരുതര പ്രശ്നം അവള്‍ക്കു അപ്ലിക്കബിള്‍ അല്ലാ.. എന്ന്.

ഞാന്‍ ആറാം തരത്തില്‍ എത്തിയപ്പോഴേക്കും കുറച്ചൊക്കെ മനോബലം എനിക്ക് സിദ്ധിച്ചിരുന്നു എങ്കിലും ഗോവിന്ദേട്ടന്റെ മുമ്പില്‍ ടയരക്റ്റ് ചെന്ന് ചാടിക്കൊടുക്കാതിരിക്കാന്‍ അപ്പോഴും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കളിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയില്‍ ചെത്താനായി അയാള്‍ വരുമ്പോള്‍ തന്ത്രപൂര്‍വ്വം ഞാന്‍ അവിടെ നിന്നും മാറി ഒരു മറവില്‍ നിന്നും അയാളെ വീക്ഷിക്കും. അയാള്‍ തെങ്ങില്‍ പകുതി ദൂരം കയറിക്കഴിഞ്ഞാല്‍ ഞാന്‍ ധൈര്യം സംഭരിച്ചു പുറത്തു വന്നു കളി പുനരാരംഭിക്കും. പക്ഷെ ഒരു കണ്ണെപ്പോഴും തെങ്ങിന്റെ മുകളിലോട്ടു തന്നെ ആയിരിക്കും. കാരണം പുള്ളിക്കാരന്‍ ചെത്ത് കഴിഞ്ഞിറങ്ങുമ്പോഴെക്കും അവിടെ നിന്ന് വലിയണമല്ലോ.

ഒരു ദിവസം ഗോവിന്ദേട്ടനെ പട്ടി കടിച്ചു. അതിനു പട്ടിയെ പഴിക്കാന് ഒട്ടും എനിക്കന്നു തോന്നിയില്ല കാരണം തെങ്ങിന്ച്ചുവട്ടിലെ ചാരത്തിന്റെ ഊഷ്മളതയില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങിയിരുന്ന പട്ടിയുടെ പള്ളയിലെക്കായിരുന്നു ചെത്തിയിറങ്ങുന്ന വഴി പുള്ളിക്കാരന്‍ ചാടി 'ലാന്‍ഡ്' ചെയ്തത്. ലോകത്തിലെ ഏതു പട്ടിക്കും ആ അവസ്ഥയില്‍ കടിക്കുകയല്ലാതെ വേറെ നിവൃത്തിയുണ്ടായിരിക്കില്ല. പിന്നെ, നിരന്തരം എന്നെ പേടിപ്പിക്കുന്നതിനു അങ്ങേരുക്ക് ദൈവം കൊടുത്ത സമ്മാനമാണ് ആ കടി എന്നും എനിക്ക് തോന്നി.

അക്കാലത്ത് എന്റെ കളിക്കൂട്ടുകാരനായ സുരേഷാണ് എനിക്ക് കള്ളുചെത്തലിന്റെ പ്രക്രിയകള്‍ അവനു കേട്ടറിവുള്ള പോലെ പറഞ്ഞു തന്നത്. അവന്റെ അച്ഛന് മാധവേട്ടന് തെങ്ങ് മുറിക്കല്‍ ആണ് ജോലി. അതിനാല്‍ ഇടയ്ക്കിടെ അച്ഛനെ സഹായിക്കാന്‍ പോകുന്ന കൂട്ടത്തില്‍ കുറച്ചൊക്കെ ‘തെങ്ങ് എഞ്ചിനീയറിംഗ്’ അവനും വശമാക്കിയിട്ടുണ്ടായിരുന്നു. ഒരു ദിവസ്സം അവന്‍ പറഞ്ഞു.. കള്ള് ചെത്തിക്കൊണ്ടിരിക്കുമ്പോള്‍ തെങ്ങിന്റെ താഴെ ചിതറിക്കിടക്കുന്ന ഉണങ്ങിയ ഇലകളില്‍ ചറപറാന്നു ചിതറി വീണു കൊണ്ടിരിക്കുന്ന പൂക്കുല ചീളുകള്‍ക്കും പച്ചോലക്കഷണങ്ങള്‍ക്കുമിടയില്‍ അങ്ങിങ്ങായി വീണു ചിതറിത്തെറിചിരുന്ന ദ്രാവകം ചെത്തുന്നതിനിടെ പൂക്കുലയില്‍ നിന്നും പൊഴിഞ്ഞു വീഴുന്ന കള്ളും തുള്ളികള്‍ ആണെന്ന്. അതിന്റെ നിജസ്ഥിതി പരിശോധിക്കാനായി ഒരു ദിവസം ഞങ്ങള്‍ തെങ്ങിന്ച്ചുവ ട്ടില്‍ കിടന്നിരുന്ന ഉണങ്ങിയ പ്ലാവിലയില്‍ വീണു തെറിച്ച ദ്രാവകം വിരല്‍ കൊണ്ട് തൊട്ടു നാക്കില്‍ വച്ച് രുചിച്ചു നോക്കി. കള്ളിന്റെ യാതൊരു ഗുണവും ഇല്ലാത്ത എന്നാല്‍ ഒരു ചവര്‍പ്പ് ചുവയുള്ള ദ്രാവകം. പിന്നീട് വളരെ നാളുകള്‍ക്കു ശേഷമാണ് ആ ദ്രാവകത്തിന്റെ കെമിക്കല്‍ കോമ്പിനേഷന്‍ അറിഞ്ഞു ഞങ്ങള്‍ ഞെട്ടിയത്. അത് മറ്റൊന്നുമായിരുന്നില്ല.. തെങ്ങിന്റെ മണ്ടയിലിരുന്നു ഗോവിന്ദേട്ടന്‍ ഇടയ്ക്കിടെ താഴോട്ടു തുപ്പുന്നതായിരുന്നു!!!...

അങ്ങനെ വര്‍ഷങ്ങള്‍ക്കു ശേഷം ബിരുദാനന്തരം എനിക്ക് ബോംബെയില്‍ ഉദ്യോഗം ലഭിച്ചു കഴിയുന്നതിനിടയില്‍ അവധിക്കു നാട്ടില്‍ വന്നപ്പോള് പുറകില്‍ നിന്നാരോ എന്‍റെ പിടലിക്ക് പിടിച്ചു. തിരിഞ്ഞു നോക്കിയപ്പോഴുണ്ടെടോ ഗോവിന്ദേട്ടന്‍ "നിന്നെ ഇപ്പോള്‍ എന്‍റെ കയ്യില്‍ കിട്ടി.. ഛെ.. ഞാന്‍ കത്തിയെടുക്കാന്‍ മറന്നല്ലോ" എന്ന് പറഞ്ഞു കൊണ്ട് സുസ്മേരവദനനായി നില്ല്‍ക്കുന്നു.

മനസ്സ് കൊണ്ട് എന്നെ ഞാനറിയാതെ ഒരുപാട് ഇഷ്ട്ടപ്പെട്ടിരുന്ന, വാത്സല്യം ചൊരിഞ്ഞിരുന്ന ഗോവിന്ദേട്ടന്‍ എന്നെ കെട്ടിപ്പിടിച്ചു. എന്‍റെ കവിളില്‍ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു നീയിപ്പോഴും എനിക്ക് ആ പഴയ കുസൃതിക്കുടുക്ക തന്നെയാടാ... കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ നടന്നകന്ന ഗോവിന്ദേട്ടന്റെ കഷണ്ടിത്തലയില്‍ പതിച്ചു പ്രതിഫലിച്ച സൂര്യകിരണങ്ങള്‍ക്ക് അപ്പോള് സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഊഷ്മളതയായിരുന്നു.
ജോയ് ഗുരുവായൂര്

No comments:

Post a Comment