Sunday, April 29, 2012

"മഴവെള്ളം പോലെ ഒരു കുട്ടിക്കാലം"


"മഴവെള്ളം പോലെ ഒരു കുട്ടിക്കാലം"


മുറ്റത്തെ മുത്തശ്ശന്‍ മാവിന്‍റെ  മാങ്ങകള്‍  
മൊത്തം പെറുക്കി മുറിച്ചു ഭുജിച്ചു നാം

മുത്തശ്ശി ചൊല്ലും മുത്തശ്ശിക്കഥകള്‍
മനസ്സിലാവോളം മുകര്‍‍ന്നു രസിച്ചു നാം



കദളി വാഴ തന്‍ കറയുള്ള മധുവിനായ് 
കാലത്തേ മത്സരിച്ചോടി തിമിര്‍‍ത്തു നാം
കൈതപ്പൂമണമോലും നാട്ടു വഴികളില്‍
കളി പറഞ്ഞേറെ കാതങ്ങള്‍ താണ്ടി നാം



പരല്‍ മീന്‍ തുടിക്കും വയല്‍ത്തോടുകളില്‍ 
പായല്‍ വകഞ്ഞൂ ആമ്പല്‍ പറിച്ചു നാം
കുന്നിന്‍ ചെരുവിലെ ചേലുള്ള കാട്ടില്‍
കുന്നിക്കുരു തേടി ഒട്ടൊന്നലഞ്ഞു നാം 



മഴവെള്ളമൊഴുകും നീര്‍‍ച്ചാലിലെത്രയോ    
മൊഞ്ചുള്ള കടലാസ്സു തോണിയൊഴുക്കി നാം
കൊയ്ത്തു കഴിഞ്ഞുണങ്ങിക്കിടന്നീടും
കോള്‍‍പ്പാടത്തെന്നും തലപ്പന്ത് തട്ടി നാം



കടവിലെ കരിങ്കല്‍പ്പടികളിലിരുന്നു
കുഞ്ഞുമീനുകള്‍ നോക്കി രസിച്ചു നാം
തോളോട് തോള്‍ മുട്ടിയിരുന്നന്നു
തറ പറ എന്നെഴുതിപ്പഠിച്ചു നാം



ഓര്‍‍ക്കും തോറും ഓടിയണയുന്നൂ
ഓര്‍‍മ്മകളൊരു കുളിര്‍‍ത്തെന്നലു പോല്‍     
ഓര്‍‍ക്കാതിരിക്കാന്‍ ശ്രമിച്ചാലുമെന്നെന്നും
ഓര്‍‍ത്തു പോകുന്നൂവെന്‍ നഷ്ടബാല്യം 

-
ജോയ് ഗുരുവായൂര്‍

No comments:

Post a Comment