Sunday, April 29, 2012

യക്ഷിയും ഞാനും


യക്ഷിയും ഞാനും
കരിമ്പന നാരുകള്‍ വദനത്തിലുരഞ്ഞാ വേളകള്‍
ചാരുതയുറ്റതു തന്നെയായിരുന്നു.
മുത്തു കിലുങ്ങുമാ പാദസ്വനങ്ങളും
കാതിനിമ്പമായിരുന്നേറെ നാള്‍.
വെട്ടിത്തിളങ്ങുമാ അധരപുഷ്പങ്ങളില്‍
പുകക്കറ പുരണ്ട നിമിഷങ്ങളാ-
ലൂര്‍ജിതയായവള്‍ ഞാവല്‍‍പ്പഴച്ചെപ്പടച്ചു.
ലക്ഷ്യമില്ലാതെ പാഞ്ഞൊരു പുഴയായി
ഞാനുമാ ഊഷരഭൂവിലലിഞ്ഞു ചേര്‍‍ന്നു.
അമ്പലമുറ്റത്തെയരയാലില്‍ കണ്ണടച്ചിരുട്ടാക്കി പട്ടാപകല്‍
തല കീഴായി തൂങ്ങിയ വവ്വാല്‍ സുഷുപ്തി തുടര്‍‍ന്നു.
വഴിമാറി വീശിയ കാറ്റിലെപ്പോഴോ
പാലപ്പൂക്കളുടെ മാദകമണം പോയ്പ്പോയതറിയാതെ,
ചുടുരക്തമിറ്റിറ്റായാല്‍‍‍വേര് നനയുന്നതറിയാതെ,
പാല്‍‍നിലാവ് പൊഴിയുന്നോരാ സ്വപ്നരാവൊരിക്കലും
കൊഴിയാതിരിക്കാന്‍ മനസ്സുരുകി ധ്യാനിച്ചു.
ഒരേ നിണം നുകര്‍‍ന്നു നുകര്‍‍ന്ന് നാവു കറച്ച യക്ഷി,
രാത്രിയുടെ അവസാനയാമങ്ങളില്‍ പതിയെ
ആല്‍മരത്തിലെയാത്മാവില്‍ നിന്നിറങ്ങി,
പുതുതായി പൂത്ത പാലപ്പൂക്കള്‍ വിരിച്ച പാതയിലി-
ച്ചിരി ചുണ്ണാമ്പിനായ് അരയില്‍ തിരുകിയ വിറ്റിലയുമായി ‍
വിരിച്ചിട്ട പനങ്കുലയണിഞ്ഞു സുസ്മേരവദനയായി നിന്നു.
- ജോയ് ഗുരുവായൂര്‍             

No comments:

Post a Comment