Sunday, April 29, 2012

പള്ളി മണികള്‍

 
പള്ളി മണികള്‍ 

പള്ളി മണിമാളികയില്‍ നിന്നും
അന്നുയര്‍ന്ന ഒറ്റമണി നാദങ്ങള്‍
ഇന്നുമെന്‍ നോവും ഹൃദയത്തില്‍   
ദുഖത്തിന്‍ വെള്ളിടികളായ് 
നിരന്തരം അലയടിക്കുന്നൂ.
     
ഉച്ച വെയിലിന്‍ പ്രകാശത്തില്‍ 
കണ്ണടച്ചിരുട്ടാക്കി ഉറങ്ങിയ മൂങ്ങകള്‍
കാതടക്കും മണിനാദത്തിലിടറി
എന്നെയുരുവാക്കിയ  ആത്മാവിനു കൂട്ടായി    
ലക്ഷ്യമറിയാതെയെങ്ങോ പറന്നൂ.   

എന്നെയൊരു പാടേറ്റിയ തോളുകളിതാ
ശവംനാറിപ്പൂക്കളാലലംകൃതമായി
മെഴുകിന്‍റെയും കുന്തിരിക്കത്തിന്‍റെയും 
സാമ്പ്രാണിയുടെയും ഗന്ധത്തില്‍ മുഴുകി
നിത്യവിശ്രമം തുടങ്ങാനൊരുങ്ങുന്നൂ.
     
വാവിട്ടലക്കും  രക്താംശുക്കള്‍ തന്‍
രോദനങ്ങള്‍ കേട്ടില്ലെന്നു നടിച്ച്,
ശുഭ്രവസ്ത്രധാരിയായി മുടിയും ചൂടി,
ദൂരെയേതോ സ്വര്‍ഗ്ഗമാളിക ലക്ഷ്യമാക്കി,
താതനിതാ പോകാനൊരുങ്ങുന്നൂ.    

പ്രവാസമൊരുക്കിയ അരക്കില്ലത്തില്‍
സന്ദേശം ലഭിച്ച വഴിയോടിയണഞ്ഞിട്ടും,
എന്തേയൊരുവാക്കുച്ചരിക്കാതെ  താതാ
ഏതോ നിശ്ചയദാര്‍ഡ്യത്തിലെന്ന വണ്ണം,
ഞങ്ങളെ കൂട്ടാതെ യാത്രക്കൊരുങ്ങുന്നൂ?
     
തന്‍ അനന്ത സ്നേഹവായ്പ്പുകള്‍
ഒരു കടലായേറ്റു വാങ്ങിയ മക്കള്‍
പൊഴിക്കും കണ്ണുനീര്‍ അലയടിക്കും
സാഗരത്തിലെ കടലാസ്സു തോണിയിലേറി,
തുഴയെറിഞ്ഞകലാനൊരുങ്ങുന്നുവോ?      
എന്നെയേറ്റിയ തോളുകളെന്‍ തോളിലേറി 
ആറടി കീറിയ മണ്ണിലേക്ക് നീങ്ങുമ്പോഴും 
എന്‍ കര്‍ണ്ണങ്ങളെത്ര കൊതിച്ചു താതാ,
നിന്‍ മനസ്സിലെയഴലില്‍ പൊതിഞ്ഞൊരു 
സ്നേഹസാന്ത്വനത്തിന്‍ യാത്രാമൊഴികള്‍. 
  പള്ളി മണിമാളികയില്‍ നിന്നും
അന്നുയര്‍ന്ന ഒറ്റമണി നാദങ്ങള്‍
ഇന്നുമെന്‍ നോവും ഹൃദയത്തില്‍   
ദുഖത്തിന്‍ വെള്ളിടികളായ് 
നിരന്തരം അലയടിക്കുന്നൂ.
  - ജോയ് ഗുരുവായൂര്‍

No comments:

Post a Comment