Sunday, April 29, 2012

അടിമയുടെ സങ്കീര്‍ത്തനം


അടിമയുടെ സങ്കീര്‍ത്തനം

അന്തരീക്ഷത്തില്‍ സ്വതന്ത്രമായി വിഹരിച്ചിരുന്ന എന്നെ
വലിച്ചരിചെടുത്തൊരു സ്പടിക കുമിളക്കകത്ത് ജലത്തോടൊപ്പ-
മമര്‍ത്തി ശ്വാസം മുട്ടിച്ചവശനാക്കിയവര്‍,
എന്റെ മനസ്സ് മാത്രം സ്വതന്ത്രനാക്കി

മധുചഷകത്തിലെ തിളങ്ങുന്ന സോമരസത്തില്‍ ഇപ്പോഴിതാ 
ഐസ് കട്ടകള്‍ക്കൊപ്പം ആരോയെന്നെ നിമജ്ജനം ചെയ്തു.  ‍
വീണ്ടും അരോചകത്വത്തില്‍  അസ്വസ്ഥനായ ഞാനൊരു
ചെറുകുമിളയായി ഉപരിതലത്തിലേക്ക് പാഞ്ഞു വന്നു

കണ്ണുകള്‍ തുറന്നോരാശ്വാസവായു എടുക്കുമ്പോഴേക്കും 
ഒരു കാളിദാസ ജന്മം എന്നെയിതാ  
ദാഹാര്‍ത്തനായ ചുണ്ടുകളിലൂടെ വലിച്ചകത്താക്കി
വലിയൊരു കുമിള പോലെയിരിക്കുന്ന തന്‍
ആമാശയത്തിന്‍ ഭിത്തിയില്‍ പറ്റിച്ചു.

അവിടെ ദഹിക്കാതെ കിടക്കുന്ന വറുത്ത
മാംസക്കഷണങ്ങളില്‍ വിങ്ങിയ കരള്‍ ചോര്‍ത്തിയ
കെട്ട പിത്തരസം പുരണ്ട് മനം പുരട്ടും ഗന്ധം നിര്‍ഗമിപ്പിച്ചൂ

തന്നെ തമവല്‍ക്കരിച്ച  വാതായനത്തില്‍ നിന്നും
ഇടയ്ക്കിടെ മുഴങ്ങിക്കേള്‍ക്കുന്ന വികടശബ്ദമൊരു
കവിതയാണോ ഗദ്യമാണോ കഥയാണോ അതോ
പദ്യമാണോ എന്നറിയാതെ ഞാനൊട്ടു കുഴങ്ങീ

മൈഥുനത്തിലകപ്പെട്ട പോല്‍ കറങ്ങിത്തിരിഞ്ഞയെന്‍റെ 
ക്ഷമയുടെ കടും പരീക്ഷണത്തിന്നത് എരിവേകി ഞാന്‍ വലഞ്ഞു
കരളിന്‍റെയും പിത്താശയത്തിന്‍റെയും മോങ്ങലുകള്‍
പശ്ചാത്തല സംഗീതമൊരുക്കിയ ആമാശയഭിത്തിയില്‍ ഞാന്‍
ഇതികര്‍ത്തവ്യാമൂനായി പറ്റിയിരുന്നു വിധിയെ പഴിച്ചു

അപ്പോള്‍ അണപൊട്ടിയൊഴുകി വന്നൊരു      
രാസദ്രവ്യത്തിന്‍ ഗാഡതയല്‍പ്പം  കൂടിയിരുന്നാലും
രണ്ടും കല്‍പ്പിച്ച്  ഞാന്‍ അതിലെന്‍റെ
ചിതറിപ്പോയോരാ കൂട്ടുകാരെ തിരഞ്ഞു.

ഇല്ലാ ഇതിലില്ലായെന്നെയടിച്ചമര്‍ത്തിയിരുന്ന 
ജലത്തിലെയൊരു കണിക പോലും
കരളിന്‍റെ കരച്ചിലിനിതാ കനം വച്ചിരിക്കുന്നൂ  
അത് കേള്‍ക്കാനാവാതെ ഞാനെന്‍റെ
ചെവികള്‍  പൊത്തിപ്പിടിച്ചൂ  

വികടശബ്ദമിതാ വീണ്ടും ഉയരുന്നൂ
ഇത്തവണ എനിക്കു മനസ്സിലായി അത്
കരയുന്ന കരളിനു സ്വാന്തനമേകാനായി
കാളിദാസഭാവന ഞെട്ടിയുണര്‍ന്നതാണെന്ന്

ദഹിക്കാത്ത ആഹാരങ്ങളിതാ വമിപ്പിക്കുന്നൂ
അജീര്‍ണ വാതകങ്ങള്‍ ആമാശയം വീര്‍പ്പിച്ചു കൊണ്ടും
ശ്വാസം മുട്ടിയ നിമിഷങ്ങള്‍ക്കൊടുവിലതാ
ഒരു ചുഴലിക്കാറ്റിന്‍റെ അകമ്പടിയോടെ
വന്ന വഴിയിലൂടെ തന്നെ ഞാന്‍ സ്വതന്ത്രനായിരിക്കുന്നൂ

പോകുന്നതിനു മുമ്പ് ഞാനൊന്ന് തിരിഞ്ഞു നോക്കി
എന്നെ മണിക്കൂറുകള്‍ രാസദ്രവ്യത്തിലിട്ടു വച്ച ആ
അഭിനവ കാളിദാസനെ   .........   
ഊശാന്‍ താടി തടവി ഒരു കയ്യില്‍ എരിയുന്ന ചുരുട്ടും
അതിന്‍ പുകയില്‍ രൂപപ്പെട്ട മേഘത്തിന്‍ നടുക്കിരുന്ന് 
ഇടയ്ക്കിടെ ഏമ്പക്കവും വിട്ടു കൊണ്ടൊരു കടലാസ്സില്‍
കവിതയും കബനിയും കാമിലാരിയുമൊക്കെ
ചേരാത്ത രീതിയില്‍ കൂട്ടിക്കുഴക്കുന്നൂ...

ഭീതിയോടെയെങ്കിലും ചാരത്തു ചെന്നൊന്നു വീക്ഷിച്ചു
തുടക്കവുമില്ലൊടുക്കവുമില്ലാ പിന്നെ
ആര്‍ക്കുമെന്തും ഊഹിക്കാം എന്തെന്നാല്‍     
വായനക്കാര്‍ പറയുമ്പോഴല്ലോ വരികളുടെ അര്‍ഥം
ചില എഴുത്തുകാര്‍ക്കും മനസ്സിലാവുന്നത്..!

തിരക്ക് പിടിച്ച സമയവും പാഴാക്കി
ആശയക്കുഴപ്പത്തിലാവുന്നവരേ
നിങ്ങളോടെനിക്കേറെയുണ്ട്  സഹതാപം     
വീണ്ടും എന്തെങ്കിലും പറ്റുന്നതിനു മുമ്പേ
ഈ കുഞ്ഞുകുമിളയൊന്നു രക്ഷപ്പെട്ടോട്ടെ..

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment