Wednesday, August 20, 2014

പ്രേമോദാരനായ്‌...


പ്രണയിനിയുടെ നനുനനുത്ത അധരങ്ങളില്‍ നിന്നും ഇറ്റു വീണ 'മധുകണം' പോലെ കറുകച്ചെടിയുടെ ചെറുശാഖയില്‍ ‍പറ്റിപ്പിടിച്ചിരുന്ന ഒരു മഞ്ഞുതുള്ളിയെ സസൂക്ഷ്മം ശാഖയോടെ ഇറുത്തെടുത്തു തന്റെ നയനങ്ങളില്‍ വീഴിക്കാന്‍ നടത്തിയ വിഫലശ്രമം വിനോദിനെ തെല്ലൊരു അപകര്‍ഷത ബോധത്തിലേക്ക്‌ തള്ളിയിട്ടു. നന്നായി മൂത്തു പഴുത്തൊരു മൂവാണ്ടന്‍ മാങ്ങ അണ്ണാന്‍ കൊത്തി താഴെക്കിട്ടത് ഭാഗ്യത്തിന് ദേഹത്തു വീണില്ല. സൂര്യപ്രകാശരശ്മികളെ ഒരെണ്ണം പോലും താഴേക്കു വിടില്ല എന്ന വാശിയോടെ പടര്‍ന്നു പന്തലിച്ചു കൊണ്ട് നില്‍ക്കുന്ന മാവിന്‍റെ ശിഖരങ്ങളില്‍ ചാടി നടന്നു ചില്‍ ചില്‍ എന്നു ചിലയ്ക്കുന്ന അണ്ണാറക്കണ്ണനോട്  അവനു ഈര്‍ഷ്യ തോന്നി.  
 
തൊടിയില്‍ തെങ്ങ് കയറുന്ന ജോലിക്കാര്‍ എന്തൊക്കെയോ ചോദിച്ചതൊന്നും അവന്‍ കേട്ടില്ല. മനസ്സും ദേഹവുംതളരുന്നതു പോലെ.. ഈ മാവിന്‍ച്ചുവട്ടില്‍ തന്നെ കുറച്ചു നേരം കൂടി കിടക്കാം.. കായലിനഭിമുഖമായുള്ള തൊടിയിലേക്ക്‌ ഒഴുകി വന്നിരുന്ന കുളിര്‍ക്കാറ്റിനു അവന്‍റെ നെറ്റിയില്‍ പൊടിഞ്ഞിരുന്ന വിയര്‍പ്പുകണങ്ങളെ ബാഷ്പീകരിക്കാനായില്ല..

അല്ലെങ്കിലും തന്‍റെ ഹൃദയനൊമ്പരങ്ങള്‍ മനസ്സിലാക്കാന്‍ ആരുമില്ല. ബാംഗ്ലൂരിലേക്ക് പോകുന്ന വിവരം മുന്‍കൂട്ടി തന്നെയൊന്നറിക്കാമായിരുന്നു അവള്‍ക്ക്. ഇനി എന്‍റെ പ്രണയം അവള്‍ ഇതേ വരെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല എന്നുണ്ടാവുമോ? ചിലപ്പോള്‍ അവളുടെ മിലിട്ടറിക്കാരന്‍ ആങ്ങളയെ ഭയന്നിട്ടായിരിക്കും.. നീചന്‍... രാവും പകലും മലയും കാടും മേടുമൊക്കെ നിരങ്ങി നടക്കുന്നവന് പ്രണയം എന്ന വികാരത്തിന്‍റെ വില എങ്ങനെയറിയാന്‍?..അയാള്‍ക്കെന്തിന്റെ കേടാണാവോ എന്‍റെ ഈശ്വരാ.. ശാന്തിയോടെ അവധിക്കാലം കഴിച്ചു കൂട്ടിയിരുന്ന അവളെയിപ്പോള്‍ ബാംഗ്ലൂര്‍ കാണിക്കാന്‍ കൊണ്ട് പോകാന്‍ മാത്രം അവിടെ എന്തിരിക്കുന്നു. അവള്‍ടെ അനിയന്‍ ഉണ്ടല്ലോ കുട്ടന്‍.. ആ കൊടിഞ്ഞികുത്തു തന്നെയായിരിക്കും ഈ പോക്കിന്റെ സൂത്രധാരന്‍.. എങ്കിലും തന്നോടൊരു വാക്ക് മിണ്ടാതെ അവള്‍ പൊയ്ക്കളഞ്ഞല്ലോ.

ഏതു വണ്ടിക്കാണാവോ എങ്ങനെയൊക്കെയാണാവോ അവര്‍  പോയത്.. മിലിട്ടറിക്കാരന്‍ അല്ലേ ആ പിശുക്കന്‍...റിസര്‍വേഷന്‍ ഒന്നും ചെയ്തിട്ടുണ്ടാവില്ല. അവള്‍ക്കു സ്ത്രീകളുടെകൂട്ടത്തില്‍ ഇരിക്കാന്‍ സീറ്റ്‌ കിട്ടിയോ ആവോ. ഇല്ലെങ്കിലും അയാള്‍ക്കെന്താ.. കാടും മലയും നിരങ്ങി നടക്കുന്നവന് ഇതൊക്കെയൊരു പുത്തരിയാവുമോ? അവളെ എന്നും കാണാലോ എന്നു കരുതി മദ്രാസിലെ അമ്മാവന്‍റെ വീട്ടില്‍ പോയി കുറച്ചു ദിവസം നില്‍ക്കാന്‍ അമ്മ പറഞ്ഞപ്പോള്‍ താന്‍ ഒഴിവുകഴിവു പറഞ്ഞു പോയുമില്ല.  .. ഹോ.. ഭ്രാന്ത് പിടിക്കുന്നു.... എല്ലാത്തിനേം തല്ലിക്കൊല്ലേണ്ട സമയമായിരിക്കുന്നു.. മിക്കവാറും താന്‍ തന്നെ ഒരു ദിവസം അത് ചെയ്യും.. ഹും.. വിവരമില്ലാത്തവര്‍.. 

രാവിലെ പാലുമായി അവള്‍ക്കു പകരം അവളുടെ അമ്മ ഒരു അപശകുനം പോലെ പടി കടന്നു വരുന്നത് കണ്ടപ്പോഴേ നെഞ്ചൊന്നു പിടച്ചു. .
 
"സിന്ധു എന്ത്യേ?.. അവള്‍ക്കു സുഖല്ല്യേ?.."
 
"അവളും കുട്ടനും ഇന്ന് പൊലര്‍ച്ചയ്ക്കെ സുധീറിന്റെ ഒപ്പം ബാംഗളൂരിലേക്ക് പോയല്ലോ   മോനേ..  ഇനി ഒരാഴ്ച്ച കഴിഞ്ഞേ വരൂ .. അമ്മായി കുറെ നാളായി ഞങ്ങളങ്ങോട്ടൊന്നും ചെല്ലില്ല്യാന്നു പറഞ്ഞു പരിഭവിക്കുന്നു.. ഇപ്പോഴാണെങ്കില്‍ വേനലവധിയ്ക്ക് കോളേജും പൂട്ടിയിരിക്കുന്നു.. സുധീരനും ലീവില്‍ വന്ന നേരമല്ലേ... അവനും പോയിട്ടില്ല ഇതേ വരെ അവരുടെവീട്ടില്‍..” അവളുടെ അവളുടെ അമ്മ പറഞ്ഞത് നടുക്കത്തോടെയാണ് കേട്ടത്.

"അവരൊക്കെ നല്ല സന്തോഷത്തോടെ തന്നെയായിരുന്നോ പോയത്?.."
 
"പിന്നേ.. സുധീര്‍ ഇന്നലെ രാത്രി രാവിലത്തെ യാത്രയെക്കുറിച്ച് പറഞ്ഞപ്പോള്‍  പിള്ളേരൊക്കെ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയല്ലായിരുന്നോ.. തീവണ്ടീലാണ് പോണേന്നു പറഞ്ഞപ്പോ അവള്‍ക്കും വല്ല്യ താല്‍പ്പര്യായി.. ഇതേവരെ അവള്‍ അതില്‍ പോയിട്ടില്ലല്ലോ.. "

'ഹും.. അപ്പോള്‍ ഒക്കെ നല്ല തൃപ്തിയോടെത്തന്നെയാണ് പോയിരിക്കണേ.. ശവങ്ങള്‍.. ഇവിടെയൊരുത്തന്‍ വെഷമിച്ചു ഇരിക്കണുണ്ട് എന്നൊരു ബോധോം ഇല്ലാതെ.. ഹും.. തീവണ്ടി കണ്ടപ്പോള്‍ ബാക്കിയുള്ളവരെ മറന്നു.. ന്‍റെ നെഞ്ചിലെ തീ ആര് കാണാന്‍.. ഇങ്ങട് വരട്ടെ.. ശെരിയാക്കിക്കൊടുക്കാം..' സിന്ധുവിന്റെ അമ്മ ഒഴിഞ്ഞ പാല്‍പ്പാത്രവുമായി പടികടന്നു പോകുമ്പോള്‍ വിനോദിന്‍റെ മനസ്സില്‍ അമര്‍ഷം നുരഞ്ഞു പൊന്തി. അവള്‍ക്കു കൊടുക്കാനായി സൂക്ഷിച്ചു വച്ചിരുന്ന പഴുത്ത മൂവാണ്ടന്‍ മാങ്ങ അവന്‍ തൊടിയിലേക്ക്‌ വലിച്ചെറിഞ്ഞു.

പോക്കാക്കില്ലത്തെ സുബൈര്‍ പറഞ്ഞത് ഇനി നേരാണോ ദൈവേ.. അവള്‍ക്കു തന്നോട് ഇനി പ്രണയം ഇല്ലായിരുന്നിരിക്കുമോ?.. എല്ലാം തന്റെ തോന്നലുകള്‍ മാത്രമായിരുന്നുവോ.. ഹേയ്... വേണ്ട.. വേണ്ടാത്തതൊന്നും ചിന്തിക്കണ്ട.. ഒരിക്കലും അങ്ങനെ വരാന്‍ വഴിയില്ല.. അല്ലെങ്കില്‍ അവള്‍ പാല് കൊണ്ട് വരുമ്പോഴൊക്കെ തന്നോട് പുഞ്ചിരിക്കുകയും ആരും കാണാതെ താന്‍ കൊടുക്കുന്ന കണ്ണി മാങ്ങകളും ചോക്കലേറ്റുകളുമൊക്കെ അവള്‍ സ്നേഹഭാവത്തോടെ സ്വീകരിക്കുമോ? മാത്രമല്ല ഒരു ദിവസം അവളുടെ അമ്മയുണ്ടാക്കിയ ഉണ്ണിയപ്പം മറ്റാരും ശ്രദ്ധിക്കാത്ത വിധത്തില്‍ പാവാടയില്‍ ഒളിപ്പിച്ചു വച്ച് കൊണ്ട് വന്നു തനിക്കു തരികയും ചെയ്തു... അപ്പോള്‍ സ്നേഹം ഇല്ലാ എന്ന് പറയുന്നത് വെറുതെയാ.. അവളുടെ ആങ്ങള ആ കൊരങ്ങന്‍ ആയിരിക്കും ഇതൊക്കെ ഒപ്പിച്ചു വച്ചത്.. ഇനി തന്‍റെ സൈക്കിള്‍ എടുക്കാനായി ഇങ്ങു വരട്ടെ.. കാണിച്ചു കൊടുക്കാം.. ഹും..

"വിനൂ..  മോനെ വിനൂ..   ഈ ചെക്കന്‍ എവിടെപ്പോയി കെടക്കാ... വിനൂ..' 
 
അമ്മ നീട്ടിവിളിക്കുന്ന സ്വരം അതാ അടുത്തടുത്തു വരുന്നു.. 
 
ദൈവമേ.. എന്തൊരു അന്തമില്ലാത്ത കിടപ്പാ താനീ കിടക്കണേ.. അതിരാവിലെ തെങ്ങുകയറ്റക്കാര്‍ വന്നപ്പോള്‍ അതു നോക്കാന്‍ വേണ്ടി അമ്മ തൊടിയിലേക്കു  പറഞ്ഞയച്ചിട്ടു താനിവിടെ നട്ടുച്ച വരേയും.. ഹോ.. കാണാതെ പാവം പേടിച്ചു കാണും... 
 
കായല്‍ക്കാറ്റിനോടു പിണങ്ങി നിശ്ചലമായ ഏതോ ചില്ലയിലിരുന്നു കൊണ്ട് അണ്ണാറക്കണ്ണന്‍ അപ്പോഴും ചിലയ്ച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.   

- ജോയ് ഗുരുവായൂര്‍
 
[വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുത്തിന്‍റെ നാള്‍വഴികളിലൂടെ യാത്ര തുടങ്ങിയ സമയത്ത് രചിച്ചത്] 

No comments:

Post a Comment