പ്രായമാവണം
നമുക്ക് പ്രായമാവണം
അരുമ മക്കള്‍ക്കു നേരുകള്‍
ചൊല്ലിക്കൊടുക്കാനു-
മവരിലറിവിന്‍ ദീപം തെളിയിക്കാനും
വിവേകമാവോളം പകര്‍ന്നിട്ടവരെ
ഉല്‍പതിഷ്ണുക്കളാക്കാനും
പ്രായമാവണം
നമുക്ക് പ്രായമാവണം
ചേട്ടനെന്നും ചേച്ചിയെന്നും,
മക്കളാലച്ഛനമ്മയെന്നും വിളിക്കപ്പെടാനു-
മവരെ സംരക്ഷിച്ചീടാനു-
മവരാല്‍ സംരക്ഷിക്കപ്പെടാനും,
സ്നേഹിക്കപ്പെടാനുമല്ലെങ്കി-
ലവരാല്‍ നിഷ്ക്കാസിതരാവാനും
പ്രായമാവണം
നമുക്ക് പ്രായമാവണം
ചാരുകസേരയിലിരുന്നു
ഒട്ടിയ കവിളകത്തു വെറ്റില തിരുകി
മുറ്റത്തെ മൂലയില്‍ നില്‍ക്കുന്ന
മൂവാണ്ടന്‍ മാവിന്‍ തൊലിയിലെ
വിണ്ടുകീറലുകള്‍ നോക്കി
കൈവിട്ടു പോയോരാ മധുരമാം
ചെറുപ്പകാലമയവിറക്കീടാനും
പ്രായമാവണം
നമുക്ക് പ്രായമാവണം
പേരക്കുട്ടികളുടെ കുഞ്ഞുമുഖങ്ങളില്‍
കഥകള്‍ ചൊല്ലി പുഞ്ചിരി വിടര്‍ത്താനും
കാലം പഠിപ്പിച്ച പാഠങ്ങള്‍ നിരന്തര-
മവരെ പഠിപ്പിച്ചു യോഗ്യരാക്കാനും
സുമനസ്സുകളുടെ ചെയ്തികളാ-
ലെന്നുമഞ്ചിതരായീടുവാനും
അപക്വമതികള്‍ തന്‍ വേലകള്‍
ശാന്തമായ് ക്ഷമിച്ചീടാനും
പ്രായമാവണം
നമുക്ക് പ്രായമാവണം
കഥകളില്‍ ഗൃഹാതുരത നിറയ്ക്കും
മുത്തച്ഛനും മുത്തശ്ശിയുമെല്ലാമിഹ
അരങ്ങൊഴിയാതിരിക്കാനും
അനാരോഗ്യത്തിലകന്നീടുന്ന
രക്തബന്ധങ്ങളെ തിരിച്ചറിയാനും
ആതുരശുശ്രൂഷയനസ്യൂതം തുടരുന്ന
ആതുരാലയങ്ങള്‍ നിലനിന്നുപോകാനും
പ്രായമാവണം
നമുക്ക് പ്രായമാവണം
ഒടുവില്‍ യമരാജന്‍ ചുഴറ്റി വരും
പാശവൃത്തത്തിലകപ്പെടാനും
മോടിയുള്ള ഭിത്തിയിലെ
തിളങ്ങുന്ന ചട്ടക്കൂടിനകത്തു
പ്ലാസ്റ്റിക് ഹാരമണിഞ്ഞു
പ്രൌഡിയോടിരിക്കാനും
പ്രായമാവണം
നമുക്ക് പ്രായമാവണം
- ജോയ് ഗുരുവായൂര്‍
വളരെ നന്നായിരിക്കുന്നു കവിത
ReplyDeleteആശംസകള്‍
തങ്കപ്പന്‍ ചേട്ടായി.. വളരെ നന്ദി
DeleteThis comment has been removed by the author.
ReplyDelete