Wednesday, August 20, 2014

ഒരു പ്രേതത്തിന്‍റെ ആത്മകഥ


"ഗുഡ് ആഫ്റ്റര്‍ നൂണ്‍ സര്‍" 

"വെരി ഗുഡ് ആഫ്റ്റെര്‍ നൂണ്‍"

ജീപ്പ് ഹൈവേയുടെ ഓരത്തേക്കു ഒതുക്കിയിട്ട് എസ്. പി. അലക്സ്‌ ജോസ് മൊബൈലില്‍ വന്ന കോളിനു പ്രതികരിച്ചു. 

"സര്‍.. ദിസ്‌ ഈസ്‌ മാലിനി ഫ്രം സര്‍ഗ്ഗധാര ആര്‍ട്സ് ഫോറം.. വീ വുഡ് ലൈക്‌ ടു ജസ്റ്റ്‌ റിമൈന്‍ഡ് യു എബൌട്ട്‌ യുവര്‍ പാര്‍ട്ടിസിപ്പേഷന്‍ ഇന്‍ ഔര്‍ ഈവനിംഗ് പ്രോഗ്രാം.." 

"യെസ് മാലിനി.. ഐ റിമെംബര്‍... നവ് ഐ ആം ഓണ്‍ മൈ വേ ടു അഹമ്മദാബാദ്.. ജസ്റ്റ്‌ ഡോണ്ട്  വറി.. ഐ വില്‍ ബി ദേര്‍ ഓണ്‍ ടൈം"

സര്‍ഗ്ഗധാര സംഘടിപ്പിക്കുന്ന നവാഗത എഴുത്തുകാരെ ആദരിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചു പോയി എന്ന കാരണത്താല്‍ മാത്രമായിരുന്നു താന്‍ തിരക്കുകള്‍ക്കിടയിലും സൂററ്റില്‍ നിന്നും അഹമ്മദാബാദിലേക്ക്  ഇറങ്ങിപ്പുറപ്പെട്ടത്. വര്‍ക്കി സാറിന്‍റെ മകളും സര്‍ഗ്ഗധാരയുടെ പ്രധാന സംഘാടകരില്‍ ഒരുവളുമായ ആന്‍സിയുടെ ക്ഷണം എങ്ങനെ തള്ളിക്കളയും. അവളുടെ അമ്മയുടെ കൈപുണ്യവും സ്നേഹവും വഴിഞ്ഞൊഴുകുന്ന വിഭവങ്ങള്‍ എത്രയോ വട്ടം താന്‍ ആസ്വദിച്ചിരിക്കുന്നു. 

പോലിസ് റസ്റ്റ്‌ ഹൌസില്‍ എത്തുമ്പോള്‍ മൂന്നര മണി. പുറത്തെ ചൂടില്‍ നിന്നും അകത്തെ ശീതളിമയിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ വിശപ്പെല്ലാം വിട്ടു മാറി. ഏഴുമണിക്കാണ് ടൌണ്‍ ഹാളില്‍ എത്തേണ്ടത്. അതുവരെ തല്‍ക്കാലം വിശ്രമിക്കാം. 

കുളി കഴിഞ്ഞു കിടക്കയിലേക്ക് ചായുമ്പോഴാണ് ലൈബ്രറിയില്‍ നിന്നും എടുത്തു ബാഗില്‍ വച്ചിരുന്ന പുതിയ പുസ്തകങ്ങളെക്കുറിച്ചു ഓര്‍ത്തത്. കയ്യെത്തിച്ച് ബാഗെടുത്തു പുസ്തകങ്ങളില്‍ ഒരെണ്ണമെടുത്തു തുറന്നു.  

"ഒരു പ്രേതത്തിന്‍റെ ആത്മകഥ" എഴുതിയത് നീലിമ 

'കൊള്ളാലോ ഇത്?.. പ്രേതങ്ങള്‍ക്കും ആത്മകഥയോ?! ഇതു തന്നെ വായിച്ചു കളയാം'.  അലക്സ് വായനാതല്‍പ്പരനായി കിടക്കയില്‍ ചമ്മണപ്പടിയിട്ടിരുന്നു. 

ആമുഖം   

[ഇതൊരു ആത്മകഥയാണെങ്കിലും ഇതിലെ കഥാപാത്രങ്ങളുടെ പേരുകള്‍ യഥാര്‍ത്ഥമല്ല. നീലിമ എന്നതും എന്‍റെ തൂലികാനാമം മാത്രം] 

'ഞാന്‍ ആത്മഹത്യ ചെയ്തതല്ല, 
നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടതാണ്.                  
യഥാര്‍ത്ഥത്തില്‍ ഞാന്‍ മരിച്ചിട്ടില്ല 
നിങ്ങളുടെ ഇടയില്‍ത്തന്നെ ജീവിക്കുന്നു. 
ഒരു വെല്ലുവിളിയായി........

കൂട്ടുകാരുമൊത്ത് തുമ്പികളെ പിടിച്ചു രസിച്ചും മഞ്ചാടിക്കുരു പെറുക്കിയും കുയിലുകളെ കളിയാക്കി ചൂളമടിച്ചും പാടവരമ്പിലൂടെ തുള്ളിച്ചാടി പള്ളിക്കൂടത്തിലേക്കു പോകുന്ന ഒരു വര്‍ണ്ണാഭമായ കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നു. 
 
തറവാടിന്റെ പടിയിറങ്ങിയാല്‍ പിന്നെ സമത്വസുന്ദരമായ സൗഹൃദത്തിന്‍റെ മാസ്മരികതയില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന ആ കുട്ടിക്കാലം. ഗ്രേസിയും അവളുടെ ചേട്ടന്‍ കുഞ്ഞൂഞ്ഞും സുബൈറും ഷാജിയും സുമലതയും ഒക്കെ വര്‍ണ്ണഭേദങ്ങളില്ലാതെ കളിച്ചും ഭുജിച്ചും ഇടപഴകിയിരുന്ന ആ കാലം മാത്രമാണ് ഇന്നും എന്‍റെ ഓര്‍മ്മച്ചെപ്പില്‍ സന്തോഷത്തിനു വക നല്‍കാനായി നീക്കിയിരിപ്പുള്ളൂ.

പള്ളിക്കൂടം വിട്ടു വരുന്ന വഴി തോടു കുറുകെ കടക്കുമ്പോള്‍ വലിയ തൂവാല കൊണ്ട് പരല്‍ മത്സ്യങ്ങളെ പിടിച്ചു അവയെ ചില്ല് ഭരണികളില്‍ ഇട്ടു വളര്‍ത്തുന്ന കൂട്ടുകാര്‍... മാന്തോപ്പുകളിലെ മാവുകളില്‍ വലിഞ്ഞു കയറി മാങ്ങ പറിച്ചു ഉപ്പും മുളകും കൂട്ടി  പങ്കുവച്ചു കഴിച്ചു രസിച്ചിരുന്ന ആ സുവര്‍ണ്ണ കാലം... കൂട്ടിലടച്ച കിളിയെപ്പോലെ ഇല്ലത്തു കഴിഞ്ഞിരുന്ന തനിക്കു ഇന്നും അതൊക്കെ വിസ്മയകരമായ ഓര്‍മ്മകള്‍ തന്നെ. 

ഇല്ലത്തിന്‍റെ പടി കടക്കുന്നതോടെ തന്‍റെ മേല്‍ മൂകതയുടെ മൂടുപടം വീഴും. എന്‍റെ ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചതില്‍പ്പിന്നെ ഞാനും അമ്മയും ആ ഇല്ലത്തു ഒരു അധികപ്പറ്റ് തന്നെയായിരുന്നു. കാറ്റു പോലും പടികടന്നു വരാന്‍ മടിക്കുന്ന ആ തറവാട്ടില്‍ ശരിക്കും ഞങ്ങള്‍ വിമ്മിഷ്ടപ്പെട്ടു ജീവിച്ചു. 

വല്ലാതെ വിഷമിച്ചിരിക്കുമ്പോള്‍ പാത്രം കഴുകി കൈ തുടച്ച ആര്‍ദ്രമായ കൈത്തലങ്ങള്‍ കൊണ്ട് അമ്മ നെറ്റിയില്‍ തലോടുന്നത് മാത്രമായിരുന്നു ഒരാശ്വാസം. ഓര്‍മ്മ വച്ച നാള്‍ മുതല്‍ അടുക്കളയില്‍ നിന്നുള്ള കരിയും പുകയും കൊണ്ടു കരുവാളിച്ച എന്‍റെ അമ്മയുടെ മുഖത്തു ഒരു പുഞ്ചിരി പോലും വിരിയുന്നത് എനിക്കു കാണാന്‍ സാധിച്ചിട്ടില്ല. 

രാത്രിയുടെ അവസാനയാമങ്ങളില്‍ തട്ടിന്‍ മുകളിലുള്ള ഞങ്ങളുടെ കിടപ്പുമുറിയില്‍ ഉയരാറുള്ള ശീല്‍ക്കാരങ്ങളും പതിഞ്ഞ മുരള്‍ച്ചകളും അമ്മയുടെ ദീനവിലാപങ്ങളും ഒക്കെ മിക്ക ദിവസവും യക്ഷിക്കാവിലകപ്പെട്ട പ്രതീതിയാണ് ഉളവാക്കിയിരുന്നത്.   നെറ്റിയിലെ വിയര്‍പ്പു തുടച്ചു ഇറങ്ങിപ്പോകുന്ന പ്രമാണിമാരെ അരണ്ട വെളിച്ചത്തില്‍ മുറിയുടെ മൂലയ്ക്ക് വിരിച്ച തഴപ്പായയില്‍ കിടന്നു പുതപ്പിനിടയിലൂടെ അടക്കിപ്പിടിച്ച വിഹ്വലതയോടെ ഏറുകണ്ണിട്ടു ഞാന്‍ നോക്കും. 

വ്യവസായ പ്രമുഖന്മാരായ തറവാട്ടു കാരണവന്മാര്‍ക്ക് സുഭദ്രയെ എന്നിട്ടും പുച്ഛമായിരുന്നു. തന്നെ വളര്‍ത്തി വലുതാക്കുന്നതു വരെ എങ്ങനെയെങ്കിലും  ജീവിക്കണം എന്നതു മാത്രമായിരുന്നു അമ്മയുടെ ജീവിത ലക്‌ഷ്യം. 

"മോള്‍ അമ്മ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം. ഇന്നു രാത്രി തന്നെ നീ പട്ടണത്തിലുള്ള റോസ് സിസ്റ്ററുടെ അടുത്തേക്കു പോണം.. തെങ്ങു കയറാന്‍ വരുന്ന ചങ്കരന്റെ മകനോട്‌ ഞാന്‍ എല്ലാം പറഞ്ഞു ഏര്‍പ്പാടാക്കിയിട്ടുണ്ട്. അവന്‍ പാതിരാത്രി ഓട്ടോ റിക്ഷയുമായി മൂന്നും കൂടിയ വഴിയില്‍ കാത്തു നില്‍ക്കും. ആരും കാണാതെ ഞാന്‍ നിന്നെ അവിടെ കൊണ്ടെത്തിക്കാം."

"എന്താ അമ്മയീപ്പറയുന്നേ?.. അമ്മയെവിട്ടു എനിക്കെവിടെയും പോകണ്ടാ.. ഞാന്‍ പോവൂല.. ഞാന്‍ പോവൂല."    

"ന്‍റെ കുട്ട്യേ.. നീ പോയില്ലെങ്കില്‍ വല്ല്യ അപകടമാണ്. ന്‍റെ മോളെ ഞാന്‍ ഇത്രേം കാലം കാത്തു രക്ഷിച്ചതിന് ഒരു ഫലോം ഇല്ല്യാണ്ടാവും.. ന്‍റെ കുട്ടി അമ്മ പറയുന്നത് കേള്‍ക്കൂ.. എല്ലാം നല്ലതിന് വേണ്ടി മാത്രമാണെന്ന് കരുതിയാല്‍ മതി. വേറെ നിവൃത്തിയില്ലാഞ്ഞിട്ടല്ല്യെ കുട്ട്യേ..ഈ കത്ത് നീ സിസ്റ്ററമ്മയ്ക്ക് കൊടുക്കണം. എന്‍റെ കൂട്ടുകാരിയായിരുന്നു. അവള്‍. പറയാനുള്ളതൊക്കെ ഞാന്‍ ഇതില്‍ എഴുതിയിട്ടുണ്ട്." 

അമ്മ എന്‍റെ നെറ്റിയില്‍ ചുംബിച്ചു കരഞ്ഞു പറയുന്നത് കേട്ട് പത്തൊമ്പതുകാരിയായ ഞാന്‍ അസ്തപ്രജ്ഞയായി നിന്നു. 

സിസ്റ്റര്‍ റോസ് കത്തുവായിച്ചു വികാരാര്‍ദ്രയായി എന്നെ ആലിംഗനം ചെയ്തു. 

ആ അനാഥാലയത്തില്‍ നിന്നു കൊണ്ട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴായിരുന്നു. കളിക്കൂട്ടുകാരനായിരുന്ന കുഞ്ഞൂഞ്ഞിനെ അവിചാരിതമായി ഒരു ദിവസം കണ്ടു മുട്ടിയത്‌.  

പാര്‍ക്കിന്‍റെ വിജനമായൊരു മൂലയിലെ പുല്‍ത്തകിടിയില്‍ ഇരുന്ന് മനസ്സിലെ ഭാരം മുഴുവന്‍ കുഞ്ഞൂഞ്ഞിന്റെ മടിയില്‍ ഇറക്കി വച്ച് ഞാന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു. കുഞ്ഞൂഞ്ഞ് പിന്നെ നിത്യസന്ദര്‍ശകനായി. അമ്മയുടെയും എന്‍റെയും ഇടയിലെ ഒരു വാര്‍ത്താവിനിമയക്കണ്ണിയായി അവന്‍ വര്‍ത്തിച്ചു. 

അവിവാഹിതനായ അവന്‍ ജാതിമതചിന്തകളെയെല്ലാം തൃണവല്‍ക്കരിച്ചു കൊണ്ട് എന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. അമ്മയോടക്കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ താല്‍പ്പര്യമായിരുന്നു. ജീവിതത്തില്‍ വസന്തം മടങ്ങി വന്നുവെന്നു കരുതിയപ്പോഴാണ് ജാതിക്കോമരങ്ങള്‍ ഫണമുയര്‍ത്തി വിഷം ചീറ്റിത്തുടങ്ങിയത്. 

കുഞ്ഞൂഞ്ഞിന്റെ സമ്പന്നരായ വീട്ടുകാരും ബന്ധക്കാരും ആ ബന്ധത്തെ നഖശിഖാന്തം എതിര്‍ത്തു. വിദ്യാഭ്യാസം കഴിഞ്ഞു തൊഴില്‍ രഹിതനായി നിന്നിരുന്ന കുഞ്ഞൂഞ്ഞിനെ വീട്ടുകാര്‍ കുറച്ചു ദിവസം വീട്ടു തടങ്കലില്‍ വച്ച് പിന്നീട് ഗുജറാത്തിലെ അമ്മാവന്‍റെ വീട്ടിലേക്കു നാടുകടത്തി. സിസ്റ്റര്‍ റോസിന്റെ നിസ്സഹായാവസ്ഥ കണ്ടു ഞാന്‍ മഠം വിട്ടിറങ്ങി. സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാനവും തന്റേടവും ഞാനതിനകം നേടിയെടുത്തിരുന്നു. തന്‍റെ പേരില്‍ വരുന്ന കത്തുകള്‍ സൂക്ഷിച്ചു വച്ചു തനിക്കു തരണം എന്ന ഒരേയൊരപേക്ഷ സ്വീകരിച്ചതിനു ഞാനിന്നും സിസ്റ്റര്‍ റോസിനെ നന്ദിയോടെ സ്മരിക്കുന്നു. ഞാന്‍ നഗരത്തിലെ ഒരു ലേഡീസ് ഹോസ്റ്റലില്‍ താമസിച്ചു ജോലിക്കു പോകാന്‍ തുടങ്ങി. 

ഒരു ഇടവേളയ്ക്കു ശേഷം കുഞ്ഞൂഞ്ഞിന്റെ കത്ത് എനിക്ക് ലഭിച്ചു. അതില്‍ ഹൃദയഭേദകമായ ഒരു വാര്‍ത്തയുമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ എന്‍റെ അമ്മ...... കരച്ചിലിനൊടുവില്‍ സമാധാനമായിരുന്നു തോന്നിയത്. എങ്കിലും അവസാനം ഒരുനോക്കു കാണുവാനെങ്കിലും സാധിച്ചില്ലല്ലോ എന്ന ദുഃഖം കുറേ നാള്‍ മനസ്സിനെ അലട്ടി. 

കുഞ്ഞൂഞ്ഞിന്റെ കത്തുകള്‍ നിരന്തരം വന്നു കൊണ്ടിരുന്നു. ഒന്നിനും മറുപടി അയച്ചില്ല. അവന്‍ പാവമായിരുന്നു. എല്ലാവരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക്‌ നടുവില്‍ ശ്വാസം കഴിക്കാന്‍ വരെ സാധിക്കാത്ത അവസ്ഥയില്‍ അകപ്പെട്ട, ചെറുപ്പം മുതലേ അനുസരണയിലും അച്ചടക്കത്തിലും വളര്‍ന്ന ഒരു പാവം കുട്ടി. അവന്‍റെ ജീവിതം ഞാന്‍ കാരണം നരകിക്കരുത് എന്ന ഉറച്ച തീരുമാനമായിരുന്നു മറുപടി എഴുതാന്‍ എന്നെ തടസ്സപ്പെടുത്തിയിരുന്നത്. നീണ്ട ആറുവര്‍ഷം അവന്‍റെ കത്തുകള്‍ തന്നെ തേടിയെത്തി. ഗുജറാത്തില്‍ അവനു നല്ല ജോലി കിട്ടി എന്നൊക്കെ അറിഞ്ഞു മനസ്സ് സന്തോഷിച്ചു. എന്നെങ്കിലും ഒരു മറുപടി ലഭിക്കും എന്നുള്ള പ്രതീക്ഷ അസ്തമിച്ചപ്പോഴായിരിക്കണം കത്തുകളുടെ വരവ് നിന്നത്. എന്നെയല്ലാതെ മറ്റാരെയും ഒരു കാരണവശാലും ഈ ജീവിതത്തില്‍ വിവാഹം കഴിക്കില്ല എന്നായിരുന്നു പതിനാലു വര്‍ഷം മുമ്പ് ലഭിച്ച അവന്‍റെ അവസാന കത്തിന്‍റെ രത്നച്ചുരുക്കം. എന്നിട്ടും എന്‍റെ മനസ്സിളകിയില്ല. 

സഹമുറിയത്തിയായ കോളേജു വിദ്യാര്‍ത്ഥിനി അഹല്യയായിരുന്നു കഥകള്‍ എഴുതാനായി എന്നെ നിര്‍ബന്ധിപ്പിച്ചത്. എന്‍റെ എഴുത്തുകളെല്ലാം മാധ്യമങ്ങളും വായനക്കാരും ഹൃദയത്തില്‍ സ്വീകരിച്ചു. പല പ്രശസ്തരുമായും എന്‍റെ രചനാശൈലിയെ ചിലര്‍ ഉപമിച്ചു. എന്നാല്‍ എന്‍റെ ശൈലി അന്നും ഇന്നും എന്റേതു മാത്രം. അത് നീറുന്ന ഹൃദയത്തിന്‍റെ നൊമ്പരങ്ങളാണ്.. സമൂഹത്തിലെ നികൃഷ്ടജീവികളോടുള്ള പകയുടെ ബഹിര്‍സ്ഫുരണങ്ങളാണ്. 

ഇതെന്‍റെ നൂറാമത്തെ കഥയാണ്‌. ഇതിലെ നായിക ഞാന്‍ തന്നെയാവണം എന്നെനിക്കൊരു അതിമോഹം. 

ശ്രദ്ധിച്ചാല്‍ മനസ്സിലാവും, തട്ടിന്‍പുറത്തു കട്ടപിടിച്ച നിശയുടെ നിശബ്ദതയെ ഭഞ്ജിച്ചു അന്നുയര്‍ന്നിരുന്ന എന്‍റെ അമ്മയുടെ വിതുമ്പലുകളും പേറിക്കൊണ്ടു പ്രയാണം തുടങ്ങിയ എന്‍റെ തൂലികയില്‍ നിന്നിപ്പോള്‍ ഗര്‍ജ്ജനങ്ങള്‍ മാത്രമാണ് നിര്‍ഗ്ഗമിക്കുന്നതെന്ന്. ഇല്ലാ.. ഈ തൂലികയൊരിക്കലും ഇനി വിതുമ്പില്ല. ഋതുഭേദങ്ങള്‍ ആവോളം ശക്തിപകര്‍ന്ന എന്‍റെ തൂലിക സൃഷ്ടിക്കുന്ന കൊടുങ്കാറ്റില്‍ പകല്‍മാന്യരുടെ മൂടുപടങ്ങള്‍ അനുദിനം അഴിഞ്ഞു വീണു കൊണ്ടിരിക്കുകയാണ്. അത് കണ്ടു ഞാനും എന്‍റെ അമ്മയുടെ ആത്മാവും എന്നും സന്തോഷിക്കുന്നു. ജീവന് തന്നെ ഇപ്പോള്‍ ഭീഷണിയുള്ളത് കൊണ്ടാണ് ആത്മകഥ ഈ നാല്‍പ്പതാം വയസ്സില്‍ തന്നെ എഴുതണം എന്നു മനസ്സ് പറയുന്നതെന്നു തോന്നുന്നു. ഇനിയൊരിക്കല്‍ അതിനായില്ലെങ്കിലോ?     

എനിക്ക് ആരോടും വ്യക്തിപരമായ പ്രതികാരം ഇല്ല. ജീവിക്കാനെനിക്കു മോഹവുമില്ല. സമൂഹത്തിലെ മുഖം മൂടികള്‍ ആണ് എന്‍റെ ശത്രുക്കള്‍. അവര്‍ ഏതു മേഖലയില്‍ ഉള്ളവരായാലും..ഇന്ന് നീലിമയുടെ തൂലികയെ അവര്‍ ഭയക്കുന്നു. അത് തന്നെയാണ് എന്‍റെ ജന്മസായൂജ്യം... എന്‍റെ ജീവിത ലക്‌ഷ്യം.. ആരുടെയെങ്കിലും അടിമയായി ജീവിതകാലം മുഴുവന്‍ ഹോമിക്കാന്‍ എനിക്ക് ആഗ്രഹമില്ല. എന്‍റെ തൂലികയുടെ പടയോട്ടം എന്‍റെ വ്യക്തിത്വം പേറുന്ന ശരീരം മണ്‍ത്തരികള്‍ക്ക് അന്നമാവുന്നത് വരെ തുടരും. എന്‍റെ യഥാര്‍ത്ഥ മുഖം ഇനിയും മറയ്ച്ചു വയ്ക്കാന്‍ ഞാനൊട്ടു ആഗ്രഹിക്കുന്നുമില്ല.

കുഞ്ഞൂഞ്ഞ്.. അവനാണ് എന്‍റെ മനസ്സില്‍ ചിലപ്പോഴെങ്കിലും മൃദുലവികാരങ്ങളുടെ  ഓളങ്ങള്‍ സൃഷ്ടിക്കുന്ന ഒരേയൊരു വ്യക്തിത്വം. എത്രയോ ആത്മാര്‍ത്ഥമായി അവനെന്നെ സ്നേഹിച്ചിരുന്നു. കത്തുകള്‍ക്കു മറുപടി അയയ്ക്കാതെ ഞാന്‍ അവനെ വഞ്ചിക്കുകയായിരുന്നില്ലേ?.. ആ ഹൃദയം എത്രമാത്രം തകര്‍ന്നിരിക്കും.. എന്നിട്ടും പ്രതീക്ഷ വിടാതെ അവന്‍ കുറെ നാള്‍ കത്തുകളയയ്ക്കുന്നത് തുടര്‍ന്നു. തന്‍റെ മനസ്സില്‍ അവനെക്കുറിച്ചുള്ള ചിന്തകള്‍ എന്താണെന്ന് അവനറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ലാത്ത നിസ്സഹായാവസ്ഥയില്‍ അവനെയെത്തിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദി ഞാന്‍ തന്നെ. 

വായനാപ്രിയനായ അവന്‍ ഈ കഥ വായിക്കാതിരിക്കില്ല. ഇത് അവനയച്ച കത്തുകള്‍ക്കുള്ള മറുപടിയും കൂടിയാണ്. കുഞ്ഞൂഞ്ഞേ, ദയവായി ക്ഷമിക്കെടാ.. ഉള്ളിന്റെയുള്ളില്‍ ഞാന്‍ നിന്നെ ഇപ്പോഴും സ്നേഹിക്കുന്നു. നിന്നെപ്പോലെ ഈ സമൂഹത്തിലെ എല്ലാ പുരുഷന്മാരും ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ഇപ്പോഴും മനസ്സില്‍ ആഗ്രഹിച്ചു പോകുന്നുണ്ട് എന്നറിയാമോ? എനിക്ക് ഈ ലോകത്തില്‍ വിശ്വാസമുള്ള ഒരേയൊരു പുരുഷജന്മം നീ മാത്രമാണ്. നീ സമാധാനമായി ജീവിക്കുന്നുണ്ട് എന്ന ഉറച്ച വിശ്വാസമാണ് എന്‍റെ കുറ്റബോധത്തെ അല്‍പ്പമെങ്കിലും കുറയ്ക്കുന്നത്. താമസിയാതെത്തന്നെ ഈ കഥപുസ്തകം നിന്നെത്തേടിയെത്തട്ടെ. ഇതിന്‍റെ താളുകളില്‍ നീ ചോദിച്ച ഓരോ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ നിനക്ക് കാണാം.' 

"എന്‍റെ താത്രിക്കുട്ടീ...................... "      

അലക്സിന്‍റെ ഹൃദയം സമ്മിശ്രവികാരങ്ങളാല്‍ വിങ്ങി. മനസ്സിന്‍റെ തേങ്ങലുകള്‍ കണ്ണില്‍ നിന്നുല്‍ഭവിച്ച നീര്‍ച്ചാലുകളായി ഒഴുകി വീണ് പുസ്തകത്താളുകള്‍ ആര്‍ദ്രമാക്കി. 

- ജോയ് ഗുരുവായൂര്‍ 

No comments:

Post a Comment