Wednesday, August 20, 2014

എന്നുമൊരു നിഴലായ്...


"അച്ചായാ ഒന്നിങ്ങോട്ടു നോക്കൂന്നേ.. മതി ഉറങ്ങീത്.. ഒടുക്കത്തെ ഈ ഉറക്കഭ്രാന്ത്.."
"നീയൊന്നടങ്ങെന്‍റെ മറിയേ... പ്ലീസ്.. ഒരു പത്തു മിനിറ്റ്... "
"ഹോ.. പിന്നേ.. ഒരു പത്തു മിനുറ്റ് കൂടി ഒറങ്ങീട്ട് എന്ത് മല മറിക്കാനാ.. അച്ചായോ ഒന്നു കണ്ണു തുറക്കൂന്നെ.."
"രാവിലെത്തന്നെ എന്നെ ദേഷ്യം പിടിപ്പിക്കുന്ന പരിപാടി ഇനിയെങ്കിലും നിനക്കൊന്നു നിര്‍ത്തിക്കൂടെ മറിയേ.. നിന്നെ കെട്ടിയ അന്ന് മുതല്‍ തുടങ്ങിയതല്ലേ രാവിലെയുള്ള നിന്‍റെയീ ചൊറിച്ചില്‍..."
"അല്ല അച്ചായോ.. ഇന്നല്ലേ ചാച്ചന്റെ ശ്രാദ്ധം.. പള്ളിയില്‍ കര്‍മ്മങ്ങളൊക്കെ ഇപ്പൊ തുടങ്ങും.. ഓര്‍മ്മയുണ്ടോ അത്?.. "
"ഹോ.. ശരിയാണല്ലോ.. എന്‍റെ ചാച്ചന്‍ ജീവിച്ചിരിക്കുമ്പോള്‍ നാട്ടുകാര്‍ക്കെല്ലാം വളരെ നല്ലവനായിരുന്നു എന്ന സംഗതി ഒരു വാസ്തവം തന്നെ.. പക്ഷെ മരിക്കുന്നത് വരെ 'എന്‍റെ മോനേ' എന്ന് ഒരിക്കല്‍പ്പോലും പുള്ളിക്കാരന്‍ സ്നേഹത്തോടെ എന്നെ വിളിച്ചിട്ടില്ല."
"തുടങ്ങി ന്യായവാദങ്ങള്‍.. എന്തൊക്കെയായാലും അച്ചായന്‍റെ പിതാവാണല്ലോ.. ആ ഒരു ബഹുമാനമെങ്കിലും വേണ്ടേ.."
"അതൊക്കെ പോട്ടേ.. നീ നമ്മുടെ മക്കളുടെ കാര്യം തന്നെ ഒന്ന് നോക്കൂ.. എത്രകാലമായി നമ്മളിവിടെ ദുരിതവും അനുഭവിച്ചു കഴിയുന്നു.. വല്ലപ്പോഴുമെങ്കിലും ഒന്ന് തിരിഞ്ഞു നോക്കാന്‍ അവര്‍ക്ക് തോന്നുന്നുണ്ടോ?.. അല്ലാ എനിക്ക് മനസ്സിലാവാഞ്ഞിട്ടു ചോദിക്കുവാ.. "
"ങാ.. ഇനി അതില്‍ പിടിച്ചു കയറിക്കോ.. ഒക്കെ നിങ്ങളുടെ വളര്‍ത്തു ദോഷം തന്നെയെന്നേ ഞാന്‍ പറയൂ.. ചാച്ചനെ കണ്ടല്ലേ മക്കള്‍ പഠിക്കുക..'
"ഡീ മറിയേ.. അപ്പൊ നീയവര്‍ക്ക് ആരുമായിരുന്നില്ല അല്ലേ?.. തള്ള വളര്‍ത്തിയാ തൊള്ളയേ വളരൂ എന്ന് പണ്ടുള്ളവര്‍ പറഞ്ഞത് കേട്ടിട്ടുണ്ട്.. അതാപ്പോ മക്കള്‍ക്ക്‌ സംഭവിച്ചത്.. അല്ലാതെ അവര്‍ വഴി തെറ്റിയതിനു എന്നെ നീ പഴിക്കണ്ടാ..."
"അയ്യടാ.. അതാ എരണം കേട്ട മൂധേവികളുടെ തലയണമന്ത്രം കൊണ്ടാ.. എന്‍റെ സണ്ണിക്കുട്ടനും ബോബിക്കുട്ടനും എത്രയോ നല്ലവരായിരുന്നു. ഈ നശിച്ചവര്‍ വന്നു കയറിയതിന്റെ പിറ്റേന്നു മുതല്‍ അവര്‍ക്ക് അമ്മച്ചിയേയും ചാച്ചനെയും പിടിക്കാതെയായി... അതിനു പിന്നെ എന്നെയാണോ പഴിക്കുന്നേ?.."
"അതേയ്.. ഒരു കാര്യോണ്ട്.. നീ മരുമക്കളെ മക്കളെപ്പോലെ കാണാതെ ശത്രുക്കളായി കണ്ടതു കൊണ്ടാ അവരിപ്പോ നിന്നെ ഗൌനിക്കാതായത്.. അതോണ്ട് പാവം ഈ ഞാനും അവര്‍ക്കപ്പോള്‍ വെറുക്കപ്പെട്ടവനായി.."
"അയ്യോ.. എന്‍റെ പുണ്യാളച്ചോ.. കണ്ടില്ലേ ഇതിയാന്‍ പറയുന്നത്?.. ഞാന്‍ കാരണം അതിയാനും കഷ്ടപ്പാടായീന്നു.. അയ്യോ . ഞാനിതെങ്ങനെ സഹിക്കും എന്‍റെ കര്‍ത്താവേ...എന്‍റെ സമാധാനം പോയേ.."
'എടീ.. ഒച്ച വയ്ക്കാതെ.. വല്ലോരും കേള്‍ക്കും.. അതാ ഞാന്‍ പറഞ്ഞേ.. നിനക്ക് രാവിലെത്തന്നെ എന്നെ ചൂടാക്കേണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ.. അല്ലെങ്കിലേ ആളുകളുടെ പറച്ചില്‍ നമ്മള്‍ എപ്പോഴും വഴക്കില്‍ ആണെന്നാ.."
"അതു പിന്നെ അച്ചായന്‍ എന്‍റെ ചങ്കില്‍ കുത്തുന്ന വര്‍ത്താനം പറഞ്ഞാല്‍പ്പിന്നെ ഞാന്‍ എന്നാ ചെയ്യും?.. കെട്ടിക്കൊണ്ടു വന്നയന്നു മുതല്‍ സുഖത്തിലും ദുഃഖത്തിലും അച്ചായന്‍റെ നിഴലുപോലെ നിന്നവളല്ലേ ഞാന്‍.. ആ എന്നെയിപ്പോള്‍ അച്ചായന്‍ ആരുമല്ലാതാക്കി.. അയ്യോ.. എനിക്ക് സങ്കടം താങ്ങാന്‍ വയ്യേ.. അയ്യോ.."
"ഛെ ഛെ.. പോട്ടെടീ മറിയേ.. എനിക്ക് ദേഷ്യം വന്നപ്പോ ഞാനൊന്നു പറഞ്ഞതല്ലേ.. നീയെന്തിനാ അതിനു കരയുന്നേ.. എന്‍റെ സ്വഭാവം നിനക്കു ഇതേ വരെ മനസ്സിലായില്ലാ എന്നുണ്ടോ.. ഹും.. പോട്ടെ.. സാരമില്ലാ.. നീയൊന്നു സമാധാനപ്പെട്.."
"ങ്ങും.. എന്നാലും അച്ചായന്‍ എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ.. ചിന്തിച്ചല്ലോ.."
"ഓ എന്‍റെ പൊന്നേ... ഒന്ന് സമാധാനിക്കെടീ.. എന്നും എന്‍റെ വായിലിരിക്കുന്നത് കേള്‍ക്കാതെ നിനക്കൊരു സ്വൈര്യവുമുണ്ടാവില്ല.. നിന്നെ കെട്ടിക്കൊണ്ടു വന്നയന്നു മുതല്‍....."
"ദേ പിന്നേം.. എനിക്കറിയാം അച്ചായാ.. അന്നേ മുതല്‍ ഞാനൊരു ശല്യമായിരുന്നു നിങ്ങള്‍ക്ക്... വേണ്ടെങ്കില്‍ അപ്പോഴേ പറഞ്ഞയയ്ക്കാമായിരുന്നില്ലേ?.. പറയൂ.. ഇപ്പൊ പറയൂ ഞാന്‍ പൊക്കോളാം.. അയ്യോ എനിക്കാരുമില്ലല്ലോ കര്‍ത്താവേ.. "
"ഛെ ഒന്ന് മിണ്ടാതിരി.. ദേ ആരൊക്കെയോ പടികടന്നു ഇങ്ങോട്ട് വരുന്നു. ഹോ പാതിരിയുമുണ്ടല്ലോ.. നീയവിടെ അടങ്ങിയിരി.. എന്താ അവരുടെ പരിപാടിയെന്ന് നോക്കാം.. "
കാര്‍മ്മികന്‍: സകലത്തിന്റെയും നാഥനും ദൈവവുമായ മിശിഹായേ, നിന്റെ കുരിശിന്റെ അടയാളത്തോടും ദൈവദൂതന്മാരുടെ അകമ്പടിയോടും കൂടെ വാനമേഘങ്ങളില്‍ നീ പ്രത്യക്ഷനാവുകയും, സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും, മരിച്ചവര്‍ അക്ഷയരായി കബറിടങ്ങളില്‍ നിന്നുയിര്‍ക്കുകയും, ദുഷ്ടജനങ്ങള്‍ നീതിമാന്മാരില്‍നിന്നു വേര്‍തിരിക്കപ്പെടുകയും ചെയ്യുന്ന ഭയാനകമായ വിധിദിവസത്തില്‍ നിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ലോകാരംഭത്തില്‍ തന്നെ സജ്ജമാക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്കു ഞങ്ങളുടെ ഈ സഹോദരന്‍ പ്ലാമറ്റത്തെ കുഞ്ഞുവറീത് റാഫേലിനെ നീ സ്വീകരിക്കേണമേ. ഞങ്ങളിലും ഞങ്ങളുടെ സമൂഹത്തിലും നിന്റെ കൃപയും അനുഗ്രഹവും നിരന്തരം വസിക്കുമാറാകട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും.
സമൂഹം: ആമ്മേന്‍
"കണ്ടോ അച്ചായോ.. ദേ അവര്‍ പോയി.. നമ്മുടെ സണ്ണിക്കുട്ടനും ബോബിക്കുട്ടനും ഒക്കെ നമ്മളെ മറന്നു അച്ചായാ.. നമ്മളിവിടെയിങ്ങനെ കിടക്കുന്നുവെന്ന ഒരു ചിന്തയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഒരു മെഴുകുതിരിയെങ്കിലും... പോട്ടെ പോകുന്നതിനും മുമ്പ് ഒന്നിവിടേക്കു തിരിഞ്ഞെങ്കിലും നോക്കുമെന്നു ഞാന്‍ മോഹിച്ചു അച്ചായാ.."
"എന്‍റെ മറിയേ... മക്കളെ കണ്ടും മാമ്പൂ കണ്ടും ഒരിക്കലും മോഹിക്കരുത് എന്നു ദേ.. ആ കിടക്കുന്ന എന്‍റെ ചാച്ചന്‍ പറയുന്നത് നീയും ഒത്തിരി കേട്ടിട്ടില്ലേ?... അതോണ്ട് നീ വിഷമിക്കണ്ടാ.. നിന്‍റെ കൂടെയെന്നുമെപ്പോഴും ഞാനില്ലേ.. നീ എന്നോട് പറയാറുള്ളതു പോലെ.... എപ്പോഴും ഒരു നിഴലായിട്ട്.. നമ്മളെ പിരിക്കാന്‍ ഇനി ഈ ഭൂമിയിലെ ആര്‍ക്കു സാധിക്കും?.. നമ്മളെ കാണാനും മെഴുകുതിരികളും പൂക്കളുമായി ഇനിയും അവരിവിടെ വരും.. നമ്മുടേതായ ദിവസങ്ങള്‍ അവര്‍ കലണ്ടറില്‍ കൃത്യമായി വട്ടമിട്ടു വച്ചിട്ടുണ്ട്."
"അച്ചായോ.. എന്‍റെ പൊന്നേ.."
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment