മനസ്സ് മനസ്സിനെ തിരിച്ചറിഞ്ഞീടാത്തൊരു
നിഗൂഡമാം തമോഗര്‍ത്തങ്ങളില്‍ നിന്നും
നുരഞ്ഞു പതഞ്ഞൊഴുകീടുമീയവിശ്വാസം
ബന്ധങ്ങളെല്ലാം ക്ഷണികനേരത്താലധിവേഗം
ബന്ധനങ്ങളിലാക്കിടും സമസ്യകള്‍ തന്‍
ആശയക്കുഴപ്പത്തിലുടലെടുക്കുമീയവിശ്വാസം
ക്ഷോഭിച്ചു വശായ മനോവ്യാപാരങ്ങളാം
ഉമിത്തീയിലുരുകി നിര്‍ഗ്ഗളിക്കുമൊരാ
ഊഹങ്ങളിലൂട്ടിയുറയ്ക്കുന്നൊരവിശ്വാസം
ചുററത്തില്‍പ്പടുത്ത കല്‍പ്പടവുകളൊക്കെയും
നിലംപരിശാക്കിയതില്‍ച്ചവിട്ടിയട്ടഹസിച്ചു
താണ്ഡവമാടി ചിത്തഭ്രമമേറ്റുമൊരവിശ്വാസം
ക്ഷമയുടെ ദൂതനെ നിഷ്ഠൂരമാട്ടിയകറ്റിയും
ഹൃത്തിലഹങ്കാരത്തിന്നെരിതിരി കത്തിച്ചതി-
ലാത്മാഹുതി ചെയ്യിപ്പിച്ചീടുമീയവിശ്വാസം
വിവേകത്തെ വിജ്ഞാനം കൊണ്ടു തളച്ചു
സാദ്ധ്യതകളും സാമ്യങ്ങളും ചികഞ്ഞതില്‍
കറുത്ത മുത്തുകള്‍ തേടീടുമീയവിശ്വാസം
ധാരണകളെ തെറ്റിദ്ധാരണകളാക്കി ന്യൂനം
ബാലിശമായ ചെയ്തികളിലൂന്നിയും
ചരിത്രം തീയിട്ടെരിച്ചു കളയുമീയവിശ്വാസം
നാളുകള്‍ തന്‍ പുഞ്ചിരിയും ലാളനവും
പടുത്തുയര്‍ത്തിയ സ്നേഹമതിലുകള്‍
പരദൂഷണങ്ങളാല്‍ വീഴ്ത്തുമീയവിശ്വാസം
വിചിന്തന വിരോധിയാണീയവിശ്വാസം
സ്നേഹബന്ധങ്ങളില്‍ മായ്ച്ചാല്‍ മായാത്ത
മുറിവുകളലങ്കാരമാക്കുന്നൊരീയവിശ്വാസം
സങ്കല്‍പ്പങ്ങളും തെളിയാത്തെളിവുകളും
ധര്‍മിഷ്ടര്‍ക്കുള്ളില്‍ ആധിയാം ചിതയൊരുക്കി-
യതിലവരെയാളിക്കത്തിക്കുമീയവിശ്വാസം
അവിശ്വസിക്കുന്നതിനും മുമ്പൊന്നോരുക
നൈമിഷികമാം സാങ്കല്‍പ്പിക സൃഷ്ടികളാല്‍
തകര്‍ക്കാനുള്ളതല്ല ഹൃദ്യമായൊരീ വിശ്വാസം.
തെറ്റുകളും കുറ്റങ്ങളും കണ്ടും കണ്ടില്ലെന്നും
പരസ്പ്പരം നടിച്ചുമവസരത്തില്‍ ചര്‍ച്ച ചെയ്തു-
മസൂയാവഹം വളര്‍ത്തേണ്ടതാണീ വിശ്വാസം.
- ജോയ് ഗുരുവായൂര്‍
ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സര്‍വ്വസാധാരണമല്ലാത്ത വാക്കുകളുടെ അര്‍ത്ഥം താഴെക്കൊടുക്കുന്നു
ചുറ്റം = കൂട്ടുകെട്ട്, സ്നേഹം
ഓരുക = ഓര്‍ക്കുക, വിചാരിക്കുക
No comments:
Post a Comment