കാപട്യങ്ങളരങ്ങു വാഴും ജീവിതം തന്‍
കനിവിന്നുറവകളടഞ്ഞ ചെയ്തികള്‍
തന്‍കുഞ്ഞിനെ പൊന്‍കുഞ്ഞായൂട്ടുമ്പോള്‍
മറുകുഞ്ഞിന്‍ വിലാപം കേള്‍ക്കാത്തവര്‍
മുട്ട പുഴുങ്ങിയതി സമര്‍ത്ഥമായ് തനയനു
ചോറില്‍പ്പൂഴ്ത്തി വിളമ്പും മാതുലിയും
പത്തായത്തിലൊളിപ്പിച്ച പലഹാരങ്ങള്‍
ഛന്നം മാതുല മക്കള്‍ക്കേകും അച്ഛമ്മയും
ഒരേയുത്തരത്തിനരമാര്‍ക്ക് കുറച്ച് തോഴി തന്‍
തനയനെയൊന്നാമതെത്തിക്കുമദ്ധ്യാപികയും
സമപ്രായക്കാരാമനന്തരവരാവശ്യപ്പെട്ടതൊക്കെ
വാങ്ങിക്കൊടുത്തെന്നെയവഗണിക്കുമച്ഛനും
നാലാള്‍ കാണ്‍കെ ഗുണദോഷിച്ചും ശകാരിച്ചും
നല്ല 'പിള്ള'കള്‍ ചമയും കാരണവന്മാരും
പ്രവര്‍ത്തിപരിചയ പരീക്ഷയ്ക്കെളുപ്പച്ചോദ്യം
തന്‍ പ്രിയര്‍ക്കു നല്‍കുന്ന കലാശാലാശാനും
എന്‍ സൈക്കിളിന്‍ തണ്ടേറിയുലകം ചുറ്റിയി-
ന്നമേരിക്കയിലിരുന്നു പുച്ഛിക്കുന്നൊരുവനും
കൊടുത്ത കാശിനു ചെമ്മേ ചിരിച്ചു മയക്കി
വസ്തുക്കള്‍ മായം ചേര്‍ത്തേകും കടക്കാരനും
തോളത്തു കയ്യിട്ടു രഹസ്യങ്ങള്‍ ചോര്‍ത്തിയ-
ങ്ങവസരത്തിലൊറ്റും സഹപ്രവര്‍ത്തകരും
കഠിനാദ്ധ്വാനത്തിന്‍ സത്ഫലം തഞ്ചത്തില്‍
കവര്‍ന്നങ്ങു കീര്‍ത്തി നേടും മേലാളനും
ജീവിതം പകുത്തു നല്‍കി സ്നേഹിച്ചതിനാ-
സ്നേഹമൊരധികാരമാക്കി ഭരിക്കും ഭാര്യയും
പലിശയ്ക്കെടുത്തൊരു കാശും കടം വാങ്ങി
വിവരം തരാന്‍ പോലും മുതിരാത്ത തോഴരും
തേവയിലലിവു തോന്നി നീട്ടിയ ധനസഹായം
മടക്കീടാതെ സ്വഭവനം മോഡി കൂട്ടുന്നവരും
ഇഷ്ടമുള്ള സഖിയെ തിരഞ്ഞെടുത്തതിലൊട്ടു-
മിഷ്ടം കാണിച്ചീടാത്തൊരു ബന്ധുജനങ്ങളും
തിരക്കെന്നു ചൊല്ലി ക്ഷിപ്രമപ്രത്യക്ഷരായ്
കാമുകിയോട് സല്ലപിക്കും കൂട്ടുകാരനും
ഉപവാസത്തിന്‍ പ്രാര്‍ത്ഥനയുമോതിയി-
ട്ടിരുളിന്‍ മറയില്‍ ഭുജിക്കുമാചാര്യനും.
ഭാവുകങ്ങളേകുമ്പോഴും ഉള്ളിലസൂയ തന്‍
പൂത്തിരി കത്തിച്ചു പഴിക്കും 'സഹൃദയരും'
അറിയാതെയെപ്പോഴും വിദ്ധ്വംസക വേലയ്ക്കു
കൂട്ടാളിയാക്കുമൊരു 'ആത്മ' സുഹൃത്തും
തെറ്റിദ്ധാരണകള്‍ കൂട്ടം കൂട്ടമായുണര്‍ത്തീടു-
മഭിശപ്തങ്ങളാമോരോ നിമിഷങ്ങളും
കനിവില്ലാക്കാലത്തിന്‍ ബാക്കിപത്രങ്ങളായ്
ദേഹത്തില്‍ മരുവീടുമസുഖങ്ങളും
ഇല്ലാത്തയസുഖത്തിനനവധി മരുന്നുകളതിന്‍
ലാഭത്തിന്നോഹരി പറ്റും ഭിഷഗ്വരരും
ഇടുക്കത്തിലുതവി നിര്‍ത്തിയതിനമര്‍ഷരായ്
തിരിഞ്ഞു നോക്കാതെ പഴിക്കും കൂട്ടരും
സ്വാര്‍ത്ഥത വിളഞ്ഞീടും ഛലിതമാനസര്‍ തന്‍
കാപട്യങ്ങള്‍ നിറയുമൊരു സഞ്ചിതിയില്‍ നാം...
അവരഭ്യസിപ്പിച്ചതൊക്കെയും നിപുണമായ്
നടിച്ചങ്ങു പ്രവൃത്തകം ചെയ്യുമീ... ഞാനും..
- ജോയ് ഗുരുവായൂര്‍
കവിതയില്‍ ഉപയോഗിച്ചിരിക്കുന്ന അനിതരസാധാരണ വാക്കുകളുടെ അര്‍ത്ഥങ്ങള്‍:
അഹംയു = അഹങ്കാരമുള്ള, സ്വാര്‍ത്ഥതയുള്ള; സഞ്ചിതി = സമൂഹം
മാതുലന്‍ = അമ്മാവന്‍; മാതുലി= മാതുലന്റെ ഭാര്യ [അമ്മായി]
ഛന്നം = മറച്ചു വച്ച്, രഹസ്യമായി
തേവ = ആവശ്യം
അഭിശപ്ത = ശപിക്കപ്പെട്ട, ദുഷിക്കപ്പെട്ട
ഇടുക്കം = ഇടുങ്ങിയ സ്ഥിതി,പ്രയാസം
ഉതവി = പിന്തുണ, സഹായം
ഛലിതം = ചതിപ്രയോഗം
പ്രവൃത്തകം = രംഗപ്രവേശം
No comments:
Post a Comment