ആമുഖം:
രചനകളെ എങ്ങനെ വിലയിരുത്താം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി അനവധി ചര്‍ച്ചകളും ലേഖനങ്ങളും നാം പലയിടത്തും കണ്ടിരിക്കാം. അതിന്‍റെ കൂട്ടത്തിലേക്ക് എന്‍റെ വകയും ഒരെണ്ണം ഇരിക്കട്ടെ. മനസ്സില്‍ നടക്കുന്ന ‘രചനകള്‍ വിലയിരുത്തുമ്പോള്‍’ എന്ന വിഷയത്തെ ഉദ്ഗ്രഥിച്ച് മനസ്സിലെ മണിമുത്തുകള്‍ കൂലംകഷമായി നടത്തിയ സാഹിത്യചര്‍ച്ചയിലെ പ്രതികരണങ്ങളെയും കണ്ടെത്തലുകളെയും പഠനങ്ങളെയും അവക്ഷിപ്തീകരിച്ചാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.
വിമര്‍ശനം:
ഒരു രചന മനസ്സിരുത്തി വായിച്ചു തീരുന്നതോടെ അനുവാചകരുടെ മനസ്സില്‍ നിന്നുണ്ടാകുന്ന പുളിച്ചു തികട്ടലുകളാണ്ക അക്ഷരങ്ങളുടെ രൂപത്തില്‍ വിമര്‍ശനങ്ങളായി പുറത്തു ചാടുന്നത്. വിമര്‍ശനങ്ങളുടെ സ്വഭാവം തീര്‍ച്ചയായും നിരൂപകരുടെ ആസ്വാദനനിലവാരവും വിഷയാവബോധവും ജ്ഞാനവും വസ്തുതകളോടുള്ള വ്യക്തിപരമായ സമീപനവും ജീവിതാനുഭവങ്ങളുടെ സ്വാധീനവും ഭാവനായുക്തമായ ഉള്‍ക്കാഴ്ച്ചയും അനുസരിച്ചായിരിക്കും എന്നതിനു സംശയമില്ല.
വിമർശനവും നിരൂപണവും തമ്മിലുള്ള വ്യത്യാസം എന്താണ്?
നിരൂപണത്തിന്‍റെ ഒരു ഭാഗമാണ് വിമര്‍ശനം. ഒരു കൃതിയിലൂടെ കടന്നു പോകുമ്പോള്‍ അതില്‍ പ്രസ്താവിച്ച നാനാവിധമായ സംഗതികളുടെ ഗുണത്തെയും ദോഷത്തെയും പ്രസക്തിയെയും അവതരണത്തെയും കുറിച്ചുള്ള വിലയിരുത്തല്‍ ആകുന്നു നിരൂപണം. വിമര്‍ശനം ഇല്ലാതെയും ഒരു നിരൂപണം ഉണ്ടാവാം.അത് മുകളില്‍ പ്രസ്താവിച്ച പോലെ നിരൂപകരുടെ മനോഗതത്തിനനുസരിച്ചായിരിക്കും സംഭവിക്കുക എന്നു മാത്രം.ഒരു കൃതിയുടെ നല്ല വശങ്ങള്‍ ഒന്നും പ്രസ്താവിക്കാതെ ന്യൂനതകള്‍ മാത്രം എടുത്തു പറയുന്നതിനായി ഒരു സഹൃദയം ശ്രമിക്കുമ്പോള്‍ അതിനെ തനിവിമര്‍ശനം എന്നു വിളിക്കാം. ആക്ഷേപപരമായ ഒരു പ്രക്രിയയായതിനാല്‍ എന്‍റെ അഭിപ്രായത്തില്‍ അതത്ര പ്രോത്സാഹനജനകമായ പ്രവണതയല്ല. കൃതിയെക്കുറിച്ചുള്ള ഗുണദോഷങ്ങള്‍ ഒരേസമയം സൂചിപ്പിച്ചു കൊണ്ടുള്ള അവലോകനം അല്ലെങ്കില്‍ നിരൂപണം ആണ് എഴുത്തിനെയും വായനയെയും കൂടുതല്‍ പ്രോത്സാഹിപ്പിക്കുക. അതില്‍ വിമര്‍ശനാത്മകത മുഴച്ചു നിന്നാലും വലിയ പോറല്‍ ഏല്‍ക്കില്ല.
എന്തിനാണ് പൊതുജനസമക്ഷമുള്ള വിമര്‍ശനം കൊണ്ട് എഴുത്തുകാരുടെ കെടുകാര്യസ്ഥത വെളിവാക്കി അവരെ അപമാനിതരാക്കുന്നത്.. ന്യൂനതകള്‍ വിളിച്ചു കൂവാതെ വ്യക്തിപരമായി അറിയിച്ച് തെറ്റു തിരുത്താന്‍ എഴുത്തുകാരെ ഉത്ബോധിപ്പിച്ചു കൂടെ? എന്ന ചോദ്യം ഉയര്‍ന്നേക്കാം.. എന്നാല്‍ കാര്യക്ഷമമായ വിമര്‍ശനങ്ങള്‍ എഴുത്തുകാരുടെ കണ്ണു തുറപ്പിക്കുന്നു. അത് പോലെ അത് വായിക്കുന്ന മറ്റു എഴുത്തുകാര്‍ക്കും സ്വന്തം രചനകളിലെ തെറ്റു തിരുത്താനുള്ള അവസരമൊരുക്കാനും ഇതുപകരിക്കുന്നു. പഠിക്കാതെ ക്ലാസ്സില്‍ വരുന്ന കുട്ടികളെ അദ്ധ്യാപകര്‍ ബെഞ്ചിന്‍റെ മുകളില്‍ കയറ്റി നിര്‍ത്തുന്നത് അവരെ വ്യക്തിപരമായി അപമാനിച്ചു അവരുടെ ഭാവി നശിപ്പിക്കാന്‍ വേണ്ടിയല്ല മറിച്ച് അതില്‍ നിന്നുണ്ടാകുന്ന അപകര്‍ഷത മൂലം അവര്‍ സ്വയം തെറ്റു തിരുത്താനും അത് കാണുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ വേണ്ടിയുമാണ്. തല്‍ക്ഷണം നമുക്കു വിമര്‍ശകരോടും അദ്ധ്യാപകരോടും ഈര്‍ഷ്യ തോന്നിയേക്കാം എന്നാല്‍ സത്ഫലങ്ങള്‍ ലഭിച്ചു തുടങ്ങുന്നതോടെ അത് അലിഞ്ഞലിഞ്ഞു ഭയഭക്തിബഹുമാനമായി പരിണമിക്കുന്നു.
നിരൂപകര്‍ / വിമര്‍ശകര്‍ :
എഴുത്തുകളെ പിഴവറ്റതാക്കുക എന്ന സദുദ്ദേശ്യത്തോടെ പ്രതിഫലേച്ഛയില്ലാതെ കലാസാഹിത്യലോകത്തേക്ക് ഇറങ്ങിപ്പുറപ്പെടുന്ന കലാസാഹിത്യകുതുകികളായ സാമൂഹ്യസേവകരാകുന്നു യഥാര്‍ത്ഥത്തില്‍ നിരൂപകര്‍ / വിമര്‍ശകര്‍!
എഴുത്തിന്‍റെ ന്യൂനതകളാകുന്നു വിമര്‍ശനങ്ങളുടെ പ്രമേയം എന്നതു കൊണ്ടു തന്നെ അര്‍പ്പണബോധവും സൂക്ഷ്മ വായനയുമുള്ള വായനക്കാര്‍ക്ക് നല്ല വിമര്‍ശകരായും നല്ല വിമര്‍ശകര്‍ക്ക് നിലവാരമുള്ള എഴുത്തുകാരായും പില്‍ക്കാലത്ത് മാറാന്‍ സാധിക്കും. പ്രസിദ്ധരായ നിരൂപകരും വിമര്‍ശകരുമെല്ലാം തന്നെ നല്ല എഴുത്തുകാര്‍ കൂടിയാണെന്നു കാണാം.
പാളിച്ചകള്‍:
രചയിതാക്കളാരെന്നു മുഖം നോക്കാതെ വിമര്‍ശിക്കുന്നവരാണ് സംശുദ്ധരായ വിമര്‍ശകര്‍. രചയിതാക്കളുടെ ലിംഗഭേദങ്ങളും വ്യക്തിപ്രഭയും താന്താങ്ങളോടുള്ള ഇടപഴകലുകളുടെ മാര്‍ദ്ദവവും നോക്കി രചയിതാക്കളുടെ പ്രീതിയും ലക്ഷ്യമാക്കി വിലയിരുത്തുന്നതിനെ നിരൂപണം എന്നല്ല സുഖിപ്പിക്കല്‍ എന്നേ വിളിക്കാന്‍ സാധിക്കൂ.
എഴുത്തുകാര്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവരായിരിക്കണം എന്നു പറയുന്നതു പോലെ വിമര്‍ശകര്‍ക്കും സാമൂഹ്യപ്രതിബദ്ധത അനിവാര്യമാണ്. തങ്ങളുടെ വിമര്‍ശനം പക്ഷപാതരഹിതമായിരിക്കാനും അത് വായനക്കാരെയോ എഴുത്തുകാരെയോ ആശയക്കുഴപ്പങ്ങളിലേക്ക് നയിക്കപ്പെടുന്ന രീതിയിലാവാതിരിക്കാനും വിമര്‍ശകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് രചനയില്‍ പ്രസ്താവ്യമായ വസ്തുതകളോടുള്ള അവഗാഹമായ ജ്ഞാനത്തിന്‍റെ അഭാവത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാവാതെ കാലാകാലങ്ങളായി തങ്ങള്‍ ധരിച്ചു വച്ചിരിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് കിറുകൃത്യം എന്ന പിടിവാശിയില്‍ വിമര്‍ശനയുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഏതാണ് വിശ്വസിക്കേണ്ടത് എന്നു വായനക്കാരും താന്‍ ഗ്രഹിച്ച കാര്യങ്ങളെല്ലാം പൂര്‍ണ്ണമായും വാസ്തവവിരുദ്ധമായിരുന്നോ എന്ന് എഴുത്തുകാരും ആശയക്കുഴപ്പത്തിലാവുന്നു.
വിമര്‍ശന വിധേയമാക്കുന്ന വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള അറിവില്ലാത്തവര്‍ വിമര്‍ശനം എന്ന ഉദ്യമത്തിനു തുനിയാതിരിക്കുകയാണ് നല്ലത്. അല്ലെങ്കില്‍ ആ വിമര്‍ശനം നൈപുണ്യമില്ലാത്ത ഭിഷഗ്വരന്‍ ചെയ്ത ശസ്ത്രക്രിയ പോലെയായിത്തീരുമെന്നു സന്ദേഹമില്ല. വളര്‍ന്നു വരുന്ന എഴുത്തുകാരുടെ ഭാവിയില്‍ ആവി കയറ്റി മുളയിലേ അതിനെ അവിയിച്ചു കളയാനെ ഇത്തരം അപക്വമായ വിമര്‍ശനങ്ങള്‍ ഇടവരുത്തൂ.
ഭാരതീയ നിയമം വ്യവസ്ഥിതി ചെയ്യുന്ന അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്നു വച്ച് “വായീ തോന്നീത് കോതയ്ക്ക് പാട്ട്” എന്ന പോലെ അപക്വവും അസഹിഷ്ണുവുമായ മനസ്സിന്‍റെ ജല്‍പ്പനങ്ങള്‍ ഒരു പോരാളിയെപ്പോലെ നെഞ്ചുയര്‍ത്തിപ്പിടിച്ചു കൊണ്ട് പരസ്യമായി വിളമ്പുന്നത് കൊണ്ട് വിഷയങ്ങളെക്കുറിച്ച് ആധികാരികമായ അറിവുള്ളവരുടെ സമക്ഷത്തില്‍ അവര്‍ സ്വയം ചെറുതായിപ്പോകുന്നുവെന്ന യാതാര്‍ത്ഥ്യവും ഇത്തരക്കാര്‍ അറിയുന്നില്ല.
അതുപോലെ, എന്തിനേയും ഏതിനേയും പല്ലും നഖവും ഉപയോഗിച്ചു വിമര്‍ശിക്കുക എന്ന മനോഭാവത്തോടെ വിശാലചിന്താഗതികളെ സ്വയം കുഴിച്ചു മൂടി ഒരു കുരുടനായി നടിച്ച് രചനയുടെ പരിധിയില്‍ ഉള്‍പ്പെടാത്ത കാര്യങ്ങളുമായി അവയെ ബന്ധപ്പെടുത്താന്‍ ശ്രമിച്ച് അല്ലെങ്കില്‍ വരികളുടെ അനന്തവ്യാപകമായ വ്യംഗ്യാര്‍ത്ഥങ്ങളെ ബോധപൂര്‍വ്വം തൃണവല്‍ക്കരിച്ചു കൊണ്ട് രചനകളെ ധൃതരാഷ്ട്രാലിംഗനം ചെയ്യാന്‍ ശ്രമിക്കുന്നവരുമുണ്ട്. ഉദാഹരണമായി, ‘ഭാരതപ്പുഴയുടെ ശോചനീയാവസ്ഥയെക്കുറിച്ചെഴുതുന്ന ഒരു കവിതയില്‍ എന്തുകൊണ്ട് അതേയവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ഭാരതത്തിലെ മറ്റു പുഴകളുടെ കാര്യങ്ങള്‍ പ്രസ്താവിച്ചില്ല?’ എന്നതു പോലുള്ള ബാലിശമായ ‘ന്യൂനത’കളും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് രചനയേയും രചയിതാക്കളെയും ബോധപൂര്‍വ്വം ചവിട്ടിത്താഴ്ത്തുന്ന വിലകുറഞ്ഞ വിമര്‍ശനങ്ങള്‍ നടത്തുന്നത് ഇത്തരക്കാരാണ്. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി എഴുത്തുകാരെ ഇടിച്ചു താഴ്ത്തി അവരുടെ വായ് മൂടിക്കെട്ടല്‍ ആവരുത് ഒരിക്കലും വിമര്‍ശനം. അത് തികച്ചും അധാര്‍മ്മികം ആണ്.
ചില വിമര്‍ശകരെ ‘കാടടച്ചു വെടിവയ്ക്കുന്നവര്‍’ എന്ന് വിശേഷിപ്പിക്കാം. ഇത്തരക്കാര്‍ ‘ചില ഭാഗങ്ങള്‍ ഇഷ്ടമായില്ല, ഒന്നുകൂടി നന്നാക്കാമായിരുന്നു, മറ്റു രചനകളേക്കാള്‍ മോശം, എന്തു പറ്റി മാഷേ?, എവിടെയൊക്കെയോ കല്ലുകടികള്‍ അനുഭവവേദ്യമായി..’ എന്നിങ്ങനെയുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി നിമിഷനേരം കൊണ്ട് താന്താങ്ങളുടെ ചട്ടക്കൂടിലേക്ക് വലിയുന്നവര്‍.
അതെ സമയം എവിടെയാണ് മൂല്യശോഷണം അനുഭവപ്പെട്ടത് എന്നു ചൂണ്ടിക്കാണിക്കാന്‍ അവര്‍ മിനക്കെടുകയുമില്ല എന്നത് എഴുത്തുകാരെ കൂടുതല്‍ ആശയക്കുഴപ്പത്തിലേക്കു തള്ളിവിടാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. ഹരിശ്രീ കുറിയ്ക്കുന്ന ചള്ള് എഴുത്തുകാരുടെ രചനയില്‍ അഭിപ്രായം പറഞ്ഞു തങ്ങളുടെ ചന്തവിലയ്ക്ക് ഇടിവു പറ്റുമെന്ന ഭയമോ, കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കാനുള്ള അജ്ഞതയോ ആയിരിക്കാം ഇതിനു പിറകിലെ ചേതോവികാരം.
മറ്റു ചിലരാകട്ടെ ഓട്ടപ്രദക്ഷിണക്കാര്‍ ആണ്. കഥയായാലും കവിതയായാലും നിമിഷനേരം കൊണ്ട് വായിച്ച് അവയുടെ നിലവാരത്തെക്കുറിച്ചൊന്നും പറയാതെ ‘നന്നായിട്ടുണ്ട്’, അല്ലെങ്കില്‍ ‘ഇഷ്ടം’ രേഖപ്പെടുത്തി അടുത്ത വേദികള്‍ തേടി പാഞ്ഞു പോകുന്നവര്‍. അത് കൊണ്ട് അവര്‍ക്കോ എഴുത്തുകാര്‍ക്കോ പ്രത്യേകിച്ച് ഗുണമോ ദോഷമോ ഉണ്ടാവുമെന്ന് കരുതാനുമില്ല. തങ്ങളുടെ അഭിപ്രായപ്രകടനം കൊണ്ട് എഴുത്തുകാരുടെ ഹൃദയം നോവിക്കരുത് എന്ന തത്ത്വശാസ്ത്രത്തെ പിന്തുടരുന്ന ഇവര്‍ക്ക് ‘പിഞ്ചു ഹൃദയര്‍’ എന്ന പേരും ചേരും. ഇവരെ യഥാര്‍ത്ഥത്തില്‍ വിമര്‍ശകഗണത്തില്‍ പെടുത്തുന്നതിനേക്കാള്‍ നല്ലത് സമയമില്ലാത്ത പാവം പാവം മലയാളികള്‍ എന്ന ഗണത്തില്‍ പെടുത്തുകയായിരിക്കും അഭികാമ്യം.
ഇനിയുമൊരു പ്രത്യേകതരം വിമര്‍ശകവൃന്ദത്തെക്കുറിച്ചും സൂചിപ്പിക്കാം. അവര്‍ എഴുത്തുകാരാണ് എങ്കില്‍ക്കൂടി അവരുടെ രചനകളെ അവഗണിക്കുന്നവരുടെ രചനകളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ വിമുഖത കാണിക്കുന്നവര്‍. അല്ലെങ്കില്‍ തങ്ങളുടെ രചനയിലെ വിമര്‍ശനത്തിനു തിരിച്ചടിയെന്ന പോലെ വിമര്‍ശകന്റെ രചനകളില്‍ പോയി അതേ നാണയത്തില്‍ തിരിച്ചടിക്കുന്നവര്‍. ‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’ എന്ന പഴംചൊല്ലിന്റെ വക്താക്കളായ ഇവരെ ‘കൊടുത്തുവാങ്ങലുകാര്‍’ എന്നു വിശേഷിപ്പിക്കാം. അത് ആരോഗ്യപരമായിരുന്നാല്‍ ഒരു പരിധിവരെ വികസനോന്മുഖവുമായിരിക്കും.
ഉത്തമ അനുവാചക / വിമര്‍ശക ലക്ഷണങ്ങള്‍:
ഒരു രചനയെ ആത്യന്തികമായി വിലയിരുത്തി പ്രതികരിക്കുന്ന / വിമര്‍ശിക്കുന്ന അര്‍പ്പണബോധമുള്ള നിരൂപകര്‍ പ്രധാനമായും സ്വാംശീകരിക്കേണ്ട 'പത്ത് കല്‍പ്പനകള്‍' ഇവയാണ്.
- വിമര്‍ശനവിധേയമായ പ്രമേയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ജ്ഞാനം.
- വരികളിലൂടെയും വരികള്‍ക്കിടയിലൂടെയും വാചാകാനുവാചകമായ തീക്ഷ്ണ വായന നടത്താനുള്ള സഹിഷ്ണുത.
- അവതരണക്ഷമതയെ ശരിയായി അളക്കാന്‍ പോരുന്ന ഉള്‍ക്കാഴ്ച്ച
- പക്ഷഭേദരാഹിത്യം
- ഭാഷയേയും വാക്കുകളേയും ശൈലികളേയും പ്രയോഗങ്ങളേയും കുറിച്ചുള്ള അഗാധമായ വിജ്ഞാനം
- രചയിതാക്കളുടെ മുന്‍കാല രചനകളുടെ സ്വാധീനത്തില്‍ നിന്നും മുക്തമായി ഓരോ രചനകളേയും സ്വതന്ത്രമായി പരിഗണിക്കാനുള്ള പക്വത.
- ശക്തമായ സാമൂഹ്യപ്രതിബദ്ധത
- രചനയിലെ ഗ്രാഹ്യമല്ലാത്ത കാര്യങ്ങളെക്കുറിച്ച് അനുയോജ്യമായ അവലംബങ്ങള്‍ ആസ്പദമാക്കി വസ്തുനിഷ്ഠവും പ്രായോഗികവുമായി പഠിക്കാനും തലമുറപ്രസക്തമായി വിലയിരുത്താനുമുള്ള അഭിനിവേശം.
- രചനയിലെ ന്യൂനതകള്‍ ദൃഷ്ടാന്തസഹിതം സൂചിപ്പിക്കുന്നന്നതിനോടൊപ്പം അതിലെ പ്രശംസാര്‍ഹമായ വസ്തുതകളും കൂടി എടുത്തു പറഞ്ഞ് രചയിതാക്കളെ പ്രോത്സാഹിപ്പിക്കാനുള്ള ഹൃദയവിശാലത.
- വിമര്‍ശനങ്ങള്‍ക്ക് പ്രതികരണമായി എഴുത്തുകാരനും മറ്റു വായനക്കാരും നിരത്തുന്ന കാര്യകാരണങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കാനും തങ്ങളുടെ വിമര്‍ശനങ്ങളില്‍ പിഴവു പറ്റിയിട്ടുണ്ടെങ്കില്‍ അതു തുറന്നു സമ്മതിക്കാനുമുള്ള സന്നദ്ധത.
കാരണം, എഴുത്തും വായനയും തളര്‍ത്തുക എന്നല്ല മറിച്ച് വളര്‍ത്തുക എന്നതാണ് യഥാര്‍ത്ഥ വിമര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത് എന്നതു തന്നെ.
വായനാവിലാസം:
സാധാരണക്കാരായ വായനക്കാര്‍ എഴുതുന്നത് ആസ്വാദനക്കുറിപ്പുകള്‍ ആണ്. അവര്‍ പറയുന്നത് വായനയില്‍ നിന്നും അവര്‍ക്കു മനസ്സിലായ അല്ലെങ്കില്‍ അവരെ ആസ്വദിപ്പിച്ച കാര്യങ്ങളായിരിക്കും. അജ്ഞതയുടെ മുനമ്പിലിരുന്നു കൊണ്ട് എഴുത്തുകാരുടെ കൂമ്പ് വാട്ടിക്കളയുന്നത് പോലെ ‘രചന വളരെ മോശം’, ‘നിലവാരമില്ലാത്തത്’ എന്നൊക്കെ കണ്ണുമടച്ചുള്ള പ്രസ്ഥാവനകള്‍ അവരില്‍ നിന്നും ഉണ്ടായാലും അതു എഴുത്തുകാര്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ല. തുടക്കക്കാരായ എഴുത്തുകാരും വായനക്കാരുമായി വലിയ വ്യത്യാസം ഉണ്ടായിരിക്കില്ല എന്നതിനാല്‍ അത്തരം അഭിപ്രായങ്ങള്‍ തുടക്കക്കാരെ വിഷണ്ണരാക്കുകയോ ചൊടിപ്പിക്കുകയോ ചെയ്യാം എന്നതിനാല്‍ ഇത്തരം കഠോരമായ അഭിപ്രായ പ്രകടനങ്ങളില്‍ നിന്നും വായനക്കാര്‍ ഒഴിഞ്ഞു നില്‍ക്കുന്നത് നന്ന്.
മനോഗതത്തിനു രുചിക്കാത്ത അല്ലെങ്കില്‍ ആസ്വാദ്യകരമല്ലാത്ത രചനകളില്‍ അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ ആ രചന തങ്ങള്‍ക്കു ഇഷ്ടമാകാതിരുന്നതിനു ഉപോല്‍ബലകമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാം അല്ലെങ്കില്‍ ഗ്രാഹ്യമാകാത്ത കാര്യങ്ങളെക്കുറിച്ച് സംശയനിവാരണം നടത്താം. പ്രസ്താവ്യമായ പ്രമേയത്തെക്കുറിച്ചു കൂടുതല്‍ അറിയാനായി രചയിതാക്കളോട് ചോദ്യങ്ങള്‍ ആവാം.. ജ്ഞാനസമ്പാദനോന്മുഖമായി രചനയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ അര്‍ത്ഥവിന്യാസങ്ങള്‍ തേടുകയും അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യാം.. ഇത്തരം ക്രിയാത്മകമായ പ്രവൃത്തികള്‍ ചെയ്യാന്‍ സാധാരണ വായനക്കാരെ അവരുടെ സഹൃദയ മനസ്സ് ഉത്ബോധിപ്പിക്കുന്നുണ്ട് എങ്കില്‍ ഉറപ്പിക്കാം.. ആ മനസ്സില്‍ നിരൂപണത്തിന്റെ വിത്തുകള്‍ പൊട്ടി മുളച്ചു തുടങ്ങിയെന്ന്. അല്ലാതെ ചുമ്മാ നന്നായിട്ടുണ്ട്, കൊള്ളാം എന്നിങ്ങനെയുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതു കൊണ്ട് വായനക്കാര്‍ക്കോ എഴുത്തുകാര്‍ക്കോ യാതൊരു പ്രയോജനവുമില്ല.
വിമര്‍ശനം പ്രതികാരമനോഭാവത്തോടെ നടത്തുന്ന ചിലരെയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കാണാം. വിദ്വേഷം കൊണ്ടോ അസൂയ കൊണ്ടോ തങ്ങള്‍ ലക്‌ഷ്യം വയ്ക്കുന്ന രചയിതാക്കളുടെ രചനകളെ ഏതു വിധേനയും പിന്തുടര്‍ന്നു കൊണ്ട് ഉറക്കമൊഴിച്ചിരുന്നും നിഘണ്ടുക്കള്‍ തുറന്നു വച്ചും വരികള്‍ ഒന്നൊന്നായി കീറിമുറിച്ച് അവരുടെ പ്രസക്തമല്ലാത്ത പാളിച്ചകള്‍ വരെ പര്‍വ്വതീകരിച്ച് കാട്ടി മറ്റുള്ള വായനക്കാരില്‍ തെറ്റിദ്ധാരണകള്‍ ജനിപ്പിച്ച് വ്യക്തിഹത്യ ചെയ്യാന്‍ വേണ്ടി മാത്രം തുനിഞ്ഞിറങ്ങുന്ന സാഹിത്യകാപാലികര്‍ എന്നേ ഇത്തരക്കാരെ വിളിക്കാനാവൂ.
അതുപോലെ ചില അനുവാചകര്‍ പിന്തുടരുന്ന രീതിയാണ് മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ ചുവടു പിടിച്ച് തങ്ങളുടെയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക എന്നത്. ഇവര്‍ ആദ്യം വായിക്കുന്നത് രചനയില്‍ വന്ന അഭിപ്രായങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചു ഒരു രചനയെക്കുറിച്ച് നല്ലൊരു എഴുത്തുകാരനോ വിമര്‍ശകനോ നടത്തിയ അഭിപ്രായപ്രകടനങ്ങളെ കവച്ചു വയ്ക്കുന്ന അല്ലെങ്കില്‍ അതിനോടു കടകവിരുദ്ധമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള വിമുഖത / അപകര്‍ഷത ഇത്തരം വായനക്കാരെ അവാസ്തവമായ അഭിപ്രായപ്രകടനങ്ങളിലേക്ക് നയിക്കുന്നു. അതും എഴുത്തിനെ നിരുല്‍സാഹപ്പെടുത്തുന്ന വലിയൊരു ഘടകമാണ്. ഇവരെ ‘പിമ്പേ ഗമിക്കും ഗോക്കള്‍’ എന്നു വിശേഷിപ്പിക്കാം.
തങ്ങളുടെ വിസ്ഫോടനാത്മകമായ കണ്ടെത്തലുകള്‍ നിര്‍ഭയം പ്രതിഫലിപ്പിക്കുകയാണ് യഥാര്‍ത്ഥ നിരൂപകര്‍ ചെയ്യേണ്ടത്.
എഴുത്ത് കൊണ്ടും നിരൂപണം കൊണ്ടും പ്രശസ്തിയും വളര്‍ച്ചയും ആഗ്രഹിക്കാത്തവര്‍ ആരാണുണ്ടാവുക? അങ്ങനെയെങ്കില്‍ കൂപമണ്ഡൂകബുദ്ധി വെടിഞ്ഞുകൊണ്ട് മേല്‍പ്പറഞ്ഞ വിമര്‍ശക ലക്ഷണങ്ങളെക്കുറിച്ച് അവബോധമുള്ളവരായി വേണം അതാതു കര്‍മ്മമണ്ഡലങ്ങളില്‍ നിരതരാവേണ്ടത്. ‘അല്‍പ്പജ്ഞാനം ആപത്ത്’ എന്ന പഴംചൊല്ല് ഇവിടെ വളരെയധികം പ്രസക്തമാണ് എന്നോര്‍ക്കുക.
വിലയിരുത്തുകളോടും വിമര്‍ശനങ്ങളോടുമുള്ള കാഴ്ചപ്പാട്:
സാഹിത്യപരമായ ചര്‍ച്ചകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഉണ്ടാകുമ്പോള്‍ തങ്ങള്‍ക്കു സാഹിത്യലോകത്തേക്ക് പിച്ച വച്ചു തുടങ്ങാനുള്ള ആത്മവിശ്വാസം ലഭിക്കുന്ന അപൂര്‍വ്വ അവസരം എന്ന ചിന്താഗതിയാണ് തുടക്കക്കാരും പരിചയസമ്പന്നരുമല്ലാത്ത ആസ്വാദകര്‍ക്കും എഴുത്തുകാര്‍ക്കും ഉണ്ടാവേണ്ടത്. ഇത്തരം ചര്‍ച്ചകള്‍ എഴുത്തിനേയും വായനയേയും വളരെയധികം ഗൌരവതരമായി നോക്കിക്കാണുന്നവര്‍ക്കും അതിനെ വളര്‍ത്താനുള്ള ത്വരയുള്ളവര്‍ക്കും മാത്രമേ തല്‍പരമായി തോന്നുകയുള്ളൂ. അല്ലാത്തവര്‍ക്ക് എഴുത്തും വിമര്‍ശനങ്ങളുമെല്ലാം വെറും സമയംകൊല്ലികള്‍ ആണല്ലോ. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഉള്ള പരിചിതരും സാധാരണക്കാറുമായ അംഗങ്ങള്‍ക്കിടയില്‍ നടക്കുന്ന ചര്‍ച്ചയയതിനാല്‍ അപകര്‍ഷതാബോധമില്ലാതെ മനസ്സിലുള്ള കാര്യങ്ങള്‍ തുറന്നു ചോദിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള വേദികള്‍ ആണിത് എന്നു വിസ്മരിക്കുന്നത് അബദ്ധമാണ്.
മനസ്സില്‍ നടക്കുന്ന ‘രചനകള്‍ വിലയിരുത്തുമ്പോള്‍’ എന്ന ചര്‍ച്ചയില്‍ ലേഖകന്‍ നടത്തിയ ഒരു പ്രസ്ഥാവന ഇവിടെയും ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നു. എഴുത്തിനേയും വായനയേയും ഗൌരവതരമായി കാണാത്തവര്‍ ‘പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യം’ എന്നു പറയുന്നത് പോലെ ഇത് അവഗണിച്ച് അവര്‍ അവര്‍ക്കനുയോജ്യമായ മേച്ചില്‍സ്ഥലങ്ങളില്‍ വിരാജിച്ചുകൊണ്ടു സൌഹൃദവും സാഹോദര്യവും വളര്‍ത്തുക. എഴുത്തിനേയും വായനയേയും കുറിച്ചുള്ള ഗൌരവതരമായ ചര്‍ച്ചകള്‍ പ്രത്യക്ഷത്തില്‍ ദഹിക്കുന്നില്ലെങ്കില്‍ അതില്‍ സജീവമായി പങ്കെടുക്കാതിരിക്കുക. അഥവാ പങ്കെടുക്കുന്നുണ്ടെങ്കില്‍ അംഗോപാംഗവിക്ഷേപങ്ങള്‍ കൂടാതെ ഒരു വിദ്യാര്‍ത്ഥിയെ പോലെ അടങ്ങിയിരുന്നു ചര്‍ച്ചയില്‍ നിന്നും ലഭിക്കുന്ന അറിവുകള്‍ പരമാവധി സ്വായത്തമാക്കാന്‍ ശ്രമിക്കുക. തങ്ങള്‍ക്കിഷ്ടമില്ലാത്ത സംഗതികളൊക്കെ സൌഹൃദവും സാഹോദര്യവും നശിപ്പിക്കാനുള്ളതാണ് എന്ന മിഥ്യാധാരണ മനസ്സില്‍ നിന്നും തുടച്ചു മാറ്റുക. സാഹിത്യ ചര്‍ച്ചകളില്‍ കൂടിയും സൌഹൃദമാകാം. ഇത്തരം ചര്‍ച്ചകളില്‍ ഒട്ടും താല്‍പ്പര്യമില്ലാത്തവര്‍ കൂട്ടായ്മയില്‍ ഉള്ള മറ്റു സൌഹൃദസാഹോദര്യപുരോഗമനോന്മുഖമായ വിഭിന്ന ഉപാധികളെയും ചര്‍ച്ചകളെയും താമസംവിനാ ആശ്രയിക്കുകയും പിന്തുടരുകയും ചെയ്യുക.
ഇത്തരം സൌഹൃദസാഹോദര്യങ്ങളുടെ മാത്രം മിശിഹാക്കള്‍ നേരമ്പോക്കിനായി പോസ്റ്റ് ചെയ്യുന്ന രചനകളില്‍ അവരെ നോവിക്കുന്ന രീതിയിലുള്ള അഭിപ്രായങ്ങള്‍ വരുമ്പോള്‍ ഒന്നുകില്‍ അവര്‍ തന്നെ അവ നീക്കം ചെയ്യുകയോ അല്ലെങ്കില്‍ അഭിപ്രായപ്പെട്ടവരോട് സൌഹാര്‍ദ്ദപരമായി സംവദിച്ച് ഭാവിയില്‍ മനക്ഷതമുണ്ടാക്കുന്ന അത്തരം അഭിപ്രായപ്രകടനങ്ങളില്‍ നിന്നും അവര്‍ പിന്‍വലിയണമെന്നു അപേക്ഷിക്കുകയോ ചെയ്യുക. സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ എന്നാല്‍ അനുദിനം സൌഹൃദങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള ഉപാധികള്‍ എന്നതുപോലെ അംഗങ്ങളുടെ സര്‍ഗ്ഗവാസനകളെ ഗൃഹാതുരത്വം വഴിയുന്ന ഇത്തരം സഹൃദയവേദികളില്‍ നിര്‍ഭയം സമര്‍പ്പിച്ചും നിരന്തരം മാറ്റുരച്ചും വളര്‍ത്തിയെടുക്കാനുള്ള മാധ്യമങ്ങളുമത്രേ..
ഉപസംഹാരം:
അപ്പോള്‍ വിമര്‍ശനങ്ങളുടെ സ്വഭാവമനുസരിച്ച് വിമര്‍ശകരെയും താഴെക്കൊടുത്തിരിക്കുന്നത് പോലെ തരംതിരിക്കാം
1. യഥാര്‍ത്ഥ വിമര്‍ശകര്‍
2. സുഖിപ്പിക്കലുകാര്‍
3. അല്‍പ്പജ്ഞാനികള്‍ അല്ലെങ്കില്‍ കൂപമണ്ഡൂകങ്ങള്‍
4. പ്രതികാരബുദ്ധികള്‍ അല്ലെങ്കില്‍ സാഹിത്യകാപാലികര്‍
5. ‘പിമ്പേ ഗമിക്കും ഗോക്കള്‍’
6. കാടടച്ചു വെടി വയ്ക്കുന്നവര്‍
7. ഓട്ടപ്രദക്ഷിണക്കാര്‍ / പിഞ്ചുഹൃദയര്‍ അഥവാ പാവം വായനക്കാര്‍
8. കൊടുത്തുവാങ്ങലുകാര്‍
ഇവരില്‍ ഏതു വിഭാഗത്തിലാണ് നമ്മള്‍ ഉള്‍പ്പെടുന്നത് എന്ന് ഒരു നിമിഷമിരുന്നു ആത്മശോധന നടത്തുന്നത് രചനകളെ കൂടുതല്‍ കാര്യക്ഷമമായി സമീപിക്കാനും വിലയിരുത്താനുമുള്ള ഉള്‍വിളി ജനിപ്പിക്കാന്‍ ചിലപ്പോള്‍ സഹായകമായേക്കും.
- ജോയ് ഗുരുവായൂര്‍.
No comments:
Post a Comment