പിണക്കങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ ഒരലങ്കാരംപോലെയായിരുന്നെങ്കിലും ഒരു മാത്രപോലും പരസ്പരം വെറുക്കാന്‍ സാധിച്ചിരുന്നില്ല. അവനോടോപ്പമുള്ള അനുഭൂതിദായകമായ നിമിഷങ്ങള്‍ ഒരു ജീവശ്വാസമായി തന്നിലെപ്പോഴും നിറഞ്ഞുനിന്നു.
ചെറിയ പിണക്കങ്ങള്‍ക്കൊടുക്കം കടന്നുവന്ന ആ വലിയ പിണക്കം ഒരുപക്ഷേ, താന്‍ മനസ്സുവെച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നുവെങ്കിലും അതിന്, അനിവാര്യതയുടെ പരിവേഷമായിരുന്നല്ലോ.
ശോഭയുള്ളൊരു വാല്നക്ഷത്രംപോലെ, തികച്ചും അപ്രതീക്ഷിതമായി അവന്‍ ജീവിതത്തിലേക്ക് കടന്നുവന്നപ്പോള്‍, ഇരുണ്ടുകിടന്നിരുന്ന തന്‍റെ മോഹമണ്ഡലങ്ങളെല്ലാം പ്രകാശപൂരിതമാകുകയായിരുന്നു. അതേവരെയനുഭവിച്ച ദുരിതപര്‍വ്വങ്ങളില്‍നിന്നൊരു മുക്തി നേടിത്തരാനെന്നപോലെ ഒരു വരവ്....
മനസ്സില്‍ ഒരിക്കല്‍ താന്‍ താല്പര്യപൂര്‍വ്വം നട്ടുവളര്‍ത്തിയ പൂച്ചെടികള്‍ വാടിക്കരിഞ്ഞുപോകുന്നതിനുമുന്‍പേ അവയെ പരിപാലിക്കാനെത്തിയ, വാത്സല്യവും ആത്മാര്‍ത്ഥതയുള്ള ഉദ്യാനപാലകനായിരുന്നു തനിക്കെന്നും അവന്‍.
ഉറ്റവരുടേയും ഉടയവരുടേയും ഇടയില്‍ തികച്ചും പാര്‍ശ്വവത്കരിക്കപ്പെട്ട്, സ്വയംവെറുക്കപ്പെട്ടൊരു ജീവന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സന്തോഷകരമായ നിരവധി സുവിശേഷങ്ങളായിരുന്നു തന്‍റെ ജീവിതത്തില്‍ അവന്‍ എഴുതിച്ചേര്‍ത്തത്.
ഹതഭാഗ്യങ്ങള്‍ നരകള്‍ തെളിയിക്കാന്‍ശ്രമിച്ചുകൊണ്ടിരുന്ന തന്‍റെ ജീവിതക്യാന്‍വാസിലെ വര്‍ണ്ണങ്ങള്‍ക്ക് പൊടുന്നനേ ഉദയസൂര്യന്‍റെ തിളക്കം കൈവരുന്നതുകണ്ട് താന്‍പോലും വിസ്മയഭരിതയായി.
അല്പസ്വല്പമുണ്ടായിരുന്ന പുകവലിയും മദ്യപാനവുമൊക്കെ കാലഘട്ടത്തിന്‍റെ അനിവാര്യതകളായി നിസ്സാരവത്കരിച്ചുതള്ളിക്കോളാന്‍ മനസ്സുപറഞ്ഞു. ആ സ്വഭാവങ്ങളൊരിക്കലുമവനെ നിയന്ത്രിച്ചിരുന്നതായിട്ട് തോന്നിയിരുന്നുമില്ല. അതിനാല്‍ കാണാത്തഭാവം നടിച്ചു.
എത്രയോ ഋതുക്കള്‍ ഞങ്ങള്‍ക്കിടയിലൂടെ കടന്നുപോയി.. പിരിഞ്ഞിരിക്കുന്ന നിമിഷങ്ങള്‍ക്ക് ദൈര്‍ഘ്യമേറെയായതിനാല്‍, ഏതെങ്കിലും സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ഇടമുറിയാത്തബന്ധംപുലര്‍ത്തുന്നവരുടെ പ്രമുഖവക്താക്കളായിരുന്നു ഞങ്ങള്‍.
മുന്‍കോപത്തില്‍, താനുമൊട്ടും പുറകിലല്ലായിരുന്നുവെങ്കിലും, ക്ഷിപ്രകോപിയായ അവനെ ഉള്‍ക്കൊണ്ടുപെരുമാറാന്‍ താന്‍പഠിച്ചു. ഇടയ്ക്കിടെ കൊച്ചുകുട്ടികളെപ്പോലെയായിരിക്കും സ്വഭാവം. ചിലപ്പോള്‍ തത്വചിന്തകനും. അവിചാരിതമായ പിണക്കങ്ങള്‍ക്കു ചിലപ്പോള്‍ ആഴ്ചകളുടെ ആയുസ്സുമുണ്ടാവാറുണ്ട്. ഇരുവരും സ്വയംപഴിച്ചുകൊണ്ട് കഴിച്ചുകൂട്ടുന്ന രാപകലുകള്‍.
വിദൂരങ്ങളിലായിരുന്നിട്ടും, മൂന്നാമതൊരാള്‍പോലുമറിയാത്ത ആ ബന്ധത്തിന് മറ്റാര്‍ക്കും സങ്കല്പ്പിക്കാന്‍ പറ്റാത്ത മാനങ്ങളുണ്ടായിരുന്നു. സമാനതകളില്ലാത്ത ഉന്നതിയും, ആഴവും പരപ്പുമുള്ള ഒരു ത്രിമാനപ്രണയം!.. അര്‍ദ്ധനാരീശ്വര സങ്കല്പ്പത്തിന്‍റെ പുനരാവിഷ്ക്കരണം!!...
ഇച്ചിരിവലിയൊരാ പിണക്കത്തിനൊടുവില്‍ തിരിച്ചുവന്ന അവനില്‍ക്കണ്ട, അതേവരെയില്ലാത്ത ഭാവങ്ങള്‍, തന്നെ വിസ്മയിപ്പിച്ചു. മദ്യവും പുകവലിയുമില്ലാതെ നിമിഷങ്ങള്‍പ്പോലും തള്ളിനീക്കാനവനാവുമായിരുന്നില്ല. മുന്‍പ്, “നീയല്ലേ എന്‍റെ ലഹരി”യെന്നു അവനെന്നോടു പറയുമ്പോളൊക്കെ പുളകിതയാവുമായിരുന്ന ഞാന്‍, അവനെപ്രതി അനുദിനം നീറാന്‍തുടങ്ങി.
പ്രതികരിക്കാതെയിരിക്കാന്‍തോന്നിയില്ല. വ്യക്തിസ്വാതന്ത്ര്യങ്ങളില്‍ കൈക്കടത്തുന്നത് അവനൊട്ടുമിഷ്ടമില്ലായെന്നറിഞ്ഞുതന്നേ..
ആദ്യമെല്ലാം തന്‍റെ അപേക്ഷകളോട് അനുഭാവം പ്രകടിപ്പിച്ചിരുന്നത് ആശ്വാസംപകര്‍ന്നിരുന്നു. പക്ഷേ, അവയ്ക്കെല്ലാം ദിവസങ്ങളുടെ ആയുസ്സ് മാത്രം.
മദ്യപിച്ചുകഴിഞ്ഞാല്‍ അവനില്‍നിന്നു വഴിഞ്ഞൊഴുകുന്ന സ്നേഹത്തിന്‍റെ അലകളില്‍ ചാഞ്ചാടുന്ന ഒരു ആമ്പല്‍പ്പൂവാവാനെ, ചിലനേരങ്ങളില്‍ തനിക്കും കഴിയാറുള്ളൂ.
ആഗോളസാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തികപരാധീനതകളെ നേരിടാന്‍, കമ്പനികള്‍, നിലവിലുള്ള സ്രോതസ്സുകളെ പരമാവധി മുതലെടുക്കാന്‍തുടങ്ങിയപ്പോള്‍ ജോലിസ്ഥലങ്ങളില്‍ ഇരുവര്‍ക്കും താങ്ങാനാവാത്ത ജോലിഭാരമായി. പകല്‍സമയങ്ങളിലുള്ള ആശയവിനിമയം പൂര്‍ണ്ണമായും നിലച്ചുപോയി. തിളച്ചുമറിയുന്ന വിരഹക്കടല്‍ കടഞ്ഞപ്പോള്‍ അടിത്തട്ടില്‍നിന്നു പൊന്തിവന്നതോ സംശയമെന്ന കാളകൂടവും.
ജോലികള്‍നല്കുന്ന സമ്മര്‍ദ്ദത്താലാവാം അവന്‍റെ പെരുമാറ്റങ്ങളില്‍ പരുക്കന്‍ഭാവങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത് തന്‍റെ സംശയങ്ങളെ ബലപ്പെടുത്തിക്കൊണ്ടിരുന്നു. അടിക്കടി വഴക്കുകളുണ്ടാവാനുള്ള കാരണങ്ങളും ഏറിവന്നു.
മനസ്സിനെ ചൂഴ്ന്നുനിന്നിരുന്ന സുരക്ഷിതബോധത്തില്‍ അരക്ഷിതത്വം വിള്ളലുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. ദിവസവും മദ്യപിച്ചുലക്കുകെടുന്നയൊരുവന്റെകൂടെ ജീവിക്കുക അസാദ്ധ്യംതന്നേയെന്നുള്ള ചിന്തകള്‍ മനസ്സില്‍ ഓളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. മാത്രമല്ലാ, ഭ്രാന്തുപിടിച്ചപോലുള്ള അവന്‍റെ ചിലനേരങ്ങളിലെ പെരുമാറ്റവുംകൂടിയായപ്പോള്‍ ആകെ പതറിപ്പോയി.
പിരിയുകയെന്നത് അസാദ്ധ്യമായിതോന്നിയിരുന്നുവെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ അത് സംഭവിക്കുകയായിരുന്നു. മനസ്സുവിങ്ങി, കഴിഞ്ഞുകൂടിയ ഒന്നര വര്‍ഷം. അതിനിടയില്‍ ഒന്നുരണ്ടു തവണ ഫോണില്‍ ബന്ധപ്പെടാന്‍ അവന്‍ ശ്രമിച്ചിരുന്നു. മറുതലയ്ക്കല്‍ നാവുകുഴഞ്ഞുള്ള അഭിസംബോധന കേള്‍ക്കുന്നപാടേ ഫോണ്‍ വെയ്ക്കും. സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ ചാറ്റ് വഴി അവനയച്ച സന്ദേശങ്ങള്‍ക്കൊന്നും മറുപടികൊടുക്കാന്‍ മനസ്സാക്ഷി സമ്മതിച്ചില്ല. സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ മുടങ്ങാതെ താന്‍ കയറിനോക്കുമായിരുന്നു. അവന്‍ ഓണ്‍ലൈനില്‍ നില്‍ക്കുന്നത് കാണാന്‍വേണ്ടി മാത്രം. അവന്‍റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു ദിവസംപോലുമില്ല. അവസാനമായി ചാറ്റിലൂടെ അവന്‍ ചോദിച്ചതോര്‍ക്കുന്നു.
"കണ്ണാ.. നിനക്കെന്നെ വേണ്ടാലേ?... " ചങ്കുതകര്‍ന്നുപോയി...
അവന്‍ നല്ലവനായിരുന്നു. തന്നെപ്പോലെ അവനെ മനസ്സിലാക്കിയ ഒരാളും ഈ ഭൂമുഖത്തുണ്ടാവില്ല. തിരിച്ചും.. സ്നേഹിക്കാന്‍മാത്രമറിയുന്നവന്‍.. താനെന്നുവെച്ചാല്‍ സ്വജീവനേക്കാള്‍ക്കൂടുതല്‍ പ്രാധാന്യം കല്പ്പിക്കുന്നവന്‍... എന്നിട്ടും....
തന്‍റെ പ്രിയപ്പെട്ട ആത്മാവിനെ പേറിയിരുന്ന ഭൗതികശരീരം പൂര്‍ണ്ണമായും നക്കിത്തുടച്ച സംതൃപ്തിയോടെ, ചിതയില്‍ കനലുകള്‍ തിളങ്ങുന്നു.. ആളുകളെല്ലാം ഏകദേശം പിരിഞ്ഞുപോകാന്‍തുടങ്ങുന്നു. വീടിനകത്തുനിന്ന്, ഒരേയൊരു മകന്‍ അകാലത്തില്‍ നഷ്ടപ്പെട്ടൊരു അമ്മയുടെ ഏങ്ങലടികള്‍...
ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിത്തുടങ്ങി.
ആളുകളില്‍നിന്നുള്ള അനാവശ്യമായ ചോദ്യശരങ്ങള്‍ കേള്‍ക്കാനുള്ള ത്രാണിയില്ലാ.. പോകാം...
സായംസന്ധ്യയുടെ കണ്‍പീലിക്കറുപ്പിലൂടെ അവളുടെ പാദങ്ങള്‍ ചരിച്ചുകൊണ്ടിരുന്നത് മനസ്സറിയാതെയായിരുന്നു. ഹൃദയം നഷ്ടമായവളെപ്പോലെ..
"കണ്ണാ.. നിനക്കെന്നെ വേണ്ടാലേ?... "
ഒരിടിവെട്ടുപോലെ ആ ചോദ്യം അവളുടെ കാതുകളില്‍ മുഴങ്ങി..
സപ്തനാഡികളുംതളര്‍ന്ന് അവള്‍ ആ ഇടവഴിയില്‍ ഇരുന്നുപോയി.. കണ്ണുകളില്‍ നിന്നുവമിച്ച താപമകറ്റാനെന്നപോലെ മഴ ആര്‍ത്തലച്ചുപെയ്തു.
അതും അവന്‍റെ സ്വഭാവമായിരുന്നു....
- ജോയ് ഗുരുവായൂര്‍
No comments:
Post a Comment