Friday, September 29, 2017

നാഴികക്കല്ലുകളുടെ ഓര്‍മ്മപ്പെടുത്തലുകള്‍

അമ്മിഞ്ഞപ്പാല് നുകര്‍ന്നുകിടന്നതും,
മൂത്രമൊഴിച്ച്, നനഞ്ഞുവിറച്ചതും,
മുട്ടിലിഴഞ്ഞങ്ങു മൂക്കുമുറിഞ്ഞതും,
ഇരുകാലില്‍നിന്നങ്ങ് പൊട്ടിച്ചിരിച്ചതും,
ഓടിനടക്കവേ തട്ടിമറിഞ്ഞതും,
അച്ഛനുമമ്മയും വാരിയെടുത്തതും,
ശൈശവകാലത്തിന്‍ നാഴികക്കല്ലുകള്‍.
അരിമണിക്കിണ്ണത്തില്‍ ഹരിശ്രീകുറിച്ചതും,
കൊച്ചുകുസൃതിക്കായ് തല്ലുകള്‍കൊണ്ടതും,
തോട്ടിലെ വെള്ളത്തില്‍ പരലുപിടിച്ചതും
ചേറില്‍കളിച്ചങ്ങു ചൊറികള്‍പിടിച്ചതും
ചെറുമാങ്ങാപ്പൂളുകള്‍ ഉപ്പിട്ടുതിന്നതും,
മുത്തശ്ശിചൊല്ലും പഴങ്കഥ കേട്ടതും
ബാല്യകാലത്തിലെ നാഴികക്കല്ലുകള്‍..
പാടത്തു പട്ടംപറത്തിക്കളിച്ചതും
വൃക്ഷത്തലപ്പില്‍ വലിഞ്ഞങ്ങുകേറീതും
മാവില്‍ കല്ലെറിഞ്ഞോടുപൊട്ടിച്ചതും
മുത്തച്ഛന്‍തന്നുടെ ചീത്തകള്‍കേട്ടതും
ആമ്പല്‍ക്കുളങ്ങളില്‍ മുങ്ങിത്തുടിച്ചതും
കൂട്ടുകാരൊത്ത് കുസൃതികാണിച്ചതും,
പൂരപ്പറമ്പുകള്‍തോറും നടന്നതും,
പൊടിമീശകണ്ടങ്ങ് പുളകിതനായതും
മുഖക്കുരുക്കളില്‍ പ്രേമംപൊടിഞ്ഞതും
കൗമാരം താണ്ടിയ നാഴികക്കല്ലുകള്‍...
ബിരുദങ്ങളൊക്കെയും നേടിയെടുത്തതും
നാടിനുംവീടിനുമഭിമാനമായതും
പ്രാരാബ്ധമൊക്കെയറിഞ്ഞു തുടങ്ങീതും
തൊഴിലിനായൊടുവില്‍ പ്രവാസിയായതും
അച്ഛനുമമ്മയ്ക്കുമാശ്വാസമായതും
മംഗല്യസൂത്രത്താല്‍ സഖിയെ വരിച്ചതും
കുഞ്ഞുസൂനങ്ങളെ മാറോടണച്ചതും
അദ്ധ്വാനപാതകള്‍ താണ്ടിനടന്നതും
യൗവ്വനകാലത്തിന്‍ നാഴികക്കല്ലുകള്‍...
നാഴികക്കല്ലുകള്‍ തേടുന്ന യാത്രകള്‍
എകാന്തമായി തുടര്‍ന്നുകൊണ്ടീടുന്നു.
ഭാരംവലിക്കുന്നൊരൊറ്റക്കുതിരയായ്
നുരയുംപതയും വീഴ്ത്തിക്കൊണ്ടനുദിനം..
വെള്ളിനിരകളെ താലോലിച്ചിന്നു ഞാന്‍
വാര്‍ദ്ധക്യകാലത്തെ കാത്തങ്ങിരിക്കവേ,
ഇന്നോളംതാണ്ടിയ നാഴികക്കല്ലുകള്‍
ഉയിരോടെയിന്നുമെന്‍ മനസ്സില്‍ത്തെളിയുന്നു.
ജോയ് ഗുരുവായൂര്‍
15/08/2017

No comments:

Post a Comment