ഖത്തറില്‍ പ്രസിദ്ധീകരിക്കുന്ന വര്‍ത്തമാനം ദിനപത്രത്തില്‍വന്ന എന്‍റെ ലേഖനം
------------------------------------------------------------------
പഴികേള്‍ക്കാന്‍ പാവം ന്യൂജി (NewG)
====================================
‘ന്യൂജി’യെന്ന് ചുരുക്കപ്പേരിട്ടുവിശേഷിപ്പിക്കുന്ന പുതിയതലമുറയുടെ ചെയ്തികളെ എപ്പോഴും പഴിക്കുകയെന്നത് പഴയതലമുറയുടെ ശീലമായിമാറിയിരിക്കുന്നു. തലനിരച്ച ഈ പഴയതലമുറയേയും ന്യൂജിയെന്നു വിശേഷിപ്പിക്കുന്ന പുതിയതലമുറയേയും ബന്ധിപ്പിക്കുന്നകണ്ണിയായി വര്‍ത്തിക്കുന്നത് ഇരുപതാംനൂറ്റാണ്ടിലെ 1960-1985 കാലഘട്ടത്തില്‍ ആവിര്‍ഭവിച്ച തലമുറയാണ് . ഏകദേശം ഇക്കാലത്താണ് ഭാരതത്തില്‍ വാര്‍ത്താവിനിമയ, സാങ്കേതികരംഗങ്ങളുടെ പുരോഗമനങ്ങള്‍ക്ക് നാന്ദികുറിച്ചുതുടങ്ങിയത് എന്നുപറയാം. പഴയതലമുറയെ അപേക്ഷിച്ച്, പുതിയതലമുറയ്ക്കു വന്നുചേര്‍ന്നിട്ടുള്ള മാറ്റങ്ങളെ മനസ്സിലാക്കാനും വേണ്ടവിധത്തിലവ ഉള്‍ക്കൊള്ളാനും സ്വാഭാവികമായും ഈ മദ്ധ്യവര്‍ത്തിതലമുറയിലെ ആളുകള്‍ക്കാണ് സാധിക്കുക.
------------------------------------------------------------------
പഴികേള്‍ക്കാന്‍ പാവം ന്യൂജി (NewG)
====================================
‘ന്യൂജി’യെന്ന് ചുരുക്കപ്പേരിട്ടുവിശേഷിപ്പിക്കുന്ന പുതിയതലമുറയുടെ ചെയ്തികളെ എപ്പോഴും പഴിക്കുകയെന്നത് പഴയതലമുറയുടെ ശീലമായിമാറിയിരിക്കുന്നു. തലനിരച്ച ഈ പഴയതലമുറയേയും ന്യൂജിയെന്നു വിശേഷിപ്പിക്കുന്ന പുതിയതലമുറയേയും ബന്ധിപ്പിക്കുന്നകണ്ണിയായി വര്‍ത്തിക്കുന്നത് ഇരുപതാംനൂറ്റാണ്ടിലെ 1960-1985 കാലഘട്ടത്തില്‍ ആവിര്‍ഭവിച്ച തലമുറയാണ് . ഏകദേശം ഇക്കാലത്താണ് ഭാരതത്തില്‍ വാര്‍ത്താവിനിമയ, സാങ്കേതികരംഗങ്ങളുടെ പുരോഗമനങ്ങള്‍ക്ക് നാന്ദികുറിച്ചുതുടങ്ങിയത് എന്നുപറയാം. പഴയതലമുറയെ അപേക്ഷിച്ച്, പുതിയതലമുറയ്ക്കു വന്നുചേര്‍ന്നിട്ടുള്ള മാറ്റങ്ങളെ മനസ്സിലാക്കാനും വേണ്ടവിധത്തിലവ ഉള്‍ക്കൊള്ളാനും സ്വാഭാവികമായും ഈ മദ്ധ്യവര്‍ത്തിതലമുറയിലെ ആളുകള്‍ക്കാണ് സാധിക്കുക.
മദ്ധ്യവര്‍ത്തിതലമുറയിലെ തുടക്കക്കാര്‍, ടെലിഫോണ്‍ എന്ന പ്രതിഭാസത്തെപ്പോലും അത്ഭുതപരതന്ത്രരായാണ് വീക്ഷിച്ചിരുന്നത്. അനേകം മൈലുകള്‍ക്കപ്പുറമുള്ള വ്യക്തികളുമായി സംസാരിച്ച് ആശയവിനിമയംനടത്താന്‍ സാധിക്കുകയെന്നത് അവരുടെ ചിന്തകള്‍ക്കുമപ്പുറമുള്ള ഒരു സൗകര്യം തന്നെയായിരുന്നു. അതിനുമുമ്പ്, ത്വരിതഗതിയില്‍ വിവരങ്ങളറിയുവാന്‍ ‘കമ്പിത്തപാല്‍’ എന്നറിയപ്പെടുന്ന ടെലെഗ്രാം(Telegram) സംവിധാനമായിരുന്നു ശരണം. കമ്പിയല്ലാതെ, വിദൂരങ്ങളിലുള്ള വ്യക്തികള്‍ത്തമ്മില്‍ ആശയവിനിമയം നടത്താനുണ്ടായിരുന്ന ഏക ഉപാധിയായിരുന്നു അഞ്ചല്‍ആപ്പീസ്(Post Office)വഴി വിതരണംചെയ്യപ്പെട്ടിരുന്ന കത്തുകള്‍. പണ്ട്, ശിപായിമാര്‍(Postmen) ഓടിനടന്നാണ് രാവിലെമുതല്‍ വൈകുന്നേരംവരെ കത്തുകള്‍ വിതരണംചെയ്തിരുന്നത്. കത്തുകൾ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് എത്തിച്ചിരുന്നവരെ വിളിച്ചിരുന്നത് അഞ്ചൽക്കാരൻ അഥവാ അഞ്ചലോട്ടക്കാരൻ എന്നായിരുന്നു. ദൈവദൂതൻ എന്നെല്ലാം അർത്ഥമുള്ള ആഞ്ചെലസ് (Angelus) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് അഞ്ചൽ എന്ന വാക്കിന്റെ ഉത്ഭവം. മദ്ധ്യവര്‍ത്തിതലമുറയുടെ (1960-1985) കാലത്താണ് കത്തുകള്‍ വിതരണംചെയ്യാന്‍ പോസ്റ്റ്‌മാന്മാര്‍ സൈക്കിള്‍ ഉപയോഗിച്ചുതുടങ്ങുന്നത്. ഇന്നത് മോട്ടോര്‍ബൈക്കില്‍ എത്തിനില്ക്കുന്നു
കാലം പുരോഗമിക്കുന്നതിനനുസരിച്ച്, പൊതുവിതരണസംവിധാനങ്ങളിലും പുരോഗതികള്‍ വന്നുകൊണ്ടിരുന്നു. പഴയതലമുറയില്‍ തലച്ചുമടായും കാവുകള്‍ ഉപയോഗിച്ചും, മത്സ്യം, മുട്ട, പച്ചക്കറികള്‍ തുടങ്ങിയ നിത്യോപയോഗപദാര്‍ത്ഥങ്ങളുടെ വീടുവീടാന്തരമുള്ള കച്ചവടം നടത്തിയിരുന്നുവെങ്കില്‍, ഇന്നത് നടക്കുന്നത് മോട്ടോര്‍വാഹനങ്ങളിലാണ്. 1965 ലാണ് ഇന്‍ഡ്യയില്‍ ആകാശവാണിയുടെ ഭാഗമായി ടെലിവിഷന്‍ പ്രചാരത്തില്‍വരുന്നത്. പഴയതലമുറയും മദ്ധ്യവര്‍ത്തിതലമുറയും ഹര്‍ഷാരവങ്ങളോടെയായിരുന്നു വിസ്മയംവാരിവിതറിയിരുന്ന ടിവിയെ എതിരേറ്റിരുന്നത്. വീടുകളുടെ മേല്ക്കൂരകളില്‍ ഉയര്‍ന്നുനിന്നിരുന്ന ടി.വി ആന്റിനകള്‍ അക്കാലത്ത് പ്രൌഡിയുടെ ലക്ഷണവും കൗതുകകരമായ കാഴ്ചയുമായിരുന്നു. പില്ക്കാലത്ത്, ചാനലുകളുടെയും അവയിലെ സീരിയലുകളുടെയുമെല്ലാം അതിപ്രസരത്തില്‍മുഴുകി, ജനം അതിനുമുന്നില്‍നിന്നുമാറാത്ത സ്ഥിതിവിശേഷംവന്നപ്പോള്‍ പഴയതലമുറ അതിനൊരുപേരിട്ടു – വിഡ്ഢിപ്പെട്ടി. ലേഖകന്‍റെ അഭിപ്രായത്തില്‍, സാങ്കേതികപുരോഗമനങ്ങളോടുള്ള പഴയതലമുറയുടെ അപകര്‍ഷബോധത്തില്‍നിന്നുടലെടുത്ത പരിഹാസാത്മകമായ വിമര്‍ശനം ആദ്യമായി പ്രകടമായത് ‘വിഡ്ഢിപ്പെട്ടി’ എന്ന ഈ പ്രയോഗത്തിലാണ്. അന്ന്, പഴയതലമുറയുടെ പരിഹാസത്തിനിരയായിരുന്നത് മദ്ധ്യവര്‍ത്തിതലമുറയായിരുന്നു. കൃഷി, വീട്ടുജോലികള്‍, മതപരമായ ചടങ്ങുകള്‍, സാമൂഹികമായ കടമകള്‍ തുടങ്ങിയവ വേണ്ടസമയത്ത് വേണ്ടവിധത്തില്‍ചെയ്യുന്നതില്‍നിന്ന് ആ തലമുറയെ, ടി.വി എന്ന പ്രതിഭാസം പിന്തിരിപ്പിച്ചിരുന്നതാണ് അതിനുകാരണം.
പിന്നീടാണ് കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും ഉദയം. മദ്ധ്യവര്‍ത്തിതലമുറയോടൊപ്പം ഇവയെ നെഞ്ചോടുചേര്‍ക്കാന്‍, വിദ്യാഭ്യാസക്കുറവുള്ള പഴയതലമുറക്ക് തീര്‍ത്തും സാദ്ധ്യമായിരുന്നില്ല. അതിനാല്‍, അവയോടുള്ള വിരക്തി അവര്‍ പ്രകടിപ്പിക്കാനും തുടങ്ങി. അപ്പോഴും, ഈ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന മദ്ധ്യവര്‍ത്തിതലമുറയായിരുന്നു പഴയതലമുറയുടെ വിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നത്. തൊഴിലാളിപ്രസ്ഥാനങ്ങളെല്ലാം കമ്പ്യൂട്ടറിനെ ശത്രുതാമനോഭാവത്തോടെയായിരുന്നു നോക്കിക്കണ്ടിരുന്നത്. നൂറാളുടെ ജോലികള്‍ ചെയ്യാന്‍ ഒരു കമ്പ്യൂട്ടറിനുസാധിക്കുമെന്നും, ക്രമേണ കേരളത്തിലെ ജനങ്ങള്‍ക്ക് തൊഴിലില്ലാതെയാവുമെന്നുമൊക്കെയുള്ള കുപ്രചാരണങ്ങള്‍ പ്രബുദ്ധകേരളത്തില്‍ അരങ്ങേറിയിട്ടുണ്ട്. കമ്പ്യൂട്ടറുകളുടെ വരവോടെ ടൈപ്പിംഗ് / ഗുമസ്ത / കണക്കപ്പിള്ള മേഖലകളില്‍ തൊഴില്‍മാന്ദ്യം അനുഭവപ്പെട്ടേക്കാമെന്ന ആശങ്കയ്ക്ക് വിപരീതമായി, കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അനേകം തൊഴിലവസരങ്ങള്‍ ഉണ്ടാവുകയാണുണ്ടായത്.
1995-96 കാലത്തുണ്ടായ മൊബൈല്‍ഫോണിന്‍റെ വരവ്, ഭാരതത്തില്‍ അഭൂതപൂര്‍വ്വമായ മാറ്റങ്ങളാണ് വരുത്തിയത്. അതിനുമുമ്പ് ചെറിയ സന്ദേശങ്ങള്‍ കൈമാറുവാനായി പേജര്‍ (Pager) എന്നൊരു ഉപകരണവും പ്രചാരത്തില്‍ വന്നിരുന്നെങ്കിലും ജനം അതത്ര നെഞ്ചേറ്റിയില്ല. പ്രത്യക്ഷത്തില്‍ പഴയതലമുറ മൊബൈല്‍ഫോണിനോട് ഒരിക്കലും എതിരായിരുന്നില്ലാ, മറിച്ച് അതിനെ വാനോളം പുകഴ്ത്തിയുമിരുന്നു. എന്നാല്‍, സ്മാര്‍ട്ട് ഫോണുകളുടെ ആവിര്‍ഭാവത്തോടെ, മുമ്പ് കമ്പ്യൂട്ടര്‍യുഗത്തിന്‍റെ ഉദയത്തെ വിമര്‍ശിച്ചിരുന്ന പഴയതലമുറ പരിഹാസവുമായി വീണ്ടും രംഗത്തുവന്നു. പുതിയതലമുറയുടെ സംഭാവനയായ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാന്‍ ഒരു പരിധിവരെ മദ്ധ്യവര്‍ത്തിതലമുറയ്ക്ക് സാധിക്കുന്നുവെന്നിരിക്കേ, പഴയതലമുറയിലെ ചെറിയൊരു ശതമാനത്തിനുമാത്രമേ ഇന്നും സ്മാര്‍ട്ട്‌ഫോണുകള്‍ വഴങ്ങുന്നുള്ളൂ എന്നതാണ് ഇതിനുകാരണം. സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമായപ്പോള്‍ ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയവ സോഷ്യല്‍ മാദ്ധ്യമങ്ങളില്‍ ന്യൂജിയോടൊപ്പം മദ്ധ്യവര്‍ത്തിതലമുറയും അഭിരമിക്കാന്‍തുടങ്ങി. ഇത് പഴമക്കാരുമായുള്ള അകല്‍ച്ചയ്ക്ക് ആക്കംകൂട്ടി. സദാ, ഫോണിലേക്ക് തലകുമ്പിട്ടിരിക്കുന്ന പുതിയതലമുറകള്‍ക്ക് പഴയതലമുറയിലുള്ളവരോട് കുശലംപറയാനോ, അവരുമായി സ്നേഹബഹുമാനപുരസരം ഇടപഴകാനോ നേരംതികയാതായി. ഇത്തരുണത്തില്‍ പഴയതലമുറ പുതിയതലമുറകളെ പഴിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
ആ പഴികളുടെ ആന്തരാര്‍ത്ഥങ്ങളും, പഴികളുതിര്‍ക്കുന്നവരുടേയും എല്ക്കുന്നവരുടേയും ആത്മവേദനയും, മദ്ധ്യവര്‍ത്തിതലമുറയില്‍പ്പെടുന്ന ഒരു വ്യക്തിയെന്നനിലയ്ക്ക്, ലേഖകന് വ്യക്തമായി മനസ്സിലാകും. പഴയതലമുറക്കാരെപ്പോലെ മദ്ധ്യവര്‍ത്തിതലമുറക്കാരും മണ്ണിനോടും പ്രകൃതിയോടുമുള്ള അഭേദ്യമായ ചങ്ങാത്തത്തിലായിരുന്നു ജീവിതംകരുപ്പിടിപ്പിക്കുകയും ആ സ്വര്‍ഗ്ഗീയതാളത്തിനൊത്ത് ജീവിക്കുകയും ചെയ്തിരുന്നത്. നഗ്നപാദരായി നടക്കാനും സോപ്പും, ഷാമ്പൂവും, ഫേസ്ക്രീമും, പെര്‍ഫ്യൂമും ഒന്നുമുപയോഗിക്കാതെ ജീവിക്കാനും അവര്‍ക്കുകഴിഞ്ഞിരുന്നു. അയല്പ്പക്കങ്ങള്‍ത്തമ്മിലുള്ള ഇടമുറിയാത്ത ബന്ധങ്ങള്‍, കുട്ടികള്‍ക്ക് ദൈനംദിന കുടുംബസന്ധാരണപ്രവര്‍ത്തനങ്ങളിലുണ്ടായിരുന്ന ചില കൂട്ടുത്തരവാദിത്വനിര്‍വ്വഹണങ്ങളുമൊക്കെ അന്നത്തെ പ്രത്യേകതകളായിരുന്നു. കുട്ടികളുടെയൊപ്പം കളിക്കാന്‍ ഇലകള്‍, പൂക്കള്‍, കായ്കള്‍, ചുള്ളിക്കമ്പുകള്‍, ചെറുകല്ലുകള്‍, മണല്‍ തുടങ്ങിയവയുടെ രൂപത്തില്‍ പ്രകൃതിയും കൂടുമായിരുന്നു.
കൂട്ടുകുടുംബവ്യവസ്ഥിതിയില്‍നിന്ന് അണുകുടുംബവ്യവസ്ഥിതിയിലേക്കുള്ള ചുവടുമാറ്റവും ഇന്റര്‍നെറ്റ് / സ്മാര്‍ട്ട്‌ഫോണ്‍ തരംഗങ്ങളും മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ അദൃശ്യമായ മതിലുകള്‍ സൃഷ്ടിച്ചു. തൊട്ടടുത്തുതാമസിക്കുന്ന ആളുകളെവരെ തിരിച്ചറിയാത്ത അവസ്ഥ! ഒരു മൊബൈല്‍ഫോണ്‍ ഉണ്ടെങ്കില്‍ ലോകംമുഴുവന്‍ കൈപ്പിടിയിലായ അവസ്ഥ! ഇതെല്ലാം സാങ്കേതികവിദ്യകളുടെ ഔന്നത്യംതന്നെയെന്നു സമ്മതിക്കുമ്പോഴും, ഇവകളിലൂടെ നമ്മളോരുത്തരും നമ്മിലേക്കുതന്നെ അനുദിനം ഒതുങ്ങിക്കൂടിക്കൊണ്ടിരിക്കുകയാണെന്ന ഭീകരസത്യം നമ്മള്‍ മറന്നുപോകുന്നുണ്ട്. അമേരിക്കയിലുള്ള ഒരു സുഹൃത്തുമായി ശക്തമായൊരു സുഹൃദ്ബന്ധം അനായാസം സ്ഥാപിച്ചെടുക്കുന്ന നമ്മള്‍, നാട്ടിലേയോ കുടുംബത്തിലെയോ ആളുകളുമായി ബന്ധംസ്ഥാപിക്കാനും, ബന്ധങ്ങളുടെ ഊഷ്മളത നിലനിറുത്താനും മറന്നുപോകുന്നു. വലിയൊരു ന്യൂന്യതതന്നെയാണിത്. പഴയതലമുറയുടെ വക്താക്കളായ മുതിര്‍ന്നവ്യക്തികളോട് നല്ലരീതിയില്‍ ഇടപഴകാന്‍, ന്യൂജിക്ക് സാധിക്കാതിരിക്കുന്ന ഈ അവസ്ഥയില്‍, മദ്ധ്യവര്‍ത്തിതലമുറതന്നെവേണം ആ കുറവ് നികത്തുവാന്‍ മുന്നിട്ടിറങ്ങേണ്ടത്. ന്യൂജിയുടെയൊപ്പം മദ്ധ്യവര്‍ത്തിതലമുറയും പഴയതലമുറക്കാരെ ഗൗനിക്കാതിരിക്കുമ്പോള്‍, പഴയതലമുറയ്ക്ക് കെറുവ് പ്രകടിപ്പിക്കേണ്ടിവരുന്നതില്‍ അസ്വാഭാവികതയില്ല.
അപ്പോള്‍ ആധുനികയുഗത്തിന്‍റെ സന്തതികളായ ന്യൂജിയെ പഴിക്കുന്നതില്‍ എന്തെങ്കിലും ന്യായമുണ്ടോ? ഒരിക്കലുമില്ലാ. കാലഘട്ടത്തിന്‍റെ സ്പന്ദനങ്ങള്‍ക്കനുസൃതമായി മുന്നേറുകമാത്രമല്ലേ അവര്‍ ചെയ്യുന്നത്? നിയതമായ ഒരു മുന്‍വിധിയോടെയല്ലാ പഴയതലമുറയ്ക്ക് പിടിക്കാത്ത പ്രവൃത്തികളില്‍ അവര്‍ മുഴുകിയിരിക്കുന്നത് എന്നര്‍ത്ഥം.
മാറിയ സാഹചര്യങ്ങളില്‍, പണ്ടത്തേതില്‍നിന്നു വിഭിന്നമായി, ന്യൂജിക്ക് വിഹരിക്കാന്‍ ഇന്ന് പടിപ്പുരകളോ, കുളക്കടവുകളോ, മാവിന്‍തണലുകളോ, വീട്ടുമുറ്റങ്ങളോ, വിശാലമായ തൊടികളോ ഇല്ലാ. മതിലുകളാല്‍ വേര്‍ത്തിരിക്കപ്പെട്ട വീടുകളിലും ചുമരുകളാല്‍ ബന്ധനസ്ഥമാക്കപ്പെട്ട ഫ്ലാറ്റുകളിലുംകഴിയാനല്ലേ അവരുടെ യോഗം? ആ സാഹചര്യങ്ങള്‍ക്ക് അനുകൂലമായ ജീവിതചര്യകള്‍ സ്വീകരിക്കാതെ മറ്റുമാര്‍ഗ്ഗങ്ങളൊന്നും അവരുടെ മുന്നിലില്ലായെന്നു നമ്മള്‍ മനസ്സിലാക്കണം.
പണ്ടത്തേതിനു വിഭിന്നമായി, മാതാപിതാക്കള്‍ രാവിലെ ജോലിക്കും കുട്ടികള്‍ സ്കൂളിലേക്കും പോയിക്കഴിഞ്ഞാല്‍, വീട്ടില്‍ ബാക്കിയാവുന്ന പഴയതലമുറക്കാര്‍ക്ക് ടി.വി കാണലും, റഫ്രിജറേറ്ററില്‍ വയ്ച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കിക്കഴിക്കലുമാണ് ദിനചര്യകള്‍. പഴയകാലങ്ങളിലെ അവരുടെ ജീവിതത്തില്‍ അയല്പ്പക്കക്കാരും നാട്ടുകാരുമായുള്ള നിരന്തരമായ ഇടപഴകലുകള്‍ക്ക് മുഖ്യസ്വാധീനം ഉണ്ടായിരുന്നു. അതിനു വിഭിന്നമായി, അണുകുടുംബങ്ങളില്‍ വളരുന്ന പുതിയതലമുറയുടെ ജീവിതരീതികളോട് ചേര്‍ന്നുപോകാന്‍ പഴയതലമുറ ഇന്ന്‍ നിര്‍ബന്ധിതമാവുകയാണ്. അതില്‍നിന്നുരുത്തിരിയുന്ന പ്രതിഷേധങ്ങളാണ് ഓരോരോ പഴികളുടെ രൂപത്തില്‍ ന്യൂജിയുടെമേല്‍ ചൊരിയപ്പെടുന്നത് എന്നതാണ് വാസ്തവം. ഒന്നുമനസ്സുവച്ചാല്‍, ന്യൂജിക്ക് കേള്‍ക്കേണ്ടിവരുന്ന ഈ പഴികളുടെ ആഘാതംകുറയ്ക്കാന്‍ ഇടനിലക്കാരെന്നനിലയില്‍ മദ്ധ്യവര്‍ത്തിതലമുറയ്ക്ക് ഉറപ്പായും സാധിക്കും.
പഴയതലമുറ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുന്നതോടെ, പഴികളില്‍നിന്നും ന്യൂജി രക്ഷപ്പെടുമെന്നാണ് ലേഖകന്‍ വിലയിരുത്തുന്നത്. ന്യൂജിയുടെ തനതായ സ്വഭാവങ്ങളുമായി ഒരുവിധം ചേര്‍ന്നുപോകാന്‍, മദ്ധ്യവര്‍ത്തിതലമുറയ്ക്ക് സാധിക്കുമെന്നതാണ് അതിനുകാരണം. ന്യൂജിയോടൊപ്പം കാലാനുഗതമായ മാറ്റങ്ങള്‍ നെഞ്ചേറ്റിക്കൊണ്ടാണ് ജീവിച്ചുവരുന്നത് എന്നതിനാല്‍ പഴയതലമുറയെ അനുസ്മരിപ്പിക്കുന്ന മാനസികാവസ്ഥാവിശേഷങ്ങളിലേക്ക് മദ്ധ്യവര്‍ത്തിതലമുറയെ തള്ളിവിടാന്‍ പുതിയൊരു സാങ്കേതികവിപ്ലവത്തിനും സാധിക്കുകയുമില്ലാ.
മേല്പ്പറഞ്ഞ വസ്തുതകളുടെ പിന്‍ബലത്തില്‍, പാവം ന്യൂജിയെ പഴിക്കാതിരിക്കാനും അവശേഷിക്കുന്ന പഴയതലമുറക്കാരുമായുള്ള അവരുടെ ബന്ധം പരമാവധി ഊഷ്മളമാക്കുവാനും ഇനിയെങ്കിലും നമുക്ക് ശ്രമിച്ചുതുടങ്ങാം..
- ജോയ് ഗുരുവായൂര്‍
No comments:
Post a Comment