Friday, September 29, 2017

അമ്മ

"അമ്മേ.. എന്നെ ഉപേക്ഷിച്ചുപോകല്ലേ എന്‍റെയമ്മേ... "
ഒരു പിന്‍വിളി.....
റെയില്‍വേപ്ലാറ്റ്ഫോമിലെ സിമന്‍റ്ബഞ്ചില്‍ക്കിടത്തിയിരുന്ന ചോരക്കുഞ്ഞിനെ അവസാനമായൊന്നുനോക്കി, തിരിഞ്ഞുനടക്കാന്‍തുനിഞ്ഞ അവള്‍ക്ക് ഒരടിപോലും മുന്നോട്ടുവയ്ക്കാനായില്ല. ശാന്തമായുറങ്ങിയിരുന്ന ആ കുഞ്ഞിനെയവള്‍ വാരിയെടുത്തു മാറോടണച്ചു.
"എന്‍റെ മോനെവിട്ട് അമ്മയെങ്ങും പോവില്ലാട്ടോ.. "
ട്രെയിനുകള്‍ വന്നുംപോയുമിരുന്നു.. ആര്‍ത്തലയ്ക്കുന്ന കൊതുകളില്‍നിന്നുരക്ഷിക്കാന്‍ കുഞ്ഞിന്‍റെ ദേഹമവള്‍ തുണികള്‍ക്കൊണ്ടുപൊതിഞ്ഞു.
എണ്ണമില്ലാത്തയെത്രയോ ദിനരാത്രങ്ങള്‍.. ബസ്റ്റാന്‍ഡുകളുടേയും റെയില്‍വേ പ്ലാറ്റ്ഫോമുകളുടേയും കൂരകള്‍ക്കടിയില്‍...
തന്നെ ചെളിക്കുണ്ടിലേക്കെറിഞ്ഞുകടന്നുപോയ ആ ഭൂതകാലംതന്നെയായിരിക്കില്ലേ തന്നെപ്പോലെ, പിതൃത്വമവകാശപ്പെടാന്‍കഴിയാത്ത തന്‍റെ മകനെയും വിഴുങ്ങാന്‍ അക്ഷമമായി കാത്തിരിക്കുന്നുണ്ടാവുക?..
അരുത്.. അതനുവദിക്കരുത്... ഇവനുമൊരു രാജ്യപൗരനാണ്. ശോഭനമായ ഭാവി‍ കാല്ക്കീഴിലാക്കാനുള്ളവന്‍.. സമൂഹത്തിന്‍റെ പാപക്കറപുരണ്ട, ഈ മാതൃത്വത്തിന്‍റെ തണലില്‍വളരുന്ന ഒരു തെരുവുതെണ്ടിയായി നീ വളരാതിരിക്കാന്‍, ഈ അമ്മയ്ക്ക് മറ്റുമാര്‍ഗ്ഗങ്ങളില്ലാ.. ചോരക്കുഞ്ഞുങ്ങളെ തെരുവിലുപേക്ഷിക്കുന്ന അമ്മമാരെ കണ്ണില്‍ച്ചോരയില്ലാത്തവരെന്നു ലോകം മുദ്രകുത്തുന്നു. ഇന്ന്, തനിക്കു മനസ്സിലാവും സ്വശരീരത്തില്‍നിന്നടര്‍ന്നുവന്ന ആ ജീവനെ ഉപേക്ഷിക്കേണ്ടിവരുന്ന ഒരു മാതാവിന്‍റെ മാനസികാവസ്ഥ.
പൊന്നുമോനേ.. വളര്‍ന്നുവലുതാവുമ്പോള്‍ നീയുമെന്നെ ശപിക്കുമെന്ന് അമ്മയ്ക്കറിയാം. നീയെന്നെ ശപിച്ചുകൊണ്ടിരിക്കണം.. എന്നാലേ ഈ അമ്മയുടെ ആത്മാവിനു ശാന്തിലഭിക്കുകയുള്ളൂ. എന്‍റെ ജീവിതത്തിലേക്ക് സമൂഹമൊഴുക്കുന്ന അഴുക്കുകളുടെ ഗുണഭോക്താവായിജീവിക്കാന്‍ എന്‍റെ മകനെ ഞാനനുവദിക്കില്ല. ഈ അമ്മയോട് ക്ഷമിക്കുക..
നന്മയുടെ ഉറവകള്‍വറ്റാത്ത, ഏതെങ്കിലുമൊരു മനസ്സിലെ പുണ്യം നിനക്ക് തുണയേകട്ടേ...
തന്‍റെ ജീവാംശത്തേയും പേറിക്കൊണ്ട് അകന്നുപോകുന്ന തീവണ്ടിയെനോക്കി ഗദ്ഗദത്തോടെ അവളിരുന്നു.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment