Tuesday, October 31, 2017

ദേ.. മാവേലി വീണ്ടും!...

ഇത്തവണ മാവേലി പാതാളത്തില്‍നിന്ന് കേരളത്തിലേക്ക് പ്രസ്ഥാനംതുടങ്ങിയവഴി, ഒരു തുരങ്കം ദൃഷ്ടിയില്‍പ്പതിഞ്ഞു. തന്‍റെ വരവ് സുഗമമാക്കാന്‍ പ്രജകള്‍ ഒരുക്കിവച്ച കുറുക്കുവഴിയായിരിക്കും അതെന്നാണ്‌ പാവം മാവേലി കരുതിയത്‌. എന്നാല്‍, ബാങ്ക് കൊള്ളയടിക്കാന്‍വേണ്ടി കള്ളന്മാര്‍ തുരന്നുവച്ചതായിരുന്നുവത്. തോരാത്ത മഴമൂലം തുരങ്കത്തില്‍ മുട്ടുവരെ വെള്ളവും.
അഴുക്കുപറ്റാതെയിരിക്കാന്‍ ഉടുപ്പെല്ലാം മുട്ടോളം പൊക്കിപ്പിടിച്ചുകൊണ്ട് മാവേലിത്തമ്പുരാന്‍ ഒരുവിധം പുറത്തുകടന്നപ്പോള്‍ ഒരു കുഞ്ഞുതുമ്പച്ചെടി തന്നെനോക്കി പുഞ്ചിരിക്കുന്നതാണ് കണ്ടത്. മഹാബലിയുടെ മനസ്സ് സന്തോഷംകൊണ്ട് തുള്ളിച്ചാടി. തന്‍റെ പ്രിയപ്പെട്ട പുഷ്പം.. "നിന്‍റെ കൂട്ടുകാരൊക്കെ എവിടേ?" എന്ന ചോദ്യത്തിന് മറുപടിയൊന്നുംപറയാതെ അതൊന്നു കണ്ണുചിമ്മികാണിക്കുകമാത്രം ചെയ്തു.
വിജനമായ വഴികളിലൂടെ സഞ്ചരിക്കവേ അവിടെയുമിവിടെയുമൊക്കെ ഒറ്റയ്ക്കുംതെറ്റയ്ക്കുംകാണായ മുക്കുറ്റിപ്പൂ, കാക്കപ്പൂ, കോളാമ്പിപ്പൂ ഇത്യാദികളോട് കിന്നാരംചൊല്ലുമ്പോഴും അവയിറുക്കാന്‍ കുട്ടികളെയൊന്നും കാണാതിരുന്നത് ഇത്തിരി ശങ്കപരത്തി. ഒറ്റയടിപ്പാത തരണംചെയ്ത് ടാറിട്ട റോഡിലെത്തിയവഴി ചീറിപ്പാഞ്ഞുപോയ ഒരു വാഹനം മാവേലിയുടെ വസ്ത്രത്തില്‍ ചെളിവെള്ളം തെറിപ്പിച്ചു.
"പാവം എന്നെ കണ്ടുകാണില്ല.. " അപ്പോഴും നന്മനിറഞ്ഞ ആ മനസ്സിന് രോഷംകൊള്ളാനായില്ല.
കുറച്ചുകൂടി നടന്നപ്പോള്‍ ഒരു ചോലകണ്ടു. അതിലെ വെള്ളത്തില്‍ ഉടുപ്പൊന്നു കഴുകിക്കളയാമെന്നു കരുതി. എന്നാല്‍ ഉടുപ്പ് വെള്ളത്തില്‍മുക്കിയെടുത്തപ്പോളാണ് പണിപാളിയവിവരം മനസ്സിലായത്‌. വെള്ളത്തിലെ, ഓയിലും ഗ്രീസും മറ്റുരാസപദാര്‍ത്ഥങ്ങളുമൊക്കെ തുണിയില്‍പ്പിടിച്ച്, അവസ്ഥ പഴയതിനേക്കാള്‍ മോശമാക്കി. ഇനി കിരീടവും ആഭരണവുമൊന്നും ഈ മുഷിഞ്ഞ വസ്ത്രവിധാനത്തിനുചേരില്ലായെന്നുരുതി, അതും ആടകളുമൊക്കെയൂരി തന്‍റെ ഭാണ്ഡത്തിലാക്കി ഒരു മരച്ചില്ലയില്‍ തൂക്കിയിട്ട്, കൌപീനധാരിയായി നടപ്പുതുടര്‍ന്നു.
നടന്നുനടന്ന്‍ പട്ടണത്തിലെത്തിയപ്പോള്‍ തന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ഒരു വസ്ത്രക്കട കണ്ടു. അവിടെ കയറിനോക്കിയപ്പോള്‍ തനിക്കിണങ്ങുന്ന ഒരു സംഗതിയും കണ്ടില്ല. ആശയക്കുഴപ്പത്തില്‍ നില്ക്കുമ്പോള്‍, സേല്‍സ്മേന്‍ ഒരു ജീന്‍സും ടീഷര്‍ട്ടും മഹാബലിയെ പിടിപ്പിച്ചു. ഗത്യന്തരമില്ലാതെ അത് ധരിച്ച്, വീണ്ടും യാത്ര..
നോക്കുന്നിടത്തെല്ലാം തന്‍റെ ഫ്ലെക്സ്ബോര്‍ഡുകള്‍മാത്രം!.. പ്രജകള്‍ക്ക് തന്നോടുള്ള സ്നേഹംകണ്ട് രാജാവിന്‍റെ മനസ്സുനിറഞ്ഞു. പക്ഷേ, വീടുകളുടെ മുറ്റത്തൊന്നും പൂക്കളങ്ങള്‍ കാണുന്നില്ല. ഇതെന്തൊരു മറിമായം? കഴിഞ്ഞതവണ വരുമ്പോള്‍, ചില വീടുകളുടെ മുറ്റങ്ങളിലെങ്കിലും പൂക്കളങ്ങള്‍ കാണാമായിരുന്നു. തിരുവോണമായിട്ട്, ഒരു പ്രജയേയും മുറ്റത്തും പറമ്പുകളിലുമൊന്നും കാണുന്നില്ല. ഊഞ്ഞാലാട്ടമില്ലാ, കുരവകളില്ലാ.. പകരം കേള്‍ക്കാനാവുന്നത് പട്ടികളുടെ കുരകള്‍മാത്രം. മിക്കവാറും എല്ലാ വീടുകളേയും ശ്മശാനമൂകത ഗ്രസിച്ചപോലെ.
നടക്കുംതോറും മാവേലിയില്‍ ഒരു സംശയം പിടിമുറുക്കിക്കൊണ്ടിരുന്നു. ഇനിയെങ്ങാനും താന്‍ അബദ്ധത്തില്‍, പാതാളത്തില്‍നിന്നു നേരത്തെ പുറപ്പെട്ടിരിക്കുമോ? ഓണം എന്നൊരു പ്രതീതിയേ തനിക്ക് അനുഭവപ്പെടുന്നില്ലല്ലോ!
ഓലക്കുടയുമായി നടന്നുവരുന്ന ആധുനികവസ്ത്രധാരിയെ ബൈക്കുകളിലെത്തിയ കോളേജുകുമാരന്മാര്‍ പരിഹസിച്ചു. തന്നെ പരിഹസിക്കുന്നതാണെന്നു മനസ്സിലാക്കാതെ അദ്ദേഹം അവരുടെകൂടെ സെല്ഫിക്കു പോസ് ചെയ്തു. മാത്രമല്ലാ, അവരാവശ്യപ്പെട്ടതുപ്രകാരം അവരുടെകൂടെ ബൈക്കില്‍കയറി യാത്രയാവുകയുംചെയ്തു.
മാവേലിക്ക് കുറച്ചുകാശുംകൊടുത്ത് ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിനുമുന്നിലെ വരിയില്‍നിറുത്തി, ഉടനേവരാമെന്നുപറഞ്ഞ് കുമാരന്മാര്‍ മുങ്ങി.
എന്താണ് ഇവിടെ കൊടുക്കുന്നതെന്ന് തൊട്ടുമുന്നിലുള്ള ആളോടുചോദിച്ചപ്പോള്‍ അയാളൊന്നു ചിരിക്കുകമാത്രംചെയ്തു. ഭാഷയറിയാത്ത ആ ബംഗാളി എങ്ങനെ മറുപടി പറയാനാ?.. പക്ഷേ, പരിസരവീക്ഷണത്തില്‍നിന്ന് ആളുകള്‍ വാങ്ങിക്കൊണ്ടുപോകുന്നത് കുപ്പികളാണെന്നും ചിലര്‍ അതിലെ ദ്രാവകം കഴിച്ച്, സന്തോഷചിത്തരാവുന്നതുമൊക്കെ മഹാബലി കണ്ടുപിടിച്ചു.
അങ്ങനെയൊടുവില്‍ക്കിട്ടിയ രണ്ടുമൂന്നു കുപ്പികളുമായി അടുത്തുള്ള മരത്തണലില്‍ കുമാരന്മാരെകാത്തുള്ള ഇരിപ്പായി. ദാഹിച്ചപ്പോള്‍ ഒരു കുപ്പിതുറന്ന് മടുമടായെന്നു രണ്ടുകവിള്‍ ദ്രാവകമങ്ങ് അകത്തോട്ടിറക്കി. അന്നക്കുഴല്‍ പൊള്ളിച്ചുകൊണ്ട് മദ്യം താഴോട്ടിറങ്ങിയപ്പോള്‍ തിരുമേനി എരിപിരികൊണ്ടു. വല്ല വിഷവുമാണോയതെന്ന ചിന്തയും അസ്വസ്ഥതയുളവാക്കി.
രണ്ടുമിനിറ്റിനുള്ളില്‍ മഹാബലിത്തമ്പുരാന്‍ ഫോമിലായി. ഹായ് എന്തൊരു സുഖം!... പിള്ളേരെയാണെങ്കില്‍ കാണാനുമില്ല. താമസിയാതെ ആ കുപ്പി മുഴുവനായും കുടിച്ചുതീര്‍ത്ത് ആശാനവിടെ കിടപ്പായി. തിരികേവന്ന കുമാരന്മാര്‍, നാലുതെറിയുംപറഞ്ഞ്, ശേഷിച്ച കുപ്പികള്‍മാത്രമെടുത്ത് മാവേലിയെ വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞു.
ഉറക്കെ എന്തൊക്കെയോ പിച്ചുംപേയുംപറഞ്ഞുകിടന്നിരുന്ന മാവേലിയെ പോലീസ് പൊക്കി. ചോദിച്ച തിരിച്ചറിയല്‍രേഖകളോ ആധാര്‍കാര്‍ഡോ ഒന്നുമില്ലാത്ത മാവേലിയെ തീവ്രവാദിയായി മുദ്രകുത്തി, അവര്‍ ലോക്കപ്പിലടച്ചു.
രണ്ടുമൂന്നു മണിക്കൂര്‍കഴിഞ്ഞ് സുബോധമുണ്ടായപ്പോള്‍ ഒടുക്കത്തെ വിശപ്പ്‌. മരച്ചുവട്ടില്‍ കിടന്നിരുന്ന താനെങ്ങനെ, മൂത്രംമണക്കുന്ന ഈ മുറിയിലെത്തിയെന്നോര്‍ത്തു പാവം അത്ഭുതപ്പെട്ടു.
പോലീസുകാര്‍ ഓണം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. കുടവയറും കൊമ്പന്‍മീശയുമുള്ള ഒരു പോലീസുകാരന്‍ മാവേലിയുടെ വേഷമണിയാന്‍ പാടുപെടുന്നു.
"ശൂ.. ശൂസ്... " മാവേലി ആ പോലീസുകാരനെ സ്വരമുണ്ടാക്കിവിളിച്ചു.
"എന്തെടോ തനിക്ക്?.. " പോലീസുകാരന്‍ വന്നുമുരണ്ടു.
"എന്നെ തുറന്നുവിടൂ.. ഞാന്‍ കാണിച്ചുതരാം എങ്ങനെയാണ് വേഷം ധരിക്കേണ്ടതെന്ന്‍.. ദേ.. കിരീടവും ആഭരണങ്ങളൊന്നും അങ്ങനെയല്ലാ.." മാവേലി സവിനയം പറഞ്ഞു.
"ഒന്നുപോടോ.. ഇയാളാരാ മാവേലിയുടെ ചമയക്കാരനോ?.. ചവിട്ടുകിട്ടേണ്ടെങ്കില്‍ അവിടെയടങ്ങിക്കിടന്നോ.." പോലീസുകാരന്റെ പ്രതികരണം മാവേലിത്തമ്പുരാനെ ഒട്ടൊന്നുവേദനിപ്പിച്ചു.
"മാവേലി നാടുവാണീടുംകാലം.. മാനുഷ്യരെല്ലാരുമൊന്നുപോലേ.."
പോലീസോണം പൊടിപൊടിക്കുന്നതിനകമ്പടിയായി താന്‍ രാവിലെകഴിച്ച ദ്രാവകത്തിന്റെയതേ മണവും അന്തരീക്ഷത്തില്‍ പടരുന്നത് മാവേലി ശ്രദ്ധിച്ചു. നല്ല തിമിര്‍പ്പിലായ പോലീസുകാരെ ഒരുവിധത്തില്‍പാട്ടിലാക്കി, നമ്മുടെ തമ്പുരാന്‍ ലോക്കപ്പില്‍നിന്നു തടിതപ്പി.
വിശന്നുകുടലുകരിയുന്നു... ആകെ കൈയിലുണ്ടായിരുന്ന ഓലക്കുട, പോലീസുകാര്‍ വാങ്ങിയെടുത്തിരുന്നതിനാല്‍ നട്ടുച്ചവെയിലില്‍ അദ്ദേഹം പൊരിഞ്ഞു. അതാ ഒരു വീട്ടില്‍നിന്ന് ആഹാരപദാര്‍ത്ഥങ്ങളുടെ സുഗന്ധം ഒഴുകിവരുന്നു. ഇരുമ്പുഗേറ്റില്‍ തട്ടിയപ്പോള്‍ വീടിന്‍റെ ഉമ്മറത്തുനിന്ന ഒരു ചെറുക്കന്‍ വിളിച്ചുകൂവി"
"അച്ഛാ.. ദേ ഒരു ബംഗാളിവന്നിരിക്കുന്നു
"വല്ലോം കൊടുത്തു പറയഞ്ഞച്ചേരെ സുമതീ.. " കുടുംബനാഥന്‍റെ സ്വരം.
അല്പസമയത്തിനുള്ളില്‍ ഒരു പ്ലാസ്റ്റിക്സഞ്ചിയില്‍ കുറച്ചു ഭക്ഷണപദാര്‍ത്ഥങ്ങളുമായി ഒരു വേലക്കാരന്‍വന്നു.
"അതേയ്.. ഞാനാരാണെന്നു മനസ്സിലായോ?.. ഞാന്‍ മാവേലിയാ.. മാവേലി.. " തിരുമേനി, വേലക്കാരനെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു.
"ആഹാ നിങ്ങളാണല്ലേ ഈ മാവേലിയെന്നുപറയുന്ന സാധനം?!... കൊള്ളാലോ?.. വട്ടാണല്ലേ?.. ഇതുകൊണ്ട്, വേഗം സ്ഥലംവിട്ടോളൂ.. അല്ലെങ്കില്‍ മൊതലാളിയുടെ കൈയില്‍ തോക്കുണ്ട്.. ആശാന്‍ നല്ല ഫിറ്റാ.. ചിലപ്പോള്‍ കാച്ചിക്കളയും.. "
പാവം തമ്പുരാന്‍, മറുത്തൊന്നുംപറയാതെ, കത്തുന്നവയറോടെ ഒരു മരത്തണല്‍ നോക്കിനടന്നു.
ഒരു മണവുംരുചിയുമില്ലാത്ത ഭക്ഷണം. ഉള്ള കറികള്‍ കൂട്ടിക്കുഴച്ച്, ഒരുരുള വായില്‍വയ്ക്കാന്‍ തുനിയുമ്പോഴേക്കും...
"സാറേ വിശന്നിട്ടുവയ്യാ.. വല്ലോംതരണേ..."
മുഷിഞ്ഞ വസ്ത്രധാരികളായ ഒരു സ്ത്രീയും കുഞ്ഞും തൊട്ടടുത്തുനിന്നു യാചിക്കുന്നു. മാവേലിയുടെ കണ്ണുനിറഞ്ഞു. വിശപ്പെല്ലാം നിമിഷനേരംകൊണ്ട് അപ്രത്യക്ഷമായി.
അമ്മയും കുഞ്ഞും ആ ഭക്ഷണം ആര്‍ത്തിയോടെ കഴിക്കുന്നത്, നിര്‍ന്നിമേഷനായി തമ്പുരാന്‍ അല്പനേരം നോക്കിനിന്നു.
വിഷണ്ണനായി അദ്ദേഹം തിരികേനടന്നു.
മരത്തില്‍ തൂക്കിയിട്ടിരുന്ന വസ്ത്രാഭരണങ്ങളടങ്ങിയ ഭാണ്ഡം അപ്രത്യക്ഷമായിരിക്കുന്നു. മഹാബലിത്തമ്പുരാന് വിശ്വസിക്കാനേ ആയില്ലാ!.. അദ്ദേഹം നിലത്തുകുത്തിയിരുന്നു വിതുമ്പി.
ആടയാഭരണങ്ങള്‍ നഷ്ടപ്പെട്ടതുകൊണ്ടോ, ജീന്‍സും ടീഷര്‍ട്ടും ധരിച്ച് പാതാളജനങ്ങളെ മുഖംകാണിക്കേണ്ടിവരുമെന്നതിലുള്ള വിഷമംകൊണ്ടോ ആയിരുന്നില്ലാ, മറിച്ച്, എള്ളോളം കളവും പൊളിവചനങ്ങളും കേട്ടുകേള്‍വിപോലുമില്ലായിരുന്ന തന്‍റെ രാജ്യത്തിനു സംഭവിച്ച ദുരവസ്ഥയെ ഓര്‍ത്തായിരുന്നു തമ്പുരാന്‍ വിതുമ്പിക്കരഞ്ഞിരുന്നത്.
- ജോയ് ഗുരുവായൂര്‍..
(ഇതില്‍ക്കൂടുതല്‍ നുണപറയാന്‍ എനിക്കുമേലാ.. പറഞ്ഞേക്കാം.. ങാ..‍)

No comments:

Post a Comment