Tuesday, October 31, 2017

മഴയിലൊരു 'ആര്‍മ്മാദിക്കല്‍'

ശ്രീകൃഷ്ണകോളേജ് ഗുരുവായൂരില്‍ അഞ്ചുകൊല്ലം മേഞ്ഞുനടന്ന് കിട്ടിയ ഫസ്റ്റ് ക്ലാസ് ശാസ്ത്രബിരുദത്തിന്‍റെ ചൂടാറുന്നതിനുംമുന്‍പ് ഉണ്ടായ ഒരു മഴയനുഭവം പങ്കുവയ്ക്കട്ടേ.. എഴുതാന്‍ മാത്രമായി ഒന്നുമില്ല അതിലെങ്കിലും മഴയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു സ്വകാര്യാനുഭവമാണിത്.
കോളേജ് കുമാരനൊക്കെയായിട്ടും ബൈക്കൊന്നും വാങ്ങിത്തരാനുള്ള സുമനസ്സ് അപ്പച്ചന് ഉണ്ടായിരുന്നില്ല. പിശുക്കല്ലാ, അപകടമുണ്ടാക്കുമോയെന്ന ഭയമായിരുന്നു അതിനുപുറകിലെന്ന് അറിയാമായിരുന്നതുകൊണ്ട് അതിനുവേണ്ടി വാശിപിടിക്കാനും നിന്നില്ലാ. ആ 20 വയസ്സിലും എന്‍റെ ഹീറോ, എന്‍റെ 'ഹീറോ റേഞ്ചര്‍' സ്പോര്‍ട്സ്-സൈക്കിള്‍ ആയിരുന്നു. അതില്‍ക്കയറി പോകാത്ത ഇടങ്ങളില്ലാ, ചെയ്യാത്ത അഭ്യാസങ്ങളില്ലാ.. കാണാത്ത ഉത്സവങ്ങളില്ലാ...
ജൂലൈ മാസത്തിലെ ഏതോ ഒരു ദിവസം.. ഞാനും എഡ്വിനും ശ്രീകൃഷ്ണ കോളേജ് പരിസരത്തുള്ള മറ്റം എന്ന സ്ഥലത്ത് താമസിക്കുന്ന എന്‍റെ സഹപാഠികളായ സത്യദാസ്, സാജു എന്നിവരുടെ വീട്ടിലേക്ക് ചുമ്മായൊരു സന്ദര്‍ശനം നടത്താനുള്ള തീരുമാനമെടുത്തു. ഒരുതൊഴിലുമില്ലാതെ വീട്ടില്‍വെറുതേയങ്ങനെ (ചൊറിയുംകുത്തി അല്ലാ..) ഇരിക്കുകയല്ലേ... (ഈ പറഞ്ഞ സാജു രണ്ടുവര്‍ഷം മുന്‍പ് ഞങ്ങളെ വിട്ടുപിരിഞ്ഞുപോയി). എഡ്വിന്‍ എന്‍റെ കൗമാരസുഹൃത്തും അയല്‍വാസിയും ഇന്നും ഈ പ്രവാസലോകത്തില്‍ ഊഷ്മളമായ സൗഹൃദസാഹോദര്യം കാത്തുസൂക്ഷിക്കുന്ന ആളുമാണ്.
ഞാന്‍ എന്‍റെ റേഞ്ചറിലും അവന്‍ അവന്‍റെ കുന്തമുനയായ ഹെര്‍ക്കുലീസിലും.. യാത്രതുടങ്ങി, അല്പസമയത്തിനുള്ളില്‍ അതേവരെ പ്രശാന്തസുന്ദരമായി നിന്നിരുന്ന പ്രകൃതിയുടെ നിറംമാറി. നിമിഷനേരംകൊണ്ട് ഒരു അട്ടഹാസത്തോടെ മഴ, ഞങ്ങളെ വരിഞ്ഞുമുറുക്കാന്‍ ശ്രമിച്ചു. "തീയില്‍ക്കുരുത്തവര്‍ മഴയത്ത് വാടുമോ?!.." ഹെഹെഹെ.. ഞങ്ങളോടാ കളി.. പാടവരമ്പത്തിലൂടെയുള്ള ഷോര്‍ട്ട്കട്ട് ഒഴിവാക്കി, മൂന്നാലുകിലോമീറ്റര്‍ അധികമുള്ള ടാര്‍റോഡിലൂടെതന്നെ പോകാന്‍ തീരുമാനിച്ചു. ഇടയ്ക്കിടെ ഇടി കുടുങ്ങുന്നുണ്ടായിരുന്നു. ഇടിമിന്നലെന്നു കേട്ടാല്‍ എന്‍റെ പ്രിയസുഹൃത്തിന് ഒന്നൊന്നര പേടിയായിരുന്നു. എന്നാല്‍, മഴകൊണ്ട്‌ മദംപൊട്ടിയ ആശാന്‍, വളരേ ഉത്സാഹത്തോടെ മഴയെ കീറിമുറിച്ചുപോകുന്നതുകണ്ടപ്പോള്‍ എന്നിലെ ആവേശവും കത്തിപ്പിടിച്ചു. അരികന്നിയൂര്‍കയറ്റം ഞങ്ങള്‍ പുല്ലുപോലെ ചവിട്ടിമെതിച്ചുകയറി. വല്ലാത്തൊരു ഊര്‍ജ്ജമാണ് മഴ നല്കുന്നതെന്ന് അപ്പോള്‍ തോന്നി.
അങ്ങനെ, ഒരുതുള്ളിപോലും പാഴാക്കാതെ മഴകൊണ്ട്, ഞങ്ങള്‍ മേല്പ്പറഞ്ഞ വീടുകളില്‍പ്പോയി അവരുമായി കുശലാന്വേഷണം നടത്തി, അവര്‍ തന്ന സ്നേഹമെല്ലാം അനുഭവിച്ച്, തമാശകളെല്ലാം തകര്‍ത്ത്, മടക്കയാത്രക്കുള്ള ഉദ്യമം ആരംഭിച്ചു. അന്തരീക്ഷം വീണ്ടും 'പ്രശാന്തന്‍' .. അതിനാല്‍ പാടത്തുകൂടെ തിരിച്ചുപോകാമെന്നു കരുതി. സാജുവിന്‍റെ അമ്മതന്ന ഉശിരന്‍ കട്ടന്‍കാപ്പിയുടെ ഊര്‍ജ്ജം ഞങ്ങളിലപ്പോള്‍ ഉണ്ടായിരുന്നു. വസ്ത്രങ്ങള്‍ അപ്പോഴും ഉണങ്ങാന്‍ മടിച്ച്, ദേഹത്തോടൊട്ടിപ്പിടിച്ച് കുളിരാര്‍ന്ന കിന്നാരങ്ങള്‍ പറയുന്നുണ്ടായിരുന്നു.
ഇടവഴികളിലൂടെയെല്ലാം ചീറിപ്പാഞ്ഞ്, ഞങ്ങളുടെ 'ഫെരാരികള്‍' പാടശേഖരങ്ങള്‍ തുടങ്ങുന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും ആകാശത്ത് കരിമ്പൂതങ്ങളുടെ വാകച്ചാര്‍ത്ത്. ഒരൊന്നൊന്നര ഇടി. ഞാന്‍ എഡ്വിന്‍റെ മുഖത്തോട്ടൊന്നുനോക്കി. അവനത്‌ ആസ്വദിക്കുന്നതുപോലെ എനിക്ക് തോന്നി. പുതുമഴ കണ്ട ഈയാംപാറ്റയുടെ മനസ്സായിരിക്കാം ചിലപ്പോള്‍ അവന് അന്നേരമെന്ന് എനിക്ക് തോന്നി. പൂര്‍വ്വാധികം ആവേശത്തോടെ അവന്‍ എനിക്കുമുന്നില്‍ തെളിഞ്ഞുകൊണ്ടിരുന്ന നേര്‍ത്ത വരമ്പുകളിലൂടെ കുതിച്ചുപാഞ്ഞു. മഴത്തുള്ളികള്‍ ഹര്‍ഷാരവത്തോടെ ഞങ്ങളെ ആവേശഭരിതരാക്കി.
സ്വര്‍ണ്ണവര്‍ണ്ണത്തോടെ നെല്ല് വിളഞ്ഞുകിടക്കുന്ന കണ്ടാണിശ്ശേരി പാടങ്ങളിലൂടെ ഞങ്ങള്‍ റോക്കറ്റ് പോലെ പായുകയാണ്. ചിലയിടങ്ങളില്‍ ഒന്നും ചിലപ്പോള്‍ രണ്ടും അടി പരമാവധിവീതിയുള്ള വരമ്പുകള്‍ ചവച്ചുതുപ്പി ഹെര്‍ക്കുലീസും റേഞ്ചറും അഭ്യാസികളെപ്പോലെ അതിവേഗത്തോടെ മുന്നേറുന്നു. മഴത്തുള്ളികള്‍ കാഴ്ചനശിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഏകദേശം അരമണിക്കൂറോളംവേണം ടാറിട്ട, ഗുരുവായൂര്‍റോഡിലേക്ക് എത്തുവാന്‍. മഴയേക്കാള്‍വേഗത്തില്‍ സൈക്കിള്‍ ഓടിക്കുവാനുള്ള ത്വര!.. ഒരുതരം ഭ്രാന്തുപോലെ..
നീര്‍ക്കോലികളും വരാലുകളും നെല്ക്കതിരുകളുടെ താഴെ പുളകംകൊണ്ട് ആര്‍മ്മാദിക്കുന്ന കാഴ്ചകള്‍ കണ്ണിന് കുളിരേകി. വരമ്പുകളുടെ ജന്മിമാരെന്നപ്പോലെനിന്ന് കൈകള്‍ ഉയര്‍ത്തി മസിലുപിടിച്ചുകാണിച്ച, ചില മണ്ടന്‍ഞണ്ടുകള്‍ സൈക്കിള്‍ടയറുകള്‍ക്ക് ഇരകളായി. അതുകണ്ട് പരിഹാസമോടെ 'പേക്രോം' പറയുന്ന തവളകള്‍. സൂക്ഷ്മനയനങ്ങളില്‍ അതൊക്കെ വിരുന്നുകാഴ്ചകളായി. മഴ ആര്‍ത്തലച്ചുകൊണ്ടിരുന്നു.
വിശപ്പും ക്ഷീണവും ഞങ്ങളെ ആക്രമിക്കുവാന്‍തുടങ്ങി.. മണി ഉച്ച പന്ത്രണ്ടര ആയിക്കാണും.. പോകുന്ന വഴിയോരങ്ങളിലെ വീടുകളില്‍നിന്നും ഉള്ളിവഴറ്റിയതിലേക്ക് വേവിച്ച ചേന ചേരുന്ന സുഗന്ധവും, നല്ല മീന്‍കറി വേപ്പിലയിട്ടുകാച്ചുന്ന നറുമണവുമെല്ലാം മൂക്കില്‍വന്നടിച്ചാല്‍പ്പിന്നെ മനുഷ്യന്‍റെ നിയന്ത്രണം പോവില്ലേ..
മഴ നിര്‍മ്മിച്ച മൂടല്‍മഞ്ഞിനപ്പുറം പാടങ്ങള്‍ക്കുനടുവില്‍ ഒരോലപ്പുരയുടെ സാന്നിദ്ധ്യം ദൃശ്യമായി. അതൊരു ചായക്കടയായിരിക്കാം.. എന്‍റെ കൂട്ടുകാരന്‍റെ മനസ്സ് മന്ത്രിക്കുന്നത് എന്തായിരിക്കുമെന്ന് അന്നും ഇന്നും എനിക്കറിയാം. ആ കൂരയുടെ മുന്നില്‍ ഹെര്‍ക്കുലീസ് നിന്നു. പിറകേ എന്‍റെ റേഞ്ചറും..
ധാരണ തെറ്റി. അതൊരു കള്ളുഷാപ്പ് ആയിരുന്നു. പക്ഷേ അവിടെ കച്ചവടക്കാരനല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലാ. കച്ചവടക്കാരനെകണ്ട് ഞങ്ങള്‍ അത്ഭുതംകൂറി. സുധാകരേട്ടന്‍!... ഞാന്‍ ഡിഗ്രീ ഫൈനല്‍ ഇയര്‍ പരീക്ഷകള്‍ക്കുവേണ്ടി പഠിക്കാന്‍, ചില സുഹൃത്തുക്കള്‍ക്കൊപ്പം കോളേജിന്റെ അടുത്ത് വാടകയ്ക്കൊരു മുറിയെടുത്തുതാമസിച്ചിരുന്നതിന്റെ അടുത്ത മുറിയിലെ അന്തേവാസിയായിരുന്നു സുധാകരേട്ടന്‍.
കള്ളുഷാപ്പിന്റെ (കള്ളിന്‍റെ/ചാരായത്തിന്റെ കടകള്‍ക്ക് 'ഷാപ്പ്' എന്നും മറ്റുള്ള കടകള്‍ക്ക് 'ഷോപ്പ്' എന്നും പറയുന്നവരാണ് മലയാളികള്‍!) കുശിനിയില്‍നിന്ന്‍ ഏതോ ഒരു കറിയുടെ മനംമയക്കുന്ന സുഗന്ധം.
"എന്ത്ര.. ഇങ്ങളിപ്പോ ഈ വഴിക്ക്?" സുധാരേട്ടന്‍
"ഒക്കെ പിന്നെ പറയാം.. ആദ്യം എന്തേലുമിങ്ങട് തിന്നാനെടുക്ക്.." നോം..
മുതിരാ... മുരിങ്ങയിലയിട്ട് വേവിച്ച്, ചുവന്നുള്ളി മൂപ്പിച്ച്, രണ്ട് പ്ലേറ്റ് അങ്ങട് വെച്ചു. ഹെന്റമ്മേ.. ഒടുക്കത്തെ രുചി..
"ഒരു കുപ്പി കള്ള്.. എടുത്താലോ... " സുധാരേട്ടന്‍
ഞാനും എഡ്വിനും പരസ്പരം ഒന്നുനോക്കി.. ആ മഴയത്ത്, നനഞ്ഞുകുളിച്ചിരിക്കുന്ന അവസ്ഥയില്‍ ഒരു ഗ്ലാസ് കള്ള് അകത്താക്കാനുള്ള ആഗ്രഹം ഞങ്ങള്‍ക്ക് അപ്പോള്‍ ജനിച്ചിരുന്നു. വയസ്സ് 20 അല്ലേ.. വോട്ടവകാശവും അതിലപ്പുറവും ആയിട്ടുമുണ്ട്. പക്ഷേ, പ്രശ്നം ആ ആശയക്കുഴപ്പമായിരുന്നില്ലല്ലോ.. കൈയില്‍ കൂടുതല്‍ കാശില്ല. ഞങ്ങളുടെ മനോഗതം അറിഞ്ഞപോലെ സുധാകരേട്ടന്‍ ഒരുകുപ്പി കള്ള് കൊണ്ടുവന്ന് ഡെസ്ക്കില്‍ വച്ചു.
"ഡാ.. കഴിച്ചോടാ.. കാശൊക്കെ പിന്നെ കണക്കാക്കാം.. അല്ലെങ്കിലും ഈ കാശൊക്കെകൊണ്ട് മനുഷ്യന്‍ എവിടെ പോവാനാ.. ത് സൂപ്പര്‍ സാനാ... എല്ലാര്‍ക്കും കൊടുക്കില്ലാ ഞാന്‍.. ഇങ്ങളൊക്കെ ഇന്‍റെ പിള്ളേര് അല്ലേ.. കാശിനെക്കുറിച്ചൊന്നും വിയ്യാരിക്കണ്ടാ.."
ഞങ്ങള്‍ വീണ്ടും "അങ്ങടുമിങ്ങടും" ഒന്ന് നോക്കി.. ഗ്ലാസ്സുകളിലെ കള്ള് പോയവഴി അറിഞ്ഞില്ലാ.. ഹെഹെഹെ....
നന്ദി..
- ജോയ് ഗുരുവായൂര്‍..

No comments:

Post a Comment