Thursday, April 27, 2017

എന്‍റെ വിധി

ജില്ലാ സെഷന്‍സ് കോടതിപരിസരം ജനനിബിഡം. പതിനാലുവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച റിട്ട. ഹെഡ്മാസ്റ്റര്‍ തിലോത്തമന്‍പിള്ള പ്രതിയായ കേസിന്റെ വിധിപറയാനിനി നിമിഷങ്ങള്‍ മാത്രം. ചാനലുകാരും പത്രക്കാരും പോലീസുകാരുമൊക്കെയുമായി ആകെയൊരു ബഹളപ്രതീതി. പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ വക്താവുകൂടിയാണ് പ്രതിയെന്നതിനാല്‍ ഈ കേസ് ഒരുപാട് കോളിളക്കം സൃഷ്ടിച്ചിരുന്നു.

രാഷ്ട്രീയസമ്മര്‍ദ്ദംമൂലം സാക്ഷികള്‍ പലതവണ മൊഴിമാറ്റിപ്പറഞ്ഞതും വാദിപക്ഷത്തിന്റെ സാമ്പത്തിക പരാധീനതകളുംമൂലം ശക്തമായൊരു ചെറുത്തുനില്പ്പ് പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നുണ്ടാകാതിരുന്ന സാഹചര്യത്തില്‍, സുവ്യക്തമായ തെളിവുകളുടെ അഭാവവുംകൊണ്ട്, കോടതിവിധി പ്രതിക്കനുകൂലമായിരിക്കുമെന്നാ
ണ് മൊത്തത്തില്‍ വിലയിരുത്തപ്പെടുന്നതും. രാഷ്ട്രീയഅനുയായികളുടെ മദ്ധ്യത്തില്‍ ശുഭാപ്തിവിശ്വാസപൂരിതനായി തിലോത്തമന്‍പിള്ള കാണപ്പെട്ടു.
 
ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ഒരു വനിതകൂടിയായതിനാല്‍ എന്തായിരിക്കും വിധിയെന്നുള്ള ആകാംക്ഷയും എല്ലാവരിലുമുണ്ട്. സി.പി. സരളാദേവി ആ കോടതിയില്‍ ജഡ്ജായി ചാര്‍ജ് എടുത്തത് അടുത്തിടെയായിരുന്നു.

വിധിപറയാന്‍ ഉപവിഷ്ടയായ അവരുടെ മുഖത്ത് നിശ്ചയദാർഢ്യം സ്ഫുരിച്ചുനിന്നു.

"മൂന്നുവര്‍ഷങ്ങളോളം നീണ്ടുപോയ ഈ കേസിനാസ്പദമായിരുന്ന തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചുകൊണ്ട്  കേസിനെ ദുര്‍ബ്ബലപ്പെടുത്താനും പ്രതിഭാഗത്തുനിന്നുണ്ടായ നീക്കങ്ങളെക്കുറിച്ച് കോടതിക്ക് സുവ്യക്തമായ ബോദ്ധ്യമുള്ളതിനാലും സാഹചര്യത്തെളിവുകളെ പഴുതില്ലാതെ പ്രതിരോധിക്കാന്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് സാധിക്കാതിരിക്കുകയും ചെയ്തതിനാല്‍ പ്രതിക്ക് ആറുവര്‍ഷം  കഠിനതടവും പന്ത്രണ്ടുലക്ഷംരൂപ പിഴയും ഈ കോടതി വിധിക്കുന്നു. പിഴയൊടുക്കാന്‍ തയ്യാറാവാത്തപക്ഷം നാലുവര്‍ഷംകൂടി തടവുശിക്ഷ ദീര്‍ഘിപ്പിക്കുന്നതായിരിക്കുമെന്നും വിധിക്കുന്നു."

പലരിലും ഞെട്ടലുണ്ടാക്കിയ വിധിപ്രസ്താവ്യം കോടതിവളപ്പില്‍ സംഘര്‍ഷസമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. മാദ്ധ്യമങ്ങള്‍ക്ക് ആഘോഷത്തിനുള്ള അവസരവും.

ചെറുപ്പംമുതലേ, അടക്കവും ഒതുക്കവും കൈമുതലായുണ്ടായിരുന്ന കുട്ടിയായിരുന്നു സരളാദേവി. വീട്ടിലെ സാമ്പത്തികപരാധീനതകള്‍മൂലം പാലക്കാടുള്ള അമ്മാവന്‍റെ വീട്ടില്‍നിന്നായിരുന്നു അവളുടെ പഠനം. പഠിക്കാന്‍ അത്രയേറെമിടുക്കിയായിരുന്നില്ലെങ്കിലും പ്രായത്തില്‍ക്കവിഞ്ഞ ദേഹവളര്‍ച്ച അവളേ പലരുടെയും ശ്രദ്ധാകേന്ദ്രമാക്കി. പ്രത്യേകിച്ച് മാംസദാഹികളുടെ.

"സരളാദേവി ഉച്ചയ്ക്കുള്ള ഇന്റര്‍വെല്ലിനു സ്റ്റാഫ്റൂമില്‍ എന്നെവന്നു കാണുക" കണക്കുമാഷുടെ ഉത്തരവ്.

കണക്കുപരീക്ഷയില്‍ തോറ്റതിനുള്ള ഉപദേശം തരുന്നതിനായിരിക്കും. വീട്ടിലെങ്ങാനും അറിഞ്ഞാല്‍ ഉണ്ടാവുന്ന പുകിലുകളെക്കുറിച്ച് ഓര്‍ത്തവള്‍ വ്യാകുലപ്പെട്ടു. വിറച്ചുവിറച്ചായിരുന്നു അവളവിടെ ചെന്നത്. അവളേ അയാള്‍ സ്പോര്‍ട്സ് സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അയാളിരുന്ന മേശയ്ക്കഭിമുഖമായുണ്ടായിരുന്ന കസേരയില്‍ ഇരിക്കാന്‍ ആജ്ഞാപിച്ചു.

"എന്താ കുട്ടീ പഠിക്കാന്‍ ഈയിടെ ശ്രദ്ധവയ്ക്കാത്തത്?.. ഭാസ്ക്കരനോട് പറയണോ ഞാന്‍?.."

"അയ്യോ മാഷേ അമ്മാവനോട് പറയല്ലേ പ്ലീസ്.. അതോടെ അവരെന്‍റെ പഠിപ്പുനിറുത്തി, എന്നെ നാട്ടിലേക്ക് തിരിച്ചയക്കും. പിന്നെ എനിക്ക് കൂലിപ്പണിക്ക് പോകാനായിരിക്കും വിധി.." അവള്‍ കരഞ്ഞുപറഞ്ഞു.

"ങ്ങും.. എങ്കില്‍ ഇനിമുതല്‍ എന്നെ അനുസരിക്കുക. ഞാന്‍ വിളിക്കുമ്പോഴൊക്കെ ഇവിടെ വരണം. കേട്ടോ?.." അതുപറയുമ്പോള്‍ അയാളുടെ നഗ്നപാദങ്ങള്‍ അവളുടെ കണങ്കാലിലൂടെ മുകളിലോട്ടിഴഞ്ഞ് തുടയിടുക്കിലെത്തിയത് ഒരു ഞെട്ടലോടെ അവളറിഞ്ഞു. തീക്ഷ്ണമായ അയാളുടെ നോട്ടത്തിനുമുന്നില്‍ പതറി, ജീവച്ഛവംപോലെ അവളിരുന്നു.

പലതവണ പലവിധത്തില്‍ ഈ പീഡനം അനുഭവിക്കുമ്പോഴും അതിനെക്കുറിച്ച് പുറത്തുപറയാന്‍ അശക്തയായിരുന്നു അവള്‍. അതേ ക്ലാസ്സില്‍ പഠിക്കുന്ന ഉറ്റകൂട്ടുകാരിയും മാഷിന്‍റെ മകളുമായ രേവതിയോടുവരെ എല്ലാമവള്‍ മറച്ചുവെച്ചു.   സ്വന്തം അച്ഛനെക്കുറിച്ച് അവളോട്‌ എന്ത് പറയാന്‍. പത്താംക്ലാസ് കഴിയുന്നതുവരെയും അവളെ അയാള്‍ പീഡിപ്പിച്ചുകൊണ്ടേയിരുന്നു. ഒന്നുപ്രതികരിക്കാന്‍വരെ കഴിയാത്ത തന്‍റെ ദുര്‍വ്വിധിയെ ശപിച്ചുകൊണ്ട് ആ പള്ളിക്കൂടത്തിന്‍റെ പടിയിറങ്ങുമ്പോള്‍ ഒന്നവള്‍ തീരുമാനിച്ചിരുന്നു. ഒരു വക്കീലാവണം.

ഈശ്വരന്‍ സര്‍വ്വശക്തനാണ്. അതല്ലേ ഇനിയൊരിക്കലും കണ്ടുമുട്ടുകപോലുമില്ലായെന്നു കരുതിയ തിലോത്തമന്‍മാഷിനെ വര്‍ഷങ്ങള്‍ക്കുശേഷം തന്‍റെ മുന്നില്‍ കൊണ്ടുവന്നുനിറുത്തിത്തന്നത്!. കാമം തീര്‍ക്കാനുള്ള ഒരുപകരണംപോലെ, ബലമായി തന്നെയുപയോഗിച്ചിരുന്ന ആട്ടിന്തോലിട്ട ആ ചെന്നായ,  ഭയഭക്തിബഹുമാനങ്ങളോടെ തന്‍റെ മുന്നില്‍ നമസ്കരിച്ചുനിന്നത്!!.... അയാള്‍ക്ക്‌ തന്നെ മനസ്സിലായിട്ടില്ലായെന്നതുറപ്പ്. തനിക്കുശേഷം എത്രയോ പെണ്‍കുട്ടികള്‍ ഇയാളുടെ ഇരകളായിക്കാണും..

അയാള്‍ക്കെതിരെയുള്ള കേസ് പഠിക്കാനും ചടുലമായ വിധിനിര്‍ണ്ണയം നടത്താനും ഈ ലോകത്തില്‍ തന്നേക്കാള്‍ യോഗ്യരായ മറ്റാരുമുണ്ടാവുമെന്നു തോന്നുന്നില്ലാ.. സമൂഹദൃഷ്ടിയില്‍ നല്ലപിള്ളചമഞ്ഞുനടക്കുന്ന വെള്ളയടിച്ച കുഴിമാടങ്ങളെ.... മറ്റുള്ളവര്‍ക്കുവേണ്ടി നിങ്ങള്‍ അനുദിനം  കുഴിച്ചുകൊണ്ടിരിക്കുന്ന വാരിക്കുഴികളില്‍ ഇന്നല്ലെങ്കില്‍നാളെ, നിങ്ങള്‍ത്തന്നേ നിപതിച്ചിരിക്കും.

ജീവിതസായൂജ്യം നേടിത്തന്നപോലുള്ള ഒരു ദിവസം!...

കണ്ണടയൂരി മേശമേല്‍വെച്ചുകൊണ്ട് കിടക്കയിലേക്ക് ചായുമ്പോള്‍ സരളദേവിയുടെ മനസ്സ് പെയ്തൊഴിഞ്ഞവാനംപോലെ ശാന്തമായിരുന്നു.

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment