പ്രണയമൊരുദാത്തവികാരമാണുപോലും..
പ്രണയം മനുഷ്യരെ സ്വാര്‍ത്ഥരാക്കുന്നു
അന്തര്‍മുഖരായ രണ്ടുപേരേവീതം,
അത് ലോകത്തിന് സമ്മാനിക്കുന്നു.
നിഷ്ക്രിയതയുടെ വിളനിലങ്ങളിലാണ്
പ്രണയങ്ങള്‍ പൂത്തുലയുന്നത്.
വിരഹങ്ങളെ ഗര്‍ഭംധരിച്ച് അവ,
ഒടുവില്‍ ദുഖങ്ങളെ പ്രസവിച്ചിടുന്നു..
ദിവസം ചെല്ലുംതോറും കണ്ണുകളില്‍
തിമിരം കുത്തിനിറയ്ക്കുകയും
സമീപത്തുള്ള സംഭവങ്ങളേവരേ
കണ്ണില്‍നിന്നു മറയ്ക്കുകയും ചെയ്യുന്നു
സുഹൃദ്ബന്ധങ്ങളും രക്തബന്ധങ്ങളും
പ്രണയക്കൊടുങ്കാറ്റില്‍ കടപുഴകുന്നു.
നിശകളെ നിദ്രാവിഹീനങ്ങളാക്കുന്നു
ഞരമ്പുകളില്‍ രക്തസമ്മര്‍ദ്ദമേറ്റുന്നു
വിലപ്പെട്ട സമയം പാഴാക്കിക്കളയുന്നു
തലച്ചോറിനെ ഒരേചിന്തയില്‍ തളച്ച്,
മറുചിന്തകളെ തടങ്കലിലാക്കുന്നു.
അദൃശ്യമായ ബന്ധനത്തില്‍ കുരുക്കി,
രണ്ടുജന്മങ്ങളെ വിമ്മിട്ടപ്പെടുത്തുന്നു.
തൂലികയിലൂടെ ഒഴുകുന്നതിനെല്ലാം
പ്രണയത്തിന്‍റെ കടുംചുവപ്പുനിറവും.
കഷ്ടപ്പാടുകളുടെ പര്യായമോ പ്രണയം?
പ്രണയമില്ലാത്തവര്‍ സൗഭാഗ്യവര്‍
മൈതാനത്ത് ഒഴുകുന്ന കാറ്റാണവര്‍
കുത്തിയൊഴുകുന്ന പുഴയാണവര്‍
സൗഹൃദം പൂക്കുന്ന മനസ്സാണവര്‍
മലര്‍ക്കേ ചിരിക്കുന്ന മുഖമാണവര്‍
അവരുടെ തൂലികയ്ക്ക് കടിഞ്ഞാണില്ലാ
അവരുടെ ചിന്തകള്‍ക്ക് പരിധികളും
അവര്‍ക്ക് സഹജീവികളെ കാണാം
അവരുടെ വിഷമതകള്‍ തൊട്ടറിയാം
സ്വതന്ത്രവിഹായസ്സില്‍ പാറിപ്പറക്കാം
കാണുന്നവരെയെല്ലാം സുഹൃത്താക്കാം.
സ്വതന്ത്രമായ ആശയവിനിമയങ്ങള്‍..
ഘടികാരം ഭരിക്കാത്ത സമയങ്ങള്‍..
സുഖം സുഖകരം സുഖലയ പൂരിതം
പ്രപഞ്ചത്തെ രണ്ടാളിലേക്കൊതുക്കുന്ന
പ്രണയമൊരുദാത്തവികാരം തന്നേയോ?!
- ജോയ് ഗുരുവായൂര്‍
No comments:
Post a Comment