Thursday, April 27, 2017

"സുനീതി"

കാശ്മീരിലെ ഇന്‍ഡോ-പാക്ക് അതിര്‍ത്തി ജില്ലയായ സാംബയിലെ ഹിരാനഗര്‍ പ്രവിശ്യയില്‍ രാജ്യത്തിനുവേണ്ടി അതിര്‍ത്തികാക്കുന്ന അമല്‍ശാന്ത്
രാത്രിഡ്യൂട്ടി കഴിഞ്ഞ്, അതിരാവിലെ പട്ടാള ക്യാമ്പില്‍ മടങ്ങിയെത്തുമ്പോള്‍ പ്രതീക്ഷിച്ചതുപോലെ കത്തുപെട്ടിയില്‍ സുനീതിയുടെ കത്ത്.  ഈ ഭയപ്പാടുകളുടേയും അനിശ്ചിതത്ത്വങ്ങളുടേയും തുരുത്തിലെ സ്നേഹസാന്ത്വനം.. സ്നേഹംവഴിയുന്ന വരികളുടെ ഉപസംഹാരത്തില്‍ ഇപ്രാവശ്യവുമുണ്ട് ആ ഓര്‍മ്മപ്പെടുത്തല്‍. "അമലേട്ടാ... ലീവില്‍വരുമ്പോള്‍ എന്‍റെ നെക്ലേസിന്റെ കാര്യം മറക്കണ്ടാട്ടോ.." കഴിഞ്ഞതവണ നാട്ടില്‍പ്പോയപ്പോള്‍ അവളുടെ പ്രിയപ്പെട്ട നെക്ലേസ് വിറ്റിട്ടാണ് അമ്മയുടെ ഓപറേഷന്‍ നടത്തിയിരുന്നത്. അന്നവള്‍ക്ക് കൊടുത്ത വാക്കാണ്‌.  

അവധിക്കു വീട്ടിലെത്തുമ്പോള്‍ ഉച്ചനേരം. ഊണിനു കെങ്കേമമായ ഒരുക്കങ്ങള്‍. ദിവസേന ഉണക്കച്ചപ്പാത്തി കഴിച്ചുകഴിച്ച് രസമുകുളങ്ങള്‍ നിര്‍ജ്ജീവമായിത്തുടങ്ങിയ നാക്കിന് ആഘോഷമായിരുന്ന ഊണുകഴിഞ്ഞ്, പ്രിയതമയോടു ചേര്‍ന്ന് മയങ്ങാന്‍ കിടന്നപ്പോള്‍ അവളുടെ കാര്‍ക്കൂന്തലിലെ കാച്ചെണ്ണയുടെ മാദകഗന്ധം അയാളെ വികാരാര്‍ദ്രനാക്കി. നെഞ്ചിലെ രോമങ്ങളില്‍ അവളുടെ അനുരാഗലോലമായ നനുനുത്ത കൈവിരലുകള്‍ ഓടിച്ചുകൊണ്ട് കിന്നാരംപറയുന്നതിനിടയില്‍ അയാള്‍ ഏതുനിമിഷവും പ്രതീക്ഷിച്ചിരുന്ന അതേ ചോദ്യംതന്നേ അവള്‍ ചോദിച്ചു. 

"ചേട്ടാ.. ആ നെക്ലേസ് ഒന്നുകാണിച്ചു തരൂ.."  

"സുനീ.. അത് പിന്നേ.. എന്‍റെ കൂട്ടുകാരന്‍റെ അനിയന്‍ നാട്ടില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അത്യാവശ്യമായി അവന്‍ കുറച്ചുപണം.......... " 

"ഹും.. ഒന്നും പറയേണ്ടാ.. എനിക്കറിയാമായിരുന്നു അവസാനം ഇങ്ങനെത്തന്ന്യാ ഉണ്ടാവാന്ന്..." മുഖംവീര്‍പ്പിച്ച് അവള്‍ തിരിഞ്ഞുകിടന്നു.

അയാള്‍ അവളുടെ കുറുനിരകളില്‍ സ്നേഹപൂര്‍വ്വം തലോടി. അവളുടെ മുഖത്ത് പുഞ്ചിരിയുടെ ലാഞ്ചനകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.

"സാരോല്യാട്ടോ.. എനിക്കറിയാം ആരുടേയും വിഷമം കാണാന്‍പറ്റാത്ത ആ മനസ്സ്. നെക്ലേസ് നമ്മുക്ക് പിന്നേം വാങ്ങാലോ" അവളുടെ കൈത്തലം അയാളുടെ നെറ്റിത്തടങ്ങളില്‍ സാന്ത്വനരേഖകള്‍ തീര്‍ക്കാന്‍ശ്രമിച്ചു.

പെയ്യാന്‍വിതുമ്പിനിന്ന വാനം പെട്ടെന്ന്‍ ആര്‍ത്തലച്ചുപെയ്യാന്‍ തുടങ്ങി.

ചുമരില്‍ തൂങ്ങിക്കിടന്ന ചിത്രത്തിലെ അര്‍ദ്ധനാരീശ്വരന്‍ പുഞ്ചിരിച്ചു.

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment