Thursday, April 27, 2017

പേന

പേന വെറുമൊരു എഴുത്താണിയല്ലാ..
ആയിരം ദുഷ്ടാത്മാക്കളുടെ
മസ്തിഷ്ക്കം തുരന്ന്,
അതില്‍ നുരയ്ക്കുന്ന
ചൊറിയന്‍പുഴുക്കളെ
തോണ്ടിക്കളഞ്ഞ് വൃത്തിയാക്കാന്‍,   
മൂര്‍ച്ചകൂട്ടി കാത്തുസൂക്ഷിക്കേണ്ടുന്ന,  
കരുതലിന്റെ ഉടവാളാണ്.

പൂപ്പുഞ്ചിരികളിലൊളിക്കും, 
വഞ്ചനയുടെ ലാഞ്ചനകാണാന്‍
അത്രയെളുപ്പമല്ലാ.   
ജ്വലിച്ചുനില്ക്കും സൂര്യന്‍റെ
മാറിലെ വ്രണങ്ങളും.....

കിന്നാരം ഗര്‍ജ്ജനമാകുന്നതും,
ഓളങ്ങള്‍ തിരമാലയാകുന്നതും,
കാറ്റ് കൊടുങ്കാറ്റാകുന്നതും,
നിനച്ചിരിക്കാത്ത നേരത്തായിരിക്കും.
ബൌദ്ധികതലങ്ങള്‍ വിറളിപൂണ്ട്, 
ഭൌതികതലങ്ങള്‍ തേടുമ്പോള്‍,
നേരിനും നെറിവിനും
സതിയനുഷ്ഠിക്കേണ്ടിവരുന്നു.
പണവും പദവിയുമേറുമ്പോള്‍,
കോരക്കുടിലുകളിലെ
കുമ്പിളുകളിലേക്കാവും നോട്ടങ്ങള്‍.

മനോഹരമായ പഴങ്ങളിലേറെയും
പുഴുക്കളാണ് വസിക്കുന്നത്.
വെള്ളയടിച്ച കുഴിമാടങ്ങളിലെ
നാറുന്ന ശവശരീരങ്ങള്‍പോലെ......

ഒന്നില്‍പ്പിഴച്ചാല്‍ രണ്ടിലെങ്കിലും,
ചൂഷണത്തിന്‍റെ അധിനിവേശങ്ങളെ
വെട്ടി താറുമാറാക്കുക.
പ്രബുദ്ധത ജ്വലിക്കുന്ന ആലയില്‍,
പഴുപ്പിച്ച്, മൂര്‍ച്ചയേറ്റിയ
ആയുധങ്ങള്‍ കരുതിവെക്കുക.  
മൂര്‍ച്ചയില്ലാത്ത ഉടവാളുകള്‍
ഊന്നുവടികളേക്കാള്‍ മോശം.

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment