Thursday, April 27, 2017

വസന്തം തിരികേവന്നപ്പോള്‍.....

സമയം രാത്രി പന്ത്രണ്ടര. മഞ്ഞുപുതച്ച്, കോട്ടഗിരി ഗാഢനിദ്രയിലമര്‍ന്നുകിടക്കുന്നു
.

ലാപ്ടോപ്പില്‍ നാളേക്കുള്ള പ്രോജെക്റ്റ്‌ ജോലികള്‍ പ്ലാന്‍ ചെയ്ത് ഏറെ വൈകിയായിരുന്നു അരുള്‍ദാസ്‌ ഇരട്ടക്കമ്പിളിക്കടിയിലേക്ക് ഊളിയിട്ടിരുന്നത്. അസമയത്ത് തുടരേത്തുടരെ റിംഗ് ചെയ്ത മൊബൈല്‍ ആലസ്യത്തോടെ കൈയെത്തിച്ചെടുക്കുമ്പോള്‍ അവന്‍ ഈര്‍ഷ്യയോടെ പിറുപിറുത്തു.

"ഹെലൂ.. ദിസ്‌ ഈസ്‌ ശ്രീലേഖ ഹിയര്‍. ഹൌ ആര്‍ യു മേന്‍?.... "

"ങേ?.... റോംഗ് നമ്പര്‍"

ഹോ.. ഈ പാതിരാത്രിയില് എന്തിന്‍റെ കൃമികടിയാണാവോ ഇവളുമാര്‍ക്ക്... ഫോണ്‍ കട്ട് ചെയ്ത് പുതച്ചുകിടക്കാന്‍ നോക്കുമ്പോള്‍ അതേനമ്പറില്‍നിന്നുതന്നേ വീണ്ടും കോള്‍..

"ഹലോ.. ഹൂ ഈസ്‌ ദിസ്?.. വാട്ട് ഹെല്‍ യു നീഡ്‌ ഫ്രം മി ഇന്‍ ദിസ്‌ മിഡ്നൈറ്റ്‌?.. " ദേഷ്യത്തോടെ ചോദിച്ചു.

"ഡാ മാക്രീ.. ഇത് ഞാനാടാ ചീരു.. എന്നെ മറന്ന്വോ നീയ്?.. കഷ്ടം.. ഹോ ഒരു ദേഷ്യക്കാരന്‍.. ചവിട്ടിക്കൂട്ടും ഞാന്‍ ങാ..."

"ഹോ ഹൂ.. എടി മുരിങ്ങക്കോലേ നീയോ?! എവിടെയാ നീ.. ഉറക്കമൊന്നുമില്ലേ?.. വാട്ട് എ സര്‍പ്രൈസ്!.."

"ഞാനിപ്പോ യു എസില്‍ തന്നേ.. ഒരു കാര്യം പറയാനാ ഇപ്പോള്‍തന്നേ വിളിച്ചേ.. ഈ വീക്കെന്‍ഡില്‍ ഞാനങ്ങെത്തും രണ്ടുദിവസം നീ ഫ്രീയാവണം. എത്ര തിരക്കുണ്ടെങ്കിലും... ഓക്കേ?..."

"അതിപ്പോ.. പ്രൊജക്റ്റ്‌... ക്രിട്ടിക്കല്‍ സ്റ്റേജില്‍... " മറുവശത്ത് ഫോണ്‍ കട്ട് ചെയ്യുന്ന ശബ്ദം.

ഉറക്കം അനുസരണമില്ലാത്ത കുട്ടിയേപോലെ കമ്പിളിക്കകത്തേക്കുകയറാന്‍ വിസമ്മതിച്ചുനിന്നു.

ശ്രീലേഖ.. ചീരു.. തന്‍റെ ബാല്യകാല സഖി, അയല്‍വാസി, പ്രേമഭാജനമായിരുന്നവള്‍.. ഒടുവില്‍ തന്നെ നിരാശാകാമുകനാക്കി, അമേരിക്കയിലുള്ള അമ്മാവന്‍റെ മകന്‍റെ കൈപിടിച്ച് തന്നോട് റ്റാറ്റപറഞ്ഞുപോയവള്‍.. സത്യത്തില്‍ അതിനുശേഷം അവളെ ഓര്‍ക്കുന്നതുതന്നേ ദേഷ്യമായിരുന്നു. ഇപ്പോഴിതാ എട്ടുവര്‍ഷങ്ങള്‍ക്കുശേഷം അവള്‍..

അവളോടൊപ്പമുള്ള ജീവിതമായിരുന്നു ഏറ്റവും വലിയ അഭിലാഷം. ഹൃദയത്തിന് ആ കുപ്പിവളക്കിലുക്കങ്ങള്‍ അത്രമാത്രം പ്രിയതരമായിരുന്നു. അവളും തന്നെ അത്രയേറെ സ്നേഹിച്ചിരുന്നതുമാണ്. എന്നിട്ടും.. അവസാനമായി താനാവശ്യപ്പെട്ടത് ഒരു ചുംബനം മാത്രമായിരുന്നു. മറ്റൊരാളുടെ ഭാര്യയാവാന്‍പോകുന്ന തനിക്കതിനു സാധിക്കില്ലായെന്നുപറഞ്ഞവള്‍ ഒഴിഞ്ഞുമാറിയപ്പോള്‍ സങ്കടമായെങ്കിലും അവളുടെ ധാര്‍മ്മികബോധത്തെക്കുറിച്ച് അഭിമാനവും തോന്നി. എത്ര നിസ്സാരമായാണവള്‍ തന്നെവിട്ടുപോയത്. കര്‍ക്കശമായ കുടുംബാന്തരീക്ഷമാണെങ്കിലും വര്‍ഷങ്ങള്‍ത്തന്നേ പഴക്കമുള്ള തങ്ങളുടെ ഇഷ്ടത്തെക്കുറിച്ച് അവള്‍ക്കവരോടൊന്നു സൂചിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഹൃദയത്തിനത് താങ്ങാനാവാത്തൊരു ആഘാതമായിരുന്നു. ധൈര്യസമേതം ചെന്ന് അവരോടിക്കാര്യം സംസാരിക്കാന്‍ ജോലിയും കൂലിയുമില്ലാതിരുന്ന താനും അശക്തനായിരുന്നു.

അവളിതിനകം തീര്‍ത്തുമൊരു അമേരിക്കക്കാരിയായി മാറിക്കഴിഞ്ഞിരിക്കും. മിക്കവാറും ഒരമ്മയും..

ഈ ഏകാന്തവാസത്തില്‍ താനുമെത്രയോ മാറിക്കഴിഞ്ഞു. നിറഭേദങ്ങളില്ലാതെ കടന്നുപോയ നീണ്ട ഏഴുവര്‍ഷങ്ങള്‍.. അമ്മയേറെ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ തോന്നുന്നതേയില്ലാ. കടുത്തമോഹഭംഗത്തിന്‍റെ സമ്മര്‍ദ്ദം ഇപ്പോഴും മനസ്സിനെ ഉലച്ചുകൊണ്ടിരിക്കുന്നു.

അവള്‍ ഒറ്റയ്ക്കായിരുന്നു കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ രാത്രി പത്തുമണിക്ക് വന്നിറങ്ങിയത്. ഭര്‍ത്താവിനേയും കുട്ടികളെയുമൊക്കെ തിരക്കിയപ്പോള്‍ ഒക്കെ വഴിയേ പറയാമെന്നുപറഞ്ഞു.

"നിന്നെയിപ്പോ മുരിങ്ങക്കോലെന്നല്ലാ വെള്ളക്കത്തിരിക്കായെന്നാ വിളിക്കേണ്ടത്.. തടിവെച്ചെങ്കിലും ഗ്ലാമറിന് കുറവൊന്നും വന്നിട്ടില്ലാട്ടോ.. ഇത് എന്‍റെ കണ്‍സ്ട്രക്ഷന്‍സൈറ്റിലെ പാട്ടവണ്ടിയാണ്.. നിനക്കൊക്കെ പിടിക്കുമോ ആവോ?"

"അരുള്‍, ഞാനാപഴയ ചീരു തന്നെയാടോ.. മുഖത്തൊരു താടിവന്നുകയറിയെന്നതൊഴിച്ചാല്‍ ഒരു മാറ്റവുമില്ലെല്ലോടാ നിനക്ക്?!.. സൈക്കിള്‍ ഓടിക്കാന്‍വരേ പേടിച്ചിരുന്ന നീ, ഈ വണ്ടി ഡ്രൈവ് ചെയ്യുന്നതുകാണുമ്പോള്‍ എനിക്കത്ഭുതം തോന്നുന്നു... ഹല്ലാ എന്നെ നീ എങ്ങോട്ടാണാവോയീ കൊണ്ടുപോകുന്നത്?.."

"കാടുംപടലും പിടിച്ചുകിടക്കുന്ന എന്‍റെ ഗുഹയിലേക്ക്.. അല്ലാതെങ്ങോട്ടാ.. നിന്നെക്കൊണ്ടുവേണം മുറിയൊക്കെ ഒന്ന് ക്ലീന്‍ ചെയ്യിക്കാന്‍ എന്നുകരുതിയിരിക്കുവാ.. ഹ ഹ ഹ.."

"ഹോ.. പിന്നേ.. അതിനുനിന്‍റെ കെട്ട്യോളെ വിളിച്ചാല്‍ മതീട്ടാ.. മടിയാ.... അരുള്‍ നീ..... "

"ഇല്ലെടോ... ഒറ്റതടിതന്നേ.. നീയോ പോയീ.. പിന്നെന്തിനാ കണ്ട വയ്യാവേലികളൊക്കെയെടുത്ത് തലയില്‍വയ്ക്കുന്നേയെന്നുകരുതി... ഇപ്പോള്‍ ജീവിതം സുഖം.. ശാന്തം... നോ ടെന്‍ഷന്‍ അറ്റ്‌ ഓള്‍"

അവനവളെയൊന്നു പാളിനോക്കി. ആ മുഖം പെട്ടെന്ന് മ്ലാനമാകുന്നത് കണ്ടു. പിന്നെയൊരു ചെറിയ മൗനം അവിടെ തമ്പടിച്ചു. വളവുകളും കയറ്റങ്ങളും കയറിയിറങ്ങി കോട്ടഗിരിയെ ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്ന വണ്ടിയുടെ തീക്കണ്ണുകള്‍, വഴിയില്‍ കട്ടപിടിച്ചുകിടന്ന ഇരുളിനെ അതിവേഗം വകഞ്ഞുമാറ്റിക്കൊടുത്തുകൊണ്ടിരുന്നു.

"എന്തുപറ്റി ചീരൂ?.. "

"നീ പറഞ്ഞത് എത്ര സത്യം.. വിവാഹം സ്വര്‍ഗ്ഗത്തില്‍നടക്കുന്നുവെന്നൊക്കെ ആളുകള്‍ ചുമ്മാ പറയുന്നതാണ്. ആണെങ്കില്‍ ഇത്രയുംപെട്ടെന്ന് മധുമോഹനുമായി എനിക്ക് പിരിയേണ്ടിവരുമായിരുന്നോ?.. സത്യത്തിലെനിക്ക് അയാളോട് ഒട്ടും പൊരുത്തപ്പെടാനാവുമായിരുന്നില്ലാ. ഒരുപാട് പെണ്‍സുഹൃത്തുക്കളുടെയിടയില്‍ വിലസുന്ന ശ്രീകൃഷ്ണനാണയാള്‍. ബെഡ്റൂമിലേക്കുവരേ നീളുന്ന ബന്ധങ്ങള്‍. നിന്നെ ഞാന്‍ ഒരുപാട് മിസ്സ്‌ ചെയ്ത ഇരുണ്ടനാളുകള്‍..."

"ഹോ.. എന്നിട്ട്?..."

"എന്നിട്ടെന്താ.. ഞാനങ്ങു കളഞ്ഞു. അത്രതന്നേ.. നമ്മുടെ നാട്ടിലെപ്പോലെ വലിയ നൂലാമാലകളൊന്നുമില്ല. ഗ്രീന്‍കാര്‍ഡ് ലഭിച്ചിരുന്നതുകൊണ്ട് നാട്ടിലേക്കുമടങ്ങിവരേണ്ട നാണക്കേടില്‍നിന്നു രക്ഷപ്പെട്ടു. നല്ലൊരു ജോലികിട്ടി. ഒരു ഫ്രീ ബേര്‍ഡായി ജീവിക്കുന്നു.. നീ പറഞ്ഞപോലെ സുഖം ശാന്തം.."

"ഹ ഹ ഹ അതുകൊള്ളാലോ.. അല്ലെങ്കിലും എന്താണ് ഈ കുടുംബജീവതത്തിലുള്ളത്... പണ്ടൊരു സുഹൃത്ത് പറഞ്ഞതുപോലെ, ചായ കുടിക്കാന്‍ ആരെങ്കിലും ചായക്കട വിലയ്ക്കുവാങ്ങുമോ?!.."

"യെസ് എക്സാക്റ്റ്ലി.. നവ് ഐ ആള്‍സോ ഹാവ് സൊമെനി ഫ്രണ്ട്സ്.. ആവശ്യമുള്ളതെന്തും സന്തോഷത്തോടെ തരാന്‍ തയ്യാറുള്ളവര്‍.. പണത്തിനുപണം.. അതിലുംവലിയതായി എന്താണുവേണ്ടത് ഒരു ജീവിതത്തില്‍.. അല്ലേ അരുള്‍?.."

"ചീരു.. അപ്പോ നീ.... റിയലി?!....... " അവന്‍ അവിശ്വസനീയതയോടെ അവളുടെ കണ്ണുകളിലേക്കുനോക്കി.

"യെസ് ഡിയര്‍.. എന്തേ വിരണ്ടുപോയോ?.. ഇതൊക്കെ ഓരോരുത്തരുടേയും ലൈഫിന്‍റെ ലിബര്‍ട്ടി അല്ലേ?.. തിരിച്ചറിവ് വന്നതിനുശേഷം ജീവിതം എങ്ങനെയൊക്കെയാവണമെന്നു തീരുമാനിക്കേണ്ടത് നമ്മളായിരിക്കണം. മറ്റുള്ളവരുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് ഒരു കോര്‍ട്ടിനുള്ളില്‍ മാത്രം ഉരുണ്ടുകളിക്കേണ്ട പന്തായി നമ്മള്‍ നിന്നുകൊടുക്കരുത്. നമ്മുടെ ആവശ്യങ്ങള്‍ ധൈര്യമായി അവതരിപ്പിക്കണം, അവയേ എന്തുവിലകൊടുത്തും എത്തിപ്പിടിക്കണം.. എന്‍റെ ജീവിതം പഠിപ്പിച്ച പാഠമാണിത് അരുള്‍... "

"അതുശരിയാ.. ഏകദേശം ഞാനും നിന്‍റെ ഈ കാഴ്ചപ്പാടില്‍ത്തന്നെയാണിപ്പോള്‍ ജീവിക്കുന്നതും. ഉത്തരവാദിത്വങ്ങള്‍പേറാത്ത ബന്ധങ്ങളാണ് ജീവിതം 'വണ്ടര്‍ഫുള്‍' ആക്കുന്നതെന്നു ഈയിടെ ഞാനും അനുഭവിച്ചറിയുന്നുണ്ട്. പക്ഷേ, നമ്മുടെ കാഴ്ചപ്പാടിനനുസരിച്ച് നമ്മുടെ സംസ്കാരം വളര്‍ന്നുവരാന്‍ നമ്മുടെ മൂന്നോനാലോ ജന്മങ്ങള്‍തന്നേ എടുത്തേക്കാം..."

"യെസ്.. ആ തിരിച്ചറിവിലായിരിക്കാം ഈ സമൂഹത്തില്‍ രഹസ്യമായ 'അവിശുദ്ധബന്ധങ്ങള്‍' ഒരുപാട് കൂടിവരുന്നതും. അവകാശപ്പെട്ട അത്യാവശ്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴല്ലേ ഒരു നിഷേധി ജനിക്കപ്പെടുന്നത്.. കുറ്റംപറയാനാവില്ലായൊരിക്കലും... തരാന്‍ വിസമ്മതിക്കപ്പെടുന്നത്, ബന്ധപ്പെട്ടവരറിയാതെ നമ്മള്‍ത്തന്നേയങ്ങ് എടുക്കുക.. ദാറ്റ്സ് ഓള്‍.. ഹ ഹ ഹ"

ശ്രീലേഖ കുളിക്കാന്‍ കയറിയപ്പോള്‍ കാപ്പിയുണ്ടാക്കുവാനായി അരുള്‍ അടുക്കളയില്‍കയറി. സമയം പുലര്‍ച്ച നാലുമണി. ഒരല്പനേരമെങ്കിലും ഉറങ്ങിയേതീരൂ..

കുളികഴിഞ്ഞ് അടുക്കളയിലേക്കുവന്ന ശ്രീലേഖയെകണ്ട് അവന്‍ അമ്പരന്നുപോയി. നേരിയ നൈറ്റ്‌ഗൌണില്‍ അവളുടെ ഉടലളവുകള്‍ ത്രസിച്ചുനിന്നു. ഒരു മാസ്മരികഗന്ധം അവിടെ നിറഞ്ഞു. അവള്‍വന്ന് അവന്‍റെ തോളില്‍ കൈയിട്ടപ്പോള്‍ ദേഹമാകേ കുളിരുന്നതായി തോന്നി. അവന്‍ അനങ്ങാതെ കണ്ണുമടച്ചുനിന്നു.

"അരുള്‍... ടാ.. അന്നുനമ്മള്‍ അവസാനമായി പിരിഞ്ഞദിവസം എന്നോട് നീയൊരുകൂട്ടം ചോദിച്ചിരുന്നു. ഓര്‍മ്മയുണ്ടോ നിനക്കത്?.."

"ഉണ്ട്... എങ്ങനെ മറക്കാനാ അതൊക്കെ?.. " മരവിപ്പില്‍നിന്നു മുക്തമായി അവന്‍ പ്രതിവചിച്ചു.

"എന്നാല്‍ ഇന്നുഞാന്‍ നിനക്കതുതരും.. അതുമാത്രമല്ലാ, നിനക്ക് ആവശ്യമുള്ളതൊക്കെയും.. പോരേ?.. "

വികാരപരവശയേപോലെ അവളവനെ ചുംബിക്കാനൊരുങ്ങിയപ്പോള്‍ അവന്‍ കുതറിമാറി അവളെ അവിശ്വസനീയതയോടെ നോക്കി.

"വാട്ട് ഹാപ്പെന്‍ഡ് അരുള്‍?.. കമോണ്‍ ഡിയര്‍..." അവള്‍ അവനുനേരെ നീങ്ങി.

"നോ... ഐ കാണ്ട്.... സോറി.. ഗെറ്റ് ലോസ്റ്റ്‌ ഫ്രം മി.. " അവന്‍ അലറിയത് കേട്ടവള്‍ ഞെട്ടിത്തരിച്ചുനിന്നു.

ചെറുപ്പംമുതലേ അടുത്തിടപഴകി നിഷ്ക്കളങ്കമായ സ്നേഹംപങ്കിട്ടിരുന്ന ചീരുവിനെ അത്തരുണത്തില്‍ ഉള്‍ക്കൊള്ളാന്‍ അവന്‍റെ മനസ്സിന് ഒരിക്കലും ആവുമായിരുന്നില്ലാ. ആദര്‍ശങ്ങള്‍ ധാരാളം വിളമ്പുകയും എന്നാല്‍ സ്വജീവിതമാകുമ്പോള്‍ എല്ലാം സൌകര്യപൂര്‍വ്വം മറക്കുകയുംചെയ്യുന്ന ഭൂരിഭാഗപുരുഷവര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായി നിലകൊണ്ട അരുളിനെതിരെ മുഖംതിരിച്ചുകൊണ്ട്, ദൂരേ, മഞ്ഞുമൂടിയ മലനിരകളിലേക്ക് അലക്ഷ്യമായി ദൃഷ്ടികളെറിഞ്ഞുകൊണ്ട്, ജനാലയ്ക്കല്‍ അവള്‍ മൗനത്തിന്‍റെ ആള്‍രൂപമായി.

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment