Thursday, April 27, 2017

നിഴലിനെ പേടിച്ചവന്‍

ഇലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദംകേട്ടാണ് രാത്രിനേരത്ത് ഉമ്മറത്തിണ്ണയില്‍ ഇരുന്നുപഠിച്ചിരുന്ന എട്ടാംക്ലാസുകാരനായ സുധി, ഭയപ്പാടോടെ ഇരുട്ടിലേക്ക് സൂക്ഷിച്ചുനോക്കിയത്. ഒരു കറുത്ത ആള്‍രൂപം വീട്ടുമുറ്റത്തുള്ള കയ്യാലയുടെ പിറകില്‍നിന്ന് തന്നെ ഒളിഞ്ഞുനോക്കുന്നതായും, ഞൊടിയിടയില്‍ അപ്രത്യക്ഷമായതായും അവനു തോന്നി.

"അമ്മേ.. അയ്യോ.. ഞാന്‍ പറയാറുള്ള നിഴല്‍രൂപം ദേ വീണ്ടും വന്നൂ.. "

"എന്താടാ.. എന്ത് പറ്റീ.."

അമ്മേ നിഴല്‍ഭൂതം...  എന്നേതന്നെ നോക്കുവായിരുന്നു അമ്മേ? ഞാന്‍ ശരിക്കും കണ്ടതാ.. അമ്മേ.. നമുക്കിനി അമ്മാവന്റെ വീട്ടില്‍പോയി താമസിക്കാം.. അല്ലേല്‍ ആ പ്രേതം നമ്മളെയൊക്കെ കൊല്ലും .. മിനിഞ്ഞാന്ന് രഘൂന്റെവീട്ടിലെ പശൂനെ കൊന്നത്രേ. ശശിമാമയുടെ വീട്ടിലെ ആ അമേരിക്കന്‍പട്ടിയെ കൊന്നതും അതാണത്രേ..  മൃഗങ്ങളെ കിട്ടാതായാല്‍ കുട്ട്യോളുടെ ചോരകുടിക്കാന്‍ നിഴല്‍ഭൂതങ്ങള്‍ വരുംന്നാണ് ശങ്കുമുത്തച്ഛന്‍ പറയണേ.. "

"പിന്നേ... അതുവല്ല വാഴക്കൈയും ഇളകിയതാവും.. ഓരോന്നും പറഞ്ഞ് പടിക്കാതിരിക്കാനുള്ള  സൂത്രങ്ങള്‍.... മടിയന്‍"

നടയിലകത്ത്‌ കൂനിക്കൂടികിടന്നിരുന്ന മുത്തശ്ശി വാതില്‍ക്കലേക്ക് വേച്ചുവേച്ചുവന്ന്‍, വിറയ്ക്കുന്ന സ്വരത്തോടെ ചോദിച്ചു.

"ന്താ കുട്ടി കരയണേ.. ആ അശ്രീകരം പിന്നേം വന്നോ..?

"ങ്ങും.."

"അത് നെഴല്‍പൂതൊന്ന്വല്ലാ കുട്ട്യേ...  ഒറ്റ്ലിച്ചിയാണ്  ഒറ്റ്ലിച്ചി... പോണവഴിയിലെ സകലതും നശിപ്പിച്ചേ അടങ്ങൂ.. ന്‍റെ ചെര്‍പ്പംമൊതലേ അയിനെ ഞാന്‍ കാണുന്നതല്ലേ.. നെന്റെ മുത്തച്ഛന്‍ ഒരിക്കലീ ചെകുത്താനെ കണ്ടുപേടിച്ച് കുട്ടന്‍വൈദ്യര്‍ടെ അവടെ നാലൂസാ ബോധല്ല്യാണ്ട് കെടന്നേ... പഠിപ്പൊക്കെ മത്യെന്റെ കുട്ട്യേ... ശീഘ്രം നാമംജപിച്ച് ന്റെടുത്ത് വന്നുകെടന്നോളാ.."

ഓം വജ്‌റ നവായ വിദ്മഹേ
തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!.."

തന്നോട് പറ്റിച്ചേര്‍ന്നുകിടന്ന സുധിമോനെ ചുക്കിച്ചുളിഞ്ഞ തൊലിയുള്ള കരങ്ങള്‍കൊണ്ട് ചേര്‍ത്തുപിടിച്ച്, വിറയ്ക്കുന്ന ചുണ്ടുകളാല്‍ മുത്തശ്ശി ഭയമകറ്റാനുള്ള വിഷ്ണുമന്ത്രമുരുവിട്ടു.

"പിന്നേ.. ഒരു ഒറ്റ്ലിച്ചിയും കിറ്റ്ലിച്ചിയും.... ഈ അമ്മ തന്ന്യാ.. ങ്ങനെ ഓരോന്ന് പറഞ്ഞുകൊടുത്ത് കുട്ട്യേ ഭയപ്പെടുത്തണേ.. അവന് നാളെ പരീക്ഷയുള്ളതാ.. ഒക്കെ പഠിച്ചു കഴിഞ്ഞോടാ?..."

സരസ്വതിയമ്മ ഇത് പറഞ്ഞപ്പോള്‍ അതിനുപ്രതികരണമെന്നോണം സുധിക്കുട്ടന്‍ കമ്പിളി തലവഴിമൂടിപ്പുതച്ച്ക തിരിഞ്ഞുകിടന്നു.

മുത്തശ്ശി മരിക്കുമ്പോള്‍ സുധി അവസാനവര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായിരുന്നു. ആ മരണം സരസ്വതിയമ്മയേയും സുധിയേയും അനാഥമാക്കിയതിനുപുറമേ പട്ടാളക്കാരനായ മുത്തച്ഛന്റെ പെന്‍ഷന്‍വഴി ലഭിച്ചിരുന്ന വരുമാനവും നിലപ്പിച്ചു.

തയ്യല്‍ജോലിയില്‍നിന്നുകിട്ടുന്
ന വരുമാനംകൊണ്ട് സരസ്വതിയമ്മ കുടുംബംപോറ്റി. ചെറിയ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തുകൊടുത്ത് വട്ടച്ചിലവുകള്‍ക്കുള്ള ചെറിയൊരുവരുമാനം സുധിയും ഉണ്ടാക്കിയിരുന്നു.

"അമ്മേ ഞാന്‍ എസ് ഐ സെലക്ഷന്‍ ടെസ്റ്റ്‌ ജയിച്ചു!!..."

ചവിട്ടിവന്ന സൈക്കിള്‍, സ്റ്റാന്‍ഡില്‍ വയ്ക്കാനുള്ള സംയമനംപോലും കാണിക്കാതെ സുധി, അടുക്കളക്കോലായിലെ അമ്മിക്കല്ലില്‍ മുളകരയ്ക്കുകയായിരുന്ന സരസ്വതിയമ്മയെ എടുത്തുയര്‍ത്തി.

"മോനേ.. കൈയില്‍ അരപ്പുണ്ട്.. നിന്റെ ദേഹത്താവും... വിട്.. " കൈകള്‍ സുധിയുടെ കുപ്പായത്തില്‍തട്ടാതെ അവര്‍ ഉയര്‍ത്തിപ്പിടിച്ചു.

ആ മാതാവിന്‍റെ കണ്ണുകളില്‍നിന്ന്‍ സന്തോഷ-ചാരിതാര്‍ത്ഥ്യങ്ങളുടെ പുഴയൊഴുകി, അവന്റെ ഉടുപ്പിനെ നനച്ചു. താഴെനിറുത്തിയവഴി അവര്‍ അവന്‍റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു

"നിന്റെ അച്ഛന്റെ ഏറ്റവുംവലിയ ആഗ്രഹമായിരുന്നു നീയൊരു എസ് ഐ ആവുണമെന്നത്.. നീ അച്ഛന്റെ ആഗ്രഹം സാധിപ്പിച്ചല്ലോടാ മിടുക്കാ.."

"അമ്മേ... ഇനിയെങ്കിലും പറഞ്ഞൂടേ.. എന്‍റെ അച്ഛന്‍ എവിടെയാണെന്ന്?... പ്ലീസ് അമ്മേ.. "

"ങ്ങും.. പറയാം മോനേ... കുറച്ചുകൂടി സമയം എനിക്ക് തരൂ.. ഒക്കെ അമ്മ പറയാംട്ടോ...."

ട്രെയിനിംഗ് കഴിഞ്ഞ് ആദ്യത്തെ നിയമനം  കേരളത്തിന്‍റെ അതിര്‍ത്തിയിലുള്ള ഒരു കുപ്രസിദ്ധ സ്റ്റേഷനിലേക്ക്. സാമൂഹ്യദ്രോഹികളുടേയും  തസ്ക്കരവീരന്മാരുടേയും ആസ്ഥാനം.

മിടുക്കനും ധീരനുമായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു എസ് ഐ സുധി. നിഴല്‍ഭൂതങ്ങളെന്നുകേട്ടാല്‍വരേ ഭയന്നുവിറച്ചിരുന്ന സുധിയല്ലാ  ഇന്നത്തെ സുധി. കാര്യക്ഷമവും തന്ത്രപരവുമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് നല്ലൊരു പ്രതിച്ഛായ സുധി നേടി.  പല സങ്കീര്‍ണ്ണമായ കേസന്വേഷണങ്ങള്‍ക്കും എസ്. ഐ. സുധി നിയോഗിക്കപ്പെട്ടു.

"അമ്മേ.. ഇന്നലെ ഞാനൊരു വലിയ കള്ളനെ പിടിച്ചു. ഇരുട്ട് ഭാസ്കരന്‍. എന്‍റെ  വെടികൊണ്ടിട്ടുവരേ അയാള്‍ രണ്ടുമൂന്നു പോലീസുകാരെ അടിച്ചിട്ട്  കായംകുളം കൊച്ചുണ്ണിയേപോലെ ഓടിക്കളഞ്ഞു. ഞാന്‍  വിടുമോ. പക്ഷേ  അയാള്‍ പെട്ടെന്ന്  സ്വയം കീഴടങ്ങി. ചാവാനുള്ള മുറിവൊന്നും ഇല്ലെങ്കിലും  അയാള്‍ക്ക്‌ പെട്ടെന്ന്‍ ഹൃദയസ്തംഭനം ഉണ്ടായി. ഇപ്പോള്‍  ആശുപത്രിയിലാക്കിയാണ്  ഞാന്‍  വരുന്നത്."

"അയ്യോ  മോന്  വല്ലോം  പറ്റ്യോ?"

"ഹേയ് ഇല്ലമ്മേ.. ഇതൊക്കെ  ചീളുകേസുകള്‍  അല്ലേ? പക്ഷേ, രക്ഷപ്പെടാമായിരുന്നിട്ടും അയാളെന്തേ കീഴടങ്ങിയത് എന്നാണ് മനസ്സിലാവാത്തത്. ഹും.. ചിലപ്പോള്‍ സുധിയെക്കുറിച്ച് നല്ലവണ്ണം അറിയുന്നതുകൊണ്ടാവും.. പിടികിട്ടാപുള്ളിയെ പിടിച്ചതിന് എന്തായാലും ഒരു  പ്രൊമോഷന്‍  ഉറപ്പാ.." അവന്‍ കണ്ണാടിയില്‍നോക്കി  മീശപിരിച്ചു.

പിറ്റേദിവസം സരസ്വതിയമ്മ മുറ്റമടിക്കുമ്പോഴാണ്, പത്രക്കാരന്‍ പത്രമിട്ടുപോയത്. അതെടുത്ത് തിണ്ണയിലേക്ക് വയ്ക്കാന്‍ മുതിരുമ്പോള്‍ ഒരു ഫോട്ടോ കണ്ണിലുടക്കി.

"ഇരുട്ട് ഭാസ്ക്കരന്‍ വെട്ടില്‍!.. "എസ് ഐ സുധി കള്ളനെ കൈയാമംവച്ച് കൊണ്ടുവരുന്ന ഫോട്ടോ.

'ഈശ്വരാ... ഇത് അങ്ങേരല്ലേ?!!.... ഫോറിന്‍സാധനങ്ങളുടെ ബിസിനസ് ആണെന്നുപറഞ്ഞിട്ട്  ഇതായിരുന്നോ പരിപാടി?...'  സരസ്വതിയമ്മ തലചുറ്റിവീണു.

സന്ധ്യകഴിഞ്ഞ നേരത്ത് അവര്‍ക്ക് ബോധം തെളിഞ്ഞപ്പോള്‍ സുധി അരികിലുണ്ടായിരുന്നു.

"മോനേ.. എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്.. ചെറുപ്പത്തില്‍ നീ ഭയപ്പെട്ടിരുന്ന നിഴല്‍ഭൂതത്തെയാണ്‌ നീയിപ്പോള്‍ പിടിച്ചിരിക്കുന്നത്... നിന്‍റെ  അച്ഛനാണത്. നിന്നെ ഞാനെന്‍റെ വയറ്റില്‍ച്ചുമക്കുന്ന  കാലത്ത് അച്ഛനും കൂട്ടുകാരുംകൂടി കള്ളനെന്നുകരുതി  ഒരാളെ തല്ലിച്ചതച്ചിരുന്നു. അയാള്‍ മരിക്കുകയുംചെയ്തു. പക്ഷേ, അയാള്‍  കള്ളനായിരുന്നില്ലാ. എവിടെനിന്നോ വന്നൊരു ഭ്രാന്തനായിരുന്നു. പോലീസിനെ വെട്ടിക്കാന്‍ അന്ന്  നാടുവിട്ടതാ നിന്‍റെ അച്ഛന്‍. ഇടയ്ക്ക് നിന്നേയും എന്നേയും കാണാനുള്ള കൊതികൊണ്ട് രാത്രിനേരത്ത് നമ്മുടെ വീട്ടിലേക്കുവരുമായിരുന്നു. നിഴല്‍ഭൂതമെന്നാണ് മോന്‍ അച്ഛന് പേരിട്ടിരിക്കുന്നത്  എന്ന് ഞാന്‍ പറഞ്ഞതുകേട്ട്‌ നിന്‍റെ അച്ഛന്‍ ഒരുപാടുചിരിക്കുമായിരുന്നു. നിന്‍റെ പഠിപ്പിനുള്ള എല്ലാപണവും അച്ഛന്‍ എനിക്ക് എത്തിച്ചുതന്നു.. നിന്നോട്  യാതൊന്നും വെളിപ്പെടുത്തരുതെന്ന് കര്‍ശനമായി പറഞ്ഞിരുന്നു. ആ അച്ഛനെയല്ലേ മോനേ നീ...." അവര്‍ മോഹാലാസ്യപ്പെട്ട് ആശുപത്രിക്കിടക്കയിലേക്ക്  ചരിഞ്ഞു.

ഭ്രാന്തുപിടിച്ച സുധി ജീപ്പെടുത്ത് ഇരുട്ട് ഭാസ്ക്കരനെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് പാഞ്ഞു. മൊബൈലില്‍ കോണ്‍സ്ട്ടബിള്‍ രാജേഷിന്‍റെ കാള്‍. വണ്ടി ഓരത്തെക്കൊതുക്കി ഫോണ്‍ എടുത്തു.

"സര്‍... ഇരുട്ട് കൈയീന്നുപോയി സാറേ... "

"ങേ... വീണ്ടും രക്ഷപ്പെട്ടോ?.. നിങ്ങളെയൊക്കെ എന്തുനോക്കാനാണ് ഞാനവിടെ  നിറുത്തിയിരിക്കുന്നേ.. കഷ്ടം..."

"അല്ല സാറേ... ആള്  വടിയായി... "

"ഷിറ്റ്...."  നിയന്ത്രണംവിട്ട് സുധി ആ മൊബൈല്‍ഫോണ്‍ കാട്ടിലേക്ക് വലിച്ചെറിഞ്ഞ്  തലയ്ക്കുകൈകൊടുത്തിരുന്നു വിതുമ്പി.

"മോനേ... സുധിമോനേ... " ആര്‍ദ്രമായൊരു വിളികേട്ട് അവന്‍ ഇരുട്ടിലേക്ക്  പകച്ചുനോക്കി...

ഒരു തേക്കുമരത്തിന്‍റെ മറവില്‍നിന്നും ഒരു നിഴല്‍രൂപം തന്നെ ഉറ്റുനോക്കുന്നു. ചെറുപ്പത്തില്‍ കാണാറുണ്ടായിരുന്ന അതേരൂപം!..

"എന്‍റെ അച്ഛാ...." ജീപ്പില്‍നിന്നിറങ്ങി ആ  രൂപത്തെ ലക്ഷ്യമാക്കി സുധി ഓടി.

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment