Tuesday, December 8, 2015

അമ്പട ഞാനേ!... (മരിക്കാത്ത ഓര്‍മ്മകള്‍: ഭാഗം - 1)

ജീവിതാനുഭവങ്ങളുടെ കിത്താബില്‍ നിന്നും കീറിയെടുത്ത ചില ഏടുകള്‍ ഇവിടെ വായനക്കായി സമര്‍പ്പിക്കുന്നു. കുറേ കാലം മുമ്പ് എഴുതിത്തുടങ്ങിയിരുന്നുവെങ്കിലും പിന്നീട് നിര്‍ത്തിവച്ച ഈ സംഭവം തുടര്‍ന്നാലോ എന്നുള്ള വീണ്ടുവിചാരമാണ് ഇതു പൊടിതട്ടിയെടുത്ത് നിങ്ങളുടെ മുന്നിലേക്കിട്ടു തരുവാനുള്ള പ്രചോദനമായത്.
ഫയങ്കര ഫുദ്ധ്യായിരുന്നു എനിക്കെന്നു പണ്ടേ ആളുകള്‍ പറഞ്ഞിരുന്നു. എനിക്കു രണ്ടര-മൂന്നു വയസ്സുമാത്രം പ്രായമുള്ളപ്പോള്‍ നടന്ന ആ കാര്യമാണ് എന്‍റെ ഓര്‍മ്മകളില്‍ ഏറ്റവും പഴയതായി എനിക്കു ചികഞ്ഞെടുക്കാന്‍ സാധിക്കുന്നത്. വാസ്തവത്തിലതൊരു ദുരന്തമായിരുന്നു. അമ്മാവന്‍റെ വീടിന്‍റെ അടുക്കളപ്പുറത്തെ ഉയരമുള്ള ഉമ്മറത്തുനിന്നും ജനലിന്‍റെ മരയഴിയും പിടിച്ചു പിറകോട്ടു തലയടിച്ചു ചെങ്കല്ലുള്ള മുറ്റത്തേക്കു ഞാന്‍ വീണു. അങ്ങനെയായിരിക്കണം എന്‍റെ തലക്കകത്തു ഉറച്ചുകിടന്നിരുന്ന കളിമണ്ണിളകി പ്രവര്‍ത്തനനിരതമായത്. വീഴുന്നതിനും തൊട്ടു മുമ്പ് "മോനേ.. ജനലഴി ഇളകുന്നതാ.. അതില്‍പ്പിടിച്ചു തൂങ്ങേണ്ടാ" എന്നു അമ്മമ്മ ശകാരിച്ചത്‌ ഇപ്പോഴും ഓര്‍മ്മയുണ്ട്. ഇത്രയും ചെറിയ പ്രായത്തില്‍ സംഭവിച്ച കാര്യങ്ങള്‍ അധികമാരും ഇപ്പോഴും ഓര്‍ത്തിരിക്കാന്‍ സാദ്ധ്യതയില്ല. തലയിലെ മെഡുല 'ഒബ്ലാങ്കട്ട'യിളകി ബോധം പോയിരുന്ന എന്നെ വീട്ടുകാര്‍ വാരിയെടുത്തു ഉമ്മറത്തു കിടത്തി വെള്ളം കൊണ്ടു തലയില്‍ നന്നായി തടവി മുഖത്തു വെള്ളം തെളിച്ചപ്പോള്‍ ഞാന്‍ കണ്ണുതുറന്നു. അഞ്ചാറു സൂര്യന്മാര്‍ ഒരുമിച്ചുദിച്ചപോലുള്ള ഒരു പ്രകാശം അന്നേരം എന്‍റെ മുഖത്തേക്കടിച്ചതും ഞാനോര്‍ക്കുന്നു. ഞാന്‍ കാഞ്ഞുപോയില്ലല്ലോ എന്ന ആശ്വാസത്തിലുദിച്ച വീട്ടുകാരുടെ പുഞ്ചിരികള്‍ക്കപ്പോള്‍ അത്രയും ശോഭയുണ്ടായിരുന്നു..
എന്‍റെ ബാല്യകാല ബുദ്ധിവൈഭവവും ഓര്‍മ്മശക്തിയും തെളിയിക്കാനായി ഇനിയും നിരത്താനുണ്ട് ഏറെ കാര്യങ്ങള്‍.. പൊങ്ങച്ചമാണെന്നു ആരെങ്കിലും തെറ്റിദ്ധരിച്ചാലും സാരമില്ലാ.. എന്നെക്കുറിച്ച് ഞാനല്ലാതെപ്പിന്നെ വേറെയാരാ നിങ്ങളോടു ഇതൊക്കെ വിളമ്പുകാ?.. ഹും..
എന്‍റെ മൂന്നാം ക്ലാസിലെ പഠിത്തം കഴിഞ്ഞ വേനലവധിക്ക് ഞാനും ചേട്ടനും മുല്ലശ്ശേരിയിലുള്ള അമ്മാവന്‍റെ വീട്ടില്‍പ്പോയി. അമ്മാവന്‍ പട്ടാളത്തില്‍ നിന്നും അവധിക്കു വന്നിരുന്ന സമയമായിരുന്നു അത്. അദ്ദേഹമെന്നു പറഞ്ഞാല്‍ ഞങ്ങളുടെ ഹരമാണ്. കണ്ണോത്ത് കോള്‍പ്പാടം, എനാമാവ്‌ കെട്ട് (ബണ്ട്) എന്നിവിടങ്ങളില്‍ ചൂണ്ടയിട്ടു മീന്‍ പിടിക്കാനും ചുറ്റുവട്ടങ്ങളിലുള്ള ഒരുവിധം എല്ലാ ഉത്സവങ്ങള്‍ക്കും (പറമ്പന്തള്ളി ഷഷ്ടി, കരുവന്തല പൂരം, കോഞ്ചിറ പള്ളി പെരുന്നാള്‍, പാവറട്ടി പള്ളി പെരുന്നാള്‍, മുല്ലശ്ശേരി പള്ളി പെരുന്നാള്‍ ഇത്യാദി) മറ്റും എന്നെയും ചേട്ടനേയും കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്‍റെ ശുഷ്ക്കാന്തിയില്‍ ഞങ്ങള്‍ ആകൃഷ്ടരായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.. ചുമ്മാ അങ്ങു കൊണ്ടുപോയി ഞങ്ങളെ വെയിലു കൊള്ളിക്കല്‍ മാത്രമല്ലാ.. ചായക്കടകളില്‍ നിന്നും പഴംപൊരിയും ബോണ്ടയും പപ്പടവടയും പരിപ്പുവടയും ചായയുമൊക്കെ വയറു നിറച്ചു വാങ്ങിത്തരാനും അമ്മാവനു മടിയില്ലാ.. മറ്റൊരു സവിശേഷത എന്തെന്നു വച്ചാല്‍ ബറോഡയില്‍ നിന്നും കൊണ്ടുവന്ന അദ്ദേഹത്തിന്‍റെ റാലി സൈക്കിളിലാണ് ഞങ്ങളേയും കൊണ്ടുള്ള ഈ യാത്രകളൊക്കെ. ഞാന്‍ മുന്നിലെ തണ്ടിലും ചേട്ടന്‍ പിറകിലെ കാരിയറിലും ഇരിക്കും. ആ യാത്രകള്‍ ശരിക്കും ഒരു ത്രില്‍ തന്നെയായിരുന്നു. മാത്രമല്ലാ.. മരക്കൊമ്പുകള്‍ വെട്ടി കവണ (തെറ്റാലി) ഉണ്ടാക്കിത്തന്നു അതും വച്ചു മാവിലെ മാങ്ങകള്‍ എയ്തിടാനും മാവിന്‍കൊമ്പില്‍ ഊഞ്ഞാലു കെട്ടിത്തരാനുമൊക്കെ ഒപ്പം കൂടി ഞങ്ങളുടെ അവധിക്കാലം ഒരുത്സവമാക്കി മാറ്റുന്നതില്‍ എന്‍റെ അമ്മാവന്‍ വഹിച്ചിരുന്ന പങ്ക് സ്തുത്യര്‍ഹം തന്നെയായിരുന്നു. സൈക്കിള്‍ക്കടയില്‍ നിന്നും ചെറിയ സൈക്കിളുകള്‍ വാടകക്കെടുത്തു ഞങ്ങളെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചതും കോള്‍പ്പടവില്‍ കൊണ്ടുപോയി നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിച്ചതുമൊക്കെ അമ്മാവനായിരുന്നു. മറ്റുള്ള മുതിര്‍ന്നവര്‍ക്കൊക്കെ അക്കാലത്തു ആവശ്യത്തില്‍ക്കൂടുതല്‍ ഗൌരവമുണ്ടായിരുന്നോ എന്നു തോന്നുമാറ് കുട്ടികളെക്കണ്ടാല്‍ അവര്‍ക്കൊന്നും ഒട്ടും കണ്ണില്‍പ്പിടിക്കുമായിരുന്നില്ലാത്ത സാഹചര്യത്തില്‍ ഈ അമ്മാവന്‍ ശരിക്കും ഞങ്ങളുടെ ഒരു സൂപ്പര്‍ ഹീറോ തന്നെയായിരുന്നു. സന്ധ്യാനേരങ്ങളില്‍ കുളിയും ജപവുമൊക്കെ കഴിഞ്ഞു ഞങ്ങള്‍ അടുത്തുപോയിരിക്കുമ്പോള്‍ കാശ്മീരിലും ലഡാക്കിലും മറ്റും സൈനികപ്രവര്‍ത്തനം നടത്തുമ്പോള്‍ ഉണ്ടാകുന്ന ജിജ്ഞാസാകരമായ അനുഭവങ്ങളും കഥകളുമൊക്കെ അദ്ദേഹം ഞങ്ങള്‍ക്കു പറഞ്ഞു തരുമായിരുന്നു. അന്നദ്ദേഹം പറഞ്ഞു തന്ന ഓരോ പട്ടാളക്കഥകളും പകര്‍ന്നു തന്ന അറിവുകളും ഇന്നും മനസ്സില്‍ അതേപോലെത്തന്നെ മായാതെ കിടക്കുന്നുണ്ട്! അമ്മാവനെക്കുറിച്ചു പറഞ്ഞു പറഞ്ഞു പറയാന്‍ വന്നതു വിട്ടുപോയി..
അമ്മാവനുമായി ഇങ്ങനെയോരോ കുസൃതികളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നതിനിടയിലുള്ള സംസാരങ്ങളില്‍ ഓര്‍മ്മശക്തിയെക്കുറിച്ചുള്ള വിഷയം പൊന്തിവന്നു. ഉടനേ ഒരു അഗ്നിപരീക്ഷയ്ക്കായി ഞാനും ചേട്ടനും പാത്രമായി. അന്നെനിക്കൊരു എട്ടുവയസ്സു കാണും. ബൈബിള്‍ തുറന്നു ഒരു പേജ് ആദ്യം മുതല്‍ അവസാനം വരെ വായിക്കുക. പിന്നെ അത് വള്ളിപുള്ളി വിടാതെ അതേപോലെത്തന്നെ കാണാപാഠം പറയുക. അമ്മാവന്‍ നിരീക്ഷകന്‍. നമ്മളോടാ കളി... ഒരു പേജ് മനസ്സിരുത്തി ഒരൊറ്റ വായന.. പിന്നെ ബൈബിള്‍ അമ്മാവന്‍റെ കൈയില്‍ കൊടുത്തു തത്ത പറയുന്നതു പോലെ.. അല്ലാ ജോയി പറയുന്നതു പോലെത്തന്നെ വള്ളിപുള്ളി വിടാതെ അങ്ങു കാച്ചി. അമ്മാവന്‍ മാത്രമല്ലാ അമ്മായിയും എന്‍റെ അമ്മയും ബാക്കിയുള്ള മാന്യപ്രേക്ഷകരുമൊക്കെ ഒരുമിച്ചു ഞെട്ടി.. കിടുങ്ങിയെന്നു പറയുകയാവും കൂടുതല്‍ നന്നാവുക. ലവന്‍ ആളൊരു ബുദ്ധി രാക്ഷസന്‍ തന്നേ എന്നവര്‍ സമ്മതിക്കുമ്പോള്‍ അഭിമാനബോധത്താല്‍ വിജൃംഭിതനായി ഞാന്‍ കുടുക്കിളകിപ്പോയിരുന്ന എന്‍റെ നിക്കര്‍ ഒന്നുകൂടി മുറുക്കിക്കുത്തി. അടുത്ത ഊഴം ചേട്ടന്‍റെ... മൂപ്പരും മോശമല്ലാട്ടോ.. ഏകദേശം മുക്കാല്‍ ഭാഗത്തോളം കൃത്യമായി കാണാപാഠം പറഞ്ഞു വരുന്നതിനിടെ എതിലൂടെയോ ശ്രദ്ധ ചോര്‍ന്നുപോയി. ആള്‍ ബുദ്ധിമാനാണെങ്കിലും ഈയൊരു ബലഹീനത ചെറുപ്പം മുതലേയുണ്ട്. ചേട്ടന്‍ വളരെ കുഞ്ഞായിരിക്കുമ്പോള്‍ അമ്മാവന്‍ കുത്തിയിരുന്നു ചേട്ടനെ ഒന്നുമുതല്‍ പത്തുവരെ എണ്ണാന്‍ പഠിപ്പിക്കും. അപ്പോള്‍ത്തന്നെ ചേട്ടന്‍ അതു കൃത്യമായി ചൊല്ലിക്കേള്‍പ്പിക്കുകയും ചെയ്യും. എന്നാല്‍ ഒരു അഞ്ചു മിനുറ്റ് കഴിഞ്ഞു ചോദിച്ചാല്‍ 'ചെറുക്കന്റെ' മെമ്മറി ഫോര്‍മാറ്റ്‌ ആയിപ്പോയിട്ടുണ്ടാവും.. എ ബി സി ഡി പഠിപ്പിക്കുമ്പോഴും തഥൈവ. എന്തായാലും 'അഗ്നിപരൂഷ' പാസ്സായതിന്‍റെ പേരില്‍ ഞങ്ങള്‍ രണ്ടുപേരെയും വെങ്കിടങ്ങ്‌ പ്രോവിഡന്‍സ് എന്ന സിനിമാക്കൊട്ടായിയില്‍ നിന്നും മധു നായകനായ മീന്‍ എന്ന സിനിമ കാണിച്ചു തന്നു.
ഇനിയും വേണോ തെളിവുകള്‍?.. ഉണ്ടല്ലോ.. എന്‍റെ ഒടുക്കത്തെ ഫുദ്ധി കണ്ടു ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തു തൃശ്ശൂര്‍ രൂപത നടത്തുന്ന ബൈബിള്‍ വാക്യമെഴുത്തു മത്സരത്തിനു എന്‍റെ പേരും കന്യാസ്ത്രീകള്‍ കൊടുത്തു. വിശുദ്ധ ലൂക്കാ എഴുതിയ സുവിശേഷത്തിലെ വാക്യങ്ങള്‍ അദ്ധ്യായവും നമ്പറും സഹിതം ഒന്നൊന്നായി അവര്‍ തരുന്ന രണ്ടു മണിക്കൂറിനുള്ളില്‍ എഴുതിത്തകര്‍ക്കണം. ആരാണ് തെറ്റുകൂടാതെ ഏറ്റവും കൂടുതല്‍ വാക്യങ്ങള്‍ എഴുതുന്നത്‌ അവരെത്തേടി ഒരു സ്വര്‍ണ്ണമെഡല്‍ കാത്തിരുന്നിരുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ആ മത്സരത്തിനു വേണ്ടി ഒരുങ്ങി. മത്സരത്തിനു ഞങ്ങള്‍ പത്തുപതിനഞ്ചു കുട്ടികളെ തൃശ്ശൂരിലുള്ള ബിഷപ്പിന്‍റെ അരമനയിലേക്കു കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ ശരിക്കും കണ്ണു തള്ളിപ്പോയി. ഏകദേശം ആയിരത്തില്‍പ്പരം കുട്ടികള്‍ പല സ്ക്കൂളുകളില്‍ നിന്നുമായി മത്സരിക്കാനെത്തിയിരിക്കുന്നു. എന്നിട്ടും നമ്മളുണ്ടോ കുലുങ്ങുന്നു.. തകര്‍ത്തു... പക്ഷേ ഒരു പറ്റുപറ്റി.. ഒരുനിമിഷം പോലും എഴുത്തു നിര്‍ത്തിയിരുന്നില്ലെങ്കിലും ഓര്‍മ്മയിലുണ്ടായിരുന്ന മുഴുവന്‍ വചനങ്ങളും എഴുതാനുള്ള സമയം കിട്ടിയില്ല. പത്തിരുപതു മിനുറ്റ് കൂടി കിട്ടിയിരുന്നെങ്കില്‍ ചുരുങ്ങിയത് ഒരു അമ്പതെണ്ണം കൂടി കാച്ചാമായിരുന്നു. പരീക്ഷാ ഹാളില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അല്പ്പം വിഷണ്ണനായിരുന്നു എങ്കിലും പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ ആ വിഷാദം മാറി. ആയിരത്തില്‍പ്പരം കുട്ടികളില്‍വച്ചു സമ്മാനാര്‍ഹരായവരില്‍ എന്‍റെ പേരുമുണ്ടായിരുന്നു എനിക്കു വെള്ളിമെഡലും സര്‍ട്ടിഫിക്കറ്റും മറ്റു സമ്മാനങ്ങളും ലഭിച്ചു. എന്‍റെ സ്ക്കൂളിലെത്തന്നെ ഒരു പെണ്‍കുട്ടിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്നതിലും ഞങ്ങളെല്ലാവരും സന്തോഷിച്ചു. പിറ്റേ ദിവസം സ്കൂള്‍ അസംബ്ലിയില്‍ വച്ചു ഈ സമ്മാനങ്ങള്‍ സ്വീകരിച്ച നിമിഷങ്ങള്‍ അഭിമാനപൂരിതമായിരുന്നു.
അടുക്കളയിലെ പാതിയംപുറത്തു വച്ചിരിക്കുന്ന മണ്‍കലത്തില്‍ സൂക്ഷിച്ചിരിക്കുന്ന കല്ലുപ്പ് ഇടയ്ക്കൊക്കെ ആരും കാണാതെ എടുത്തു വായിലിട്ടു നുണയുന്ന ഒരു സ്വഭാവമെനിക്കുണ്ടായിരുന്നു. ഇനി അതുകൊണ്ടായിരിക്കുമോ എനിക്ക് ഈ ഒടുക്കത്തെ ഓര്‍മ്മശക്തി ഉണ്ടാവാന്‍ കാരണമായിരിക്കുക?! ഉപ്പുതിന്നാല്‍ ഉള്ള ബുദ്ധിയും പോകുമെന്നു പണ്ടാരൊക്കെയോ പറയുന്നതും കേട്ടിട്ടുണ്ട്.. കണ്‍ഫ്യൂഷന്‍.. കണ്‍ഫ്യൂഷന്‍.. വീട്ടുകാര്‍ ഈ ചെറുക്കനു തിന്നാന്‍ യാതൊന്നും കൊടുക്കാത്തതു കൊണ്ടായിരുന്നിരിക്കുമോ ചെറുക്കന്‍ കണ്ണീക്കണ്ട സാധനങ്ങളൊക്കെ അടിച്ചു വിട്ടിരുന്നത് എന്നൊന്നും ആരും തെറ്റിദ്ധരിക്കേണ്ടാ.. എല്ലാം ജിജ്ഞാസാപൂര്‍വ്വമുള്ള ഓരോരോ പരീക്ഷണങ്ങളായിരുന്നു എന്നുമാത്രം കരുതുക. അക്കാലത്ത് എങ്ങനെയോ എന്നിലൊരു ആടു സ്വഭാവം കടന്നുകൂടിയിരുന്നു. നടക്കുന്ന വഴിയിലൊക്കെ നില്ക്കുന്ന ചെടികളുടെ ഇലകള്‍ പൊട്ടിച്ചു വെറുതേയൊന്നു കടിച്ചു നോക്കുകയെന്ന ദുസ്വഭാവം കണ്ടു എന്‍റെ മാതാശ്രീ തന്നെ ഒരിക്കല്‍ അഭിപ്രായപ്പെട്ടതായിരുന്നു അങ്ങനെ. ഏതായാലും ആ സ്വഭാവം ഞാന്‍ തന്നെയങ്ങു നിര്‍ത്തി. ചുമ്മാതല്ലാ.. ഒരിക്കല്‍ ഒരു ഇടവഴിയിലൂടെ നടന്നു പോകുമ്പോള്‍ ഒരു ചെടിയുടെ ഇലത്തുമ്പിലേക്ക് അറിയാതെ കൈ നീളുകയും അതു പൊട്ടിച്ചു കടിക്കാനാരംഭിക്കുകയും ചെയ്തു. പക്ഷേ കഷ്ടകാലത്തിനു അതൊരു കൈതോലത്തുമ്പായിരുന്നു. എങ്ങനെയോ അതു തൊണ്ടയില്‍ കുരുങ്ങിപ്പോയി. കീഴ്പ്പോട്ടുമില്ലാ മേല്പ്പോട്ടുമില്ലാ.. കൈതമുള്ളിന്റെ യോഗം എന്നൊക്കെയുള്ള പഴംചൊല്ലില്‍ പതിരില്ലാ എന്നു പ്രായോഗികമായി മനസ്സിലാക്കിയ നിമിഷങ്ങള്‍. പുല്ലു തിന്ന പട്ടി ചുമക്കുന്നതു പോലെ ചുമച്ചു ചുമച്ചു ഞാന്‍ വീട്ടിലേക്കോടി. അമ്മമ്മ കറിക്കു വേണ്ടി പച്ച ഏത്തക്കായ അരിയുന്ന നേരമായിരുന്നു. സംഗതി മനസ്സിലായപ്പോള്‍ ഒരു കഷണം ഏത്തക്കായത്തൊലി എടുത്തു ചവച്ചു വിഴുങ്ങാന്‍ പറഞ്ഞു. അങ്ങനെ ചെയ്തപ്പോള്‍ സംഗതി ക്ലീന്‍ ക്ലീന്‍.. ആശ്വാസം.. അതോടെ ആടിന്‍റെ സ്വഭാവം താനേ മാറി.
പറയാനാണെങ്കില്‍ ഇനിയുമിനിയും ഒത്തിരിയുണ്ട്.. സമയവും സൌകര്യവും ഒത്തുവന്നാല്‍ അടുത്ത ലക്കങ്ങളില്‍ നിങ്ങള്‍ക്കവ വായിക്കാം. തല്ക്കാലം ഈ പൊങ്ങച്ചം പറച്ചില്‍ ഇവിടെ നിര്‍ത്തട്ടേ. (ബോറടിപ്പിച്ചെങ്കില്‍ ക്ഷമിക്കണേ)
ബാല്യകാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ശരിക്കുമൊരു നഷ്ടബോധം മനസ്സിനെ ചൂഴ്ന്നു നില്ക്കും.
മൂവാണ്ടന്‍ മാവിലെ പച്ചമാങ്ങകള്‍ എറിഞ്ഞു വീഴ്ത്തി കല്ലുപ്പും കൂട്ടി കഴിച്ചിരുന്ന ആ കുട്ടിക്കാലം.. ഈര്‍ക്കില്‍ കൊണ്ട് പൂഴിമണലില്‍ നിന്നും കുഴിയാനകളെ തോണ്ടിയെടുത്തിരുന്നതും ആരും കാണാതെ സ്ലേറ്റ്‌ പെന്‍സിലുകള്‍ കറുമുറാ കടിച്ചു തിന്നിരുന്നതുമായ ആ ബാല്യം... (അതിന്‍റെ രുചി മനസ്സിലാക്കിത്തന്നത് അയല്‍വാസിയും സഹപാഠിയുമായ സുരു എന്നറിയപ്പെടുന്ന സുരേഷ് ആയിരുന്നു. പെന്‍സിലുകള്‍ തിന്നു പരിചയമായപ്പോള്‍ ഓടിന്‍ കഷണം എങ്ങനെ തിന്നാമെന്നും അവന്‍ പഠിപ്പിച്ചു തന്നിരുന്നു.. ഹോ എന്തായിരുന്നു അതിന്‍റെയൊക്കെ ഒരു രുചി!) പെരുന്നാളുകള്‍ക്കും പൂരങ്ങള്‍ക്കും കൂട്ടുകാരുമൊത്തു പോയി ചുവന്ന കോലുമിഠായി വാങ്ങിക്കഴിച്ചു ചുണ്ടും നാവും ചുവപ്പിക്കുകയും കട്ടകളിയും ആനമയിലൊട്ടകവും കളിച്ചു രാത്രികളില്‍ നാടകങ്ങളും കണ്ടു നടന്നിരുന്ന ആ കാലം.
ഞാവല്‍മരങ്ങളുടെ ചുവട്ടില്‍പ്പോയി വടിയെറിഞ്ഞു പഴങ്ങള്‍ വീഴ്ത്തി അതിന്‍റെ കറ ഉടുപ്പിലാക്കുന്നതിനു അമ്മയുടെ ശകാരം കേട്ടിരുന്നതും.. കുറ്റിയും കോലും ഏറുപന്തും പുളിങ്കുരു വളപ്പൊട്ടുകള്‍ എന്നിവകൊണ്ടുള്ള കളികളും ഗോട്ടി (ഗോലി) കളിയും ഈര്‍ക്കിലുകള്‍ കൊണ്ടു നൂറാംകോലും ഉപയോഗശ്യൂന്യമായ വസ്തുക്കള്‍ കൊണ്ടു പലതരത്തിലുള്ള കളിക്കോപ്പുകളുണ്ടാക്കി കളിച്ചിരുന്നതും സന്ധ്യാ നേരങ്ങളില്‍ ചെറിയ കുപ്പികളില്‍ മിന്നാമിനുങ്ങുകളെ പിടിച്ചിട്ടു അതിനെ സാകൂതം വീക്ഷിച്ചിരുന്നതും തെങ്ങിന്‍റെ മടലുകള്‍ ചേര്‍ത്തു വച്ചു ചുമരുകളും തുമ്പോലകള്‍ കൊണ്ടു മേല്‍ക്കൂരയുമുള്ള ഉണ്ണിപ്പുരയുണ്ടാക്കി അതിനുള്ളിലിരുന്നു ഓരോരുത്തരും വീടുകളില്‍നിന്നും അടിച്ചുമാറ്റിക്കൊണ്ടുവരുന്ന അരിയും ശര്‍ക്കരയും ചേര്‍ത്തു വലിയ ചിരട്ടയില്‍ പായസമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നതുമായ ആ കുസൃതിക്കാലം. (ചെറിയ അടുപ്പുണ്ടാക്കി അതില്‍ ചെറിയ ചുള്ളിക്കമ്പുകള്‍ വച്ചു കത്തിച്ചു വലിയ ചിരട്ടയില്‍ വെള്ളമൊഴിച്ചു അരിയും ശര്‍ക്കരയുമിട്ടു  ചുമ്മാ അങ്ങു തിളപ്പിക്കും. തീയില്ലാതെ പുകയുണ്ടാവുകയില്ലല്ലോ? ആ തീക്കളിയുടെ പുക ഉണ്ണിപ്പുരയുടെ മുകളിലൂടെ നിര്‍ഗ്ഗമിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോഴൊക്കെ ഞങ്ങള്‍ ശിക്ഷയ്ക്കു വിധേയരായിട്ടുണ്ട്).
വഴിയില്‍ ചെറിയ ചതിക്കുഴികള്‍ ഉണ്ടാക്കി ഒളിച്ചിരുന്നുകൊണ്ടു വഴിപോക്കര്‍ അതില്‍കാലുടക്കി വീഴാന്‍പോകുന്നതു കണ്ടു വായ്പൊത്തിച്ചിരിച്ചിരുന്നതും തേക്കിലയില്‍ ചാണകം പൊതിഞ്ഞു ഒരു വേപ്പിലത്തണ്ട് പുറത്തേക്കിട്ടു കെട്ടി വഴിയിലിട്ടു മസാലപ്പൊതിയാണെന്നു തെറ്റിദ്ധരിപ്പിച്ച്‌ വഴിപോക്കരെ പറ്റിച്ചിരുന്നതുമായ ആ തെമ്മാടിക്കാലം.. പൂഴി മണലെടുത്തു കടയില്‍ പഞ്ചസാര പൊതിഞ്ഞു കെട്ടുന്നതു പോലെ പൊതിഞ്ഞു കെട്ടാന്‍ മിടുക്കനായിരുന്നു അശോകന്‍. പഞ്ചസാരപ്പൊതിയാണെന്നു കരുതി എത്രയോ പേര്‍ ഞങ്ങള്‍ വഴികളിലിട്ട പൊതികളെടുത്തു സഞ്ചിയിലിട്ടു കൊണ്ടുപോയിരിക്കുന്നു. ഇന്നത്തെ കുട്ടികള്‍ക്കുള്ളതുപോലെ കളിക്കോപ്പുകളൊന്നും അന്നാരുടെ കൈയിലും ഉണ്ടായിരുന്നില്ലാ. പ്രകൃതിജന്യമായ മച്ചിങ്ങയും (വെള്ളയ്ക്ക) ഓടിന്‍കഷണങ്ങളും പുഷ്പങ്ങളും ഇലകളും കായ്കളും കല്ലുകളും വടികളും പപ്പായത്തണ്ടും പോലുള്ള വസ്തുക്കളായിരുന്നു കുട്ടികളുടെ അന്നത്തെ കളിക്കോപ്പുകള്‍. കുട്ടിക്കാലത്തെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ ഏകദേശം സമപ്രായക്കാരായിരുന്ന അശോകനും ഹരിയും സുരേഷും സുബൈറും ജോണ്‍സനും അല്‍ഫോണ്‍സ ചേച്ചിയും സുബൈദയും നദീറയും ജെസ്സിയും ജോയ്സിയും ജോസഫും ലീനയും ജയനും രാജനും രവിയേട്ടനും ഷാജിയും നിഷാദും നൌഫലും ബാലുവുമെല്ലാം മനസ്സിന്‍റെ ഏതോ കോണില്‍ നിന്നു കൊണ്ടു ഇന്നും പുഞ്ചിരിക്കും. വളപ്പൊട്ടുകള്‍ പോലെ ഇന്ന് അവരൊക്കെ എവിടെയോ ചിതറിപ്പോയി. ജീവിതഭാരം വലിച്ചു പോകുന്ന കാളകളെപ്പോലെ ജീവിതവഴികളില്‍ വളരേ അപൂര്‍വ്വമായി കുസൃതി മാഞ്ഞ ചില പഴയ മുഖങ്ങളെ കണ്ടുമുട്ടാറുണ്ട്. മിക്കവരിലും നിസ്സംഗഭാവം തന്നേ.
ബന്ധുമിത്രാദികളുടെ അരുമയായി, കൂട്ടുകാരുടെ ജീവനായി, പ്രകൃതിയുടെ കൂട്ടുകാരനായി കഴിഞ്ഞിരുന്ന ആ കാലത്തിനും പ്രായത്തിനും യാതൊരു മാറ്റവും വരാതെ തുടര്‍ന്നു പോയിരുന്നിരുന്നെങ്കിലെന്നു പലപ്പോഴും വെറുതേ വ്യാമോഹിച്ചു പോകുന്നു. ഒപ്പം ഇന്നത്തെ കുട്ടികള്‍ക്കു ആ സൗഭാഗ്യങ്ങളും പ്രകൃതിയുടെ തലോടലുകളും അനുഭവിക്കാനുള്ള യോഗവും ഇല്ലാതായല്ലോ എന്ന ദുഖവും.

No comments:

Post a Comment