Tuesday, December 8, 2015

ചില്ലകളിലെ പുഞ്ചിരി കാണാന്‍...

ഏതു ദുഃഖങ്ങളിലുമൊളിച്ചിരിപ്പുണ്ടാവും 
സന്തോഷകരമായ ഓര്‍മ്മകളുടെ സുഖം. 
നോവിന്‍റെ നീറ്റലില്‍ പിടഞ്ഞിരിക്കുമ്പോഴും 
ലഭിച്ചേക്കാം ഓര്‍മ്മകളില്‍ പൂത്തു വിരാജിക്കുന്ന 
വസന്തത്തിന്‍ ചാരുതയാര്‍ന്ന തലോടലും. 

മറഞ്ഞു പോയെന്നു തോന്നിപ്പിക്കുമെങ്കിലും 
മനസ്സില്‍ നിന്നൊരിക്കലും മാഞ്ഞുപോകില്ലെന്നു 
ശാഠ്യം പിടിക്കുന്ന മഴവില്ലുകളെപ്പോലെ 
ഓര്‍മ്മകളങ്ങനെ ഇടംകോണിക്കുമ്പോള്‍     
ദുഖത്തിലുമൊരല്പ്പം സുഖത്തിന്‍റെ ലാഞ്ചന.  

നിറമുള്ള ഓര്‍മ്മകളെ നന്നായി വരയ്ച്ചിടാന്‍ 
വെളുത്ത പകലിനേക്കാളേറെ നന്നാവുക 
താരകങ്ങളാല്‍ അലുക്കു പിടിപ്പിച്ചു 
കണ്ണുകളില്‍ വര്‍ണ്ണവിസ്മയം സൃഷ്ടിക്കുന്ന 
രാത്രിയുടെ കറുത്ത ക്യാന്‍വാസായിരിക്കും. 

തോട്ടത്തില്‍ പൊഴിഞ്ഞ ഇതളുകളും കായ്കളും 
പെറുക്കിയെടുത്തു കൂട്ടി വച്ചു അതില്‍ 
മഷിയിട്ടു നോക്കിയാലും ചിലപ്പോള്‍ കണ്ടേക്കാം 
നിന്‍റെ ചിരിയ്ക്കുന്ന മുഖങ്ങള്‍ തൂങ്ങിക്കിടക്കുന്ന  
ചില്ലകളില്‍ പൂമരത്തിന്റെ വസന്തശോഭ. 

മുറിഞ്ഞു വീണ പൂമരത്തിന്റെ ചോട്ടില്‍ 
വെള്ളമൊഴിച്ചു പൊടിപ്പുകള്‍ക്കായി  
പ്രത്യാശകള്‍ എറിയുന്നുണ്ട്  നിത്യവും. 
കൊഴിഞ്ഞ വസന്തത്തിന്‍റെ തിരിച്ചുവരവിനായ്  
നേര്‍ച്ചകള്‍ അനവധി നേരുന്നുമുണ്ട്  

ചില്ലകള്‍ക്കും ചുവന്ന പൂക്കള്‍ക്കും നന്നായി 
വിടര്‍ന്നു നില്‍ക്കാനുള്ള ഇടം ഇതേവരെയും 
ആര്‍ക്കും തീറെഴുതിക്കൊടുക്കാതെ ആകാശവും.
പൊടിയ്ക്കുന്ന ചില്ലയിലേക്കു ചേക്കേറുവാന്‍
അക്ഷമരായി ഇന്നും കാത്തിരിക്കുന്നു,  
നിന്നോടു കിന്നാരം ചൊല്ലിയ കിളികളും. 

പൊടിയ്ക്കാതിരിക്കാന്‍ നിനക്കാവുമോ? 
മരച്ചുവട്ടില്‍ ഞാനൊഴുക്കുന്ന കണ്ണുനീരില്‍  
വേരുകളാര്‍ദ്രമാവും നിന്‍ സിരകള്‍ തുടിയ്ക്കും. 
സന്ദേഹത്തിന്‍റെ കറുത്ത പാടകള്‍ പൊട്ടി,  
നിന്‍റെ ചില്ലകളില്‍ വീണ്ടും പുഞ്ചിരി വിരിയും.  

നിന്‍റെ പരാഗങ്ങള്‍ കവര്‍ന്നിടാനെപ്പോഴും 
ചുറ്റീടും കാറ്റിനെ മല്ലിട്ടുതോല്പ്പിക്കാനായി,  
ചുവന്ന പൂക്കള്‍ വിരിച്ച നിന്‍റെ തണലിലെപ്പോഴും  
ഒരു കാവല്‍ഭടനേപ്പോലെ ഞാനുമുണ്ടാവും.     

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment