Tuesday, December 8, 2015

അമ്മമ്മയുടെ സ്വന്തം മാര്‍ഗരറ്റ്

മുറിയുടെ ചില്ലു ജാലകം തുറന്നപ്പോള്‍ നിലാവില്‍ വെട്ടിത്തിളങ്ങിക്കിടക്കുന്ന പര്‍വ്വതനിരകളെ തഴുകിവരുന്ന കുളിര്‍ത്തെന്നല്‍ പതിവുപോലെ മാര്‍ഗരറ്റിന്റെ തലമുടിയിഴകളെ പുല്‍കാനായി ഓടിയെത്തി. ദൂരേ താഴ്വരകളിലൂടെയൊഴുകുന്ന ബീസ് നദിയുടെ തീരത്തു സ്ഥാപിച്ച മിന്നാരത്തിലെ കറങ്ങുന്ന പ്രകാശവീചികള്‍ അന്ധകാരത്തെ കീറിമുറിക്കാന്‍ ശ്രമിക്കുന്നതു നോക്കിനില്ക്കാന്‍ അവള്‍ക്കിഷ്ടമാണ്.
ഹിമാചലിലെ കുളുവിലുള്ള മോര്‍ണിംഗ് സ്റ്റാര്‍ ICSE സ്കൂള്‍ ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ ഇരുപത്തിയേഴാം നമ്പര്‍ മുറിയിലെ അന്തേവാസിയാണ് ഏഴാം ക്ലാസ്സുകാരിയായ മാര്‍ഗരറ്റ്. തണുപ്പിന്‍റെ കേദാരമായ കുളുവില്‍ കൈയുറകളും കാലുറകളും കൂടാതെ കഴിച്ചുകൂട്ടാന്‍ പറ്റിയ രാത്രികളേ വിരളം. ഒരു മൂലയിലിരുന്നു എരിയുന്ന ഇലക്ട്രിക് നെരിപ്പോടില്‍ കനലുകള്‍പ്പോലെ പഴുത്തിരിക്കുന്ന ഹീറ്റിംഗ് കോയിലുകളാണു രാത്രികളില്‍ മുറിയെ ഊഷ്മളമായി കാത്തു സൂക്ഷിക്കുന്നത്.
വേനലവധി തുടങ്ങുന്നതിനും മുമ്പുള്ള അവസാനത്തെ പരീക്ഷ ഇന്നലെയായിരുന്നു. ഇനി രണ്ടു മാസത്തോളം അമ്മമ്മയുടെ കൂടെ നെല്ലിയാമ്പതിയിലെ തറവാട്ടില്‍. കൂട്ടിക്കൊണ്ടു പോകാന്‍ നാട്ടില്‍ നിന്നും പുറപ്പെട്ട വിവരത്തിനു ഇന്നലെ അമ്മമ്മയുടെ ഫോണ്‍ ഉണ്ടായിരുന്നു.
ഓരോ അവധിക്കാലത്തിന്റെയും ആരംഭദിവസം അതിരാവിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന സ്ക്കൂള്‍ ബസ്സില്‍ അമ്മമ്മ വന്നിറങ്ങുന്നതും കാത്തു മുറിയുടെ നിലാമുറ്റത്തു അക്ഷമയോടെ അവള്‍ നില്‍ക്കും. മുറിയുടെ ബാല്‍ക്കണിയില്‍ നിന്നാല്‍ താഴ്വരയില്‍ നിന്നും മഞ്ഞുമൂടിയ പര്‍വ്വത ശിഖരങ്ങള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു കയറിവരുന്ന റോഡ്‌ ഏതാണ്ടു പൂര്‍ണ്ണമായിത്തന്നെ കാണാമായിരുന്നു.
ഏല്യാമ്മയെ അമ്മമ്മ എന്നാണു മാര്‍ഗരറ്റ് വിളിച്ചിരുന്നതെങ്കിലും അവളുടെ പിതാവിന്‍റെ മാതാവാണ് അവര്‍. പൊതുവായി മാതാപിതാക്കളുടെ അച്ഛനമ്മമാരെ അമ്മമ്മയെന്നും അപ്പപ്പനെന്നുമാണ് അവരുടെ കുടുംബത്തില്‍ അഭിസംബോധന ചെയ്തിരുന്നത്.
നെരിപ്പോടിനുള്ളില്‍ വീണ് ഒരു നിശാശലഭം ആത്മാഹുതി ചെയ്തപ്പോളുയര്‍ന്ന ദുര്‍ഗന്ധം അമ്മമ്മയെക്കുറിച്ചുള്ള ചിന്തകളില്‍നിന്നുമവളെയുണര്‍ത്തി.
സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ
അച്ഛനെയാണെനിക്കിഷ്ടം
ഞാനോന്നു കരയുമ്പോളറിയാതെ
ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം
രാത്രി മണിപതിനൊന്നായിട്ടും സഹമുറിയത്തി സ്റ്റെല്ലയുടെ പുതപ്പിനുള്ളില്‍ നിന്നും ഐപ്പോഡില്‍ നിന്നുള്ള സംഗീതം അവ്യക്തമായി അവളുടെ കാതുകളെ തഴുകിയിരുന്നത് അപ്പോഴാണവള്‍ ശ്രദ്ധിച്ചത്. സ്റ്റെല്ലയ്ക്കും അവള്‍ക്കും ഏറ്റവും ഇഷ്ടമുള്ള ആ പാട്ട് കേള്‍ക്കുമ്പോഴൊക്കെ സ്റ്റെല്ലയുടെ മുഖം ആപ്പിള്‍ പോലെ തുടുക്കും. മാര്‍ഗരറ്റിന്റെ മുഖത്തു ഞാവല്‍പ്പഴത്തിന്റെ ഇരുളിമയും. എങ്കിലും ആ പാട്ട് അവള്‍ക്കെന്നും പ്രിയതരമാണ്. എത്രയോ പ്രാവശ്യം ഇരുവരുമത് ആവര്‍ത്തിച്ചാവര്‍ത്തിച്ചു കേട്ടിരിക്കുന്നു.
വരിവരിയായി ന്യൂയോര്‍ക്കിലെ വീടിനു മുന്നില്‍ വന്നു നിന്ന കറുത്തനിറത്തിലുള്ള കാറുകളുടെ 'കോണ്‍വോയ്' ആണ് പപ്പയെക്കുറിച്ചോര്‍ക്കുമ്പോള്‍ അവളുടെ മനസ്സിലേക്കോടിയെത്തുക. അതിലൊരു നീളമുള്ള കാറിന്‍റെ പിറകിലെ ഡോര്‍ തുറന്നു പുറത്തേക്കെടുത്ത സ്ഫടിക നിര്‍മ്മിതമായ ശവമഞ്ചത്തില്‍ പപ്പയുടെ ചേതനയറ്റ ശരീരം... ആ ഞെട്ടിപ്പിക്കുന്ന കാഴ്ച്ച കണ്ട് എഴുവയസ്സുണ്ടായിരുന്ന മാര്‍ഗരറ്റ് അലറിക്കരഞ്ഞു. തന്‍റെ ജീവന്‍റെ ജീവനായിരുന്ന പപ്പയുടെ മൃതദേഹത്തെ വീണ്ടുമൊരു നോട്ടം നോക്കുവാന്‍ പോലും അശക്തയായി അവള്‍ ബോധരഹിതയായി വീണു.
ന്യൂയോര്‍ക്കിലുള്ള ബ്രിട്ടീഷ് കോണ്‍സുലേറ്റിലെ മുതിര്‍ന്ന ഉദ്ദ്യോഗസ്ഥനായിരുന്നു എല്യാമ്മയുടെ ഏക മകനായിരുന്ന സാമുവല്‍ ജോണ്‍. അമേരിക്കയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഇതര സഭാക്കാരായ കുടുംബത്തിലെ പെണ്‍കുട്ടി മെറ്റല്‍ഡയെ തന്‍റെ മകന്‍ പ്രണയിച്ചു വിവാഹം കഴിക്കുന്നതില്‍ ഏല്യാമ്മയ്ക്കു എതിര്‍പ്പുണ്ടായിരുന്നു എങ്കിലും ഒടുവില്‍ ആ നിര്‍ബന്ധത്തിനു അവര്‍ വഴങ്ങി. വിവാഹം കഴിഞ്ഞ് ഒമ്പതാംവര്‍ഷം ഓഫീസ് ബാങ്ക്വെറ്റ് ഹാളില്‍ നടന്ന, ഭാര്യയുടെ പ്രൊമോഷന്‍ പാര്‍ട്ടിയില്‍ വച്ച് ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീഴുകയായിരുന്നു സാമുവല്‍. അത്യന്താധുനിക വിദഗ്ദ്ധപരിചരണത്തിനുപോലും സാമുവലിന്‍റെ ജീവനെ ആ ശരീരത്തില്‍ തടഞ്ഞുനിറുത്തുവാനായില്ല.
അതിനുശേഷം, വിശിഷ്ടവ്യക്തികള്‍ക്കു അകമ്പടി സേവിച്ചുകൊണ്ട് കടന്നുപോകുന്ന കറുത്ത കാറുകളുടെ വരി എവിടെയെങ്കിലും കാണുന്നതുതന്നെ അവളില്‍ ഭയവും അസ്വസ്ഥതയും ഉളവാക്കിയിരുന്നു. ആ ദാരുണസംഭവം നടന്ന് വര്‍ഷങ്ങളായിട്ടുപോലും ഭയം അവളെ ചൂഴ്ന്നുനിന്നു..
മമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ത്തന്നെ മാര്‍ഗരറ്റില്‍ പരിമിതമായിരിക്കുന്നു. സെനഗല്‍കാരിയായ കറുത്ത വര്‍ഗ്ഗക്കാരി ഹോം നേഴ്സ് റൂത്ത് ആയിരുന്നു ജനിച്ചതുമുതല്‍ ഏഴുവയസ്സുവരെ അവളെ പരിപാലിച്ചത്. ഏറെ ഗൃഹാതുരതയുള്ള ഓര്‍മ്മകളായാണ് റൂത്ത് മാര്‍ഗരറ്റില്‍ ഇപ്പോഴും ജീവിക്കുന്നത്. ക്രിസ്ത്മസ്, ഈസ്റ്റര്‍ കാലങ്ങളില്‍ അവളെത്തേടിയെത്തുന്ന ആശംസാകാര്‍ഡുകളിലൊരെണ്ണം തീര്‍ച്ചയായും റൂത്തിന്റെയായിരിക്കും.
സാമുവല്‍ മരിച്ചു മൂന്നുമാസം കഴിയുംമുമ്പേ മെറ്റല്‍ഡ, തന്‍റെ അയര്‍ലണ്ടുകാരനായ മേലുദ്യോഗസ്ഥനെ വിവാഹം കഴിച്ച്, അയാള്‍ സ്വഭാര്യയെ ഉപേക്ഷിച്ച തസ്തികയിലുണ്ടായിരുന്ന ഒഴിവുനികത്തി. സ്വൈര്യവിഹാരത്തിനു തടസ്സമാകുമെന്നു കണ്ടപ്പോള്‍ ഏഴുവയസ്സുകാരി മാര്‍ഗരറ്റിനെ നാട്ടിലേക്കു കയറ്റുമതി ചെയ്യുകയും ചെയ്തു. മുമ്പേത്തന്നെ അയാളുമായി മെറ്റല്‍ഡയ്ക്കു അടുത്ത ബന്ധമുണ്ടായിരുന്നെന്നും, രണ്ടുപേരുംചേര്‍ന്നു ഗൂഢാലോചന നടത്തി, ഷാമ്പയിനില്‍ വിഷം കലര്‍ത്തി സാമുവലിനെ കൊലചെയ്യുകയായിരുന്നുവെന്നുമൊരു ശ്രുതി പരന്നിരുന്നുവെങ്കിലും, തെളിവുകളുടെ അഭാവം കൊണ്ട് ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിനു സാധിച്ചിരുന്നില്ല.
ക്ലോക്കില്‍ മണി പന്ത്രണ്ടടിച്ചു. ചിന്തകള്‍ക്കെല്ലാം തല്‍ക്കാലത്തേക്കു അവധികൊടുത്ത് മാര്‍ഗരറ്റ് കട്ടിയുള്ള പുതപ്പിനുള്ളിലേക്കു ചുരുണ്ടുകയറി. ഉറങ്ങുന്നതിനുംമുമ്പു ചൊല്ലാനായി അമ്മമ്മ പഠിപ്പിച്ചു കൊടുത്തിരുന്ന സുകൃതജപങ്ങള്‍ മനസ്സിലുരുവിട്ടുകൊണ്ടു കിടക്കവേ ഇരുളില്‍ ഒളിച്ചുനിന്നിരുന്ന നിദ്രവന്നു പതിയേ അവളെ തഴുകി.
കുളുവിലേക്കു വരുമ്പോഴൊക്കെ മിക്കവാറും മാര്‍ഗരറ്റിന്റെ അമ്മമ്മയുടെ കൂട്ടിനു അയല്‍വക്കക്കാരനായ പൌലോചേട്ടനും കാണും. അമ്മമ്മയേക്കാള്‍ പ്രായക്കുറവാണെങ്കിലും അമ്മമ്മയുടെ ജ്യേഷ്ഠനെപ്പോലെയേ കാഴ്ച്ചയില്‍ തോന്നിക്കൂ. ഒറ്റനോട്ടത്തിലൊരു മുരടന്‍... പക്ഷേ, ഒത്തിരി സ്നേഹവാത്സല്യങ്ങളായിരുന്നു അദ്ദേഹത്തിനു അമ്മിണിയോട്. മാര്‍ഗരറ്റിനെ അമ്മമ്മ വിളിക്കുന്ന പേരാണു അമ്മിണി.
“അപ്പനില്ലാത്ത കുട്ടിയാ... അമ്മ ജീവിച്ചിരിപ്പുണ്ടെന്നുകരുതീട്ടൊരു കാര്യോമില്ലല്ലോ... കണ്ടിട്ട് ആറുമാസായെന്നുംവച്ച് കണ്ടപാടേ അമ്മ്ണിക്കു ദണ്ണണ്ടാക്കുന്ന വര്‍ത്താനൊന്നും പറയാതെന്‍റെ ചേടത്തീ..” അവരുടെ ബസ്സ് സ്ക്കൂള്‍പ്പടിക്കലെത്താറാവുമ്പോള്‍ പൌലോ എന്നത്തേയും പോലെ മാര്‍ഗരറ്റിന്റെ അമ്മമ്മയെ ഉപദേശിച്ചു.
“നീയൊന്നു പോടാവേ.. എന്‍റെ കുട്ടിക്കൊരു വെഷമോംണ്ടാവാതെ വര്‍ത്താനം പറയാനൊക്കെ എനിക്കറിയത്തില്ലയോ.. പ്രസവിച്ചിട്ടു ഏഴാം കൊല്ലം ഇവിടെ കൊണ്ടു വന്നിട്ടേച്ചു പൊയ്ക്കളഞ്ഞതല്ലേടാ ആ യെരണം കെട്ടോള്.. അതേപ്പിന്നെ അവളുടെ അപ്പനും അമ്മയുമൊക്കെ ഈ ഏല്യാമ്മ തന്ന്യാ.. "ചുണ്ടത്തു രണ്ടുവിരല്‍ വച്ച് വായിലുള്ള മുറുക്കാന്‍ ബസ്സിനുപുറത്തേക്കു നീട്ടിത്തുപ്പിക്കൊണ്ടുള്ള അവരുടെ സ്ഥിരം മറുപടിയും..
ഗേറ്റ് കടന്നുവരുന്ന അമ്മമ്മയെക്കണ്ടവഴി മാര്‍ഗരറ്റ് ഓടിച്ചെന്ന് ആലിംഗനം ചെയ്തു.
"അ അ ആ... ആരാത്... അമ്മമ്മേടെ അമ്മിണിക്കുട്ട്യോ?!... " അമ്മമ്മയുടെ സ്നേഹത്തിലവള്‍ അലിഞ്ഞുപോയി.
************************************************************
"എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ..
അതു ചിന്തയില്‍ അടങ്ങാ-സിന്ധു സമാനമായ് സന്തതം കാണുന്നു ഞാന്‍.. .."
വീടിന്‍റെ പൂമുഖത്തിട്ട ചാരുകസേരയിലിരുന്നു വെറ്റില മുറുക്കുകയായിരുന്ന എല്യാമ്മയുടെ മൊബൈല്‍ തിണ്ണയിലിരുന്നു ശബ്ദിച്ചു. ആ ഭക്തിഗാനത്തിനനുസരിച്ചു അവര്‍ തലയാട്ടി താളം പിടിച്ചു. സാമുവല്‍ അമേരിക്കയിലേക്കു പോകുന്നതിനും മുമ്പ് അമ്മയ്ക്കു സമ്മാനിച്ചതായിരുന്നു ആ മൊബൈല്‍. അതിലെ റിംഗ് ടോണും അവന്‍ ഇട്ടു കൊടുത്തതു തന്നേ. ആരു വിളിച്ചാലും ആ പാട്ട് അവസാനം വരെ കേള്‍ക്കാതെ അവര്‍ ഫോണ്‍ എടുക്കില്ല. അതു കേള്‍ക്കാനവര്‍ക്കു വലിയ ഇഷ്ടമായിരുന്നു.
"ഹലോാാാ... " അവര്‍ ഫോണ്‍ എടുത്തവഴി ഉച്ചത്തില്‍ ചോദിച്ചു.
"ഒച്ച വെക്കാതെ തല്ലേ.. മനുശ്യന്‍റെ ചെവി പൊറ്റിപ്പൊലിഞ്ഞുപ്പോകുമല്ലോ... മാര്‍ഗരറ്റ് ഈസ്‌ ദേര്‍?.." അങ്ങേ തലയ്ക്കല്‍ മെറ്റല്‍ഡയാണെന്നു മനസ്സിലായപ്പോള്‍ ഏല്യാമ്മച്ചേടത്തിയുടെ നെറ്റി ചുളിഞ്ഞു.. മുഖം കോപംകൊണ്ടു ചുവന്നു.. വായിലുണ്ടായിരുന്ന അവശേഷിക്കുന്ന മുറുക്കാന്‍ മുറ്റത്തേക്കു നീട്ടിത്തുപ്പിക്കൊണ്ടു അവര്‍ പ്രതികരിച്ചു..
"ങാ... ഉണ്ടുണ്ട്.. പിന്നേയ് നിന്‍റെ ആ പുളുത്ത ഇംഗ്രീസൊന്നും എന്നോടെടുക്കണ്ടാ....ത്ഫൂ..." എന്നും പറഞ്ഞു ഒന്നുകൂടി തുപ്പിക്കൊണ്ട് തന്‍റെ ചെറുമകളെ വിളിച്ചു.
"അമ്മിണിക്കൊച്ചേ... ദേ നിന്‍റെ തള്ള വിളിക്കുന്നു.. വേഗം വാ അല്ലെങ്കില്‍ അടുത്ത വിമാനത്തിലവള്‍ പറന്നു പൊയ്ക്കളയും.." ഫോണ്‍ തിണ്ണയില്‍ത്തന്നെ വച്ച് അവര്‍ അകത്തേക്കു പോയി.
മാര്‍ഗരറ്റ് മെറ്റല്‍ഡയോടു അധികമൊന്നും സംസാരിച്ചില്ല. എപ്പോഴും അവധിക്കു വരുമ്പോഴൊക്കെയുള്ള ഒരേയൊരു ഫോണ്‍ കാള്‍. ഔപചാരികത നിറഞ്ഞു നില്‍ക്കുന്ന ഏതാനും ക്ഷേമാന്വേഷണങ്ങള്‍... നന്നായി പഠിക്കണം, ആരോഗ്യം നോക്കണം എന്നൊക്കെയുള്ള ഉപദേശങ്ങള്‍.... അത്ര തന്നേ. അവള്‍ക്കും അതിനോടു വെറുപ്പായിരുന്നു. ജനിച്ചതില്‍പ്പിന്നെ ഒരമ്മയോടെന്ന പോലെ അവള്‍ ഇടപഴകിയിരുന്നത് ഏഴു വയസ്സുവരെ ആഫ്രിക്കക്കാരിയായ റൂത്തിനോടും അതിനുശേഷം അമ്മമ്മയോടും മാത്രമായിരുന്നു.
രാവിലെ ചെമ്പോത്തിന്റെ കൂവല്‍ കേട്ടാണ് അവള്‍ ഉറക്കമുണര്‍ന്നത്‌. ജനലിലെ മരയഴികള്‍ക്കിടയിലൂടെ അവള്‍ പുറത്തേക്കു കണ്ണോടിച്ചു. വീടിന്‍റെ പിന്നാമ്പുറത്തുള്ള വലിയ പ്രിയൂര്‍ മാവിന്‍റെ ശിഖരങ്ങള്‍ക്കിടയിലൂടെ സൂര്യന്‍ ഭൂമിയിലേക്കു ബാലകിരണങ്ങള്‍ പായിക്കാന്‍ തുടങ്ങിയിരിക്കുന്നു. മാവിലെ തളിരിലകള്‍ കൊത്തിത്തിന്നുന്ന പക്ഷികളെ വീക്ഷിച്ചുകൊണ്ടു നില്ക്കുമ്പോള്‍ ഏല്യാമ്മ കടുംകാപ്പിയുമായി മുറിയിലേക്കു കടന്നുവന്നു.
"അ അ ആ... ന്‍റെ കൊച്ച്വോള് എണീറ്റോ... ദാ ഈ കാപ്പി കുടിച്ചോ.. അമ്മമ്മ ഇന്നു പ്രാതലിനെന്താണ് ഉണ്ടാക്കിയേക്കുന്നേന്നറിയാമോ?... മോക്കിഷ്ടമുള്ള കൊഴുക്കട്ടാ..." അവര്‍ അവളെ നോക്കി വാത്സല്യത്തോടെ പറഞ്ഞു.
"ആണോ അമ്മമ്മേ.. എന്നാ ഞാന്‍ ഫ്രെഷായി ദാ വരുന്നു.. " കാപ്പി തിടുക്കത്തില്‍ കുടിച്ച് തോര്‍ത്തുമെടുത്ത് അവള്‍ കുളിമുറിയിലേക്കു ഓടി.
"ഇങ്ങനൊരു കൊതിച്ചി... അതെങ്ങന്യാ... തന്തേടെയല്ലേ മോളും...." പെട്ടെന്നു അവരുടെ മുഖത്തൊരു മ്ലാനത പരന്നു. അവരുടെ മകന്‍ സാമുവലും ഒരു കൊഴുക്കട്ടപ്രിയനായിരുന്നുവല്ലോ..
പ്രാതലെല്ലാം കഴിഞ്ഞുള്ള അടുത്ത പരിപാടി ബൈബിള്‍ വായനയാണ്. പഴയ നിയമത്തിലെ വായനയാണ് എല്യാമ്മച്ചേടത്തിക്കു പഥ്യം. അമ്മിണി ഉച്ചത്തില്‍ ഇങ്ങനെ വായിച്ചു കൊടുക്കുമ്പോള്‍ അവര്‍ അതിന്‍റെ വ്യാഖ്യാനങ്ങള്‍ അവള്‍ക്കും പറഞ്ഞു കൊടുക്കും. അമ്മിണിക്കും ഈ ബൈബിള്‍ വായന വളരെ ഇഷ്ടമായിരുന്നു. വായന രസകരമായി തുടരവേ, ബൈബിളിലെ പേജുകള്‍ മറിഞ്ഞു പോകുന്നതേ അവരറിയുകയില്ല. ഏല്യാമ്മച്ചേടത്തിക്കു ബൈബിളിലെ എല്ലാ അദ്ധ്യായങ്ങളിലേയും വാക്യങ്ങള്‍ നമ്പരുകള്‍ സഹിതം ഒരുവിധം കാണാപാഠമായിരുന്നു. വായിക്കുമ്പോള്‍ എപ്പോഴും അദ്ധ്യായങ്ങളുടെ നമ്പരുകള്‍ കൂട്ടിവായിക്കാനായി അവര്‍ മാര്‍ഗരറ്റിനെ ഉപദേശിച്ചിരുന്നു. വായന തുടര്‍ന്നു..
"ന്യായാധിപന്മാര്‍, പതിനാറാം അദ്ധ്യായം, സാംസനും ദലീലയും.."
"മോളേ മതീ... എനിക്കുറക്കം വരുന്നു.. അമ്മമ്മ കുറച്ചുനേരം മയങ്ങട്ടേ.. മോളു പോയി മാവിന്‍ചോട്ടില് കണ്ണിമാങ്ങകള്‍ വീണിട്ടുണ്ടോന്നു നോക്കൂ.. നിറയേ മാങ്ങ ഉണ്ടായിട്ടുണ്ട് ഈ പ്രാവശ്യം.." തുടര്‍ന്നു വായിക്കുന്നതില്‍ നിന്നും അവര്‍ അവളെ വിലക്കി. മാര്‍ഗരറ്റ് വീടിനു പുറകിലെ വലിയ പ്രിയൂര്‍ മാവിന്‍റെ ചുവട്ടിലേക്കു നടന്നു.
ദലീല... തന്നെ ജീവനുതുല്യം സ്നേഹിച്ച ഭര്‍ത്താവിനെ ഒറ്റിക്കൊടുത്തു ഫിലിസ്ത്യരെക്കൊണ്ടു കൊല്ലിച്ച കുലട. ഏല്യാമ്മച്ചേടത്തിയുടെ മനസ്സില്‍ മരുമകള്‍ മെറ്റല്‍ഡയുടെ മുഖം തെളിഞ്ഞു. തന്‍റെ മകനെ ചതിയില്‍ക്കുടുക്കി കൊന്നതിന്‍റെ രോഷവും സങ്കടവും അവരുടെ മുഖത്തു മിന്നിമറഞ്ഞു കൊണ്ടിരുന്നു. പുത്രവിയോഗദുഃഖസ്മരണയില്‍ അവരിരുന്നു ഉരുകി.
മാവിന്‍ ചുവട്ടില്‍ നിറയേ കണ്ണിമാങ്ങകള്‍ വീണു കിടന്നിരുന്നു. അതില്‍ വലിയവനോക്കി അവള്‍ പെറുക്കി ഉടുപ്പിന്‍റെ ഒരു തല അരയില്‍ വളച്ചുകുത്തി അതില്‍ ശേഖരിച്ചു. പൊടുന്നനേയാണ് കരിയിലകള്‍ക്കടിയില്‍ കൂടുകൂട്ടിയിരുന്ന കട്ടുറുമ്പുകള്‍ അവളുടെ കാലില്‍ കയറി കടിക്കാന്‍ തുടങ്ങിയത്. പെട്ടെന്നുതന്നെ അവള്‍ കൈക്കൊണ്ടു ശക്തമായി തൂത്ത് അവയെ നിലത്തു വീഴ്ത്തി. രണ്ടുനാലെണ്ണം ചത്തുംപോയി. നല്ല കടച്ചില്‍. കണ്ണിമാങ്ങകളെല്ലാം അവിടെത്തന്നെ ഉപേക്ഷിച്ച് ഉമ്മറത്തേക്കു ചെന്നപ്പോള്‍ അമ്മമ്മ നല്ല ഉറക്കം. അമ്മമ്മ പറഞ്ഞു തന്നിരുന്ന ഉപായം പെട്ടെന്നവള്‍ ഓര്‍ത്തു. ഉറുമ്പും കൊതുകും കടിച്ചിടത്തു അല്പം ഉമിനീരു പുരട്ടുക.
അമ്മമ്മയെ ഉണര്‍ത്തേണ്ടെന്നുകരുതി അവള്‍ ഉമ്മറത്തെ തണുപ്പുള്ള മാര്‍ബിള്‍ത്തിണ്ണയില്‍ക്കിടന്നു അറിയാതെ ഉറങ്ങിപ്പോയി. എത്രനേരം ഉറങ്ങിയെന്നറിയില്ല. കണ്ണു തുറന്നു നോക്കിയപ്പോള്‍ മുറ്റത്ത് പരേതരായ ഉറുമ്പുകളേയും വഹിച്ചുകൊണ്ടുള്ള ഉറുമ്പുകളുടെ ശവശംസ്ക്കാരയാത്ര. അവള്‍ നിലത്തിരുന്നു അവയെ സൂക്ഷിച്ചു നോക്കി.
അവയുടെ കൊമ്പുകളും കണ്ണുകളും ഇപ്പോള്‍ അവള്‍ക്കു വ്യക്തമായി കാണാം.. വരിവരിയായി നീങ്ങുന്ന ആ കറുത്ത രൂപങ്ങള്‍ രാക്ഷസരൂപം പ്രാപിച്ചു വരുന്നു!... കറുത്തചായം തേച്ച തെയ്യങ്ങള്‍ അവളുടെ ചുറ്റിലും താണ്ഡവം നടത്തി.. കറുപ്പുനിറം കണ്ണുകളിലേക്കു പടര്‍ന്നുകയറി അവളുടെ കാഴ്ച്ച മന്ദീഭവിപ്പിക്കുന്നതു പോലെ.. സ്തബ്ധയായി നിന്ന അവളുടെ കാതുകളില്‍ കറുത്തകാറുകളുടെ ഹോണടികള്‍ ഇടിമുഴക്കംപോലെ ഇരമ്പി. അതാ ഒരു കാറിന്‍റെ പിറകിലെ വാതില്‍ തുറന്നുവരുന്നു.... പിന്നെ അവിടെയവള്‍ നിന്നില്ല. .
ചെവികള്‍ രണ്ടും പൊത്തി "പപ്പാ... " എന്നു അലറിവിളിച്ച് അവള്‍ ചാരുകസേരയിലിരുന്നുറങ്ങുന്ന അമ്മമ്മയുടെ അരികിലേക്കോടിച്ചെന്നു. അവരെ കുലുക്കി വിളിച്ചു. പക്ഷേ ഒരനക്കവുമില്ലാ...
പകച്ചുകൊണ്ടവള്‍ അവരെയാസകലം ഉറ്റുനോക്കി. അമ്മമ്മയുടെ നീരുവന്ന വലതുപാദത്തെ പൊതിഞ്ഞിരുന്ന കട്ടുറുമ്പിന്‍കൂട്ടത്തെ അവള്‍ അപ്പോഴാണു ശ്രദ്ധിച്ചത്. അതും കൂടിയായപ്പോള്‍ അവള്‍ കുഴഞ്ഞു വീണു.
ബോധം വരുമ്പോള്‍ സിറ്റി ഹോസ്പ്പിറ്റലിലായിരുന്നു. കണ്ണു തുറന്നുനോക്കുമ്പോള്‍ വാത്സല്യം തുളുമ്പുന്ന മുഖഭാവത്തോടെ അവളുടെ കൈത്തണ്ടയില്‍ തലോടിക്കൊണ്ടു പൌലോച്ചേട്ടനിരിക്കുന്നു.
"അങ്കിള്‍ ഞാനിതെവിടെയാ?.. എനിക്കെന്തു പറ്റി? " വിഹ്വലതയോടെ അവള്‍ ചോദിച്ചു.
"കുട്ടിക്കൊന്നുമില്ല കുട്ടീ.. അതിന്നലെ രാവിലെ എന്തോ കണ്ടു കുട്ടിയൊന്നു പേടിച്ചു പോയതാ.. ഇപ്പൊ ഒക്കെ ശരിയായി.. നമുക്കു അങ്കിളിന്‍റെ വീട്ടിലേക്കു ഉടന്‍ പോകാം കേട്ടോ.." പൌലോ ചേട്ടന്‍ പറഞ്ഞു.
"അപ്പോ അമ്മമ്മാ?.. " അവള്‍ ചോദ്യഭാവത്തോടെ പരിസരത്ത് അമ്മമ്മയെ തിരഞ്ഞു.
"അതു പിന്നേ.. മോളേ.. അമ്മമ്മാ അവിടുണ്ടല്ലോ.. വാ വേഗം എഴുന്നേറ്റു റെഡിയാവൂ.. നമുക്കു ഉടനേത്തന്നെ അമ്മമ്മയുടെ അടുത്തേക്കു പോകാം.. അങ്കിള്‍ ദേ വന്നു.." ആശുപത്രിബില്‍ അടയ്ക്കാനായി അയാള്‍ പോയി.
തന്‍റെ വീട്ടുമുറ്റത്ത്‌ പതിവില്ലാത്തൊരു ജനക്കൂട്ടം കണ്ടവള്‍ അമ്പരന്നു. പൌലോച്ചേട്ടന്‍ അവളെ ദേഹത്തോടു ചേര്‍ത്തടക്കിപ്പിടിച്ചുകൊണ്ടു മുറ്റത്തേക്കു കടന്നുചെന്നു. പൂമുഖത്തു വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്ന അമ്മമ്മയെ അവള്‍ കണ്ടു. കാര്യം മനസ്സിലായിട്ടും ഒന്നു കരയാന്‍പോലും സാധിക്കാത്ത മാനസികാവസ്ഥയില്‍ അവള്‍ ബോധശ്യൂന്യയായി പൌലോയങ്കിളിന്‍റെ മാറിലേക്കു ചരിഞ്ഞു.
"മമ്മാ.. ഐ വാണ്ട്‌ ടു കം ദേര്‍ നവ്... ഐ കാന്‍ നോട്ട് കണ്ടിന്യൂ ഹിയര്‍ ഈവന്‍ ഫോര്‍ എ ഡേ... " പിറ്റേ ദിവസം പൌലോച്ചേട്ടന്‍റെ വീട്ടിലിരുന്നു അവള്‍ ന്യൂയോര്‍ക്കിലുള്ള തന്‍റെ അമ്മയെ വിളിച്ച് അവിടേക്ക് ഉടന്‍തന്നേ പോകണമെന്നു ശാഠ്യം പിടിച്ചു.
എപ്പോഴും പുതിയ ഭര്‍ത്താവുമൊത്തു വിദേശങ്ങളില്‍ കറക്കമായിരുന്ന മെറ്റല്‍ഡ, തന്‍റെ മകള്‍ ന്യൂയോര്‍ക്കില്‍ വിമാനമിറങ്ങുന്ന ദിവസവും സ്ഥലത്തുണ്ടായിരുന്നില്ല. പക്ഷേ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനെത്തിയ വ്യക്തിയെക്കണ്ടു അവള്‍ അത്യധികം സന്തോഷിച്ചു. അമ്മയേക്കാള്‍ താന്‍ സ്നേഹിച്ചിരുന്ന റൂത്ത്. മുടിയിഴകളേതാനും നരച്ചിരിക്കുന്നുവെന്നല്ലാതെ മറ്റൊരു മാറ്റവുമില്ല. റൂത്ത് ഓടിവന്നു അവളെ ആലിംഗനം ചെയ്തു.
മാര്‍ഗരറ്റ് അവിടെയടുത്തുള്ള സ്കൂളില്‍ ചേര്‍ന്നു പഠനം പുനരാരംഭിച്ചു. വല്ലപ്പോഴുമൊക്കെ അവളുടെ അമ്മ വീട്ടിലെത്തും. ഏതാനും നിമിഷങ്ങള്‍ മാത്രം നീളുന്ന സ്നേഹപ്രകടനങ്ങള്‍.. അമ്മ വിവാഹം കഴിച്ച അയര്‍ലണ്ടുകാരനെ കാണുന്നതുതന്നെ അവള്‍ക്കു വെറുപ്പായിരുന്നു. ഒരു ദിവസംപോലും അവളുടെയൊപ്പം അന്തിയുറങ്ങാനുള്ള മനസ്ഥിതി മെറ്റല്‍ഡ കാണിച്ചുമില്ല. സത്യത്തില്‍ മാര്‍ഗരറ്റും അതാഗ്രഹിക്കുന്നുണ്ടായിരുന്നില്ല.
മാസങ്ങള്‍ കഴിഞ്ഞു പോയി. ഒരു ദിവസം രാത്രി അടുക്കളഭാഗത്തു നിന്നും റൂത്തും മറ്റൊരു വേലക്കാരനായ ശ്രീലങ്കക്കാരന്‍ തിരുമാനെയും എന്തോ അടക്കിപ്പിടിച്ചു സംസാരിക്കുന്നത് അവള്‍ ശ്രദ്ധിച്ചു. അവളുടെ പപ്പയുടെ മരണത്തെക്കുറിച്ചായിരുന്നു അവരുടെ സംസാരം.
"മാര്‍ഗരറ്റിനെ കാണുമ്പോള്‍ എന്‍റെ ഹൃദയം നുറുങ്ങുന്നു. അറിയാതെ ചെയ്തുപോയ തെറ്റാണെങ്കിലും ദൈവം തന്നെ ശിക്ഷിക്കുമോ?" കണ്ണുനീര്‍ ഒഴുക്കിക്കൊണ്ടു അയാള്‍ റൂത്തിനോടു ചോദിക്കുന്നു.
അവരുടെ ശ്രദ്ധയില്‍പ്പെടാതെ മാര്‍ഗരറ്റ് അവിടെ നിന്നും മാറി. എന്നും രാത്രി റൂത്തിന്‍റെ കൂടെയാണ് അവളും കിടക്കുന്നത്. റൂത്ത് ഒരമ്മയുടെ സ്നേഹവാത്സല്യങ്ങളോടെ റൂത്ത് പറഞ്ഞുകൊടുക്കുന്ന കഥകള്‍ കേട്ടാണ് അവളുറങ്ങാറ്.
"ഓണ്‍ട്.. ഐ വാണ്ട്‌ ടു ലിസെന്‍ എ ട്രുത്ത് ഫ്രം യു.. വില്‍ യു പ്ലീസ് ഹെല്‍പ് മി ഓണ്‍ട്?.." താനൊരു സത്യം റൂത്തില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. ദയവായി പറയാന്‍ സാധിക്കുമോയെന്നുള്ള അപ്രതീക്ഷിതമായ ചോദ്യം റൂത്തില്‍ ചെറുതായി അങ്കലാപ്പുണ്ടാക്കി.
"വൈ നോട്ട് മൈ ലവ്ലി ലിറ്റില്‍ സ്റ്റാര്‍.. പ്ലീസ് ആസ്ക്‌ മി.." അവര്‍ സമ്മതിച്ചയുടനെ മാര്‍ഗരറ്റ് പോയി ബൈബിള്‍ എടുത്തുകൊണ്ടുവന്ന് റൂത്തിനെക്കൊണ്ടു അതില്‍ത്തൊട്ടു സത്യം ചെയ്യിച്ചു. അവളുടെ ഞെട്ടിപ്പിക്കുന്ന ആ ചോദ്യം കേട്ട് ധര്‍മ്മസങ്കടത്തിലായ റൂത്തിനു വേറെ നിവൃത്തിയില്ലാതായപ്പോള്‍ വള്ളിപുള്ളിവിടാതെ അവളോടു മനസ്സുതുറക്കേണ്ടി വന്നു.
സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടിലിറങ്ങിയ മെറ്റല്‍ഡയേയും ഭര്‍ത്താവ് ഇയാന്‍ ഹോംസിനേയും എതിരേറ്റത് പോലീസായിരുന്നു. ഇരുവരുടേയും ഗൂഢാലോചനപ്രകാരം ശ്രീലങ്കക്കാരനായ തന്‍റെ വേലക്കാരനു പണം കൊടുത്ത് എവിടെനിന്നോ പൊട്ടാസ്യം സയനൈഡ് സംഘടിപ്പിക്കുകയായിരുന്നു മെറ്റല്‍ഡ. എന്തിനായിരുന്നു അതെന്നു യജമാനത്തിയോട് ചോദിക്കാനുള്ള അവകാശം വേലക്കാരനായ തിരുമാനേക്കു ഉണ്ടായിരുന്നില്ലെന്നും പാനീയത്തില്‍ വിഷം കലര്‍ത്തിയത് അയാളായിരുന്നില്ലെന്നും കണ്ടെത്തിയ കോടതി മാപ്പുസാക്ഷിയാക്കി അയാളെ വെറുതേവിട്ടു. മെറ്റല്‍ഡയേയും ഭര്‍ത്താവിനേയും ശിക്ഷവിധിച്ചു ജയിലിലും അടച്ചു. അങ്ങനെ അഞ്ചുകൊല്ലമായി തെളിവുകളൊന്നും ലഭിക്കാതിരുന്ന ആ കൊലപാതകക്കുറ്റത്തിന്‍റെ ഫയല്‍ അടഞ്ഞു.
അന്നു സന്ധ്യാനേരത്തു വീടിനുമുന്നിലെ ചെറിയ പൂന്തോട്ടത്തില്‍ ചിന്താവിഷ്ടയായിരുന്ന മാര്‍ഗരറ്റിനെ തഴുകിയ ഇളംകാറ്റില്‍ വെറ്റിലമുറുക്കാന്റെ നേരിയ സുഗന്ധമുള്ളതുപോലെ അവള്‍ക്കു തോന്നി.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment