Tuesday, December 8, 2015

പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍

സ്വതന്ത്ര ഇസ്ലാം രാഷ്ട്രമായി പാക്കിസ്ഥാന്‍ രൂപീകൃതമായ കാലഘട്ടത്തില്‍ അവിടെയുണ്ടായിരുന്ന ഹൈന്ദവ ജനസംഖ്യ ലോകത്തിലേക്ക് വച്ചുതന്നെ രണ്ടാമതായിരുന്നു. ഒന്നാം സ്ഥാനത്ത് സ്വതന്ത്ര ഭാരതവും. 1951 ലെ സെന്‍സസ് അനുസരിച്ച്, കിഴക്കന്‍ പാക്കിസ്ഥാന്‍ (ഇന്നത്തെ ബംഗ്ലാദേശ്) അടങ്ങുന്ന പാക്കിസ്ഥാന്‍ ജനസംഖ്യയുടെ 22% ത്തോളമുണ്ടായിരുന്നു ഹിന്ദു ജനത. (35% എന്നും ചില കണക്കുകള്‍ പറയുന്നുണ്ട്)
1947 ആഗസ്റ്റ്‌ 14 നു പാക്കിസ്ഥാന്‍ സ്വതന്ത്രമായപ്പോള്‍ 4.4 മില്ല്യന്‍ ഹിന്ദുക്കളും സിഖുകാരും ഇന്‍ഡ്യയിലേക്കും, ഇന്‍ഡ്യയില്‍ നിന്നും 4.1 മില്ല്യന്‍ മുസ്ലീങ്ങള്‍ പാക്കിസ്ഥാനിലേക്കും കുടിയേറുകയായിരുന്നു.
1998 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് ഇപ്പോള്‍ പാക്കിസ്ഥാനില്‍ ഹിന്ദു ജനസാന്ദ്രത കേവലം 1.7 % മാത്രം. 10.2% ബംഗ്ലാദേശിലും. (2001 ലെ കണക്കെടുപ്പനുസരിച്ചു ഇന്‍ഡ്യയിലെ ക്രിസ്ത്യാനികളുടെ സാന്നിദ്ധ്യം ഏകദേശം 2.5% ആണെന്നും വിലയിരുത്തപ്പെടുന്നു. പില്ക്കാലത്ത് പന്തക്കുസ്ത ക്രിസ്ത്യന്‍ മിഷനറിമാരുടെയും ചര്‍ച്ച് ഓഫ് ഗോഡ് സഭ തുടങ്ങിയവരുടേയും മത പ്രചാരണഫലമായി ഈ സംഖ്യ ഏകദേശം 5% മായി ഉയര്‍ന്നിട്ടുണ്ട് എന്നും അനുമാനിക്കപ്പെടുന്നു)
പുരാതന കാലത്ത് മദ്ധേഷ്യ, ഇറാന്‍, കിഴക്കന്‍ യൂറോപ്പ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നും സിന്ധുനദി കടന്നെത്തിയ ആര്യന്മാര്‍ ഇന്‍ഡ്യയിലെ ദ്രാവിഡ സമൂഹത്തെ വരുതിയിലാക്കുകയും അവരുടെ സംസ്ക്കാരവും ഭരണവും ഇന്‍ഡ്യയില്‍ നടപ്പിലാക്കുകയും ചെയ്തു. സിന്ധിലെ മോഹന്ജദാരോയിലെ ഗുഹകളില്‍ നിന്നും മറ്റും കണ്ടെടുത്ത അവശിഷ്ടങ്ങളില്‍ സ്വാസ്തിക ചിഹ്നം ആലേഖനം ചെയ്ത പ്രതിമകളും ഹൈന്ദവ സംസ്ക്കാരത്തിന്റെ മേല്ക്കോയ്മ്മ വിളിച്ചോതുന്ന പല തെളിവുകളും ഉണ്ടായിരുന്നു.
ലാഹോര്‍ പട്ടണം സാക്ഷാല്‍ ശ്രീരാമന്‍റെ ഇരട്ടക്കുട്ടികളിലൊരുവനായ ലവന്‍റെ നാമധേയത്തിലും കസൂര്‍ പട്ടണം അപരനായ കുശന്റെ നാമത്തിലുമാണ് പണികഴിപ്പിച്ചിരിക്കുന്നത് എന്നതില്‍ നിന്നു തന്നെ രാമായണവും പുരാണങ്ങളുമെല്ലാം അനുഷ്ഠിക്കുന്ന ഒരു ജനതയായിരുന്നു ആ ഭൂവിഭാഗത്തില്‍ താമസിച്ചിരുന്നത് എന്നു മനസ്സിലാക്കാം. പെഷവാര്‍, മുള്‍ട്ടാന്‍ തുടങ്ങിയ നഗരങ്ങളുടെ നാമധേയങ്ങളും ഹിന്ദു പുരാണങ്ങളില്‍ നിന്നും കൊണ്ടിട്ടുള്ളതാണ്.
സിന്ധു നദീതട സംസ്കൃതി അസ്തമിച്ചതിനെ തുടർന്നുവന്ന വൈദിക സംസ്കൃതി സിന്ധു-ഗംഗാ സമതലങ്ങളിൽ വ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് പേർഷ്യൻ സാമ്രാജ്യം, അലക്സാണ്ടർ ചക്രവർത്തി ,മൌര്യ സാമ്രാജ്യം എന്നിവർ പാക് പ്രദേശങ്ങളിൽ സ്വാധീനമുറപ്പിച്ചത്. ദിമിത്രിയൂസ് ഒന്നാമന്റെ ഇന്തോ-ഗ്രീക്ക് സാമ്രാജ്യം പാക്കിസ്ഥാനിലെ ഗാന്ധാരം, പഞ്ചാബ് എന്നീ പ്രദേശങ്ങളെയും ഉൾക്കൊള്ളിച്ചിരുന്നു. മിലിന്ദ ഒന്നാമന്റെ കീഴിൽ ഈ സാമ്രാജ്യം പിന്നീട് കൂടുതൽ വിസ്തൃതമാവുകയും ഗ്രീക്ക്-ബൌദ്ധ കാലഘട്ടം എന്ന നിലയിൽ വാണിജ്യത്തിലും മറ്റും ഗണ്യമായ പുരോഗതി കൈവരിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് തക്ഷശിലഎന്ന വൈജ്ഞാനിക കേന്ദ്രം പ്രശസ്തമാകുന്നത്. ആധുനിക ഇസ്ലാമബാദ് നഗരത്തിനു പടിഞ്ഞാറായി തക്ഷശിലയുടെ അവശിഷ്ടങ്ങൾ പാക്കിസ്ഥാനിലെ പ്രധാന പുരാവസ്തു ഗവേഷണകേന്ദ്രമാണ്.
പിന്നീട് അറബി യോദ്ധാവ് മുഹമ്മദ് ബിൻ കാസിം സിന്ധ്, പഞ്ചാബിലെ മുൾട്ടാൻ എന്നീ പ്രദേശങ്ങൾ കീഴടക്കി. പാക്കിസ്ഥാന്‍ സർക്കാരിന്റെ ഔദ്യോഗിക ചരിത്രരേഖകൾ പ്രകാരം പാക്കിസ്ഥാന്‍ എന്ന രാജ്യത്തിന് അടിസ്ഥാനമിട്ടത് ഈ അധിനിവേശമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പിന്നീട് പ്രബലമായ ഡൽഹി സുൽത്താനത്ത്, മുഗൾ സാമ്രാജ്യം തുടങ്ങിയ മുസ്ലീം സാമ്രാജ്യങ്ങൾക്കു വഴിതുറന്നത് കാസിമിന്റെ അധിനിവേശമായിരുന്നു എന്നു പറയാം. ഈ കാലഘട്ടങ്ങളിൽ ഇസ്ലാമിക സൂഫിവര്യന്മാരുടെ പ്രവർത്തനഫലമായി ബുദ്ധ, ഹിന്ദു ജനവിഭാഗങ്ങളിൽ ഒട്ടേറെപ്പേർ ഇസ്ലാമിക വിശ്വാസം സ്വീകരിച്ചു. മുഗൾ സാമ്രാജ്യത്തിന്റെ അസ്തമയത്തോടെ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ അഫ്ഗാനുകളും, ബലൂചികളും സിഖുകാരും പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കി. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി തെക്കനേഷ്യയുടെ നിയന്ത്രണം കൈക്കലാക്കുന്നതുവരെ ഇതു തുടർന്നു.
1998 ലെ കണക്കെടുപ്പനുസരിച്ച് കേവലം 1.7% മാത്രം ഉണ്ടായിരുന്ന പാക്കിസ്ഥാന്‍ ഹിന്ദുജനത ഇന്നത്തെ കണക്കുകള്‍ അനുസരിച്ച് പാക്കിസ്ഥാന്‍ ജനസംഖ്യയുടെ ഏകദേശം 3% ആയി വളര്‍ന്നിട്ടുണ്ട് എന്ന് അനുമാനിക്കപ്പെടുന്നു. അതില്‍ കൂടുതലും സിന്ധ് പ്രവിശ്യയിലാണ്.
ഇന്‍ഡ്യ-പാക്കിസ്ഥാന്‍ വിഭജനകാലത്ത് ഇന്‍ഡ്യയിലേക്ക് കുടിയേറിയ ഹിന്ദുക്കളില്‍ മുന്‍ പ്രധാനമന്ത്രിമാരായ, ഐ. കെ. ഗുജ്റാള്‍, മന്‍മോഹന്‍ സിംഗ് (പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ), ബി.ജെ.പി നേതാവ് എല്‍. കെ. അദ്ധ്വാനി (കറാച്ചി), ആദ്യ ഇന്‍ഡ്യന്‍ ടെസ്റ്റ്‌ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ലാലാ അമര്‍നാഥ് (ലാഹോര്‍), സിനിമാ നടന്മാരും സംവിധായകരുമായ വിനോദ് ഖന്ന, രാജ് കപൂര്‍, ദേവാനന്ദ്, രമേഷ് സിപ്പി, മനോജ്കുമാര്‍, യാഷ് ചോപ്ര, രാജേന്ദ്ര കുമാര്‍, സുനില്‍ ദത്ത് തുടങ്ങിയ ഒട്ടേറെപ്പേര്‍ പില്ക്കാലത്ത് പ്രശസ്തരായിട്ടുണ്ട്.
1940 ല്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗ്ഗീയ ലഹളയില്‍ പാക്കിസ്ഥാനിലെ ഭൂരിഭാഗവും ഹിന്ദു ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. അവശേഷിച്ചവ ഇന്നത്തെ സര്‍ക്കാര്‍ ഹിന്ദുക്കളുടെ സംസ്ക്കാര പോഷണത്തിനുവേണ്ടി സംരക്ഷിച്ചു വരുന്നു. ഇന്‍ഡസ് നദി (സിന്ധു നദി) ഹൈന്ദവവിശ്വാസികള്‍ക്ക് പുണ്യനദിയാണ്. അതിന്‍റെ തീരങ്ങളില്‍ വിശേഷ കാലങ്ങളില്‍ പൂജയും മറ്റും അനുഷ്ഠിക്കാനുള്ള സൌകര്യങ്ങള്‍ ഇന്നും സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നുണ്ട്. കറാച്ചിയിലെ ഹിന്ദു ജിംഖാനയും ശ്രീ സ്വാമി നാരായണന്‍ മന്ദിരവും ഹിന്ദുക്കളുടെ മുഖമുദ്രയായി നിലകൊള്ളുന്നു.
Swaminarayan Temple in Karachi was a departure point for those migrating to India after independence.
Ramapir Temple at Chelhar, Tharparkar In Thar desert of Sindh, Pakistan
Krishan Mandir, Kallar,Pakistan
പ്രാദേശിക അസംബ്ലിയിലും നാഷണല്‍ അസംബ്ലിയിലും സെനറ്റിലുമൊക്കെ ഹിന്ദുക്കള്‍ക്കായി പ്രത്യേക സംവരണം അനുവദിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ ഹിന്ദു പഞ്ചായത്ത്, പാക്കിസ്ഥാന്‍ ഹിന്ദു വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളാണ് പാക്കിസ്ഥാനിലെ ഹിന്ദുക്കളെ പ്രതിനിധീകരിച്ച് ഹിന്ദുക്കളുടെ ആവശ്യങ്ങളും പരാതികളുമൊക്കെ സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതും നടപ്പിലാക്കാന്‍ ശ്രമിക്കുന്നതുമെല്ലാം. ഇവ കൂടാതെ പ്രാദേശികമായി മറ്റു ചില ഹൈന്ദവ സംഘടനകള്‍ ഉള്ളതിനു പുറമേ സര്‍ക്കാര്‍ നിയോഗിക്കുന്ന ന്യൂനപക്ഷ സംരക്ഷണ കമ്മീഷനുകളും ഹിന്ദുക്കളുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമായി രംഗത്തുണ്ട്.
Ancient Hindu temple ruins at Tilla Jogianm Salt Range, Pakistan.
ഹിന്ദുക്കളെ പാക്കിസ്ഥാനിലെ മുസ്ലീങ്ങള്‍ വിശേഷിപ്പിക്കുന്നത് "നാ പാക്" എന്നാണത്രേ!.. 'നാ" എന്നാല്‍ ഇല്ലാ എന്നര്‍ത്ഥം "പാക്" എന്നാല്‍ ശുദ്ധി എന്നും. പൊതുവേ ശുദ്ധിയില്ലാത്തവര്‍ അല്ലെങ്കില്‍ പാക്കിസ്ഥാന്‍കാരല്ലാത്തവര്‍ എന്നാണു ഈ വിളിപ്പേരിന്റെ അര്‍ത്ഥം. ജനങ്ങളുടെ മനോവികാരം ഇത്തരത്തിലുള്ളതൊക്കെയാണെങ്കിലും ഭരണകൂടം ഹിന്ദുക്കളുടെ സംരക്ഷണത്തിനായി മോശമല്ലാത്ത രീതിയില്‍ സംവരണങ്ങളും ആനുകൂല്യങ്ങളും ഒക്കെ നല്‍കുന്നുണ്ട്. മാത്രമല്ലാ ഹിന്ദുക്കളോട് വൈകാരികമായ ആത്മബന്ധമുണ്ടായിരുന്ന ചില മുസ്ലീം കുടുംബക്കാര്‍ ഹിന്ദു കുടുംബപ്പേരുകളായ ചൌഹാന്‍, ചൌധരി, രാജ്പുത്, റാണാ, ബട്ട്‌, സോധി തുടങ്ങിയവ തങ്ങളുടെയും കുടുംബപ്പേരായി സ്വീകരിച്ചിരിക്കുന്നു എന്നതും ഒരു വാസ്തവം മാത്രം.
Temple at  Peshawar,Pakistan
പാക്കിസ്ഥാന്‍ എന്ന പേരിനർത്ഥം "പരിശുദ്ധിയുടെ നാട്" എന്നാണ്. മുസ്ലിംങ്ങൾക്ക് ബ്രിട്ടീഷ് ഇന്ത്യയിൽ പ്രത്യേക രാജ്യം എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ചൌധരി റഹ്മത്ത് അലിയാണ് ഈ പേര് 1934-ൽ ആദ്യമായി ഉപയോഗിച്ചത്. പഞ്ചാബ്, അഫ്ഗാനിയ, കശ്മീർ, സിന്ധ്, ബലൂചിസ്ഥാൻ എന്നീ പ്രദേശങ്ങളിൽ വസിക്കുന്ന മൂന്നുകോടി മുസ്ലീം ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന നാമമാണ് പാക്കിസ്ഥാന്‍ എന്നത്രേ റഹ്മത് അലി "നൌ ഓർ നെവർ" എന്ന ലഘുലേഖയിൽ പറഞ്ഞു വയ്ക്കുന്നത്. പഞ്ചാബ്, അഫ്ഗാനിയ, കാശ്മീർ, സിന്ധ് എന്നീ പ്രവിശ്യാനാമങ്ങളുടെ ആദ്യാക്ഷരങ്ങളും ബലൂചിസ്ഥാന്റെഅവസാന മൂന്നക്ഷരങ്ങളും ചേർത്താണ് റഹ്മത് അലി പാക്കിസ്ഥാന്‍ എന്ന പേരു നൽകിയതെന്നും ലഘുലേഖ സൂചിപ്പിക്കുന്നു.
മേല്‍പ്പറഞ്ഞതൊക്കെ ശരിയാണെകില്‍ ലേഖകന്‍റെ അഭിപ്രായമനുസരിച്ച് ഈ ചൌധരി റഹ്മത്ത് അലി എന്ന വര്‍ഗ്ഗീയവാദിയായിരുന്നു ഇന്‍ഡ്യ വിഭജിക്കപ്പെടാനും രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഒരിക്കലും നിലയ്ക്കാത്ത അസ്വാരസ്യങ്ങള്‍ക്കും കാരണം എന്നു അനുമാനിക്കേണ്ടി വരും. കാരണം, വിഭജിക്കാത്ത ഇന്‍ഡ്യ എന്നുപറഞ്ഞാല്‍ നമ്മള്‍ ഇപ്പോള്‍ കാണുന്ന ഇന്‍ഡ്യ തന്നെയായിരുന്നു എന്നത് തന്നേ. ഇപ്പോഴത്തെ ഇന്‍ഡ്യയിലെ ജനസംഖ്യയുടെ 15% ഓളം മുസ്ലീങ്ങള്‍ ആകുന്നു. അതായത് പാക്കിസ്ഥാനിലെ 19 കോടി ആകെ ജനസംഖ്യയുടെ അത്രത്തോളം തന്നെ മുസ്ലീങ്ങള്‍ ഇന്‍ഡ്യയില്‍ ഉണ്ടെന്നര്‍ത്ഥം. പതിനെട്ടര കോടിയോളം. പാക്കിസ്ഥാനിലെ ആകെ ജനസംഖ്യയില്‍ നിന്നും ഇസ്ലാമിതര ജനവിഭാഗങ്ങളുടെ പ്രാധിനിദ്ധ്യം കുറച്ചാല്‍ ഇന്‍ഡ്യയിലുള്ള മുസ്ലീങ്ങളുടെ അത്രയ്ക്ക് വരില്ലാ പാകിസ്ഥാനിലുള്ള മുസ്ലീങ്ങളുടെ അംഗബലം!
അപ്പോള്‍ ഇന്‍ഡ്യ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഇന്നു ഇന്‍ഡ്യയില്‍ സംഭവിക്കുന്ന മതതീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ഉടലെക്കുകയില്ലായിരുന്നു എന്നര്‍ത്ഥം. ഇന്ത്യയിലെ നിയമവ്യവസ്ഥകള്‍ക്കും സംസ്ക്കാരത്തിനുമനുസൃതമായി ജീവിക്കുകയും ഇവിടത്തെ ഏതൊരു മതസ്ഥരുടേയും പോലെ താനുമൊരു ഇന്‍ഡ്യക്കാരനാണെന്നു  അഹങ്കരിക്കുകയും ചെയ്യുന്നവരാണ് ഇന്‍ഡ്യയിലെ സിംഹഭാഗം  മുസ്ലീങ്ങളും എന്നതില്‍ നമുക്കഭിമാനിക്കാം. (ഇന്‍ഡ്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മാച്ചില്‍ പാക്കിസ്ഥാന്‍ ജയിച്ചാല്‍ ആനന്ദസൂചകമായി പടക്കം പൊട്ടിക്കുന്ന മുസ്ലീങ്ങളെ ബോംബെ നിവാസിയായ ഞാന്‍ എന്‍റെ 'പച്ച' കണ്ണുകൊണ്ടു പലപ്പോഴും കണ്ടിട്ടുണ്ട് എന്നതു വേറെക്കാര്യം!. - മുസ്ലീം പ്രാധിനിദ്ധ്യം കൂടുതലുള്ള മസ്ജിദ്, കുര്‍ള, ജോഗേശ്വരി, ഭീവണ്ടി എന്നിവിടങ്ങളില്‍ - പാക്കിസ്ഥാനിലുള്ള തീവ്രവാദികള്‍ക്ക് സമാധാനകാംക്ഷിയായ ഇന്‍ഡ്യയില്‍ നാശമുണ്ടാക്കാന്‍ എന്നും സഹായകമാവുന്നത് ഇത്തരക്കാരുടെ മനോഭാവമാണെന്ന് സംശയംവിനാ വിലയിരുത്താം. ഇത്തരക്കാരെ കാണുമ്പോള്‍ ഏതൊരു രാജ്യസ്നേഹിയുടേയും രക്തം തിളച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. "ചോറ് ഇവിടെയും കൂറ് അവിടെയും" എന്ന രീതിയില്‍ കുത്സിതപ്രവര്‍ത്തനം നടത്തുന്ന ഇത്തരക്കാരുടെ മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അഴിക്കുള്ളിലാക്കാനൊന്നും ഇന്‍ഡ്യന്‍ നിയമവ്യവസ്ഥിതിയിലെ വ്യക്തിസ്വാതന്ത്ര്യസംഹിതകള്‍ അനുവദിക്കുന്നുണ്ടാവില്ല).     
പാക്കിസ്ഥാനിലെ ഹിന്ദുക്കളില്‍ പ്രശസ്തരായ ചിലരാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന റാണാ ഭഗവാന്‍ദാസ്, ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ, ഫാഷന്‍ ഡിസൈനര്‍ ദീപക് പെര്‍വാനി തുടങ്ങിയവര്‍.
ഈയടുത്ത കാലത്ത് ഉദയം കൊണ്ട താലിബാന്‍ എന്ന ഭീകര സംഘടനയുടെ ആക്രമണങ്ങളില്‍ ഹിന്ദുക്കള്‍ക്ക് വന്‍തോതില്‍ ഭീഷണി ഉയരുന്നുണ്ട്. 2010 ല്‍ കറാച്ചിയിലെ ഒരു മുസ്ലീം ആരാധനാലയത്തിലെ പൈപ്പില്‍ നിന്നും ഒരു ഹിന്ദു വെള്ളം കുടിച്ചുവെന്നതിന്റെ പേരില്‍ ഉണ്ടാക്കിയ കലാപത്തില്‍ അറുപതോളം ഹിന്ദു ജീവനുകള്‍ അപഹരിക്കപ്പെടുകയും ഹിന്ദു ഭവനങ്ങളെല്ലാം അടിച്ചു തകര്‍ക്കപ്പെടുകയും ചെയ്ത സംഭവം വാര്‍ത്തയായിരുന്നു. 2014 ല്‍ പെഷവാറിലെ ഒരു ഹിന്ദു ക്ഷേത്രത്തിനു മുന്നില്‍ കാവല്‍ നിന്ന പോലീസുകാരനെ തീവ്രവാദികള്‍ വെടിവെച്ചു കൊന്ന സംഭവവുമുണ്ടായി. ഇത്തരുണത്തില്‍ വിലയിരുത്തുമ്പോള്‍ പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ അത്രയ്ക്കങ്ങ് സുരക്ഷിതരല്ലാ എന്നുവേണം കരുതാന്‍.
പാക്കിസ്ഥാനിലെ പ്രശസ്ത ദിനപത്രങ്ങളിലൊന്നായ "ദി ഡോണ്‍" നു നല്‍കിയ അഭിമുഖത്തില്‍ ചക് വാള്‍ പ്രവിശ്യയിലെ രണ്ടേ രണ്ടു ഹിന്ദു ബ്രാഹ്മണ കുടുംബത്തിലൊന്നിലെ അംഗമായ പതിനെട്ടുകാരി മാനിഷ ചിബ്ബര്‍ പറഞ്ഞു.
"രണ്ടു കൊല്ലം മുമ്പ് ഞാന്‍ ചക് വാള്‍ നഗരത്തിലെ കോളേജില്‍ പഠിക്കുന്ന കാലത്ത് അവിടത്തെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമെല്ലാം എന്നെ ഒരു അന്യഗ്രഹജീവി എന്ന പോലെയാണ് നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഞാന്‍ താമസിക്കുന്ന പത്തു കിലോമീറ്റര്‍ ദൂരത്തുള്ള കരിയാല വില്ലേജിലെ ആരും തങ്ങളുടെ കുടുംബാംഗങ്ങളെ അത്തരം വീക്ഷണകോണിലല്ലാ വീക്ഷിക്കുന്നതു താനും! വീടുകളില്‍ എന്തെങ്കിലും തരത്തിലുള്ള വിശേഷങ്ങളോ ആഘോഷങ്ങളോ മരണങ്ങളോ ഉണ്ടാവുമ്പോഴൊക്കെ ഒരേ കുടുംബം പോലെത്തന്നെ മുസ്ലീങ്ങളും ഹിന്ദുക്കളും പരസ്പ്പരം സന്ദര്‍ശിക്കുകയും ഇടപഴകുകയുമൊക്കെ ചെയ്യുന്നതില്‍ ആരും വിമുഖത പ്രദര്‍ശിപ്പിക്കാറില്ല"
ദി ഡോണ്‍ പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴും പാക്കിസ്ഥാനില്‍ താമസിക്കുന്ന വളരെക്കുറച്ചു മാത്രമുള്ള ഹിന്ദു ബ്രാഹ്മണകുടുംബങ്ങളില്‍ ഒന്നാണ് ചിബ്ബര്‍ കുടുംബം. പാക്കിസ്ഥാനില്‍ ഇപ്പോഴുള്ള ഹിന്ദുക്കളില്‍ സിംഹഭാഗവും താഴ്ന്ന ജാതിക്കാരാണ്. അവരില്‍ ഏറിയ പങ്ക് ദളിതരും. ഉയര്‍ന്നജാതിക്കാരായ ഹിന്ദുക്കളെല്ലാം വിഭജന കാലത്ത് ഇന്‍ഡ്യയിലേക്കു പലായനം ചെയ്തപ്പോള്‍ അതിനു സാധിക്കാതെ വന്നവരായിരുന്നു ഇവര്‍.
വിഭജനത്തിനു മുമ്പ് ചക് വാള്‍ പ്രവിശ്യ ഉള്‍പ്പെടെ നാല്പതോളം പ്രവിശ്യകളുടെ ഭരണാധികാരിയായിരുന്നു മാനിഷയുടെ മുത്തച്ഛന്‍ ഭായ് ജഗ്ഗത് സിംഗ്. കൂടാതെ അനേകം വസ്തുവകകളും കൃഷിസ്ഥലങ്ങളുമൊക്കെയുള്ള ഒരു ജന്മിയും കൂടിയായിരുന്നു അദ്ദേഹം. പെട്ടെന്നു വിഭജനം നിലവില്‍ വന്നപ്പോള്‍ തന്‍റെ എല്ലാ സ്വത്തുക്കളും ഉപേക്ഷിച്ചു ഇന്‍ഡ്യയിലേക്കു കുടിയേറുവാന്‍ ജഗ്ഗത് സിംഗിന്റെ മനസ്സു സമ്മതിച്ചിരുന്നില്ല. എന്നാല്‍ ആ സന്ദര്‍ഭത്തിലുടലെടുത്ത വര്‍ഗ്ഗീയ കലാപത്തില്‍ തന്‍റെ സഹോദരന്‍ ഭായ് ദിലീപ് സിംഗ് മുസ്ലീം വിപ്ലവകാരികളാല്‍ വധിക്കപ്പെടുകയും കൂടി ചെയ്തപ്പോള്‍ കൂടുതല്‍ ദിവസം അവിടെ പിടിച്ചു നില്ക്കാന്‍ അദ്ദേഹത്തിനും കുടുംബത്തിനും സാധിച്ചില്ല.
ഡല്‍ഹിയിലെ റെഫ്യൂജി ക്യാമ്പിലെ ജീവിതം രാജകീയമായ സുഖസൌകര്യങ്ങളോടെ ജീവിച്ചിരുന്ന ജഗ്ഗത് സിങ്ങിനു അലോസരമുണ്ടാക്കി. വീണ്ടും പാക്കിസ്ഥാനിലേക്കു തന്നെ തിരിച്ചു പോകാന്‍ തീരുമാനിച്ചെങ്കിലും ഭാര്യയും രണ്ടു മക്കളും വിസമ്മതിച്ചു. കരിയാല ഗ്രാമത്തിലേക്കു തിരിച്ചു വന്ന ജഗ്ഗത് സിങ്ങിനു ഒരുവിധത്തില്‍ തന്‍റെ കൃഷിസ്ഥലങ്ങള്‍ തിരിച്ചു പിടിക്കാന്‍ സാധിച്ചുവെങ്കിലും സമൂഹത്തില്‍ താന്‍ അലങ്കരിച്ചിരുന്ന സ്ഥാനമാനങ്ങളൊക്കെ നഷ്ടപ്പെട്ടിരുന്നു. കൃഷി ചെയ്തും കച്ചവടം ചെയ്തുമൊക്കെ ഭീഷണികള്‍ക്കു മുന്നിലും സധൈര്യം അദ്ദേഹം അവിടത്തെ ജീവിതം പുനരാരംഭിച്ചു. ആയിടയ്ക്കാണ് ജഗ്ഗത് സിംഗ് രണ്ടാമതും വിവാഹിതനാകുന്നത്. അതിലും രണ്ടു ആണ്‍മക്കള്‍ - മനീഷയുടെ പിതാവായ രവിന്ദര്‍ കുമാറും സുരീന്ദര്‍ കുമാറും.
രവിന്ദര്‍കുമാര്‍ പറയുന്നു....
"ഹിന്ദുക്കള്‍ ധാരാളമായി ഉണ്ടായിരുന്ന സ്ഥലമായിരുന്നു കരിയാല ഗ്രാമം എന്നതിനാല്‍ അനേകം ക്ഷേത്രങ്ങള്‍ അവിടെയുണ്ടായിരുന്നു. എന്നാല്‍ വിഭജനത്തെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ ഏറെക്കുറെ മുഴുവനായും അവ തകര്‍ക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം ജില്ലാ കൌണ്‍സിലറായി താന്‍ (രവിന്ദര്‍ സിംഗ്) തിരഞ്ഞെടുക്കപ്പെട്ടു. ആ അധികാരം ഉപയോഗപ്പെടുത്തി കുറച്ചു സര്‍ക്കാര്‍ ഫണ്ട് ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി തരപ്പെടുത്തി. അങ്ങനെ ഒരു ക്ഷേത്രം പുനരുദ്ധരിക്കപ്പെട്ടു. തൊട്ടടുത്തുള്ള മറ്റൊരു ക്ഷേത്രം സര്‍ക്കാര്‍ ട്രസ്റ്റ് കണ്ടു കെട്ടി ഇന്‍ഡ്യയില്‍ നിന്നും പലായനം ചെയ്തു വന്ന ഒരു മുസ്ലീം കുടുംബത്തിനു താമസിക്കാനായി കൊടുത്തു. അതില്‍ അവരിപ്പോള്‍ ആടുകളെ വളര്‍ത്തുകയാണ്.
ആരാധനാലയങ്ങളോടുള്ള ആദരവ് ഒട്ടും പ്രദര്‍ശിപ്പിക്കാന്‍ തല്പ്പരരല്ല ഇന്നാട്ടുകാര്‍. സദാ എരുമകളേയും പശുക്കളേയും മറ്റും അവര്‍ അമ്പലത്തിനു മുന്നില്‍ കെട്ടിയിടും. എത്ര പറഞ്ഞാലും അവര്‍ അതില്‍നിന്നും പിന്‍തിരിയുകയുമില്ല. അവയുടെ മലമൂത്രവിസര്‍ജ്ജനം മൂലം ക്ഷേത്രപരിസരം മലിനമാകുന്നത് സഹിക്കാനാവുന്നില്ലെങ്കിലും സമാധാനം തകരാതിരിക്കട്ടേ എന്ന ചിന്തയില്‍ ഞങ്ങള്‍ മൗനം പാലിക്കുകയാണ്"
ഹിന്ദുക്കള്‍ക്ക് നേരെയുള്ള ഈ നിസ്സഹകരണം തുടരുന്ന ഈ സാഹചര്യത്തില്‍ ഇക്കഴിഞ്ഞഏപ്രിലില്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടെ ഉത്തരവ് അല്പം ആശ്വാസം പകരുന്നതാണ്. പാക്കിസ്ഥാനിലെ ഹിന്ദു ക്ഷേത്രങ്ങള്‍ പുനസ്ഥാപിക്കാന്‍ ഖൈബര്‍ പഖ്തുന്‍ഖ്വാ സര്‍ക്കാരിന് നിര്‍ദ്ദേശം. 1997ല്‍ പൊളിച്ചുമാറ്റപ്പെട്ട ക്ഷേത്രങ്ങളാണ് പുനരുദ്ധരിക്കുന്നതിനായി ഉത്തരവായിരിക്കുന്നത്. പാക്കിസ്ഥാന്‍ ഹിന്ദു സമിതിയുടെ രക്ഷാധികാരി ഡോ രമേശ് കുമാര്‍ വങ്കവാനിയാണ് കോടതിക്ക് ഇതു സംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചത്. ക്ഷേത്രങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗിക്കുന്നതിനെതിരെ കോടതി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനില്‍ നിന്നും ഒരോവര്‍ഷവും 5000 ഹിന്ദുമത വിശ്വാസികള്‍ ഇന്ത്യയിലേക്ക് കുടിയേറുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുമതവിശ്വാസികള്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവര്‍ ഇന്ത്യയിലേക്ക് അഭയം തേടുന്നതെന്നു റിപ്പോര്‍ട്ടു പുറത്തുവിട്ട പാക്കിസ്ഥാന്‍ ഹിന്ദു കൌണ്‍സില്‍ പ്രതിനിധി പറഞ്ഞു. ലേഖകന്‍ അതു വിശ്വസിക്കുന്നില്ലാ കാരണം പാക്കിസ്ഥാനില്‍ നിന്നും ആധികാരികമായി ഇന്‍ഡ്യയിലേക്കുള്ള കുടിയേറ്റം ഇക്കാലത്ത് അത്രയെളുപ്പമല്ല എന്നതുതന്നെ. കഴിഞ്ഞ രണ്ടു മാസത്തിനിടെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ മാത്രം ആറു അക്രമസംഭവങ്ങളുണ്ടായി. വിശുദ്ധ ഖുറാന്‍ ഹിന്ദുക്കള്‍ കത്തിച്ചെന്ന വ്യാജപ്രചരണം നടത്തിയാണ് അക്രമം. മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍ മതവിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യം പലപ്പോഴും ഹനിക്കപ്പെടുന്നുണ്ടെന്നു പാക്കിസ്ഥാന്‍ ഹിന്ദു കൌണ്‍സില്‍ സ്ഥാപകന്‍ രമേഷ് കുമാര്‍ വങ്കവാണി പറഞ്ഞു. സിന്ധ് പ്രവിശ്യയിലെ ചില ഉള്‍പ്രദേശങ്ങളില്‍ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വം ഇസ്ലാം മതത്തില്‍ ചേര്‍ക്കുന്നതായും വങ്കവാണി ആരോപിക്കുന്നു. ഹിന്ദുമത വിശ്വാസികളെ നിര്‍ബന്ധിച്ചു മതം മാറ്റുന്നതടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ ദേശീയ അസംബ്ളിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പാക് പാര്‍ലമെന്ററികാര്യമന്ത്രി ഷെയ്ക്ക് അഫ്താബ് അഹ്മദ്, രമേശ് കുമാര്‍ വങ്കവാണിയുടെ ചോദ്യത്തിനു മറുപടിയായി ദേശീയ അസംബ്ളിയില്‍ അറിയിച്ചു
പാക്കിസ്ഥാന്‍ പാര്‍ലമെന്‍റില്‍ ഹിന്ദു എംപി ഗോപൂജയെ അനുകൂലിച്ച് പ്രകോപിതനായി സംസാരിക്കുന്നതിന്‍റെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ മാസം 20-ന് പാര്‍ലമെന്‍റിന്‍റെ ബജറ്റ് സെഷനില്‍ ലാല്‍ മാല്‍ഹി എംപിയാണ് സഹ എംപിമാരുടെ ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയത്. ഗോക്കളെ ആരാധിക്കുന്നത് തന്‍റെ വിശ്വാസത്തിന്‍റെ ഭാഗമാണെന്നും എന്തൊക്കെ എതിര്‍പ്പുണ്ടായാലും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍മീഡിയാ സൈറ്റുകളില്‍ ആയിരങ്ങളാണ് മാല്‍ഹിയുടെ പ്രസംഗത്തിന്‍റെ വീഡിയോ കണ്ട് ലൈക്ക് ചെയ്തത്.
പാക്കിസ്ഥാനിലെ ഹിന്ദുക്കളും പാക് പൗരന്മാരാണെന്ന് മറക്കരുതെന്ന് മാല്‍ഹി പറഞ്ഞു. ഇന്ത്യക്കെതിരേ ആരോപണം ഉന്നയിക്കുന്നതിനു പകരം പാക് എംപിമാര്‍ ഹിന്ദുക്കളെ അപഹസിക്കുകയും അവരുടെ ദേശസ്നേഹം ചോദ്യം ചെയ്യുകയും ചെയ്തതാണ് മാല്‍ഹിയെ ചൊടിപ്പിച്ചത്. താന്‍ ഒരു അസല്‍ പാക്കിസ്ഥാനി ആണോ എന്നതു മാത്രമാണ് കണക്കിലെടുക്കേണ്ടത്. പാക്കിസ്ഥാനിലെ ഏതു മതവിശ്വാസിയേക്കാളും ദേശസ്നേഹം ഒട്ടും കുറവല്ല ഹിന്ദുക്കള്‍ക്കെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവവിശ്വാസത്തെ എതിര്‍ക്കുന്ന എംപിമാര്‍ മുമ്പ് ഹിന്ദുയുവാവിനെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്തതിനെക്കുറിച്ച് പ്രതികരിക്കാത്തത് എന്താണെന്നും മാല്‍ഹി ചോദിച്ചു. ഇത്തരം പ്രവൃത്തികള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാനിലേക്കുള്ള ഭീകര സംഘടനകളുടെ കടന്നുകയറ്റവും കണക്കിലെടുത്താല്‍ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ ഫലപ്രദമായ ഒരു മാര്‍ഗ്ഗവും സര്‍ക്കാരിന്‍റെ മുന്നില്‍ ഇല്ലെന്നിരിക്കേ ഭീഷണിയുടെ മുനമ്പില്‍ത്തന്നെ സധൈര്യം ജീവിക്കുക എന്നൊരു മാര്‍ഗ്ഗം മാത്രമേ പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്കു മുന്നിലുള്ളൂ.
(ഈ ലേഖനം തയ്യാറാക്കാന്‍ സഹായകരമായ വിക്കിപ്പീഡിയ അടക്കമുള്ള പല ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്)
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment