Saturday, November 9, 2013

എരിഞ്ഞടങ്ങിയ വിപ്ലവം

എരിഞ്ഞടങ്ങിയ വിപ്ലവം
കത്തിയമര്‍ന്നോരാ
ചിതയില്‍ ഞാന്‍ നിന്‍ 
കത്തിയമരാത്ത
ആദര്‍ശങ്ങള്‍ തേടി.
പൊട്ടിത്തെറിച്ച
തലയോട്ടിയുടെ ഉള്ളില്‍
ഒട്ടിപ്പിടിച്ച
ഇത്തിരി ചോരക്കറ.
തിളച്ചു മറിയും
ചടുല ചിന്തകളും
നിനക്കൊപ്പം ചുടലയില്‍ 
എരിഞ്ഞടങ്ങിയോ?
എന്റെ കാതുകളില്‍ 
ഇന്നും അലയടിക്കും
വിപ്ലവ വീര്യത്തിന്‍
ഉറവിടം......
ഉരുകാതെ കിടന്ന,
മാന്ത്രികന്‍ ജപിച്ചു കെട്ടിയ
ചെമ്പ് തകിടില്‍ മാത്രം
ഇപ്പോഴും ചൂട്..!

 -ജോയ് ഗുരുവായൂര്‍-

അന്തപ്പന്‍ റൌഡിയും പിള്ളേരും


അതാ കവലയില്‍ തടിച്ചു നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിന്‍റെ നടുക്ക് നിന്നും പൊടിപടലങ്ങള്‍ ‍ഉയരുന്നൂ.. 

ദൂരെ നിന്ന് അത് കണ്ടവരൊക്കെ ജിജ്ഞാസാഭരിതരായി അവിടേക്ക്  പായുന്നൂ. ഇടയ്ക്കിടെ "ദാനേ ഗുല്‍ബീ .. ദാനേ... ഗുല്‍ബീ.." എന്നിങ്ങനെയുള്ള അട്ടഹാസങ്ങളും കേള്‍ക്കാം അത് കേട്ടാല്‍ പരിചയ സമ്പന്നര്‍ക്ക്  ഉടനെ മനസ്സിലാവും അവിടെ അന്തപ്പന്‍  ചട്ടമ്പി ആരെയോ കാര്യമായി മേയുകയാണെന്ന്.

എല്ലാ ചട്ടമ്പികള്‍ക്കും ഉണ്ടാവുമല്ലോ ഓരോ വ്യക്തിമുദ്രകള്‍. അന്തപ്പന്‍ റൌഡിയുടെ മാസ്റ്റര്‍ പീസ്‌ ആണ് "ദാനേ ഗുല്‍ബീ " എന്ന അലര്‍ച്ച. തന്‍റെ ജോലി ചെയ്യുമ്പോള്‍  മറ്റുള്ള  ചട്ടമ്പികളെ  അപേക്ഷിച്ച് വളരെ നിശബ്ദന്‍‍ ആണ് അന്തപ്പന്‍ റൌഡി. പക്ഷെ കാര്യങ്ങള്‍ കടുപ്പമായാല്‍ പിന്നെ ഈ അലര്‍ച്ചയാണ്. ചെവിയുടെ ഫ്യൂസ് അടിച്ചു പോകുന്ന തരത്തിലുള്ള ഈ അലര്‍ച്ച കേട്ടാല്‍ തന്നെ എതിരാളി വിരണ്ടു പോകും. പിന്നെ നായകന് കാര്യങ്ങള്‍ വളരെ ഈസി ആവും.

ഒരു ചായക്കട, ഒരു മാടക്കട, ഒരു പല ചരക്കു കട, ഒരു പച്ചക്കറി കട, ഒരു ഉണക്ക മീന്‍ കട, ഒരു ചെറിയ പച്ച മീന്‍ ചന്ത, പിന്നെ രമണന്റെ ബാര്‍ബര്‍ ഷാപ്പ്, അലവിയുടെ ഇറച്ചിക്കട,  ചട്ടിയും കയറും കലങ്ങളും പാത്രങ്ങളും ഒക്കെ കിട്ടുന്ന ദേവസ്സിയുടെ പാത്രക്കട ഇത്രയും ആയാല്‍  അന്തപ്പന്‍  ചട്ടമ്പിയുടെ വിഹാര രംഗമായ വറുതുണ്ണി മാര്‍ക്കറ്റ് ആയി. അന്തപ്പന്‍ ചട്ടമ്പിയുടെ അപ്പന്‍ വറുതുണ്ണി ആയിരുന്നൂ ഈ ‘ സ്പെഷല്‍ ‍ഇക്കൊണോമിക് സോണിന്‍റെ തലതൊട്ടപ്പന്‍ ‍.  അങ്ങനെ ഈ സ്ഥലത്തിനു വറുതുണ്ണി ചന്ത എന്ന പേരും വന്നു. അപ്പന്‍ തട്ടിപ്പോയെങ്കിലും തന്‍റെ പേര് ചന്തക്ക് ഇടാനൊന്നും അന്തപ്പന്‍സ് തുനിഞ്ഞില്ല.  കാരണം മൂത്ത  മകനായ തനിക്കു അപ്പനില്‍ നിന്നും കിട്ടിക്കൊണ്ടിരുന്ന സ്നേഹവായ്പ്പുകള്‍ തന്‍റെ ചോര തുടിക്കും ഉണ്ടകണ്ണുകളില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ പൊടിക്കാതെയല്ലാതെ മൂപ്പില്‍സിനു ഓര്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. 


വറുതുണ്ണി മാപ്പിള കളരി ആശാന്‍ ആയിരുന്നൂ. നാട്ടിലെ പ്രമാണിയും എന്നാല്‍ ഉഗ്രപ്രതാപിയായ  ചട്ടമ്പിയും കൂടി ആയിരുന്നൂ. പക്ഷെ കളവില്‍ ചതി ഇല്ലാത്ത മനുഷ്യനും.  അന്തപ്പന്‍സിന്‍റെ അമ്മയായ ഏലിയാമ്മ ചേടത്തി തന്‍റെ ഭര്‍ത്താവിന്‍റെ മുഖത്തു നേരിട്ട് ഒന്ന് നോക്കുന്നത്  തന്നെ  രണ്ടാമത്തെ കൊച്ചു പിറന്നതിനു ശേഷം ആയിരുന്നൂ എന്ന് അവര്‍  തന്നെ പലയിടത്തും  പറയുമായിരുന്നൂ.  അത്രയ്ക്ക് ഭയഭക്തി  ആയിരുന്നൂ വീട്ടുകാര്‍ക്ക് വരെ വറുതുണ്ണിസിനോട്. പിന്നെ നാട്ടുകാരുടെ കാര്യം പറയാനുണ്ടോ?!. 


ശ്രീമാന്‍ അന്തപ്പന്‍.. വയസ്സ്.... അദ്ദേഹം പറയുന്നതനുസരിച്ച് ഒരു 52  കാണും. ഇത് മൂന്ന് നാല്  കൊല്ലമായി നാട്ടുകാര്‍ കേള്‍ക്കുന്നതും ആണ്.  വറുതുണ്ണി ചേട്ടനോടൊപ്പം ഇപ്പോള്‍ പരലോകത്ത്  ഹണി മൂണ്‍  ആഘോഷിക്കുന്ന ഏലിയാമ്മ ചേടത്തി   പറഞ്ഞിരുന്നതനുസരിച്ചു  പറയുകയാണെങ്കില്‍  വറുതിയും വസൂരിയും വെള്ളപ്പൊക്കവും വന്ന വര്‍ഷം ആണ് അന്തപ്പന്‍സിനെ പ്രസവിച്ചത്. സര്‍ക്കാര്‍ രേഖകകളില്‍ ഒക്കെ വയസ്സ് എഴുതുന്നവര്‍ അന്തപ്പന്‍  ചേട്ടന്‍റെ മുഖത്തൊന്നു സൂക്ഷിച്ചു നോക്കി ഒരു കമ്മച്ചത്തില്‍ ഒരു താങ്ങ് അങ്ങട് താങ്ങും അത്ര തന്നെ.


പിന്നെ ഒരു ചട്ടമ്പിക്കു ആവശ്യമായ അടിസ്ഥാനപരമായ എല്ലാ 'ഫീച്ചെര്സും' അന്തപ്പന്‍സിനു ഉണ്ട്. ചോരക്കണ്ണുകള്‍, കഷണ്ടിത്തല, കുടവയര്‍, പിരിച്ചു വച്ച കൊമ്പന്‍ ‍മീശ,  ആവശ്യത്തിലും  കൂടിയ പനമരം പോലുള്ള തടി ഇത്യാദി കാര്യങ്ങള്‍‍. അന്തപ്പന്റെ സഹോദരങ്ങള്‍ എല്ലാം ഭാഗം വച്ച് കിട്ടിയ സ്വത്തും വിറ്റു തുലച്ച് അന്തപ്പന്‍സിനെ വറുതുണ്ണി  ‘ഇക്കൊണോമിക്  സിറ്റിയില്‍‍’ ചവച്ചു തുപ്പി കടന്നു കളയുമ്പോള്‍‍,  സിറ്റിയുടെ കവാടത്തിലുള്ള  വറുതുണ്ണീസ്  കള്ള് ഷാപ്പും ഒരു വലിയ  തറവാട്ടു വീടും  പിന്നെ  പറക്കമുറ്റിയതും അല്ലാത്തതുമായ ആറേഴു   കൊച്ചുങ്ങളും (കൊച്ചു ങ്ങള്‍ എത്രയുണ്ട് എന്ന് ചോദിച്ചാല്‍.. അന്തപ്പന്‍സ് കൈ നിവര്‍ത്തി ചെറു വിരലില്‍ തുടങ്ങി എണ്ണം തുടങ്ങും.. ബേബി, ബാബൂ, ശോശന്ന, വര്‍ക്കി, തോമ, കൊച്ചു മേരി, മര്‍ഗിലി.. അവസാനം താടിയില്‍ കൈ കൊടുത്ത് ഒന്നു കൂടി ആലോചിച്ചിട്ട് പറയും ഏഴ് എന്ന്), പിന്നെ പത്തിരുപതു കോഴികളും രണ്ടു മൂരികളും ഒരു പശുവും തൊഴുത്തും  ഒരു കാളവണ്ടിയും  പത്തു പന്ത്രണ്ടു പറ കൃഷി നിലവും പിന്നെ  കൊച്ചന്നം ചേടത്തിയും (ഭാര്യ)  അല്ലാതെ മറ്റൊന്നും സ്വന്തമെന്നു പറയാന്‍ മൂപ്പില്സ്സിനു ഉണ്ടായിരുന്നില്ല.      
        
എന്നിരുന്നാലും വറുതുണ്ണി സിറ്റിയില്‍ ഒരു ഇല അനങ്ങണമെങ്കിലോ പട്ടി കുരക്കണമെങ്കിലോ  ഈച്ച പറക്കണമെങ്കിലോ വരെ അന്തപ്പന്‍ റൌഡിയുടെ അനുവാദം അനിവാര്യമാണ്. കൂര്‍ത്ത മുന പോലെ നില്‍ക്കുന്ന നിക്കറും മുളവടിയും കൂര്‍മ്പന്‍ തൊപ്പിയും ആയി വല്ലപ്പോഴുമൊക്കെ സിറ്റി സന്ദര്‍ശിക്കാറുള്ള പോലീസുകാര്‍ വരെ കുടിച്ച കള്ളിന്‍റെ കാശ് മേശയില്‍ വക്കാതെ വറുതുണ്ണീസ്  കള്ള് ഷാപ്പില്‍ നിന്നും ഇറങ്ങാറില്ല. 


ചന്തയില്‍ എത്തുന്ന മീനും ഇറച്ചിയും പച്ചക്കറിയും പലവ്യഞ്ചനങ്ങളും ഒക്കെ കവാടത്തില്‍  തന്നെയുള്ള വറുതുണ്ണീസ് കള്ള് ഷാപ്പ്‌ എന്ന 'സെയില്‍സ് ടാക്സ് ചെക്കു പോസ്റ്റില്‍' നികുതി അടച്ചു  'പ്രൊട്ടക്ഷന്‍‍ ഗ്യാരണ്ടീട്' ആക്കി തന്നെയാണ് വില്‍പ്പന നടത്തി വരുന്നത്. ഷാപ്പ്‌ ജീവനക്കാര്‍ക്ക് അങ്ങനെ ഒരു നിശ്ചിത ശമ്പളം ഒന്നും ഇല്ല. ഷാപ്പ് അടക്കുന്ന നേരത്ത് അന്തപ്പന്‍ റൌഡി നല്ല ഫിറ്റാണെങ്കില്‍ ജുബ്ബയുടെ പോക്കറ്റില്‍ കയ്യിട്ടു വാരി കിട്ടുന്നതു അതെ പടി എണ്ണി വരെ നോക്കാതെ  ജീവനക്കാര്‍ക്ക് കൊടുക്കും. അല്ലെങ്കിലോ, ഒരു ബീഡിക്കുറ്റി വരെ ആര്‍ക്കും കൊടുക്കുകയുമില്ല.  അന്നേരം 'ഇന്നല്ലെങ്കില്‍ നാളെ' എന്ന് പ്രത്യാശിച്ചു ചട്ടമ്പിയുടെ ‘റിസള്‍ട്ട് ഓറിയണ്ടട് സ്ടാഫ്' സ്പോട്ടില്‍ നിന്നും പിരിഞ്ഞു പോകും.     ‍     
         
അന്തപ്പന്‍ ചട്ടമ്പി ഒരു വാടക ഗുണ്ടയൊന്നുമല്ല. ഇടയ്ക്കിടെ വറുതുണ്ണി സിറ്റിയുടെ ദൈന്യംദിന പ്രവര്‍ത്തനത്തിന് അലോസരം ഉണ്ടാക്കുന്ന തരത്തില്‍ 'അന്തപ്പന്‍  ടാക്സ്'  അടക്കാതെ കാളവണ്ടികളില്‍ കച്ചവടത്തിന് എത്തുന്ന ചില മലബാറി മാപ്പിളമാരും തിരുക്കൊച്ചി  അച്ചായന്മാരുമൊക്കെ ആണ് അന്തപ്പന്സിന്‍റെ ബ്ലഡ് പ്രഷര്‍ കൂട്ടുന്നതും ഇടയ്ക്കിടെ അദ്ദേഹത്തിന്‍റെ കയ്യിന്‍റെ തരിപ്പ് മാറ്റാന്‍ അവസരമുണ്ടാക്കി കൊടുക്കുകയും ചെയ്യുന്നത്. 


അത്തരക്കാരെ ശ്രദ്ധയില്‍ പെട്ടാല്‍  ഉടനെ അങ്ങോട്ട്‌ ചെന്ന് ആദ്യമൊരു ചോദ്യം ഉണ്ട്. "എന്തൂട്ടാണ്ടാ പന്നീ നനക്കിവ്ടെ കാര്യം? ഇത് സ്ഥലം വേറ്യാട്ടാ.. വേഗം വിട്ടോ.. വിട്ട് പിടിച്ചോ.. "  മുമ്പില്‍ ‍അപ്രതീക്ഷിതമായി അവതരിക്കുന്ന രാക്ഷസ രൂപം കണ്ട വഴി ഭൂരിഭാഗം  പേരും കൂടും  കുടുക്കയുമെടുത്ത് പെട്ടെന്ന് തന്നെ സ്കൂട്ട് ആവും  എങ്കിലും ചില ഹതഭാഗികള്‍ അന്തപ്പന്‍റെ  "ദാനേ ഗുല്ബി" യും ആസ്വദിച്ചു, 'ഡിസ്മാന്ടില്‍ട്'  ആവാതെ പോകാറും ഇല്ല. എത്ര എതിരാളികള്‍ ഉണ്ടെങ്കിലും അന്തപ്പന്‍ ചട്ടമ്പിക്കു പുല്ലാണ്. അപ്പന്‍ വറുതുണ്ണി മാപ്പിള പരമ്പരാഗത  കളരി  ഗുരുക്കള്‍  ആയിരുന്നെങ്കില്‍ ഇദ്ദേഹം സ്വയമായി വികസിപ്പിച്ചെടുത്ത ചില  'ഐറ്റങ്ങള്‍‍'  ഇറക്കിയാണ്  എതിരാളികളോട് മല്ലിടുന്നത്. 


അതില്‍ ഒന്നാമത്തേത്‌ വില്ല് പിടുത്തം - - തലയില്‍ കെട്ടിയ കള്ളിന്‍റെ വാട ഉള്ള മുഷിഞ്ഞ  തോര്‍ത്തുമുണ്ട് വലിച്ചൂരി എതിരാളിക്ക് ഒന്നു ചിന്തിക്കാന്‍ പോലും അവസരം കൊടുക്കാതെ  അയാളുടെ കഴുത്തില്‍ കുരുക്കി അയാളെ വില്ല് പോലെ വളച്ചു തോര്‍ത്തുമുണ്ടിന്‍റെ രണ്ടറ്റവും  കാലു കൊണ്ട് ചവിട്ടിപ്പിടിച്ച് വളഞ്ഞു നില്‍ക്കുന്ന നടുംപുറത്തു തമ്പോറു കൊട്ടുന്നത് പോലെ തന്‍റെ  മുട്ടുകൈ കൊണ്ട് ചാര്‍ത്തിക്കൊടുക്കല്‍... ഒട്ടു മിക്ക എതിരാളികളും ഒന്നാമത്തെ  മുറക്ക് ശേഷം  തന്നെ  ചട്ടമ്പിയോട് 'താങ്ക്സ്' പറഞ്ഞു ഉടനെ വിട്ട് പിടിക്കും. 


അടുത്ത മുറയാണ്‌ "കത്തരപ്പൂട്ട്‌" - എതിരാളിയുടെ കയ്യും കാലും തന്‍റെ കൈകളും കാലുകളും  കൊണ്ട് ഒരു പ്രത്യേക രീതിയില്‍ ആമത്താഴിട്ട് ഒരൊറ്റ പിടുത്തം.. വേദന സഹിക്കാതാവുമ്പോള്‍ എതിരാളി നിലവിളിച്ചാലൊന്നും ചട്ടമ്പി അയച്ചു കൊടുക്കുകയില്ല. എതിരാളിയുടെ താഴെയുള്ള  മണ്ണ് നനയുന്നത് കാണുന്ന നിമിഷം വരെ ആ പിടുത്തം തുടരും. ആ മുറ കഴിയുമ്പോള്‍ "അലയിന്മെന്റ്റ്" പോയ കാളവണ്ടി പോലെ ആടിയാടി ഒരിക്കല്‍‍ പോലും തിരിഞ്ഞു നോക്കാതെ എതിരാളി സ്ഥലം വിടും. 


മൂന്നാമത്തെ മുറ - ഫൌള്‍ : നിനച്ചിരിക്കാത്ത നേരത്ത് എതിരാളിയുടെ  മുട്ടുകാലിനിട്ടു ഒരു ചവിട്ടും അയാള്‍ നിലം പതിച്ച വഴി ചക്ക വീഴുന്നത് പോലെ അയാളുടെ മുകളിലേക്കൊരു വീഴ്ചയും.  ഏകദേശം ഒരു പഞ്ചസാര ചാക്കിന്‍റെ ഭാരം ഉള്ള ചട്ടമ്പിയുടെ തിരുശരീരം പതിച്ച വഴി  'സാന്‍ഡ് വിച്ച്' അമര്‍ത്തുമ്പോള്‍ ചീസ് പുറത്തേക്കു തുറിക്കുന്നതു പോലെ എതിരാളി എന്തെങ്കിലുമൊക്കെ  പുറത്തേക്കു തുറിപ്പിച്ചിരിക്കും.. അതോടെ സംഭ്രമവും  മാനഹാനിയുമൊക്കെയായി അയാള്‍ പൊടുന്നനെ സ്ഥലം വിട്ടോളും. 


അടുത്തതാണ് കാവടിയാട്ടം - ഒന്നില്‍ കൂടുതല്‍ എതിരാളികള്‍ ഉള്ളപ്പോഴാണ് ഈ അടവ് ചട്ടമ്പി പുറത്തിറക്കുക. തലേക്കെട്ട് ഊരി അരയില്‍ വരിഞ്ഞു കട്ടി കണ്ണുകള്‍ ഇറുക്കി അടച്ചു രണ്ടു കയ്യും നിവര്‍ത്തി പിടിച്ചു കൊണ്ട് തൃശ്ശൂര്‍ പറമ്പന്തള്ളി ശഷ്ടിക്കു രണ്ടെണ്ണം അടിച്ച ചേട്ടന്മാര്‍ പൂക്കാവടിയും തലയില്‍ വച്ച് തിരിയുന്നത് പോലെ ഒരു പമ്പരം  കണക്കെയുള്ള തിരിച്ചിലാണ്.  അപ്പോഴാണ്‌ പൊടിപടലങ്ങള്‍ പൊന്തുന്നത്‌. ഇടയ്ക്കിടെ "ദാനേ ഗുല്‍ബീ" വിളിയും.. ചട്ടമ്പിയുടെ തടിച്ച ഉരുക്ക് കൈകള്‍ ഇട തടവില്ലാതെ കറങ്ങുന്ന ഫാനിന്‍റെ ലീഫുകള്‍ക്കിടയില്‍ വിരല്‍ ഇട്ട കണക്കു എതിരാളിയുടെ ശരീരങ്ങളില്‍ 'അന്‍ലിമിറ്റഡ്' ആയി വീണു കൊണ്ടിരിക്കും. അലര്‍ച്ചകളും താഡനവും ഒക്കെ മുറക്ക് നടക്കുന്നതിനിടയില്‍ എപ്പോഴെങ്കിലും എതിരാളികള്‍ ഒന്നാലെ നിലം പതിച്ചിരിക്കും അല്ലെങ്കില്‍ ഓടി രക്ഷപ്പെട്ടിരിക്കും. എന്നാലും അന്തപ്പന്‍  ചട്ടമ്പി കറക്കം  നിര്‍ത്തില്ല ! അത് ഒരു കോഴ്സ് അല്ലെങ്കില്‍ ഡോസ് പോലെയാണ്. നിശ്ചിത  സമയം കഴിഞ്ഞാല്‍ മാത്രമേ ചട്ടമ്പി കണ്ണുകള്‍ തുറന്നു  പതിയെ പതിയെ സ്ലോ ആക്കി കൊണ്ട് വന്ന് കറക്കം നിര്‍ത്തുകയുള്ളൂ.  കറക്കം നിന്ന വഴി ഷാപ്പിലെ കുറുപ്പ് ഒരു കുപ്പി കള്ളുമായി  മുന്നിലുണ്ടാവണം.. അത് വാങ്ങി  മിനറല്‍ വാട്ടര്‍ ‍കുടിക്കുന്ന പോലെ നിര്‍ത്താതെ ഒരു കുടിയും  കാലിക്കുപ്പി തിരിച്ച് കുറുപ്പിന്‍റെ കയ്യിലേക്ക് ഒരു ഏറും.


ഇനിയാണ് ചട്ടമ്പിയുടെ വീക്നസുകള്‍ അറിയേണ്ടത്. രാത്രിയിലെ ഇരുട്ട് ചട്ടമ്പിക്കു ചെറുപ്പം മുതലേ പേടിയാണ്. രാത്രി ഒമ്പത് മണിക്ക് ശേഷം വീട്ടില്‍ നിന്നും  പുറത്തിറങ്ങണമെങ്കില്‍ കൊച്ചന്നം ചേടത്തിയോ മറ്റു ആരെങ്കിലുമോ കൂട്ടിനില്ലെങ്കില്‍  പുള്ളിക്കാരന്‍ അനങ്ങാപ്പാറ നയം സ്വീകരിക്കും. പിന്നെ, ഒന്നാംതരം തീറ്റപ്പ്രിയന്‍ -  അന്തിക്കള്ള്, കരിമീന്‍ പൊരിച്ചത്, പോത്തിറച്ചി  ഉലത്തിയത്,  തവളക്കാല്‍ പൊരിച്ചത്, കൂര്‍ക്ക തോരന്‍ വച്ചത് എന്നിവ കണ്ടാല്‍ വിടില്ല.


പിന്നെ കുട്ടികളോടുള്ള പ്രിയം‍.. രണ്ടെണ്ണം അടിച്ച നേരത്ത് വല്ല കുട്ടികളെയും  എങ്ങാനും കണ്ടാല്‍ അവരെ പ്രായ വ്യത്യാസം നോക്കാതെ എടുത്തു തോളില്‍ വച്ച് കളയും.  പിന്നെ നേരെ  മാടക്കടയില്‍ കൊണ്ട് പോയി അവര്‍ക്ക് നാരങ്ങ മിട്ടായി, ഉപ്പു സോഡാ, സര്‍ബത്ത് ഇത്യാദി സാധനങ്ങള്‍ അവരുടെ ഇഷ്ടാനുസരണം വാങ്ങിക്കൊടുക്കും. ഫ്രീ ആയിട്ടല്ല, കടക്കാരന് അതിന്‍റെ കാശും കൃത്യമായി കൊടുക്കും.


ഒരു ദിവസം അന്തപ്പന്‍ ചട്ടമ്പി അടിച്ചു പൂക്കുറ്റി ആയി ഷാപ്പിന്‍റെ മുമ്പില്‍ നില്‍ക്കുമ്പോഴുണ്ട് പുള്ളിക്കാരന്‍റെ ഒരു അകന്ന ബന്ധുവിന്‍റെ ഇളയ മകളും  വിവാഹിതരായി അധിക ദിവസം  ആവാത്തതുമായ അന്നക്കുട്ടിയും അവളുടെ കെട്ട്യോനും അത് വഴി വരുന്നൂ.. അവരെ കണ്ട വഴി അന്തപ്പന്‍സിന്‍റെ വാത്സല്ല്യം കരകവിഞ്ഞോഴുകീ. ഓടിച്ചെന്നു രണ്ടിനെയും രണ്ടു കൈകള്‍ കൊണ്ട് ഒരു പൊക്കലും തന്‍റെ തോളുകളില്‍ വക്കലും ഒരുമിച്ചു കഴിഞ്ഞു. പിന്നെ അര മണിക്കൂര്‍ നേരത്തേക്ക് "ദാനേ ഗുല്‍ബീ " യും വിളിച്ചുള്ള ഒരു കറക്കമാണ്.


നാട്ടുകാരുടെ മുമ്പില്‍ നാണിച്ച് അവശരായ നവദമ്പതികള്‍ അവരെ താഴെ 'ലാന്‍ഡ്‌ ‌' ചെയ്യിപ്പിച്ച നിമിഷം തന്നെ ജീവനും കൊണ്ട് ഓടി മറഞ്ഞു. അപ്പോള്‍ ഓടുന്ന അവരെ നോക്കി മീശയും  തടവിക്കൊണ്ട്  ചുണ്ടില്‍  സംതൃപ്തിയുടെ ചിരി തെളിയിച്ചു കൊണ്ട് ഒരു പറച്ചിലും..‍.. "കുറുപ്പച്ചാ.. ങ്ങള് കണ്ടോ.. മ്പടെ പിള്ളേരാ.. ഹ ഹ ഹ ഹ ഹ... അപ്പു മാഷ്‌ടെ സ്കൂളിലെ പിള്ളേര്‍ക്ക് അവര്‍ മാഷും ടീച്ചറും ഒക്കെ ആവും.... എന്നാ അന്തപ്പന് ഇവര്‍ ഇപ്പ്ളുംന്‍റെ സൊന്തം കുട്ട്യോളാ... ഹ ഹ ഹ ഹ ഹ ഹ.." 

- ജോയ് ഗുരുവായൂര്‍ 

ബോസ്സുറങ്ങാത്ത ആപ്പീസ്...!


അന്നും എന്തെങ്കിലുമൊക്കെ മനസ്സ് സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കുത്തിക്കുറിക്കണം എന്ന് നിശ്ചയിച്ചാണ് രമേശന്‍  ഓഫീസിലെത്തിയത്‌.   

വന്നവഴി  മിക്ക ദിവസത്തെയും പോലെ 'ഗുഡ് മോര്‍ണിങ്ങില്'‍  തന്നെ പണി കിട്ടി

ഈ മനുഷ്യന്‍ (ബോസ്സ്)എപ്പോഴാണാവോ വീട്ടില്‍ പോകുന്നത്  ഈശ്വരോ..!  വൈകീട്ട് പോകുന്ന നേരത്തും രാവിലെ വരുന്ന നേരത്തും പുള്ളിക്കാരന്‍ ഓഫീസില്‍ തന്നെയുണ്ടാവും...  എങ്ങനെയാണാവോ അയാളുടെ ഭാര്യ  അയാളെ സഹിക്കുന്നത്....!! രാവിലെ അയാളെ കണ്ടു ഗുഡ് മോര്‍ണിംഗ് പറയേണ്ട താമസം ഇല്ല.. ഫയല്‍ തുറന്ന്.. "രമേശ്‌.. കോള്‍ ആന്‍ഡ്‌ ആസ്ക്‌ ടു ദീസ് പീപ്പിള്‍.... ഹൌ .. വൈ ... വെന്‍... വാട്ട്‌ ... " എന്നിങ്ങനെയുള്ള കാര്യങ്ങള്‍ തുടങ്ങും.. കമ്പ്യൂട്ടറില്‍ നിന്നും ഒരു വേള കണ്ണെടുക്കാന്‍ വരെ അയാള്‍ സാവകാശം തരില്ല. മുരടന്‍ ...ശുംഭന്‍... (കോടതിയലക്ഷ്യമാവില്ലല്ലോ?).

ഓഫീസില്‍ പല രാജ്യക്കാരും ഭാഷക്കാരുമൊക്കെയായി ഒരു പാട് പേര്‍ വേറെയും  ഉണ്ടെങ്കിലും ലബനന്‍ കാരനായ ബോസ്സിന് അയാളുടെ ജോലികള്‍ രമേശന്‍ തന്നെ ചെയ്താലേ തൃപ്തിയാവൂ..  കഷ്ട്ടം.. അഞ്ചു കൊല്ലമായി രമേശന്‍ ഇതനുഭവിക്കുന്നു. എങ്ങാനും  ഒരു ദിവസം അയാള്‍ വന്നില്ലെങ്കിലോ.. അതതിലും വലിയ  പുലിവാല്‍ ആകും കാരണം .. ഓരോ പത്തു മിനുട്ടിലും 
മൊബൈലില്‍ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കും.. ജോലികള്‍  കൊടുത്തു കൊണ്ടിരിക്കും..   എന്നാല്‍ സന്തോഷപ്രതീകമായി ഒരു 'അപ്പ്രീസിയെഷന്‍'.... ഹേയ്.. അങ്ങനെയൊരു  പരിപാടിയൊന്നും പുള്ളിക്കില്ല. എന്ത് ചെയ്തു കൊടുത്താലും 'ഉം....' എന്നൊരു മൂളല്‍  ആണ് മാക്സിമം പ്രോത്സാഹനമായി കിട്ടുക.

ഭയങ്കര ചൂടന്‍ ആയതു കാരണം യാതൊരു ജോലിയും ചെയ്യാതെ എന്നാല്‍ സര്‍വ ജോലികളും തങ്ങളുടെ തലയ്ക്കു മീതെകൂടെയാണ് നടക്കുന്നത് എന്ന ഭാവത്തില്‍ ഇരിക്കുന്ന മറ്റു ഭൂരിഭാഗം ജോലിക്കാരും അയാളുടെ ഇട്ടാവട്ടത്തില്‍ വരെ പോകാറില്ല.  അയാള്‍ക്കും അവരോടു പുച്ഛം ആണെന്ന് തോന്നുന്നു.  

ഈ മനുഷ്യന്‍ എപ്പോഴാണ് ഭക്ഷണം കഴിക്കുന്നത്‌ എന്ന് ഒരിക്കല്‍  പോലും രമേശന്‍ കണ്ടിട്ടില്ല. എപ്പോഴും ജോലി.. ജോലി എന്നതില്‍  മാത്രം മുഴുകി ജീവിക്കുന്ന ഒരു അപൂര്‍വ ജന്മം. പക്ഷെ, തന്നെ ഒരിക്കല്‍ പോലും അയാള്‍ തെറി വിളിക്കുകയോ  ചൂടാകുകയോ ഒന്നും ചെയ്തിട്ടില്ല എന്നതും ഒരു അതിശയമാണ്. അങ്ങനെയൊരുനാള്‍ രമേശന്‍ റൂമില്‍ നിന്നിറങ്ങുമ്പോഴേ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു.. ഇന്ന് എന്തായാലും തന്‍റെ ശമ്പളം കൂട്ടേണ്ട ആവശ്യകതയെക്കുറിച്ചയാളുടെ മുമ്പില്‍  അവതരിപ്പിക്കണം.  ഓഫീസില്‍ ചെല്ലുമ്പോള്‍ അയാള് എം. ഡി യുമായി മീറ്റിംഗില്‍.

"ഛെ..  കുഴഞ്ഞുവല്ലോ കാര്യം.. ഇനിയെപ്പോഴാണാവോ അദ്ദേഹം  പുറത്തിറങ്ങുന്നത്.  തന്‍റെ തയ്യാറെടുപ്പെല്ലാം വെള്ളത്തിലായല്ലോ. ങാ.. പോട്ടെ പിന്നീടൊരിക്കലാവാം. താന്‍ പണ്ടേ  ഒരു നിര്‍ഭാഗ്യവാന്‍ തന്നെ.. ഒന്നും നേരെ ചൊവ്വേ  നടക്കില്ല്യാ... " എന്നൊക്കെ കരുതി  കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാനുള്ള തയ്യാറെടുപ്പില്‍ സീറ്റില്‍ വന്നിരുന്നപ്പോഴാണ്  കീ ബോര്‍ഡിന്‍റെ മുകളില്‍ ഒരു മഞ്ഞ സ്റ്റിക്കറില്‍ ഒരു കുറിപ്പ്. "രമേശ്‌.. പ്ലീസ് കം ടു മീറ്റിംഗ് റൂം". 

രമേഷിന്‍റെ തല ശരിക്കും ചൂടായി. "എന്തൊരു മനുഷ്യന്‍.. രാവിലെ തന്നെ തനിക്കിട്ട്  പണിതില്ലെങ്കില്‍ ഈയാള്‍ക്ക് ഒരു സമാധാനവും കിട്ടില്ലല്ലോ  ഭഗവാനെ.. ഇനി എന്ത് ജോലിയാണാവോ തരാന്‍ പോകുന്നത്.. പോരാത്തതിന് എം. ഡിയും ഉണ്ട്" 

ഒരു റയിറ്റിംഗ് പാഡും എടുത്തു  മുഖത്ത് ഒരു 'ഫ്രെഷ്നെസ്' ഒക്കെ വരുത്തി നേരെ മീറ്റിംഗ് റൂമിലേക്ക്‌ നടന്നു. അടഞ്ഞു കിടന്ന വാതിലില്‍ മുട്ടി.

"യെസ് കം ഇന്‍... "    ബോസ്സിന്‍റെ പതിഞ്ഞ സ്വരം.

"ഗുഡ് മോര്‍ണിംഗ് സര്‍.." അകത്തു കടന്ന വഴി രണ്ടു പേരെയും ഭവ്യതയോടെ നോക്കിക്കൊണ്ട്‌ രമേശന്‍.

"മോര്‍ണിംഗ് ജെന്റില്‍ മാന്‍.. മോര്‍ണിംഗ്.." എന്ന് എം. ഡി തിരിച്ചും വിഷ് ചെയ്തു. 

ബോസ്സ് രമേശനെ അടുത്ത് വിളിച്ചു അടക്കിയ സ്വരത്തില്‍ പറഞ്ഞു. "എം.ഡി ക്ക് നിന്നോട് നേരിട്ട് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.  നീ പത്തു മിനുട്ട് കഴിഞ്ഞു വീണ്ടും വരിക."

അവിടെ നിന്നിറങ്ങുമ്പോള്‍ രമേശ്‌ ആകെ സമ്മര്‍ദ്ദത്തിലായി. "ഇത് ആരോ എനിക്ക് പാര വച്ചത് തന്നെ. അതായിരിക്കും 'എംഡി' എന്ന 'തെണ്ടി' ഇപ്പോള്‍ തന്‍റെ പിന്നാലെ കൂടിയിരിക്കുന്നത്. പീയാറോ  മഹമൂദും അയാളും ഒരേ നാട്ടുകാര്‍ ആണ്. അവനാണെങ്കില്‍ എന്നെ ഒട്ടും പിടിക്കില്ല്യ...  അവന്‍ തന്നെ യായിരിക്കും ഇതിനു പുറകില്‍. കഴിഞ്ഞ മാസം ഇതേ പോലെ  അകത്തേക്ക് വിളിച്ചാണ് ഡോക്യുമെന്റ് കണ്ട്രോളര്‍ സുനിലിനു എംടി പണി കൊടുത്തത്. പാവം ഇപ്പോള്‍ പിരിച്ചു വിടല്‍ ഭീഷണിയിലാണ്.. അതിനു പുറകിലും മിശ്രി തെണ്ടി മഹമൂദ് തന്നെയായിരുന്നു".

പത്തു മിനിട്ട് കഴിഞ്ഞു ഓഫീസ് ബോയ്‌ വന്നു പറഞ്ഞു. "ആപ് കോ അന്തര്‍ ബുലാരേ സാബ്ജി" 

വാതില്‍ തുറന്നു  അകത്തേക്ക് കടന്ന   വഴി ഫത്തി അല്‍ അബ്ദുല്‍ ലത്തീഫ്  എന്ന് പേരുള്ള എംടി, "മിസ്റ്റര്‍ രമേശന്‍.. മബ്രൂക്... മബ്രൂക്..* ടേക്ക് ദിസ്‌ " എന്ന് പറഞ്ഞു ഒട്ടിക്കാത്ത ഒരു കവര്‍ രമേഷിന് കൊടുത്തു. രമേശ്‌ ഉടനെ അത് തുറന്നു അതിലെ ലെറ്റര്‍ എടുത്തു വായിച്ചു. അതിലെ വരികള്‍ ഇങ്ങനെ തുടങ്ങുന്നു... "ഡിയര്‍ മിസ്റ്റര്‍ രമേശന്‍ പുളിത്തറയില്‍..  ഗ്രീറ്റിങ്ങ്സ് ഓഫ് ദി ഡേ... അക്നോളെട്ജിംഗ് യുവര്‍ സിന്‍സിയര്‍ എഫോര്‍ട്ട്സ് ആന്‍ഡ്‌ കണ്സിടെറിംഗ് മിസ്റ്റര്‍ നബീല്‍ സൈദാന്‍' സ്  റെക്കമന്‍റെഷന്‍.. 

യു ഹാവ് ബീന്‍ പ്രൊമോട്ടട് ആസ് അസിസ്റ്റന്റ്‌ മാനേജര്‍ അഡ്മിന്‍ വിത്ത്‌ എ സാലറി റിവിഷന്‍ ആസ് മേന്ഷണ്ട് ബിലോ..."   

(ശുഭദിനാശംസകള്‍..  നിങ്ങളുടെ ആത്മാര്‍ഥമായ പ്രയത്നങ്ങളെ  അംഗീകരിച്ചു കൊണ്ടും താങ്കളുടെ ബോസ്സ് ആയ  നബീലിന്‍റെ ശുപാര്‍ശ പരിഗണിച്ചും നിങ്ങളെ അസിസ്റ്റന്റ്‌ മാനേജര്‍ അഡ്മിന്‍ തസ്തികയിലേക്ക് താഴെ കൊടുത്തിരിക്കുന്ന പുതുക്കിയ ശമ്പളത്തില്‍  സ്ഥാനക്കയറ്റം നടത്തിയിരിക്കുന്നു..) 

അത് വായിച്ചു രമേഷിന്‍റെ കണ്ണുകളില്‍ നിന്നും സന്തോഷത്തിന്‍റെയും  സംതൃപ്തിയുടെയും ബഹിര്‍സ്ഫുരണങ്ങള്‍ പോലെ  അശ്രുകണങ്ങള്‍  ധാരധാരയായി ഒഴുകി. 

ഗുണപാഠം: നമ്മുടെ വിശ്വസ്തതയും കഠിനാദ്ധ്വാനവും ഒരിക്കലും പാഴാവില്ല... 
ജീവിതത്തില്‍ എന്തൊക്കെ കുത്തൊഴുക്കില്‍ പെട്ടാലും വിശ്വാസ്യതയും ആദര്‍ശങ്ങളും 
മനസാക്ഷിയും എവിടെയും പണയം വക്കരുത്.. ശരിയായി പഠിക്കാതെ മറ്റുള്ളവരെ 
വിലയിരുത്തരുത്‌. അദ്ധ്വാനത്തിന്‍റെ ഫലം എന്നും മധുരതരം തന്നെയായിരിക്കും.
  അഭിനന്ദനം (അറബിക്കില്‍)                                                                      - ജോയ് ഗുരുവായൂര്‍

Friday, November 8, 2013

മരിക്കാത്ത മോഹങ്ങള്‍


വ്യാഴത്തില്‍ നിന്നും ചന്ദ്രനിലേക്കുള്ള സ്പേസ് കാര്‍ പുറപ്പെടാന്‍ മൂന്നു മിനിറ്റ് വൈകും. ജോനാഥന്‍ ചെസ്ലോക് അസ്വസ്ഥനായി സ്പേസ് സ്റ്റേഷന്‍റെ ലോഞ്ചിംഗ് പ്ലാട്ഫോര്‍മിലെ പാസഞ്ചര്‍ ലോബിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി. കോട്ടിന്‍റെ പോക്കറ്റില്‍ നിന്നും ഒരു ചെറിയ പ്ലാസ്റ്റിക്‌ പേടകം എടുത്തു തുറന്ന് ആവശ്യത്തിനുള്ള വിറ്റാമിന്‍ ഗുളികകള്‍ ഉണ്ടോ എന്ന് അയാള്‍ ഉറപ്പു വരുത്തി.

ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ ഏകദേശം വൈകീട്ട് ഏഴു മണി കഴിഞ്ഞു എട്ടു മിനിട്ടും ഒമ്പത് സെക്കന്റും. നീണ്ട യാത്രയുടെ ഫലമായി ആന്തരാവയങ്ങള്‍ക്ക് സംഭവിച്ച അസ്വസ്ഥത ജോനാഥന്‍റെ മുഖത്തു നിഴലിച്ചിരുന്നു. സ്പേസ് സ്റ്റേഷനിലെ ഡോക്റ്റര്‍മാര്‍ എല്ലാ യാത്രക്കാരെയും വാതാനുകൂലിത ചേമ്പറിലേക്ക് നയിച്ച്‌ ഇന്‍ജക്ഷനും ചില മരുന്നുകളും കൊടുത്ത് നിശ്ചിത സമയം ഉറങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. കാലാവസ്ഥാവ്യതിയാനത്തോട് ശരീരത്തെ സംയോജിപ്പിക്കാനുള്ള പ്രതിവിധികള്‍.

പുലര്‍ച്ച മൂന്ന് മണി കഴിഞ്ഞു രണ്ടു മിനിട്ട് ഒരു സെക്കന്റിനു ഭൂമിയിലെ ഫ്രഞ്ച് ഗയാനക്ക് പുറപ്പെടുന്ന സ്പേസ് ബസ്സില്‍ ഇരിക്കുമ്പോള്‍ ജോനാഥന്‍റെ മനസ്സില്‍ ചിന്തകളുടെ വേലിയേറ്റം ഉണ്ടായി. തന്‍റെ മകള്‍ എലീന തന്നെ സ്വീകരിക്കാന്‍ സ്പേസ് സ്റ്റേഷനില്‍ ഉണ്ടാവും. പത്തു വര്‍ഷത്തിനു ശേഷം ഉള്ള കണ്ടു മുട്ടല്‍. ദിവസവും കോസ്മോ ചാറ്റ് നടത്താറുണ്ടെങ്കിലും നേരിട്ട് കാണുമ്പോള്‍ ഉള്ള പ്രത്യേകത അളവറ്റതാണല്ലോ. ആറു വര്‍ഷം മുമ്പുണ്ടായ സ്പേസ് കാര്‍ അപകടത്തില്‍ അവളുടെ അമ്മ മിഷേല്‍ വേര്‍പ്പിരിഞ്ഞു പോകുമ്പോള്‍ അവള്‍ക്കു വയസ്സ് പത്തായിരുന്നൂ. ടൌഗ്ലാസ് സ്പേസ് റിസര്‍ച്ച് സെന്ററിലെ ജൂനിയര്‍ ഗവേഷകയായി ജോലി ചെയ്യുകയായിരുന്നു അപ്പോള്‍ എലീന. ഇപ്പോള്‍ അവിടത്തെ സീ.ഇ.ഓ ആണവള്‍. ഈ പ്രാവശ്യം എന്തായാലും അവളെ ഒരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കണം. വിവാഹം എന്ന സംഭവം പഴഞ്ചന്‍ തലമുറയിലെ അനാചാരമായി ലോകം അവഹേളിച്ചു തള്ളുന്നുണ്ടെങ്കിലും തന്‍റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ഒരു പേരക്കുട്ടിയെ ലാളിക്കാനുള്ള തന്‍റെ ഉള്ളിന്‍റെ ഉള്ളിലെ അടങ്ങാമോഹം പൂവണിയിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ലല്ലോ. ശരാശരി മനുഷ്യായുസ്സ് മുപ്പത്തി അഞ്ചു വയസ്സ് എന്ന് ഇന്നലെ കണ്ട ഇ-ന്യൂസിലെ സര്‍വെയില്‍ താന്‍ ശ്രദ്ധിച്ചതാണ്. അപ്പോള്‍ കുഴിയിലേക്ക് കാലു നീട്ടിയിരിക്കുന്നവരുടെ ഗണത്തില്‍ ഈ മുപ്പത്തി രണ്ടു വയസ്സായ ജോനാഥന്‍ എന്ന താനും.

പെട്ടെന്നാണ് ജോനാഥന്‍ സ്പേസ് ബസ്സിനകത്തെ മോണിറ്ററില്‍ രേഖപ്പെടുത്തി കൊണ്ടിരിക്കുന്ന വിവരങ്ങള്‍ ശ്രദ്ധിച്ചത്. ചിന്തകള്‍ക്കിടയില്‍ എപ്പോഴോ പേടകം ഭൂമിയിലേക്കുള്ള പ്രയാണം തുടങ്ങിയിരിക്കുന്നു. ഭൂമിയിലേക്കുള്ള ശേഷിച്ച ദൂരം, അവിടത്തെ കാലാവസ്ഥ, താമസിക്കാനുള്ള റിസോര്‍ട്ടുകളുടെ വിവരണങ്ങള്‍, സെല്‍ഫ് ഡ്രൈവിംഗ് എയര്‍ കാപ്സ്യൂളുകള്‍ വാടകയ്ക്ക് കിട്ടുന്ന കമ്പനികളുടെ വിവരങ്ങള്‍, ഇത്യാദി കാര്യങ്ങളൊക്കെ തെളിഞ്ഞു വന്നു കൊണ്ടിരുന്നത് നിസ്സംഗതയോടെ ജോനാഥന്‍ നോക്കി ഇരുന്നു.

വീണ്ടും എലീനയുടെ മുഖം മനസ്സിലെ കണ്ണാടിയില്‍. വിവാഹം കഴിച്ചു മൂന്നു മാസം ഒരു കുട്ടിയെ ഉദരത്തിലിട്ടു വളര്‍ത്തി പ്രസവിക്കാന്‍ അവള്‍ക്കു വിമുഖത. കിഡ്സ്‌ കെയര്‍ സെന്ററുകളില്‍ പാലിക്കപ്പെടുന്ന അനേക ലക്ഷം എക്സ്പെല്‍ഡ് ചില്‍ട്രന്‍സില്‍ നിന്നും പറ്റിയൊരെണ്ണത്തിനെ എടുത്തു മകന്‍ അല്ലെങ്കില്‍ മകള്‍ എന്ന ഒരു ബാന്നറും കൊടുത്ത് വളര്‍ത്തിയാല്‍ പോരേ എന്നവള്‍ രണ്ടു ദിവസം മുമ്പ് കോസ്മോ ചാറ്റിനിടയില്‍ ചോദിച്ചപ്പോള്‍ താന്‍ അവളോട്‌ കയര്‍ത്തത്‌ അവള്‍ മറന്നിരിക്കുമോ? ഈ പതിനാറു വര്‍ഷത്തിനിടയില്‍ അവള്‍ അച്ഛനമ്മമാരോടൊപ്പം ജീവിച്ചത് അഞ്ചോ ആറോ വര്‍ഷങ്ങള്‍ മാത്രം. എട്ടാം വയസ്സില്‍ സ്പേസ് എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ഹോസ്റ്റലില്‍ നിന്ന് അവള്‍ പുറത്തിറങ്ങി ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് മിഷേല്‍ വ്യാഴത്തില്‍ ജോലി ചെയ്തിരുന്ന തന്നോടൊത്ത് വസിക്കാനായി അവിടേക്ക് പുറപ്പെടുന്നത്. മൂന്നു വര്‍ഷം കഴിഞ്ഞു മകളെ കാണാനുള്ള അടങ്ങാത്ത ആഗ്രഹവുമായി ഭൂമിയിലേക്ക്‌ പുറപ്പെട്ട മിഷേല്‍ സഞ്ചരിച്ചിരുന്ന സ്പേസ് കാര്‍ അപകടത്തില്‍ പെടുകയായിരുന്നൂ. ഗ്രഹങ്ങളേയും ഉപഗ്രഹങ്ങളെയും വലയം ചെയ്തു കൊണ്ടിരിക്കുന്ന ബഹിരാകാശ ധൂളികളിലെ ഒരു അംശമായി അവളുടെ ചേതനയറ്റ ശരീരം ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നുണ്ടാവും എന്ന മനസ്സെരിച്ചില്‍ അയാളുടെ കണ്ണില്‍ നിന്നും ഉഗ്രതാപമുള്ള ഒരു തുള്ളി കണ്ണുനീര്‍ നെഞ്ചിലേക്ക് ഇറ്റി വീഴാന്‍ കാരണമാക്കി. മിഷേലിനെ അത്രമേല്‍ സ്നേഹിച്ചിരുന്നു ജോനാഥന്‍. തൊണ്ട വരണ്ടപ്പോള്‍ അയാള്‍ കീശയില്‍ നിന്നും ഒരു ഹയ്ഡ്രെറ്റിംഗ് കാപ്സൂള്‍ എടുത്തു വിഴുങ്ങി.

ഫ്രഞ്ച് ഗയാനയിലെ ലോഞ്ചിംഗ് പാഡില്‍ പേടകം ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ ചെറിയൊരനക്കം ജോനാഥന് സ്ഥലകാലബോധം ഉണ്ടാക്കി. പാസഞ്ചര്‍ കെയര്‍ യൂണിറ്റിന്‍റെ പരിചരണം ഒക്കെ കഴിഞ്ഞു പുറത്തിറങ്ങിയ ജോനാഥന്‍റെ മുഖം സൂര്യകിരങ്ങളേറ്റ മഞ്ഞു കട്ട പോലെ തിളങ്ങി. ശൈത്യകാലം ആയതിനാല്‍ അന്തരീക്ഷ ഊഷ്മാവ് തൊണ്ണൂറ്റി രണ്ടേ ഉണ്ടായിരുന്നുള്ളൂ. അവിടെ ഒഴുകിയെത്തിയ ശീതക്കാറ്റില്‍ വാര്‍ദ്ധക്യം ബാധിച്ച ശരീരം വിറങ്ങലിക്കുന്നത് പോലെ തോന്നിയെങ്കിലും രക്തം രക്തത്തെ തിരയുന്ന തിരക്കില്‍ അതൊന്നും അദ്ദേഹം ഗൌനിച്ചില്ല. അതാ ദൂരെ നിന്നും കൊലുന്നനെ യുള്ള ഒരു പെണ്‍കുട്ടി മന്ദസ്മിതം തൂകിക്കൊണ്ട് സമീപത്തേക്ക് വരുന്നൂ.

"ഹായ് ഡാഡ്...." എലീന ഓടി വന്നു തന്‍റെ അച്ഛനെ കെട്ടിപ്പുണര്‍ന്നു. സന്തോഷവാത്സല്ല്യാതിരേകത്താല്‍ ജോനാഥന്‍റെ കണ്ണ് നിറഞ്ഞു. കുശലപ്രശ്നങ്ങള്‍ക്ക് ശേഷം അവള്‍ അയാളെ എയര്‍ കാപ്സ്യൂളുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ചുവപ്പും വെള്ളയും പച്ചയും ഇടകലര്‍ന്ന നിറങ്ങള്‍ കൊണ്ട് പെയിന്റു ചെയ്ത, സൌരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന തന്‍റെ എയര്‍ കാപ്സ്യൂള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് അവള്‍ പറഞ്ഞു. "ഡാഡ്.. സീ മൈ കാപ്സ്യൂള്‍.. ഐ ഗോട്ട് ഇറ്റ്‌ ഇന്‍ ലാസ്റ്റ് വീക്ക്‌ ഒണ്‍ലി"

രണ്ടു പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ഒരു കൊച്ചു ആകാശയാനം. റോഡിലൂടെ ഓടുന്ന വാഹനങ്ങള്‍ എല്ലാം തുലോം കുറവായിരിക്കുന്നൂ എന്ന് മാത്രമല്ല പെട്രോളിയത്തിന്‍റെ അസുലഭത മൂലം പുതിയതായി വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഒരു വ്യവസായശാലയും മിനക്കെടുന്നുമില്ല.

"ഇറ്റ്സ് വെരി നൈസ് മൈ ഡോള്‍.. ലെറ്റ്സ് ഗോ". വാഹനത്തില്‍ ഇരുന്ന് സീറ്റ് ബെല്‍റ്റ്‌ ധരിക്കവേ ജോനാഥന്‍ ഇത് പറഞ്ഞതോടെ എലീന നിയന്ത്രിക്കുന്ന കൊച്ചു പേടകം ആകാശത്തിലെക്കുയര്‍ന്നു പൊന്തി. ഏകദേശം ആയിരം അടി മുകളിലൂടെ അവര്‍ എലീനയുടെ വാസസ്ഥലം ലക്ഷ്യമാക്കി നീങ്ങി. താഴെയുള്ള ദൃശ്യങ്ങളില്‍ ഏറെയും വെള്ളം തന്നെ. ഗ്ലോബല്‍ വാര്‍മിംഗ് അധികരിച്ചതിന്‍റെ ഫലമായി ഇപ്പോള്‍ ഭൂമിയുടെ തൊണ്ണൂറു ശതമാനവും വെള്ളത്തിനടിയില്‍ ആയിരിക്കുന്നൂ. ജനം പുതിയ ഗ്രഹങ്ങള്‍ തേടിപ്പോയി താമസം ഉറപ്പിച്ചു തുടങ്ങിയിരിക്കുന്നൂ. ജോനാഥന്‍റെ ചിന്തകള്‍ തന്‍റെ ശൈശവത്തിലേക്ക് ഊളയിട്ടു. തന്‍റെ മുത്തച്ഛന്‍ 'ഗാരി ചെസ്ലോക്' തന്നെ മടിയിലിരുത്തി പറഞ്ഞു തന്നിരുന്ന കഥകള്‍ തന്‍റെ മകള്‍ക്കായി അയാള്‍ പറയാന്‍ തുടങ്ങി.

അദ്ദേഹത്തിന്‍റെ മുത്തച്ഛന്‍റെയും മുത്തച്ഛന്‍റെ കാലത്ത് ഗ്ലോബല്‍ വാര്‍മിംഗ് എന്ന പ്രതിഭാസത്തെ കുറിച്ച് കേട്ട് കേള്‍വി മാത്രമേ ഉണ്ടായിരുന്നുള്ളൂ പോലും! അന്തരീക്ഷ താപം നാല്‍പ്പതു ഡിഗ്രിയില്‍ കൂടുതല്‍ അനുഭവപ്പെടാറുമില്ല. ശീതകാലത്ത് താപമാനം മൂന്ന് ഡിഗ്രീ വരെയൊക്കെ എത്തും. എന്നിട്ട് കൂടി അവര്‍ തണുപ്പിനെ ചെറുക്കാന്‍ ഒരു ഷോള്‍ അല്ലാതെ മറ്റൊന്നും ധരിച്ചിരുന്നും ഇല്ലത്രെ.

"മൈ ഗോഡ്.. വാസ് ഇറ്റ്‌?" അത്ഭുതം കൂറി എലീനയിത് ചോദിച്ചപ്പോള്‍ ജോനാഥന്‍ ഒരു മന്ദസ്മിതത്തോടെ അതെ എന്ന് തല കുലുക്കി. വീണ്ടും ആ കഥകള്‍ തുടരുക എന്ന് അവള്‍ അപേക്ഷിച്ചതനുസരിച്ചു അയാള്‍ വീണ്ടും മനസ്സിനെ നൂറ്റാണ്ടുകള്‍ക്കു പുറകിലെ കേട്ടറിഞ്ഞ സംഭവ കഥകളിലേക്ക് പായിച്ചു.

അക്കാലത്തൊക്കെ ഒരു മനുഷ്യന്‍റെ ശരാശരി ആയുസ്സ് എഴുപതു മുതല്‍ എഴുപത്തി അഞ്ചു വരെയായിരുന്നൂ. അത് കേട്ട് അത്ഭുതം കൊണ്ട് എലീനയുടെ കണ്ണുകള്‍ വികസിച്ചു. ജോനാഥന്‍ തുടര്‍ന്നു.

വിദ്യാഭ്യാസവിപ്ലവത്തിന്‍റെ ദൂഷ്യഫലം എന്ന പോലെ മനുഷ്യമനസ്സുകള്‍ പ്രകൃതി നിയമങ്ങള്‍ക്കു വിരുദ്ധമായ ഉല്‍പ്പാദനരീതികളിലേക്ക് തിരിഞ്ഞു. നിബിഡമായ വനങ്ങള്‍ എല്ലാം വെട്ടി നശിപ്പിച്ചും വെള്ളക്കെട്ടുകള്‍ നികത്തിയും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തി. തലങ്ങും വിലങ്ങും ശബ്ദമുയര്‍ത്തിപ്പാഞ്ഞ മോട്ടോര്‍ വാഹനങ്ങളും ഖനനം ചെയ്ത കല്‍ക്കരിയും പെട്രോളിയവും നാഫ്തയും ഒക്കെ എരിയിച്ച്‌ പ്രവര്‍ത്തിക്കുന്ന വ്യവസായശാലകളും അസംഖ്യം ശീതീകരിണികളും പുറത്തു വിട്ട കരിയും പുകയും കാഡ്മിയവും കാര്‍ബണ്‍ ഡൈ ഓക്സൈഡും ക്ലോറോഫ്ലൂറോ കാര്‍ബണും ഒക്കെ കാലക്രമേണ അന്തരീക്ഷത്തിനു മാത്രമല്ല മനുഷ്യന്‍റെ ജനിതകഘടനയിലും അധോഗമനമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. രോഗങ്ങളെ കൊണ്ടും ജനിതകവൈകല്യങ്ങളെ കൊണ്ടും മനുഷ്യകുലം നരകിക്കാന്‍ തുടങ്ങി. മനുഷ്യന്‍റെ ആയുസ്സ് കുറഞ്ഞു വരുന്നതോടൊപ്പം അന്തരീക്ഷത്തിലെ താപവും ഉയരാന്‍ തുടങ്ങി. ഖനനം അഹോരാത്രം തുടര്‍ന്നപ്പോള്‍ ഭൂമിക്കടിയില്‍ ഉള്ള പെട്രോളിയം സിംഹഭാഗവും തീര്‍ന്നു. അപ്പോള്‍ മനുഷ്യന്‍ അണുശക്തിയിലൂടെ ഊര്‍ജം ഉല്‍പ്പാദിപ്പിച്ചു തുടങ്ങി. ആറ്റങ്ങളുടെ വിഘടനവും സംയോജനവും നടക്കുമ്പോള്‍ വമിക്കുന്ന അതിഭയങ്കരമായ ഊര്‍ജത്തിനെ അവര്‍ തടയണ കെട്ടി തങ്ങള്‍ക്കു വഴങ്ങിക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്കിടയിലും അദൃശ്യമായ അണുകിരണങ്ങള്‍ മനുഷ്യനൊരുക്കിയ ചട്ടക്കൂടുകളില്‍ നിന്നും അല്‍പ്പാല്‍പ്പം വിമുക്തമായിക്കൊണ്ടിരിക്കുന്നത് അവന്‍ അറിഞ്ഞില്ല. അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു.

പ്രപഞ്ചത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് പലയിടങ്ങളിലും അണുവിസ്ഫോടനങ്ങള്‍ നടന്നു കൊണ്ടിരുന്നൂ. അതില്‍ നിന്നും വമിച്ച വികിരണങ്ങള്‍ ജീവജാലങ്ങളുടെ പ്രത്യുല്‍പ്പാദന ശേഷിയും ആരോഗ്യവും കാര്‍ന്നു തിന്നുന്നതിന്‍റെ ഫലമായി ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് വംശനാശങ്ങള്‍ സംഭവിച്ചു തുടങ്ങി. അന്നുള്ളതിന്‍റെ നൂറില്‍ ഒന്ന് വൈവിധ്യങ്ങള്‍ ഇന്ന് ഈ ഭൂമുഖത്ത് ഇല്ല. മാത്രമല്ല കോണ്‍ക്രീറ്റ് കാടുകളും അണു വികിരണങ്ങളും വ്യവസായ ശാലകളും വാഹനങ്ങളും പുറത്തു വിടുന്ന അന്തരീക്ഷമാലിന്ന്യങ്ങള്‍ മറ്റൊരു ദുരന്തത്തിനു കൂടി വഴി വക്കുന്നത് അവര്‍ അറിഞ്ഞില്ല. അതാണ്‌, അന്തരീക്ഷത്തിലെ വര്‍ദ്ധിത താപം ഭൂമിയുടെ ഇരുധ്രുവങ്ങളിലും സഹസ്രാബ്ദങ്ങളായി ഉറഞ്ഞു കിടക്കുന്ന മഞ്ഞിനെ ഉരുക്കിത്തുടങ്ങിയ 'ഗ്ലോബല്‍ വാര്‍മിംഗ്' എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിഭാസം. ഇന്ന് അത് അതിന്‍റെ പാരമ്യത്തില്‍ എത്തിയിരിക്കുന്നൂ. ജോനാഥന്‍ പഴങ്കഥകള്‍ തുടര്‍ന്നു കൊണ്ടേയിരുന്നൂ.

"ഡാഡ്.. വീ ആര്‍ എബൌട്ട്‌ ടു ലാന്‍ഡ്" എലീന ജോനാഥനോട് പറഞ്ഞു. അടുപ്പ് കല്ലുകള്‍ കൂട്ടിയ പോലെ നിരന്നു കിടക്കുന്ന അനേകം കൊച്ചു വീടുകളുടെ ഒരു സമുച്ചയത്തെ ലക്ഷ്യമാക്കി പേടകം സാവധാനം താഴേക്കു കുതിച്ചു. പച്ച നിറം പൂശിയ ഒരു കൊച്ചു വീടിന്‍റെ പരന്ന മേല്‍ക്കൂരയില്‍ എലീന പേടകം ഇറക്കി. "ഡാഡ്.. ദിസ്‌ ഈസ്‌ മൈ ഡെന്‍" ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു. "ഹ ഹ ഹ.. ഗുഡ് മൈ ഡിയര്‍ ഡോള്‍" എന്ന് പറഞ്ഞു കൊണ്ട് അയാള്‍ അതില്‍ നിന്നും ഇറങ്ങി വീടിന്‍റെ അകത്തേക്കുള്ള പടികളിലൂടെ മകളെ അനുഗമിക്കാന്‍ തുടങ്ങുമ്പോള്‍ പടിഞ്ഞാറ് അസ്തമനസൂര്യന്‍ സ്വയം മുഖം മറയ്ക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നത് കാണാമായിരുന്നു.

ഗ്രഹങ്ങള്‍ തമ്മിലുള്ള സമയാന്തരത്തിന്‍റെ സ്വാധീനം മൂലം രാവിലെ വളരെ വൈകിയാണ് ജോനാഥന്‍ ഉണര്‍ന്നെഴുന്നേറ്റത്. കണ്ണ് തിരുമ്മി ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ ഗൃഹാതുരത ഉണര്‍ത്തുന്ന ഒരു കാഴ്ചയാണ് എതിരേറ്റത്. എലീന താന്‍ ഓമനിച്ചു വളര്‍ത്തുന്ന ഒരു ചുവന്ന റോസാച്ചെടിക്കു വെള്ളം ഒഴിക്കുന്നു. അവളുടെ അമ്മയ്ക്കും ചുവന്ന റോസാ പുഷ്പങ്ങള്‍ ജീവന്‍ ആയിരുന്നു. ആ ജനിതകകണത്തിന്‍റെ തനിയാവര്‍ത്തനം ഇതാ തന്‍റെ മുന്നില്‍ ചിറകു വിരിച്ചാടുന്നൂ. അവള്‍ റോസാചെടിക്ക് ഒഴിച്ച വെള്ളം തന്‍റെ ഹൃദയത്തിലാണ് കുളിര് കോരിയിട്ടത് എന്ന് ജോനാഥനു തോന്നി.

ശരീരവേദന വക വെക്കാതെ അയാള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. അതാ മേശപ്പുറത്തു ഒരു ചായ ഫ്ലാസ്ക്കും കപ്പും അതിനടുത്തൊരു കുറിപ്പും. ചായ കപ്പിലേക്ക് പകരും മുമ്പേ ജിജ്ഞാസയൊതുക്കാനാവാതെ അയാള്‍ ആ കുറിമാനമെടുത്തു വായിച്ചു.

"ഹായ് ഡാഡ്... ഗുഡ് മോര്‍ണിംഗ് ആന്‍ഡ്‌ ഹാവ് എ നൈസ് ഡേ വിത്ത്‌ യുവര്‍ ഡോള്‍...." എന്ന് തുടങ്ങുന്ന ഇംഗ്ലീഷില്‍ ഉള്ള ഒരു ചെറിയ കത്ത്. "ഞാന്‍ എന്റെ അച്ഛന്‍റെ ആഗമാനോദ്ദ്യേശവും സ്നേഹസമ്പന്നവും ഗൃഹാതുരവും ആയ അങ്ങയുടെ നല്ല മനസ്സും അറിയുന്നൂ. പ്രപഞ്ചത്തിനു മനുഷ്യന്‍ വരുത്തിയ വറുതികളെക്കുറിച്ച് അച്ഛന്‍ പറയുമ്പോള്‍ നഷ്ടബോധം തിളയ്ക്കുന്ന അങ്ങയുടെ മുഖത്തിന്‍റെ പ്രതിഫലനങ്ങള്‍ എന്‍റെ ഹൃദയത്തിന്‍റെ ആഴങ്ങളില്‍ പതിഞ്ഞു. വരും തലമുറയുടെ നല്ലഭാവിക്കു നാം സ്വാര്‍ത്ഥത വെടിഞ്ഞ് ജീവിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അച്ഛന്‍ എന്നോടും മുത്തച്ഛന്‍ അച്ഛനോടും പറഞ്ഞ കഥകള്‍ ഒരിക്കലും നശിച്ചു പോകാതിരിക്കാന്‍ ഞാന്‍ അച്ഛന്‍റെ അനുസരണയുള്ള പാവക്കുട്ടി ആവാന്‍ തന്നെ തീരുമാനിച്ചു. ഇനിയെങ്കിലും മാനവകുലം ആത്മഹത്യാപരമായ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് അച്ഛന്‍റെ സ്വന്തം പാവക്കുട്ടി".

കത്ത് വായിച്ച് ആഹ്ലാദത്തിന്‍റെയും സമാധാനത്തിന്‍റെയും നെടുവീര്‍പ്പിടുമ്പോള്‍ മന്ദമാരുതന്‍റെ ലാളനത്തില്‍ ജനലഴികളുടെ അപ്പുറത്ത് നിന്നും തന്നെ നോക്കി തലയാട്ടി ചിരിക്കുന്ന ആ ചുവന്ന റോസാപുഷ്പ്പം ജോനാഥന്‍റെ ഹൃദയം കവര്‍ന്നു. 
- ജോയ് ഗുരുവായൂര്‍

ഉഷ്ണഗീതം

മണലുരുകുന്നൂ മനമുരുകുന്നൂ.. 
മാനസനിളയും വരണ്ടുണങ്ങുന്നൂ..
മണലാരണ്യത്തില്‍ മരുവും കിളികള്‍,
മിഥ്യയാം മരുപ്പച്ച തേടീടുന്നൂ...

പ്രവാസമരുളിയ പ്രയാസവുമായ്,
പ്രാണനെരിയിച്ചു ജീവിക്കുന്നോര്‍.
പരിവാരങ്ങളുടെ പട്ടിണി മാറ്റാനായ്,  
പകലും രാത്രിയും പണിയെടുപ്പോര്‍.
 
ചുട്ടു പഴുത്ത മണല്‍ത്തരികള്‍,
ചുട്ടു പൊള്ളിക്കും മനവും തനുവും,
ചിന്തകള്‍ കാടേറും നിമിഷങ്ങളും,
ചിരകാലം പേറുന്ന പാഴ്ജന്മങ്ങള്‍. 

ഓണം വന്നാലും ഉണ്ണി പിറന്നാലും,
ഒറ്റയ്ക്ക് ചിന്തകള്‍ നെയ്യുന്നവര്‍.
ഓര്‍മ്മകള്‍ കൊണ്ട് പൂക്കളം തീര്‍ക്കുന്നു,
ഓര്‍മ്മകള്‍ തന്‍പ്രിയ കളിക്കൂട്ടുകാര്‍.       

അനുദിനം മുരടിക്കും മാനസവും,  
അനുദിനം ക്ഷയിച്ചീടുമാരോഗ്യവും,
അരക്കില്ലത്താമസം അരജീവനാക്കവേ, 
ആരും തിരിഞ്ഞൊന്നു നോക്കാത്തവര്‍.

ദേഹം തളര്‍ന്നു തിരികെ തിരിക്കുമ്പോള്‍,
ദേഹി തളര്‍ത്തുന്ന വാക്കുകളും,
ദിശ മാറിപ്പായും ബന്ധുക്കളും,
ദീര്‍ഘനിശ്വാസങ്ങള്‍ കൂട്ടുകാരും.  

കേരങ്ങള്‍ തിങ്ങും കേരള നാട്ടിലെ,
കേവല മാനുഷ്യര്‍ ഭാഗ്യവാന്മാര്‍.
കാടും മേടും കുഞ്ഞിക്കിളികളും,
കൂട്ടരായ് കിട്ടിയ ഭാഗ്യവാന്മാര്‍.

മണലുരുകുന്നൂ മനമുരുകുന്നൂ.. 
മാനസനിളയും വരണ്ടുണങ്ങുന്നൂ...
മണലാരണ്യത്തില്‍ മരുവും കിളികള്‍,
മിഥ്യയാം മരുപ്പച്ച തേടീടുന്നൂ..

- ജോയ് ഗുരുവായൂര്‍

മനസ്സില്‍ ഒരു മഴ

 

മനസ്സില്‍ ഒരു മഴ

കാറും കോളും തിങ്ങി നിറഞ്ഞ്,
കന്മഷമാണ്ടു കരള്‍‍, വിങ്ങി-
ക്കരയാനായി വിതുമ്പി വലയും 
കണ്ണുകളെന്തേ വലിഞ്ഞീടുന്നൂ!

ഇടനെഞ്ചില്‍ മിടിക്കും ഹൃദയത്തി-
ലിടം നേടാനാവാതെ, മൃദുല വികാരങ്ങ-
ളടഞ്ഞു നില്‍‍‍ക്കുമീ ധമനികളി-
ലുടനൊഴുകുമോ, ഒരു തുള്ളി സാന്ത്വനം!

തകര്‍‍‍ത്തു പെയ്യാനാവാത്ത മഴതന്‍‍‍, 
ഉതിര്‍‍ന്നു വീഴും മോഹമതെല്ലാം,
തിമിര്‍‍‍ത്തുയരും കോമരങ്ങളായ്,
തകര്‍‍‍ന്നു വീഴുന്നൂ!

നഭസ്സില്‍ തിങ്ങും കാര്‍‍‍മേഘമേ നീ,
മനസ്സില്‍ വിങ്ങും കളങ്കം തീര്‍‍‍ത്ത   
തമസ്സില്‍‍‍, മുങ്ങിയ കാനനം പോല്‍‍‍,
ഉരസ്സില്‍ കങ്ങി കിടപ്പതല്ലോ!

മുകുരം മങ്ങിയ മാനവരേ,
തുയരം മാറ്റി വരള്‍‍‍ച്ചയകറ്റാന്‍‍‍,
വികരം മരുവും സ്വാന്തമതില്‍‍‍,
വിവരം അരുളൂ അനവരതം.
ബന്ധനങ്ങള്‍ തകര്‍‍‍ന്നടിയാന്‍‍‍,
ഇന്ധനങ്ങള്‍ എകൂ മനസ്സില്‍‍‍.
സാന്ത്വനങ്ങള്‍ മഴമേഘങ്ങളായ്,
ദുന്ദുഭി ഉയര്‍ത്തട്ടെ 
തളിര്‍‍‍ത്ത മനസ്സില്‍ വിരിയും സ്നേഹം 
വിടര്‍‍ന്ന മണ്ണില്‍ നിറയും മഴ പോല്‍
പടര്‍‍ന്ന അഴലിന്‍ നിഴലിനെ മാറ്റാന്‍
തകര്‍‍ത്ത് പെയ്യട്ടെ, മഴ തിമിര്‍‍‍ത്തു പെയ്യട്ടെ 

കന്മഷം = കളങ്കം, ദോഷം, അഴുക്ക് ധമനി = ശുദ്ധരക്തക്കുഴല്‍ കോമരം = ഭൂതാവേശമുണ്ടായ വ്യക്തി നഭസ്സ് = ആകാശം ഉരസ്സ് = നെഞ്ച്, മാറിടം കങ്ങല്‍ = കരിച്ചില്‍, എരിച്ചില്‍   മരുവുക = പാര്‍ക്കുക, സ്ഥിതി ചെയ്യുക മുകുരം = മുഖക്കണ്ണാടി  തുയരം = ദുഃഖം വികരം = രോഗം സ്വാന്തം = മനസ്സ്
വിവരം = വിസ്താരം, അറിവ്
അനവരതം = തുടര്‍ച്ചയായി, അനന്തമായി
ദുന്ദുഭി = പെരുമ്പറ, ഇടി മുഴക്കം
അഴല്‍ =  ദുഃഖം

വികൃതി


വികൃതി
ഒരു കുന്നിക്കുരു തേടിയലഞ്ഞു ഞാന്‍
കാഴ്ച്ച മങ്ങിയെന്‍ കണ്ണുകളാല്‍.  
ഒരു കുഴിയാനയെ തിരഞ്ഞു ഞാന്‍
വിറയ്ക്കും കൈയ്യിലെ ഉണക്കക്കമ്പിനാല്‍. ‍  

കോളാമ്പിപ്പൂവഴകിടും പാതയെവിടെ? 
പിച്ചകത്തോരണമിടും വേലിയെവിടെ?
കാക്കക്കുയിലിന്‍ ഗാനമെവിടെ?
ഈറ്റക്കാടിന്‍ ഈണമെവിടെ?  

കാട്ടാറേ നിന്‍ പാദസരമെവിടെ?
മാറില്‍ ചിരി തൂകും ആമ്പലെവിടെ?
മുങ്ങാങ്കുഴിയിടും പരല്‍‍ക്കൂട്ടമെവിടെ?
മുങ്ങിപ്പറക്കും പൊന്മാനെവിടെ?

കേരവൃക്ഷമേ നിന്‍ പച്ചപ്പെവിടെ? ‌
കൊന്നമരമേ നിന്‍ കൂട്ടുകാരെവിടെ? 
കറുകപ്പൂക്കളും കുറുന്തോട്ടിയും,
തൊട്ടാവാടിയും തുമ്പയുമെവിടെ? ‌             

വടക്കിനിയില്‍ സദാ ആവസിച്ചീടും
കുളിര്‍ പേറും മാരുതനെങ്ങു പോയ്?‌
കാക്കയിരുന്നു വിരുന്നു വിളിക്കുന്ന
കദളിവാഴക്കയ്യുകളെങ്ങു പോയ്‌? ‌

മൈതാനപ്പച്ചയില്‍ മേഞ്ഞു നടക്കുമാ- 
പ്പയ്യിന്‍ കൂട്ടങ്ങളെങ്ങു മറഞ്ഞു പോയ്? 
മനുഷ്യാ നിന്‍ മുഖത്തിന്‍ ശ്രീയാം   
നിഷ്ക്കളങ്ക മന്ദഹാസമെങ്ങു പോയ്‌?

നിന്‍ കുസൃതികളൊക്കെയും കേവലം 
ബാലചാപല്ല്യമായ് കരുതി ഞാനെന്‍  ‍
കുരുതിക്ക് വഴി വച്ചതാണെന്നറിയാന്‍, 
വ്യാഴവട്ടങ്ങളേറെ വേണ്ടി വന്നു.      

എന്‍ കൂന്തലാം മനോഹരതരുക്കള്‍ ‍
വെട്ടി നിരത്തിയില്ലേ നീ നിര്‍ദ്ദയം?  
എന്‍ സിരകളാമരുവിയും തോടും, 
മണലൂറ്റിയൂറ്റി പാടേ തകര്‍ത്തു നീ  
    
പകലവന്‍ നിത്യവും പൊന്നണിയിക്കുമെന്‍  
സുന്ദരമാറിടം പാടേ നിരത്തി നീ.
നിര്‍ന്നിന്മേഷമായൊന്നു ശ്വാസം വലിക്കുവാന്‍
ശുദ്ധവായു പോലും വച്ചില്ല ബാക്കി നീ.   

മക്കളേ നിങ്ങളെയൊത്തിരി ലാളിച്ച
സ്നേഹാനുഭൂതിയില്‍ ഞാനുറങ്ങീടവേ,    ‍
കാഴ്ച വച്ചല്ലോ നീ ഭസ്മാസുരര്‍ക്കെന്‍
അമ്മിഞ്ഞയൂറുന്ന മാതൃശരീരം.

നിന്‍ വികൃതിയാല്‍ വികൃതമായെന്നാലും,
വൈകൃതങ്ങളൊട്ടുമരുതേ ഇനിയും.
നൊന്തുപെറ്റ പൊന്‍മക്കള്‍ തന്‍ പട്ടട,
കാണ്മതിന്നായിനി ശേഷിയില്ലൊട്ടുമേ.        
ചിത്രം കടപ്പാട് : ഗൂഗിള്‍                                          ജോയ് ഗുരുവായൂര്‍

ഓര്‍മ്മയുണ്ടോര്‍മ്മയുണ്ടോര്‍മ്മയുണ്ടോ?


ഭാരതം 1947 ആഗസ്റ്റ്‌ 15 നു ബ്രിട്ടീഷ്‌കാരുടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തില്‍ നിന്നും മുക്തി നേടിയ നിമിഷം അതിനു വേണ്ടി ലാഭേച്ഛയില്ലാതെ ആത്മവീര്യത്തോടെ പ്രവര്‍ത്തിച്ചു ജീവത്യാഗം ചെയ്തവരുടെ ആത്മാക്കള്‍ ആശ്വാസത്തിന്റെ നെടു വീര്‍പ്പുകളിട്ടിരിക്കും. പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം എന്ന കവി ഭാവന പോലെ  സ്വാതന്ത്ര്യമാം അമൃത് പുതിയ തലമുറക്കേകുവാനായി  രക്തസാക്ഷികളായ വീരാത്മാക്കളെ, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചു കൊണ്ട്  സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന നമുക്ക് ഭക്ത്യാദരങ്ങളോടെ സ്മരിക്കാം... പ്രണാമങ്ങള്‍ അര്‍പ്പിക്കാം.. ജയ് ഹിന്ദ്‌... ജയ് ജവാന്‍... ജയ് കിസാന്‍

(പ്രധാനപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികളുടെ പേരും വിവരങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് ഒത്തിരി നേരത്തെ പരിശ്രമം കൊണ്ട് മെനഞ്ഞെടുത്ത ഒരു കവിതയാണ് ഇത്. അതാതു മഹത് വ്യക്തികളുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ വിശദ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്. ഈ കവിത നമ്മുടെ പ്രിയ രാജ്യത്തിനും എല്ലാ ദേശഭക്തര്‍ക്കും മനസ്സിനും വേണ്ടി ഞാന്‍ ആദരപൂര്‍വ്വം സമര്‍പ്പിക്കുന്നൂ)        

സമസ്തഭാരത താപിത സുതരെ
സ്വാതന്ത്ര്യമാമമൃതൂട്ടീടാനായ്
രക്തം വിയര്‍ത്ത വീര മനസ്സുകളേ
നമോവാകം... നമോവാകം...

പാരതന്ത്ര്യത്തിന്‍ പരമോന്നതിയില്‍
പാരം തളര്‍ന്ന സോദരര്‍ക്കായ്
പാരാകെ പടര്‍ന്ന പടജ്വാലയാം  
പരാക്രമത്തില്‍ പരിച ചുമന്നവര്‍

ഓര്‍മ്മയുണ്ടോര്‍മ്മയുണ്ടോര്‍മ്മയുണ്ടോ?
ഓര്‍മ്മയുണ്ടോര്‍മ്മയുണ്ടോര്‍മ്മയുണ്ടോ?

ഗാന്ധിയും തിലകനും ഗോഖലെയും
സുഭാഷും ഭഗത്തും അക്കാമ്മയും
ഐ കെ കുമാരനുമാസാദുമാചാരി    
ഇക്കണ്ടവാര്യരും താന്തിയാതോപ്പിയും

ഓര്‍മ്മയുണ്ടോര്‍മ്മയുണ്ടോര്‍മ്മയുണ്ടോ?
ഓര്‍മ്മയുണ്ടോര്‍മ്മയുണ്ടോര്‍മ്മയുണ്ടോ?

ഗാഫര്‍ഖാന്‍ ലജ്പത്ത് നവറോജിയും 
പണ്ഡിറ്റും പാണ്ഡേയും ഗോപാലനും
ഝാൻസിയും ടണ്ടനും കുഞ്ഞാലിയും
ടിപ്പുവും പട്ടേലും പനമ്പിള്ളിയും

ഓര്‍മ്മയുണ്ടോര്‍മ്മയുണ്ടോര്‍മ്മയുണ്ടോ?
ഓര്‍മ്മയുണ്ടോര്‍മ്മയുണ്ടോര്‍മ്മയുണ്ടോ?

ബോസും ബിഹാരിയും ചന്ദ്രപാലും
കേപ്പിയും സീയും കേളപ്പനും
ടാഗോറും ആംട്ടെയും വീരസവാര്‍ക്കറും
പഴശ്ശിയും ഢീംഗ്റയും മമ്പുറം തങ്ങളും  

ഓര്‍മ്മയുണ്ടോര്‍മ്മയുണ്ടോര്‍മ്മയുണ്ടോ?
ഓര്‍മ്മയുണ്ടോര്‍മ്മയുണ്ടോര്‍മ്മയുണ്ടോ?

ക്യാപ്റ്റന്‍ ലക്ഷ്മിയും കൌമുദി ടീച്ചറും
ലോഹ്യായും ഉധമും മാളവ്യയും 
കുങ്കനും കുഞ്ചുവും അന്‍സാരിയും
അംശിയും കുറൂരും കസ്തൂര്‍ബയും

ഓര്‍മ്മയുണ്ടോര്‍മ്മയുണ്ടോര്‍മ്മയുണ്ടോ?
ഓര്‍മ്മയുണ്ടോര്‍മ്മയുണ്ടോര്‍മ്മയുണ്ടോ?

ബോധേശ്വര്‍ കുന്‍വറും ടെണ്ടുൽക്കറും   
പോട്ടിയും സുഭദ്രയും തലക്കൽ ചന്തുവും
ആബിദാ ബീഗവും മൌലാനായുമാനിയും
അരുണയും അമ്മുവും സാംകൃത്യായനും

ഓര്‍മ്മയുണ്ടോര്‍മ്മയുണ്ടോര്‍മ്മയുണ്ടോ?
ഓര്‍മ്മയുണ്ടോര്‍മ്മയുണ്ടോര്‍മ്മയുണ്ടോ?

അത്തൻ കുരുക്കളും  ജയപ്രകാശും
ചെമ്പിലരയനും ചെമ്പകരാമനും
അഷ്‌ഫഖുള്ളയും എ കെ പിള്ളയും
ടീ എം വര്‍ഗ്ഗീസും സ്വദേശിയും

ഓര്‍മ്മയുണ്ടോര്‍മ്മയുണ്ടോര്‍മ്മയുണ്ടോ?
ഓര്‍മ്മയുണ്ടോര്‍മ്മയുണ്ടോര്‍മ്മയുണ്ടോ?

അസനാര് കുട്ടിയും അബ്ദുർറഹ്മാനും
ഖുദീയും മജീദും കമലാദേവിയും 
വാരിയംകുന്നവും ആനന്ദതീർഥരും
ജോണും ജവഹറും ഇന്ദിരയും 

ഓര്‍മ്മയുണ്ടോര്‍മ്മയുണ്ടോര്‍മ്മയുണ്ടോ?
ഓര്‍മ്മയുണ്ടോര്‍മ്മയുണ്ടോര്‍മ്മയുണ്ടോ?

സമസ്തഭാരത താപിത സുതരെ
സ്വാതന്ത്ര്യമാമമൃതൂട്ടീടാനായ്
രക്തം വിയര്‍ത്ത വീര മനസ്സുകളേ
നമോവാകം... നമോവാകം...
                       -ജോയ് ഗുരുവായൂര്‍

The Almighty


The Almighty
Your ecstatic essence I make out vide
Your unassailable eternal presence
Your unique compassion I feel from
Your unrivaled robust comport
While I was greatly under par
You came as knight in shining armor
While I was weeping with weariness
You came as convincing consoler
You were my invincible trouble shooter
When troubles shot me up into conundrum
You were my parson of aspiration
When soul yelled for a piece of peace
In the form of chow, in the form of chum
In the form of waft, in the form of haven
In the form of amity, in the form of brood
In the form of consort and in the form of comfort
When life taught a lesson, you set me listen
I knew, you were and are with me always
What would have been I if you had not been there?
No way to fret for, if you with me for eternity
Be with me always please be pride and JOY of my verve
Be the light of my soul and be the navigator of my sail
-JOY Guruvayoor

മരണത്തിലേക്കൊരു ജീവിതദൂരം..


ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള
പാതയോരത്തിരുന്ന്
ഞാന്‍ വീക്ഷിക്കുകയായിരുന്നു,
കിട്ടിയ വഴികളിലൂടെയുത്സാഹത്തോടെ
പായുന്ന മണ്ണിന്റെ മക്കളെ.

അമ്പലങ്ങളും പള്ളികളും
തകര്‍ക്കാനോടുന്നവരുടെ
നെറ്റിയില്‍ ഞാന്‍ കണ്ടൂ ,
മതമേതായാലും മനുഷ്യന്‍
നന്നായാല്‍ മതിയെന്നോരാപ്തവാക്യം

സഹോദരരക്തത്തിനായി
ആയുധവുമായി വഴിയിലെയിരുട്ടില്‍
പതിയിരിക്കുന്നവരുടെ തിരുനെറ്റിയിലു-
മെനിക്ക് കാണായോരാപ്തവാക്യം,
മാര്‍ഗ്ഗമേതായാലും ലക്ഷ്യമാണ്‌ പ്രധാനം..

പാവപ്പെട്ടവന്റെ വയറ്റത്തടിച്ചു
വയറു നിറയ്ക്കുന്ന
ദുരാത്മാക്കളുടെ മസ്തകത്തിലുമൊരു
മഹത് വചനം ഞാന്‍ കണ്ടു.
നിന്നെപ്പോലെയയല്‍ക്കാരനേയും സ്നേഹിക്കുക.

പിന്നെ.. വഴിയില്‍ നാട്ടിയ
ഒരുപാടൊരുപാട് ചൂണ്ടുപലകകള്‍
എനിക്ക് വ്യക്തമാക്കി..
ദൈവം കാരുണ്യവാനാണ്,
അഗതികള്‍ക്കാശ്രയമവന്‍ മാത്രം.

വിരോധാഭാസങ്ങള്‍ അനാവരണമാകുന്ന
ഈ പ്രയാണങ്ങള്‍ക്കിടെ മനസ്സ് നൊന്ത ചില
ആത്മരോദനങ്ങളുമെനിക്കു കേള്‍ക്കായി..
അത് സംസ്കൃതത്തിലും ഹീബ്രുവിലും
അറബിക്കിലുമായിരുന്നു.
മിഥ്യകളാം നിസ്തേജലക്ഷ്യങ്ങള്‍
നിറവേറ്റാനുള്ളോരീയോട്ടത്തില്‍,
മിക്കവാറുമൊരു കാര്യമവര്‍ മറന്നിരിക്കാം..
ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള
ഹ്രസ്വദൂര പാതയിലല്ലേ തങ്ങളുടെയീ സഞ്ചാരമെന്ന്.

മനുഷ്യന്‍ മണ്ണാകുന്നുവെന്നും
മണ്ണിലേക്ക് തന്നെ മടങ്ങുമെന്നും,
ജൈത്രയാത്രകളുടെ ലക്ഷ്യം ശ്യൂന്യഹസ്തമായ,
ജയഭേരികളുയരാത്ത, തമസ്സിലേക്കാണെന്നും
ആവര്‍ത്തിച്ചാവര്‍ത്തിക്കാനിനിയും
വരുമോയൊരു നവദൈവം?

- ജോയ് ഗുരുവായൂര്‍

മഹത്മനസ്സ്


ഒറ്റത്തോര്‍ത്തുമുടുത്തു
പരിഷ്കാരികളെയെതിര്‍ക്കുമ്പോള്‍
പതറിയിരുന്നില്ലൊട്ടും      
ആ മനസ്സ്

മുഖത്തേറ്റയടിയില്‍
പല്ലുകള്‍ തെറിക്കുമ്പോള്‍
കോപിച്ചിരുന്നില്ലൊട്ടും
ആ മനസ്സ്

പരാജയങ്ങളൊന്നൊന്നായി 
വരി തീര്‍ത്തപ്പോള്‍
നിരാശാനായില്ലൊട്ടും
ആ മനസ്സ്

രാജ്യത്തങ്ങോളമിങ്ങോളം
പദയാത്ര നടത്തിയപ്പോള്‍
തളര്‍ന്നില്ലൊട്ടും
ആ മനസ്സ്

ശതലക്ഷം മനസ്സുകളില്‍
സ്വാതന്ത്ര്യബോധമേകിയപ്പോള്‍  
ഇടറിയില്ലൊട്ടും
ആ മനസ്സ്

പ്രശസ്തി ലോകമെങ്ങും
പടര്‍ന്നു പിടിച്ചപ്പോള്‍
അഹങ്കരിച്ചില്ലൊട്ടും  
ആ മനസ്സ്

അധികാരത്തിന്റെയപ്പക്കഷണം 
മുന്നില്‍ വച്ച് നീട്ടിയപ്പോള്‍
ആഗ്രഹിച്ചില്ലൊട്ടും
ആ മനസ്സ്
 
വിദേശി വെടിയുണ്ടകള്‍
പേമാരി തീര്‍ത്തപ്പോള്‍
ഭയന്നില്ലൊട്ടും
ആ മനസ്സ്


എന്നാല്‍.....
സ്വദേശി വെടിയുണ്ടകള്‍
നെഞ്ചകം പിളര്‍ന്നപ്പോള്‍
ഒട്ടൊന്നു വിതുമ്പിയിരിക്കാം

ആ മനസ്സ്...
ആ മഹത്മനസ്സ്...


ജ്ജ് ബല്ലാത്ത പഹയന്‍..

ജ്ജ് ബല്ലാത്ത പഹയന്‍....
സെന്‍റ് തോമസ്‌ പ്രൈമറി പള്ളിക്കൂടത്തിലെ രണ്ടാം ക്ലാസ്സിലെ മൂന്നാം ബെഞ്ചിലെ നാലാമന്‍ ആയിരുന്നു വിനോദ് പാലക്കല്‍ രാമുണ്ണി നായര്‍ എന്ന കുള്ളനായ വിദ്യാര്‍ഥി. വിനോദിന്‍റെ അച്ഛന്‍ രാമുണ്ണി നായര്‍ നാട്ടിലെ ഒരു പ്രമാണിയും മുഖ്യമായ സര്‍ക്കാര്‍ ഉദ്യോഗം ഉള്ളയാളും എന്നല്ല.. ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ കൂടി ആയിരുന്നു.

വിനോദിന്‍റെ ഗുണഗണങ്ങള്‍ പറയാന്‍‍ ഒരു പാടുണ്ട്. ഞങ്ങളുടെ ക്ലാസ്സിലെ എല്ലാ വിഷയങ്ങള്‍ക്കും എല്ലാ പ്രാവശ്യവും തോല്‍‍ക്കുന്ന ഒരേയൊരു വിദ്യാര്‍ഥി. ഉയരം വളരെ കുറഞ്ഞിരുന്നാലും വാചകമടിയില്‍ ഒന്നൊന്നര വീരന്‍‍. ഞങ്ങളുടെ സ്കൂളിലെ കുട്ടികള്‍ മാത്രമോ.. ഹെഡ് മിസ്ട്രസ് വരെ അവന്‍റെ വാചകമടിയില്‍‍ വീണു പോയിട്ടുണ്ട്! ക്ലാസ്സില്‍  എത്ര മണ്ടനായാലും ഓരോ അദ്ധ്യാപകരേയും കയ്യിലെടുക്കാന്‍ അവനു ഓരോ 'നേക്' ഉണ്ട്. അവന്‍റെ അടുത്തിരിക്കുന്ന കുട്ടി എന്ന നിലക്ക് അവന്‍റെ പ്രധാന ഇര ഞാന്‍ തന്നെയായിരുന്നു. അവന്‍ പൊടിപ്പും തൊങ്ങലും വെച്ച് കാച്ചുന്ന പൊങ്ങച്ചങ്ങള്‍ ഞാനും കൂട്ടുകാരും വളരെ കൌതുകത്തോടെ കേട്ടിരുന്നിട്ടുണ്ട്. ആ വാക്ചാതുരിയില്‍ ഒരു പ്രത്യേകത ഉണ്ടായിരുന്നു. എല്ലാം ശരിക്ക് നടന്ന പോലെ തന്നെ പറയും. കള്ളനെ നമ്പിയാലും കുള്ളനെ നമ്പാന്‍ പാടില്ല എന്ന പഴമൊഴിയൊന്നും അന്ന് ഞങ്ങള്‍‍ക്കറിയില്ലല്ലോ.

സ്കൂള്‍  പരിസരത്തുള്ള കതിരടിപ്പാടം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനു കൂടാന്‍, ക്ലാസ്സ്‌ റൂമില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ടാറിട്ട റോഡിലൂടെ ഉത്സവലഹരിയില്‍ മുങ്ങി അമ്പലപ്പറമ്പിലേക്ക് നീങ്ങുന്നവരുടെ സാന്ദ്രത ഉച്ചയായപ്പോഴേക്കും കൂടി കൂടി വന്നിരുന്നത് ഇളകിത്തിരിയുന്ന മരജനലഴികളില്‍ ‍ പിടിച്ചു ഞാനും വിനോദും തെല്ലു അക്ഷമതയോടെ തന്നെയാണ് വീക്ഷിച്ചു കൊണ്ടിരുന്നത്. കാരണം മറ്റൊന്നുമല്ല ഇടവക പൂരം പ്രമാണിച്ച് അന്ന് ഉച്ച വരെയേ സ്കൂള്‍‍ ഉള്ളൂ. എങ്ങനെയെങ്കിലും ഒന്ന് മണിയടിച്ചു കിട്ടാന്‍ വേണ്ടിയുള്ള കാത്തിരിപ്പില്‍ ആയിരുന്നു എല്ലാവരും തന്നെ.

അപ്പോഴാണ്‌ ഉത്സവത്തിനു എഴുന്നെള്ളിക്കാന്‍ വേണ്ടി ഒരു ഇടത്തരം ആനയെ അത് വഴി കൊണ്ടുപോകുന്നത് കണ്ടത്. "കണ്ടോ കണ്ടോ എന്‍റെ ആന പോകുന്നത്? എന്‍റെ അച്ഛന്‍ ഇന്നലെ വാങ്ങിയ ആനയാ അത്.." വിനോദ് ആ പറഞ്ഞത് കേട്ട് ഞെട്ടി നില്‍‍ക്കവേ.. വീണ്ടും അവന്‍ തുടര്‍‍ന്നു.. "സംശയം ഉണ്ടെങ്കില്‍ ‍നിങ്ങള്‍ എന്‍റെ പറമ്പില്‍ ഒന്ന് വന്നു നോക്കൂ. അഞ്ചാറു ആനകള്‍ ഇപ്പോഴും അവിടെ നില്‍‍പ്പുണ്ട്." ഈ പുളുവൊക്കെ അടിച്ചിട്ട് ഇതെല്ലാം ചീള് കേസുകള്‍ എന്ന രീതിയിലുള്ള ഒരു മുഖഭാവത്തോടെ അവന്‍റെ ഒരു മാതിരിയുള്ള ആ നില്‍പ്പും കണ്ടാല്‍ ആരും വിശ്വസിച്ചു പോകും.

"എന്നാല്‍ അതൊന്നു കണ്ടിട്ട് തന്നെ കാര്യം" ഞാന്‍ മനസ്സിലുറച്ചു. അവന്‍ വളരെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും അവന്‍റെ ഒപ്പം വീട്ടിലേക്കു വരാന്‍ എന്നെ ക്ഷണിച്ചു. അവിടെയെത്തിയ എനിക്ക് എന്‍റെ കണ്ണുകളെ തന്നെ വിശ്വസിക്കാനാവാത്ത കാഴ്ചയാണ് എന്നെ എതിരേറ്റത്! ദാ മുറ്റത്തു നില്‍‍ക്കുന്നു പട്ടയും തട്ടിക്കൊണ്ടു (പനം പട്ടയാണ് കേട്ടോ) അഞ്ചാറു കരിവീരന്മാര്‍ ..! ഞാന്‍ അത്ഭുതത്തോടെ നോക്കി നില്‍‍ക്കെ വിജയഭാവത്തോടെ എന്നെ ഒന്ന് നോക്കി അവന്‍ ‍ അകത്തേക്ക് ഓടി. പിന്നെ ഞാനും നിന്നില്ല ഉള്ള ശക്തിയെടുത്ത്‌ പുറത്തേക്കു ഓടി.. . അതിനിടെ വിനോദിന്‍റെ അമ്മ ഉമ്മറക്കോലായില്‍ നിന്ന് വാത്സല്ല്യപൂര്‍വ്വം എന്നെ കാപ്പി  കുടിക്കാന്‍ വിളിച്ചതൊക്കെ പിറ്റേ ദിവസം അവന്‍ "പറയുമ്പോഴാണ്".. ഞാന്‍ അറിയുന്നത് തന്നെ..! 


വീട്ടിലേക്കുള്ള വഴിയില്‍ അവന്‍ മറ്റൊന്നും എന്നോട് തട്ടി വിട്ടിരുന്നു.. അവന്‍റെ വീട്ടില്‍ എല്ലാ ഞായറാഴ്ചയും ആനയിറച്ചി ആണ് പാചകം ചെയ്യാറ്.. "ഹോ എന്തൊരു ടേസ്റ്റ് ആണെന്നറിയാമോ." എനിക്ക് വേണമെങ്കില്‍‍, ഞായറാഴ്ച അവന്‍റെ വീട്ടിലേക്കു ചെല്ലുകയാണെങ്കില്‍ തരാം എന്ന് വരെ പറഞ്ഞു അവന്‍‍. എന്‍റെ നിഷ്ക്കളങ്കത കൊണ്ട് ഞാന്‍ അപ്പോള്‍ അവനോടു ചോദിച്ചു "കോഴിയിറച്ചിയേക്കാളും നല്ല രുചിയാണോ?" അപ്പോള്‍ അവന്‍ പറഞ്ഞു..." നീ ഒരു മണ്ടന്‍ തന്നെ..എടൊ വിദേശ രാജ്യത്തൊക്കെ പ്രധാനമായി ഉപയോഗിക്കുന്നത് ആനയിറച്ചി അല്ലേ?" അവന്‍റെ വാക്കുകളില്‍ എന്തോ കഴമ്പുണ്ടെന്ന് അപ്പോഴെനിക്കു തോന്നിയതില്‍ എന്‍റെ പ്രായവും അപ്പോഴത്തെ അപഗ്രഥന ശേഷിയും കണക്കിലെടുക്കുമ്പോള്‍‍ അത്ഭുതപ്പെടാനില്ലല്ലോ..

പിറ്റേ ദിവസം ഞാന്‍ ഇക്കാര്യം സഹപാഠികളുടെ ഇടയില്‍ പ്രസിദ്ധപ്പെടുത്തിയതും കൂടിയായപ്പോള്‍ അവനു അവരുടെ ഇടയില്‍ ആരാധകര്‍ ഒട്ടേറെ കൂടി.. അതില്‍ നിന്നും ലഭിച്ച ഊര്‍ജത്തിലും ആത്മവിശ്വാസത്തിലും ദിവസേന ഓരോ നുണക്കഥകള്‍ എങ്കിലും മെനയാതെ അവന്‍ പള്ളിക്കൂടത്തിന്‍റെ പടി കേറാറില്ല. അഥവാ മുന്‍‍കൂട്ടി പ്ലാന്‍ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ തന്നെ അത്യാവശ്യം ഒരു വെടിക്കുള്ള ചെറുവക ബഡായികള്‍ അവന്‍റെ ചുണ്ടില്‍ സദാ മന്ദസ്മിതസമാനമായി തന്നെ തത്തിക്കളിച്ചിരുന്നത് കൊണ്ട് അതവനൊരു വിഷയവുമായിരുന്നില്ല. അവന്‍ ഓരോരോ നുണകള്‍ വച്ചു കാച്ചുമ്പോഴും അവന്‍ ‍ ഗര്‍‍വില്‍ എന്‍റെ നേരെ ഒന്ന് നോക്കും. എന്നിട്ട് പറയും "നിങ്ങള്‍ക്ക് വിശ്വാസം വരുന്നില്ലെങ്കില്‍ ജോയിയോട്‌ ചോദിക്ക്". ആനക്കാര്യം പറഞ്ഞതുപോലെ അവന്‍ അന്ന്  ആനകളെ എനിക്ക് ‍കാട്ടിതന്നതല്ലേ അത് കൊണ്ട് ഞാന്‍ എല്ലാം തലകുലുക്കി സമ്മതിക്കും.

അവന്‍റെ വീര കഥകള്‍ കേള്‍‍ക്കുമ്പോള്‍ സ്കൂള്‍ ഗേറ്റിനു മുമ്പില്‍ പലയിടത്തും പഞ്ചറായി, മുഴച്ച ടയറുകളുള്ള നാലുചക്രം ഉന്തുവണ്ടിയില്‍ വറുത്ത കപ്പലണ്ടിയും ഉപ്പിലിട്ട നെല്ലിക്കയും കച്ചവടം ചെയ്തിരുന്ന അസാമാന്യ വിക്കല്‍ ഉള്ള ഉമ്പായി കാക്കപറയും "എടാ ജ്ജ് ജ്ജ് ജ്ജ് ഒരു....ബ ബ ബ ല്ലാത്ത .." അത്രയും പറഞ്ഞു ആശാന്‍ നിര്‍‍ത്തും.തുടര്‍‍ന്ന് പറയാന്‍ വിക്കല്‍ കൊണ്ട് പുള്ളിക്കാരന് പറ്റാറില്ല.

അക്കാലത്താണ് അവന്‍റെ ഒരു അമ്മാവന്‍റെ മകന്‍ രാജേഷ് മണ്ണാര്‍‍ക്കാട് നിന്നും സ്കൂള്‍ മാറി ഈ സ്കൂളില്‍ ചേര്‍‍ന്നത്‌. അവനാണെങ്കില്‍ പഠിക്കാന്‍  കേമനും സ്വഭാവത്തില്‍ ഇദ്ദേഹത്തിന്‍റെ നേരെ എതിര്‍ സ്വഭാവക്കാരനും.. ഒരു ദിവസം ഞങ്ങളുടെ എല്ലാം മുന്നില്‍ വിനോദ് വീരവാദം നടത്തിക്കൊണ്ടിരിക്കുകയാണ്. "എന്‍റെ വല്യമ്മാവന്‍ വല്ല്യ നായാട്ടുകാരനാ... ഒരു ദിവസം ഞാനും കൂടെ പോയി നായാട്ടിന് പുലിയും കരടിയും ഒക്കെ ഉള്ള ഒരു കാട്ടിലേക്ക്. എനിക്ക് പേടിയൊന്നും തോന്നിയില്ല. അമ്മാവന്‍റെ കയ്യില്‍ തോക്കല്ലേ ഉള്ളത്.." ഞങ്ങളെല്ലാം കൌതുകത്തോടെ കേട്ടുകൊണ്ടിരിക്കുകയാണ്.
"അങ്ങനെ ഞങ്ങള്‍ നടന്നു നടന്നു ഒരിടത്തെത്തിയപ്പോള്‍ ഒരു മുരള്‍‍ച്ച ! ആരാ?... സാക്ഷാല്‍ പുലി... പുലി എന്‍റെ അടുത്തെത്തിയത് കുറച്ചു ദൂരെ നിന്നിരുന്ന അമ്മാവന്‍ കണ്ടു പുലിയും ഞാനും മുഖാമുഖം നോക്കി നില്‍ക്കുകയാണ്. എന്‍റെ കൂസലില്ലായ്മ കണ്ടാകണം പുലി ഒന്ന് ഞെട്ടി". വീര കഥകള്‍‍ കേട്ട് ഞങ്ങള്‍ എല്ലാം ശ്വാസം അടക്കിപ്പിടിച്ചിരിക്കയാണ്. അപ്പോള്‍ അവന്‍ തുടര്‍ന്നൂ.. " ഒന്നുകില്‍ പുലി എന്നെ പിടിച്ചു വിഴുങ്ങും അല്ലെങ്കില്‍ പുലിയെ ഞാന്‍  കൊല്ലണം. തോക്കും കയ്യില്‍ പിടിച്ചു അമ്മാവന്‍ വിറച്ചു നില്‍‍ക്കയാണ്‌. പുലിയാണെങ്കില്‍ വായും പൊളിച്ചു എന്‍റെ നേരെ നടന്നടുത്തു. പിന്നെ ഞാന്‍  മറ്റൊന്നും നോക്കിയില്ല വലതു കൈ പുലിയുടെ വായിലേക്ക് കടത്തി, എന്‍റെ കൈ അങ്ങേ അറ്റം വരെ പോയി. പുലി ഞെട്ടിത്തരിച്ചു നില്‍‍ക്കെ എനിക്ക് പുലിയുടെ വാലില്‍ പിടുത്തം കിട്ടി. പിന്നെ ഞാന്‍ ഒരൊറ്റ വലി. പുലിയാകെ പുറം മറിഞ്ഞു പോയില്ലേ..." ഞങ്ങളുടെ മുന്നില്‍ അവന്‍ വലിയ ഒരു ധീരനായി നില്‍‍ക്കെ പിറകില്‍ നിന്നും ഒരു ശബ്ദം.. രാജേഷാണ്..."എടാ പിള്ളേരെ നിങ്ങള്‍‍ക്കൊന്നും വേറെ പണി ഇല്ലേ ഇവന്‍റെ പുളുവടി കേള്‍‍ക്കാന്‍‍.. പുലി പോയിട്ട് രാത്രി ഒരു എലിയുടെ ശബ്ദം കേട്ടാല്‍ പെടുക്കുന്നവനാ ഇവന്‍‍ . അതുവരെ പൊങ്ങച്ച ബലൂണില്‍ കയറി ഒരു പാട് ഉയരെ എത്തി നിന്ന അവന്‍റെ ഗ്യാസ് പോയി പൊട്ടിയ ബലൂണ്‍ പോലെ ചീറ്റിപ്പോയി. രാജേഷിന്റെ അച്ചനായിരുന്നല്ലോ വിനോദിന്‍റെ അമ്മാവന്‍. അപ്പോള്‍ ഇവനൊന്നും എതിര്‍ത്തു വാദിക്കാനും പറ്റാതായി.   


ഇങ്ങനെ വിനോദിന്‍റെ ഓരോ നുണകളും പുതിയ അവതാരത്തിന്‍റെ  പ്രമാദമായ വെളിപ്പെടുത്തലുകളില്‍ എട്ടു നിലയില്‍ പൊട്ടാന്‍ തുടങ്ങിയപ്പോള്‍‍ ഇദ്ദേഹത്തിന്‍റെ മാര്‍ക്കറ്റ്‌ വാല്യൂ ഒട്ടേറെ കുറഞ്ഞെന്നു മാത്രമല്ല പില്‍‍ക്കാലത്ത്‌ കൂട്ടുകാരുടെ ഇടയില്‍ "പൊളിമാമന്‍‍" എന്ന വിളിപ്പേരും വിനോദിന് കിട്ടി.

വിനോദിന്‍റെ അച്ഛന്‍ ക്ഷേത്ര കമ്മിറ്റിയിലെ പ്രധാനി ആയിരുന്നതിനാല്‍, ഉത്സവത്തിനു എഴുനെള്ളിക്കാന്‍ കൊണ്ട് വന്നിരുന്ന ആനകളെ തത്കാലത്തേക്ക് തളച്ചിരുന്നത് ഇവരുടെ പറമ്പിലായിരുന്നു എന്ന വെളിപാട് പിന്നീടല്ലേ ഞങ്ങളുടെ ചെറിയ ബുദ്ധികള്‍‍ക്ക് ഉണ്ടായത്..! ഇതും കൂടി ആയപ്പോള്‍ അവന്‍  പറയുന്നത് ആരും ഒട്ടും വിശ്വസിക്കാതെയായി.. സത്യം പറഞ്ഞാല്‍ പോലും.. എന്നല്ലേ പറയേണ്ടൂ..!

അങ്ങനെയിരിക്കെയാണ് ഒരു വെള്ളിയാഴ്ച്ച ദിവസം ഉച്ചക്ക് ഉണ്ണാന്‍ വീട്ടിലേക്കു പോയ വിനോദ് അതാ ഓടിക്കിതച്ചു ക്ലാസ്സിലേക്ക് ചാടിവീഴുന്നു... എല്ലാവരും പരിഭ്രമത്തോടെ അവനെ നോക്കുന്നതിനിടയില്‍ അവന്‍റെ വായില്‍ നിന്നും ഒരു വിധത്തില്‍ രണ്ടക്ഷരം വെളിയിലേക്ക് വീണു. "ആ..ന ...” …… “ എന്‍റെ പുറകിലായി.. മദം പൊട്ടിയ ആന… വരുന്നുണ്ട് എല്ലാവരും സൂക്ഷിച്ചോ ഒളിച്ചോ....  ഇപ്പോള്‍ എത്തും ഇവിടെ .. “സത്യമാണ് ഞാന്‍ പറയുന്നത് നിങ്ങള്‍ ദയവായി എന്നെ വിശ്വസിക്കൂ” ഇത് അടുത്ത പുളുവടിയാണെന്നും പറഞ്ഞു ഞങ്ങള്‍ നിസ്സാരമായി തള്ളികളയാന്‍ പുറപ്പെട്ടപ്പോള്‍ ഉണ്ടെടോ അതാ സാക്ഷാല്‍ ഒരു ഗജവീരന്‍ ചിന്നം വിളിച്ചു കൊണ്ട് റോഡിലൂടെ പാഞ്ഞു വരുന്നൂ. മദം പൊട്ടിയൊരു ആന..!
ഭയവിഹ്വലരായി എല്ലാവരും കിട്ടിയിടങ്ങളില്‍ സ്വയം മറയ്ക്കാനുള്ള ശ്രമത്തിനിടയില്‍ ഒരാഴ്ച മുമ്പ് മാവില്‍ വലിഞ്ഞു കയറി വീണു കാലില്‍  വലിയൊരു പ്ലാസ്ട്ടറും ഇട്ടു കാലനക്കാന്‍ വയ്യാതെയിരുന്ന എന്നെക്കാള്‍ ടെന്‍‍ഷന്‍ അന്ന് ആ ക്ലാസ്സില്‍ ആരും അനുഭവിച്ചിട്ടുണ്ടാവില്ല.. വിവരം അറിഞ്ഞു പള്ളി സ്കൂളിന്‍റെ ഗേറ്റ് കപ്യാര്‍ തക്കസമയത്തു തന്നെ പൂട്ടിയിരുന്നതിനാല്‍ ഗേറ്റില്‍ പിടിച്ചു ഒന്ന് രണ്ടു പ്രാവശ്യം കുലുക്കി നോക്കിയെങ്കിലും കൂടി അത് തല്ലിപ്പൊളിച്ചു അകത്തേക്ക് കടക്കാനുള്ള "മൂഡ്‌" കിട്ടാതെ...നേരെ റോഡിലൂടെ തന്നെ ഭീകരമായി ചിന്നം വിളിച്ചു കൊണ്ട് വച്ച് പിടിച്ചു പോകുന്ന മദയാനയെ ഭയത്താല്‍ മുഖം പൊത്തി പിടിച്ച കൈവിരലുകള്‍‍ക്കിടയിലൂടെ ഒരു നടുക്കത്തോടെയന്നു അന്ന് ഞാന്‍ കണ്ടത്.

ആന പോയി കുറേക്കഴിഞ്ഞിട്ടും വിനോദിനെ കാണാനില്ല. അപ്പോഴതാ ഒരു കരച്ചില്‍ ഉയര്‍ന്നു കേള്‍ക്കുന്നൂ .. സ്കൂള്‍ കോമ്പൌണ്ടിലുള്ള ഒരു മുരുക്ക് മരത്തില്‍ നിന്നാണ്. നിറയെ മുള്ളുള്ള ആ മുരുക്കിന്‍ മരത്തിന്‍റെ  നെറുകയിലെത്തി നില്‍‍ക്കുന്നു നമ്മുടെ വീരകഥാപാത്രം വിനോദ്. ആന ചിന്നം വിളിച്ചപ്പോള്‍ എങ്ങനെ അതില്‍ കയറിക്കൂടിയെന്നൊന്നും അവനും അറിയില്ല. ഇപ്പോള്‍ മുള്ള് കുത്തിയിട്ട് അവനു ഇറങ്ങാന്‍ വയ്യ. നോക്കണേ ! പിന്നെ ഏണി കൊണ്ട് വന്നു വളരെ പ്രയാസപ്പെട്ടാ അവനെ ഇറക്കിയത്. അതോടെ അവന്‍റെ മുഴുവന്‍ കാറ്റും പോയി. പിന്നെ ഒരിക്കലും അവന്‍ പുളുവടിച്ചിട്ടില്ല.

അവന്‍റെ ഈ വീര കഥകള്‍ എല്ലാം പറഞ്ഞറിഞ്ഞ ഉമ്പായി കാക്ക അല്‍പ്പം പരിഹാസത്തോടെ അന്ന് അവനോടു പറഞ്ഞു..."ജ്ജ് ജ്ജ് ജ്ജ് ആളൊരു ബ ബ ബല്ലാത്ത പ പ പ പഹയന്‍ ത ത ത തന്നെ ട്ടാ..." 

                                                                                                      -ജോയ് ഗുരുവായൂര്‍